Image

വന്ദന ദാസ്: മാറുന്ന സംസ്‌കാരത്തിന്റെ ബലിയാട് (നടപ്പാതയിൽ ഇന്ന്- 72: ബാബു പാറയ്ക്കൽ)

Published on 11 May, 2023
   വന്ദന ദാസ്: മാറുന്ന സംസ്‌കാരത്തിന്റെ ബലിയാട് (നടപ്പാതയിൽ ഇന്ന്- 72: ബാബു പാറയ്ക്കൽ)

"എന്താ പിള്ളേച്ചാ, കണ്ടിട്ട് കുറച്ചു ദിവസമായല്ലോ."
"പല കാര്യങ്ങൾ കൊണ്ട് തെരക്കിലായിരുന്നെടോ."
"ഇന്നത്തെ വാർത്ത കണ്ടില്ലേ, ഡോക്ടർ വന്ദന ദാസിന്റെ കാര്യം?”
"കണ്ടെടോ. ചങ്കു പൊട്ടിപ്പോയി! കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രാത്രിയിൽ ഏതെങ്കിലും മുറിയിൽ ഉറങ്ങിക്കിടക്കാതെ ആത്മാർത്ഥമായി ജോലി ചെയ്‌തിരുന്ന ഡോക്ടർ വന്ദന ദാസ് ദാരുണമാം വിധം കൊല്ലപ്പെട്ടു. ആദ്യമേ തന്നെ ഡോക്ടർ വന്ദന ദാസിന് ആദരാഞ്ജലികൾ നേരുന്നു.” 

“എന്താണ് പിള്ളേച്ചാ കൊട്ടാരക്കര ആശുപത്രിയിൽ സംഭവിച്ചത്? ഇന്ന് കേരളത്തിലെ സർവ്വ മാധ്യമങ്ങളും ടീവി ചാനലുകളും ഇതിനേപ്പറ്റിയുള്ള തത്സമയ വാർത്തകൾ തുടർച്ചയായി കാണിച്ചുകൊണ്ടിരിക്കുകയാണ്. ദുഖാർത്തരായ ആ കുടുംബത്തോടൊപ്പമാണ് ഞങ്ങൾ എന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം പറഞ്ഞുകൊണ്ടാണ് ആങ്കർ ചർച്ചകൾ നയിക്കുന്നത്. ചർച്ചയിൽ പങ്കെടുക്കുന്നവരെല്ലാം തന്നെ വികാരാധീനരായിട്ടാണ് അഭിപ്രായങ്ങൾ പറയുന്നത്. ഒപ്പം ആ കുട്ടിയുടെ മൃതദേഹത്തിൽ നോക്കി മാതാപിതാക്കൾ അലമുറയിടുന്നതും സന്ദർശകർ വിതുമ്പുന്നതുമെല്ലാമായുള്ള ദൃശ്യങ്ങളും കാണിക്കുന്നു. എല്ലാവരും ഒരേ സ്വരത്തിൽ വിമർശിക്കുന്ന ചോദ്യം ആ പോലീസുകാർ എന്ത് ചെയ്യുകയായിരുന്നു എന്നാണ്. മറ്റൊരു ചോദ്യം ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജിന്റെ പ്രസ്താവനയെ പറ്റിയാണ്.” 

“എടോ, ആദ്യം തന്നെ ആ അപകടം നടന്ന രംഗം ഒന്ന് കാണുക. തന്നെ ആരോ മർദ്ദിക്കുന്നു എന്ന് പരാതിപ്പെട്ട ഒരാളിനെ പരുക്കുകൾ ഉണ്ടെന്നു മനസ്സിലാക്കി പോലീസ് താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അയാളെ പരിശോധിക്കുന്നു. കാലിൽ മുറിവുണ്ടെന്നു മനസ്സിലാക്കി അത് കെട്ടാൻ ശ്രമിക്കുന്നു. ആ അവസരത്തിൽ അയാളുടെ സംരക്ഷണാർത്ഥം ഒരു സബ് ഇൻസ്പെക്ടറും മറ്റു രണ്ടു പോലീസുകാരും അവിടെ നിൽപ്പുണ്ട്. പെട്ടെന്ന് അയാൾ അക്രമാസക്തനായി. ഡോക്ടർ അവിടെ മേശപ്പുറത്തു വച്ചിരുന്ന മൂർച്ചയേറിയ കത്രിക എടുത്ത് അയാൾ അൽപ്പം മാറി നിന്നിരുന്ന ഒരു പോലീസുകാരനെ കുത്തി. ആശുപത്രിയുടെ സെക്യൂരിറ്റിയായി നിന്ന ഒരാളെയും കുത്താൻ ശ്രമിച്ചു. പോലീസുകാർ ജീവനും കൊണ്ടോടി. തൊട്ടടുത്ത മുറിയിലായിരുന്ന പാവം ഡോക്ടറെ അയാൾ കുത്തി. താഴെ വീണ ഡോക്ടറെ പുറത്തു കയറിയിരുന്ന് അയാൾ ചറപറാ കുത്തി. ഡോക്ടർ മരണപ്പെട്ടു. ഡോക്ടറുടെ പ്രായം വെറും 23 വയസ്സു മാത്രം. ഡോക്ടർ ആയിട്ട് ശമ്പളം പോലുമില്ലാതെ ഹൗസ് സർജൻ ആയി നൈറ്റ് ഡ്യൂട്ടി ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് ആരോഗ്യമന്ത്രി പറഞ്ഞത് കൊല്ലപ്പെട്ട വന്ദനയ്ക്ക് പരിചയമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന്.”
"അങ്ങനെ ആ വകുപ്പ് മന്ത്രി, അതും ഒരു സ്ത്രീ, അങ്ങനെ പറയാമോ പിള്ളേച്ചാ? അതെന്തു മര്യാദയാണ്?"

"എടോ, എനിക്ക് ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിയോട് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. മുൻപരിചയം ഉണ്ടായിട്ടാണോ താങ്കൾ ഒരു മന്ത്രിയായത്? മുൻപരിചയം ഉണ്ടായിട്ടാണോ നിങ്ങൾ ഒരാളുടെ ഭാര്യയായത്? മുൻപരിചയം ഉണ്ടായിട്ടാണോ നിങ്ങൾ ഒരു കുട്ടിയുടെ മാതാവായത്? കേരളത്തിലെ ഏതെങ്കിലും ഒരാശുപത്രിയിൽ കടിഞ്ഞൂൽ പ്രസവത്തിൽ ഒരു സ്ത്രീ ആശുപത്രി അധികൃതരുടെ അനാസ്ഥകൊണ്ട് മരണപ്പെട്ടാൽ നിങ്ങൾ പറയുമോ അവൾക്കു മുൻപരിചയം ഇല്ലാത്തതുകൊണ്ടാണെന്ന്? നാണമുണ്ടോ നിങ്ങൾക്കിങ്ങനെ ഒരു പ്രസ്താവന നടത്താൻ? മന്ത്രിസഭയിലെ മറ്റു പല മന്ത്രിമാരെയും പോലെ വിദ്യാഭ്യാസമില്ലാത്ത ആളല്ലല്ലോ നിങ്ങൾ. എന്നിട്ടും ഇങ്ങനെയുള്ള അബദ്ധപ്രസ്താവനകൾ നടത്തുന്നത് എന്താണ്?”
"അപ്പോൾ പിള്ളേച്ചാ പോലീസുകാരോ? അവരുടെ കയ്യിൽ ലാത്തിയും തോക്കുമൊക്കെ ഉണ്ടായിരുന്നില്ലേ? ആ അക്രമിയുടെ കയ്യിൽ ആകെ ഒരു കത്രിക മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ? അതൊക്കെ നിമിഷ നേരം കൊണ്ട് പിടിച്ചു വാങ്ങി അയാളെ കീഴ്‌പ്പെടുത്താനുള്ള പരിശീലനമൊന്നും അവർക്കൊന്നും കൊടുത്തിട്ടില്ലേ?"    
"എടോ ആ പൊലീസുകാരെ കുറ്റം പറയാൻ പറ്റില്ല. കാരണം അക്രമി പാർട്ടിക്കാരൻ ആണെങ്കിൽ അവനെ അറസ്റ്റു ചെയ്‌താൽ പോലീസുകാരന്റെ തൊപ്പി തെറിക്കുമെന്നവർക്കറിയാം. കാരണം, കുറച്ചു നാൾ മുൻപ് ഒരു ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്‌തിരുന്ന ഒരു ഡോക്ടറും ഒരു രോഗിയുടെ പാർട്ടിക്കാരനായ ബന്ധുവുമായുണ്ടായ വാക്കേറ്റത്തിന്റെ ഫലം പിന്നീട് എല്ലാവരും കണ്ടതാണ്. വെളിയിൽ നിന്നും കൂടുതൽ ആളുകൾ വന്ന് ആശുപത്രി അടിച്ചു പൊളിച്ചു. ഡോക്ടർ ജീവനും കൊണ്ടോടി രക്ഷപ്പെട്ടു. എന്നിട്ട് ആർക്കെങ്കിലും എതിരേ നടപടി ഉണ്ടായോ? നാട്ടിൽ നടക്കുന്ന അഴിമതിയും കുംഭകോണവും രാഷ്ട്രീയ കൊലപാതകങ്ങളും ഒക്കെ കാണുന്ന ആ പോലീസുകാർ നോക്കുമ്പോൾ പാർട്ടിക്കാരനായാൽ നടപടിയൊന്നും ഉണ്ടാവില്ലെന്നറിയാം. പിന്നെ തോക്ക്! അത് കയ്യിലുണ്ടെങ്കിലും വെടി വയ്ക്കാനുള്ള ഉത്തരവ് ഉണ്ടാകണമെന്നില്ല. അബദ്ധവശാലെങ്ങാനും അയാൾ ആ തോക്കെടുത്തു വെടി വച്ചിരുന്നെങ്കിൽ നാളത്തെ പത്രത്തിലും ചാനലുകളിലുമെല്ലാം വലിയ വാർത്ത വന്നേനെ, 'ആശുപത്രിയിൽ ഡോക്ടർ പരിശോധിച്ചുകൊണ്ടിരുന്ന രോഗിയെ പോലീസുകാരൻ വെടി വച്ച് കൊന്നു!' അയാളെ കോടതി തൂക്കി കൊല്ലുകയും ചെയ്തേനെ. അതുകൊണ്ടു സ്വന്തം ജീവൻ രക്ഷിക്കുക എന്ന കാര്യം മാത്രമേ അവർ ചെയ്തുള്ളൂ. അവർ മിടുക്കരായ പോലീസുകാരാണ്. ഇപ്പോഴത്തെ നാടിനു പറ്റിയവർ. അവർക്കു ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെയോ അല്ലെങ്കിൽ കുറഞ്ഞത് മുഖ്യമന്ത്രിയുടെയോ അവാർഡിന് ശുപാർശ ചെയ്യേണ്ടതാണ്.” 
"അപ്പോൾ പിന്നെ സെക്യൂരിറ്റിക്കാരനോ? ഇങ്ങനെയുള്ള അവസരങ്ങളിൽ ഡോക്ടറെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെയെന്തിനാണ് അവർ അവിടെ നിൽക്കുന്നത്?"
“മിക്കവാറും സ്ഥലങ്ങളിലുള്ള സെക്യൂരിറ്റിക്കാരെല്ലാം അറുപതു കഴിഞ്ഞ അവശകലാകാരന്മാരാണ്. യാതൊരു വിധ പരിശീലനവുമില്ലാത്ത ഇവരൊക്കെ സെക്യൂരിറ്റിയുടെ അർഥം പോലും അറിയില്ലാത്തവരാണ്. വെറുതെ നെറ്റിപ്പട്ടം കെട്ടിയ ആനയെ എഴുന്നെള്ളത്തിനു കൊണ്ടുവരുന്നതുപോലെ ഒരു യൂണിഫോം ധരിപ്പിച്ച്‌ ഒരു തൊപ്പിയും തലയിൽ വച്ച് വെറുതെ നോക്കുകുത്തിയായി നിൽക്കുന്നവരാണ്. ഗൂർഖായുടെ ഗമയിലാണ് നിൽക്കുന്നതെങ്കിലും ഒരു പാറ്റയെ കണ്ടാൽ പോലും ഇവർ ഓടും. അപ്പോൾ ഒരാളെ കുത്തി ചോര ചീറ്റുന്നതു കണ്ടാൽ പിന്നെ അയാൾ അവിടെ നിൽക്കുമോ?”
"എന്റെ പിള്ളേച്ചാ ഏതായാലും മാധ്യമങ്ങൾ വലിയ പ്രാധാന്യമാണ് കൊടുത്തത്." 
“മാധ്യമങ്ങൾ? അതവരുടെ തൊഴിലാണ്. ഇന്ന് വളരെ വൈകാരികമായി വാർത്തകൾ അവതരിപ്പിച്ചവർ നാളെ കർണാടകയിലെ തെരഞ്ഞെടുപ്പു ഫലം വരുമ്പോൾ വന്ദനയെ പൂർണ്ണമായി മറക്കും. താനൂരിൽ ബോട്ടപകടത്തിൽ മരിച്ച 22 പേർ ഇപ്പോൾ തന്നെ വിസ്മൃതിയിലാണ്ടത് പോലെയായിക്കഴിഞ്ഞു. സർക്കാർ ആശുപത്രിയിൽ ആത്മാർത്ഥമായി ജോലി ചെയ്‌തിരുന്ന ഒരു ഡോക്ടർ സർക്കാരിന്റെ അനാസ്ഥ മൂലം അതിദാരുണമായി കൊല്ലപ്പെട്ടിട്ടും എന്തെങ്കിലും നഷ്ട പരിഹാരം കൊടുക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നതായിപോലും മുഖ്യമന്ത്രി മിണ്ടിയിട്ടില്ല. വടക്കാഞ്ചേരിയിൽ കെ എസ് ആർ ടി സി ബസും ടൂറിസ്റ്റു ബസുമായി കൂട്ടിയിടിച്ച്‌ 5 വിദ്യാർഥികളടക്കം 9 പേർ കൊല്ലപ്പെട്ടപ്പോൾ ഒരാഴ്ച കഴിഞ്ഞു മന്ത്രിസഭകൂടി ആലോചിച്ചു 2 ലക്ഷം രൂപ വച്ച് മരിച്ചവരുടെ കുടുംബത്തിന് നൽകുമെന്ന് പറഞ്ഞു. എന്നാൽ 7 മാസം കഴിഞ്ഞപ്പോഴുണ്ടായ താനൂർ ബോട്ടപകട വാർത്ത അറിഞ്ഞയുടൻ തന്നെ മുഖ്യമന്ത്രിയും മരുമകൻ മന്ത്രി റിയാസും കൂടി അവിടെ ഓടിയെത്തി മരിച്ചവർക്ക് ആളൊന്നിന് 10 ലക്ഷം രൂപ വീതം നൽകുമെന്ന് പറഞ്ഞു. ഈ ഏഴു മാസം കൊണ്ട് മന്ത്രിസഭയുടെ ധനസ്ഥിതി മെച്ചപ്പെട്ടതുകൊണ്ടാണത്. എന്നാൽ ഈ വ്യത്യാസത്തെ വർഗ്ഗീയവത്ക്കരിച്ചു വിമർശിക്കുന്ന ചില വിവരദോഷികളെയും സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടു. ഇപ്പോൾ സർക്കാരിന്റെ ധനസ്ഥിതി എങ്ങനെയുണ്ടോ ആവോ!”
"എങ്ങനെയാണ് പിള്ളേച്ചാ ഒരു സ്‌കൂൾ അദ്ധ്യാപകൻ ലഹരിമാരുന്നിനടിമയായത്? അതെന്തു സന്ദേശമാണ് കുട്ടികൾക്കു നൽകുന്നത്?"

"അത് കാണിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ നിലവാരമാണ്. ലഹരി മരുന്ന് കേരളത്തിൽ ഇത്ര യഥേഷ്‌ടം കച്ചവടം ചെയ്യപ്പെടുന്നത് സർക്കാർ അറിയാതെയല്ല. എന്തു തന്നെയായാലും അധികാരികളുടെ പിന്തുണ അവർക്കുണ്ടെന്നുള്ള ധൈര്യമാണ് മിഡിൽ സ്‌കൂളുകളിൽ പോലും ഇന്ന് ഇത് സുലഭമായി ലഭ്യമാകുന്നത്. ഇനി നാളെ ഇത് സർക്കാർ തന്നെ ഏറ്റെടുത്തു നടത്തിയാലും അതിശയമില്ല. അത് നല്ലൊരു വരുമാനമാകുമല്ലോ. നാളെയുടെ വാഗ്‌ദാനമായിരുന്ന വന്ദനയെ കുത്തിക്കൊല്ലാൻ ലഹരി മരുന്നിനടിമയായ ഒരു അദ്ധ്യാപകനെ സൃഷ്ടിച്ചെടുത്ത നാടിൻറെ ദുരവസ്ഥയോർത്തു ദുഖിക്കുകയാണെടോ. ഈ നാട് ശരിയാകില്ലെടോ! അത് മനസ്സിലാക്കിയാണ് ബുദ്ധിയുള്ള ചെറുപ്പക്കാർ കൂട്ടത്തോടെ ഈ നാട്ടിൽ നിന്നും പലായനം ചെയ്യുന്നത്. അവരെങ്കിലും പോയി രക്ഷപെടട്ടെ."
"ശരി പിള്ളേച്ചാ പിന്നെ കാണാം."
"അങ്ങനെയാകട്ടെ."
________________

# Nadappathayil_Innu

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക