Image

കാലത്തിന്റെ എഴുത്തകങ്ങള്‍ (ഭാഗം-1: ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

Published on 05 May, 2023
കാലത്തിന്റെ എഴുത്തകങ്ങള്‍ (ഭാഗം-1: ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

കാരൂര്‍ എഴുതുമ്പോള്‍

കാലം അതിന്റെ ഇരുണ്ട ഭൂതകാലംതൊട്ട് അനുഭവ ത്തിന്റെ തീക്ഷ്ണ ബോധ്യങ്ങളെ സാക്ഷാത്ക്കരിക്കുമ്പോഴാണ് കല മാനവികമായൊരു സാംസ്‌കാരിക തലത്തിലേക്ക് ഉയരുന്നത്. അവിടെ കാലികമായൊരു ഭൂതവര്‍ത്തമാനത്തിന് പ്രസക്തിയില്ല. ബാക്കിയാകുന്ന ഭാവി, ഇരുണ്ട തല്ലെങ്കിലും പ്രതീക്ഷയുടെ കതിര്‍ക്കനമുള്ള ആവേഗങ്ങളെ സ്വയം എടുത്തണിയുന്ന ഒരനുഭവമാണ്. അതാകട്ടെ പ്രാപഞ്ചിക ബോധ്യങ്ങളെ സ്വയം സാക്ഷ്യപ്പെടുത്താനുതകുന്ന കലയുടെ തന്നെ അമര വ്യക്തിത്വമാണ്. വിഖ്യാത എഴുത്തുകാരന്‍ കര്‍ലോസ്ഫ്യൂവന്തസ് പറയും പോലെ നക്ഷത്ര                 ങ്ങളില്‍ നിന്നൂര്‍ന്ന അനുഭവപ്രപഞ്ചത്തെ ഒരു കണ്ണീര്‍ക്കണം പോലെ സൃഷ്ടിക്കപ്പെടുമ്പോഴാണ് ഒരെഴുത്തുകാരനില്‍ നിന്ന് അമരവക്തിത്വം രൂപംകൊള്ളുന്നത്. അത് കലയ്ക്കുമാത്രം സ്വീകര്യമായൊരു സാംസ്‌കാരിക തനിമയാണ്. അതില്‍ കാലത്തിന്റെ ജാഗരൂകമായൊരു നിര്‍വൃതിയുടെ അപാര സൗന്ദര്യമുണ്ട്. അതുകൊണ്ടാണ് കാലത്തെ നമുക്ക് ഗണക മാതൃകയില്‍ നിന്നൊരു ഭിന്നമായ സാംസ്‌കാരിക പരിസരത്തിലേക്ക് ഉയര്‍ത്തിക്കാട്ടി വിചിന്തനം ചെയ്യാനാകുന്നത്. അതാകട്ടെ എഴുത്തിന്റെ അഭിനിവേയമായ സാംസ്‌കാരിക സദസ്സുകളെയാകെത്തന്നെ നവീകരി ക്കുന്ന ഒരനുഭവമാണ്. അതില്‍ ഉര്‍വ്വരമായൊരു ചലനാത്മക ജീവിത പരിസരമുണ്ട്. അതില്‍ എല്ലാം നഷ്ടപ്പെടുമ്പോഴും ബാക്കിയാകുന്നൊരു ജീവനതാളമുണ്ട്. ടോള്‍സ്റ്റോയിയുടെ കൃതികളില്‍ ഇത്തരമൊരു അനുഭവ ത്തിന്റെ ഒഴുകിപ്പരക്കലുണ്ട്. അതൊരേകാലം സാംസ്‌കാരിക സദസ്സിനേയും ജീവിതസദസ്സിനേയും ആഴത്തില്‍ വിശദീകരിക്കാന്‍ ധൈര്യപ്പെടും. അവിടെ ജീവിതത്തിന്റെ രംഗഭൂമിയില്‍ യുദ്ധവും മരണവും ജീവിതത്തിനു നേരെ ഏറ്റുമുട്ടുന്നു. ഈ സംഘര്‍ഷത്തില്‍ നിന്നാണ്  അത്യുദാത്ത മായ കലയുടെ സമാരംഭം. ഈ കലയ്ക്ക് ത്രികാലങ്ങളിലേക്ക് ചിറകുവയ്ക്കാനാകും.              അതിന്റെ പരിധിയില്‍ പ്രപഞ്ചം മുഴുവനും ഉള്‍പ്പെടുന്നു. അതുകൊണ്ടാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കല എഴുത്തുതന്നെയാണ് എന്നു പറയുന്നത്.  
ഇതേ അനുഭവത്തില്‍ നിന്നുകൊണ്ടാണ് കലയില്‍ രൂപം കൊള്ളുന്ന സര്‍ഗ്ഗാത്മക പ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കേണ്ടിവരുന്നത്. അത് എഴുത്തു കാരന്‍ കാലത്തിനോടു ചെയ്യുന്ന ആപത്കരമായൊരു സത്യസന്ധത യാണ്.  കാലത്തിന്റെ മറുപാതിയില്‍നിന്നുകൊണ്ടാണ് തീക്ഷ്ണ ബോധ്യ ങ്ങളുടെ സത്യസന്ധതയെ ജീവിതംകൊണ്ടു വായിക്കാന്‍ ശ്രമിക്കുന്നത്. അവിടെ എഴുത്തുകാരന്റെ ആര്‍ജ്ജിത വ്യക്തിത്വം ഒരു പുതിയ ലോക ക്രമത്തിനെ സൃഷ്ടിക്കുന്നു. ടോള്‍സ്റ്റോയിയിലും മാക്‌സിം ഗോര്‍ക്കിയിലും ആന്റണ്‍ ചോക്കോവിലും ഡി.എച്ച് ലോറന്‍സിലും ഇത്തരം കാലബോധ ത്തിന്റെ ജാഗ്രത തിരിച്ചറിയാനാകും. എന്നാല്‍ ഇതൊന്നും ഏകതാനത യുള്ള ഒരു സ്വരൂപമല്ല. അതിന് എഴുത്തിന്റെയും ഭാവനയുടെയും രാഷ്ട്രീ യത്തിന്റെയും അനുഭവത്തിന്റെയും ഭാവന യുടെയും ഒരു സര്‍ഗ്ഗാത്മക വ്യക്തിത്വം അനിവാര്യമാണ്. ഇവിടെയാണ് ജന്മവാസനകളുടെ അകം പൊരുള്‍ തേടേണ്ടത്. അതാകട്ടെ വരണ്ട ഭൂതകാലത്തെ ചേര്‍ത്തു പിടിച്ചു കൊണ്ട് ഭാവിയിലേക്ക് കുതിക്കുന്ന നേരുകളാണ്. അത്തരം നേരുകളെ യാണ് കാരൂര്‍ സോമന്‍ എഴുത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത്. അതു കൊണ്ടാണ് ആ എഴുത്തകങ്ങള്‍ക്ക് കാലത്തിന്റെ സൗന്ദര്യശാസ്ത്രത്തില്‍ ഉള്‍ച്ചേര്‍ന്നുകൊണ്ട് ഒഴുകുവാനാകുന്നത്. ആ എഴുത്തിന് ഏകതാനത കളില്ല. ബഹുസ്വരതയാണുള്ളത്. കാരൂരിന്റെ സര്‍ഗ്ഗപ്രപഞ്ചത്തിലാകെ ഇത്തരമൊരു സ്വപ്രകാശിത സാംസ്‌കാരിക വ്യക്തിത്വമുണ്ട്. കസന്‍ സാക്കീസ് പറയും പോലെ അത് കാലം ആവശ്യപ്പെടുന്ന എഴുത്തുനീതി യാണ്. ആ നീതി കാരൂരിലെ എഴുത്തുകാരനെ അകംപുറം നവീകരി ക്കുന്നു. അത്തരമൊരു നവീകരണപദ്ധതി കാരൂരിന്റെ എല്ലാ കൃതികളിലു മുണ്ട്. അത് മൗലികമായ സര്‍ഗ്ഗാത്മക ഇടപെടലുകളാണ്. അതുകൊണ്ടാണ് സൗന്ദര്യ ശാസ്ത്രപരമായ നിര്‍വ്വചനങ്ങളിലേക്ക് ആ കൃതികള്‍ ചേര്‍ന്നു നിന്നു കൊണ്ട് കാലത്തിനോടു പൊരുതാന്‍ ധൈര്യപ്പെടുന്നത് ഇത്തര മൊരു പരിണാമം എഴുത്തുകാരില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്. കാരൂരില്‍ അത് പ്രത്യക്ഷാര്‍ത്ഥത്തില്‍ തന്നെ കണ്ടെത്താനാകും. കാരൂര്‍ തെരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ വൈവിധ്യം തന്നെ അതിന് ഉത്തമ ഉദാഹരണങ്ങളാണ്.  പ്രത്യക്ഷത്തില്‍ അത് സ്വതന്ത്രവും വൈയക്തിക വുമായ ഒരു മാനുഷികതലം അവതരിപ്പിക്കുമ്പോള്‍ത്തന്നെ അതില്‍ ജീവിതത്തെ സംബന്ധിച്ച അടിസ്ഥാന നിര്‍വ്വചനങ്ങളെക്കൂടി നിര്‍വ്വചിക്കാന്‍ ധൈര്യ പ്പെടുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ കാരൂരിന്റെ രചനകള്‍ മൗലിക മായൊരു ആത്മാന്വേഷണമായി മാറുന്നു. അതുകൊണ്ടാണ് അത്തരം രചനകളെ വായാനാ സമൂഹം ആസ്വാദനത്തിന്റെ വിവിധ തലങ്ങളില്‍ കൊണ്ടാടാന്‍ താല്‍പര്യപ്പെടുന്നത്. പ്രത്യക്ഷത്തില്‍ ഇത്തരം രചനകളില്‍ രൂപപ്പെടുന്ന ജീവിത പരിസരങ്ങള്‍ കലാമര്‍മ്മജ്ഞതയോടെയാണ് കാരൂര്‍ അവതരിപ്പിക്കുന്നത്. ഇത്തരം ശുദ്ധീകരണപ്രക്രിയ കളില്‍ നിന്നാണ് ഭാഷയും സംസ്‌കാരവും അതിന്റെ ആത്മാവിഷ്‌കാര സാദ്ധ്യത കളിലേക്ക് എത്തിച്ചേരുന്നത്. 
മനുഷ്യന്‍ പലകാലങ്ങളിലായി സ്ഥാപിച്ചെടുക്കുന്ന അധികാരം ഉള്‍പ്പെടെയുള്ള ശക്തികേന്ദ്രങ്ങളെ നിരാകരിക്കാതെ തന്നെ ചരിത്ര പരമായ താക്കീതുകളെ വ്യത്യസ്തമായ കാലബോധത്തോടെ ഉര്‍വ്വര മാക്കുകയാണ് കാരൂര്‍ ചെയ്യുന്നത്. അതിന് എഴുത്തുകാരന് സ്വതന്ത്ര മായൊരു സൗന്ദര്യബോധമുണ്ട്. അത് കേവലമൊരു സാംസ്‌കാരികോ ല്പന്നം എന്നതിനപ്പുറം സാമൂഹിക കുടുംബബന്ധങ്ങളുടെ അനുഭവ പാഠം കൂടി നിര്‍മ്മിക്കുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. ഇതാകട്ടെ കാരൂര്‍ കൃതികളെ വ്യവഹാരനിര്‍മ്മിതമായ ഒരു ആഗോള ലോകക്രമത്തെ കാട്ടിത്തരുന്നു. ജീവിതത്തെക്കുറിച്ച് കാരൂര്‍ എഴുതുമ്പോഴെല്ലാം ഈ അനുഭവം വ്യത്യസ്തമായ ചര്യകളിലേക്ക് കടക്കുന്നതുകാണാം ഇതൊരു സത്യസന്ധമായ എഴുത്തുരീതിയാണ്. അതില്‍ സമൂഹവുമായി ബന്ധപ്പെട്ടതെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അങ്ങനെ സമൂഹബോധ ചേതസ്സില്‍ (ഇീഹഹലരശേ്‌ല ൗിരീിരെശീൗിെല)ൈ അധിഷ്ഠിതമായ ഒരു സാംസ്‌കാരിക സദസ്സിനെയാണ് കാരൂര്‍ ലക്ഷ്യം വയ്ക്കുന്നത്. ഇത് വര്‍ത്തമാനകാല കൃതികളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒരു അനുഭവമാണ്. ഇതിനു വിശാലമായൊരു രൂപഘടന കൂടിയുണ്ട്. ഭാവതലത്തില്‍ അത് സ്ഥലം, കാലം എന്നിവയുമായി ബന്ധപ്പെട്ട പ്രാദേശിക സ്വത്വത്തെക്കൂടി ഉള്‍ക്കൊള്ളുന്നു. ഈ പ്രാദേശക ബോധം കാരൂരിന്റെ രചനകളില്‍ അടിസ്ഥാന സവിശേഷതയായി നില നില്‍ക്കുമ്പോള്‍ത്തന്നെ അതിര്‍ത്തികള്‍പ്പുറമുള്ള ജീവിത പരിസരങ്ങ ളെക്കൂടി ഇതില്‍ ഉള്‍ച്ചേര്‍ത്തുകൊണ്ട് നവീനമായൊരു ജീവിതബോധം കൊണ്ടു വരാന്‍ രചനകളിലൂടെ കാരൂര്‍ ശ്രമിക്കുന്നു. അവിടെ മനുഷ്യ ബന്ധങ്ങളുടെ വ്യഥകളും പലായനവാസനയും മൃത്യുബോധവും ഭാവിയി ലേക്കുള്ള നോട്ടവും മികച്ച സാദ്ധ്യതകളായി പരിണമിക്കുന്നതുകാണാം. എന്നാല്‍ ജീവിതത്തിന്റെ പൊരുളടക്കങ്ങളില്‍ കൃത്യമായൊരു അനുഭവ തലം സൃഷ്ടിക്കാന്‍ കാരൂര്‍ ശ്രദ്ധ വയ്ക്കുന്നതു കാണാം. അതിനെ അനുഭവനീതി എന്ന് ലളിതമായി വിശേഷിപ്പിക്കാവുന്നതാണ്. ഇങ്ങനെ കൃതിയെ ഏകകേന്ദ്രീകൃതമായ ഒരു അവബോധത്തില്‍ നിന്നടര്‍ത്തിമാറ്റി നവീനമായൊരു പെരുമാറ്റത്തിലേക്ക് നയിക്കുന്നതിലൂടെ കാരൂരിലെ എഴുത്തുകാരന്‍ മുന്നോട്ടുവയ്ക്കുന്ന സൗന്ദര്യ നിരീക്ഷണം അര്‍ത്ഥ വത്തായൊരു അനുഭവമായിത്തീരുന്നു.  
ഇതില്‍ സഹജമായ സര്‍ഗ്ഗാത്മകവാസനയും പരന്ന വായനയും ജീവിതനിരീക്ഷണപാടവവുംഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഈ ത്രിത്വത്തില്‍നിന്ന് കാരൂര്‍ സോമന്‍ എഴുത്തിന്റെ പുതിയ സരണികള്‍ രൂപപ്പെടുത്തു ന്നത്. ആരംഭത്തില്‍ ചര്‍ച്ചചെയ്ത സമൂഹകുടുംബ മനസ്സിനെ സംബ ന്ധിച്ച കൂടുതല്‍ നിരീക്ഷണങ്ങള്‍ ഇവിടെ പര്യാലോചനാവിഷയമായി സ്വീകരിക്കപ്പെടേണ്ടതാണ്. അത് കൃത്യമായ ഒരു നിരീക്ഷണ ലക്ഷ്യമാണ്. കാരൂരിന്റെ രചനകളില്‍ ഈ ലക്ഷ്യത്തിന് കൃത്യമായൊരു ബോധതല മുണ്ട്. അത് ചിന്തയുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാല്‍ അതില്‍ വൈകാരികപ്രതിസന്ധികളെ തരണംചെയ്യാനുതകുന്ന ഒരു പെരുമാറ്റ രീതി കൂടിയുണ്ട്. കാരൂരിന്റെ ഒരു സര്‍ഗ്ഗാത്മക കൃതിയിലും ജീവിതം ജീവിക്കാന്‍ കൊള്ളാത്ത ഒന്നാണെന്നു പറയുന്നില്ല. കാരൂരിന്റെ ജീവിത പരിസരങ്ങള്‍ക്ക് ഉര്‍വ്വരതയുള്ള ഒരു സാംസ്‌കാരിക ബോധമാണുള്ളത്. അത് വെറുമൊരു ഭാവനാസൃഷ്ടി മാത്രമല്ല. അതൊരു ഓര്‍മ്മപ്പെടുത്ത                   ലാണ്. ആ ഓര്‍മ്മകള്‍ക്കു നടുവില്‍ ആകാശത്തോളം വളര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന ജീവിതത്തിന്റെ മൂല്യവത്തായ ചിലയിടങ്ങള്‍കൂടിയുണ്ട്. അതു  കൊണ്ടാണ് കാരൂരിന്റെ കൃതികള്‍ ചലനാത്മകമായിത്തീരുന്നത് അതൊരി ക്കലും സ്വപ്നദൃശ്യങ്ങളെ വ്യാഖ്യാനിക്കലല്ല. അതിനെ കരുത്തിന്റെ വാള്‍മുന കൊണ്ടാണ് കാരൂര്‍ വരഞ്ഞിടുന്നത്. എന്നാല്‍ അതില്‍ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന അപരിമേയമായ ഭാവനയുടെ സ്വാതന്ത്ര്യം കണ്ടില്ലെന്നു നടിക്കാനുമാകില്ല. കാരൂരിലെ എഴുത്തുകാരന്‍ അര്‍ത്ഥവത്തായ ഈ രണ്ടു തലങ്ങളേയും ഒരേ സ്വര്‍ണ്ണനൂലില്‍ കോര്‍ത്തെടുത്തുകൊണ്ടാണ് സൃഷ്ടി നടത്തുന്നത്. അതിന്റെ മൂര്‍ച്ച ജീവിതത്തെ അതിന്റെ ആഴത്തിലും പരപ്പിലും അവതരിപ്പിക്കുമ്പോഴെല്ലാം കാരൂര്‍ പുലര്‍ത്തിപ്പോകുന്നു എന്നത് അത്ഭുത കരമായ അനുഭവമാണ്. കഥാപാത്രങ്ങളുടെ ഇഴയടുപ്പവും വഴക്കവും ജീവിതപരിസരങ്ങളും അനുഭവമുഹൂര്‍ത്തങ്ങളുമെല്ലാം സവിശേഷതകളു ള്ളവയാണ്. എന്നാല്‍ ചില ഘട്ടങ്ങളില്‍ അതിസങ്കീര്‍ണ്ണ വ്യക്തിത്വങ്ങളെത്തേടുന്ന കാരൂര്‍ സ്വീകരിക്കുന്ന സമീപനരീതി വളരെ വ്യത്യസ്ത വുമാണ്. അവിടെ സാമൂഹ്യ യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ട സൃഷ്ടി പരമായ ഒരു ഔന്നത്യം കല്പിച്ചുനല്‍കാന്‍ എഴുത്തുകാരന്‍ കാട്ടുന്ന ചിന്താവ്യഗ്രത ശ്രദ്ധിക്കേണ്ട ഒന്നാണ്. അവിടെ നക്ഷത്രവിരചിതമായ ഒരാകാശം കാണുമ്പോഴുള്ള ആനന്ദം വായനക്കാരെ തേടിവരുന്നു. യഥാര്‍ത്ഥത്തില്‍ വായനക്കാരന്‍ കണ്ട ആകാശം ഒരു കൃതിയുടെ ഹൃദയാ കാശമാണ്. അതില്‍ ഗഗനതയും അത്യഗാഥതയുമുണ്ട്. ഇത്തരം നിരീക്ഷ ണങ്ങള്‍ക്ക് കാലികവും മൗലികവുമായൊരു പ്രസക്തിയുണ്ട്. ആ പ്രസക്തി യാണ് കാരൂരിന്റെ രചനകളെ ഇന്നും യൗവ്വനയുക്തമാക്കുന്നത്. അതെല്ലാം സൃഷ്ട്യുന്മുഖമായ കാലത്തിന്റെ മനോഘടനയാണ് കാട്ടിത്തരുന്നത്. ഇവിടെ കലയുടെ ധാര്‍മ്മികമായ പിന്തുണ ഈ രചനകള്‍ക്കു പിന്നിലു ണ്ടെന്നു കൂടി സൂചിപ്പിക്കേണ്ടിരിക്കുന്നു. എന്നാലത് കേവലമായൊരു ദുഃഖ പര്യവസാനിയായ ആലോചനാമാര്‍ഗ്ഗമല്ല. അതിന് സാമൂഹികമായൊരു ഉല്പത്തിക്രമമുണ്ട്. അത് ശരാശരി മലയാളിയുടെ ജൈവ സംസ്‌കൃതി യുമായും രാഷ്ട്രീയബോധമായും ബന്ധപ്പെട്ടു കിടക്കുന്ന ഒരനുഭവരാശി യാണ്. അതിനാല്‍ത്തന്നെ ചലനാത്മകമായൊരു കാലബോധം ഈ രചന കളുടെയെല്ലാം അന്തര്‍ധാരയായി വര്‍ത്തിക്കുന്നു.
കാരൂരിന്റെ കലാപ്രപഞ്ചം സാധാരണക്കാരുടെ ജീവപ്രപഞ്ച മാണ്. അവിടെ ചിന്തയുടെ ബഹുമുഖങ്ങളായ ആലോചനാ സരണി കളില്ല. ഒരു തുറന്ന വേദിയില്‍ നിന്നാണ് കാരൂര്‍ കഥ പറയുന്നത്. അതു കൊണ്ടുതന്നെ ആ കഥപറച്ചിലിന് ശുദ്ധഹൃദയത്തിന്റേതായ ഒരു രംഗ ഭാഷ്യമാണുള്ളത്.  എന്നാലത് ഭാഷയുടെ പരമ്പരാഗത രീതികളെയാകെ അനുസരിച്ചുനീങ്ങുന്ന ഒന്നല്ല താനും. അതിന് അതിന്റേതായ ചില ജീവിതവഴികളുണ്ട്. ആ വഴികളിലൂടെ കയറിയിറങ്ങി ഒഴുകിപ്പരക്കുന്ന മാനസികതലമാണ് ഈ കൃതികളുടെയെല്ലാം അനുഭവതലത്തെ ഉദാത്തമാക്കുന്നത്. അത് എല്ലാക്കാലത്തും ജീവിതവുമായി ബന്ധപ്പെട്ട ഒരനുഭവമാണ്. എന്നാലതിന് ആരാധ്യമായൊരു പെരുമാറ്റബോധമുണ്ട്. ആ പെരുമാറ്റം സാംസ്‌കാരികമായ ഒരു നവനിര്‍മ്മിതിയുടെ ഭാഗമാണ്. അതുകൊണ്ടാണ് കാരൂരിന്റെ ജീവിതപരിസരങ്ങള്‍ സ്വരശുദ്ധമായ അനുഭൂതികള്‍കൊണ്ട് ആഴത്തില്‍ വരഞ്ഞിടുന്നതായി മാറുന്നത്.  മറ്റൊ രര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഈ അനുഭവം ഒരു ഭ്രമാത്മകമായ കാഴ്ച യാണ്. പൂര്‍ണ്ണമായും അസ്വാസ്ഥ്യത്തില്‍ അമര്‍ന്നുപോയ ജീവിത മൂല്യ ങ്ങളെ തെരഞ്ഞുപിടിക്കാനും സംരക്ഷിക്കാനും ശ്രമിക്കുന്നൊരു കാല്പ നിക മനസ്സ് കാരൂര്‍ സൂക്ഷിക്കുന്നുണ്ട്.  ഇത് ജനനത്തിനും മരണത്തിനു മിടയില്‍ ഒഴുകിക്കിടക്കുന്ന ഒരു ജീവിതവ്യാഖ്യാനമാണ്. ഈ വ്യാഖ്യാ നത്തിന്റെ അടരുകളില്‍ നിന്നാണ് അതിസാധാരണമായൊരു ജീവിത ത്തെ കാരൂര്‍ കൂട്ടിക്കൊണ്ടുവരുന്നത്. അവിടെ സമകാലിക മനുഷ്യാ വസ്ഥയാണ് പ്രധാന ഇതിവൃത്തം.  
ആ അനുഭവത്തിനുള്ളില്‍ ആരുംപറയാത്തൊരു ജീവിതം ഒളി ഞ്ഞിരിപ്പുണ്ടെന്ന് കാരൂര്‍ വിളിച്ചുപറയുന്നു. ഇത്തരം വെളിപ്പെടുത്തലു കള്‍ സാഹിത്യത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്.  ഇതിനെ വിഖ്യാത എഴുത്തുകാരന്‍ പൗലോകോയ്‌ല ആഴത്തില്‍ അടയാ ളപ്പെടുത്തുന്നുണ്ട്. ഈ രചനാരീതി ജീവിതത്തിന്റെ രണ്ടറ്റങ്ങളെ വിളക്കി ച്ചേര്‍ക്കുന്ന ഒരു സര്‍ഗ്ഗാത്മകലക്ഷ്യംകൂടിയാണ്. ഈ ലക്ഷ്യത്തെ അസ്തി ത്വബോധത്തിലധിഷ്ഠിതമായ ഒരു ജീവിതകഥായായിക്കൂടി ചേര്‍ത്തു വച്ച് വായിക്കാവുന്നതാണ്. അങ്ങനെവരുമ്പോഴാണ് ഒരു സൃഷ്ടി അതിന്റെ വിശ്വാസപ്രമാണങ്ങളെയാകെ ഉയര്‍ത്തിപ്പിടിക്കുന്നത്. 

(തുടരും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക