Image

അനുഭവ ചിത്രീകരണങ്ങൾ (നിരൂപണം:സുധീർ പണിക്കവീട്ടിൽ)

Published on 05 April, 2023
അനുഭവ ചിത്രീകരണങ്ങൾ (നിരൂപണം:സുധീർ പണിക്കവീട്ടിൽ)

നിങ്ങൾക്ക്  അറിയുന്നത് എഴുതുക എന്ന് മാർക്ക് ട്വൈൻ പറഞ്ഞിട്ടുണ്ട്. പലപ്പോഴും എഴുത്തുകാർ അങ്ങനെ ചെയ്യാറില്ല. അവർ കഥകൾ ആലോചിച്ച് ഉണ്ടാക്കുന്നു. സൃഷ്ടിക്കയല്ല.  വായിച്ചാൽ മനസ്സിലാകാത്ത കഥകൾ അങ്ങനെയുള്ളവരുടെ കഥകളാണ്. കല്പനാശക്തികൊണ്ട് വിശ്വോത്തരങ്ങളായ കഥകൾ എഴുതിയ എഴുത്തുകാരെ വിസ്മരിക്കുന്നില്ല.സ്വന്തം അനുഭവങ്ങൾ എഴുതി അതിനെ കലാപരമാക്കാനും മികവുള്ളതാക്കാനും എഴുത്തുകാർക്ക് സർഗ്ഗശക്തിയും ഭാവനയും ആവശ്യമാണ്. വെറുതെ അനുഭവങ്ങൾ പകരുമ്പോൾ അവ സാഹിത്യമാകുന്നില്ല. അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായ ശ്രീ സംജീവിന്റെ തിരഞ്ഞെടുത്ത മുപ്പതു കഥകളുടെ സമാഹാരമാണ് "നിധി" എന്ന പുസ്തകം. സുപ്രസിദ്ധ സാഹിത്യകാരൻ ശ്രീ ജോർജ്ജ് ഓണക്കൂറിന്റെ അവതാരികയോടെ പ്രസിദ്ധീകരിച്ച ഈ പുസ്തകം വളരെ രസകരമായി വായിച്ചു തീർക്കാവുന്നതാണ്. 

ഇതിലെ മിക്ക കഥകളും  കഥാകൃത്ത് പറയുന്നതായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. (first person narrative).അങ്ങനെ പറയുമ്പോൾ കഥാകൃത്ത് അദ്ദേഹത്തിന്റെ അനുഭവങ്ങളെ അവലംബിക്കുന്നു. അതെ സമയം അങ്ങനെ ഒരു രീതി ഉപയോഗിക്കുമ്പോൾ തന്റേതായ യുക്തിയും അനുമാനങ്ങളും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കൂടാതെ കഥകൾ പറഞ്ഞു വരുമ്പോൾ വായനക്കാരന്റെ മനസ്സിൽ പതിയുന്ന ധാരണകളിലല്ല കഥയുടെ അവസാനം എത്തിച്ചേരുന്നത്. പാൻ പരാഗ് എന്ന കഥ അതിനുദാഹരണമാണ്. തന്നെക്കാൾ വിദ്യഭ്യാസയോഗ്യത കുറഞ്ഞ മറ്റൊരിന്ത്യകാരൻ തന്റെ ബോസ്സായി വരുമ്പോൾ മുക്കർജിക്കുണ്ടാകുന്ന അപകര്ഷതബോധവും തന്മൂലം അദ്ദേഹം കാണിക്കുന്ന  നിസ്സഹകരണവും കഥാരംഭത്തിൽ  പറയുമ്പോൾ അവസാനം അതുവരെ രംഗത്ത് വരാത്ത ഭാര്യയിൽ എത്തിച്ചേരുന്നു. കലോപാസകയായ അവർ കുടുംബത്തെ മറന്നു അവസാനം മുഖർജിയുടെ അവസാനകാലത്ത് അയാളിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് വേണ്ടി വരുന്നു. വളരെ ചിട്ടയോടെ പറഞ്ഞുവരുന്നു കഥ നമ്മളിൽ ഒരു ആശ്ചര്യം ഉണ്ടാക്കുമെങ്കിലും അതിനു മുൻപായി മുഖർജിയുടെ മകളുമായി ബോസ്സിന്റെ ഒരു കൂടിക്കാഴ്ച ഒരുക്കുന്നുണ്ട്. കഥാകൃത്തിന്റെ എല്ലാ കഥകളിലും ജീവിതത്തിന്റെ സ്പന്ദനങ്ങൾ വ്യക്തമായി കേൾക്കാമെന്നതാണ്.കഥകളെ ശരിയായ ഗതിയിൽ കൊണ്ടുപോകാനുള്ള എഴുത്തുകാരന്റെ കഴിവ് ഇതിൽ കാണാവുന്നതാണ്.

നമുക്ക് ചുറ്റുമുള്ള സാധാരണ വ്യക്തികൾ, സർവസാധാരണമായ സംഭവങ്ങൾ,   വളരെ നിസ്സാരമായ വിവരണങ്ങൾ . ഇവരിലൂടെ കഥാകൃത്ത് ചില ചോദ്യങ്ങൾ ഉന്നയിക്കുന്നു, വിമർശിക്കുന്നു. ചില ജീവിത സത്യങ്ങളെ വളച്ചൊടിക്കാതെ നേരെ ചൊവ്വേ ആവിഷ്‌കാരിക്കുന്നതിലൂടെ വായനക്കാരന്റെ മനസ്സിനെ അത് സ്വാധീനിക്കുകയും ഒരു തിരിച്ചറിവ് അയാളിൽ അനുഭവപ്പെടുകയും ചെയ്യുന്നു. കഥകൾ കണ്മുന്നിൽ കാണുന്നതിനേക്കാൾ അതിന്റെ യാഥാർഥ്യം കണ്ടെത്തുകയാണ് കഥാകൃത്ത്. എഴുത്തുകാരന്റെ മുന്നിൽ അരങ്ങേറുന്ന ജീവിതവും സംഭവങ്ങളും അയാളുടെ മനസ്സിൽ എങ്ങനെ പതിഞ്ഞുവെന്നാണ് അയാൾ എഴുതുന്നത്. ഇതിനെ impressionism എന്ന് പറയുന്നു.

അതുകൊണ്ടാണ് അദ്ദേഹത്തിന് ഒരു കോളേജ് കുമാരന്റെ നഷ്ടപ്പെട്ടുപോയ കുടയെപ്പറ്റി ഒരു കഥയാക്കി ആവിഷ്‌കാരിക്കാൻ കഴിയുന്നത്. ഈ കഥ പരിശോധിക്കുമ്പോൾ നാട്ടിൻപുറത്തെ ഒരു പള്ളിക്കൂടം അധ്യാപികയുടെ പരിമിതമായ വരവും, അതിൽ നിന്നും കോളേജിൽ പോകുന്ന മകന് വാങ്ങുന്ന കുടയെ, ആ കുട തനിക്ക് വേണമെന്നുള്ള കൊച്ചു സഹോദരിയുടെ മോഹവും അവൾ ആ കുടയിൽ പേര് എഴുതിയ വയ്ക്കുന്നത് അവസാനം കളവു പോകുന്ന കുടയുടെ പുറകെ കഥാകൃത് ഒത്തിരി ദൂരം സഞ്ചരിക്കുന്നത് കാണാം. സഹോദരിയുടെ പേരിന്റെ  ആദ്യാക്ഷരമുള്ള കുട കാണുമ്പോൾ അത് തന്റേത് തന്നെയെന്ന് വിശ്വസിച്ച് അത് കൊണ്ടുപോകുമ്പോൾ സെകുരിറ്റി ചോദ്യം ചെയ്യുന്നതും  അതെ അക്ഷരങ്ങൾ ഉള്ള മറ്റൊരാളുടെ കുടയാണെന്ന  കണ്ടെത്തലും. തീർന്നില്ല വർഷങ്ങൾക്ക് ശേഷവും അയാൾ കുട അന്വേഷിക്കുകയും അതിന്റെ ഓർമ്മ ഒരു ബാധപോലെ അയാളെ പിന്തുടരുകയും ചെയ്യുന്നു. ഓരോ കഥാപാത്രങ്ങളെയും സൃഷ്ടിക്കുന്നതിൽ ശ്രീ സംജീവ് പ്രകടിപ്പിക്കുന്ന മികവ് മൂലം വായനക്കാർക്കും  അവരോടൊപ്പം അവരുടെ പ്രയാസങ്ങൾ അനുഭവപ്പെടുന്നു. നമ്മളും എഞ്ചിനീയർ വിദ്യാർത്ഥിക്കൊപ്പം കുട ആര് മോഷ്ടിച്ചുവെന്നു അറിയാതെ വിഷമിക്കുന്നു.

ഈ കഥാസമാഹാരത്തിൽ നാട്ടിലെയും അമേരിക്കയിലെയും കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. അമേരിക്കയിലെ മെഡിക്കൽ സിസ്റ്റം രോഗികളെ ചൂഷണം ചെയ്യുന്ന വിധം വസ്തുനിഷ്ഠമായി പ്രതിപാദിക്കാതെ കലാപരമായി അവതരിപ്പിച്ചിട്ടുണ്ട്. അല്ലെങ്കിൽ അവ കഥകളാകുമായിരുന്നില്ല. അമേരിക്കയിൽ കഴിയുന്നവർക്ക് അത് ബോധ്യമാകുമ്പോൾ നാട്ടിലുള്ളവരെ  അത് അമ്പരിപ്പിക്കുന്നു. അമേരിക്കക്കാരുടെ ആറ്റിട്യൂഡ്, അങ്ങനെയൊന്നുണ്ടെങ്കിൽ, വ്യക്തമാക്കുന്ന കഥയാണ് ഡാളസിലെ ദേവിമാർ. അവർ ശരിയും കുടിയേറ്റക്കാർ തെറ്റും എന്ന അഹങ്കാരത്തിന്റെ സൂചനകൾ അതിലുണ്ട്. നിയമവാഴ്ച എന്ന കഥയിൽ അമേരിക്കയിലെ നീതിന്യായവ്യവസസത്തയെ കണക്കിന് പരിഹസിക്കാനും കഥാകൃത്ത് മടിക്കുന്നില്ല.
ആചാരങ്ങൾ തകർത്ത ഒരു പ്രണയബന്ധത്തിലെ നായിക തനിക്ക് കിട്ടിയ ദാന പണം (പുഴുത്താറിച്ചക്ക )പൂർവ കാമുകന്റെ മക്കൾക്ക് കൊടുത്തയാക്കുന്ന ഹൃദയസ്പര്ശിയായ ഒരു രംഗം കഥാകൃത്ത് അവതരിപ്പിച്ചിരിക്കുന്നത് കഥയുടെ ഘടനയിൽ അദ്ദേഹത്തിനുള്ള കയ്യടക്കത്തിന് തെളിവാണ്. കഥകൾ എങ്ങനെ അവസാനിപ്പിക്കണമെന്നറിയാതെ കഥാകൃത്തുക്കൾ കാട്ടുന്ന ഗിമ്മിക്കുകൾ ഇദ്ദേഹത്തിന് ആവശ്യമില്ല. വളരേ സ്വാഭാവികമായി അദ്ദേഹം കഥകളെ അവസാനിപ്പിക്കുന്നു. 

നാട്ടിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യാനല്ല  അതിന്റെ വൈകൃതം പ്രദര്ശിപ്പിക്കാനാണ് കഥാകൃത്ത് കൗതുകം  കാട്ടുന്നത്. പിറന്നാളാഘോഷം എന്ന കഥ ചിരിയുടെ പായസം വിളമ്പുന്നു. ജാതിചിന്തകൊണ്ട് അധഃപതിച്ച മനസ്സുകൾ ഒരു ബാലനോട് അതും അവർക്ക് പരിചയമുള്ള കാട്ടുന്ന നിന്ദ അവരുടെ തന്നെ ജാതിയെ താഴ്ത്തുന്നു.  പന്തിയിൽ നിന്നും കുട്ടിയെ എണിപ്പിച്ചവർ നമ്മുടെ മുന്നിൽ ജാതിക്കോമരങ്ങളായി വിടല ചിരി തൂകി നിൽക്കയാണ് അല്ലാതെ കുട്ടി പരിഹാസനാകുന്നില്ല. ഇതിനു സഹായിക്കുന്നത് കഥാകൃത്തിന്റെ ഭാവമയമായ വിവരണങ്ങളുടെ പ്രഭാവം  കൊണ്ടാണ്. എഴുത്തുകാരന്റെ ബാല്യ കൗമാര യൗവന കാലഘട്ടത്തിൽ കണ്ടതും കേട്ടതുമെല്ലാം അതീവ ചാരുതയോടെ പകർത്തിയിട്ടുണ്ട്. കഥയെന്ന തോന്നാതെ നേരായ ജീവിതത്തിന്റെ പകർപ്പുകൾ. ഓരോ കഥകളും മാനുഷികവികാരങ്ങളുടെ വൈവിധ്യമാർന്ന  തലങ്ങൾ പൂണ്ടു നിൽക്കുന്നു. 

ആക്ഷേപഹാസ്യം വളരെ ഭംഗിയായി ഉപയോഗിച്ച കഥയാണ് "ഭിക്ഷ". നാട്ടിലെത്തുന്ന പ്രവാസികളെ കഷ്ടപ്പെടുന്ന നിയമങ്ങളെ ഈ കഥയിൽ രൂക്ഷമായി കളിയാക്കുന്നുണ്ട്. കൈക്കൂലി ഭ്രാന്തന്മാർ പ്രവാസികളെ കൊള്ളയടിക്കാൻ കൊണ്ടുവരുന്ന മുരട്ടു ന്യായങ്ങൾ നമ്മെ ചിരിപ്പിക്കുകയും അതെ സമയം നമ്മിൽ ഭീതി പരത്തുകയും ചെയ്യുന്നു. കടം എന്ന കഥ നമ്മളിലുണ്ടാകേണ്ട നന്ദിയെ ഓർമ്മപ്പെടുത്തുന്നു. ആ കഥയിൽ കഥാകൃത്ത് നന്മയുള്ള ഒരു വിശ്വാസിയാകുന്നുണ്ട്. കടപ്പാടുകളുടെ പാടുകളെ കാലം കാണിച്ചുതരുമ്പോൾ അതിനു നേരെ മുഖം തിരിക്കരുത്. വളരെ നന്നായി ആ വിഷയം ഈ കഥയിൽ ആവിഷികരിച്ചിരിക്കുന്നു.

ഓരോ കഥകളെയും കുറിച്ച് വിസ്തരിക്കുന്നതിൽ അർത്ഥമില്ല. വായനക്കാരെ പരിചയപ്പെടുത്തുക മാതമാണീ കുറിപ്പിന്റെ ഉദ്ദേശ്യം.
പുസ്തകത്തിന്റെ കോപ്പിക്കായി കഥാകൃത്തിനെ സമീപിക്കുകയോ നാഷണൽ ബുക്ക് സ്റ്റാളിന്റെ  വില്പന വിഭാഗവുമായി ബന്ധപ്പെടുകയോ ചെയ്യാം. ശ്രീ സംജീവിനു ഭാവുകങ്ങൾ നേരുന്നു.
ശുഭം

# Samjeev_bookreview

Join WhatsApp News
Jayan varghese 2023-04-05 12:31:24
മൃദു ഭാഷിയായ ശ്രീ സുധീർ പണിക്കവീട്ടിലിന്റെ നിരൂപണങ്ങൾ വിശുദ്ധവും വിലയേറിയതുമാണ്‌. എഴുത്തുകാരന്റെയും വായനക്കാരന്റെയും ഇടയിൽ ഒരു കോൺക്രീറ്റ്‌ പാലമായി അദ്ദേഹം വർത്തിക്കുന്നു. അഭിനന്ദങ്ങൾ ! ജയൻ വർഗീസ്.
Samuel Geevarghese 2023-04-05 12:52:51
Mr. Sudhir Panikkaveetil, Thank you very much for your valuable comments. I appreciate them very much. Samgeev
Sudhir Panikkaveetil 2023-04-09 14:52:36
അഭിപ്രായങ്ങൾ എഴുതിയ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക