Image

സംരംഭകരെ തേടുന്ന ലോക കേരള സഭ (നടപ്പാതയിൽ ഇന്ന്- 78: ബാബു പാറയ്ക്കൽ)

Published on 10 June, 2023
 സംരംഭകരെ തേടുന്ന ലോക കേരള സഭ (നടപ്പാതയിൽ ഇന്ന്- 78: ബാബു പാറയ്ക്കൽ)

ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ന്യൂയോർക്കിൽ തുടങ്ങിക്കഴിഞ്ഞല്ലോ. നാളെ നടക്കുന്ന 'ബിസിനസ്സ് മീറ്റ്' പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത് കൂടുതൽ സംരംഭകരെ കേരളത്തിലേക്ക് ആകർഷിക്കുക എന്നതാണല്ലോ. കഴിഞ്ഞ മേഖലാ സമ്മേളനങ്ങൾ ഗൾഫിലും യു.കെ. യിലും നടത്തി സംരംഭകരെ ആകർഷിച്ചിരുന്നു. അതനുസരിച്ചു കേരളത്തിലേക്ക് എത്ര പുതിയ സംരംഭകരെത്തിയിട്ടുണ്ട് എന്ന കണക്ക് സർക്കാർ പുറത്തു വിട്ടിട്ടില്ല. എന്നാൽ വെറും എട്ടു മാസം കൊണ്ട് ഒന്നര ലക്ഷം പുതിയ സംരംഭകർ കേരളത്തിൽ ബിസിനസ്സ് തുടങ്ങിയെന്നും അതിൽക്കൂടി രണ്ടു ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ഠിക്കപ്പെട്ടതായും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അറിയിച്ചിരുന്നു. അതായത് ശരാശരി ഒരു പുതിയ സംരംഭത്തിൽ രണ്ടു പേർക്കു പോലും തൊഴിലവസരങ്ങളില്ല. അതെന്തു തരം ബിസിനസ്സ് ആണെന്നും അവർ പറഞ്ഞിട്ടില്ല.

എന്നാൽ ന്യൂയോർക്കിൽ നടക്കുന്ന ഈ ബിസിനസ് മീറ്റിൽ കൂടി പല വൻകിട പദ്ധതികളും കേരളത്തിലേക്ക് വന്നേക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ഈ മീറ്റിങ്ങിൽ മലയാളികളല്ലാത്ത എത്ര വൻകിട കമ്പനികളുടെ പ്രതിനിധികൾ വരുന്നുണ്ട് എന്നറിവായിട്ടില്ല. പലരും ഉണ്ടായിരിക്കും എന്ന് വിശ്വസിക്കാം. കാരണം മലയാളി കേരളത്തിൽ കൊണ്ടുവരുന്ന സംരംഭത്തിന് എന്തു വലുപ്പം ഉണ്ടാവും എന്ത് ചിന്തിക്കാവുന്നതേയുള്ളൂ. കേരളത്തെയും അവിടത്തെ രാഷ്ട്രീയ സംസ്ക്കാരവും അറിയാവുന്ന ഒരു മലയാളിയും അവിടെ വന്നു സംരംഭം സൃഷ്ടിക്കില്ലെന്നറിയാം. യു.കെ.യിലെ സന്ദർശനം കഴിഞ്ഞു വന്ന മുഖ്യമന്ത്രി അറിയിച്ചത് നഴ്‌സ്‌മാർക്കും മറ്റും തൊഴിൽ തേടി അവിടേയ്ക്കു ചെല്ലുവാൻ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കണമെന്നു പറഞ്ഞെന്നാണ്. അതായത്, അയൽപക്കത്തെ വീട്ടിൽ എന്റെ കുട്ടികൾ വരുമ്പോൾ വിശപ്പടക്കാൻ ഭക്ഷണം നൽകണമെന്ന് അവരോട് അഭ്യർഥിച്ചിട്ടുണ്ടത്രേ! അതിൽക്കൂടുതൽ ഒരു ഗൃഹനാഥൻ എന്താണ് ചെയ്യേണ്ടത്?

മുഖ്യമന്ത്രി വളരെ തിരക്കുള്ള ആളാണല്ലോ. അതുകൊണ്ടു ലോകത്തു നടക്കുന്ന സംഭവ വികാസങ്ങളൊക്കെ അപ്പപ്പോൾ അറിയണമെന്ന് നിർബന്ധമില്ല. അതുകൊണ്ടാണല്ലോ ഐ എ എസ് കാരായ പല സെക്രട്ടറിമാരും ഉപദേശക സമിതിയും മറ്റുമുള്ളത്. അവർ അന്തർദ്ദേശീയ അടിസ്ഥാനത്തിൽ ഉടലെടുക്കുന്ന സംഭവങ്ങളും ചേരിതിരിവുകളും കണ്ടറിഞ്ഞു അവസരത്തിനൊത്തുയരണം. അതാണ് ഇന്ത്യയിലെ മറ്റു പല മുഖ്യമന്ത്രിമാരും ചെയ്യുന്നത്. 

ഇപ്പോൾ അമേരിക്കയും ചൈനയും തമ്മിലുള്ള ദീർഘമായ ബന്ധം വഷളായിരിക്കയാണ്. 1970 കളുടെ ആരംഭത്തിൽ ദരിദ്രരാജ്യമായിരുന്ന ചൈനയെ കൈപിടിച്ചുയർത്തിയത് അന്നത്തെ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്‌സന്റെ പ്രത്യേക നയമായിരുന്നു. നൂറു കണക്കിന് കമ്പനികൾ അമേരിക്കയിൽ നിന്നും നിർമ്മാണ ചെലവ് കുറഞ്ഞ ചൈനയിലേക്ക് പറിച്ചു നട്ടു. അമേരിക്കയിൽ തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടെങ്കിലും കോർപ്പറേറ്റുകൾ വൻ ലാഭം കൊയ്യുന്നതു കണ്ട് കൂടുതൽ കൂടുതൽ കമ്പനികൾ ചൈനയിലേക്ക് ചേക്കേറി. കമ്മ്യൂണിസ്ററ് ആദർശത്തിന്റെ പുറംചട്ടയണിഞ്ഞ സ്വേച്ഛാധിപത്യത്തിലൂടെ ചൈന സഹസ്രകോടികൾ കൊയ്‌തു പുരോഗമിച്ചു. ബാക്കിയൊക്കെ നാം സാക്ഷിയായ ചരിത്രം. ഇപ്പോൾ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായിരിക്കയാണ്. വൻ ശക്തിയായി വളർന്ന ചൈന അമേരിക്കയ്ക്ക് വില പറയുന്നത് കണ്ടപ്പോൾ അമേരിക്കയ്ക്ക് ബോധമുണർന്നു. അതിനു പുറമേ റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ചൈന റഷ്യയെ പിന്തുണയ്ക്കുക കൂടി ചെയ്തപ്പോൾ അമേരിക്ക ചൈനയ്‌ക്കെതിരായി തിരിഞ്ഞു. ഇപ്പോൾ പല കമ്പനികളും ചൈനയിൽ നിന്നും പുറത്തു കടക്കുകയാണ്.

അവരുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പറ്റിയ മറ്റൊരു സ്ഥലം തേടുന്ന കമ്പനികൾ ആദ്യം കാണുന്നത് ഇന്ത്യയെതന്നെയാണ്. കഴിഞ്ഞ വർഷത്തെ G-20 സമ്മേളത്തിന് ഇന്തോനേഷ്യയിലേക്കു പോകുന്നതിനു മുൻപ് അമേരിക്കൻ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ ന്യൂഡൽഹിയിൽ വന്ന്‌ ഇന്ത്യൻ ധനകാര്യ മന്ത്രി നിർമ്മല സീതാരാമനോട് പറഞ്ഞത് ഒരു പെട്ടി അവസരങ്ങളുമായാണ് അവർ വന്നിരിക്കുന്നത് എന്നാണ്. പല വൻകിട അമേരിക്കൻ കമ്പനികളും ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് പറിച്ചു നടുവാൻ ഇഷ്ടപ്പെടുന്നു. മുതൽ മുടക്കുന്നതും ടെക്നോളജിയും എല്ലാം അവർ നോക്കിക്കൊള്ളും. സ്ഥലവും തൊഴിലാളികളെയും മാത്രം നിങ്ങൾ കൊടുത്താൽ മതിയെന്നാണ്.  പല മുഖ്യമന്ത്രിമാരും അതിൽപെട്ട പല കമ്പനികളെയും അവരുടെ സംസ്ഥാനത്തേക്കു കൊണ്ട് പോയി. തമിഴ്‌നാട് എടുത്ത ഒരു സോളാർ പാനൽ കമ്പനി മാത്രം മുതൽ മുടക്കുന്നത് 4100 കോടിയാണ്. ഇവിടെ മാത്രം 45000 തൊഴിലവസരങ്ങളാണുണ്ടാകുന്നത്. മറ്റൊന്ന് ആപ്പിൾ ആണ്. അവരുടെ ആദ്യ മുതൽമുടക്ക് തന്നെ 5600 കോടിയാണ്. 75000 തൊഴിലവസരങ്ങളാണ് അവർ പുതുതായി സൃഷ്ടിക്കപ്പെടുന്നത്. മറ്റു പല വൻകിട കമ്പനികളും ചെറുകിട കമ്പനികളും കുടിയേറുന്നത് ഹരിയാനയിലേക്കാണ്. നൂറിൽപ്പരം യൂണിവേഴ്‌സിറ്റികളാണ് യു.പി. യിൽ പുതുതായി ആരംഭിക്കുന്നത്. ഈയിടെ യു.പി., പഞ്ചാബ്, ഹരിയാന, ഡൽഹി മുതലായ സ്ഥലങ്ങൾ സന്ദർശിച്ച എനിക്ക് പുതുതായി നിർമ്മിക്കപ്പെടുന്ന വൻകിട ഫാക്ടറികളൂം ഹൈവേകളും ടൗൺഷിപ്പുകളും പലയിടത്തും കാണാനായി..

ഇന്ന് ഇന്ത്യയിൽ മുൻപ് കണ്ടിട്ടില്ലാത്ത വിധം വികസന പ്രവർത്തനങ്ങൾ നടക്കുകയാണ്. സർക്കാർ പുതിയ സംരംഭകരിലൂടെ ആയിരക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനങ്ങളുടെ മുഖഛായ മാറിക്കൊണ്ടിരിക്കുകയുമാണ്. എന്തുകൊണ്ടാണ് ഈ വികസനങ്ങൾ കേരളത്തെ പൂർണ്ണമായി അവഗണിക്കുന്നതെന്നു നാം ചിന്തിക്കണം. കസ്‌തൂരി മാനിന്റെ കഥ പറഞ്ഞതുപോലെ പടിവാതിലിൽ കിടക്കുന്ന അവസരങ്ങൾ കാണാതെ മുഖ്യമന്ത്രി ലോകം ചുറ്റി അവസരങ്ങൾ തേടുകയാണ്! എല്ലാത്തിലും നാം നമ്പർ വൺ എന്നു വിളിച്ചു പറയുമ്പോഴും ഇന്ത്യയിലെ ഏറ്റവും നല്ല നിക്ഷേപക സൗഹൃദ സംസ്ഥാനമെന്നു വ്യവസായ മന്ത്രി ദിവസം ഏഴു നേരം പറയുമ്പോഴും ഒരു വൻകിട കമ്പനികളും കേരളത്തിലേക്ക് വരാത്തതിന്റെ കാരണമെന്താണ്? അവരെ കേരളത്തിലേക്ക് ആകർഷിക്കാൻ എന്തുകൊണ്ട് നമ്മുടെ ഭരണകർത്താക്കൾ ശ്രമിക്കുന്നില്ല? അമേരിക്കയിലെ പ്രവാസി മലയാളികളിൽ ധനികരായ എല്ലാവരും കൂടി ശ്രമിച്ചാൽ പോലും ഒരു വൻകിട അമേരിക്കൻ കമ്പനി സൃഷ്ടിച്ചേക്കാവുന്ന തൊഴിലവസരങ്ങൾക്കു തുല്യമാവില്ല.

കേരളത്തിൽ നിലനിൽക്കുന്നത് 'സംരംഭക വിരുദ്ധ തൊഴിൽ സംസ്ക്കാരം' ആണെന്ന യാഥാർഥ്യം നമ്മൾ അംഗീകരിച്ചേ മതിയാവൂ. ആ സംസ്ക്കാരത്തിന്റെ ഉപജ്ഞാതാക്കൾ എന്ന നിലയിൽ കമ്മ്യൂണിസ്ററ് പാർട്ടി ആ തെറ്റ് തിരുത്താൻ തയ്യാറാകാത്തിടത്തോളം നമ്മുടെ യുവാക്കൾ ആഹാരം തേടി അയൽരാജ്യങ്ങളിലേക്കു പോകേണ്ടി വരും. അത് വിദ്യാഭ്യാസമുള്ള നമ്മുടെ യുവാക്കൾ കൃത്യമായി ചെയ്യുന്നുമുണ്ട്. ആ സംസ്ക്കാരം നിലനിർത്തേണ്ടത് ചിലരുടെ നിലനില്പിനാവശ്യമായതിനാൽ അതിനു വേണ്ടതൊക്കെ അധികാരമുപയോഗിച്ച്‌ അവരും കൃത്യമായി ചെയ്യുന്നുണ്ട്.

പിന്നെ ഈ ബിസിനസ്സ് മീറ്റൊക്കെ എന്തിനാണെന്നു ചോദിച്ചാൽ 'എന്തെങ്കിലുമൊക്കെ കാണിക്കണ്ടേ' എന്ന് മാത്രം കരുതിയാൽ മതി. ദീർഘവീക്ഷണമുള്ള നമ്മുടെ ഭരണകർത്താക്കളെ ഓർത്തു നമുക്ക് അഭിമാനിക്കാം.
________________

#lokakeralasabha

Join WhatsApp News
Ajith kumar Kottayam 2023-06-10 03:56:56
ഞാൻ ടൈം സ്‌ക്വയർ കണ്ടിട്ടില്ല. എന്നും ഇന്ത്യയിൽ തന്നെ ആയിരിന്നു. അതുകൊണ്ട് അവിടത്തെ മീറ്റിംഗിൽ കൂടുന്നവരെയോ വരുന്നവരെയോ ഒന്നും എനിക്കു പരോചയവുമില്ല. എങ്കിലും ഒരു കാര്യം പറയാതെ വയ്യ. ഇവിടെ ടെക്നോ പാർക്കും ഇൻഫോ പാർക്കും ഒക്കെ നേരത്തേയുണ്ടായിരുന്നു. എന്നാൽ എന്റെ അനുജൻ സോഫ്ട്‍വെയർ എൻജിനീയറിംഗ് കഴിഞ്ഞപ്പോൾ ബാംഗളൂരിൽ ആണ് ജോലി കിട്ടിയത്. അവിടെ പോയ ഞാൻ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി! എന്തൊരു വികസനം! എത്ര വിദേശ കമ്പനികൾ, കോൾ സെന്ററുകൾ! നമ്മുടെ ചെറുപ്പക്കാർക്ക് വൻ ഡിമാൻഡ് ആണവിടെ. അവരുടെ ടെക്നോ പാർക്കും ഇൻഫോ പാർക്കുമൊക്കെ എങ്ങനെയാണ് ഇത്ര വേഗം വളർന്നു ഭാവിയുടെ സ്വാധീന ചക്രം കൈക്കലാക്കിയത്? മറ്റു സംസ്ഥാനങ്ങളൊക്കെ വികസനവും കൊണ്ട് മുന്നേറുകയാണ്. നാം ഗൾഫിൽ നിന്നും വരുന്ന പ്രവാസിയുടെ കെയറോഫിലാണ് ജീവിക്കുന്നത്.
ജോസ് കാവിൽ 2023-06-11 03:03:09
ലോക കേരള സഭ .നല്ലത് എന്താണ് ഉദ്ദേശം എന്തിനാണ് 82 ലക്ഷം .പാവപ്പെട്ടവൻ മിക് ഡോണൽസിൽ രണ്ടു ഹാoബർഗറും കഴിച്ചിട്ട് തുടയിൽ കൈവെച്ചു കിടന്നു ഉറങ്ങുമ്പോൾ ഇവിടെ കോടി മുടക്കി കൂടിയവൻ്റെ കൂടെ തിന്നുമതിക്കുന്നു .ശുദ്ധഅഹങ്കാരം .ലോകത്ത് എവിടേയും മലയാളി ഉണ്ട് അത് മലയാളിമിടുക്കനായിട്ടല്ല .ഗതികെട്ട് ജോലി കിട്ടാതെ നാട്ടിൽ പട്ടിണി കിടന്നപ്പോൾ കിടപ്പാടം പണയപ്പെടു ത്തി പോയതാണ്. അതിന് ഇടവരു ത്തിയത് നിങ്ങൾ രാഷ്ട്രീയക്കാരാണ് ഒരു ജോലി താരാൻ നിങ്ങളെക്കൊണ്ട് സാധിച്ചില്ല . അങ്ങനെ ഞങ്ങൾ ഇവിടെ വന്ന് സമാധാനമായി കിടന്നുറങ്ങിയപ്പോൾ എന്തിന് ഞങ്ങളുടെ ഉറക്കം കെടു ത്താൻ സംരഭക ലക്ഷ്യവുമായി വന്നു പറയൂ? ഞങ്ങൾ ഒരു ബിസിനസ്സ് തുടങ്ങാൻ നിങ്ങൾ അവിടെ അവസരം തരുമോ? കൊടി കുത്തിക്കില്ലേ? കൊറിയക്കാരൻ കോൺടാക്ടർ ആത്മഹത്യ ചെയ്തു .എത്രകർഷകർ ആത്മഹത്യ ചെയ്തു. ഞങ്ങൾ പ്രവാസികളെ അവിടെ സംരംഭകരാ ക്കാൻ വന്നതാണോ .കഷ്ടം സാബു ജേക്ക ബിൻ്റെ ഫാക്ടറി നിങ്ങൾ പൂട്ടിച്ചു പട്ട് ഫാക്ടറി ആലുവ ഗ്ലാസ് ഫാക്ടറി അങ്ങനെ 315ൽ' പകരം ഫാക്ടറി പൂട്ടിച്ചില്ലേ? ഇനിയും സംരംഭകരായി പ്രവാസിയെ കിട്ടുമോ? ഉത്തരപ്രദേശ് പഞ്ചാബ് തമിഴ്നാട്' കർണ്ണാടക അങ്ങനെ എല്ലാ സംസ്ഥാന ങ്ങളിലും നല്ല ഫാക്ടറികൾ . കേരളം എങ്ങനെമൂഞ്ചി പ്പോയി. കാരണം കൊടികുത്തി പൂട്ടിക്കൽ നോക്കുകൂലി അഴിമതി തട്ടിപ് കൊള്ള കൊലപാതകം ലഹരി ക്കടത്ത് മതിയായില്ലേ? അവിടെ വന്ന് സംരംഭകരായാൽ ഞങ്ങളുടെ ജീവന് ഉറപ്പു ണ്ടോ? പിന്നെ നാണമുണ്ടോ കോടികൾ കൂടെ നിന്ന് ഉണ്ണാൻ ചോദിക്കാൻ? മുഖ്യമന്ത്രി ഒന്നും അറിയുന്നില്ല സമ്മതിച്ചു. പക്ഷെ അദ്ദേഹത്തിനെ വിറ്റു കോടികൾ ഉണ്ടാക്കുന്ന അമേരിക്കൻ പ്രാഞ്ചിയേട്ടൻ മാരോട് ഒന്ന് ചോദി ച്ചോട്ടെ മുൻമന്ത്രി ഗേണേഷ് കുമാർ ഇവിടെ വന്നു പറഞ്ഞതു കേട്ടില്ലേ ആരും നിങ്ങൾ പ്രവാസികൾ നാട്ടിൽ വന്നു കോടികൾ മുടക്കി നശിക്കരുത് എന്നാണ് .സമാധാനവും സന്തോഷവും പണവും ഇവിടെ അമേരിക്കയിലുണ്ട്. പിന്നെ ആത്മഹത്യ ചെയ്യാൻ നാട്ടിൽ വന്ന് സംരംഭകനാകണോ? വസ്തുവും വീടും ഒന്നും വിൽക്കാൻ പോലും സാധിക്കാത്ത നാട്ടിൽ ഒരു ഫാക്ടറി നടത്തി മരിക്കണോ അതോ അമേരിക്ക യിൽ മൃഷ്ടാന്ന വിഷമില്ലാത്ത ഭക്ഷണം കഴിച്ച് സുഖമായി ജീവിതം നയിക്കണോ നിങ്ങൾ ചിന്തിക്കുക .നമുക്ക് പിണറായി യോടും ഉമ്മൻ ചാണ്ടിയോടും വിരോധമില്ല .അമേരിക്ക യിൽ നായനാർ വന്നിട്ടുണ്ട് കൂടെ നിന്നു ഭക്ഷണം കഴിക്കുവാനും ഫോട്ടോ എടുക്കുവാനും ഒരു നയാ പൈസ ചോദിച്ചിട്ടില്ല. പക്ഷെ പ്രാഞ്ചിയേട്ടൻമാർ ഇവിടെ തട്ടിക്കൂട്ടുന്ന ഈ ധൂർത്തി നോട് ബാബുപാറക്കൽ പറയുന്നതു പോലെ എനിക്കു വിയോജിപ്പാണ് .കോടികൾ ഒഴുക്കി കളയാതെ പാവങ്ങൾക്കു കൊടുത്തുകൂടെ പാവപ്പെട്ട വൻ കിറ്റുതിന്നും പാറപൊട്ടിച്ചും നീറുമ്പോൾ ധനവാൻ ഒരു നേരം ആഹാരത്തി ന് 82 ലക്ഷം മുടക്കുന്ന അഹങ്കാര ത്തിൻ്റെയും നെറികേടിന്റെയും ധൂർത്താണ് ഇപ്പോഴത്തെ ലോക കേരള സഭ . ഇത് എന്റെ അഭിപ്രായ മാണ് .അഭിപ്രായം പലതും വരാം നല്ലതു സ്വീകരിക്കുക നന്ദി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക