Image

ലോക കേരള സഭ ന്യുയോർക്കിലേക്ക് ചേക്കേറുമ്പോൾ... ഇത് വേണോ? (കാരൂർ സോമൻ) 

Published on 08 April, 2023
ലോക കേരള സഭ ന്യുയോർക്കിലേക്ക് ചേക്കേറുമ്പോൾ... ഇത് വേണോ? (കാരൂർ സോമൻ) 

ഏപ്രില്‍ നാലിന് ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ ഷാര്‍ജയില്‍ നിന്നുള്ള അഡ്വ. വൈ.എ. റഹിം ആവശ്യപ്പെട്ടത് പാവപ്പെട്ട മലയാളിക്ക് പ്രയോജനമില്ലാത്ത ലോക കേരള സഭ മലയാളി  സംഘടനയായി അധഃപതിച്ചെന്നും പാവപ്പെട്ട പ്രവാസിയുടെ കണ്ണില്‍ പൊടിയിടാനായി സൃഷ്ടിക്കപ്പെട്ട  ഈ സഭ പിരിച്ചുവിടണമെന്നുമാണ്. കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യ വിറ്റുതുലച്ചു.  കെഎസ്ആര്‍ടിസി ബസ്സുകള്‍ നേരാംവണ്ണം നടത്താനറിയാത്തവര്‍ എങ്ങനെയാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ പറപ്പിക്കുന്നതെന്നും അഡ്വ. റഹിം ചോദിച്ചു. ബ്രിട്ടനില്‍ നിന്ന് പങ്കെ ടുത്ത ജനസേവകനും, സോളിസിറ്ററും, കൗണ്‍സിലറുമായ ബൈജു വര്‍ക്കി തിട്ടാല അറിയിച്ചത് യൂ.കെ യിലേക്ക് സര്‍ക്കാര്‍ അറിയിച്ചതിന്‍ പ്രകാരമുള്ള നേഴ്‌സുമാര്‍ വന്നിട്ടില്ല. അവര്‍ വരുന്നത് ആരോഗ്യവകുപ്പായ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് വഴി യാതൊരു പണച്ചിലവില്ലാതെയാണ്. വിമാനക്കൂലി, താത്കാലിക താമസ സൗകര്യമൊക്ക അവര്‍ ഒരുക്കി കൊടുക്കുന്നു.  വെയില്‍സ്  സര്‍ക്കാരുമായി കേരള സര്‍ക്കാര്‍ ഉണ്ടാക്കിയെന്ന് പറയുന്ന ധാരണാപത്രം സത്യവിരുദ്ധമാണ്. സത്യവിരുദ്ധമായ കാര്യങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിച്ചാല്‍  ഒടുവില്‍ നിരാശപ്പെടേണ്ടിവരും. സമൂഹത്തില്‍ പേരും പെരുമയും  നിലനിര്‍ത്താന്‍ പണിപ്പെടുന്നവര്‍ക്ക് കടുത്ത ദാരിദ്യത്തില്‍ കഴിയുന്ന പ്രവാസിയുടെ ദുഃഖ-ദുരിതങ്ങളറിയില്ല.   കേരളത്തില്‍ നിന്ന് വരുന്ന നേതാക്കന്മാര്‍ക്ക് മധുരതരമായി മനസ്സിനിണങ്ങുന്ന ഭോജ്യവസ്തുക്കള്‍ കൊടുക്കാനുമറിയില്ല.  തകര്‍ന്ന ഹ്യദയത്തോടെ ഒരു ദുഃസ്വപ്നംപോലെ ദുര്‍ബലമനസ്‌കരായ പാവം പ്രവാസികള്‍  സീരിയല്‍പോലെ എല്ലാം   കണ്ടിരിക്കുന്നു. സാമൂഹ്യരംഗങ്ങളില്‍ യാതൊരു സേവനവും കാഴ്ച്ചവയ്ക്കാത്ത  സേവകരാകട്ടെ പ്രകാശം പൊഴിക്കുന്ന വേദികളില്‍   ആയിരം പണം പോയാലും വേണ്ടില്ല, മനസ്സിന്റെ ആഗ്രഹം തീര്‍ന്നല്ലോ എന്ന സംതൃപ്തിയിലാണ്. ഇവിടേക്ക് സൂക്ഷിച്ചുനോക്കിയാല്‍ പഞ്ചാരപായസംപോലെ ചിലര്‍ ചിരിക്കുന്നതും വിനയ മധുരമായ ഭാഷയില്‍ വേദിയിലിരിക്കുന്നവരെ അടിമുടി പ്രകീര്‍ത്തിക്കുന്നതും കാണാം.  ലണ്ടനില്‍ വര്‍ഷകാലത്തെ ഇരുണ്ട ദിവസംപോലെ  പുസ്തക പ്രകാശന  അഭിനവ എഴുത്തുകാരെയും കണ്ടു.  വിശ്വസ്തരായ സ്തുതിപാഠകര്‍ക്കൊപ്പം ലോകം ചുറ്റാനിറങ്ങുന്നവര്‍  ശോകാധിക്യത്താല്‍  കണ്ണുകളില്‍ കണ്ണീര്‍ നിറഞ്ഞവരെ കാണാതെ മടങ്ങരുത്. ഗള്‍ഫില്‍, ബ്രിട്ടനില്‍, ഇതര രാജ്യങ്ങളില്‍  പ്രവാസികള്‍ ഇന്നനുഭവിക്കുന്ന കണ്ണുനീര്‍ പ്രവാഹത്തിന് പരിഹാരം കാണാന്‍ ലോക കേരള സഭയ്ക്ക് സാധിച്ചിട്ടുണ്ടോ എന്നതാണ് ഓരോ പ്രവാസിയുടെയും ചോദ്യം. അതിനുത്തരം നല്കാന്‍ അവര്‍ ബാധ്യസ്ഥരല്ലേ?

നോര്‍ക്ക, ലോക കേരള സഭ അറിയാത്തതില്‍ ചിലത്.  ഞാന്‍ ആദ്യമായിട്ടാണ് നിയമവാഴ്ച്ച നിലനില്‍ക്കുന്ന ഒരു രാജ്യത്തു നിന്ന് അധികാരികളുടെ  കണ്മുന്നില്‍ യാചിക്കുന്ന ഇരകളുടെ ശബ്ദം കേള്‍ക്കുന്നത്.   ഇംഗ്ലണ്ടിലെ  സ്ട്രാറ്റ്‌ഫോര്‍ഡ് ഓണ്‍ ആവോണിലുള്ള (വില്യം  ഷേക്‌സ്പിയറുടെ ജന്മസ്ഥലം) ആ പേരിനുപോലും ശോഭയാര്‍ന്ന നല്ല വാര്‍ത്തകളല്ല അവിടുത്തെ ഒരു കെയര്‍ ഹോമില്‍ നിന്ന് വരുന്നത്.  ഇങ്ങനെ എത്ര നഴ്‌സിംഗ് ഹോം, കെയര്‍ ഹോം ഇതര സ്ഥാപനങ്ങളില്‍ മാനസിക പീഡനമുള്ളത് അറിയില്ല.   ഞാന്‍    ഗള്‍ഫിലായിരുന്ന കാലം ആടുമാട്- ഒട്ടകങ്ങളെ പോറ്റി വളര്‍ത്തിയ മലയാളികള്‍    കാട്ടറബികളില്‍ നിന്ന് ധാരാളം പീഡനങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ ഒളിച്ചോടിപ്പോകുമായിരിന്നു. ഇവിടെ നിന്ന് ഒളിച്ചോടിപ്പോകാന്‍ സാധിക്കില്ല.  ഈ കെയര്‍ ഹോമില്‍ ജോലി ചെയ്യുന്നവര്‍ ജീവിതത്തെ തൃപ്തിപ്പെടുത്താന്‍ ആധുനികതയുടെ നിര്‍ജ്ജീവമായ ദുരവസ്ഥയിലാണ്. ഒരസുഖം വന്നാല്‍ അവധി കൊടുക്കില്ല. അവിടുത്തെ 18 അന്തേവാസികള്‍ക്ക് 2 ജോലിക്കാരാണുള്ളത്. നിത്യവും   ജോലി ചെയ്ത് നടുവൊടിയുന്നവര്‍. വാര്‍ഷിക അവധി 2 ആഴ്ചയില്‍ കൂടാന്‍ പാടില്ല. തൊഴില്‍ ചെയ്യുന്നവര്‍ക്ക് മാനേജര്‍, ഡെപ്യൂട്ടി മാനേജരെ ഭയമാണ്. പറയുന്നത് അനുസരിച്ചുകൊള്ളണം മറുത്തൊന്നും മിണ്ടരുത്. ചോദ്യം ചെയ്താല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടും.    ജീവിതത്തിന്റെ ഒടുങ്ങാത്ത ആവശ്യങ്ങളുമായി മുന്നോട്ട് വരുന്ന പാവങ്ങള്‍ ഏജന്റിന് കൊടുക്കുന്നത്  പന്ത്രണ്ട് ലക്ഷം മുതല്‍ പതിനേഴ് ലക്ഷം വരെയാണ്. ഇത്തരത്തില്‍ പാവങ്ങള്‍ ഇരയാകുന്നതിന്റെ ഉത്തരവാദികള്‍   ഭൂലോക തട്ടിപ്പുകാരായ ഏജന്റുമാരാണ്. അവര്‍ക്ക്  മുത്തം കൊടുത്തു സംരക്ഷിക്കാതെ  ഇരുമ്പഴിക്കുള്ളിലാക്കണം.  ഇങ്ങനെ മാനസികമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി ഇരകളായി ജീവിക്കുന്നവര്‍ക്ക് വേണ്ടുന്ന നിയമ സഹായം ലഭ്യമാക്കാന്‍  ഏജന്റുമാരില്‍ നിന്ന്   തുക ഈടാക്കിയോ, സര്‍ക്കാര്‍ വഴിയോ  നിര്‍വികാരരായി ജീവിക്കുന്ന ഇരകള്‍ക്ക് നീതി നടപ്പാക്കണം.  അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. 

പതിറ്റാണ്ടുകളായി പ്രവാസികള്‍ നേരിടുന്ന പ്രശ്‌നമാണല്ലോ വിമാന കമ്പനികളുടെ ചൂഷണം. വിമാന കമ്പനികള്‍ ഇന്നും പാവങ്ങളെ ചൂഷണം ചെയ്യുന്നത് കാണുന്നില്ലേ? ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്നവരുടെ നല്ലൊരു ഭാഗം സമ്പത്ത് വിമാന കമ്പനികള്‍ തട്ടിയെടുക്കുകയല്ലേ? 2014-ല്‍ ആരംഭിച്ച ലോക കേരള സഭയ്ക്ക്  ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിച്ചോ? നോര്‍ക്കയടക്കം ഇതില്‍ നിന്ന് ഒളിച്ചോടുന്നത് എന്താണ്?  മലയാളികളെ ആത്മാര്‍ത്ഥതയോടെ സേവിക്കുന്ന സാമൂഹ്യ സേവകര്‍  യൂ.കെയിലും, ഗള്‍ഫിലും  എത്തികൊണ്ടിരിക്കുന്ന  തൊഴിലാളികള്‍ക്ക്, വിസ തട്ടിപ്പുകള്‍, തൊഴില്‍ രംഗത്തെ പീഡനങ്ങള്‍,  ജോലിക്കായി പരതുന്നവര്‍, രോഗമുണ്ടായാല്‍ ചികില്‍സ നടത്താന്‍ നിവര്‍ത്തിയില്ലാത്തവരെ  ഹ്യദയവിലോലതയോടെ നേരിടാന്‍ സാധിച്ചിട്ടുണ്ടോ? അവര്‍ അങ്ങേയറ്റം വിധേയത്വം കാണിക്കേണ്ടത് പാവപ്പെട്ട പ്രവാസികളോടാണ് അല്ലാതെ വിപുലമായ വേദികളൊരുക്കി മന്ത്രിമാര്‍ക്കൊപ്പം നിന്ന് ഫോട്ടോകളെടുത്തു  വാര്‍ത്തകള്‍ സൃഷ്ടിച്ച് പൊങ്ങച്ചം കാണിക്കുകയല്ല വേണ്ടത്.  യൂ.കെ യില്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ താമസിക്കാന്‍ പാര്‍പ്പിടമില്ലാതെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. ഇത് വളരെ ആഴമേറിയ തലത്തിലേക്ക് മാറിയിരിക്കുന്നു. എനിക്ക് നിസ്സംശയം പറയാന്‍ സാധിക്കും    അവരെ സഹായിക്കുന്നത് പേരിനും പെരുമയ്ക്കും നടക്കുന്ന മലയാളികളല്ല. എനിക്കും അങ്ങനെ പല അനുഭവങ്ങളുണ്ട്. അതിലൊന്ന്  കവിമൊഴി മാസിക മുന്‍ മാനേജിങ് എഡിറ്റര്‍ ബാലചന്ദ്രന്‍ അമ്പലപ്പാട്ട് ആണ്. ഒരു സുഹൃത്തിന്റെ മകന് കോളേജില്‍ പ്രവേശനം കിട്ടിയെങ്കിലും താമസിക്കാന്‍ പാര്‍പ്പിടമില്ലാതെ കേരളത്തില്‍ നിന്ന് പുറപ്പെടാന്‍ സാധിക്കാതെ വന്നു. ഒടുവില്‍ പാര്‍പ്പിടം ശരിയാക്കി കൊടുത്തു. ഇങ്ങനെ ധാരാളം  പാര്‍പ്പിടങ്ങള്‍  മലയാളികള്‍  ഒരുക്കികൊടുക്കുന്നു.  പ്രവാസികളുടെ  പ്രശ്‌നങ്ങളെ ഉഴുതുമറിക്കാനുള്ള പ്രേരകശക്തികളായിട്ടാണല്ലോ ലോക കേരള സഭ പോലുള്ള  സര്‍ക്കാര്‍ പോഷക സംഘടനകളുള്ളത്.  പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍    ലോക കേരള സഭ ഇന്നുവരെ നടത്തിയിട്ടുള്ള പ്രശ്‌നപരിഹാരക്രിയകള്‍ വെബ്‌സൈറ്റ് വഴി  വെളിപ്പെടുത്തി പരാതിക്കാരുടെ വായ് അടപ്പിക്കണം. അതില്‍ കുറെ ഫോട്ടോകള്‍ നിറയ്ക്കുകയല്ല വേണ്ടത്.  സര്‍ക്കാര്‍  നല്‍കപ്പെട്ട വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടണം.   മറ്റുള്ളവരുടെ ഭിന്നതകളില്‍ നിന്നും ഐക്യം കണ്ടെത്താനുള്ള പ്രവര്‍ത്തനമാണ് കാഴ്ച്ചവയ്‌ക്കേണ്ടത്.   നോര്‍ക്കപോലെ സമ്പന്നരുടെ, സ്തുതിപാഠകരുടെ  സംഘമായി ലോക കേരളസഭ മാറരുത്. 

ലോക കേരളസഭ ഇനിയും നടത്താനിരിക്കുന്ന റീജണല്‍ ഉച്ചകോടി അമേരിക്കയിലും സൗദി അറേബ്യയിലും  ജൂണിലും സെപ്റ്റംബറിലും നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തുണ്ട്.  അവര്‍ ലോക കേരള സഭയെ ബഹിഷ്‌ക്കരിച്ചു കഴിഞ്ഞു.    കേരളം  സാമ്പത്തിക പരാധീനതകളില്‍ നട്ടം തിരിയുമ്പോള്‍  ലോക കേരള സഭ എന്ന പേരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പര്യടനം ധാര്‍ഷ്ട്യം മാത്രമല്ല, ജനങ്ങളെ സര്‍ക്കാര്‍ പരിഹസിക്കുകയാണെന്നും പ്രതിപക്ഷ നേതാവ്  പറഞ്ഞു. കേരളം ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പഞ്ചായത്തുകളുടെ 'സ്വന്തം ഫണ്ട്' സംസ്ഥാന സര്‍ക്കാര്‍ എടുത്തുകളഞ്ഞു. നെല്‍ കര്‍ഷകര്‍ക്ക് 200 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. സാമൂഹിക സുരക്ഷാ പെന്‍ഷനുകളോ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ മറ്റ് പേയ്മെന്റുകളോ നല്‍കുന്നില്ല,  രോഗികളെ പരിചരിക്കുന്നവര്‍ക്കുള്ള 'ആശ്വാസകിരണം' പദ്ധതിയും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അദ്ദേഹം പറഞ്ഞു. ഈ ആരോപണങ്ങളില്‍ എത്രമാത്രം യാഥാര്‍ഥ്യമുണ്ടെന്ന് എനിക്കറിയില്ല. 
ലോക കേരള സഭയ്ക്കായി ചീഫ് സെക്രട്ടറി ചെയര്‍മാനായുള്ള രണ്ട് ഉപസമിതികള്‍ സര്‍ക്കാര്‍  രൂപീകരിച്ചു.  യുഎസ്എ സബ്കമ്മിറ്റിയില്‍ ആറ് അംഗങ്ങളും സൗദി അറേബ്യ സബ് കമ്മിറ്റിയില്‍ വ്യവസായികളായ എം എ യൂസഫ് അലിയും, രവി പിള്ളയും ഉള്‍പ്പെടെ ഏഴ് അംഗങ്ങളുമുണ്ട്. ഇതിലൊന്നും പാവപെട്ട ഒരു തൊഴിലാളിയുമില്ല.   സംസ്ഥാനത്തിന്റെ വികസനത്തില്‍ എന്‍ആര്‍കെയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും വേണ്ടിയാണ് ലോക കേരള സഭ ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളെ ഒരു കുടകീഴില്‍ കൊണ്ടുവരുന്നതിനായി കേരള സംസ്ഥാന സര്‍ക്കാര്‍ ആതിഥേയത്വം വഹിക്കുന്ന സംഘടനയാണ് ലോക കേരള സഭ (ലോക കേരള അസംബ്ലി).  കേരള സംസ്ഥാനത്തിന്റെ വികസനത്തിനൊപ്പം ദുഃഖ ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ  പ്രശ്‌നങ്ങള്‍  പരിഹരിക്കണം. അല്ലാതെ ഏതൊക്കെ സഭകളുണ്ടാക്കിയാലും പാവം പ്രവാസികള്‍ക്ക് എന്ത് നേട്ടമാണുള്ളത്?   കേരളം യുവജനങ്ങളെ  ഒരുത്പന്നത്തെപ്പോലെ  കയറ്റുമതി  ചെയ്തു  കാശുണ്ടാക്കുമ്പോള്‍ ഏത് സര്‍ക്കാരായാലും   അവരുടെ നീറുന്ന  പ്രശനങ്ങളില്‍ ഇടപെടേണ്ടതല്ലേ?
 

# Lokakeralasabha

Join WhatsApp News
കേരളീയൻ 2023-04-08 14:57:59
കേരള സർക്കാരിൻ്റെ ഏറ്റവും വലിയ ഉടായിപ്പ്, കേരള ലോകസഭ. കുറേ രാഷ്ട്രീയക്കാർക്കും ശിങ്കിടികൾക്കും സർക്കാർ ചിലവിൽ ഷൈൻ ചെയ്യാനുള്ള ഒരു വേദി മാത്രം. കഷ്ടം മലയാളീസ്, എന്നാടോ താൻ നന്നാകുന്നത്????
ഉടായിപ്പ് സഭ 2023-04-08 16:19:24
ഈ ഉഡായിപ്പിനു ഇവിടെ ചുക്കാൻ പിടിക്കുന്നവരെയും അറിയേണ്ടതുണ്ട്. ജാതി നോക്കിയും പാർട്ടി നോക്കിയുമാണ് ഇതിന്റെ കമ്മിറ്റി ഉണ്ടാക്കിയിരിക്കുന്നത്. ആ വേല അമേരിക്കയിൽ വേണ്ട
Thomaskutty 2023-04-09 00:34:25
കാട്ടിലെ തടി തേവരുടെ ആന , വലിയെടാ വലി. ഫോട്ടോ പത്രത്തിൽ വരാൻ കുറെ പ്രാഞ്ചിയേട്ടന്മാരും .
joseph Kainikkara 2023-04-28 07:10:30
Sir, Those who make negative comments should know that there is hardly anything left for NREs to say positive about CM pinarai. However in order to say aloud at the face of this CM all about his evils of tax raise and forms of plundering our pocket use this occasion in NY
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക