Image

ഭാഷ  പരിണാമങ്ങൾ: മലയാളം വന്ന വഴികൾ (ജെ എസ് അടൂർ)

Published on 24 June, 2023
ഭാഷ  പരിണാമങ്ങൾ: മലയാളം വന്ന വഴികൾ (ജെ എസ് അടൂർ)

ഭാഷയുടെ  ശുദ്ധിയും അശുദ്ധിയും  തീരുമാനിക്കുന്നത് അതാതു കാലത്തു അതിനെ ചിട്ടപെടുന്നവരും  അധികാരമാളുന്നവരും ഭാഷ ഭരണ സ്വരൂപങ്ങളുമാണ്.
ഈ ചിട്ടപ്പെടുത്തൽ  അധികാരവുമായി ബന്ധംപെട്ടതാണ്. മലയാളം  വന്ന വഴികൾ പലതാണ്.  പല  നാട്ടു മൊഴികളിൽ നിന്ന്  വരമൊഴികളായും ഭക്തി പ്രസ്ഥാന ഭാഷ സ്വരൂപമായും,  കച്ചവട.ഭാഷാ ചേരുവകളായും, മലയാണ്മയായും,  മണിപ്രവാളമായും, സുറിയാനി മലയാളമായും  അറബി മലയാളമായും,  യൂദ  മലയാളമായും  പോർച്ചുഗീസ് -മലയാള ക്രിയോൾ ആയും  ഡച്ചു,  ഇഗ്ളീഷ്  സ്വാധീനം വഴി,  തമിഴ് സംസ്‌കൃത ഇണചേരലിലൂടെ പല വഴിക്ക്  പത്തൊമ്പതാം നൂറ്റാണ്ടിൽ എത്തിയ  മലയാളത്തെ  ഇന്നറിയുന്ന രീതിയിൽ വ്യവസ്ഥാപകവൽക്കരിക്കപ്പെട്ടിട്ട്  നൂറ്റമ്പത് കൊല്ലമേ ആകുന്നുളൂ.  

പതിനഞ്ചാം  നൂറ്റാണ്ടിൽ  ചെറുശ്ശേരി നമ്പൂതിരിയും   പതിനാറാം  നൂറ്റാണ്ടിൽ എഴുത്തച്ഛനും  ഭക്തി പ്രസ്ഥാന ആഖ്യായികളിൽ കൂടിയാണ്  മലയാളത്തെ  ചിട്ടപ്പെടുത്തി  എഴുതിയത്. ഉണ്ണായി വാര്യരും  ഈ പാരമ്പര്യത്തിന്റെ  ഭാഗമാണ്. പതിനെട്ടം  നൂറ്റാണ്ടിൽ  ആണ്  പാറമ്മക്കെൽ തോമ കത്തനാർ  1785 ൽ പറവൂരിൽ  നിന്നു  റോമിലേക്കുള്ള  യാത്രയുടെ വിവരണമായാണ്  വർത്താന പുസ്തകം ( 1789)എഴുതിയത് .  സരള  മലയാളത്തിന്റെ  വെളിച്ചം കുഞ്ചൻ നമ്പ്യാരിലൂടെയാണ്   കൂടുതൽ തെളിവായതു.  പതിനെട്ടാം നൂറ്റാണ്ടിൽ  കുഞ്ചൻ നമ്പ്യാർ  സാധാരണ സരള മലയാള സഹൃദയ വഴികളിലൂടെ പത്തൊമ്പതാം  നൂറ്റാണ്ടിൽ എത്തിച്ചത്.  

പക്ഷെ  ഈ മുഖ്യധാര  ആഖ്യാനത്തിന് പുറത്തും  പല വഴികളിൽ  പലമലയാളങ്ങളുമുണ്ടായിരുന്നു.  പത്തൊമ്പതാം നൂറ്റാണ്ടുവരെ സുറിയാനി ലിപിയിൽ എഴുതിയ  സുറിയാനി മലയാളം നസ്രാണികളുടെ  ഇടയിൽ സജീവമായിരുന്നു. കാരിയാട്ടിൽ  മാർ ഔസേപ്  എഴുതിയ വേദ താരകം  സുറിയാനി മലയാളത്തിലാണ്.
അതുപോലെ  തന്നേ സജീവമായിരുന്നു  അറബി മലയാളം. പല നൂറ്റാണ്ടുകളായി വളർന്ന അറബി മലയാളത്തിൽ ആണ് ആദ്യമായ് ഒരു പേർഷ്യൻ നോവൽ  ചഹർ ഡെർവിഷ് 1883 ൽ അറബി മലയാളത്തിൽ പരിഭാഷ പെടുത്തിയത്. മോയിൻ കുട്ടി വൈദ്യരെ പ്പോലുള്ള അറബി,  സംസ്‌കൃത പണ്ഡിതരെ  മുഖ്യധാര മലയാളത്തിൽ അധികമാരും അറിയില്ല.. അഷ്ട്ടാങ്ങ ഹൃദയ, അമരകോശ,  പഞ്ചതന്ത്രകഥകളും അറബി മലയാളത്തിൽ പരിഭാഷ പെടുത്തിയത്  അദ്ദേഹമാണ്..

അതുപോലെ കൊച്ചിയിലേ  യഹൂദർ ഉപയോഗിച്ച യൂദ മലയാളം. അതുപോലെ കാർഷോണി. ചുരുക്കത്തിൽ പല കൈവഴികയിലൂടേയും തായ് വഴികളിലൂടെയും നാട്ടു മൊഴിയായും,  കലർപ്പു മൊഴിയായായും കച്ചവട ഭാഷയായും മത -ആത്മീയ ഭാഷയായും പലവഴിയിൽ  പലയിടത്തു  കൂടി ഒഴുകിയാണ് മലയാളം വന്നത്. അതിൽ പഴയ -ജൈന മതങ്ങളുടെ പാലിയും,  പ്രാകൃതും,  തമിഴും,  ആരാമ്യ,  ഹീബ്രു,  ചൈനീസ്, അറബിക്,  പേർഷ്യൻ,  സിറിയക്, പോർച്ചുഗീസ്,  സംസ്‌കൃത, ഡച്ചു,  ഇഗ്ളീഷ്  ചേരുവകൾ എല്ലാമുണ്ട്.  ഇവിടെ ആളുകൾ പറഞ്ഞ വാമൊഴികൾക്ക് രണ്ടായിരത്തി  അഞ്ഞൂറ് വർഷങ്ങളുടെ  വാക്ക് ചേരുവകളുണ്ട്. അതു കൊണ്ടു തന്നെ ശുദ്ധ മലയാളം  എന്നിപ്പോൾ  പറയുന്ന  മാനക മലയാള  നിർമ്മിതിക്ക് നൂറുകൊല്ലത്തെ  പഴക്കം പോലുമില്ലന്നു മറക്കരുത്  

 പത്തൊമ്പതാം  നൂറ്റാണ്ടിൽ മലയാളത്തെ ചിട്ടപ്പെടുത്തി വ്യവസ്ഥാപകൽവരിക്കാൻ നേതൃത്വം നൽകിയതിൽ പ്രമുഖർ വിദേശികളായിരുന്നു.
 ബഞ്ചിൽ ബെയ്‌ലി എന്ന സായിപ്പ് ആണെല്ലോ ഇപ്പോൾ മലയാളം അക്ഷരങ്ങളുടെ ലിപിയെ 1824 അച്ചടിക്കുന്നതിന് വേണ്ടി ടൈപ് കാസ്റ്റ് വാർത്തെടുത്തത്.  ആ അക്ഷര -ലിപി മാതൃകൾ അഞ്ചുവർഷം പുതുക്കി 1829 ൽ  ചിട്ടപ്പെടുത്തിയ  അക്ഷര-ലിപി മാതൃകകയാണ് ശുദ്ധ മലയാളം വിദ്വാൻമാരും ഇന്നും ഉപയോഗിക്കുന്നത്.  അതിനു 1967 ൽ ശൂരനാടു കുഞ്ഞൻ പിള്ളയുടെ നേതൃത്വത്തിൽ ഉള്ള സമതി അല്ലറ ചില്ലറ മാറ്റങ്ങൾ വരുത്തി. ചുരുക്കത്തിൽ   സി  എം  സിന്റെ  ബെയ്‌ലി സായിപ്പും  ബേസൽ മിഷന്റ  ഗുണ്ടർട്ട് സായിപ്പുമാണ് ഇന്ന് നമ്മൾ ശുദ്ധ മലയാളം  എന്നൊക്ക അവകാശപ്പെടുന്ന മലയാള ഭാഷയെ  ഇന്നറിയുന്ന രീതിയിൽ ചിട്ടപ്പെടുത്തി വരുതിയിലാക്കി മാനക മാനനീയ മലയാള ഭാഷ  ഇന്നുള്ള രീതിയിലാക്കിയത്.  അവർ അന്ന് എന്ത് ഗണിച്ചു അനുമാനിച്ചോ അതാണ്‌ നമ്മൾ ഇന്നും  അധികാരികം എന്ന് പറയുന്ന മലയാളം.

 അങ്ങനെ  മലയാള ഭാഷ ഇന്ന് നമ്മൾ ഉപയോഗിക്കുന്ന തരത്തിൽ ഉള്ള വ്യവസ്ഥവൽക്കരണം നടക്കുന്നത്  1820 കൾ മുതലുള്ള ഒരു നൂറു വർഷത്തിനിടയിലാണ്. അതിൽ  സി. എം എസ്,  എൽ എം എസ് ബേസൽ മിഷനും  ബൈബിൾ പരിഭാഷയുമാണ്  അതിനു  വേണ്ട  നിഘണ്ടുവും   (Lexicography ). അക്ഷരം -ക്രമീകരണ  രീതിയും  ( Orthography ),  വ്യാകരണവും  (Grammar ) രൂപപെടുത്തിയത്  1820 മുതലുള്ള  അറുപതു വര്ഷങ്ങളിലാണ്.  1841ൽ  പിറ്റ് സായിപ്പാണ്‌ മലയാള ഭാഷക്ക് ഒരു  വ്യാകരണ പുസ്തകം എഴുതി പ്രസിദ്ധികരിച്ചത്. മലയാളിയായ  ജോർജ്  മാത്തൻ  മലയാള ഭാഷയുടെ  വ്യാകരണം  എന്ന  പുസ്തകം പ്രസിദ്ധീകരിച്ചത് 1863 ൽ. എ ആർ രാജ രാജ വർമ്മ കേരള പാണിനീയം എന്ന വ്യാകരണ പുസ്തകം പ്രസിദ്ധീകരിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ 1896 ലാണ്
. ഒരു പക്ഷേ ഇന്നത്തെ മാനനീയ മുഖ്യധാര ഭാഷ പഠനത്തെ  പല കാരണങ്ങൾ കോണ്ടും  ഗണ്യമായി സ്വാധീനിച്ചത്  തിരുവനന്തപുരം മഹാരാജാസ് കോളേജ് (ഇന്നത്തെ യൂണിവേസിറ്റി കോളജ് ) ഭാഷാ പ്രൊഫസർ ആയിരുന്ന രാജ രാജവർമ്മയുടെ കൃതികളാണ്.  അദ്ദേഹം മലയാളത്തിലും  സംസ്‌കൃതത്തിലും  എഴുതി .  ഒരു പരിധിവരെ ആധുനിക മാനക മലയാളത്തിലെ സംസ്‌കൃത പദ സഞ്ജയ ബഹുത്വത്തിനും കാരണം ഇരുപതാം നൂറ്റാണ്ടിലെ ഔദ്യോഗിക ഭാഷ രേഖകൾക്കും ഭാഷാ പഠന സംവിധാനത്തിനും നേതൃത്വം കൊടുത്ത  ഭാഷാ  ഭരണ വരേണ്യരാണ്.  
എല്ലാവർക്കും  അറിയാവുന്നത് പോലെ  മലയാള ഭാഷയെ  വ്യവസ്ഥാപവൽക്കരിച്ചു നിലവിലെ   മാനക ഭാഷയാക്കാൻ  ശ്രമിച്ചവരിൽ പ്രമുഖൻ  ജർമൻകാരനായ ഹെർമ്മൻ  ഗുണ്ടർട്ട്  എന്ന  അസാമാന്യമായ  ഭാഷപാടവമുള്ളയാളായിരുന്നു.

ഇരുപത്തി ഒന്ന് വയസ്സിൽ  ഫിലോജിയിൽ  ഡോക്ടറേറ്റ് എടുത്തു,  തിയോളജിയും പഠിച്ചു  1836  ഇരുപത്തി രണ്ടാമത്തെ വയസ്സിൽ ഇന്ത്യയിൽ എത്തിയ ഗുണ്ടർട്ട്  മാസങ്ങൾക്കുള്ളിൽ  ബംഗാളി,  ഹിന്ദുസ്ഥാനി,  തെലുങ്ക്,  തമിഴ്  എന്നീ ഭാഷകൾ പഠിച്ച അസാമാന്യ  ഭാഷ  വിജ്ഞാനീയ പ്രതിഭയായിരുന്നു  ഗുണ്ടർട്ട്.  1838 ൽ  ബേസൽ മിഷനിൽ ചേർന്ന  ഗുണ്ടർട്ട് തിരുനെൽവേലിയിൽ നിന്നും നാഗർകോവിൽ വഴി തിരുവനന്തപുരത്തു  വന്നു സ്വാതി തിരുനാൾ മഹാരാജാവിനെ കണ്ടു. അന്നായിരിക്കാം മലയാളം ഭാഷയുടെ ഭാവിയെ നിർണ്ണായകമായി  സ്വാധീനിച്ച അദ്ദേഹം മലയാളം ആദ്യമായി കേട്ടത്.  അതുകഴിഞ്ഞു  1838 ൽ 24 വയസ്സ് മുതൽ 1859 ൽ  45 വരെ  അദ്ദേഹം തലശ്ശേരിയിലും മലബാറിലും ആയിരുന്നു.  ആ ഇരുപത് കൊല്ലം കൊണ്ടു അദ്ദേഹം മലയാളത്തിന്റെ  മനസ്സറിഞ്ഞു  മാറ്റത്തിന്റ ചുക്കാൻ പിടിച്ച ഭാഷാ പ്രതിഭയായി  മാറി.

ഗുണ്ടർട്ട്  കേരളോൽപത്തി പ്രസിദ്ധീകരിച്ചത് 1843 ൽ പഴൻചൊൽമാല  പ്രസിദ്ധീകരിച്ചത്  1845 ൽ. മലയാള  ഭാഷ  വ്യാകരണം 1851 ൽ.   1860 ൽ മലയാള ഭാഷയിലേ  ആദ്യ  ഭാഷ പാഠ പുസ്തകം രചിച്ചു  പ്രസിദ്ധപ്പെടുത്തിയതും  മലയാളിയല്ലാത്ത  ഹെർമൻ  ഗുണ്ടർട്ട് എന്ന ജർമൻകാരണാണ്.  മലയാളത്തിൽ പങ്ക്‌ച്ചുവേഷൻ മാർക്ക് ഉപയോഗിച്ചതും  ഗുണ്ടർട്ട് തന്നെ.രാജ്യ സമാചാരം  എന്ന പത്രം  1847ൽ  തുടങ്ങിയതും അദ്ദേഹമാണ്.   അദ്ദേഹം  1859 ൽ കേരളത്തിൽ മടങ്ങി ജർമനിയിൽ  എത്തിയ ശേഷം  1872 ലാണ് മലയാളം -ഇന്ഗ്ലിഷ് നിഘണ്ടു  പ്രസിദ്ധീകരിച്ചത്.  ഇതിനിടയിൽ കേരള പഴമ  എന്ന  ചരിത്രവും ,  മലയാള രാജ്യം  എന്ന ജിയോഗ്രഫി പുസ്‌തവും   പതിനെട്ടാം നൂറ്റാണ്ടിലാണ് ഇന്ന് നാമറിയുന്ന മലയാളം ഒരു നിയത സ്വരൂപമുള്ള വര്ത്തമാന ഭാഷയായി രൂപപ്പെടുന്നത്. അതിനർത്ഥം അതിനു മുമ്പ്‌ മലയാളമില്ലെന്നല്ല. അതിനു മുമ്പ്‌ ഇന്ന് നമ്മൾ മലയാളമെന്നു വിളിക്കുന്ന ഭാഷ പലവിധ നാട്ടു മൊഴിയും കാട്ടു മൊഴിയും വരമൊഴിയുമായൊക്കെ ഇപ്പോൾ നമ്മൾ കേരള സംസ്ഥാനം എന്നു വിളിക്കുന്ന  ഭൂപ്രദേശത്തു നിലനീന്നിരിക്കണം.  ഒരു പക്ഷെ നമ്മൾ ഇന്ന് മലയാളം എന്നറിയുന്ന ഭാഷ പ്രയോഗങ്ങളിൽ നിന്നും പലതര  വ്യത്യാസങ്ങളുള്ള  വായ്മൊഴികളാകണം കേരളത്തിലെ വിവിധ ഇടങ്ങളിൽ പറഞ്ഞത്. മലകളുടെ  അളങ്ങളിൽ പറഞ്ഞ വാമൊഴികൾ മലയാളം എന്ന നിയത ഭാഷ  രുപമായി പരിണമിച്ചു വളരാൻ തുടങ്ങിയത് പതിനെട്ടാം നൂറ്റാണ്ടു മുതലായി യിരുന്നു.  

മിക്ക ഇന്ത്യയിൽ മുഖ്യധാര ഭാഷകളെയും പോലെ ഒരു പ്രത്യക ഭാഷ വഴികളായി രുപമെടുക്കാൻ പതിനാലാം നൂറ്റാണ്ടിന്റ തുടക്കം മുതലാകണം. ആ കാലങ്ങളിലാണ് ഇന്ത്യയിലേ പലദേശങ്ങളിലെയും വാമൊഴികൾ വൈഷണവ ഭക്തി പ്രസ്ഥാനങ്ങൾ വഴിയായി ഭാഷയുടെ പുതിയ പ്രോട്ടോ വ്യവഹാര രൂപങ്ങളിലേക്കു മാറുവാൻ തുടങ്ങിയത്. പതിനാലാം നൂറ്റാണ്ടിലെ  രാമചരിതവും  മറ്റും  അങ്ങനെ ഉരുവായ  പുതിയ  ഭാഷാ  രൂപങ്ങളുടെ  അടയാളപ്പെടുത്തലാണ്. പക്ഷെ അന്ന് ഈ  ഭൂ പ്രദേശത്തു   ജീവിച്ചിരുന്ന ആളുകൾ അനുദിനം പറഞ്ഞിരുന്ന വാമൊഴികളെ കുറിച്ച് ഉഹാപോഹ അനുമാനങ്ങൾക്ക് അപ്പുറം കൃത്യമായ  തെളിവുകൾ  ഒന്നുമില്ല.

മലയാളം എഴുതിയിരുന്നതും നാരായം ഉപയോഗിച്ചു താളിയോലകളിലോ ആയിരുന്നു.കടലാസ്സും പേനയും മഷിയുമൊക്കെ പോർച്ചുഗീസ് വാക്കുകളാണ്.  കാരണം അവരും ജസ്യൂട്ട്   പാതിരി  (അതും  പോർച്ചുഗീസ്  തന്നെ )മാരും കച്ചവടക്കാരുമാണ്  പുതിയ എഴുത്തു സാമഗ്രികളും സാങ്കേതിക വിദ്യകളും  ഈ ഭൂപ്രദേശത്തു അവതരിപ്പിച്ചതു. പതിനാറാം നൂറ്റാണ്ടിൽ അവരാണ് ഇവിടെ പ്രിന്റിംഗ് പ്രസ്സ് എന്ന പുതിയ സാങ്കേതിക വിദ്യ കൊണ്ടു വന്നത്.  അച്ചു എന്നു ചാപ്പ എന്നീ പദങ്ങൾ മലയാളത്തിൽ കടന്നു കൂടിയത് അങ്ങനെയാണ്. കൊച്ചിയിലും കൊല്ലത്തും അമ്പഴക്കാട് എന്നിവിടങ്ങളിലാണ്  അച്ചുകൂടങ്ങൾ അവർ  സ്ഥാപിച്ചത്.  പക്ഷേ അവർ 1578 ൽ  അമ്പഴക്കാട്ട്  ഇറക്കിയ പുസ്തകം  ഫ്രാൻസിസ് സേവ്യറിന്റെ  ക്രിസ്തീയ വിശ്വാസത്തെ കുറിച്ചുള്ള പുസ്തത്തിന്റെ  തമിഴ്  പരിഭാഷയായിയിരുന്നു.  അന്ന് അച്ചടിച്ച പുസ്തകങ്ങൾ  എല്ലാം  തമിഴിൽ ആയതിനാൽ കേരളത്തിൽ  ആ കാലങ്ങളിൽ തമിഴ് പ്രചാരത്തിലുള്ളതായി  അനുമാനിക്കാം.
ലാറ്റിൻ ഭാഷയിൽ എഴുതി ആംസ്റ്റർ ഡാമിൽ പതിനേഴാം  നൂറ്റാണ്ടിൽ (1678-1693l പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കസ്  (മലബാറിലെ പൂങ്കാവനം  എന്നർത്ഥം ) എന്ന ബ്രഹ്ത് ഗ്രന്ഥത്തിലാണ്  മലയാളം അക്ഷരങ്ങളും  പദങ്ങളും ആദ്യമായി അച്ചടിച്ചത്. കേരളത്തിലെ സസ്യം ജാലങ്ങളെക്കുറിച്ച് മുപ്പതു വർഷം മെടുത്തു  അന്നത്തെ  മലബാറിൽ ഡച്ചു  ഗവർണർ   ഹെൻറിക്ക് വാൻ റീഡിന്റെ  മേൽനോട്ടത്തിൽ  നടത്തിയ വിവരശേഖരം അടങ്ങിയ കേരളത്തെക്കുറിച്ചു ഇറങ്ങിയ ആദ്യത്തെ ശാസ്ത്ര ഗ്രന്ഥമായും ഇതിനെ പരിഗണിക്കാം. 12 വോളിയങ്ങളിൽ ഉള്ള ഈ ബ്രഹ്ത് ഗ്രന്ഥം കെ എസ് മണിലാൽ മലയാളിത്തിലെക്കു മൊഴിമാറ്റം നടത്തി ഡോക്ടർ ബി ഇക്‌ബാൽ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ആയിരുന്നപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 '
സംപേക്ഷക  വേദർഥം'  മലയാളത്തിലെ ആദ്യ  അച്ചടി പുസ്തകം   1772 ൽ  റോമിലാണ് അച്ചടിച്ചത്. അതിനുള്ള  അച്ചു വിളക്കിഎടുത്തത് ക്ലെമെന്റ് പൈനിസിസ്  എന്ന ഇറ്റാലിയൻ  പുരോഹിതനാണ് . ഒരുപക്ഷെ മലയാളം ഭാഷ മുദ്രണത്തിന്റെ പിതാവ് എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാം .
അതു കഴിഞ്ഞു മലബാർ ടൈപ്പ് എന്ന പേരിൽ  മലയാള അക്ഷര അച്ചു നിരത്തിയത് ബോംബെ കൊറിയർ പ്രെസ്സിലെ ബെഹറാംജീ ജീജഭായ് എന്ന  പഴ്‌സിയാണ്.  അവിടെനിന്നാണ് 1811 ൽ ആദ്യമായി പുതിയനിയമത്തിന്റെ പരിഭാഷ അച്ചടിച്ചു  പ്രസിദ്ധപ്പെടുത്തിയത് . അതുകഴിഞ്ഞു  1824 മുതൽ  1829 വരയുള്ള  കാലത്താണ്  വട്ട വടിവ് രൂപത്തിൽ  ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന  അക്ഷരങ്ങൾ ഡിസൈൻ ചെയ്തു രൂപപ്പെടുത്തിയത്.1830  ൽ  ബെയ്‌ലി പുതിയ നിയമത്തിന്റെ  പതിപ്പ് പുതിയ അച്ചടി  മാതൃകയിൽ പ്രസിദ്ധീകരിച്ചു.
ഇന്ത്യയിലെ മറ്റു പല ആധൂനിക ഭാഷ വികാസത്തിന് വഴി തെളിച്ചതു ബൈബിൾ പരിഭാഷയുമായി ബന്ധപെട്ടു  ആധുനിക ഭാഷാ വിജ്ഞാനീയാ രീതി ഉപയോഗിച്ചു  നിഘണ്ടുവും അക്ഷര ക്രമങ്ങളും,  വ്യാകരണ ചിട്ടപ്പെടുത്തലും അച്ചടി സാങ്കേതിക വിദ്യയും ആധിനിക വിദ്യാഭ്യാസ  രീതിയുമാണ്.  പത്തൊമ്പതാം നൂറ്റാണ്ടിലെ മലയാളം ഭാഷാ വികസനത്തിനും വളർച്ചക്കും  ഇതു ഒരു സുപ്രധാന ഘടകമായിരുന്നു.

മലയാളത്തിൽ ആദ്യമായി ബൈബിൾ പരിഭാഷ തുടങ്ങിയത് 1806 ൽ  മലയാളികളായ  പുലികോട്ടിൽ ജോസഫ്  ഇട്ടൂപ്പും കായംകുളം ഫിലിപ്പോസ് റമ്പാണുമാണ്.  അവർ സിറിയക്കിൽ നിന്നാണ് മലയാളത്തിലേക്ക്,  തമ്പാൻ പിള്ളയുടെ സഹായത്തോടെ പരിഭാഷ പെടുത്തിയത്.   ഇവർ ചെയ്ത പുതിയ നിയമ പരിഭാഷയുടെ 1811 ൽ   500 കോപ്പികൾ ബോംബയിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു.  ഇതിനെ നവീകരിച്ചാണ് പിന്നീട്  ബഞ്ചമിൻ ബെയ്‌ലിയും ഗുണ്ടർട്ടും എല്ലാം പരിഭാഷപ്പെടുത്തി  മലയാളത്തിലെ സത്യം വേദപുസ്തകം  ഒരു നൂറ്റാണ്ടോളം നിലനിന്ന ഭാഷാ വികസന വിദ്യാഭാസ    പ്രക്രിയയിലൂടെ രൂപപെട്ടത്.

കേരളത്തിലെ വിവിധ ജാതി  മത പ്രാദേശിക  വിഭാഗങ്ങൾക്ക് വിവിധ വാമൊഴി  നാട്ടു മൊഴി പാരമ്പര്യങ്ങുളുണ്ട് . എന്നാൽ ഭാഷയുടെ  അധികാരി വർഗ്ഗം അതാതു സമൂഹത്തിലെ ജാതി വരേണ്യ വിഭമാണ്. കേരളത്തിൽ അതു പത്താം നൂറ്റാണ്ടു മുതൽ   അതു  ഭൂഅധികാരികളും   അമ്പല പുരോഹിതരുമായ  നമ്പൂതിരി  ബ്രമ്മണ  വിഭാത്തിനു ആയിരുന്നു.  അതുകൊണ്ട് തന്നെ അവരുടെ അധികാര മേധാവിത്ത ഭാഷയുടെ ചരിത്ര നിർമ്മാണത്തയും  വ്യയവസ്ഥാപവൽക്കരണത്തെയും  സ്വാധീനിച്ചിട്ടുണ്ട്.

പത്തൊമ്പതാം നൂറ്റാൻഡിലെ കോളനി ഭരണത്തണൽ ബൈബിൾ പരിഭാഷകരായ വിദേശികൾക്കും പരി രക്ഷിണ കൊടുത്തും. ഇരുപതാം നൂറ്റാണ്ടിൽ ആദ്യ ദശകങ്ങളിൽ ഭാഷ വിദ്യാഭ്യാസ രീതിക്കു രൂപം കൊടുത്തതും ജാതി വരേണ്യരായിരുന്നു. അതു മനസിലാക്കണെമെങ്കിൽ  1892 ൽ സ്ഥാപിച്ച ഭാഷ പോഷിണി സഭയുടെ അംഗങ്ങളുടെ കണക്കു  നോക്കിയാൽ  മതി . ജാതി വരേണ്യതയുടെ   സംസകൃറ്റൈസേഷൻ (എം  എൻ   ശ്രീനിവാസൻ പറഞ്ഞത് പോലെ ) ആണ് ശുദ്ധ ഭാഷയുടെ  ശുദ്ധ കരണവൻമാർ.

അതുകൊണ്ടാണ് ' വായിൽ തോന്നിയത് കോതക്ക് പാട്ട്,'  എന്ന മട്ടിൽ കീഴാള മൊഴികൾ ഇകഴ്ത്തി   മാനനീയ മാന്യ  മാനക മലയാളത്തെ ആഢ്യവൽക്കരിക്കുന്നത്.
ജെ എസ് അടൂർ

#Malayalam _language_article

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക