Image

'ദൈവത്തിൻ്റെ വിരലുകൾ' നിശ്ചലം! (വിജയ് സി. എച്ച്)

Published on 07 July, 2023
'ദൈവത്തിൻ്റെ വിരലുകൾ' നിശ്ചലം! (വിജയ് സി. എച്ച്)

ഒരു വര അവസാനം വരെ അതു കണ്ട ആളുടെ സ്‌മരണയിലുണ്ടെങ്കിൽ അത് ആ വര വരച്ചയാൾക്ക് ലഭിയ്ക്കുന്ന ലക്ഷണമൊത്തൊരു വരദക്ഷിണ! ആ വരയെ ജീവൻ തുടിക്കുന്നതെന്നും, കവിതയുറങ്ങുന്നതെന്നും മറ്റും വഴിവിട്ടു വാഴ്‌ത്താതെ, ‘നമ്പൂതിരിയുടെ വര’ എന്നു വിളിക്കുന്നത് മഹത്തരമായൊരു വരദാനവും!
അദ്ദേഹം ഒന്നും പകർത്തുന്നില്ല. അതിനാൽ ഒത്തുനോക്കലും സാമ്യചിന്തയും ഇവിടെ ജലരേഖകൾ. നമ്പൂതിരിയുടേത് സമാനതകളില്ലാത്ത, സാർവ്വകാലീനമായ സുവർണ്ണരേഖകളാണ് -- ഈ രേഖകൾക്ക് പൂർവമാതൃകകൾ ഇല്ല. പികാസ്സൊയെയും, വാൻ ഗോഗിനേയും, ക്ലാഡ് മോണറ്റിനേയും, ഡാ വിൻചിയേയും, മൈക്കേൽ ആഞ്ജലോയേയും, രാജാ രവി വർമ്മയേയും, ടാഗോറിനേയും നമ്പൂതിരി ആരാധനയോടെയാണ് നോക്കിക്കണ്ടത്. എന്നാൽ, ഇവരാരുംതന്നെ നമ്പൂതിരിയുടെ രചനകളെ സ്വാധീനിച്ചിട്ടില്ലായെന്നതാണ് അദ്ദേഹത്തെ ഒരു വേറിട്ട കലാകാരനാക്കിയത്, രേഖാചിത്രങ്ങളുടെ രാജാവാക്കിയത്.
'നമ്പൂതിരിയുടെ ചിത്രങ്ങൾ', 'നമ്പൂതിരിയുടെ പെണ്ണുങ്ങൾ', 'നമ്പൂതിരിയുടെ ആണുങ്ങൾ’ മുതലായ പ്രശസ്ത പ്രയോഗങ്ങളുടേയും ഉത്ഭവം ഈ സ്വത്വത്തിൽനിന്നാണ്.


നമ്പൂതിരിയുടെ ചിത്രങ്ങളും, പെണ്ണുങ്ങളും, ആണുങ്ങളും, കഥകളി നർത്തകരും, നഗരങ്ങളും, കോപ്പർ റിലീഫുകളും, ബിനാലെ പോർട്രൈറ്റുകളും മാത്രമല്ല, അദ്ദേഹം ഒരു കൊച്ചു വര വരച്ചാൽപോലും അതിൻറെ ചേലൊന്നു വേറെതന്നെയാണ്! പാശ്ചാത്യരാജ്യങ്ങളിലെ വിശ്രുതരായ ഇലസ്ട്രേറ്റേഴ്സ്, ഫെലിക്സ് ടോപോൾസ്കിയേയും, ജേംസ് തർബറിനേയും, ബെൻ ഷാനേയുമൊന്നും മറക്കാതെതന്നെ ഒന്നു പറയട്ടെ, ഇതൊക്കെ നമ്മുടെ നമ്പൂതിരിക്കുമാത്രം പറഞ്ഞിട്ടുള്ളതായിരുന്നു. അദ്ദേഹത്തിൻ്റേത് ദൈവത്തിൻ്റെ വിരലുകളാണത്രെ!


സംവിധായകൻ ജി. അരവിന്ദനേയും ആർട്ടിസ്റ്റ് നമ്പൂതിരിയേയും കണ്ടാൽ, വരക്കാനറിയുന്നവരൊക്കെ അവരെ വരക്കുകയും, കേമറ കയ്യിലുള്ളവരൊക്കെ അവരുടെ ഫോട്ടൊ എടുക്കുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇടതൂർന്നു തഴച്ചുവളർന്ന വെള്ളിത്താടിയും മുടിയും ഉള്ള ഇവരെ കാണാൻ അത്രകണ്ട് അഴകായിരുന്നു!
"ആർട്ടിസ്റ്റ് നമ്പൂതിരി എന്ന് വേണ്ട, എന്നെ നമ്പൂതിരി എന്ന് വിളിച്ചാൽ മതി," അദ്ദേഹം ഈ ലേഖകനെ തിരുത്തി.


'ആർട്ടിസ്റ്റ് നമ്പൂതിരി' എന്ന പേരിൽ തന്നെയാണല്ലൊ അദ്ദേഹം അറിയപ്പെടുന്നത്. പിന്നെ 'ആർട്ടിസ്റ്റ്ന്' എന്തിനാണീ വിലക്ക് എന്നറിയാതെ ഞാൻ നമ്പൂതിരിയുടെ മുഖത്തേക്ക് അൽപനേരം നോക്കിയിരുന്നു. അദ്ദേഹം എന്നെ തിരിച്ചുനോക്കിയെന്നല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. സ്വതസിദ്ധമായ 'ജേണലിസ്റ്റിക് അഭിനിവേശ'മൊക്കെ കരിവാട്ടുമനയിലെ സർവ്വാദരണീയനായ വാസുദേവൻ നമ്പൂതിരി അവർകളോട് കാണിക്കാൻ എനിക്കു കഴിയുമായിരുന്നില്ല. ഈ കാലഘട്ടത്തിലെ ഏറ്റവും പ്രതിഭാധനനായ കലാകാരനെന്ന് ജ്ഞാനപീഠ ജേതാവ് ശ്രീ. എം. ടി വാസുദേവൻ നായർ ഈ ലോകോത്തര ചിത്രകാരനെ വിശേഷിപ്പിച്ചിരുന്നു!


പേരിൻ്റെ കൂടെ ആർട്ടിസ്റ്റ് എന്നൊരു പദവി വേണ്ടെന്ന് അദ്ദേഹം പറയാനുള്ള കാരണം, ഒരുപക്ഷേ, ജോബ് ടൈറ്റിൽ കൊണ്ടല്ല, മറിച്ചു തൻ്റെ സർഗസൃഷ്ടിയാലാണ് ഒരു കലാകാരൻ അറിയപ്പെടേണ്ടതെന്ന നൈതിക ചിന്ത കൊണ്ടായിരിക്കാം. ശരിയല്ലേ? ആർട്ടിസ്റ്റ് പികാസ്സൊയെന്നോ, ആർട്ടിസ്റ്റ് രവി വർമ്മയെന്നോ നാം പറയാറുണ്ടോ?
ദൈവത്തിൻ്റെ വിരലുകൾ ഇന്നു നിശ്ചലം. മലയാള സാഹിത്യത്തിന് ദൃശ്യസംസ്കൃതിയുടെ പുതിയ മാനം നൽകിയ പിതാമഹനു വിട. 


-------------------- 

 

'ദൈവത്തിൻ്റെ വിരലുകൾ' നിശ്ചലം! (വിജയ് സി. എച്ച്)
'ദൈവത്തിൻ്റെ വിരലുകൾ' നിശ്ചലം! (വിജയ് സി. എച്ച്)
'ദൈവത്തിൻ്റെ വിരലുകൾ' നിശ്ചലം! (വിജയ് സി. എച്ച്)
Join WhatsApp News
വിദ്യാധരൻ 2023-07-07 14:58:10
ദൈവത്തിന്റെ കൈവിരലുകൾക്ക് പണ്ടേ ചലനമില്ലായിരുന്നു. അത് തിരിച്ചറിഞ്ഞ നമ്പൂതിരി തന്റെ കഴിവുകളെ വളർത്തി വലുതാക്കി. നമ്പൂരിയുടെ കഥ ചലനമില്ലാത്ത ദൈവത്തെ മാറ്റി നിറുത്തി സ്വന്തം കഴിവുകളെ അനുധാവനം ചെയ്യുന്നവരുടെ കഥയാണ്.'മനുഷ്യനിലേക്ക്' എന്ന വയലാറിന്റെ കവിതയുടെ ഒരു ഭാഗം മാന്യവായനക്കാരുടെ ചിന്തയ്ക്കായി ഇവിടെ കുറിക്കുന്നു. " ഓമന നൃത്തം ചെയ്‌വു ഞങ്ങടെ നിർമ്മാണാത്മക സങ്കല്പങ്ങളിൽ മാമലനാടിൻ മണ്ണിൽ കനകം വിളയിപ്പവരുടെ ജീവിത കഥകൾ! ചുളിവുകൾ നെറ്റിയിലൊക്കെ ചാലിടു- മിതു പറയുമ്പോൾ ചിലരിലവർക്കൊരു കളിവീടായി മെരുങ്ങി ഒതുങ്ങി- യിരുന്നു പണ്ടീ കലയുടെ ലോകം. കളിയും ചിരിയും നീർക്കുഴിയിടലും കുമിളകൾ പൊട്ടിക്കലുമായിക്കേരള നളിനപൊയ്കയിൽ നീന്തി പാണ്ഡവർ കലയൊരു രാസവിലാസവുമായി. അവർവാദിക്കുകയാണിളാവില്ലാ- "തിവിടെ കലയുടെ കൂമ്പുകളെല്ലാ- മവസാനിച്ചു ചലനങ്ങളിലൂ- ടവയുടെ ശാശ്വതസൗന്ദര്യവുമേ ...." കവിതകൾ, മാനവജീവിതഗാഥക- ളനുഗാനംചെയ്തയരുകി,-ലെന്തി- ന്തിന്നവരുടെ നെറ്റികൾ ചുളിവു ചലന പ്രതിചലനങ്ങളിരമ്പിടുമ്പോൾ? ഒരുനാൾക്കൊണ്ട; ല്ലരമനകളിലെ മദാലസമാരുടെ മിഴികളിലൊക്കെ- ക്കരിനീളക്കൂട്ടെഴുതിയ കൈരളി പച്ചമനുഷ്യരിലേക്ക് വളർന്നു പരിസരശക്തികൾ മണ്ണിൽ നിന്നോ- രധൃഷ്യമനുഷ്യനെ വാർത്തുവളർത്തിയ ചരിതം നോക്കൂ; കേരളകലയുടെ കാലടിവയ്‌പുകൾ കാണാമവയിൽ (മനുഷ്യനിലേക്ക് -വയലാർ ) വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക