Image

മിത്രനികേതൻ-ടഗോറും ഗാന്ധിയും ഇന്നും ജീവിക്കുന്ന കേരള ഗ്രാമം (കുര്യൻ പാമ്പാടി)

Published on 18 June, 2023
മിത്രനികേതൻ-ടഗോറും ഗാന്ധിയും ഇന്നും ജീവിക്കുന്ന കേരള ഗ്രാമം (കുര്യൻ പാമ്പാടി)

'എന്റെ സ്വന്തം നാട്, ഞാൻ പിറന്ന നാട്, ഇന്ത്യയെന്ന നാട്, ഒരുമയാർന്ന നാട്' എന്നിങ്ങനെ നൂറു നൂറു കണ്ഠങ്ങളിൽ നിന്നുയർന്ന  ഗാനം കേട്ടുകൊണ്ടാണ് അമ്പതു വർഷം മുമ്പ് ഞാൻ ആദ്യമായി മിത്രനികേതൻ സന്ദർശിക്കുന്നത്.

ശാന്തിനികേതനിൽ പഠിച്ച കെ. വിശ്വനാഥൻ മിത്രങ്ങളുടെ വീട് എന്ന അർത്ഥത്തിൽ  സ്ഥാപിച്ച ഗ്രാമം കാണുകയായിരുന്നു എന്റെ ലക്‌ഷ്യം. കണ്ടെന്നു മാത്രമല്ല സ്ഥാപകനോടൊപ്പം അവിടത്തെ പച്ചമരത്തണ ലിൽ   ഒരുനാൾ ഉണ്ടുറങ്ങി കഴിയുകയൂം ചെയ്തു.

 മിത്രനികേതൻ വിശ്വനാഥൻ, ഒമ്പതു പതിറ്റാണ്ടിന്റെ ജന്മസാഫല്യം

തിരുവന്തപുരത്തു നിന്ന് 20 കിമീ കിഴക്കു അരുവിക്കരക്കടുത്തുള്ള ഗ്രാമത്തിലെത്താൻ ബസിലോ ബൈക്കിലോ കുറഞ്ഞത് മുക്കാൽ മണിക്കൂർ എടുക്കും. വഴി ഇടുങ്ങിയതും ദുഷ്‌കവുമാണ്. എങ്കിലും അവിടെ സ്വന്തം സ്വപ്നസാക്ഷാൽക്കാരത്തിനായി അങ്ങിനെയൊരു വളപ്പ് കെട്ടിപ്പടുക്കാൻ കാരണം അത് പാവപെട്ട ഗ്രാമീണർ തിങ്ങിപ്പാർക്കുന്ന ഒരിടം എന്നത് തന്നെ. കാണി വിഭാഗത്തിൽ പെട്ട ആദിവാസികളും അവിടുണ്ട്.

‘എഴുപത്തഞ്ചു ശതമാനവും ഗ്രാമീണരുടെ നാടാണ് ഞാനും നിങ്ങളും പിറന്ന ഇന്ത്യ. സ്വന്തം കാലിൽ നിന്നുകൊണ്ടു  നാളേക്ക് ഉതകുന്ന സുസ്ഥിരമായ ഒരു ഇന്ത്യയാണ് നാം കെട്ടിപ്പടുക്കേണ്ടത്,' അവിടത്തെ വിദ്യാർത്ഥിനി വിദ്യാർത്ഥികളോട്  ആദ്ദേഹം പറയുന്നതും ഞാൻ കേട്ടു. ഗ്രാമ സ്വരാജിനെക്കുറിച്ച് ഗാന്ധിജി പറഞ്ഞ അതേ വാക്കുകൾ.  

 പ്രിൻസിപ്പൽ രഘുരാമ  ദാസ് ഡെൻമാർക്കിലെ  ഫോക് സ്‌കൂളിൽ

യൗവ്വനത്തിന്റെ ചോരത്തിളപ്പ് മാറാത്ത നാല്പതുകാരനാണ് ഞാൻ കാണുമ്പോൾ വിശ്വനാഥൻ. ആർ. കൃഷ്ണ പണിക്കാരുടെയും ജി. കാർത്യായനിയുടെയും മകനായി ജനിച്ചു നാട്ടിലെ വിദ്യാലയങ്ങളിൽ പഠിച്ച്  ശാന്തിനികേതനിൽ ടാഗോർ സ്ഥാപിച്ച വിശ്വഭാരതി സർവകലാശാലയിലേക്കു പോയ യുവാവ്. വിശ്വഭാരതിയിൽ  'ശിക്ഷ ഭാവന'  പൂർത്തിയാക്കുമ്പോൾ 25 വയസ്. 

കൂടുതൽ പഠിക്കാൻ യുഎസിലും ബ്രിട്ടനിലും ഡെന്മാർക്കിലും പോയി വന്ന അദ്ദേഹം  സാമൂഹ്യ സേവനം, സംഘടിത ജീവനം, ജീവനോപാധിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം എന്നിവയിൽ ഊന്നിയ പുതിയൊരു ലോകക്രമം ലക്ഷ്യമാക്കി പ്രവർത്തനം തുടങ്ങി.

കാമ്പസിലെ നാടൻ, മറുനാടൻ മുഖങ്ങൾ

വിശ്വനാഥൻ 2014 ഏപ്രിൽ 28നു അന്തരിക്കുമ്പോൾ 86 വയസ്. അതിനകം ഒരായുസിൽ നേടാൻ കഴിയുന്നതിന്റെ പരമാവധി നേടിയെടുത്തു. മിത്രനികേതൻ അമ്പതു ഏക്കറിലേക്ക് വ്യാപിച്ച വലിയ പ്രസ്ഥാനമായി. വിദേശീയർ ഉൾപ്പെടെ ധാരാളം സുഹൃത്തുക്കളുടെ താവളമായി.  അവരിൽ  ഒരാളായിരുന്നു ദലൈലാമ.

അമേരിക്കയിൽ ടെന്നസി വാലി അതോറിറ്റി അധ്യക്ഷനും കമ്മ്യുണിറ്റി ജീവന പ്രസ്ഥാനത്തിന്റെ പ്രയോക്താവുമായ ആർതർ ഏണെസ്റ് മോർഗൻ ആയിരുന്നു മറ്റൊരാൾ. പിന്നീട് രാഷ്ട്രപതിയായ ഡോ. സർവേപ്പള്ളി രാധാകൃഷ്‌ണൻ അദ്ധ്യക്ഷനായി 1948ൽ രൂപീകരിച്ച യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ അംഗമെന്നനിലയിൽ മോർഗൻ കേരളം സന്ദർശിച്ചു  മിത്രനികേതനിലെ കമ്മ്യൂണിറ്റി എഡ്യൂക്കേഷൻ പരിപാടിക്ക് അദ്ദേഹം സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചു.

 രാഷ്രപതി പ്രതിഭാ പാട്ടീലിൽ നിന്ന് പദ്‌മശ്രീ

മോർഗനുമായി അഞ്ചു തലമുറകളുടെ ബന്ധമാണ് മിത്രനികേതന്. കമ്മ്യുണിറ്റി ലിവിങ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുപതിലേറെ പുസ്തകങ്ങൾ  എഴുതിയ  ആളാണ് ആർതർ മോർഗൻ. പുത്രൻ ഏണസ്റ്റിന്റെ മകൻ  ലീ മോർഗൻ 1960 കളിൽ മിത്രനികേതനിൽ സന്നദ്ധ പ്രവർത്തകൻ ആയിരുന്നു. അദ്ദേഹത്തിന്റെ മകൾ ആശയുടെ മകൾ പ്രിയ മോർഗനുമൊത്ത്  ഇക്കഴിഞ്ഞ മേയിൽ വീണ്ടും മിത്രനികേതൻ കാണാൻ എത്തി. വിശ്വനാഥന്റെ മകൾ ആശയുടെ പേരാണ് ലീ മകൾക്കു നൽകിയത് എന്നത് ശ്രദ്ധിക്കുക.

ഗ്രാമീണരുടെ കുട്ടികൾക്ക് തൊഴിൽ ചെയ്തു ജീവിക്കാൻ സഹായകമായ  പ്രായോഗിക പരിശീലനം നൽകാനുള്ള പരിപാടിയുമായി വിശ്വനാഥൻ ആരംഭിച്ച സ്ഥാപനത്തിന് പീപ്പിൾസ് കോളജ് എന്നാണ് പേരിട്ടു.

ദലൈലാമ കാമ്പസിൽ

അതിനോടനുബന്ധമായി തുറന്ന കൃഷി വിജ്ഞാന കേന്ദ്രത്തിൽ കൃഷി, നെയ്ത്ത്, തയ്യൽ, പഴവർഗ സംസ്കരണം, വെൽഡിങ്, പ്ലംബിംഗ്, കാർപെന്ററി,  ഇലക്ട്രിക്കൽ വർക്, വാഹന റിപ്പയറിങ്,  കമ്പ്യുട്ടർ എന്നിവയിൽ പരിശീലനം നൽകി.

ചുരുക്കത്തിൽ ഗാന്ധിജി വിഭാവനം ചെയ്തു ഗുജറാത്തിലെ സബർമതിയിലും മഹാരാഷ്ട്രത്തിലെ  സേവാഗ്രാമിലും നടപ്പാക്കിയ ഗ്രാമ സ്വരാജിന്റെ  തനിയാവർത്തനം.

ഡെന്മാർക്കിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകർ
 
ഡെന്മാർക്കിലെ ജനകീയ സ്‌കൂളുകളുമായി മിത്രനികേതന് ആരംഭം മുതലേ ബന്ധമുണ്ടായിരുന്നു. രണ്ടു ശതാബ്ദമായി  അവിടെ നടക്കുന്ന ഫോക് സ്‌കൂളുകളിൽ കുട്ടികൾക്ക് ഭാഷയിലും സുകുമാരകലകളിലും കരകൗശലത്തിലും  പരിശീലനം നൽകുന്നു.

കേരളത്തിൽ അങ്ങിനെയൊരു പ്രസ്ഥാനം തുടങ്ങുന്നതിൽ അവർ തുടക്കം മുതലേ താല്പര്യം പ്രകടിപ്പിച്ചു. സാമ്പത്തിക, സാങ്കേതിക സഹായവും നൽകി. അവിടെനിന്നു സന്നദ്ധ പ്രവർത്തകരെ അയച്ചു. പീപ്പിൾസ് കോളജ്  പ്രവർത്തകരെ അങ്ങോട്ട് ക്ഷണിച്ചു.

ഓർമകളിൽ എന്നും;  ഗവ. ജോലി കിട്ടിയ ഡോ. പൂജക്ക്‌ സേതുലക്ഷ്മിയുടെ മെമെന്റോ

2023ൽ ഫോക് സ്‌കൂളുകളുടെ 175ആം വാർഷികത്തിൽ പ്രിൻസിപ്പൽ ഡോ. രഘുരാം ദാസ്  പോയി പങ്കെടുക്കുകയും ചെയ്തു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള കമ്മ്യൂണിറ്റി കോളജ്  പ്രവർത്തകർ അവിടെ ഒത്തു കൂടി.  

മിത്രനികേതൻ കാമ്പസിൽ പ്രധാനമായി അഞ്ചു സ്ഥാപനങ്ങളാണുള്ളത്. ഒന്ന്, പീപ്പിൾസ് കോളജ്, രണ്ട്, റെസിഡൻ ഷ്യൽ സ്‌കൂൾ, മൂന്ന് കൃഷി വിജയ് കേന്ദ്ര, നാല്, റൂറൽ ടെക്‌നോളജി സെന്റർ, അഞ്ച്, വിമൻ   എം പ്ലോയ്മെന്റ് യൂണിറ്റ്. അഞ്ചാമത്തേതു ഒരു പാക്കിങ് യൂണിറ്റ് ആണ്. ഗ്രാമത്തിലെ 120  വനിതകൾക്ക് അവിടെ ജോലിയുണ്ട്.

. പാരിസിൽ നിന്നുള്ള ഇന്റെണുകൾ  മിത്രനികേതനിൽ

പീപ്പിൾസ് കോളജിൽ കൃഷി ഫോക്കസ് ചെയ്യുന്ന ത്രിവത്സര ബിരുദ കോഴ്സ് നടത്തുന്നു. ബിവോക് അഗ്രി ഡിഗ്രി കോഴ്‌സിൽ ഡീംഡ് യുണിവേഴ്‌സിറ്റിയായ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് സോഷ്യൽ  സയൻസസിന്റെ ബിരുദമാണ് നൽകുന്നത്. ഒരു വർഷം 30  കുട്ടികൾക്ക് പ്രവേശനം.

മിത്രനികേതൻ റെസിഡൻഷ്യൽ സ്‌കൂളിലും തൊഴിൽ അധിഷിത വിദ്യാഭ്യാസത്തിനാണ് പ്രാമുഖ്യം. നൂറു കുട്ടികൾ. ജോലിക്കു പോകുന്ന അമ്മമാർ മാത്രമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് താമസവും ഭക്ഷണവും എല്ലാം സൗജന്യം. കാണി എന്ന ആദിവാസ വിഭാഗത്തിലെ കുട്ടികളും മിത്രനികേതനിൽ പഠിക്കുന്നു.  

ആർതർ മോർഗനും പുസ്തകവും; പൗത്രൻ  ലീമോർഗനും പൗത്രി പ്രിയയും  മിത്രനികേതനിൽ

എളിയ തോതിൽ തുടങ്ങിയ മിത്രാനികേതൻ വളർന്നു അമ്പതേക്കറിൽ അഞ്ഞൂറ് പേർക്ക് ജീവിച്ചു വളരാൻ കഴിയുന്ന ഹരിതഉദ്യാനമായി  വളർന്നു. ലോറി ബേക്കർ ശൈലിയിൽ ചുവന്ന ഇഷ്ടിക കൊണ്ടുള്ള കെട്ടിടങ്ങൾ. മണൽ വിരിച്ച റോഡുകൾ, ഡോർമിറ്ററികൾ, ഭക്ഷണ ശാല. ചുരുക്കത്തിൽ എല്ലാം തികഞ്ഞ മനോഹരമായ ഒരു ഗ്രാമീണ സർവകലാശാല.

ഗുജറാത്തിലെ ആനന്ദിൽ  ക്ഷീര വിപ്ലവ നായകൻ ഡോ. വർഗീസ് കുര്യൻ ഇർമ്മ എന്ന റൂറൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റിയൂട് ആരംഭിക്കുന്നതിന് എത്രയോ മുമ്പ്. ബാങ്കർ റോയ് രാജസ്ഥാനിലെ ഹർമാരായിൽ ബെയർഫുട് കോളജ് ആരംഭിക്കുന്നതിനും മുമ്പ്.   കേന്ദ്ര ഗവർമെന്റിന്റെ ആഭിമുഖ്യത്തിൽ ഹൈദരാബാദിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെന്റ് ആൻഡ് പഞ്ചായത്തി രാജ് ആരംഭിക്കുന്നതും പിന്നീട്.    

നാടിൻറെ അഭിമാനമെന്നു വാർഡ് മെമ്പർ മായാദേവി; വലത്ത് ആശ    

മിത്രനികേതനിൽ അത്തരമൊരു വള്ളിക്കുടിലിലാണ് വിശ്വനാഥനും ഭാര്യ സേതുലക്ഷ്മിയും താമസിച്ചതും ആശ, ബീന, ചിത്ര എന്നീ പെണ്മക്കളെ പോറ്റിവളർത്തിയതും. പർണശാലയുടെ ഭിത്തിയിൽ ഗാന്ധിജിയുടെയും ടാഗോറിന്റെയും ചിത്രങ്ങൾ പവിത്രമായി സൂക്ഷിച്ചിട്ടുണ്ട്. ഒപ്പം 2009ൽ രാഷ്‌ട്രപതി പ്രതിഭാ പാട്ടിൽ പദ്‌മശ്രീ സമ്മാനിക്കുന്ന ചിത്രവും.

വിശ്വനാഥനും മിത്രനികേതനും ലഭിച്ച ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നിരവധി. ഗ്രാമ  സേവനത്തിനു വിശ്വഭാരതി സർവകലാശാല നൽകിയ രവീന്ദ്ര പുരസ്‌കാരമാണ് അതിലൊന്ന്.  പരിസ്ഥിതി സംരക്ഷണനത്തിനുള്ള ഗോയങ്ക അവാർഡ്, ഗ്രാമീണ മേഖലയിൽ ശാസ്ത്രസാങ്കേതിക വിജ്ഞാനം പ്രചരിപ്പിച്ചതിനുള്ള ജംനലാൽ ബജാജ് അവാർഡ്, ഏറ്റവും മികച്ച കൃഷിവിജ്ഞാന കേന്ദ്രത്തിനുള്ള പുരസ്കാരം  തുടങ്ങിയവയും.  

വിശ്വനാഥൻ അന്തരിച്ചു ഒരു ദശാബ്ദം പിന്നിടുമ്പോൾ ആ ഓർമകളുമായി ഭാര്യ സേതു (85) അവിടെ ത്തന്നെ കഴിയുന്നു. തനിച്ചല്ല, കൂടെ മകൾ ബീനയുണ്ട്. വിശ്വഭാരതിയിൽ നിന്ന് ബിഎഡും കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎഡും എൽഎൽബിയും നേടിയ ആളാണ് സേതുലക്ഷ്മി. ‘ജീവിച്ചിരുന്നെങ്കിൽ വിശ്വനാഥന് അടുത്ത വർഷം നൂറു വയസ് തികയുമായിരുന്നു. എനിക്ക് അദ്ദേഹം കടന്നു പോയ 86 വയസും,' എന്ന് സേതു.  

മിത്രനികേതന്റെ പ്രോഗ്രാം കോഓർഡിനേറ്റർ ആണ് ആശ. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന്  സോഷ്യോളജിയിൽ  എംഎയും ഗാന്ധി ശിഷ്യൻ ജി രാമചന്ദ്രൻ സ്ഥാപിച്ച മധുര ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഫിലും നേടി.  ശാന്തിനികേതനിൽ നിന്ന് ഫൈൻ ആർട്സ് ബിരുദം നേടിയ ബീന കാമ്പസിൽ ചിതകല പഠിപ്പിക്കുന്നു. പടിഞ്ഞാറേക്കോട്ടയിലുള്ള മിത്രനികേതന്റെ സിറ്റി ഓഫീസിന്റെ ചുമതലയാണ് ചിത്രക്ക്. ഗാന്ധിഗ്രാമിൽ റൂറൽ ഡവലപ്‌മെന്റിൽ മാസ്റ്റേഴ്സ് ചെയ്തു.  

ആശയുടെ ഭർത്താവും പീപ്പിൾസ് കോളജ് പ്രിന്സിപ്പലുമായ രഘുരാം ദാസ് തിരുവനന്തഗോപുരം നന്ദൻകോട് ജനിച്ചയാൾ. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന്  സോഷ്യോളജിയിൽ പിഎച്ച്ഡി നേടി.  വയനാട്ടിലെ കുറിച്യർ  വിഭാഗത്തെ പറ്റിയായിരുന്നു പഠനം. പ്രൊഫ. ഇന്ദു മേനോൻ  ഗൈഡ്.  ഒരു വർഷത്തോളം വയനാട്ടിൽ താമസിച്ച് പഠനം നടത്തി. പിഎച്ച ഡിക്കു  ശേഷം പീരുമേട് ഡവലപ്‌മെന്റ് സൊസൈറ്റിയിൽ രണ്ടുവർഷം.  ഏകമകൻ അരവിന്ദ് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ പരിസ്ഥിതിശാസ്ത്രത്തിൽ ഡോക്ടറൽ ഗവേഷണനത്തിലാണ്.

മിത്രനികേതൻ സ്ഥിതിചെയ്യുന്നതു വെള്ളനാട് പഞ്ചായത്തിലെ പത്താം വാർഡിലാണ്. പണ്ടൊരു ഗ്രാഫൈറ്റ് ഫാക്ടറി ഉണ്ടണ്ടായിരുന്നതിനാൽ വാർഡിന്റെ പേര് കമ്പനിമുക്ക് എന്ന്. മെമ്പർ മായാദേവിക്ക് പഞ്ചായത്തിലെ ഏറ്റവും വലിയ 'ഷോ പീസ്' എന്ന നിലയിൽ  മിത്രനികേതനുമായി അടുത്ത ബന്ധം.

'മിത്രനികേതനിലെ സേതുചേച്ചിയെയും മക്കൾ  ആശ, ബീന, ചിത്ര എന്നിവരെയും  നന്നായി അറിയാം. മിക്കപ്പോഴും കാണാറുണ്ട്. അവിടത്തെ പീപ്പിൾസ് കോളജ്ഉം കൃഷിവിജ്ഞാന കേന്ദ്രവും  നൂറു കണക്കിന് കുട്ടികൾക്ക് അറിവിന്റെ ലോകം തുറന്നു കൊടുത്തു. ജീവിക്കാൻ വേണ്ട പരിശീലനവും.  നാടിന്റെ അഭിമാനമാണ് മിത്രനികേതൻ', മായാദേവി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക