Image

ഭരണഘടന 'എഴുതിയ' കൊച്ചിക്കാരി പുലയപെണ്ണിനു 111; വരേണ്യ വർഗം അകറ്റി നിർത്തി (കുര്യൻ പാമ്പാടി)

Published on 04 July, 2023
ഭരണഘടന 'എഴുതിയ' കൊച്ചിക്കാരി പുലയപെണ്ണിനു 111; വരേണ്യ വർഗം അകറ്റി നിർത്തി (കുര്യൻ പാമ്പാടി)

കൊച്ചിക്കടുത്ത് മുളവുകാടു  ദീപിൽ 111 വർഷം  മുമ്പ് ജൂലൈ 4 നു ദാക്ഷായണി ജനിക്കുമ്പോൾ  നാട്ടിലെ സ്ഥിതി ആലോചിക്കാനേ വയ്യ. കീഴാള വർഗത്തിന് വഴിനടക്കാൻ  ആവില്ല. അവരുടെ പെൺകുട്ടികൾക്ക് മാറ് മറക്കാനോ ബ്‌ളൗസ് ധരിക്കാനോ  പറ്റില്ല. എന്നിട്ടും അമ്മ പറഞ്ഞതിനാൽ ബ്ലൗസ് ധരിച്ചു തന്നെ സ്‌കൂളിൽ പോയി.

അമേരിക്ക ജനാധിപത്യ ദിനമായി ആചരിക്കുന്ന ദിവസമാണ് ജൂലൈ 4.

ഹൈ സ്‌കൂൾ ആയപ്പോൾ ദാക്ഷായണിക്ക് അകലെയുള്ള സ്‌കൂളിലേക്ക് വഞ്ചി തുഴഞ്ഞു പോകേണ്ടി വന്നു. എന്നിട്ടും പുലയ സമുദായത്തിൽ എസ്എസ്എൽസി പാസാകുന്ന ആദ്യത്തെ ആളായി. എറണാകുളം മഹാരാജാസിൽ ബിരുദത്തിനു ചേർന്നപ്പോൾ ഇന്ത്യയുടെ ചരിത്രത്തിലാദ്യത്തെ  പുലയ പെൺകുട്ടിയായിരുന്നു. എന്നിട്ടും കെമിട്രി ലാബിൽ ഒരു മൂലയ്ക്ക് ഒതുങ്ങി നിൽക്കേണ്ടി വന്നു.

 ദാക്ഷായണി: നൂറ്റാണ്ടു കഴിഞ്ഞി ട്ടും ജ്വലിക്കുന്ന ദളിത വികാരം

മദ്രാസിൽ പോയി ബിഎഡ് നേടി തൃശൂർ പെരിങ്ങോട്ടുകരയിൽ അദ്ധ്യാപികയായി. കൊച്ചി നിയമസഭയിലേക്ക് നാമനിർദ്ദേശം വന്നപ്പോൾ ജോലി ഉപേക്ഷിച്ചു. മദ്രാസിൽ നിന്ന് ഇന്ത്യയുടെ ഭരണഘടന ഉണ്ടാക്കാനുള്ള കോൺസ്റിറ്റുവന്റ് അസംബ്ലിയിലേക്കു നിയോഗിക്കപ്പെട്ടു. കൈയക്ഷരം നന്നായിരുന്നതിനാൽ ചില അദ്ധ്യായങ്ങൾ  സ്വയം എഴുതേണ്ടി വന്നു. പാർലമെൻറ് ലൈബ്രറിയിൽ അതെല്ലാം സൂക്ഷിച്ചു വച്ചിട്ടുണ്ട്. 

ബാബ സാഹിബ് അംബദ്ക്കറോടൊപ്പം ഭരണഘടനയിൽ ഒപ്പു വച്ച 15 വനിതകളിൽ ഒരാളായി. ഇന്ത്യയിലെ ഏക ദളിത് അംഗം. ഏറ്റവും പ്രായം കുറഞ്ഞ ആൾ. ആനി മസ്ക്രീൻ ആയിരുന്നു മറ്റൊരു മലയാളി.  രാജകുമാരി അമൃതകൗർ വേറൊരാൾ. കോൺസ്‌റ്റിറ്റ്യുവന്റ് അസംബ്ലി സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പാർലമെന്റ് ആയി മാറിയപ്പോൾ അതിലും അംഗം. ഭർത്താവ് വേലായുധനും സഹോദരൻ മാധവനും ഒപ്പം പാർലമെന്റിൽ സേവനം ചെയ്‌തു.

ദാക്ഷായണി ദിനത്തിൽ മകൾ മീരക്ക് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രണാമം

ഇതെല്ലാം ചരിത്രം തങ്കലിപികളിൽ എഴുതിയ അദ്ധ്യായങ്ങളാണ്. ആധുനിക ഭാരത രാഷ്ട്രീയ ചരിത്രത്തിൽ ഇതുപോലെ വിപ്ലവം സൃഷ്ട്ടിച്ച ഒരാൾ  ഉണ്ടായിട്ടില്ലെന്നു ജവഹർലാൽ സർവകലാശാലയിലെ   പ്രഫസർ ജാനകി നായർ കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നടന്ന ചരിത്ര കോൺഗ്രസ്സിൽ പറഞ്ഞപ്പോൾ ആ പേരു കേട്ടിട്ട് പോലുമില്ലാത്ത യുവ തലമുറ വിസ്മയിച്ചു കോരിത്തരിച്ചിരുന്നു. 

മഹാത്മാ ഗാന്ധിയും കസ്തൂർബാ ഗാന്ധിയും ചേർന്ന് വർദ്ധയിലെ സേവാഗ്രാം ആശ്രമത്തിൽ വച്ചാണ് ദാക്ഷായണിയുടെയും വേലായുധന്റെയും വിവാഹം നടത്തിക്കൊടുത്തത്. ഒരു കുഷ്ടരോഗി ഉൾപ്പെടെയുള്ള മഹാത്മജിയുടെ ഹരിജനങ്ങൾ ചടങ്ങിനു സാക്ഷ്യം വഹിച്ചു.

ചെറായി രാമദാസന്റെ ദാക്ഷായണി ഗ്രൻഥം

ഗാന്ധിജിക്കും അംബദ് കർക്കും  ഒരുപോലെ അരുമയായിരുന്നു ദാക്ഷായണി. എന്നിട്ടും കീഴാള വർഗ സംരക്ഷണപ്രശ്‌നത്തിൽ അംബദ്ക്കറോടു പോലും അവർ കലഹിച്ചു. ഭർത്താവിന്റെ ഇളയച്ഛൻ രാഷ്‌ട്രപതി കെ ആർ നാരായണനും പ്രധാനമന്ത്രിമാരായ  ജവഹർലാൽ നെഹ് റുവും ഇന്ദിരാഗാന്ധിയും ദാക്ഷായണിയുമായി സ്നേഹവാത്സല്യങ്ങൾ പങ്കുവച്ചു.

കോൺസ്റ്റിടുവന്റ്  അസംബ്ലിയിലെ വനിതകൾ, പിന്നിൽ വലത്ത് ദാക്ഷായണി

നൂറ്റിപതിനൊന്നാം ജന്മദിനമായ ജൂലൈ 4നു ദാക്ഷായണി സ്ക്കൂളിൽ പഠിച്ച കൊച്ചി ബോൾഗാട്ടി ദ്വീപിൽ അനുസ്മരണച്ചടങ്ങുകൾ നടന്നു. പട്ടികജാതി പട്ടികവകുപ്പു പിന്നോക്ക ക്ഷേമ വകുപ്പ്  മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ എംഎൽഎ കെഎൻ ഉണ്ണികൃഷ്ണൻ, ജസ്റ്റിസ് കെകെ ദിനേശൻ. ദാക്ഷായണിയുടെ മകൾ ഡോ. മീര വേലായുധൻ,  ജീവചരിത്രകാരൻ ചെറായി രാമദാസ്, മുളവുകൂടി ഗ്രാമ [അഞ്ചായത്തു പ്രസിഡന്റ് വിഎസ് അക്ബർ  തുടങ്ങിയവർ അണി നിരന്നു.

പത്നി ഭുവനേശ്വരി വല്ലാർപാടത്തോടൊപ്പം ചെറായി

തികളാഴച രാവിലെ മഹാരാജാസിലെ സ്വാതന്ത്ര്യച്ചുമരിലെ ചിത്രത്തിന് മുമ്പിൽ പുഷ്‌പാർച്ചന  നടത്തിക്കൊണ്ടായിരുന്നു അനുസ്മരണച്ചടങ്ങുകൾക്കു തുടക്കം.  ചിൽഡ്രൻസ് പാർക്ക് തീയറ്ററിൽ അവരെപ്പറ്റിയുള്ള ഡോക്കുമെന്ററികളുടെ  പ്രദർശനവും നടന്നു. ഷാജി എൻ കരുൺ ഉദ്ഘാടനം ചെയ്തു. രാമദാസിന്റെ ദാക്ഷായണിപുസ്തകം പ്രകാശിപ്പിച്ചതും മഹാരാജാസിൽ.

'ഞാൻ 1912 ജൂലൈ 4 നു കേരളസസ്ഥാനത്തിന്റെ ഭാഗമായ അന്നത്തെ കൊച്ചി രാജ്യത്ത് മുളവുകാട് കല്ലച്ചം മുറി വീട്ടിൽ കുഞ്ഞന്റെയും മാണിയുടെയും മകളായി ജനിച്ചു,' ഇങ്ങിനെ തുടങ്ങുന്നു ദാക്ഷായണിയുടെ ആത്മകഥ.  1978ൽ 66 ആം  വയസിൽ അന്തരിക്കുബോൾ ആദ്യത്തെ 50 പേജുകൾ പൂർത്തിയാക്കാനേ കഴിഞ്ഞുള്ളു.

പുസ്തക പ്രകാശനം--ഷാനിമാൾ ഉസ്മാൻ, മീര വേലായുധൻ, സിഎസ് സുജാത

ഡൽഹിയിലെ സുബാൻ പബ്ലിഷേഴ്സ് ഇക്കൊല്ലം ഇറക്കുന്ന തന്റെ ദാക്ഷായണി എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിൽ അമ്മയുടെ ഈ ആത്മകഥാഭാഗം ഉൾപ്പെടുത്തുന്നുണ്ടെന്നു മകളും സാമൂഹ്യ ശാസ്ത്രജ്ഞയുമായ ഡോ. മീര വേലായുധൻ എന്നോട് പറഞ്ഞു. മീരയുടെ ഇത്തരമൊരു പുസ്തകത്തെപ്പറ്റി കേൾക്കാൻ തുടങ്ങിയിട്ട് ഒരു ദശാബ്ദം എങ്കിലുമായി. വരട്ടെ വായിക്കാം. 

ബിഎ കെമിസ്‌റിക്ക് (ആണ് ബിഎസ്സി ആയിട്ടില്ല) അഡ്മിഷൻ കിട്ടിയ ആദ്യത്തെ പെണ്കുട്ടിയെക്കാണാൻ മഹാരാജസ്‌ കോളേജിന് മുമ്പിൽ പത്രലേഖകരും ഫോട്ടോഗ്രാഫർമാരും തടിച്ചു കൂടിയിരുന്നു. എന്നാൽ അവരുടെയൊന്നും  ശ്രദ്ധയിൽ പെടാതെ നമ്രമുഖിയായ ആ കൊച്ചു പെൺകുട്ടി മറ്റു കുട്ടികളോടൊപ്പം കോളജിലേക്ക് കയറിപ്പോയി. പത്രക്കാർ പണിപ്പെട്ടാണ് കെമിസ്ട്രി ലാബിലെ ഇരുടളഞ്ഞ മൂലയിൽ ദാക്ഷായണിയെ കണ്ടെത്തിയത്.

ദാക്ഷായണി-വേലായുധൻ വിവാഹം ഗാന്ധിജിക്കു  മുമ്പാകെ

തീണ്ടലും തൊടീലും നടമാടിയിരുന്ന കാലത്തു ഒരു പുലയ പെൺകുട്ടിയെ കൺവെട്ടത്ത് നിർത്തി പഠിപ്പിക്കാൻ   ബ്രാഹ്മണനായ അദ്ധ്യാപകൻ തയ്യാറായില്ല. തന്മൂലം  മഹാഭാരതത്തിലെ ഏകലവ്യനെപ്പോലെ മാറി നിന്നു കേട്ടു  പഠിച്ചാണത്രെ ദാക്ഷായണി  പാസായതെന്ന്‌ ചരിത്രം പറയുന്നു. 

ദാക്ഷായണി ജനിച്ച മണ്ണിനോട് ജന്മബന്ധമുള്ള  ചെറായി രാമദാസ് നാട്ടിലും ചെന്നെയിലെ തമിഴ്‌നാട് ആർകൈവ്സിലുമെല്ലാം നടത്തിയ ഗവേഷണത്തിനൊടുവിൽ 'കാലശാസനകൾക്കു കീഴടങ്ങാത്ത ദാക്ഷായണി വേലയുധൻ' എന്നപേരിൽ എഴുതിയ ജീവിത കഥയാണ് ഈയിടെ പ്രകാശിതമായത്. "വേറിട്ട വഴികളിൽ സഞ്ചരിക്കുന്ന" ഷാജി ജോർജിന്റെ പ്രണതബൂക്‌സ് പുറത്തിറക്കിയ 300 പുസ്തകങ്ങളിൽ  ഒടുവിലത്തേത്.

 വേലായുധൻ, ദാക്ഷായണി, മാധവൻ, മീര

അറുപത്തെട്ടു വർഷത്തിനിടയിൽ അമ്പതു വർഷം ഇടതു രാഷ്ട്രീയത്തിലും നാല് പതിറ്റാണ്ടു പത്രപ്രവർത്തന രംഗത്തും എഴുത്തിലും പയറ്റി തെളിഞ്ഞ ആളാണ്‌ ചെറായി. പുലയ രാജാവ് അയ്യങ്കാളി, സ്മാർത്തവിചാരണ നേരിട്ട കുറിയേടത്തു താത്രി, കെപി വള്ളോൻ, കൊച്ചി കായൽ സമരം, അംബദ് കർ  തുടങ്ങി ഒരു ഡസനോളം പുസ്തകങ്ങൾ. കേരള, തമിഴ്‌നാട് ആർക്കൈവുകളിൽ ദീഘകാലം ഗവേഷണം നടത്തി.

'ജാതിമേധാവിത്തം പ്രബലമായ ഒരുകാലത്ത് കൊച്ചിയിലെ മുളവുകാട്ടു  നിന്നും ഡൽഹിയിൽ എത്തി. മഹാത്മാ ഗാന്ധിയോടൊപ്പം ദേശീയ പ്രക്ഷോഭണത്തിൽ പങ്കാളിയാകാൻ ദാക്ഷായണിക്കായി. അറിവുകൊണ്ടു നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും ആകാശം അവർ സൃഷ്ട്ടിച്ചു. ഇംഗ്ലീഷ് ഭാഷയിൽ  തന്നെ അവർ രാജ്യത്തോട് സംസാരിച്ചു.  ആ പ്രസംഗങ്ങൾ ചരിത്ര പ്രാധാന്യമുള്ള നേർ രേഖകൾ ആണ്,' ചെറായി എഴുതുന്നു.

കാലടി ദാക്ഷായണി പഠനകേന്ദ്രം: സ ജിത, രാധികാ വെമുല, കോഓർഡി ഷീബ

കാലടിയിലെ ശ്രീ ശങ്കര സംസ്കൃത സർവകലാശാലക്ക് ദാക്ഷായണിയോടുള്ള ബന്ധം അടുത്തകാലത്ത് ഉണ്ടായതാണ്. ചരിത്ര വകുപ്പിനു കീഴിൽ ഒരു ദാക്ഷായണി സെന്റർ ഫോർ വിമൻ സ്റ്റഡീസ് അവിടെ ആരംഭിച്ചു. ഡോ.കെ.എം ഷീബയാണ് കോഓർഡിനേറ്റർ.

ദാക്ഷായണി വേലായുധന്റെ ഭർത്താവ് ആർ. വേലായുധൻ ബോംബെ ടാറ്റ ഇൻസ്റ്റിറ്റിയൂട് ഓഫ് സോഷ്യൽ സയൻസസിൽ പഠിക്കുമ്പോൾ അതിന്റെ ഭാഗമായി ആദിശങ്കരന്റെ നാടായ കാലടിയിൽ ഗവേഷണ പഠനം നടത്തി.

സവർണ മേധാവിത്തത്തിന്റെ കൊടിയടയാളവും ജാതിവ്യവസ്ഥയുടെ പ്രചാരകനുമെന്നു ആക്ഷേപിക്കപ്പെടുന്ന ആദിശങ്കരന്റെ ജന്മസ്ഥലത്തെ സർവകലാശാലക്കു ശങ്കരന്റെ  മുദ്രയാണ്  നൽകിയിരിക്കുന്നത്. ജാതി വ്യവസ്ഥക്കെതിരെ ജീവിതകാലം മുഴുവൻ സമരം ചെയ്തിട്ടുള്ള ഒരു മഹിളയുടെ പേരിൽ അവിടെ ഒരു സ്ത്രീപഠന കേന്ദ്രം വരുന്നതിലെ കാവ്യനീതി ഓർക്കുക.

കായൽ സമര രേഖകളെപ്പറ്റി അജയ് ശേഖറും ചെറായിയുമായി സംഭാഷണം    

മഹാത്‌മാ  ഗാന്ധി, ശ്രീബുദ്ധൻ,  ശ്രീ ശങ്കരൻ, രവീന്ദ്രനാഥ് ടാഗോർ,  ശ്രീ നാരായണ ഗുരു, സ്വാമി വിവേകാന്ദൻ, ചട്ടമ്പി സ്വാമി, അയ്യൻ‌കാളി, സ്വാമി ആഗമാനന്ദ   തുടങ്ങിയവരുടെ പേരിലും അവിടെ പഠന കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. പക്ഷെ  ജാതിവ്യവസ്ഥക്കും സവർണ മേധാവിത്തത്തിനു മെതിരെ  ഇന്ത്യയിൽ ഇന്നും ജ്വലിച്ചുകൊണ്ടിരിക്കുന്ന വികാങ്ങൾ ശമിപ്പിക്കാൻ ഇതുകൊണ്ടെന്താകാൻ?

കാലടി സർവകലാശാലയിൽ ദളിത് പക്ഷങ്ങൾക്കു വേണ്ടി പോരാടുന്നവരിൽ  എനിക്കറിയാവുന്നചിലരുണ്ട്. ഒരാൾ പ്രൊഫ. കെ. എം. ഷീബ  തന്നെ. ഡോക്ടർമാരായ കെആർ സജിതയും അജയ് ശേഖറുമാണ് മറ്റു രണ്ടു പേർ. ഡോ. സജിത  ദാക്ഷായണിയുടെ ജന്മനാടിനു സമീപം വൈപ്പിനിൽ ജനിച്ച ആളാണ്‌. 'ദളിതമക്ഷരസംയുക്തം' എന്ന പേരിൽ 2012ൽ   ഇറക്കിയ പുസ്തകം ആദിമധ്യാന്തം ദാക്ഷായണിയുടെ  സമരങ്ങളെക്കുറിച്ചുള്ള അപഗ്രഥനമാണ്.

'ദാക്ഷായണിവേലായുധൻ  ഒരു തുടക്കമല്ല, തുടർച്ചയാണ്‌.  ഭരണഘടന  നിലവിൽ വന്നു അരനൂറ്റാണ്ടു പിന്നിടുമ്പോഴാണ് കേരളത്തിന് പ്രത്യേകിച്ച് കീഴാളർക്കു ഇത്തരമൊരു പേരു  കേൾക്കാൻ  ഇടവന്നത് പോലും.' ഇങ്ങിനെ തുടങ്ങുന്നു സജിതയുടെ പഠനം. 'കേരളത്തിന്റെ നവോത്ഥാനം സാധ്യമാക്കിയ കീഴാളസ്ത്രീ  പ്രതിനിധാനമാണവർ. സ്ത്രീയായതു കൊണ്ടും  കീഴാളയായതുകൊണ്ടും ഒരേസമയം പിന്തള്ളപ്പെടാനും പിൻവലിയാനും  സമുദായം അവർക്കു അവസരമൊരുക്കി.'

അയിത്തനിരോധനം ആവ്ശ്യപെട്ടു നിരന്തരമായ വായ്താരികൊണ്ടു ആദ്യത്തെ പാർലമെന്റിനെ  പിടിച്ചുലച്ച ദാക്ഷായയണിയോട് നെഹ്രുവിനു പോലും അനിഷ്ടം തോന്നിയിരിക്കണം. എന്ത് വേണ്ടി കോൺസ്റിറ്റുവന്റ് അസംബ്ലിയിൽ ഉണ്ടായിരുന്ന വനിതകൾക്കെല്ലാം ഉന്നതപദവികൾ ലഭിച്ചു. നെഹ്രുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ്  യു എന്നിലേക്ക്‌  പോയി, ഗവർണർ ആയി. അമൃകൗർ കേന്ദ്രമന്ത്രിയായി.

ദാക്ഷായണി മാത്രം ജീവിക്കാൻ വേണ്ടി രണ്ടുപതിറ്റാണ്ടുകാലം ഡൽഹിയിൽ എൽഐസിയിലെ ക്ലെറിക്കൽ ഉദ്യോഗം വഹിച്ചു കഴിയേണ്ടി വന്നു. ഭാര്യയും ഭർത്താവും ഒന്നിച്ച് പാർലമെന്റിൽ പ്രവർത്തിച്ചവരാണ്. എറണാകുളം ടാറ്റ ഓയിൽ മിൽസിലെ ജോലി രാജിവച്ചു വന്ന ഭർത്താവ് വേലായുധനും അധികം താമസിയാതെ ദാക്ഷായണിയും കടന്നു പോയപ്പോൾ മലയാള പത്രങ്ങൾ പോലും അവരുടെ ചരിത്ര പ്രാധാന്യം  തിരിച്ചറിഞ്ഞില്ലെന്നു റിപ്പോർട്ടുകൾ ഉദ്ധരിച്ചുകൊണ്ട് ചെറായി സമർഥിക്കുന്നു.

കോൺസ്റിറ്റുവന്റ് അസംബ്ലി, കോൺസ്റിറ്റുവന്റ് അസംബ്ലി-ലെജിസ്ളേറ്റീവ്, പ്രൊവിഷണൽ പാർലമെന്റ്  ഇവയുടെ രേഖകൾ സമാഹരിച്ചു ചെറായിയെ സഹായിച്ചത് എഴുത്തുകാരിയും ഫോറിൻ ട്രേഡ് വകുപ്പ് ഉദ്യോഗസ്ഥയുമായ   ഭാര്യ  ഭുവനേശ്വരി വല്ലാർപാടം ആണ്.

ഇന്ത്യയിലെയും കേരളത്തിലെയും  ദളിതരുടെ പ്രശ്നങ്ങൾ നിരന്തരും ഉന്നയിച്ച് കേരളീയർ കണ്ട  ഏറ്റവും മികച്ച  പാർമെന്റേറിയന്മാരിൽ ആദ്യത്തെ ആൾ  ദാക്ഷായണി തന്നെയാണെന്ന് ചെറായി സംഗ്രഹിച്ച രേഖകൾ തെളിയിക്കുന്നു.  കൊച്ചി തുറമുഖം, അവിടെനിന്നു പാക്കിസ്ഥാനിലേക്കുള്ള  കള്ളക്കടത്ത്, പഞ്ചസാര, ഉപ്പ്, വനസ്പതി, തേങ്ങ, വെളിച്ചെണ്ണ,  ഷൊർണൂർ-നിലമ്പൂർ റയിൽപ്പാത  തുടങ്ങി കേരളീയരെ ബാധിക്കിങുന്ന പ്രശനങ്ങൾ എല്ലാം ഒന്നാംതരം ഇംഗ്ലീഷിൽ അവർ ഉന്നയിച്ചു.

ദാക്ഷായണിയെപ്പോലെ വാഗ്ധോരണിയുള്ള ഒരു എംപിയെ കണ്ടെത്താൻ കേരളം ഇനിയും കാത്തിരിക്കണം. വിദേശത്തുപോയി പഠിക്കാൻ ഗവർമെന്റ് ഫെല്ലോഷിപ്പുകൾ  നൽകിയിരുന്ന കാലത്ത് സവര്ണയായ ഗൗരി പോയാൽ മതി ദാക്ഷായണി പോകേണ്ട എന്ന  ഭരണകൂടത്തിന്റെ നിലപാടിനെതിരെ  അവർ ആഞ്ഞടിച്ചു..

എഴുത്തുകാരനും പ്രഭാഷകനും ചിത്രകാരനും പ്രക്രുതിസ്നേഹിയും  ഫോട്ടോഗ്രാഫറും  എല്ലാറ്റിനുമുപരി കോട്ടയം ഗാന്ധിനഗറിൽ എന്റെ അയൽക്കാരനുമാണ് ഡോ.അജയ് ശേഖർ.  ചെറായി എഴുതിയ കായൽസമര ചരിത്രത്തെപ്പറ്റി അദ്ദേഹവുമായി അടുത്തയിടെ നടത്തിയ ദീർഘ സംഭാഷണമാണ്  ശ്രദ്ധേയമായത്. കാലടിയിലെ ബൗദ്ധ പഠന കേന്ദ്രത്തിന്റെ ഏകോപനവും അദ്ദേഹത്തിനാണ്. 

ശ്രീ നാരായണഗുരു  ജനിച്ച ചെമ്പഴന്തിയിലും തപസിരുന്ന മരുത്വാമലയിലും ശിവനെ പ്രതിഷ്ഠിച്ച അരുവിപ്പുറത്തും ശിവഗിരി  നാരായണ ഗുരുകുലത്തും ആലുവാ പുഴയോരത്തെ  അദ്വൈതാശ്രമത്തിലും  കൂട്ടിക്കൊണ്ടു പോയി ഗുരുസ്വാമി സൂക്തങ്ങളിലേക്കു എന്നെ ജ്ഞാനസ്നാനം ചെയ്യിച്ചതു അജയുടെ പിതാവ് റിട്ട. പ്രിൻസിപ്പൽ ഇ.കെ.സോമശേഖരനാണ്. ദാക്ഷായണി പഠിപ്പി ച്ച തൃശൂർ പെരിങ്ങോട്ടുകരയിലും അദ്ദേഹം അദ്ധ്യാപകനായിരുന്നു.

മധ്യ ഭാരതത്തിലെ ആദിവാസികളെ സംഘടിപ്പിച്ചു അധികാരികളുടെ നിറതോക്കുകൾക്കെതിരെ വിരിമാറു  കാട്ടിയ കുട്ടനാട്ടുകാരി സിസ്റ്റർ ജോസ്നയോടൊപ്പം സിംഹ ഭൂമിയിൽ താമസിച്ചെഴുതിയ ലേഖന പരമ്പരക്ക് കേരളത്തിൽ ആദ്യമായി സ്റ്റേറ്റ്‌സ് മാൻ  അവാർഡ് നേടാൻ എനിക്കു കഴിഞ്ഞു. അത് കൊട്ടി ഘോഷിക്കാൻ ഇപ്പോഴല്ലാതെ എപ്പോൾ?

 

Join WhatsApp News
Santhosh 2023-07-04 18:40:33
കേട്ടുപരിചരിചയം പോലുമില്ലാത്ത ഒരു നവോത്ഥാന നായികയെ പരിചയപ്പെടുത്തിയതിന് നന്ദി.
George mampara 2023-07-04 22:53:02
Your social consciousness is in evidence. Would nt it have been better if you had used the less offensive term Dalit. And that Brahmin chemistry teacher Should be named an structured. The non namboothiri Brahmins in general are more fanatical and haters of lower caste people. My dad is known have forced his way onto the kudamaloor ferry, if and when it had an aitham observing client on board. Gm
Abdul Punnayurkulam 2023-07-04 23:16:02
Kurian sir, thank you for introducing wonderful histories with rare photos.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക