Image

അകലുന്ന ആത്മീയത (നടപ്പാതയിൽ ഇന്ന്- 67: ബാബു പാറയ്ക്കൽ)

Published on 12 April, 2023
അകലുന്ന ആത്മീയത (നടപ്പാതയിൽ ഇന്ന്- 67: ബാബു പാറയ്ക്കൽ)

ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ആത്മീയമായി വളരെ പ്രധാനപ്പെട്ട ഒരാഴ്ചയാണ് കഴിഞ്ഞു പോയത്. നാൽപതു ദിവസത്തെ നോമ്പിനു ശേഷം ഓശാനയും പെസഹായും ദുഃഖ വെള്ളിയും ഉയിർപ്പ് പെരുന്നാളും അവർ ഭക്തി പുരസരം കൊണ്ടാടി. ദേവാലയങ്ങളിൽ നിറഞ്ഞു നിന്ന നമസ്‌കാരങ്ങളും ധ്യാന പ്രസംഗങ്ങളും പ്രാർഥനകളും കൊണ്ട് ഈ ഒരാഴ്ച അവർക്കു പുത്തൻ ഉണർവ് ലഭിച്ചു. യേശു ദേവന്റെ അർത്ഥ ഗംഭീരമായ ജെറുസലേം ദേവാലയ പ്രവേശനവും ദേവാലയം വാണിജ്യ സ്ഥലമായി മാറ്റിയ മത നേതാക്കളോടുള്ള കർശനമായ താക്കീതും നാം സുവിശേഷങ്ങളിൽ വായിക്കുന്നു. യേശു പെസഹാ ആഘോഷിച്ചത് യെഹൂദന്മാർ മോശയുടെ നേതൃത്വത്തിൽ ഈജിപ്റ്റിലെ ഫറവോന്റെ അടിമത്വത്തിൽ നിന്നും രക്ഷപെട്ടോടിയ രാത്രിയെ സൂചിപ്പിക്കുന്നതായിരുന്നെങ്കിൽ ക്രിസ്ത്യാനികൾ യേശുവിനെ തന്നെ പെസഹാ കുഞ്ഞാടായിക്കണ്ടാണ് ആചരിക്കുന്നത്. ദുഖ വെള്ളിയിൽ നാം കാണുന്നത് സത്യത്തിന്റെ ജൈത്രയാത്രയെ ഭയപ്പെടുന്ന അധികാരിവർഗ്ഗത്തിന്റെ വിറളി പിടിച്ച ചാട്ടവാറടികളാണ്. അതിന്റെ പ്രഭവ കേന്ദ്രത്തെ തൂക്കിലേറ്റി അവർ ആനന്ദം കണ്ടു. എന്നാൽ സത്യത്തെ മൂടിവയ്ക്കാനാവില്ലെന്ന സത്യം അവർ മനസ്സിലാക്കിയ ദിവസമായിരുന്നു ഞായർ. കരിങ്കൽ ഗുഹയിൽ കെട്ടിയടച്ചു മുദ്ര വച്ചാലും അത് ഉയർത്തെഴുന്നേൽക്കും എന്ന സത്യം മാനവരാശിക്കു വെളിപ്പെടുത്തിയ ഉയർപ്പു പെരുന്നാളിന്റെ ദിവസം!
നമ്മുടെ ബാല്യത്തിൽ കണ്ടിരുന്ന ആചാരങ്ങൾ ഇന്നും അതുപോലെ തുടരുന്നു. എങ്കിലും ഇന്നതിന്റെ പവിത്രത നഷ്ടപ്പെട്ടിരിക്കുന്നു. പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ കാലം മാറിയതനുസരിച്ചു കോലവും മാറി. ആളുകളുടെ സൗകര്യാർത്ഥം ആചാരങ്ങൾക്ക് മാറ്റം വന്നു.  ആചാരാനുഷ്ഠാനങ്ങളിൽ വാണിജ്യ താത്പര്യങ്ങൾ കടന്നു കൂടിയതോടെ ആത്മീയതയ്ക്കു മൂല്യ ചോഷണം സംഭവിച്ചു. യേശുക്രിസ്തുവിന്റെ സഹനത്തിന്റെയും കഷ്ടപ്പാടിന്റെയും ഓർമ്മ പുതുക്കുന്ന അവസരങ്ങളാണെങ്കിലും ഇന്ന് പല സഭാ വിഭാഗങ്ങളും ഇത് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാകുന്ന ആഴ്ചയായി കണ്ട് അത് വിപുലീകരിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നു. ഇക്കഴിഞ്ഞ ദിവസം ഓശാനയ്ക്ക് ഒരു ദേവാലയത്തിലെ പ്രദക്ഷിണ സമയത്തു ദേവാലയത്തിന്റെ മുറ്റത്തു യുവതികളുടെ പ്രത്യേക 'കുരുത്തോല ഡാൻസ്' അരങ്ങേറിയതു കണ്ടു. പള്ളിയിൽ പരമാവധി ആളെ കൂട്ടാൻ ചെയ്ത പണിയാണെന്നാണ് വികാരിയച്ചൻ പറഞ്ഞത്. 
ഇപ്പോൾ ഓശാനയ്ക്കു ജനങ്ങൾ പച്ച നിറത്തിലും ദുഖവെള്ളിയിൽ കറുപ്പും ഉയർപ്പു ദിനത്തിൽ വെള്ളയും ക്രിസ്തുമസിന് ചുവപ്പും വസ്ത്രം ധരിക്കുന്നതിൽ കൊണ്ട് നിർത്തി അവരുടെ ആത്മീയതയ്ക്ക് അതിർവരമ്പിടുന്നു. പണ്ട് പുരോഹിതന്മാർ നിരവധി കിലോമീറ്ററുകൾ നടന്നാണ് അവർക്കു നൽകിയിരുന്ന ദേവാലയങ്ങളിൽ ആരാധനയ്‌ക്കെത്തിയിരുന്നത്. ആരാധനയിൽ ധരിക്കുന്ന പുറം കുപ്പായം ദേവാലയത്തിലുള്ളത് അവർ പങ്കു വച്ചിരുന്നു. അഞ്ചരയടി പൊക്കമുള്ള പുരോഹിതൻ ഉപയോഗിക്കുന്ന പുറം കുപ്പായം ആറടി ഉയരമുള്ള പുരോഹിതൻ ഉപയോഗിക്കുമ്പോൾ അതിന്റെ ബുദ്ധിമുട്ട് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ, അന്നവരുടെ ആത്മീയത ആത്മാർഥത ഉള്ളതായിരുന്നു. ഇന്ന് കഴുതയുടെ പുറത്തു കയറി യാത്ര ചെയ്‌ത യേശുവിന്റെ എളിമയെപ്പറ്റി വിശ്വാസികളെ ഉത്ബോധിപ്പിക്കാൻ വരുന്ന പുരോഹിതൻ മേൽത്തരം ആഡംബര കാറുകളിലാണ് വരുന്നത്. കൃത്യസമയത്തു തന്നെ ആരാധന പൂർത്തിയാക്കി കണക്കു പറഞ്ഞു കാശും വാങ്ങിയാണ് ഇവർ മടങ്ങുന്നത്. മാസ ശമ്പളം നൽകുന്നിടത്തുപോലും കഷ്ടാനുഭവ ആഴ്ചയിൽ ഇവർ പലരും പ്രത്യേക അലവൻസ് ആവശ്യപ്പെടുന്നവരാണ്. പണ്ട് ഇടവകയിലെ കുടുംബങ്ങളുമായി, പ്രത്യേകിച്ചു പാവപ്പെട്ട കുടുബങ്ങളുമായി,  പുരോഹിതർ പ്രത്യേക ബന്ധം പുലർത്തിയിരുന്നു. ഇത് സമൂഹത്തിനൊരു കെട്ടുറപ്പു നൽകിയിരുന്നു. ഇന്നത്തെ പുരോഹിതർ ഭൂരിഭാഗവും സമ്പന്നരോടൊപ്പം മാത്രമാണ്. ഭവനരഹിതരായവരും രോഗികളും അശരണരായവരുമായ എത്ര പേർ ഇന്ന് ഇടവകയിലുണ്ടെന്നു പല പുരോഹിൻമാർക്കും അറിവുള്ളതല്ല.
ഇന്ന് ദേവാലയ സൗധങ്ങൾ പണിയുന്നതിലും ദേവാലയങ്ങൾക്കു സമ്പത്തു വാരിക്കൂട്ടുന്നതിലുമാണ് സഭാധികൃതർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആത്മീയത പ്രതീകാത്മകമായ ചടങ്ങുകൾ മാത്രമായിരിക്കയാണ്. യുവജനങ്ങൾക്കിന്നു ദേവാലയങ്ങളിൽ പോകാൻ താത്പര്യമില്ല. സ്നേഹത്തിന്റെ സൂര്യനായ യേശുക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുമ്പോഴും പുരോഹിതന്മാരുടെ ധാർഷ്ട്യതയോടെയുള്ള പെരുമാറ്റം യുവാക്കളെ പ്രകോപിതരാക്കിയിട്ടുണ്ടെന്ന സത്യം പുരോഹിതന്മാരും മേലധ്യക്ഷന്മാരും  മാത്രം അറിയാതെ പോകുന്നു എന്നതാണ് ഖേദകരം. യൂറോപ്പിലെ ദേവാലയങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നം ഇന്ന് കേരളത്തിലെ ദേവാലയങ്ങളിലും പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. കുർബ്ബാനകളിൽ യുവജനങ്ങളുടെ കുറവ് ശ്രദ്ധേയമാണ്. അമ്പലങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇതിനു മറ്റൊരു കാരണം കൂട്ടത്തോടെ നാടു വിടുന്ന യുവ സമൂഹമാണ്. ഈ ഒഴുക്കിനെ തടയുവാനുള്ള യാതൊരു സമീപനവും ചിന്താധാരയും മത മേലധ്യക്ഷന്മാരിൽ നിന്നും ഉണ്ടാകുന്നില്ല. 
മറ്റൊന്ന്, സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനമാണ്. പണ്ട് കഥയിൽ ചോദ്യമില്ലാതിരുന്ന കാലത്തു പുരോഹിതന്മാർ ബൈബിളിൽ നിന്നും ഉദ്ധരിക്കുന്നതും അല്ലാതെയും പറയുന്നതെന്തും വിശ്വാസികൾ അപ്പാടെ വിഴുങ്ങിയിരുന്നു. ഇന്നതു നടപ്പില്ല. പറയുമ്പോൾ തന്നെ ചെറുപ്പക്കാർ അത് ഗൂഗിളിൽ നോക്കി ശരിയാണോ എന്ന് പരിശോധിക്കും. ഇന്ന് യുവജനങ്ങൾക്ക്‌ ഗൂഗിളാണ് ബൈബിൾ. മാറുന്ന കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സഭ ഉൾക്കൊള്ളുന്നില്ല. 
സ്വന്തമായി കേസും കോടതിയുമായി നടക്കുന്ന സഭാ മേലധ്യക്ഷന്മാർക്കും പണം വാരിക്കൂട്ടാൻ വെമ്പൽ കൊള്ളുന്ന പുരോഹിതന്മാർക്കും ജനങ്ങളിൽ നിന്നും ഒലിച്ചു പോകുന്ന ആത്മീയതയെ പിടിച്ചു നിർത്താനുള്ള വഴികൾ തേടാൻ സമയമില്ല. അഥവാ, അവർ അതു കണ്ടില്ലെന്നു നടിക്കുന്നു. മുഖ്യധാരാ സഭകളിൽ നിന്നും കൂണു പോലെ മുളയ്ക്കുന്ന പെന്തക്കോസ്തു സഭകളിലേക്കുള്ള ഒഴുക്കും തടയണമെന്നിവർക്കു യാതൊരു താത്പര്യവുമില്ല. 'പോകുന്നെങ്കിൽ പോകട്ടെ' എന്ന മനോഭാവം മുട്ടി നിൽക്കുന്നതുകൊണ്ട് അവർ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി അന്വേഷിക്കാൻ പോലും ഇവർ മെനക്കെടാറില്ല. പുരോഹിതന്മാരും മേലധ്യക്ഷന്മാർ തമ്മിലും സഭകൾ തമ്മിലുമുള്ള അനൈക്യം അകലുന്ന ആത്മീയതയ്ക്കു മറ്റൊരു കാരണമാണ്. 
ഇന്ന് 'മതം തന്നെ ആവശ്യമാണോ' എന്ന ന്യായമായ ചിന്തയ്ക്കു യുവജനങ്ങളിൽ ആക്കം കൂടിയിരിക്കുകയാണ്. മനുഷ്യനെ ഒരു പ്രത്യേക വിശ്വാസത്തിൽ തളച്ചിടാതെ മാനുഷിക മൂല്യങ്ങൾക്കു വില നൽകുന്ന മാനവികതയ്ക്ക് ഊന്നൽ നൽകി ജീവിക്കാൻ അവർ ഇഷ്ടപെടുന്നു. ജനിക്കുന്ന കുടുംബം ഏതു മതത്തിൽ വിശ്വസിക്കുന്നുവോ ആ മതം യാതൊരടിസ്ഥാനവുമില്ലാതെ ചോദ്യം ചെയ്യാനാവാതെ താനും അനുകരിക്കണം എന്ന നാട്ടു നടപ്പ് അതേ പടി പിന്തുടരാൻ കൂടുതൽ വിദ്യാഭ്യാസം നേടിയിട്ടുള്ള യുവതലമുറ സമ്മതിക്കുന്നില്ല. മതാടിസ്ഥാനത്തിൽ സർവ്വ വേർതിരിവുകളും കലഹവും കലാപവും സൃഷ്ടിക്കപ്പെടുന്ന ഒരു സമൂഹത്തിന് ഈ ചിന്താധാര ആശ്വാസം നൽകുമെന്നതിനു സംശയമില്ല. 
അകലുന്ന ആത്‌മീയത മതേതര സമൂഹത്തിൽ മാനവികതയുടെ അടിസ്ഥാന ശിലകളെ ശക്തിപ്പെടുത്തുമോ അതോ ക്ഷയിപ്പിക്കുമോ എന്ന് കണ്ടറിയാൻ അധിക നാൾ വേണ്ടിവരില്ല.

#NadappathayilInnu

Join WhatsApp News
Ajith Kottayam 2023-04-12 02:27:31
വളരെ വസ്തു നിഷ്ഠമായ കാര്യങ്ങൾ സത്യസന്ധമായി സധൈര്യം എഴുതിയിരിക്കുന്നു. ഇങ്ങനെയുള്ള ലേഖനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണ്. പക്ഷേ , ലേഖകനോട് ഒരു കാര്യം പറയട്ടെ. ഇതുകൊണ്ടൊന്നും ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. ജനത്തിന്റെ കാശുകൊണ്ട് തിന്നു കൊഴുത്ത അച്ചന്മാരും തിരുമേനിമാരും അത് വിട്ടു കളിക്കുമോ? ഇപ്പോൾ പള്ളിയിൽ ഹാജർ കുറവായതു കൊണ്ട് വരുമാനം കുറഞ്ഞു. പണിതുകൊണ്ടിരിക്കുന്ന പല പള്ളികളും പാതി വഴിയിൽ നിന്നിരിക്കയാണ്. ഇങ്ങനെ പോയാൽ താമസിയാതെ മിക്കവാറും പള്ളികൾ അടച്ചു പൂട്ടേണ്ടി വരും.
Sudhir Panikkaveeti 2023-04-12 21:11:51
മാറ്റുവിൻ ചട്ടങ്ങളെ എന്ന് ഒരു കവി ആഹ്വാനം ചെയ്തു. ശ്രീ ബാബു കുറച്ചുകൂടി ശക്തമായി എഴുതുക. അപ്പോൾ വേണ്ടപ്പെട്ടവർ ശ്രദ്ധിക്കും. വെറുതെ ചൂണ്ടിക്കാട്ടിയാൽ അവരൊന്നും ഗൗനിക്കാൻ പോകുന്നില്ലെന്നാണ് ഞാൻ ധരിക്കുന്നത്. സ്നാപകയോഹന്നാന്റെ ശബ്ദം ഒരു കൊടും കാറ്റ് പോലെ കേട്ടു എന്ന് വയലാർ എഴുതുന്നു. ആ കൊടുംകാറ്റി ൽ ഇളകി തെറിക്കാത്ത രത്ന സിംഹാസനമില്ല.... കവിത തുടരുന്നു. ശ്രീ ബാബു സാർ നന്മകൾ നേരുന്നു.
Babu Parackel 2023-04-13 20:00:19
ലേഖനം വായിച്ചവർക്കും പ്രതികരണം അറിയിച്ചവർക്കും നന്ദി. ജെയിംസ് കോട്ടയം പറഞ്ഞതുപോലെ ‘ഒന്നും നടക്കാൻ പോകുന്നില്ല' എന്നത് ശരിയായിരിക്കാം. വിനാശ കാലേ വിപരീത ബുദ്ധി എന്നേ പറയാനുള്ളൂ. സുധീർ സാർ പറഞ്ഞതുപോലെ എന്തു കൊടുങ്കാറ്റടിച്ചാലും ‘പാലം കുലുങ്ങിയാലും കേളൻ കുലുങ്ങുകേല' എന്നപോലെ ഉറച്ചു നിൽക്കുന്ന അധികാരികൾക്ക് ഇതൊന്നും ഒരു പ്രശ്‌നമേയല്ല.
George Neduvelil 2023-04-14 01:38:40
പാറയ്ക്കൻ യയാതഥ0 എടുത്തു കാണിച്ചിരിക്കുന്നു. ധാർമ്മികതയെപ്പറ്റിയും അദ്ധ്യാന്മികതയെപ്പറ്റിയും തലശ്ശേരിയിലെ രൂപതാതലവൻ മുതൽ ചങ്ങനാശ്ശേരിയിലെ തറയിൽ തലവൻവരെ ഘോരഘോരം അധരവ്യായാമത്തിൽ ഏർപ്പെട്ട് ആത്മസംതൃപ്‌തി അടയുന്നു. യേശുവിൻറെ കരുണയേയും എളിമയേയും മാതൃകയാക്കണമെന്ന് അടിമവിശ്വാസികളോട് ആഹ്വാനംചെയ്യുന്നു. അരമനകളിൽ അല്ലലറിയാതെ, സകലവിധമായ സുഖലോലുപതയിലും മുഴുകി മേവുന്നു. പിതാവ് എന്നു വിളി കേൾക്കാൻ വെമ്പുന്നു. നാഴികക്ക് നാല്പതുവട്ടം പിതാവ്, പിതാവ് എന്ന് സ്വയം വിളിച്ചോതുന്നു. അടിമവിശ്വാസികളുടെ വിയർപ്പിൻറെ വിലയായ നേർച്ചപ്പണം, കണക്കും കരുതലുമില്ലാതെ സ്വന്തം സുഖസൗകര്യങ്ങൾക്കായി വിനിയോഗിക്കുന്നു. തോന്നുമ്പോളൊക്കെ വിമാനത്തിൻറെ ഒന്നാംക്ലാസ്സിൽ സുഖസുഷുപ്തിയിലാണ്ടു വിദേശ പര്യടനങ്ങൾക്കു തിരിക്കുന്നു. അങ്ങനെ പലതും പലതും. എല്ലാം മൊണ്ണ വിശ്വാസികളുടെ ആത്മാക്കളുടെ രക്ഷക്കുവേണ്ടിയും ദൈവമഹത്വത്തിനുവേണ്ടിയും ചെയ്യുന്നുവെന്നതിൽ നാം ആശ്വസിക്കണം. ശ്രി പാറയ്ക്കൻറെ ലേഖനം പ്രസദ്ധീകരിച്ച ഇമലയാളിക്ക് നന്ദി.
Babu Parackel 2023-04-17 02:58:03
Thank you George Neduvelil.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക