Image

ഭൂമിയുടെ അതിരുകൾ (നിരൂപണം:സുധീർ പണിക്കവീട്ടിൽ)

Published on 09 April, 2023
 ഭൂമിയുടെ അതിരുകൾ (നിരൂപണം:സുധീർ പണിക്കവീട്ടിൽ)

കാസ ലോകാസ്  (Casa Locas) ഇത് സ്പാനിഷ് വാക്കുകളാണ്. ഭ്രാന്തന്മാരുടെ വീട് എന്ന് മലയാളത്തിലേക്ക് പരിഭാഷ ചെയ്യാം. ഇതൊരു പുസ്തകത്തിന്റെ പേരാണ്. ഇംഗ്ളീഷ് ഭാഷയിൽ അമേരിക്കൻ മലയാളി ശ്രീ ജെ അവറാൻ എഴുതിയ പുസ്തകം. (മലയാളത്തിൽ ജോസഫ് എബ്രാഹാം  എന്ന പേരിൽ എഴുതുന്ന ആളാണ് ശ്രീ ജെ. അവറാൻ) ഇംഗ്ളീഷ് പുസ്തകത്തിനു മലയാളത്തിൽ ഒരു നിരൂപണം അസാധാരണമല്ല. അതുകൊണ്ട് അതിനു തുനിയുന്നു. പുസ്തകം വായിച്ചു. അതേക്കുറിച്ച് വായനക്കാരുമായി പങ്കുവയ്ക്കുകയാണ്. 
വ്യത്യസ്തമായ പതിനൊന്നു കഥകളാണിതിന്റെ ഉള്ളടക്കം. ചിലതെല്ലാം മലയാളത്തിൽ നിന്നും പരിഭാഷ ചെയ്തതാണ്. പരിഭാഷ ചെയ്യപ്പെട്ടതും അല്ലാത്തതും വളരെ ലളിതമായ ഇംഗ്ളീഷിലാണ് എഴുതിയിരിക്കുന്നത്. ലളിതമായ ഭാഷ ഉപയോഗിക്കുന്നതിലൂടെ എഴുത്തുകാരന്റെ ആശയങ്ങൾ സംശയലേശമെന്യേ വായനക്കാരിൽ എത്തുന്നു. സരളവും,, വക്രതയില്ലാത്തതും വ്യക്തതയുള്ളതുമായ ഭാഷ സ്വീകരിച്ചതിലൂടെ കഥകൾക്ക് കൂടുതൽ ആസ്വാദ്യത കൈവരുന്നുണ്ട്.

കുടിയേറ്റം എഴുത്തുകാർക്ക് വളരെ പ്രിയമുള്ള ഒരു വിഷയമാണ്. എല്ലാ ഭാഷയിലും അത് ധാരാളമായി കാണാവുന്നതാണ്..മനുഷ്യകുലത്തിന്റെ ഏറ്റുമുട്ടലുകളും നാശവും ഉണ്ടായിരിക്കുന്നത് ഭൂമിക്ക് വേണ്ടിയുള്ള കലഹം മൂലമാണ്. ഭൂമിക്ക് അതിരുകൾ കല്പിച്ചപ്പോൾ മനുഷ്യരുടെ സ്വച്ഛന്ദ സഞ്ചാരം നിലച്ചുപോയി. അതിർത്തികൾ ഇല്ലാത്ത ഭൂമി ഒരു വിദൂര സ്വപ്നം മാത്രം. അങ്ങനെ ഭൂമി ഒന്നായിരുന്നെങ്കിൽ ഒരു പക്ഷെ നമ്മൾ ഈ പുസ്തകത്തിൽ വായിക്കുന്ന കഥകളിൽ പലതും ഉണ്ടാകുമായിരുന്നില്ല. അമേരിക്കയിലേക്കുള്ള മെക്സിക്കോകാരുടെ കുടിയേറ്റ കഥകൾ പറയുമ്പോൾ ശ്രീ അവറാന്റെ എഴുത്തിലുള്ള കഴിവ് (writing acumen)  കൂടുതൽ പ്രകടമാകുന്നത് കാണാവുന്നതാണ്. 
മെക്സിക്കൻ വിപ്ലവത്തിന്റെ കലാപങ്ങളിൽ നിന്നും രക്ഷപ്പെടാൻ പത്തും പതിനായിരവും മെക്സിക്കോക്കാർ അമേരിക്കയിലേക്ക് പലായനം ചെയ്തു. അന്നവർക്ക് ഇവിടത്തെ കൃഷിഭൂമികളിൽ ജോലി ചെയ്യാൻ സാധിച്ചു. എന്നാൽ ക്രമേണ ഈ വരവ് ക്രമാതീതമായപ്പോൾ അമേരിക്ക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പക്ഷെ ഇന്നും ആ പ്രവാഹം തുടരുന്നു. മതിയായ രേഖകൾ ഒന്നുമില്ലാതെ മൈലുകൾ താണ്ടി അപകടമേഖലകളിൽകൂടെ  കുട്ടികളും സ്ത്രീകളും യാത്ര ചെയ്യുന്നത് ഒന്ന് സങ്കൽപ്പിക്കുക. അവർക്കെല്ലാം എന്ത് സംഭവിക്കുന്നു. കുറച്ചുപ്പേരുടെ  ദുരന്ത കഥകൾ വളരെ നിശിതമായി അദ്ദേഹം വിവരിച്ചിട്ടുണ്ട്.


പത്ത് വർഷത്തെ ആഭ്യന്തരയുദ്ധത്തിനു ശേഷം എൽ സാൽവദോർ എന്ന രാജ്യത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടമുണ്ടായി. അവർ വീടുകൾ ആക്രമിച്ച്  പെൺകുട്ടികളും സ്ത്രീകളും ഒഴികെയുള്ളവരെ    പുറത്താക്കി. അത്തരം വീടുകളാണ് കാസ ലോകാസ് എന്നറിയപ്പെട്ടിരുന്നത്. ആ വീടുകളിൽ അയൽ പ്രദേശങ്ങളിൽ നിന്നും ഗുണ്ടകൾ പെൺകുട്ടികളെ കൊണ്ടുവന്നു ബലാൽസംഗം ചെയ്തു രസിച്ചുകൊണ്ടിരുന്നു. ഗുണ്ടകളുടെ കൈകളിൽ നിന്നും രക്ഷപ്പെടുക അസാധ്യമായപ്പോൾ ജനങ്ങൾ അമേരിക്കയിലേക്ക് രക്ഷപ്പെടാൻ  നോക്കി. എന്നാൽ അവരെ വഴിമധ്യേ ഗാങ്ങുകൾ തടഞ്ഞു അവരുടെ സ്വത്തും സ്ത്രീകളുടെ മാനവും കവർന്നു. അങ്ങനെ അമേരിക്കയിലേക്ക് രക്ഷപ്പെട്ടുവന്ന മറിയ എന്ന സ്ത്രീയുടെ കഥയാണ് കാസ ലോകാസ്. കഥാകൃത്തിൽ അവൾ അവളുടെ രക്ഷകനെ കാണുന്നു. അമേരിക്കയിലേക്കുള്ള വഴിമധ്യേ അതിക്രൂരമായി കൂട്ടബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീയാണവർ. അവരുടെ മുലക്കണ്ണുകൾ നരാധമരായ മനുഷ്യർ കടിച്ചു മുറിച്ച് തുപ്പിയ വിവരം അവൾ വിവരിക്കുന്നുണ്ട്. അവൾ വളരെ വിവരങ്ങൾ നൽകുന്നുണ്ട്.

വായനക്കാരന്റെ മനസ്സിൽ ആ വിവരണങ്ങളുടെ സ്പഷ്ടമായ ഒരു ചിത്രം പതിപ്പിക്കുന്നു. വായനക്കാരൻ ശ്വാസമടക്കി അടുത്ത വരികൾ വായിക്കുന്നു. പറയുന്നത് വിശ്വസിപ്പിക്കുകയും അതേക്കുറിച്ച്  വായനക്കാരൻ ദുഃഖിക്കുകയും ചെയ്യുമ്പോൾ കഥാകൃത്ത് രചനയുടെ  പ്രാവീണ്യം നേടുകയാണ്. മറിയയോട് സഹാനുഭൂതി നമുക്ക് തോന്നുന്നു. അവളുടെ വിധിയെന്തന്നറിയാനുള്ള ആകാംക്ഷയോടെ നമ്മൾ നിരാശരാകുന്നു. സന്തോഷത്തോടെ ജീവിക്കാൻ പ്രയാസമായ അതിരുകളില്ലാത്ത ഒരു ഭൂമി അപ്രത്യക്ഷമാകുമ്പോൾ കാസ ലോകാസുകൾ ഉണ്ടാകുന്നു എന്ന് കഥാകൃത്ത് ഒടുവിൽ പറയുന്നുണ്ട്. എൽ സാൽവദോർ എന്ന രാജ്യത്ത് നിന്നും ഗുണ്ടകളെ ഭയന്ന് അമേരിക്കയിൽ അഭയം തേടിയ എല്ലാ മനുഷ്യരുടെയും വേദനകൾ മറിയ എന്ന കഥാപാത്രത്തിലൂടെ വായനക്കാരിൽ എത്തിക്കാൻ കഴിഞ്ഞത് കഥാകൃത്തിന്റെ സാമർഥ്യമായി കണക്കാക്കാം.
സമൂഹത്തോടുള്ള രൂക്ഷവിമര്ശനങ്ങളാണ് ജെ. അവറാൻറെ മിക്ക കഥകളും. നീതിനിഷേധിക്കപെടുന്ന സമൂഹത്തിലെ മനുഷ്യരുടെ നിസ്സഹായത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗോമൂത്രപാനം, മതസംഹിതകളുടെ സ്വാധീനം എന്നിവ മൂലം പരിഭ്രമിക്കുന്ന ജനങ്ങൾ  അങ്ങനെ നമ്മുടെ കണ്മുന്നിൽ കാണുന്ന നിരന്തര കാഴ്ച്ചകളുടെ പ്രദർശനം ആക്ഷേപഹാസ്യങ്ങളിലൂടെ അദ്ദേഹം പ്രകടമാക്കുന്നുണ്ട്. കഥാകൃത്തിന്റെ ധാർമ്മികരോഷം ആളിക്കത്തുമ്പോൾ കഥകളിൽ അമിത വിവരണങ്ങൾ ചേർക്കുന്ന പ്രവണത കാണാം.
ല ലിസ്റ്റാ എന്ന കഥ അമേരിക്കയിലേക്ക് അഭയം തേടി വന്ന ഒരു കുടുംബത്തിലെ കുട്ടിയുടെ കഥയാണ്. ല ലിസ്റ്റാ എന്ന് പറയുന്നത് അമേരിക്കയിൽ അഭയം   തേടുന്ന  കുടിയേറ്റക്കാർ അതിർത്തി കടക്കുന്ന സ്ഥലത്തു എത്തുമ്പോൾ ആദ്യം അവരുടെ പേരുകൾ ഒരു ലിസ്റ്റിൽ ഉൾപ്പെടുത്തുകയെന്നാണ്. എന്നാൽ ഈ ലിസ്റ്റിന് അമേരിക്കയുമായി ഒരു ബന്ധവുമില്ല. ഇതെല്ലാം മെക്സിക്കോ ഗവണ്മെന്റ് നിയന്ത്രിക്കുന്നു. ഈ പേരിൽ എഴുതിയ കഥയിൽ ഇവിടേക്ക് കുടിയേറിയ ഒരു കുടുംബത്തിന്റെ ദുരന്തങ്ങൾ പച്ചക്ക് പറഞ്ഞിട്ടുണ്ട്. അതിർത്തിയിൽ എത്തുന്ന യുവതികൾക്കെല്ലാം ബലാൽസംഗം എന്ന കടമ്പ കടക്കേണ്ടിയിരിക്കുന്നു. എന്നാൽ കഥയിലെ പെൺകുട്ടി കഠിനപരീക്ഷകളിലൂടെ കടന്നുപോയി അവസാനം അബോട്ട് (Abbott) ഹോമിൽ അവളെ രക്ഷിച്ചുകൊണ്ടിരുന്നവർ അവളുടെ മോഹങ്ങൾ ചോദിക്കുമ്പോൾ ഒരു വക്കീലാകണമെന്നു അവൾ പറയുന്നു. ഇതിലെ ഓരോ സംഭവങ്ങളും ഒരു ദൃക്‌സാക്ഷിയെപോലെ കഥാകൃത്ത് വിവരിക്കുമ്പോൾ വായനക്കാരിൽ സമ്മിശ്രവികാരങ്ങൾ നിറയുന്നു.  കഥാപാത്രങ്ങൾ കടന്നുപോകുന്ന പ്രതിസന്ധികളെ, അവരുടെ വേദനകളെ ആവിഷ്കരിച്ചിരിക്കുന്നതിൽ കഥാകൃത്തിന്റെ ഭാഷയുടെ ഭാവനയുടെ അതിലും ഉപരി അത്തരം വിഷയങ്ങളിൽ അദ്ദേഹത്തിന് ഉണ്ടെന്നു നമ്മെ ബോധ്യപ്പെടുത്ത ഘടകങ്ങളുടെ വിദഗ്ദ്ധ സങ്കലനം പ്രകടമാണ്.

മെക്സിക്കൻ അഭയാർഥികളുടെ  ക്ലേശങ്ങൾ എഴുത്തുകാരൻ സ്വയം അനുഭവിക്കുന്നപോലെ കഥകൾ വായിക്കുമ്പോൾ നമുക്ക് അനുഭവപ്പെടും. മെക്സിക്കോകാരനെങ്കിൽ പേര് കാർലോസ് എന്ന് അനുമാനിക്കാം എന്ന് അദ്ദേഹം എഴുതുമ്പോൾ മെക്സിക്കൻ ജനങ്ങളുമായി എഴുത്തുകാരൻ ബന്ധപ്പെട്ടിരിക്കുന്നപോലെയുള്ള ഒരു തോന്നൽ നമ്മിലുണ്ടാകാം. സതേൺ ന്യൂ മെക്സിക്കോയിൽ അതിർത്തി മതിലുകൾ പണിയുമ്പോൾ അപ്പുറവും ഇപ്പുറവും ആയിപോകുന്ന വംശനാശ ഭീഷണിയുള്ള മെക്സിക്കൻ ഗ്രേ വുൾവേസിനെ  (Mexican grey wolves )കഥാപാത്രമാക്കികൊണ്ടു എഴുതിയ കഥയിലും കുടിയേറ്റം മൂലം കുടുംബങ്ങൾ ചിതറിപ്പോയി ഒറ്റക്കാകുന്ന മനുഷ്യരുടെ കഥയുടെ ചുരുൾ അഴിയുന്നു. മുറിവേറ്റ ചെന്നായയെ രക്ഷിക്കുന്ന കഥയിലെ നായകനോട് സംസാരിക്കുന്ന ചെന്നായ് പറയുന്ന വാക്കുകളിൽ മനുഷ്യർ മൃഗങ്ങളോട് ചെയ്യുന്ന ക്രൂരതയുടെ പ്രതിഫലനങ്ങൾ ഉണ്ട്. മനുഷ്യർ മനുഷ്യരെ ചൂഷണം ചെയ്യുന്ന ക്രൂരതയുടെ സൂചനയും കാണാം. മൃഗങ്ങളോട് സ്നേഹവും കരുതലുമുള്ള ഒരാളാണ് കഥാകൃത്ത് എന്ന് ഈ കഥ നമ്മെ ബോധിപ്പിക്കുന്നു.

ഓരോ കഥകളും അനുപമവും അപൂർവവുമാണ്. കഥാപാത്രങ്ങളുടെ മനസ്സറിഞ്ഞു അവരുടെ വികാരങ്ങൾ പകർത്തുന്നതിൽ കഥാകൃത്തിനു അനിതരസാധാരണമായ പ്രാവീണ്യമുണ്ട്. അച്ഛൻ മരിച്ചുപോയി എന്നറിയാതെ അച്ഛനൊപ്പം പോകാൻ വാശിപിടിക്കുന്ന നിഷ്ക്കളങ്ക ബാല്യത്തിന്റെ ചിത്രം ഒരു ചിത്രകാരനെപോലെ വാക്കുകൾ കൊണ്ട് വരച്ചിടുന്നു ഒരു കഥയിൽ. മനസ്സ് നോവാതെ ആ ചിത്രത്തിലേക്ക് നോക്കുക അസാധ്യമാകുന്നു.

മതഗ്രന്ഥ്ങ്ങളിൽ നമ്മൾ കാണുന്ന ദേവപ്രതിനിധികളുടെയും അതിൽ പ്രതിപാദിക്കുന്ന സുഭാഷിതങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് കഥകൾ രചിക്കുന്നതിൽ കഥാകൃത്ത് തന്റെ പാടവം കാണിക്കുന്നതായി കാണാം ഒരു ഭിന്നലിംഗക്കാരി ഒരാളെ ആത്മഹത്യയിൽ നിന്നും രക്ഷിക്കുന്നതായി പറയുന്ന കഥയിൽ ദുഖിക്കുന്നവർ ഭാഗ്യവാന്മാർ എന്ന ബൈബിൾ വചനത്തെ സമര്ഥിക്കുന്നുണ്ട്. അതേപോലെ തന്നെ ഹിന്ദുമതത്തിലെ ശിവന്റെ മൂന്നാം കണ്ണിനെയും ഒരു അന്ധവിശ്വാസമായി കാണാതെ അതിലടങ്ങിയിരിക്കുന്ന സങ്കല്പം വ്യക്തമാക്കുന്നു. ചേരിയിൽ താമസിക്കുന്ന ഒരാളുടെ നായയുടെ കഥ വളരെ വികാരതീവ്രതയോടെ പറയുന്നുണ്ട്.. ചേരിയിലെ നായ എന്നാൽ ദുരിതപൂർണമായ ജീവിതം നയിക്കുന്ന യജമാനന്റെ നായ. പക്ഷെ   ആ നായക്ക് അയാൾ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു പക്ഷെ മനുഷ്യർ ഉണ്ടാക്കിയ നിയമം ആ പാവം നായയെ കൊന്നുകളയുകയാണ്. നായപിടുത്തക്കാർ വളരെ ക്രൂരമായ നായയെ കൊല്ലുന്ന രംഗം ഹൃദയഭേദകമായി ചിത്രീകരിച്ചിരിക്കുന്നു. കഥാപാത്രങ്ങളുടെ സന്തോഷവും സങ്കടവും വായനക്കാരിൽ  പതിപ്പിക്കാനുള്ള കഴിവ് ശ്രീ ജെ. അവറാൻ  എല്ലാ കഥകളിലും പ്രകടമാക്കുന്നു.

ഇതിലുൾപ്പെടുത്തിയിരിക്കുന്ന പ്രേതകഥയിലും കഥാകൃത്തിന്റെ രചന മികവ് കാണാവുന്നതാണ്. ചാൾസ് ഡിക്കെൻസിനെ  ഇപ്പോഴും മികച്ച പ്രേതകഥകളുടെ രചിയിതാവായി കണക്കാക്കുന്നു. അദ്ദേഹത്തിന്റെ കഥകളോട് താരതമ്യം ചെയ്യുകയല്ല പക്ഷെ അത് വായിക്കുമ്പോൾ ഉണ്ടാകുന്ന പോലെ ഒരു തോന്നൽ. പ്രേതങ്ങൾ പലപ്പോഴും ഒരു പള്ളിയുമായി ബന്ധപ്പെട്ടു കിടക്കുന്നത് കാണാം. അവിടത്തെ വികാരി അതിനെ ഒഴിപ്പിക്കുന്നു. ശ്രീ അവറാനും അതേപോലെ ഒരു ആശയം ഉൾക്കൊണ്ടിട്ടുണ്ടെങ്കിലും തന്റെ പൂർവികരുടെ വഴിയേ പോകാതെ ഒരു പുതിയ പന്ഥാവ് വെട്ടിത്തുറക്കുന്നതിൽ വിജയിക്കുന്നത് കാണാവുന്നതാണ്. പ്രേതം ഉണ്ടെന്നും ഇല്ലെന്നും വായനക്കാരനെ ആശയകുഴപ്പത്തിലാക്കുന്ന രചനാരീതി.

ഈ പുസ്തകത്തിലെ കഥകളിലൂടെ കടന്നുപോകുമ്പോൾ അനധികൃതമായി കുടിയേറുന്ന വ്യക്തികളുടെ സാഹസത്തിന്റെ, സഹനത്തിന്റെ, വേദനയുടെ, നഷ്ടങ്ങളുടെ, ഒരു കരിനിഴൽ പരന്നു നിൽക്കുന്നത് കാണാം. അവർ  അനുഭവിക്കുന്ന ഭാഷ പരിമിതികൾ, വിവേചനം, വിരഹം, സാംസ്കാരികവും വംശീയവുമായ അവഗണനകൾ എല്ലാം ഓരോ കഥകളുടെയും ആരംഭം മുതൽ അവസാനം വരെയുള്ള സംഭവവികാസങ്ങളിൽ  കഥാകൃത്ത്  തുറന്നുകാട്ടുന്നു. ഗോളാന്തരവായനക്ക് അർഹമായ പുസ്തകമായി ഇതിനെ കണക്കാക്കാം. 
പുസ്തകത്തിന്റെ കോപ്പികൾ ആമസോണിൽ നിന്നും വരുത്താവുന്നതാണ്. പുസ്തകം ലഭിക്കാനുള്ള വിവരങ്ങൾക്കായി കഥാകൃത്ത് ശ്രീ ജെ. അവറാനുമായി ഫോണിൽ ബന്ധപ്പെടാം. (410-497-4587)
ശുഭം
# reviewofbook

Join WhatsApp News
J Avaran 2023-04-09 13:41:12
കഥകൾ വായിച്ചു മനോഹരമായ ഒരു നിരൂപണം എഴുതിയ ശ്രീ സുധീർ സാറിനു നന്ദി. കഥകളുടെ ആത്മാവിനെ സ്പർശിക്കുന്ന കുറിപ്പുകൾ വളരെ ഹൃദ്യ മായിട്ടുണ്ട്. പുസ്തകം ആമസോണിൽ https://a.co/d/76bcMLO വാങ്ങിക്കാം. നന്ദി
vayanakaaran 2023-04-10 14:56:27
അമേരിക്കൻ മലയാളി എഴുത്തുകാരുടെ ഭാവി നാട്ടിലെ എഴുത്തുകാരുടെ കയ്യിലാണോ? കാശ് കൊടുത്ത് അവരെക്കൊണ്ടു പുസ്തകത്തെപ്പറ്റി എഴുതിക്കുമ്പോൾ എന്തെങ്കിലും ഗുണമുണ്ടോ? ഇന്ന് വരെ അങ്ങനെ ഒരു ഗുണം കാണുന്നില്ല. ആരെകൊണ്ട് എഴുതിച്ചാലും എഴുത്തുകാരെ, നിങ്ങളുടെ എഴുത്തു നന്നെങ്കിൽ രക്ഷപ്പെടും. (വിദ്യാധരൻ മാസ്റ്റർ ഇതേപ്പറ്റി ധാരാളം ഇമലയാളിയിൽ എഴുതീട്ടുണ്ടു.) അതിനു ഇങ്ങനെയുള്ള നിരൂപണങ്ങൾ സഹായിച്ചേക്കാം. കാശു വാങ്ങാതെ എഴുതുന്നവർ അവരുടെ അറിവുപോലെ എഴുതുന്നു. അതിൽ കൃത്രിമത്വം ഇല്ല. വായനക്കാരന് പുസ്തകത്തെപ്പറ്റി ഒരു രൂപം കിട്ടുന്നു. വായിക്കണോ വാങ്ങണോ എന്നത് ഓരോ വ്യക്തികളെ അപേക്ഷിച്ചിരിക്കും. ശ്രീ ജോസഫ് എബ്രഹാം നല്ല കഥാകൃത്താണ്. നല്ല കഥക്കുള്ള ഇ മലയാളിയുടെരണ്ടു സമ്മാനങ്ങൾ വാങ്ങിയ ആളാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക