Image

സ്വര്‍ഗ്ഗത്തിലെ പ്രഭാതതുടിപ്പുകള്‍ (കാരൂര്‍ സോമന്‍)

Published on 07 February, 2023
സ്വര്‍ഗ്ഗത്തിലെ പ്രഭാതതുടിപ്പുകള്‍ (കാരൂര്‍ സോമന്‍)

ചന്ദ്രനില്‍ കൂടുകെട്ടാന്‍ മനുഷ്യര്‍ തയ്യാറായിരിക്കെ ഇന്ത്യന്‍ ജനതയുടെ മനസ്സിനെ തഴുകിയുണര്‍ത്തിയ വാക്കുകളാണ് 2047-ല്‍ ഇന്ത്യന്‍ ജനതയെ വികസിത രാജ്യമാക്കി മാറ്റുമെന്നുള്ള രാഷ്ട്രപതിയുടെ വാക്കുകള്‍. രാഷ്ട്രീയ രംഗത്തുള്ളവര്‍ അവരുടെ രാഷ്ട്രീയ ഖജനാവില്‍ നിന്നാണ് ഇത്തരം മധുരാര്‍ദ്രമായ വാക്കുകള്‍ തെരെഞ്ഞെടുപ്പ് കാലങ്ങളില്‍ പുറത്തിറക്കുന്നത്.  രാഷ്ട്രപതിയുടെ മധുര സ്വപ്നങ്ങള്‍ താങ്ങും തണലുമായി വളരട്ടെ, പൂവണിയട്ടെ. ജനിച്ചു വളര്‍ന്ന വീടും നാടും വികസിത രാജ്യമായി കാണാന്‍ ആരാണ് ആഗ്രഹിക്കാത്തത്? വിദേശ രാജ്യങ്ങളില്‍ പാര്‍ക്കുന്ന പ്രവാസികളും അത് ഏറെ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വികസിത കാഴ്ചപ്പാടുകളെ കുറച്ചുപേര്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ രാജ്യം നേരിടുന്ന കമ്പോള വിലയില്‍ ദാരിദ്ര്യവും പട്ടിണിയും വിലമതിക്കപ്പെടണം. ചരിത്രത്തിലെ ആദ്യ അനുഭവമാണ് ലോക ദാരിദ്ര്യ പട്ടികയില്‍ നമ്മള്‍ ഉന്നത നിലവാരം പുലര്‍ത്തിയത്. കോടാനുകോടി പട്ടിണിപാവങ്ങളുടെ ശിരസ്സിന് മുകളില്‍ പടര്‍ന്ന് പന്തലിച്ചുകിടക്കുന്ന ദാരിദ്ര്യം പട്ടിണി തുടച്ചുമാറ്റാനുള്ള മഹത്തായ പ്രക്രിയ ഇതിലൂടെ നടക്കുമോ? മുന്‍ പ്രസിഡന്റ് ഡോ.അബ്ദുല്‍ കലാം നമ്മള്‍ നല്ല സ്വപ്നങ്ങളുടെ ചിറകുകളിലേന്തി സഞ്ചരിക്കാ നാണ് ആവശ്യപ്പെട്ടത്. ഇന്നത്തെ രാഷ്ട്രപതിയും അത് സൂചിപ്പിക്കുന്നു. ഇന്ത്യാ ഗേറ്റിന് മുന്നിലൂടെ എല്ലാം വര്‍ഷവും കണ്ണിന് കുളിര്‍മ്മ നല്‍കുന്ന വര്‍ണശബളമായ പരേഡ് കാണുമ്പൊള്‍ മനസ്സിലേക്ക് കടന്നുവരുന്നത് ഇന്ത്യയുടെ മതേതരത്വ ജനാധിപത്യത്തിന്റെ ആത്മാവ് നമ്മില്‍ ജീവിക്കുന്നുണ്ടോ എന്നുള്ളതാണ്.  ഇന്ത്യയുടെ പുരോഗതിക്ക് തുരങ്കം വെക്കുന്ന വിധ്വംസക ശക്തികളെ നേരിടാന്‍ സാധിച്ചിട്ടുണ്ടോ?
    
വികസിത രാജ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്നാല്‍ പ്രാധാന്യം കൊടുക്കുക മാനുഷിക മൂല്യങ്ങള്‍ക്കാണ്. അല്ലാതെ ജാതി മത രാഷ്ട്രീയ ഊന്നുവടികള്‍ക്കല്ല.  അവിടുത്തെ അധികാരികള്‍ ജാതി, മതം, സ്വാര്‍ത്ഥതയ്ക്ക് വഴങ്ങി ഭരണം നടത്തുന്നവരല്ല. അഥവാ പോയാല്‍ നിയമകുരുക്കില്‍പ്പെടുക തന്നെ ചെയ്യും. നിയമവാഴ്ച്ച എത്രയോ കഠിനമെന്ന് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ നോക്കിയാല്‍ മതി. കാറിന്റെ പിന്‍സീ റ്റില്‍ സുരക്ഷിത ബെല്‍റ്റ് ധരിക്കാത്തതിനാല്‍ പോലീസ് ആണ് കുറ്റം ചുമത്തി പിഴയിട്ടത്.  ഇന്ത്യയിലെങ്കില്‍ പോലീസ് സല്യൂട്ട് ചെയ്തുകൊണ്ട് പ്രധാനമന്ത്രിയെ പോകാന്‍ അനുവദിക്കും. വികസിത രാജ്യങ്ങള്‍ക്ക് മാത്രമേ   ജീവിതത്തെ വിശാലമായ മടിത്തട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കു. അതിനാവശ്യം കരുത്തുള്ള ഭരണഘ ടന, നിയമപാലനങ്ങള്‍ തലച്ചോറുള്ള ഭരണാധിപന്മാര്‍, അവര്‍ക്ക് തുണയായി ചങ്കൂറ്റമുള്ള പോലീസ് സേന വേണം. ഭരിക്കുന്നവരുടെ പ്രലോഭനങ്ങള്‍ക്ക് വഴിപ്പെട്ടാല്‍ നിയമങ്ങള്‍ കാറ്റില്‍ പറക്കും. നിയമങ്ങളും നിയമ ലംഘനങ്ങളും നടക്കുന്ന ഒരു രാജ്യം സ്വര്‍ഗ്ഗത്തിലേക്കോ അതോ നരകത്തിലേക്കോ എന്നത് ഭീകരവും നിശ്ശബ്ദ വുമായ പോരാട്ടമാണ്. കാലത്തിന്റെ കാലൊച്ചയായി, നിലവിലിരിക്കുന്ന വ്യവസ്ഥിതിയെ ഉഴുതുമറിക്കാന്‍ ഇന്നത്തെ ഭരണകൂടത്തിന് സാധിക്കുമോ?.  
    
പുരോഗമനാത്മകമായ മുന്നേറ്റം ആഗ്രഹിക്കുന്നവര്‍ ആദ്യം അനുസരിക്കേണ്ടത് ഭരണഘടനാ ത്വത്ത ങ്ങളും അമൂര്‍ത്തമായ ആശയങ്ങള്‍ ഉള്ളവരുമാകണം. അവര്‍  മുളപ്പിച്ചെടുക്കുന്നത് മാനുഷിക മൂല്യങ്ങളും കടുത്ത അച്ചടക്ക നിയമസംവിധാനങ്ങളുമാണ്. അവര്‍ ഭരണഘടനയെ അടക്കം ചെയ്യാതെ  അനുസരിച്ചു് ജീവിക്കും. ഇന്ത്യയിലെ മിക്ക പാര്‍ട്ടികളും ഭരണത്തിലെത്തുന്നത് ജാതിമതങ്ങളുടെ പ്രേരകശക്തികളായിട്ടാണ്. പുതിയ ദൈവങ്ങളെ ഉല്പാദിപ്പിക്കുന്നില്ലെങ്കിലും മതങ്ങളെ ഭ്രാന്തമായി അവതരിപ്പിക്കുന്നു. ആ മൃഗീയ അധികാരം സമൂഹത്തില്‍ പലവിധ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നു. പാവങ്ങളുടെ താല്പര്യങ്ങളെക്കാള്‍ മുത ലാളി ജന്മിമാരെ പാലൂട്ടി വളര്‍ത്തുന്നു.  ഭരണകൂടങ്ങള്‍ ഒത്താശ ചെയ്യുന്നതുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍, പാവങ്ങള്‍ പീഡിപ്പിക്കപ്പെടുന്നത്. ഭരണകൂട ഭീകരത ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും നടക്കുന്നു. അതൊന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. പലസ്തീനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയാല്‍ വലിയ വര്‍ത്തയാക്കുന്നവര്‍ ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ അനുഭവിക്കുന്ന ജാതിമത പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. അതിന്റെ അവസാനത്തെ അനുഭവമാണ് ഛത്തീസ്ഗഡില്‍ ആയിരകണക്കിന് ക്രൈസ്തവരെ അവിടെ നിന്ന് തല്ലിയോടിച്ചത്. മതത്തിന്റെ കുത്തൊഴുക്കില്‍ പാവങ്ങള്‍ ഒഴുകിപോകുന്നു. ഇന്ത്യയുടെ പുരോഗതിക്കായി ക്രൈസ്തവ സമൂഹം ചെയ്തിട്ടുള്ള നന്മകള്‍ കാണാതെയാണ് നാട്ടിലും നഗരത്തിലും മത മൗലികവാദികളെ തീറ്റിപോറ്റുന്നത്. മതേതര രാജ്യമായ ഇന്ത്യയില്‍ മതഭ്രാന്തന്മാരുടെ എണ്ണം എന്തുകൊണ്ട് വര്‍ദ്ധിക്കുന്നു? ഇങ്ങനെയുള്ള ഒരു രാജ്യം എങ്ങനെയാണ് വികസിത രാജ്യമായി മാറുക?
    
ഇന്ത്യ അതിവേഗം വളരുന്ന ഒരു സാമ്പത്തിക ശക്തിയായി പല സര്‍വേകള്‍ വെളിപ്പെടുത്തുമ്പോള്‍ ജി ട്വന്റി ഉച്ചകോടി സമയം ലോക നേതാക്കന്മാര്‍ കാണാതിരിക്കാന്‍ ആസൂത്രിതമായി മുംബൈയുടെ പല തെരുവോരങ്ങളിലും തുണികള്‍കൊണ്ട് മറച്ചിരിക്കുന്നത് ഞാന്‍ കണ്ടു. മനുഷ്യവര്‍ഗ്ഗത്തിന്റെ അനുദിന ഭൗതിക ആവശ്യങ്ങള്‍പോലും നിറവേറ്റാന്‍ സാധിക്കാതെ ഒരു ചൂഷക വ്യവസ്ഥിതിയില്‍ പാവങ്ങള്‍ കണ്ണീര്‍ വാര്‍ ക്കുന്നു. നമ്മുടെ സാമ്പത്തിക ശാസ്ത്രം എത്ര വളര്‍ന്നാലും മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേ റ്റാതെ പോയാല്‍ അതിനെ കമ്പോളത്തിന്റെ വളര്‍ച്ചയെന്ന് പലര്‍ക്കും പറയാന്‍ സാധിക്കും. മറ്റൊരു ഭാഗത്തു് വിലക്കയറ്റത്തില്‍ ജനങ്ങള്‍ നട്ടം തിരിയുന്നു. രാജ്യത്തിന് വിലങ്ങുതടിയായി ദാരിദ്ര്യവും പട്ടിണിയും തൊഴിലി ല്ലായ്മയും വിലക്കയറ്റവും സാമൂഹ്യ അരാജകത്വവും മതസ്പര്‍ദ്ധയും വര്‍ധിച്ചുകൊണ്ടിരിക്കുമ്പോഴാണ് വാണിജ്യപരമായ മൂല്യങ്ങളെ ഉയര്‍ത്തികാണിക്കുന്നത്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മതമൗലിക വാദികളുടെ വളര്‍ച്ചയാണ്. ഇന്ത്യയുടെ പുരോഗതിക്കൊപ്പം മനുഷ്യമനസ്സില്‍ അര്‍ബുദമായി മതവും വളരുന്നു.   മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് കാറല്‍ മാക്‌സ് പറഞ്ഞതും വായിച്ചുവളരണമെന്ന് പറയുന്നതും മനുഷ്യരുടെ മാനുഷികമുഖം നഷ്ടപ്പെടാതിരിക്കാനാണ്. ആ വളര്‍ച്ചയുടെ പ്രഭാതതുടുപ്പുകള്‍ രാഷ്ട്രപതി പറഞ്ഞതുപോലെ  നമ്മുടെ സ്വപ്നങ്ങളില്‍ വിരിയട്ടെ. 

Swargathilae Prabathathuduppukal

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക