Image

കാഠ്‌മണ്ഡു മുതൽ കോഠാരി വരെ: കേരളം ഗഗനും മകനും പോറ്റമ്മ (കുര്യൻ പാമ്പാടി)

Published on 28 May, 2023
കാഠ്‌മണ്ഡു മുതൽ കോഠാരി വരെ: കേരളം ഗഗനും മകനും പോറ്റമ്മ (കുര്യൻ പാമ്പാടി)

ഗൂർഖയല്ലാത്ത നേപ്പാളിയാണ്   ഗഗൻ ബഹാദൂർ. അമ്പത്തൊന്നു വയസിൽ ഇരുപത്തേഴും കോട്ടയം പ്രിയദശിനി നഗറിലെ എംജി സർവകലാശാലാ സെക്യൂരിറ്റി ചുമതലയിൽ. മൂവായിരം കിമീ. അകലെ ഹിമാലയത്തിന്റെ ഭാഗമായ അന്നപൂർണ താഴ്വാരത്തു നിന്നു വന്ന ഗഗനും  ഭാര്യ അമൃതകുമാരിക്കും കോട്ടയം സ്വന്തം വളർത്തമ്മ പോലെ 'ബഹുത് അഛാ, ബഹുത്ത് ഖുശി'.

ഗഗന് ഒന്നാംതരമായി മലയാളം എഴുതാനും  വായിക്കാനും അറിയാം. അത്യാവശ്യത്തിനു ഇംഗ്ലീഷും. പക്ഷെ അമൃതകുമാരി സ്‌കൂളിൽ പോയിട്ടേ ഇല്ല.

ഗഗൻ കോട്ടയത്തെ  എംജി സർവകലാശാല ലൈബ്രറിയിൽ

നേപ്പാളിലെ 'ഗോർഖാ' ജില്ലയിൽ നിന്നുള്ള വീര ശൂര പരാക്രമികളെ റിക്രൂട്ട്  ചെയ്താണ് ബ്രിട്ടീഷ് ഭരണാധികാരികൾ ഗൂർഖകളുടെ പ്രത്യേക സേനാ വിഭാഗം കെട്ടിട്ടിപ്പടുത്തത്. കോളനിവാഴ്ച്ചക്കു ശേഷം  ബ്രിട്ടനിലും ഹോങ്കോംഗിലും  സിംഗപ്പൂരിലും ബ്രൂണെയിലും  ഗൂർഖകൾ മികവ് തെളിയിച്ചു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലും ഗൂർഖാ ബ്രിഗേഡ് ഉണ്ടായി.

'എട്ടാംക്ലസ് വരെ പഠിച്ച ഞാനും ഗൂർഖാ സേനയിൽ ചേരാൻ ശ്രമിച്ചതാണ്. നടന്നില്ല,' ഗഗൻ പറയുന്നു. അങ്ങിനെ നടക്കാതെ പോയതിൽ അയാൾക്ക് വിഷമമില്ല. തോക്കോ ബയനട്ടോ  ഇല്ലാതെ ക്രമസമാധാനം പാലിക്കാൻ ആവുമെന്ന് ജീവിതം കൊണ്ട് തെളിയിക്കാൻ കഴിഞ്ഞു, കേരളം വളർത്തമ്മയായി. ഇന്ത്യയിൽ വന്നു ഉപജീവനം നടത്തുന്ന നേപ്പാളികൾ ആയിരക്കണക്കിനു വരും. കേര ളത്തിലും ധാരാളം.

യുഎൻ ലെ ഡോ. ഷെറി, ലിനു, അനറ്റ്, അലൻ കാഠ്‌മണ്ഡുവിലെ ഭകതാപൂരിൽ 
                                                                                                                                             

ആഴ്ചയിൽ മൂന്ന് തവണയുള്ള തിരുവനന്തപുരം-ഗോരഖ്പൂർ എക്പ്രസ്സിൽ മൂന്നാം ദിവസം  ഇറങ്ങി അവിടെ നിന്ന് ബസിൽ രണ്ടുമണിക്കൂർ പോയാൽ  നേപ്പാൾ അതിർത്തിയിലെ ഇന്ത്യൻ പട്ടണം സുനോളിയിൽ എത്താം. അവിടെ നിന്ന് നേപ്പാളിന്റെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമായ പൊഖാറയിലെത്താൻ എട്ടു മണിക്കൂർ.

അവിടെ  കോട്ടയത്ത് കൂടെജോലി ചെയ്യുന്ന അനുജൻ ചബിലാൽ പണിത പുതിയ വീട്ടിൽ അച്ഛൻ 77 എത്തിയ കൃഷ്ണനും  അമ്മ 75 എത്തിയ അമ്മ കുമാരിയുമുണ്ട്. അവരെക്കാണാൻ രണ്ടുകൊല്ലം കൂടുമ്പോൾ പോകും. ഇടയ്ക്കിടെ ഫോണിൽ വിളിക്കും.

 ഗഗന് വീടുള്ള പൊഖാറ പട്ടണം; ഫാ. പോൾ ചെമ്പരത്തി പൊഖാറയിൽ

നാട്ടിൽ നിന്ന് കെട്ടിക്കൊണ്ടു വന്ന  അമൃതകുമാരിക്കും കോട്ടയത്തു ജോലിയുണ്ട്. റേഷൻ കാർഡ് ഉണ്ട്. താമസം സൗജന്യം ആയതിനാൽ ഉള്ളത് മിച്ചം പിടിച്ച് ഏകമകൻ ദീപക്കിനെ കോട്ടയം വെന്നിമലക്കോട്ടയിലെ ഗുരുദേവ എൻജിനീയറിങ് കോളജിൽ ചേർത്തു. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക് നേടിയ ദീപകിന് ബാംഗളൂരിൽ ജോലി. ബിമൽ എന്ന മാരുതി  സർവീസ് സെന്റർ സ്‌റുംഖലയിൽ (14 എണ്ണം) സൂപ്പർവൈസർ.

ദീപക് (31) വിവാഹിതനാണ്. ഭാര്യ നേപ്പാൾ സ്വദേശിനി മീനാകുമാരി എംജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംസിഎ പാസായ ആളാണ്. തൽക്കാലം ദിയാൻ എന്ന കൈക്കുഞ്ഞിലെ നോക്കി വളർത്തുന്നു.

പൊഖാറയിലെ വീട്ടിൽ അച്ഛനമ്മമാരോടൊപ്പം

മീനയുടെ മൂന്നാം വയസിൽ അച്ഛനെ നഷ്ട്ടപെട്ടതാണ്. ഊട്ടിയിൽ ജോലിയുണ്ടായിരുന്ന അമ്മ മകളെ കേരളത്തിൽ വിട്ടു പഠിപ്പിച്ചു. എംജി യൂണിവേഴ്‌സിറ്റി മാസ്റ്റേഴ്സ് ചെയ്യുമ്പോൾ അവളെ ദീപകിന്റെ അച്ഛനമ്മമാർ  കണ്ടെത്തുകയായിരുന്നു. നേപ്പാളികൾക്കിടയിൽ സ്ത്രീധനം ഇല്ല. അത്യാവശ്യത്തിനു ആഭരണങ്ങൾ ആകാം . എങ്കിലും കോട്ടയത്ത് പുല്ലരിക്കുന്നിൽ താമസസ്ഥലത്തിന് തൊട്ടടുത്ത പള്ളി ഹാളിൽ അഞ്ഞൂറ് പേർക്ക് ഫ്രൈഡ്  റൈസും ചിക്കനും വിളമ്പി.

ഉത്തരപ്രദേശിന്റെയും നേപ്പാളിന്റെയും അതിർത്തിയിലാണ് സുനോളി. 205  കി മീ കിഴക്കുള്ള റെക്സോൾ  വഴിയും  ബിഹാറിലെ ജോഗ്ബാനി വഴിയും നേപ്പാളിൽ പ്രവേശിക്കാം. സുനോളി വഴി കടന്നാൽ ശ്രീബുദ്ധന്റെ  ജന്മസ്ഥലമായ ലുംബിനിയായി. റെക്സോൾ  വഴിയായാൽ  ബീർഗഞ്ജ്. ജോഗ്ബാനിയിലൂടെ പോയാൽ കിഴക്കൻ നേപ്പാളിലെ ബിരാട് നഗർ.

കുഷ്മയിലെ തൂക്കു പാലത്തിൽ, താഴെ കാളിഗാണ്ഡക്  നദി

ഹിമാലയത്തിലെ അന്നപൂർണ പർവ്വത ശിഖരങ്ങളുടെ താഴ്വാരത്തിലാണ്‌ പൊഖാറ. ആറുലക്ഷം ജനം. തടാകങ്ങളുടെ നാട്. നേപ്പാളിലെ ഏറ്റവും വലിയ നദി കാളിഗാണ്ഡകിയിൽ വേനലിലും മഴയിലും നിറയെ വെള്ളമുണ്ട്. വേനലിൽ  ഹിമാലയത്തിലെ മഞ്ഞുരുകി വരുന്ന വെള്ളമാണ്. ഐസിന്റെ തണുപ്പായിരിക്കും. പുണ്യ നദിയാണ്. അതിലാണ് നേപ്പാളികൾ  മരിച്ചവരുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുക.

ഗഗൻ ജനിച്ചതും  എട്ടാം ക്ളാസ് വരെ പഠിച്ചതും പൊഖാറയിൽ നിന്ന് 200 കിമീ പടിഞ്ഞാറ് ബാഗ് ലൂങ് ജില്ലയിലെ  റേഷാ ഗ്രാമത്തിലാണ്. ചെങ്കുത്തായ മലമ്പ്രദേശം. മുകളിലോട്ടു പഠിക്കണമെങ്കിൽ രണ്ടുമണിക്കൂർ നടന്നു പോകണം. തന്മൂലം കൃഷികാര്യങ്ങളിൽ അച്ഛനെ സഹായിച്ചു. ഇരുപത്തേഴ് ആയപ്പോൾ ഇന്ത്യയിലേക്കു കടന്നു. ഇന്ത്യയിലെ ഗൾഫ് എന്ന് കേട്ടറിഞ്ഞ കേരളത്തിലേക്ക്. ഹിമാലയ മലനിരകൾക്കു കീഴിലുള്ള റേഷഷയിൽ ഇപ്പോഴും ഭൂമിയുണ്ട്.

  ഭാര്യ അമൃതകുമാരിയുമൊത്ത്; മകൻ ദീപകും മീനയും ദിയാനും  

ഇന്ത്യയും നേപ്പാളും തമ്മിൽ ഓപ്പൺ ബോർഡർ ആണ്. പാസ്പോര്ട് ആവശ്യമില്ല. രണ്ടിടത്തും ഒരേ  നാണയം. ഇപ്പോഴത്തെ വിലപ്രകാരം ഒരു ഇന്ത്യൻ രൂപയ്ക്കു 1.60  നേപ്പാളി റുപയ കിട്ടും. പൊഖാറയിൽ അനുജൻ നാല് വര്ഷം മുമ്പ് പണിതവീടിനു 35 ലക്ഷം നേപ്പാൾ റുപയ ചെലവായി. ഇന്ത്യൻ രൂപയിൽ 22 ലക്ഷം.

സുനോളിയിലെ ഇന്ത്യ, നേപ്പാൾ പ്രവേശനകവാടങ്ങൾ

നേപ്പാളിലെ ടൂറിസം പറുദീസയാണ് പൊഖാറ. കായലുകളുടെ നാട്.  പ്രാന്തത്തിലുള്ള കുഷ്മയിൽ  കാളിഗാണ്ഡകി നദിക്കു കുറുകെ ഉരുക്കുകൊണ്ടുള്ള തൂക്കുപാലവും അതിൽ നിന്ന് നദിയിലേക്കു ചാടാനുള്ള ബഗ്ഗി സംവിധാനവുമുണ്ട്. പാലത്തിൽ കയറാൻ 500 രൂപ ഫീസ്. ഭക്ഷണം ഉൾപ്പെടെയാണ്. ബഗ്ഗി ജമ്പിനു ചാർജ് 9000. അതിൽനിന്നു 500 കുറയ്ക്കും.
   
പൊഖാറയിൽ യൂണിവേഴ്‌സിറ്റിയും മെഡിക്കൽ കോളജ്ഉം ഒക്കെയുണ്ട്. നഗരപ്രാന്തത്തിലെ ഫുൽബാരിയിൽ  1994ൽ മണിപ്പാൽ ഗ്രൂപ് നേപ്പാളിലെ ആദ്യത്തെ പ്രൈവറ്റ് മെഡിക്കൽ കോളജ് തുറന്നു. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള വിദ്യാർത്ഥികളുടെ പല ബാച്ചുകൾ  പുറത്തിറങ്ങി കഴിഞ്ഞു. മലയാളികളും ധാരാളം. മലയാളി അനിൽ ഒടുവിൽ ആണ് കോളജിന്റെ സിഇഒ.

എല്ലാം ചൈന വക--കോഠാരി റോഡ്, കോഠാരി പാലം, പൊഖാറ എയർപോർട്  

ഞാൻ മൂന്നു നാല് തവണ നേപ്പാൾ സന്ദർശിച്ചിട്ടുണ്ട്. എല്ലാത്തവണയും  ഗോരഖ് പൂർ റെക്സോൾ വഴി പോയി വന്നു. അഞ്ചുമണിക്കൂർ യാത്ര. ഒരിക്കൽ ലുംബിനിയും സന്ദർശിച്ചു. കാഠ്‌മണ്ഡുവിൽ നിന്നാണ് പൊഖാ റയിൽ പോയതും മടങ്ങിയതും.  ഒരിക്കൽ കാഠ്‌മണ്ഡുവിലെ പുതിയ ബസ് സ്റ്റേഷനിൽ നിന്ന് ചൈനാ  അതിർത്തിയിലെ കോഠാരി വരെ ബസിൽ  യാത്രചെയ്തു. കാഠ്‌ മണ്ഡുവിൽ പാരലൽ കോളജ് നടത്തുന്ന മലയാളി ജോസഫും ഒപ്പം കൂടി. നേപ്പാളിയാണ് ഭാര്യ.

പൊഖാറയിലെ  മണിപ്പാൽ മെഡി. കോളജ്; സിഇഒ അനിൽ ഒടുവിൽ

കോഠാരിയിൽ ചൈന പണിത പാലത്തിലൂടെ പകുതി വഴി നടന്ന് ഫോട്ടോ എടുത്തു. അവിടെ വരെയേ പ്രവേശനം ഉള്ളു. അല്ലെങ്കിൽ കാഠ്‌മണ്ഡുവിൽ നിന്ന് വിസ എടുക്കണം. പാലം കടന്നു വന്നു നേപ്പാളിൽ പാർക് ചെയ്‌ത വൻ ട്രക്കുകളിൽ നിന്ന് കാൾസ്ബർഗ് പോലുള്ള വിദേശ നിർമ്മിത ബീയർ പെട്ടികൾ ഇറക്കുന്നതും കണ്ടു.

അതെല്ലാം പഴയ കഥ. ഇപ്പോൾ കാൾസ്ബർഗ്, ഹൈനിക്കൻ, ബഡ് വീസർ തുടങ്ങിയ ഏതു ബിയറുംവിദേശ നിർമ്മിത മദ്യവും ഇന്ത്യയിൽ സുലഭമാണ്, പലതും ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നു. പണ്ട് നേപ്പാളിലെ ചൈന മാർക്കറ്റിൽ നിന്ന് കാമറ വാങ്ങിയതും ഓർക്കുന്നു. ഇന്ന് എല്ലാം ഇവിടെ കിട്ടും. ആദ്യം കോഠാരിയിൽ പോയത് വളഞ്ഞു പുളഞ്ഞു കിഴുക്കാം തൂക്കായ മലമ്പാതയിലൂടെ ആയിരുന്നെങ്കിൽ  പകരം ഇന്ന് ചൈന പണിതു കൊടുത്ത ഒന്നാംതരം ഹൈവേ ഉണ്ട്.  

പൊഖാറയിൽ 1958  മുതൽ ഉണ്ടായിരുന്ന എയർപോർട്ടിന് പകരം അത്യാധുനികമായ ഒന്നു ഇക്കഴിഞ്ഞ ജനുവരി ഒന്നിന് തുറന്നിട്ടുണ്ട്. ബെൽറ്റ് ആൻഡ് റോഡ് പദ്ധതി പ്രകാരം വായ്പ നൽകി ചൈന പണിതു നൽകിയത്. ജനുവരി 15 നു  കാഠ്‌മണ്ഡുവിൽ നിന്ന് വന്ന ഒരു  യാത്രാവിമാനം എയർപോർട്ടിന് സമീപം സേതു നദിക്കരയിൽ തകർന്നു വീണു 72 പേർ മരിച്ചു. അഞ്ചുപേർ ഇന്ത്യക്കാർ.

പ. നേപ്പാളിലെ മുക്തിനാദ് ക്ഷേത്രത്തിൽ ഷെറി, രാജു കുടുംബങ്ങൾ 

മുപ്പതു വർഷം മുമ്പ് കാഠ്‌മണ്ഡുവിൽ ആദ്യം എത്തിയപ്പോൾ തൊടുപുഴ മുതലക്കോടം  സ്വദേശി ജസ്വിറ്റ്‌ വൈദികൻ പോൾ ചെമ്പരത്തി അദ്ദേഹത്തിന്റെ 80 സിസി ഹോണ്ട ബൈക്കിൽ എന്നെ പശുപതി ക്ഷേത്രം ഉൾപ്പെടെയുള്ള പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങൾ ചുറ്റിക്കാണിച്ചതു ഓർക്കുന്നു. അവിടെ  കന്യാസ്ത്രീകളുടെ സെന്റ് ജോസഫ്‌സ് സ്‌കൂളിനോട് ചേർന്ന മുറിയിൽ എന്നെ താമസിപ്പിച്ചു.

ഫാ. ചെമ്പരത്തിക്കു 75 ആയിട്ടും യുവസഹജമായ ആർജവവും ചുറുചുറുക്കും. പൊഖാറയിൽ നിന്ന് 400 കിമീ പടിഞ്ഞാറ് കർമ്മാലിയിൽ ഒരു ജസ്വീറ്റ് മിഷൻ ഹൗസ് തുടങ്ങാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കയാണെന്നു എന്നോട് ഫോണിൽ പറഞ്ഞു. മലയാളികൾക്കു മുൻതൂക്കമുള്ള  ഈശോസഭയും കന്യാസ്ത്രീ വിഭാഗങ്ങളും നടത്തുന്ന വിദ്യാഭ്യാസ സ്ഥാനങ്ങൾ നേപ്പാളിന്റെ വളർച്ചക്ക് നൽകുന്ന സംഭാവന വലുതാണ്.  

എന്റെ ബന്ധുക്കൾ യുഎൻ ഉദ്യോഗസ്ഥനായ ഷെറിയും ലീനുവും  2009-13 കാലയളവിൽ  കാഠ്‌മണ്ഡുവിൽ  ജോലി ചെയ്തിരുന്നു. അവർ ഇടയ്ക്കിടെ നേപ്പാളിലെ പ്രസിദ്ധ ടൂറിസ്റ്റു കേന്ദ്രങ്ങൾ സ ന്ദർശിക്കാറുണ്ടായിരുന്നു. മുക്തിനാഥ് ക്ഷേത്രം, ഭക്താപ്പൂർ എന്നിങ്ങനെ.

പൃഥ്വി ഹൈവേയിലൂടെ മൂന്ന് ദിവസം  കൊണ്ടാണ് 374 കിമീ അകലെ അന്നപൂർണ താഴ്‌വവാരത്തിലുള്ള മുക്തിനാഥിൽ  എത്തിയത്.  12468 അടിയിൽ ലോകത്തിൽ ഏറ്റവും  ഉയരത്തിലുള്ള ഹൈന്ദവ-ബൗദ്ധ ക്ഷേത്രം. വഴിക്കു താമസ സൗകര്യം  ഉണ്ടായിരുന്നില്ലെങ്കിലും ചോറും മീനു കൂട്ടിയുള്ള ഭക്ഷണം കിട്ടാനുണ്ടായിരുന്നു.

ഇരുപത്തിരണ്ടു കി മീ അകലെ ജോംസം എന്ന ചെറു പട്ടണവും സന്ദർശിച്ചു. ഗാണ്ഡകി പ്രവിശ്യയിലെ ഒരു മുനിസിപ്പാലിറ്റിയാണ്. കാളിഗാണ്ഡക് നദി  പട്ടണത്തിനു നടുവിലൂടെ ഒഴുകുന്നു.  നേപ്പാൾ വ്യോമ സേനയുടെ താവളമാണ്.  ചെറിയ എയർപോർട്ടും ഉണ്ട്. ജനസംഖ്യ 1370 മാത്രം.  ഷെറി പിന്നീട് യുഎൻ ഡിപിയിലും റെഡ്‌ക്രോസ്സിലും ചേർന്ന് സുഡാനിലും നൈറോബിയിലും ബുഡാപെസ്റ്റിലും സേവനം ചെയ്തു.

വിശ്വഭാരതിയിൽ നിന്ന് സോഷ്യൽ വർക്കിൽ പിഎച്ച്ഡി എടുത്ത് അവിടെ അദ്ധ്യാപകൻ ആയിരുന്നു ഷെറി ജോസഫ്. ഇന്റർനാഷണൽ സിവിൽ സെർവന്റ് ആയിട്ട് രണ്ടു പതിറ്റാണ്ടായി. കൈനകരിയിൽ നിന്ന് കോഴിക്കോട്ടേക്കു കുടിയേറിയ കോയിത്തറ കുടുംബാംഗം. ഷെറിയുടെ മകൾ അനറ്റ് ടാറ്റ ഇന്സ്ടിട്യൂട്ടിൽ നിന്ന് എംഎസ് ഡബ്ള്യു എടുത്ത് പ്രേരണ എന്ന എൻജിഒയിൽ സേവനം ചെയ്യുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക