Image

തൊപ്പിയുടെ ഭരണിപാട്ട് (ജെ എസ് അടൂർ)

Published on 25 June, 2023
തൊപ്പിയുടെ ഭരണിപാട്ട് (ജെ എസ് അടൂർ)

ഇപ്പോൾ തൊപ്പിയാണല്ലോ താരം . തൊപ്പിയെന് പയ്യനു യു ട്യൂബിൽ ഏതാണ്ട് ആറു ലക്ഷം ഫോളോവേഴ്സ് ഉണ്ട്. അയാൾ റാപ്പ് എന്ന പേരിൽ യു ട്യൂബിൽ മൈ, താ, കു, പു മുതലായ തെറി വാക്കുകൾ ഉപയോഗിച്ചാണ് ഇരുപതോ അതിൽ താഴെയൊ ഉള്ളവരുടെ ഇടയിൽ താരം ആയതു.
പണ്ട് തെറി കൊണ്ടുള്ള ഭരണിപാട്ടുകൾ സജീവമായിരുന്നു. തെറികളാൽ പൂരിതമായ കൊടുങ്ങല്ലൂർ ഭരണിപാട്ടുകൾ  ആചാര അനുഷ്ട്ടാനം ആയിരുന്നു.
പലപ്പോഴും മനുഷ്യൻ മനസ്സിൽ അടക്കിപിടിച്ചു കലിയും കലിപ്പും വരുമ്പോൾ നാവിൽ നിന്ന് പൊട്ടി ചിതറുന്ന തെറിയഭിഷേകം ഒരു തരം purgation നാണു. തെറി പറയുമ്പോൾ ഒരു വിരേചന സുഖം ചിലർക്ക് കിട്ടും.
എന്തായാലും മുമ്പ് ചുരുളി സിനിമയിലെ തെറി വാക്കുകളെ കുറിച്ചു  നേരത്തെ എഴുതിയത് താഴെ
നാവിൽ കെട്ടികിടക്കുന്ന തെറികൾ
ഭാഷ ഒരു തലത്തിൽ ശീലവും വേറൊരു തലത്തിൽ പെർഫോമൻസുമാണ്. ഓഫിസിൽ ഉപയോഗിക്കുന്ന ഭാഷ ഒരു പെർഫോമൻസാണ്. വീട്ടിൽ ഉപയോഗിക്കുന്ന ഭാഷ അതാകണം എന്നില്ല. പള്ളിയിലെ ഭാഷയും പള്ളിക്കൂടത്തിലെ ഭാഷയും ഒന്നല്ല. വായ് മൊഴിയും വരമൊഴിയും മിക്കവാറും ഒന്നല്ല.
സാധാരണ ഭാഷയും ഭാഷയിലെ ശരി തെറ്റുകളും വ്യാകരണങ്ങളുംമൊക്കെ അതാതു സമയത്തു ഓരോ നാട്ടിലുമുള്ള അധികാര വ്യവസ്‌ഥകൾ സാധൂകരിക്കുന്നതാണ്.
അതിനു അപ്പുറം  മനുഷ്യർ മറച്ചു വെച്ചിരിക്കാനും മറവിൽ ചെയ്യാനും ശീലിച്ചതിനെ എന്നാൽ എല്ലാവർക്കും ഉള്ളിൽ അറിയാവുന്നതിനെ നാട്ടു വാമൊഴി യിൽ പറഞ്ഞാൽ ' തെറി ' യാകും  തെറികൾ പലർക്കും ശീലമാകും. തെറിഭാഷയിൽ പലപ്പോഴും മനുഷ്യരുടെ ഗുഹ്യ ഭാഗങ്ങളെ വിവരിക്കുന്നതിൽ പുരുഷാധിപത്യ വായ് മൊഴി തെറികളാണ് കൂടുതൽ. ബിച്ച് എന്നും ബാസ്റ്റാഡ് എന്നുമൊക്കെ വിളിക്കുന്നത് വായ് മൊഴികളിൽ വന്ന പുരുഷധിപത്യ ശീലങ്ങൾ കൊണ്ടാണ്.
 ആ ശീലങ്ങൾ മറച്ചു പിടിച്ചു ' പാർലിമെന്ററിയാകാൻ ' വിദ്യാഭ്യാസം നമ്മളെ മാനനീയ ഭാഷ പഠിപ്പിച്ചു 'മാന്യ' രാക്കും.
എല്ലാവരും ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ വളി വിടും. എന്നാൽ ഓഫിസിലും യോഗങ്ങളിലും സാധാരണക്കാർ വളിവിടാതിരിക്കാൻ ശീലിക്കും.എന്നാൽ വളി എല്ലാവരും ഉള്ളിൽ സ്വകാര്യത്തിൽ കൊണ്ട് നടക്കുന്ന യഥാർത്ഥമായ  ' അധോവായു ' വാണ്.ചിലപ്പോൾ അറിഞ്ഞും അറിയാതെയും പുറത്തു വരും
'തെറി ' ഭാഷയും അതുപോലെയാണ്. നാക്കിൽ തെറി കെട്ടികിട്ടുക്കിന്നവർ അതു ചിലപ്പോൾ വിരേചനം ചെയ്യും.
ചുരുളി പാലത്തിനു അപ്പുറം സാധാരണ അധികാര വ്യവസ്‌ഥ പ്രയോഗങ്ങൾക്കപ്പുറമാണ്. പോലീസുകാർക്ക് യുണിഫോം ഇല്ലാതെ പോയി അധികാരം ഇല്ലാതാകുന്ന സ്ഥലം. ഷാപ്പിൽ തുണികെട്ടി പള്ളിയാക്കി കുർബാന ചൊല്ലി പെട്ടന്ന് അച്ചൻ സ്ഥലം വിടുന്ന ഇടം. അച്ചനും പോലീസും ഇല്ലെങ്കിൽ അവരുടെ ഭാഷയും അധികാരത്തിന്റെ അധികപറ്റാകുന്ന സ്ഥലം
സാധാരണ അധികാര വ്യവസ്‌ഥക്ക് അപ്പുറം ജീവിക്കുന്നവരുടെ വമൊഴികൾ അധികാര വ്യവസ്ഥക്ക് അപ്പുറമാണ്. അധികാര സെൻസറുകൾക്ക് അപ്പുറം ഉള്ള മനുഷ്യർക്ക് മറയില്ല.അവർക്ക് എപ്പോഴും വളി വിടാം അതാണ്  തൂറാൻ (സഭ്യ ഭാഷയിൽ : വെളിക്കിറങ്ങാൻ പോകുമ്പോൾ )പോകുമ്പോൾ ഒരാൾ പറയുന്നത് കക്കൂസ് ഒരു സങ്കല്പമാണ് എന്നതാണ്.
ഭാഷയും ഒരു സങ്കല്പമാണ്. യുറോപ്പിയൻ ക്ളോസെറ്റിൽ ' ഫ്രഷ് ' ആകാൻ പോകുന്നതിനെ അതു കണ്ടിട്ടില്ലാത്തവർ തൂറാൻ പോകും എന്ന് പറയും.
ഫ്രഷ് ആകുന്നത് 'നല്ല ഭാഷയും 'തൂറുന്നത് ' ചീത്ത ഭാഷയുമാകുന്നത് അതാതു ഭാഷ പ്രയോഗ അധികാരവുമായി ബന്ധപ്പെട്ടതാണ്.
സാധാരണ സാമൂഹിക ഭാഷ സാധുതക്ക് അപ്പുറത്തെ പെർഫോമൻസ് അല്ലാത്ത സമൂഹത്തിൽ ആളുകൾ മറയില്ലാതെ ജീവിക്കുകയും സെൻസറും ഫിൽറ്ററു ഇല്ലാതെ വായ്മൊഴി പറയും
ചുരുളും തെറിയുമൊക്കെ മനുഷ്യൻറെ അബോധ തലങ്ങളിൽ പതുങ്ങി കിടക്കുന്ന വന്യ വിചാര- വികാരങ്ങളാണ്. അവയെ സമൂഹിക സാധുത എന്ന പാലത്തിന് അപ്പുറം നിർത്തിയിരിക്കുകയാണ് സാധാരണ മനുഷ്യർ. സാമൂഹിക സാധുതപാലത്തിനപ്പുറം വളി വിടുകയും, എല്ലാ ദിവസവും തിന്നു തൂറുകയും  വായിൽ തോന്നിയത് പറയുകയുമൊക്കെ ചെയ്യുന്ന മനുഷ്യരാണ് എല്ലാവരും.
ഉള്ളിലെ ചുരുളുകൾ ചുരുണ്ടു ചുരുണ്ടു ഉള്ളിൽ കിടക്കുന്നുണ്ട്. അവിടെ സ്ലീലവും അശ്ലീലവും ചുരുങ്ങി ചുരുങ്ങി വേറെന്നാകുന്നു. ശീലങ്ങൾക്ക് അപ്പുറമുള്ളതെല്ലാം നമുക്ക് അശ്ലീലങ്ങളാണ്.
എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു ചുരുൾ- ചുരുളി ഉണ്ട്. അവിടുത്തെ വന്യത അവർക്കു മാത്രം അറിയാവുന്ന ഒരു ഫാൻസ്റ്റസി ഇടമാണ്. അവിടെ യഥാർത്ഥങ്ങളും അല്ലാത്തവയും,ആശങ്കകളും കാമനകകളും ഉള്ളിലെ റിബലും തെറികളും എല്ലാം ചുരുളുകളായി പതുങ്ങി കിടപ്പുണ്ട്.
പക്ഷെ അതു സാമൂഹിക സാധുത എന്ന പാലത്തിനു അപ്പുറമുള്ള ഉള്ളിലെ കാട്ടിലാണത് ചുരുളിപോലെ കിടക്കുന്നത്.
ജെ എസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക