Image

എന്താണ് ലൈഫ് ചോയ്സും കരിയർ ചോയ്സും തമ്മിലുള്ള വ്യത്യാസം? (ജെ.എസ്. അടൂർ)

Published on 02 July, 2023
എന്താണ് ലൈഫ് ചോയ്സും കരിയർ ചോയ്സും തമ്മിലുള്ള വ്യത്യാസം? (ജെ.എസ്. അടൂർ)

കരിയർ ആണോ നമ്മളെ ഡിഫൈൻ ചെയ്യുന്നത് അതോ നമ്മളാണോ കരിയർ ഡിഫൈൻ ചെയ്യുന്നത് എന്നത് ഒരു പ്രധാന ചോയ്സാണ്.
ഞാൻ ലൈഫ് ചോയ്സിന്റെ വക്താവാണ്. അതിൽ പ്രധാനം നമ്മൾ എന്തിന് വേണ്ടി എങ്ങനെ ജീവിക്കുന്നു എന്നതാണ്. എന്താണ് നമ്മളെ സർഗാത്മകവും ക്രിയാത്മവുമായി ജീവിക്കാൻ സഹായിക്കുന്നു എന്നതാണ്. എങ്ങനെ മറ്റുള്ളവരെ സഹായിക്കുന്നു എന്നതാണ്. എങ്ങനെ നമ്മുടെ വിജ്ഞാനവും സമ്പത്തും പങ്കുവയ്ക്കുന്നു എന്നതാണ്. എങ്ങനെഎല്ലാം ദിവസവും സന്തോഷമായി ജീവിക്കുന്നു എന്നതാണ്.

ജീവിതം പലപ്പോഴും ആക്‌സ്മിക വിസ്മയങ്ങൾ നിറഞ്ഞതാണ്. ജീവിതത്തിൽ പലപ്പോഴും ചാൻസും ചോയ്സുമാണ് നമ്മളെ ഓരോ ഇടത്തു് എത്തിക്കുന്നത്. ആ ചോയ്സ് എങ്ങനെ വേണം എന്ന തീരുമാനങ്ങൾ എടുക്കുവാനുള്ള പ്രാപ്തി ആണ് പ്രധാനം.

എന്ത് പഠിച്ചു എന്നതിൽ ഉപരി എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രധാനം. എന്ത് ചിന്തിക്കുന്നു എന്നത് പോലെ പ്രധാനമാണ് എങ്ങനെ ചിന്തിക്കുന്നു എന്നത്. കാഴ്ച്ചകൾക്ക് അപ്പുറമുള്ള കാഴ്ചപ്പാടുകളും ജീവിത വീക്ഷണവും ഉണ്ടോ എന്നതാണ് പ്രധാനം. എങ്ങനെ ജീവിക്കുന്നു എന്നതാണ് കാര്യം.
ഓരോ മനുഷ്യരും നിസ്തുലരാണ്. (Unique ). അതെ സമയം എല്ലാ മനുഷ്യരും അവരവരുടെ ഭക്ഷണത്തിന്റെ ഭാഷയുടെയുംപരിസ്ഥിതിയിടെയും സാമൂഹിക സാഹചര്യങ്ങളുടെയും സൃഷ്ട്ടിയാണ്. കണ്ടറിവും കേട്ടറിവും തൊട്ടറിവും വായിച്ചുള്ള അറിവും തിരിച്ചറിവുകൾ ആക്കാനുള്ള ശേഷിയാണ് മനുഷ്യനു സ്വന്തം ഭാവനയും ഭാഷയും വഴിത്താരകളുമുണ്ടാക്കുന്നത്. എന്റെ ലൈബ്രറിയിൽ ഐൻ സ്റ്റിന്റ ഒരു പോസ്റ്റർ ഉണ്ടായിരുന്നു. Imagination is more important than knowledge.

എനിക്ക് എഞ്ചിനിയറോ, ഡോക്ടറ്ററോ കളക്ട്ടറോ ആകാമായിരുന്നു. ആ വഴി പോകേണ്ട എന്ന തിരിച്ചറിവ് ഏതാണ്ട് 16 -18 വയസിൽ ഉണ്ടായിരുന്നു. എനിക്ക് ഇഷ്ട്ടം ഉള്ളത് ഇഷ്ട്ടം പോലെ പഠിച്ചു. സയൻസ് ഇഷ്ടം ആയിരുന്നത് കൊണ്ടു സയൻസ് പഠിച്ചു. ഡിഗ്രി കഴിഞ്ഞു പഠിച്ചത് ഇഗ്ളീഷ് സാഹിത്യം. എം എസ് സി കെമിസ്ട്രിക്ക് പോകുന്നതിന് പകരം എം എ ഇഗ്ളീഷ് സാഹിത്യമാണ് പഠിച്ചത്  . അതു കഴിഞ്ഞു ലിൻഗ്വസ്റ്റിക്സ് പഠിക്കണം എന്ന് തോന്നി അതു പഠിച്ചു .. അതു കഴിഞ്ഞു സോഷ്യൽ സയൻസ് പഠിക്കണം എന്നു തോന്നി അതു പഠിച്ചു. സോഷ്യോ ലിംഗുസ്റ്റിക്സ് പഠിക്കാൻ ഇഷ്ട്ടമായി അതു പഠിച്ചു. നോർത്ത് ഈസ്റ്റ് പഠിക്കാൻ അവിടെ പോയി പഠിച്ചു.

സാധാരണ കരിയർ ചോയ്സ് ഉപദേശമനുസരിച്ചു ഞാൻ ചെയ്തത് ആന മണ്ടത്തരമാണ്. ഇരുപത്തി അഞ്ച് വയസ്സിൽ ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകൻ ആയതു അതിലും വലിയ ആന മണ്ടത്തരം.
പക്ഷെ ഒരു കുഴപ്പവും പറ്റിയില്ല. ഇഷ്ട്ടം പോലെ ഇഷ്ട്ടം ഉള്ളത് പഠിച്ചു അങ്ങനെ ഇഷ്ട്ടം ഉള്ളത് ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു. ഇഷ്ട്ടം ഉള്ളത് ചെയ്തു ഇഷ്ട്ടം പോലെയാണ് ഇതുവരെ ജീവിച്ചത്
സയ്ൻസും സാഹിത്യവും ഭാഷശാസ്ത്രവും സാമൂഹിക ശാസ്ത്രവും ഇക്കോണോമിക്സും പഠിച്ചത് കൊണ്ടു ഒരു ദോഷവും ഉണ്ടായില്ല. ചരിത്രമാണ് ഇന്നും ഇഷ്ട്ടമുള്ള വിഷയം.ഇപ്പോൾ ഞാൻ പഠിപ്പിക്കുന്നത് കോളേജിലോ യൂണിവേഴ്സിറ്റിയിലോ പഠിച്ചതുയി ഒരു ബന്ധം ഇല്ലാത്തതാണ്. സ്വയം പഠിച്ചത്.

പഠിക്കുന്ന സമയത്തെ ഞാൻ കരിയർ പ്ലാനിങ്ങിന്റ് ആളല്ല. പക്ഷെ കിട്ടിയ ഒരവസരവും പാഴാക്കിയില്ല.ചെയ്യുന്ന ഓരോ കാര്യങ്ങളും ആത്മാർത്ഥമായി ചെയ്തു. അവിടെ നിരന്തരം ക്രിയാത്മകമായും സർഗ്ഗത്മകമായും നൂറു ശതമാനം സത്യ സന്ധമായി പ്രവർത്തിച്ചു. മറ്റുള്ളവരെ കേട്ടു. അവരിൽ നിന്നും പഠിച്ചു. എപ്പോഴും ടീം മിനൊപ്പം നിന്നു. ആളുകളെ വിശ്വസിച്ചു. സ്നേഹിച്ചു.

കരിയർ എന്നെ തേടി വന്നു.ഉന്നത ജോലികൾ തേടിവന്നു. പക്ഷെ മാസം 800 രൂപ ശമ്പളം കിട്ടിയപ്പോഴും .6000 രൂപ ശമ്പളം കിട്ടിയപ്പോഴും 6 ലക്ഷം മാസം ശമ്പളം മാസം കിട്ടിയപ്പോഴും  ഏഴു ലക്ഷം കിട്ടിയപ്പോഴും അതിന്റ ഇരട്ടി ശമ്പളം കിട്ടിയപ്പോഴും  ഞാൻ എന്റെ ജീവിത ശൈലിയോ ജീവിത വീക്ഷണമൊ മാറ്റിയില്ല. കാരണം അതു ഒരു ലൈഫ് ചോയ്സാണ്. ഞാൻ അന്നും ഇന്നും വളരെ ലളിതമായി പത്രാസ് ഇല്ലാതെ സാധാരണക്കാരനായി ജീവിക്കാനാണ് ഇഷ്ട്ടപ്പെടുന്നത്.

62 വയസ്സ് വരെ യു എന്നിൽ ജോലി ചെയ്യാമായിരുന്നു. അവിടെ ബോർ അടിച്ചപ്പോൾ വിട്ടു.പക്ഷെ ജോലികൾ തേടി വന്നു. ഒരു ദിവസം പോലും തൊഴിൽ രഹിതനായില്ല. സാധാരണ തോതിൽ വളരെ സക്സ്ഫുൾ കരിയർ ഗ്രാഫ്. പഠിച്ചത് എഞ്ചിനിറിങ്‌ അല്ല. മെഡിസിനും അല്ല. സാഹിത്യവും ഭാഷ ശാസ്ത്രവും സാമൂഹിക ശാസ്ത്രവുമാണ്.
ശമ്പളം ആവശ്യത്തിൽ അധികമായപ്പോൾ അതു നല്ല കാര്യത്തിനു വേണ്ടി മാറ്റി വച്ചു.

ഇതു എഴുതുന്നത് ബോധിഗ്രാമിൽ വച്ചാണ്. ഇവിടെ വിശക്കുന്നവർക്കും ആഹാരമുണ്ട്. പ്രയാസപ്പെടുന്നവർക്കു സഹായമുണ്ട്. രോഗത്തിൽ ഉൾവർക്ക് സഹായമുണ്ട്. ശമ്പളത്തിൽ 25% ഇതിനൊക്കെ ചിലവാക്കുന്നത് എന്റെ ലൈഫ് ചോയിസ് അങ്ങനെയായത് കൊണ്ടാണ്.

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത്‌ ചോദിച്ചു ബോധിഗ്രാം ഇങ്ങനെ സ്വന്തം പോക്കറ്റിൽ നിന്ന് ചിലവഴിച്ചാൽ നഷ്ടം അല്ലെ.?
ഞാൻ പറഞ്ഞു ജീവിതം ജീവിക്കാൻ ഉള്ളതാണ്. അവിടെ ഞാൻ ലാഭ നഷ്ട്ടങ്ങൾ അല്ല നോക്കുന്നത്. ഇതു ആശ്രമമാണ്.
ജീവിതം ലാഭ നഷ്ട്ടങ്ങളുടെ കണക്ക് നോക്കിയാൽ പിന്നെ ആത്മധൈര്യത്തോടെ മനസമാധാനതോടെ ജീവിക്കുവാൻ സാധിക്കില്ല. ജീവിതം ഒരു കണക്ക് പുസ്തകം അല്ല. തൊഴിലും.ചെയ്യുന്ന ജോലി ഇഷ്ട്ടപെട്ടു സർഗാത്മകവും ക്രിയാത്മകവുമാക്കി മികച്ചതാക്കിയാൽ ഏറ്റെടുത്ത മേഖലയിൽ നല്ല മികവ് കാട്ടിയാൽ ജോലികൾ തേടി വരും.
അതു കൊണ്ടു ഇഷ്ട്ടം ഉള്ളത് പഠിച്ചു. ഇഷ്ടം ഉള്ള ഭക്ഷണം കഴിച്ചു ഇഷ്ട്ടം ഉള്ളത് പോലെ സമാധാനവും സന്തോഷമായും ജീവിക്കുക
എന്ത് ജോലി ചെയ്യുന്നു. എത്ര ശമ്പളം വാങ്ങുന്നു എന്നതിൽ ഉപരി എങ്ങനെ സന്തോഷമായും സമാധനമായി കഴിയുന്നിടത്തോളം മനുഷ്യരെയും പ്രകൃതിയെയും സ്നേഹിച്ചു ആയുസ്സുള്ളിടത്തോളം ജീവിക്കുക
ഇന്നലെകളെ കുറിച്ച് പശ്ചാത്തപിച്ചിട്ടോ നാളെകളെ കുറിച്ച് വേവലാതിപെട്ടിട്ടോ, കിട്ടാത്ത കാര്യങ്ങളെകുറിച്ച് ആവലാതിപെട്ടിട്ടോ കാര്യംഇല്ല. മറ്റുള്ളവരെ കുറിച്ച് അസൂയപെട്ടു കളയാനുള്ളത് അല്ല ജീവിതം.


ജോലി മാത്രം അല്ല ജീവിതം .
ജീവിക്കാൻ ജോലി വേണം. പണം വേണം. പക്ഷെ ജീവിതം ഇഷ്ട്ടം പോലെ ഇഷ്ട്ടമുള്ളത് ചെയ്തു മനുഷ്യരെയും പ്രകൃതിയെയുമൊക്കെ അറിഞ്ഞു, സ്നേഹിച്ചു, സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ളത് കൂടിയാണ്.
ജെ എസ്

Join WhatsApp News
Mary Mathew 2023-07-06 08:31:30
Very true Do whatever we like Life is not for becoming an engineer or doctor Do according our will and wish In olden days parents were in a competition to mould their children according their will and wish.Anyway things are changing.
Anthappan 2023-07-06 14:22:47
Dear Editor- Please give a profile of the writers and that will help to eliminate some of the readings. The readers probably want to know what qualifies them to write certain articles.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക