Image

ടർക്കിഷ് ഡിലൈറ്റ്: മലയാളികൾക്ക് തുർക്കിയോടു  ഹരം കൂടുന്നു (കുര്യൻ പാമ്പാടി)

Published on 25 June, 2023
ടർക്കിഷ് ഡിലൈറ്റ്: മലയാളികൾക്ക് തുർക്കിയോടു  ഹരം കൂടുന്നു (കുര്യൻ പാമ്പാടി)

മലയാളികൾക്കു  തുർക്കിഎന്ന് വിളിച്ചു പഠിച്ച ടർക്കിയോടു ഹരം. നേരിട്ട് ഫ്ലൈറ്റ് ഇല്ലാതിരുന്നിട്ടു കൂടി ഗൾഫ് വഴി ഈസ്റ്റാംബൂളിലും അങ്കാറയിലും മെഡിറ്ററേനിയൻ തീരത്തെ റിസോർട്ടുകളിലും ബോസ് ഫ്രറസ് കടലിടുക്കിലും ക്ലിയോപാട്രയുടെ സ്നാനഘട്ടത്തിലും പോയി വരുന്നവരുടെ എണ്ണം കൂടി.

തിരുവനന്തപുരത്തെ സോനാ മാത്യു ഈസ്റ്റാംബൂൾ തെരുവിലെ ട്രാമിന് മുമ്പിൽ

നല്ല ഹൈവേകൾ , യൂറോപ്പിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടുകൾ, ഹൈസ്പീഡ് ട്രെയിൻ, ടർക്കിഷ് ഡിലൈറ് പോലുള്ള മിഠായികൾ,,  രസം ഊറി വരുന്ന ഭക്ഷണം എല്ലാറ്റിനും ഉപരി, റോമൻ, ഗ്രീക്ക്, ഓട്ടോമൻ സംസ്ക്കാരങ്ങളുടെ സ്മാരകശിലകൾ ഇവയെല്ലാം ടർക്കിയെ വേറിട്ട് നിർത്തുന്നു--അടുത്തയിടെ  പോയി വന്ന  ഡെനീസ്-ലീനു, ജിജോ-സോന,  സജിൻ-ദിവ്യ ദമ്പതികൾ  സാക്ഷ്യപ്പെടുത്തുന്നു.

'ഹൈവേകൾ  നമ്മുടെതിനേക്കാൾ മെച്ചം, കാറിൽ ഈസ്റ്റാംബൂൾ മുതൽ തലസ്ഥാനമായ അങ്കാറ വരെയുള്ള  470 കിമീ   5  മണിക്കൂർ കൊണ്ട് ഓടിയെത്തി. ഇടയ്ക്കു വിശ്രമിച്ച 20 മിനിറ്റ്  ഉൾപ്പെടെ. ഇന്ത്യയിലാണെങ്കിൽ  300 കിമീ ഓടാൻ അത്രയും സമയം എടുക്കും. പക്ഷെ ഒന്നുമുണ്ട്. അവരുടെ ഡിജിറ്റലൈസേഷൻ നമ്മുടേതിനേക്കാൾ പത്തു വര്ഷം പിന്നിലാണ്,' മെഡിസിൻ കഴിഞ്ഞു ഖരഗ്‌പൂർ ഐഐടിയിൽ എൻജിനീയറിങ് പിജി ചെയ്ത ഡെന്നിസ് പറയുന്നു.

പാലായിലെ ഡെന്നിസും ലീനുവും ബോസ് ഫറസ്‌ കടലിടുക്കിലെ ബോട്ടിൽ

ബാങ്കളൂരിൽ നിന്ന്  എയർ അറേബ്യഎയർബസ് വിമാനത്തിലാണ് ഡെനീസും ലീനുവും പോയി വന്നത്, പോകുമ്പോൾ  ഷാർജയിൽ നാല് മണിക്കൂർ കാത്തു കിടക്കേണ്ടി വന്നു. തിരികെ വരുമ്പോൾ രണ്ടു മണിക്കൂറും. ദുബായിയെ അപേക്ഷിച്ച് വളരെ പിന്നിലാണ് ഷാർജ എയർപോര്ട്. ബാംഗ്ളൂർ -ഈസ്റ്റാംബൂൾ പോയി വരാൻ ഒരാൾക്ക് 60,000  രൂപ.

യൂറോപ്യൻ ഈസ്റ്റാംബൂൾ--ഏഷ്യൻ ഭാഗത്തു നിന്നുള്ള  കാഴ്ച്ച

ഒമ്പതു ദിവസത്തിനിടയിൽ ടർക്കിയിൽ അഞ്ചു ഹോട്ടലുകളിൽ താമസിച്ചു. ടർക്കിഷ് എയർലൈൻസിൽ ആഭ്യന്തര യാത്ര, 1800 കിമീ. സ്വയം ഡ്രൈവ് ചെയ്തു പോകാൻ എടുത്ത റെനോ മെഗാൻ കാറിന്റെ വാടക, ഹോട്ടലുകളിലെ താമസം, ഷോപ്പിംഗ് എല്ലാം ഉൾപ്പെടെ രണ്ടു പേർക്ക് മൊത്തം ചെലവ്  നാല് ലക്ഷം രൂപ.

ബ്ളാക് സീയിൽ നിന്ന് മെഡിറ്ററേനിയനിലേക്കു  ഒഴുകുന്ന ബോസ്ഫറസ് കടലിടുക്കിലെ ബോട്ടു യാത്രയോടെയാണ് തുടക്കം. പടിഞ്ഞാറു യൂറോപ്പ്, കിഴക്കു ഏഷ്യ. രണ്ടിടത്തും വിമാനത്താവളങ്ങൾ. ബ്ലാൿസിയോട് ചേർന്നാണ് ഉക്രൈൻ. യുദ്ധം മൂലം അവരുടെ ഗോതമ്പു കപ്പലുകൾ വഴി കയറി അയക്കാൻ റഷ്യയോട് മധ്യസ്ഥത വഹിച്ചത് ടർക്കിയാണ്.

അങ്കാറയിൽ അത്തത്തുർക്കിന്റെ കുടീരം; പ്രസി. എർദോഗൻ, അത്തതുർക്ക്


യൂറോപ്യൻ ഭാഗത്തെ അവരുടെ പ്രധാന എയർപോർട് യൂറോപ്പിലെ ഏറ്റവും തിരക്കേറിയ താവളം ആണ്. 2022 ൽ 64. 5 മില്ല്യൺ യാത്രക്കാർ. രണ്ടാമത് ലണ്ടൻ ഹീത്രോ-61 മില്യൺ. ഏഷ്യൻ ഈസ്റ്റാംബൂൾ എയർപോർട്ടിന്നു 40 ആം സ്ഥാനം--30 മില്യൺ.

കീറ്റ്‌സ് പ്രകീർത്തിച്ച ബൈസാന്റിയം സാമ്രാജ്യം ആയിരുന്നു ആദ്യം. പിന്നീണ് റോമൻ സാമ്രാജ്യം. ഈസ്റ്റേൺ റോമൻ എമ്പയറിന്റെ ആസ്ഥാനം ആയിരുന്നു കോൺസ്റ്റേറ്റിനോപ്പിൾ എന്ന ഇന്നത്തെ ഈസ്റ്റാംബൂൾ. ബൈബിളിൽ ആ നഗരത്തിനു പേര് കുസ്റ്റേന്തിനോസ്പോളീസ്. അവിടെ ഗ്രീക്കു ക്രിസ്ത്യാനികൾ ഭരിച്ചു. ഓട്ടോമൻ മുസ്ലിംകളുടെ ആക്രമണകാലത്ത് ക്രിസ്ത്യാനികൾ കപ്പനോക്കിയയിലെ അഗ്നിപർവത ഗുഹകളിൽ ഒളിച്ചു താമസിച്ചു. ആ ഗുഹകളെല്ലാം ഇന്ന് ടൂറിസ്റ്റു കേന്ദ്രങ്ങളാണ്.

പാമുക്കാലേ ഹോട് സ്പ്രിങ്സ്-ജിജോ, ദിവ്യ, സജിൻ, സോന

അഞ്ചാം നൂറ്റാണ്ടിൽ സ്ഥാപിച്ച ഈസ്റ്റാംബൂളിലെ ഹാഗിയ സോഫിയ  പള്ളി സഞ്ചാരികളുടെ ഹരമാണ്. ആധിനിക ടർക്കിയുടെ പിതാവ് കെമാൽ അത്തത്തുർക്ക് പള്ളിയെ മോസ്‌ക് ആക്കി. 1935 ൽ അത് മ്യുസിയം ആയി. എർദോഗൻ അതിനെ വീണ്ടും മുസ്ലിം പള്ളിയാക്കി. തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടിയാണത്ര ഈ മാറ്റം വരുത്തിയത്.

രണ്ടു ഘട്ടങ്ങളിലായാണ് റിസപ് തയ്യിപ് എർദോഗൻ ഇത്തവണ തെരഞ്ഞെടുപ്പിൽ ജയിച്ച്ചത്. ആദ്യ ഘട്ടത്തിൽ മതിയായ ഭൂരിപക്ഷം കിട്ടിയില്ല. രണ്ടാമത്തെ വോട്ടെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിനു കടന്നു കൂടി. തോറ്റു നിൽക്കുമ്പോഴാണ് മലയാളികളുടെ നാൽവർ  സംഘം ഈസ്റ്റാംബൂളിൽ വിമാനം ഇറങ്ങുന്നത്. ജയം ഉറപ്പിച്ചപ്പോൾ ഡെന്നിസ്-ലീനുമാർ എത്തി.

ആദ്യവനിത: ടർക്കി സെൻട്രൽ ബാങ്ക് ഗവർണർ ഡോ. ഹാഫിസ് ഗയെ

യൂറോപ്യൻ യൂണിയനിൽ ചേരാൻ അപേക്ഷ സമർപ്പിച്ചു കാത്തിരിക്കുകയാണ് എർദോഗൻ. 'ഇസ്ലാമിക സെക്കുലരസം' ആണ്  മുദ്രാവാക്യം. ആദ്യം പ്രസിഡന്റായ കാല ഘട്ടത്തിൽ പർദ്ദ ധരിച്ച ഒരു പാർലമെന്റ് അംഗത്തെ ഇറക്കി വിട്ട ചരിത്രമുണ്ട് അവർക്ക്. ഇത്തവണ ആദ്യം ചെയ്ത വിപ്ലവകരമായ തീരുമാനം ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ സെൻട്രൽ ബാങ്കിന്റെ ഗവർണർ ആക്കിയതാണ്.  ഹഫീസ് ഗയെ എർക്കാൻ (41)  യുഎസിലെ പ്രിൻസ്ടൺനിൽ നിന്ന് ഡോക്ട്രേറ് നേടിയ ആളാണ്.

പൗരാണിക ഗ്രീക്ക് നഗരം ഹീരാപോളീസിലെ ആംഫി തീയേറ്റർ

കാറോടിച്ച് തലസ്ഥാനമായ അങ്കാറയിൽ എത്തിയ ഡെന്നിസ്, ലീനു  ദമ്പതിമാർ ആധുനിക തർക്കിയുടെ പിതാവായ മുസ്തഫാ കെമാൽ അത്തതുർക്കിന്റെ കുടീരം സന്ദർശിച്ചു. പാമുക്കാലെ, കപ്പഡോക്കിയ, ഹീറോപ്പോളിസ് ഒക്കെ കണ്ടു.  പാമുക്കാലെയിൽ ഹോട് എയർ ബലൂണിൽ സഞ്ചരിച്ചു. കപ്പഡോക്കിയയിലെ അഗ്നിപർവത ഗുഹകൾ കണ്ടു. ഓട്ടോമൻ അറബി ആക്രമണ കാലത്തു ക്രിസ്ത്യാനികൾ ഒളിച്ചു താമസിച്ച ഗുഹകൾ.

ഈസ്റ്റാംബൂളിലെ ബ്ലൂ മോസ്‌ക്; എഫേസൂസിലെ തകർന്നടിഞ്ഞ ഗ്രന്ഥാലയം

ഹീറോപ്പോളീസിൽ പൗരാണിക സംസ്ക്കാരത്തിന്റെ അവശിഷ്ട്ടങ്ങൾ കണ്ടു. ചുണ്ണാമ്പു മലകൾക്കിടയിൽ നിന്ന് നിറച്ച് പൊങ്ങുന്ന ചൂടുവെള്ളത്തിൽ കുളിച്ചു. ഈജിപ്ഷ്യൻ രാജ്ഞി ക്ളിയോപാട്ര സ്നാനം ചെയ്‌തെന്ന് കരുതുന്ന കുളത്തിൽ കുളിക്കാനും കഴഞ്ഞു. പടിഞ്ഞാറോട്ടു  കാറോടിച്ച് മെഡിറ്ററേനിയൻ തീരത്തെ റിസോർട് ടൗണുകളായ ഫെതിയെയും ഒലുഡെനീസും കണ്ടു. മെഡിറ്ററേനിയൻ കടലിൽ ബോട്ടു സവാരി ചെയ്യാനും കഴിഞ്ഞു.

കാറിൽ ഗ്രാമങ്ങളിലൂടെ; ക്രിസ്ത്യാനികൾ ഒളിച്ചു താമസിച്ച അഗ്നി പർവത ഗുഹകൾ

അത്തത്തുർക്കിന്റെ ഭരണകാലത്തു ഗ്രീസുമായുണ്ടാക്കിയ കരാർ പ്രകാരം ഗ്രീക്ക് ക്രിസ്ത്യാനികൾ  ഒഴിഞ്ഞു പോയ കായാക്കോയിലെ നൂറുകണക്കിനു  വീടുകൾ കണ്ടു. ആളൊഴിഞ്ഞ പ്രേതനഗരം. ഗ്രീസിൽ നിന്നു മടങ്ങിയ അരലക്ഷത്തോളം മുസ്ലിംകളെ ടർക്കി സ്വീകരിച്ച്‌ പുനരധിവസിപ്പിച്ചു. ഗ്രീക്ക്-ടർക്കി സംഘർഷം കെട്ടടങ്ങിയെന്നു പറയാൻ വരട്ടെ. മെഡിറ്ററേനിയനിലെ സൈപ്രസ് ദ്വീപ് രണ്ടു രാജ്യങ്ങളും പങ്കിട്ടെടുത്തിരിക്കയാണ്. യുഎൻ സേനയാണ്‌  അതിർത്തിയിൽ കാവൽ.

 ടർക്കി ഭൂകമ്പത്തെ അതിജീവിച്ച്‌  ട്രെയിനുകളിൽ അഭയം തേടിയവർ  

തെക്കു പടിഞ്ഞാറേ ടർക്കിയിലുള്ള ഒരു ഇന്റർനാഷണൽ എയര്പോര്ട്ടാണ് ദലാമൻ.  ഈസ്റ്റാംബൂളിൽ നിന്ന് വാടകക്കെടുത്ത റെനോ കാർ 1800 കിമീ ഓടിച്ച ശേഷം  കമ്പനിയുടെ ദലാമൻ എയർപോർട്ടിലെ ഓഫീസിൽ മടക്കികൊടുത്ത ശേഷം അവർ ടർക്കിഷ് എയര്ലൈസിന്റെ വിമാനത്തിൽ ഈസ്റ്റാംബൂളിലേക്കു മടങ്ങി.
   
ജിജോ-സോന, സജീവ്-ദിവ്യ  ജോഡികൾ പാമുക്കാലേ, കപ്പഡോക്കിയ, എഫേസുസ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. പൗരാണിക ഗ്രീസിൽ പെട്ട എഫേസൂസിനെപ്പറ്റി ബൈബിളിൽ  ധാരാളം പരാമർശം ഉണ്ട്. ഇന്നത്തെ ഇഷ് മൂർ പ്രവിശ്യയിലെ സെൽചെക് നഗരത്തിനു മൂന്ന് കി മീ അകലെയാണ് പഴയ ഈവ്യാപാര കേന്ദ്രം. പഴയ  പള്ളികളുടെ അവശിഷ് ട്ടങ്ങൾ കുഴിച്ചെടുത്ത് പരിരക്ഷിച്ചിരിക്കുന്നു.

ടർക്കിഷ് ഡിലൈറ്റ്; ഡോണർ കെബാബ്       

പാരിസിൽ നിന്ന് ഈസ്റ്റാംബൂൾ  വരെ ഗ്രേറ്റ് ഓറിയന്റ് എക്സ്പ്രസ് എന്ന ലക്ഷ്വറി ട്രെയിൻ ഓടിയിരുന്നു ഒരു കാലത്ത്. മർഡർ ഇൻ ദി ഓറിയന്റ എക്സ്പ്രസ് എന്ന അഗതാ ക്രിസ്റ്റിയുടെ നാടകം ന്യൂ യോർക്ക് ബ്രോഡ്‌വേയിൽ ലോക റിക്കാർഡുകൾ ഭേദിച്ചു വർഷങ്ങളോളം അരങ്ങേറി. ആ ട്രെയിൻ ഇന്നില്ലെങ്കിലും ഈസ്റ്റാംബൂളിൽ നിന്ന് കിഴക്കോട്ടു അങ്കാറ വരെയും അങ്കാറ നിന്ന്  ശിവാസിലേക്കും  തെക്കോട്ടു മെഡിറ്ററേനിയൻ ലക്ഷ്യമാക്കി കൊയ്‌ന വരെയും വൈഎച് ടി ഹൈസ്പീഡ്  ട്രെയിനുകൾ ഓടുന്നു.

2003ൽ ആണ് ടർക്കി ഹൈ സ്പീഡ് റയിലിന്റെ പണി ആരംഭിച്ചത്. ട്രെയിനുകൾക്കു മണിക്കൂറിൽ 250-300  കി മീ വേഗം. ഹൈസ്പീഡ് ലൈനുകളുടെ നീളം കൂട്ടാനുള്ള ജോലി നടക്കുന്നു. 2023 ൽ ഈ ലൈനുകളുടെ നീളം 10,000  കി മീ ആകുമെന്നാണ് പ്രതീക്ഷ. രാജ്യത്തുടനീളം സാധാരണ ട്രെയിനുകളും ഓടുന്നുണ്ട്.

തെക്കൻ ടർക്കിയിലെ ഹാലി പ്രവിശ്യയിലും സിറിയയിലും ഇക്കഴിഞ്ഞ ഫെബ്രുവരി 6നുണ്ടായ ഭൂകമ്പത്തിൽ 50,000 പേർ മരിച്ചെവെന്നാണ് കണക്ക്. രണ്ടരലക്ഷം പേർ ഭവനരഹിതരായി. ഹാലിയിലെ ഇസ്കന്തരെൻ റെയിൽവേ  സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കമ്പാർട്മെന്റുകളിൽ ഒട്ടനവധി പേരെ താമസിപ്പിച്ചിരുന്നതായി വായിച്ചു.

പക്ഷെ ഇങ്ങിനെ ഭീകരമായ ഒരവസ്ഥ ഉണ്ടായിരുന്നതിന്റെ ലക്ഷണമൊന്നും മലയാളി സഞ്ചാരികൾക്കു കാണാൻ കഴിഞ്ഞില്ല. കൂടെക്കൂടെ ഉണ്ടാകുന്ന ഇത്തരം പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനായുള്ള മനക്കരുത്ത് അവർക്കുണ്ടെന്നു തോന്നുന്നു.
   
ഇന്ത്യയെയും ഇന്ത്യൻ സിനിമയെയൂം ഇഷ്ടപ്പെടുന്നവരാണ് തുർക്കികൾ എന്ന് സോന പറയുന്നു. സൽമാൻ ഖാനും ഷാരൂഖ് ഖാനും  അഭിനയിച്ച പല ചിത്രങ്ങളും ടർക്കിയിൽ ചിത്രീകരിച്ചവയാണ്. ഷാരൂഖിന്റെ  പഠാൻ ഈസ്റ്റാംബൂൾ തീയറ്ററുകളിൽ ഓടുന്നുണ്ട്.  

ഇറച്ചിയുടെ നിരവധി രൂപഭാവങ്ങൾ അടങ്ങിയതാണ് ടർക്കിയിലെ ഭക്ഷണം. അവ ഭംഗിയായി അലങ്കരിച്ച് അവതരിപ്പിക്കാനും അറിയാം. ധാന്യപ്പൊടി, പഞ്ചസാര, ഈന്തപ്പഴം, പിസ്താച്ചിയോ, തേൻ മുതലായവ ചേർത്തുള്ള  മിഠായിയാണ് ടർക്കിഷ് ഡിലൈറ്റ്. സ്വിസ്സ് ചോക്കലേറ്റ് പോലെ ലോക പ്രസിദ്ധം. ടർക്കിയിലെ ചേതോഹരമായ പരവതാനികളും പ്രസിദ്ധം.

നാൽവർ സംഘം ഈസ്റ്റാംബൂളിൽ നിന്ന്  പാമുക്കാലേയിലേക്കു വിമാനമാർഗം പോയി. മറ്റു സ്ഥലങ്ങളിലേക്ക്  കാറിലും. പഴയ പള്ളികൾക്കും മോസ്‌ക്കുകളാക്കിയതായി കണ്ടു.  ഹോട് എയർ ബലൂണിൽ സഞ്ചരിച്ചു. കുപ്പഡോക്കിയയും സമീപമുള്ള എഫെസുസും കാണാൻ പോയി.

തിരുവനന്തപുരത്തു സോനയുടെ ക്ലാസ്സ്മേറ്റ് ആയിരുന്നു ദിവ്യ.  ആർക്കിടെക്ട് ആണ്. ഭർത്താവു സജീവ് സെബാസ്റ്റിയൻ ഐടിയിലും.  ഇരുവരും ബാംഗ്ളൂരിലാണ്. സോനയും ജോജി ശ്രീനിവാസനും മുംബയിൽ കരിയർ ലോഞ്ചർ എന്ന ഡൽഹി സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി നടത്തുകയാണ്-എല്യോൺ എഡ്യൂക്കേഷൻ എന്ന  പേരിൽ. മൂന്ന് സെന്ററുകൾ നാൽപതു ജോലിക്കാർ. ടർക്കി യാത്രക്ക് ഒരു ജോഡിക്കു 4.6 ലക്ഷം രൂപയായി. ബാംഗളൂരിൽ നിന്നുള്ള വിമാനക്കൂലി രണ്ടു പേർക്ക് ഒരുലക്ഷം പുറമെ.

'ഇസ്റ്റാംബൂൾ പഴമയും  പുതുമയും ഇടകലർന്ന നഗരം. ജനങ്ങൾ അങ്ങേയറ്റം ഫ്രണ്ട്‌ലി. അവരുടെ ഭക്ഷണം വിസ്മയിപ്പിക്കും, മാംസാഹാരപ്രിയരുടെ പറുദീസയാണ് ടർക്കി.  കപ്പഡോക്കിയ ലോകത്തിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിൽ ഒന്ന്‌,' സോനയുടെ വിലയിരുത്തൽ ഇങ്ങനെ. 'മറുവശവും ഉണ്ട്. എവിടെ തിരിഞ്ഞാലും പുകവലിക്കുന്നവർ. ടാക്സി ഡ്രൈവർമാർ കണ്ണും  മൂക്കും നോക്കാതെ വണ്ടിയോടിക്കുന്നു. ഒരു കയ്യിൽ സിഗരറ്റ്. മറു കയ്യിൽ മൊബൈൽ. ഇംഗ്ലീഷ് സംസാരിക്കുന്നവർ കുറവാണ്'.  

മകൾ സോന ടർക്കിയിൽ പോയി വന്നെങ്കിലും ലോകത്തെമ്പാടുമുള്ള  ഈസ്റെർ ടർക്കിക്കു തുർക്കിയുമായി പുലബന്ധം പോലുമില്ലെന്നാണ്  പിതാവ് റിട്ട. സിവിൽ സർവീസ് ഉദ്യോഗസ്ഥൻ മാത്യു ജോർജ് പറയുന്നത്. ടർക്കിയിൽ കോഴിക്ക് കാലിക്കറ്റ്  ഹെൻ എന്നാണത്രെ പേര്.

ഗോൾഫ് ക്ളബ്ബിൽ  പോയി മടങ്ങുമ്പോൾ അദ്ദേഹം ടർക്കിയുമായി ബന്ധപ്പെട്ട പല തെരുവോര ഭക്ഷണശാലകൾ കണ്ടു വിസ്മയിച്ചു.  ഈറ്റാംബൂൾ റോൾസ് ആൻഡ് ഗ്രിൽസ്, ടർക്കിഷ് ഓട്ടോമൻ, ടർക്കിഷ് ഡിലൈറ്റ്  എന്നിങ്ങനെ. ഒരുപക്ഷെ ഒരുകാലത്ത് കേരളം മുഴുവൻ ടർക്കിമയം ആയെന്നിരിക്കും. എന്നാൽ ഒറിജിനൽ ടർക്കിഷ് കിട്ടാൻ ഈസ്റ്റാംബൂളിൽ തന്നെ പോകണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക