Image

അക്ഷര ലോകത്തേക്ക് അഫ്‌ഗാൻ കുരുന്നുകൾ, ഒപ്പം  ബംഗാളി, ബിഹാരി, ഒഡീസി    (കുര്യൻ പാമ്പാടി)

Published on 04 June, 2023
അക്ഷര ലോകത്തേക്ക് അഫ്‌ഗാൻ കുരുന്നുകൾ, ഒപ്പം  ബംഗാളി, ബിഹാരി, ഒഡീസി    (കുര്യൻ പാമ്പാടി)

ജൂൺ ഒന്നിന്   കേരളത്തിൽ സ്‌കൂളുകൾ തുറന്നപ്പോൾ പുതുതായി പ്രവേശനം തേടിയ മൂന്നു ലക്ഷം പ്രൈമറി വിദ്യാർത്ഥികളിൽ  അഫ് ഗാനിസ്ഥാനിൽ നിന്നെത്തിയവർ പ്രത്യേകം ശ്രദ്ധേയരായി. കൊട്ടും  കുരവയുമായി നടത്തിയ പ്രവേശനോത്സവങ്ങളിൽ  അവരോടൊപ്പം നേപ്പാൾ, ബംഗാൾ, ബീഹാർ , ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ മക്കളുമുണ്ടായിരുന്നു.

പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ കേരളത്തിൽ ആകെ 15,452  വിദ്യാലയങ്ങൾ ആണുള്ളത്. ഇതിൽ 13964  എണ്ണവും സർക്കാർ ഉടമസ്ഥതയിൽ ഉള്ളതാണ്. എല്ലായിടത്തുമായി 42  ലക്ഷം കുട്ടികൾ പഠിക്കുന്നതിൽ ഒന്നാം ക്ലാസിൽ മാത്രം മൂന്നു ലക്ഷത്തിലേറെയുണ്ട്. അഞ്ചു വർഷം മുമ്പു പ്രവേശനം തേടിയവരേക്കാൾ കുറവാണിത്. കേരളത്തിലെ ജനസംഖ്യ  ഇടിഞ്ഞു വരുന്നതിന്റെ തെളിവായി ഇതിനെ കണക്കാക്കണം.

കേരളത്തിൽ അക്ഷര മുറ്റത്തേക്കു അഫ്‌ഗാൻ കുട്ടികളും

താലിബാന്റെ സ്ത്രീ വിരുധ്ധ ഭരണത്തിൽ ഗതിമുട്ടി ഇന്ത്യയിൽ പഠിക്കാനെത്തിയ അഫ്‌ഗാൻ പൗരൻമാരുടെ മക്കളാണ്‌ ആദ്യദിനം പ്രവേശനനത്തിനു ക്യു നിന്നവരിൽ ഒരു വിഭാഗം. ഉദാഹരണത്തിനു കേരള യൂണിവേഴ്‌സിറ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഡോക്ടറൽ ഗവേഷണം നടത്തുന്ന കാബൂൾ സ്വദേശി ഹക്കിം ജാൻ മുഫാക്കറുടെ മക്കൾ ഇക്കൂട്ടത്തിൽ പെടും. അദ്ദേഹത്തിന്റെ അഞ്ചു മക്കളിൽ  രണ്ടു പേർ  പെൺകുട്ടികളാണ്.

പിഎച്ച്ഡി വിദ്യാർത്ഥി കാബൂൾ സ്വദേശി ഹക്കിം ജാൻ മുഫാക്കറും  അഞ്ചു മക്കളും

തിരുവനന്തപുരം കടലോരത്ത് വെട്ടുറോഡ് വടക്കുംഭാഗം സെന്റ് ആന്റണീസ് എൽപി സ്‌കൂളിൽ ഇത്തവണ പ്രവേശനം നേടിയ കുട്ടികളിൽ അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള ഏഴു കുട്ടികൾ  ഉൾപ്പെടുന്നു. അവരിൽ മൂന്നു പേർ ഹക്കീമിന്റെ മക്കളാണ്.  നഗരത്തിലെ പാങ്ങപ്പാറയിൽ ബീവിയും അഞ്ചു മക്കളുമായിവാടകക്ക് താമസിക്കുകയാണ് ഹക്കീം.

ഹക്കീമിന്റെ മകൾ മാർവ  റഹീമി തലസ്ഥാനത്തെ സെന്റ് ആന്റണീസ് സ്‌കൂളിൽ

പ്രവേശനോത്സവ ദിനത്തിൽ സ്‌കൂളിലെത്തിയ മാധ്യമ പ്രവർത്തകരോട് ഹക്കീമിന്റെ  മക്കൾ മാർവ റഹീമിയും, അഹമ്മദ് റഹീമിയും മുസാഫർ റഹീമിയും ഇംഗ്ലീഷിൽ സംസാരിച്ചു. മാതൃഭാഷ പഷ്‌തോയിൽ പാട്ടുപാടി. മാർവയും ഒരു സഹോദരനും നാലാം ക്‌ളാസിൽ ആണ്. മൂവരും നന്നായി ഇംഗ്ലീഷ് സംസാരിക്കും. അത്യാവശയത്തിനു ഹിന്ദിയും അറിയാം. അവരുടെ ക്ലസ്സിലുള്ള ഒരൊറ്റ മലയാളികുട്ടിപോലും ഇത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കില്ലെന്ന് തോന്നി.  

 പ്രവേശനോത്സവത്തിനു ഒരുങ്ങി വന്നവർ

അഫ്‌ഗാൻ സർക്കാരിൽ ലാൻഡ് ആൻഡ് അർബൻ ഡിപ്പാർട്മെന്റിൽ  ഉദ്യോഗസ്ഥനാണ്  ഹക്കിം. ഒരു സഹോദരൻ സൈന്യത്തിലുണ്ട്. മറ്റൊരു സഹോദരൻ റോഡ്, കെട്ടിട നിർമ്മാണ മേഖലയിൽ. ഡോക്ടറൽ ഗവേഷണം കഴിയുമ്പോഴേക്കു ജന്മനാട്ടിൽ  പെൺമക്കളുടെ പഠനം തുടരാൻ കഴിഞ്ഞില്ലെങ്കിൽ ആ നാട്ടിൽനിന്ന് മറ്റെവിടേക്കെങ്കിലും കുടിയേറിയാലോ എന്ന് പോലും ഹക്കീം ചിന്തിക്കുന്നു.

ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് നൽകുന്ന സ്കോളർഷിപ് പ്രകാരം അഫ്‌ഗാനിസ്ഥാനിലെ 64 പേർ  കേരള, കാലിക്കറ്റ്,  കോട്ടയം മഹാത്മാ ഗാന്ധി, കൊച്ചി കുസാറ്റ് എന്നിവിടങ്ങളിൽ പഠിക്കുന്നുണ്ടെന്നു ഐസിസിആർ റീജണൽ ഡയറക്ടർ കെ. അയ്യനാർ വെളിപ്പെടുത്തി. കൂടുതൽ പേർ  എത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

കോഴിക്കോട് ഫാറൂഖ് കോളജിലെ അഫ്‌ഗാൻ വിദ്യാർഥികൾ

അഫ്‌ഗാനികളിൽ ഉൾപ്പെട്ട  മുസ്തഫ സലീമി (27) കേരള സർവകലാശാലയിൽ എംബിഎ ചെയ്യുകയാണ്. എംജിയിൽ  ഇന്റർനാഷണൽ റിലേഷൻസിൽ മാസ്റ്റേഴ്സ് ചെയ്യുന്ന ഗുലാം ഫാറൂഖ് റസൂലി (32) കാബൂൾ ടെലി വിഷനിൽ  ജോലി ചെയ്യുന്ന വേളയിലാണ് നാടുവിട്ടത്.  കുടുംബം കൂടെയുണ്ട്.

ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്ഡി  പഠിതാക്കൾക്ക് പ്രതിമാസം 18,000, 20,000, 22,000 രൂപ വീതമാണ് സ്കോളർഷിപ്. പുറമെ വാടക വീടെടുക്കാൻ  മാസം 5500  രൂപവീതവും നൽകും.   മൂന്നു നാലു  കിടപ്പു മുറികൾ ഉള്ള വീടുകൾ എടുത്ത് ഒന്നിച്ചു താമസിക്കുന്നവരാണ് പലരും.

തിരുവനന്തപുരം ആക്കുളം സ്‌കൂളിലെ നാൽവർ അമ്മ ട്രീസ്സയുമൊത്ത്

കേരളത്തിൽ അക്ഷര ക്ഷരമുറ്റത്തേക്കു പുതുടായി കാൽവച്ചവരിൽ കൗതുകം ജനിപ്പിച്ച മറ്റു ചിലരുണ്ട്--ഇരട്ടകൾ, ഒറ്റപ്രസവത്തിലുണ്ടായ മൂവർ, നാൽവർ എന്നിങ്ങനെ. ഇരട്ടകൾ പതിവുപോലെ ധാരാളം പേരുണ്ട്. മൂവരുടെ എണ്ണവും വർധിച്ചു വരുന്നു. അപൂർവ്വമെങ്കിലും നാൽവരും.

ഉദാഹരണത്തിന് തിരുവനന്തപുരം ആക്കുളം എംജിഎം പബ്ലിക്ക്‌  സ്‌കൂളിന്റെ പ്രീപ്രൈമറിയിൽ അഡ്മിഷൻ നേടിയ നാൽവരാണ് വിഥുൻ, വിഹാൻ, വിയാൻ, വിവാൻ എന്നിവർ.  മെഡിക്കൽ കോളജിനടുത്ത് താമസിക്കുന്ന വൈശാഖ്, ട്രീസ ദമ്പതികളുണ്ട് മക്കൾ. ഇരുവരും സൗദിയിൽ നഴ്‌സുമാരായിരുന്നു.

കേരളത്തിൽ പഠിക്കുന്ന അതിഥി തൊഴിലാളി മക്കൾ

2020ൽ  കോവിട് മഹാമാരിയുടെ  മൂർദ്ധന്യത്തിൽ സൗദിയിലായിരുന്നു പ്രസവം. കുട്ടികൾ വളർന്നു പിച്ചവച്ചു തുടഗിയതോടെ അവർ തിരുവന്തപുരത്തേക്കു താമസം മാറ്റി. വൈശാഖ് ജിദ്ദയിലേക്ക് മടങ്ങിയാലും കുഞ്ഞുങ്ങളെ നോക്കി വളർത്താനായി കൂടെ നിൽക്കാനാണ് ട്രീസയുടെ തീരുമാനം.

ചേർത്തലയിലെ നാൽവർ സംഘം അച്ഛൻ അനിൽകുമാറൊപ്പം

ചേർത്തല ഉഴുവ ഗവർമെന്റ് യുപി സ്‌കൂളിൽ പഠിക്കുന്ന ആദർശ്, ആര്യ, ഐശ്വര്യ, അദർശ്യ എന്നിവരാണ് മറ്റൊരു നാൽവർ സംഘം. പട്ടണക്കാട് സ്വദേശി ശശികുമാറിന്റെയും അജിതയുടെയും മക്കളാണ്. ആദ്യഭാ ര്യ മരിച്ച്‌ പത്തു വർഷത്തിന് ശേഷം 57 ആം വയസിലാണ് ശശികുമാർ കണ്ണൂർ സ്വദേശിനി 47 വയസുള്ള അജിതയെ വിവാഹം ചെയ്തത്.  ശശിക്ക് 62 ഉം അജിതക്ക് 52 ഉം എത്തിയപ്പോൾ  കുഞ്ഞുങ്ങൾ ഉണ്ടായി.

ആലപ്പുഴയിലെ ഇരട്ടക്കുട്ടികൾ

സ്‌കാൻ ചെയ് തപ്പോൾ  മൂന്ന് കുട്ടികളെ മാത്രമേ കാണാൻ കഴിഞ്ഞുള്ളു. കോട്ടയം മെഡിക്കൽ കോളജിൽ സിസേറിയൻ നടത്തി കുഞ്ഞുങ്ങളെ എടുക്കുമ്പോഴാണ് നാലാമത് ഒരാൾ കൂടി ഗർഭപാത്രത്തിൽ  ഉള്ളതായി  കണ്ടെത്തിയത്. അതിനാൽ അവൾക്കു കാണാമറയത്തുള്ള   അദർശ്യ എന്ന് പേരിട്ടു.

ആക്കുളം എംജിഎമ്മിലെ പെൺകുട്ടികൾ--അവരാണ് കൂടുതൽ     

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക