Image

മനുഷ്യരെ  അറിയുവാൻ മനുഷ്യർ അറിവാൻ (ജെ എസ് അടൂർ)

Published on 27 June, 2023
മനുഷ്യരെ  അറിയുവാൻ മനുഷ്യർ അറിവാൻ (ജെ എസ് അടൂർ)

ഒരു മനുഷ്യനും ജനിക്കുന്നത് പേരുമായോ,  ജാതിയൂമായോ,  മതവുമായോ,  ഭാഷയുമായോ ഒന്നും അല്ല. ആരും കമ്മ്യൂണിസ്റ്റായും കോൺഗ്രെസായും ആർ എസ് എസ് ആയും ജിഹാദി ആയും ജനിക്കുന്നില്ല.
നമ്മൾ ഭാഷയും പേരും മതവും ജാതിയും ലിംഗ ബോധവും സത്വ ബോധവും ആഗീകരിക്കുന്നത് ചുറ്റുപാടുള്ളത് കണ്ടും കെട്ടും അറിഞ്ഞും തിരിച്ചറിഞ്ഞുമൊക്കെയാണ്. അങ്ങനെയുള്ള സാമൂഹികവൽക്കരണത്തിലൂടെയാണ് പല തരം വിശ്വാസങ്ങളും മുൻവിധികളുമൊക്കെയുണ്ടാകുന്നത്.
ഇതൊക്കെയാണെങ്കിലും ഓരോ മനുഷ്യരും തികച്ചും വ്യത്യസ്‍തരാണ്. ഒരേ വീട്ടിൽ തന്നെയുള്ള രണ്ടാളുകൾ അനുഭവങ്ങളും ആശയങ്ങളും ആഗീകരിച്ചു ഉൾക്കൊണ്ട്‌ കാഴ്ചപ്പാടുകൾ രൂപപെടുത്തുന്നത് ഒരുപോലെ ആകണമെന്നില്ല. ഒരേ കാര്യം പലരും പല രീതിയിലാണ് വായിക്കുന്നതും മനസ്സിലാക്കുന്നതും,  പ്രതികരിക്കുന്നതും. ഒരേ രാഷ്ട്രീയ ധാരയിൽ വിശ്വസിക്കുന്നവർ പോലും വ്യത്യസ്ത തലങ്ങളിൽ അവരുടെ പ്രത്യേക സാമൂഹിക സാംസ്‌കാരിക സാഹചര്യത്തിലായിരിക്കും മനസിലാക്കുക.
മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. അതു കൊണ്ടു തന്നെ മനുഷ്യൻ ജീവിക്കുന്നത് അപ്പം കൊണ്ടു മാത്രമല്ല. മനുഷ്യന് സാമൂഹിക രാഷ്ട്രീയ സാധുതകൾ ജീവിത ബോധത്തിന് ആവശ്യമാണ്. അതു കൊണ്ടാണ് കുടുംബം, മതം രാഷ്ട്രീയ സംഘ സത്വം മുതലായവയുണ്ടാകുന്നത്. അതു വീട്ടിലും നാട്ടിലും കൂട്ടുകാരുമൊക്കെ രൂപപെടുത്തുന്ന സമൂഹിക ബന്ധങ്ങളാണ്.
അതു കൊണ്ടു തന്നെ ഒരാൾ ഒരു രാഷ്ട്രീയ ധാരയിലേക്ക് പ്രവേശിക്കുന്നത് പോലും വീട്ടിലും നാട്ടിലും കൂട്ടുകാരാലുമോക്കയൂള്ള സംസര്ഗങ്ങളിൽ നിന്നാണ്. അല്ലാതെ വിജ്ഞാന ചിന്താധാരകൾ വിശദമായി  പഠിച്ചു രാഷ്ട്രീയ ആശയങ്ങളോ പാർട്ടികളോ  തിരെഞ്ഞെടുക്കുന്നവർ വളരെ ചെറിയ ഒരു വിഭാഗമേയുള്ളൂ.
ഒരു മനുഷ്യനെ ആദ്യമായും അന്ത്യമായും മനുഷ്യനായിട്ടാണ് കാണുന്നത്. ഓരോ മനുഷ്യനും unique ആണെന്നാണ് കരുതുന്നത്.  എല്ലാം മനുഷ്യരും അവർ വളർന്ന ചുറ്റുപാടിന്റെയും ഭാഷയുടെയും സാമൂഹ്യവൽക്കരണത്തിന്റെയും പ്രതിഫലനങ്ങളാണ്.
Fact of the matter is no ideology is monolithic. Even those who seem to share the same ideology may have very different perspective,  approaches and attitude. Those who have critical reflection about themselves or society will not be absolutely certain about their own ideology or validity. Many times people embrace an ideology of a party or religion for their own internal sense of belonging and security.
അതു കൊണ്ട് ഒരു മനുഷ്യനെയും  ബ്ലാക് ആൻഡ് വൈറ്റ് ആയി കാണുകയില്ല.
 കമ്മ്യുണിസ്റ്റ്കാരെന്ന് കരുതുന്ന എല്ലാവരും  ഉന്മൂലന സിദ്ധാന്തത്തിൽ വിശ്വസിക്കണമെന്നില്ല,  നിരീശ്വര വാദികളാകണമെന്നില്ല. എല്ലാ ഗാന്ധിയന്മാരും ഗാന്ധി മാർഗം ജീവിതത്തിൽ പിന്തുടരുന്നവർ ആയിരിക്കണം എന്നില്ല. അതു പോലെ എല്ലാ മുസ്ലീം മത വിശ്വാസികളും ജിഹാദി ആക്രമണങ്ങളെ പിന്താങ്ങുന്നവർ അല്ല.  ക്രിസ്ത്യാനികൾ എല്ലാം ക്രൂസേഡ് നടത്തുന്നവരോ ഇൻക്വിസിഷനെ പിന്താങ്ങുന്നവരോ അല്ല.
മനുഷ്യനെ അവർ പലകാരണങ്ങൾ കൊണ്ടും അറിഞ്ഞും അറിയാതെയും ചുറ്റുപാടുകൾ കൊണ്ട് ആഗീകരിച്ച ചില ആശയങ്ങളോ രാഷ്ട്രീയ സാമൂഹിക ആഭിമുഖ്യങ്ങൾ കൊണ്ടോ ഒരാളെ അയാളുടെ സാകല്യത്തിൽ മനസ്സിലാക്കുവാൻ സാധിക്കില്ല . അതു പോലെ മനുഷ്യർ അവരുടെ നിലപാടുകളും കാഴ്ചപ്പാടുകളും സമീപനങ്ങളും പലപ്പോഴും മാറ്റാറുണ്ട്. പലപ്പോഴും നമ്മൾ പലരെയും നമ്മൾ കെട്ടും ആർജിച്ചും മനസ്സിൽ കയറിയ മുൻ വിധി ഫിൽറ്ററുകൾ കൊണ്ടാണ് പലരെയും കാണുന്നത്.
 ആ മുൻവിധികളാണ് പലതരം വാർപ്പ് മാതൃകകളായി (stereotypes )നമ്മൾ മനസ്സിലാക്കുന്നത്. അങ്ങനെയുള്ള മുൻവിധികൾ ജാതിയുടെയോ മതത്തിന്റെയോ വംശത്തിന്റെയോ  ഭാഷയുടെയോ രാഷ്ട്രീയ അഭിമുഖ്യങ്ങളുടെ പേരിലോ ആയിരിക്കാം..സമൂഹത്തിൽ വളരെ വലിയ ഒരു ജനവിഭാഗം അതാതു കാലത്തെ അധികാര മേധാവിത്വത്തോടും വിധേയപെട്ട കൺഫെമിസ്റ്റ് മനസ്ഥിതിയുള്ളവരായിക്കും. അതു പലരുമെടുക്കുന്നത് സമൂഹ മേധാവിത്തവുമായി സമരസപെട്ടു പ്രശ്നങ്ങളിൽപെടാതെ അതിജീവനം നടത്താനുള്ള മാനസിക ത്വരയിൽ (survival instinct )നിന്നാണ്.
 പലപ്പോഴും സമൂഹത്തിൽ വ്യവസ്ഥാപിത മുൻവിധികൾ ഒരു ജാതിയെകുറിച്ചോ മതത്തെകുറിച്ചോ വംശത്തെകുറിച്ചോ മനസ്സിൽ രൂഢമൂലമാകുമ്പോഴാണ് വിവേചന മനസ്ഥിതിയും അതിൽ നിന്ന് പരസ്പരം വിശ്വാസമില്ലായ്‌മയും പരസ്പരം വിദ്വഷവും അസഹിഷ്ണുതതയും വെറുപ്പിന്റെ രാഷ്ട്രീയവും മനസ്സാ വാച കർമ്മണ അക്രമത്വരയും ഉണ്ടാകുന്നത്. അതിൽ നിന്നാണ് വാക്കുകൾകൊണ്ടോ ആയുധങ്ങൾ കൊണ്ടോ ആക്രമിച്ചു കൊല്ലും കൊലയും കൂട്ടക്കൊലകളും സമൂഹത്തിലും രാജ്യങ്ങളിലും  ചരിത്രത്തിലുമുണ്ടാകുന്നത്.
 അത് കൊണ്ടു മനുഷ്യനെയോ  ഒരു സമൂഹത്തെയോ മനസ്സിലാക്കുന്നത് ഓരോ മോണോക്രോം ലെന്സിലൂടെയായാൽ അവരെ സാകല്യത്തിൽ അറിയാനൊക്കില്ല.
ഇതു പലപ്പോഴും നമ്മൾ മനസ്സിലാക്കുന്നത് സ്വന്തം അനുഭവങ്ങളെ തന്നെ മനസ്സിലാക്കി ചിന്തിച്ചു അറിവും തിരിച്ചറിവുമുണ്ടാക്കുമ്പോഴാണ്.
പൂനയിൽ ഞങ്ങളുടെ കാർ ഓടിക്കുവാൻ വന്നയാൾ ഒരു തനി ശിവ സേനക്കാരൻ ആയിരുന്നു. ആദ്യം ഒരു മടി തോന്നി. പക്ഷേ ആ ഒരു കാര്യം വെച്ചു മാത്രം അയാളെ അളന്നു മാറ്റി നിർത്തുന്നത് ശരിയല്ല എന്നു തോന്നി.  സത്യത്തിൽ ഇത്രയും സ്നേഹവും നന്മയും ഉള്ള ഒരു മനുഷ്യനാണ് എന്ന് മനസ്സിലായി. ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായ അയാൾ പിന്നെ പറഞ്ഞത് ഞങ്ങൾ (പ്രതേകിച്ചു ബീന,)അയാളുടെ കാഴ്ചപ്പാട് തന്നെ മാറ്റിയെന്നാണ്.  അയാൾക്ക് ഞങ്ങളോടും മക്കളോടും ഇന്നും സ്നേഹമാണ്. ഒരു ശിവ സേനക്കാരൻ മാത്രമായിട്ട് മാത്രം അയാളെ കണ്ടിരുന്നെങ്കിൽ ആ മനുഷ്യനെ exclude ചെയ്തേനെ.
കേരളത്തിൽ പലപ്പോഴും എന്റെ കൂടെ വണ്ടിയോടിക്കാൻ വരുന്ന ഒരാളുണ്ട്. കൈയ്യിൽ രാഖി ചരടുണ്ട്. കേരളത്തിന് വെളിയിൽ പൂനയിലും മറ്റു പലയിടത്തും ആളുകൾ രാഖിക്കെട്ടുന്നത സാഹോദര്യത്തിന്റെ അടയാളമാണ്. എന്നാൽ കേരളത്തിൽ രാഖിയും കാവി മുണ്ടും ആർ എസ് എസ്സിന്റെ അടയാളപ്പെടുത്തലാണ്. ഏതാണ്ട് മുപ്പതു കൊല്ലമായി ഞാൻ ഉപയോഗിക്കുന്നത് കവി മുണ്ടായത് സംഘി ആയതു കൊണ്ടല്ല. എന്നാലും പലപ്പോഴും എന്റെ കൂടെ വണ്ടി ഓടിച്ചു യാത്ര ചെയ്യുന്ന സുഹൃത്തിനോട് എങ്ങനെയാണ് ആർ എസ് എസ് ആയത് എന്നു ചോദിച്ചു. അയാൾ കഴിഞ്ഞ കുറെ കൊല്ലമുമ്പ് ഒരു ഇടതു പാർട്ടിയിൽ നിന്ന് വന്നതാണ്. കാരണം ഏതോ പ്രശ്നത്തിൽ അയാൾ ഉൾപ്പെട്ട പാർട്ടി സഹായിച്ചില്ല. സഹായിച്ചയാൾ സംഘ പരിവാർകാരൻ. രണ്ടും പ്രത്യകിച്ചു ചിന്തിച്ച തീരുമാനമല്ല. പണ്ട് കൂട്ടുകാർ അപ്പുറത്തായിരുന്നു. അവർ മാറിയപ്പോൾ സുഹൃത് ലോയൽറ്റിയിൽ അയാളും മാറി. സത്യത്തിൽ ഈ പറഞ്ഞ ആളിൽ വലിയ വർഗീയ വിഷമൊന്നും ഇത് വരെ രെ അനുഭവപെട്ടില്ല. എന്നോട് നല്ല സ്നേഹമായാണ് ഇടപെടുന്നത്.
എന്ന് വിചാരിച്ചു എല്ലാവരും അയാളെപ്പോലെയാകണമെന്നില്ല.
വിവിധ പാർട്ടികളിൽ പെട്ടവർ എന്റെ ആത്മാർത്ഥ സുഹൃത്തുക്കളാണ്. എന്റെ സ്വന്തം സഹോദരന്മാരെക്കാളിൽ എനിക്ക് ഏറ്റവും അടുത്ത സുഹൃത്തുക്കൾ വ്യത്യസ്ത ജാതിയും മതവും രാഷ്ട്രീയ കാഴ്ചപ്പുള്ളവരാണ്. എനിക്ക് ഏറ്റവും വിശ്വാസമുള്ളവർ പലരും സി പി എം പാർട്ടിയൂടെ നേതാക്കളും സജീവ അംഗങ്ങളുമാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.  ചങ്ക് ബ്രോസ്. അതു പോലെ ചിലർ കോൺഗ്രെസ്സുകാർ. ചിലർ മുസ്ലിം ലീഗുകാർ.  പണ്ട് പൂനയിൽ സ്ഥിരം വാദ പ്രതിവാദം നടത്തിയ ഒരു സുഹൃത്ത്‌ ഇപ് കേന്ദ്ര  കാബിനറ്റ് മന്ത്രിയായി. ഇപ്പോൾ ബി ജെ പി സമുന്നത നേതാവ് . എന്നാൽ അവരോടെല്ലാം സംവേദിക്കുന്നതിലോ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിലോ വ്യക്തി ബന്ധങ്ങൾ തടസ്സമായിട്ടിട്ടില്ല.
അതു പോലെ എന്റെ രാഷ്ട്രീയ നിലപാടുകൾ ഞങ്ങളുട വ്യക്തി ബന്ധങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ല.
ഈ കാര്യങ്ങളിൽ ഗാന്ധിജിയും മാർട്ടിൻ ലൂഥർ കിങ്ങും നെൽസൺ മണ്ഡേലയുമാണ് വഴികാട്ടികൾ.
മനുഷ്യരെ മനുഷ്യനായാണ് ആദ്യമായും അന്ത്യമായും കാണുന്നത്.
വെറുപ്പിന്റെയും വിദ്വഷത്തിന്റെയും രാഷ്ട്രീയത്തെപ്പോലും അതെ വെറുപ്പും വിദ്വഷങ്ങളുംമായി നേരിട്ടാൽ അവരിൽ നിന്ന് വ്യത്യസ്തരല്ല നമ്മളും. ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണ് പ്രതിരോധിക്കണ്ടത്.
മാറ്റം മനസ്സിൽ വന്നാലേ മനുഷ്യൻ മാറുകയുള്ളൂ. ആദ്യം മനുഷ്യരേ അറിഞ്ഞു മനുഷ്യനാകുക.
ഈ കാര്യങ്ങളിൽ ഗാന്ധിജിയും നാരായണഗുരുവും  മാർട്ടിൻ ലൂഥർ കിങ്ങും നെൽസൺ മണ്ഡേലയുമാണ് വഴികാട്ടികൾ.
മനുഷ്യൻ ജനിക്കുന്നതും മരിക്കുന്നതും ഒറ്റക്കാണ്. ജനിക്കുമ്പോൾ മനുഷ്യനു പേരില്ല.. മരിക്കുമ്പോൾ ആരാണെങ്കിലും ഒരു ഡെഡ് ബോഡി മാത്രമാണ്.
"മനുഷ്യൻ ഉറച്ചു നിന്നാലും വെറുമൊരു ശ്വാസമത്രെ. മനുഷ്യന്റെ ആയുസ്സ് പുല്ല് പോലെയാകുന്ന. വയലിലെ പൂ പോലെ അതു പൂക്കുന്നു. കാറ്റ് അതിൻമേൽ അടിക്കുമ്പോൾ അതില്ലാതെയാകുന്നു. "
"അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം”
 മനുഷ്യർ അറിയാൻ. മനുഷ്യരെ അറിയാൻ.
ജെ എസ് അടൂർ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക