Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 12 November, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ടുളള വിവാദ കത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മേയര്‍ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. കത്തിനെ കുറിച്ച് അറിയില്ലെന്നും കോര്‍പ്പറേഷനിലെ നിയമനങ്ങളില്‍ ഇടപടാറില്ലെന്നുമാണ് ആനാവൂരിന്റെ മൊഴി. കത്ത് നല്‍കിയിട്ടില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രനും മൊഴി നല്‍കി.
********************************
പതിനാല് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവനിലേക്ക് അയച്ചു. നിയമ വിദഗ്ധരുമായി ആലോചിച്ച് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഗവര്‍ണറെ വെട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ഗവര്‍ണ്ണര്‍ നിലവില്‍ ഡല്‍ഹിയിലാണ്.
*******************************.
സാമ്പത്തിക സംവരണ വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും. ഡിഎംകെ സഖ്യത്തിലെ ഓരോ ഘടകകക്ഷിയും പ്രത്യേകം ഹര്‍ജി നല്‍കും. പുനപരിശോധനാ ഹര്‍ജി നല്‍കാനുള്ള പ്രമേയം പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധികളുടെ യോഗം പാസാക്കി. ദ്രാവിഡ രാഷ്ട്രീയം പ്രത്യയശാസ്ത്രമായ തന്റെ സര്‍ക്കാരിന് സാമ്പത്തിക സംവരണ വിധി അംഗീകരിക്കാനാകില്ലെന്ന് നിയമസഭാ കക്ഷി പ്രതിനിധികളുടെ യോഗത്തിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.
***************************
നൈജീരിയ പിടിച്ചെടുത്ത ഹിറോയിക് ഇഡുന്‍ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാരുടെ മോചനം വൈകും. കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങളില്‍ കുരുങ്ങിയതോടെയാണ് ജീവനക്കാരുടെ മോചനം വൈകുമെന്ന് ഉറപ്പായത്. പ്രശ്‌നപരിഹാരം തേടി കപ്പല്‍ ജീവനക്കാര്‍ അന്താരാഷ്ട്ര ട്രിബ്യൂണലിനെ സമീപിച്ചതോടെ, നിയമപരമായ തീര്‍പ്പുണ്ടാകട്ടെ എന്ന നിലപാടിലേക്ക് നൈജീരിയ നീങ്ങിയിട്ടുണ്ട്.
*****************************
മലപ്പുറം പാണ്ടിക്കാട്  ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാന ഷെറിനാണ് മരിച്ചത്. ആക്രമണത്തിനിടെ പൊള്ളലേറ്റ ഭര്‍ത്താവ് വണ്ടൂര്‍ സ്വദേശി ഷാനവാസ് ചികില്‍സയിലാണ്. കഴിഞ്ഞ ശനിയാഴ്ച ഫഷാന താമസിക്കുന്ന വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറിയായിരുന്നു ഷാനവാസ് ആസിഡ് ആക്രമണം നടത്തിയത്.
**************************
മൂന്നാര്‍ കുണ്ടളക്ക് സമീപം മണ്ണിടിച്ചില്‍. വിനോദ സഞ്ചാരികള്‍ എത്തിയ ട്രാവലറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. പ്രദേശത്ത് ശക്തമായ മഴയായിരുന്നു പെയ്തത്. ഇതിനിടെയാണ്  അപകടമുണ്ടായത്.
**************************************
കൊല്ലം എഴുകോണില്‍ കോണ്‍ഗ്രസ് സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല അറുത്തുമാറ്റിയ നിലയില്‍. ഇലഞ്ഞിക്കോട് ജംക്ഷനില്‍ സ്ഥാപിച്ച പ്രതിമയാണ് തകര്‍ത്തത്. തിങ്കളാഴ്ച കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം നടത്താനിരിക്കെയാണ് രാത്രിയില്‍ പ്രതിമ നശിപ്പിച്ചത്.
***********************************
ഹിമാചല്‍ പ്രദേശിലെ 68 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടന്നു. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയായിരുന്നു തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിനായി 7,884 പോളിംഗ് സ്റ്റേഷനുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സജ്ജീകരിച്ചിരുന്നു. ആകെ 55.74 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം.
*****************************************
രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ യുജിസി ചട്ടം പാലിച്ചാക്കണമെന്ന ഉത്തരവുമായി സുപ്രീംകോടതി. അല്‍മോറയിലെ എസ്എസ്ജെ സര്‍വകലാശാലയിലെ വിസി നിയമനം റദ്ദാക്കിയത് ശരിവെച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. യുജിസി ചട്ടം പാലിക്കാത്തതിന് എസ്എസ്ജെ സര്‍വകലാശാലയിലെ പ്രഫ. നരേന്ദ്ര സിങ് ഭാന്ദറിന്റെ വിസി നിയമനമാണ് സുപ്രീം കോടതി റദ്ദ് ചെയ്തത്. 
**********************************
ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവെച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വില കൂടിയ വാച്ചുകള്‍ ബാഗേജില്‍ ഉണ്ടായിരുന്നതിനാല്‍ ആണ് കസ്റ്റംസ് താരത്തെ തടഞ്ഞു വച്ചത്. 6.83 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനു ശേഷമാണ് വിമാനത്താവളത്തിന് പുറത്തു പോകാന്‍ നടനെ അനുവദിച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മണിക്കൂറോളം ഷാരൂഖ് ഖാന് വിമാനത്താവളത്തില്‍ തുടരേണ്ടി വന്നു.

MAIN NEWS - NATIONAL- KERALA -INDIA 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക