Image

ആളുറങ്ങി, അരങ്ങുറങ്ങി; ഭീമന്റെ ദുഃഖം ഒരു വെള്ളിടിപോലെ...(കുര്യൻ പാമ്പാടി)

Published on 08 July, 2023
ആളുറങ്ങി, അരങ്ങുറങ്ങി; ഭീമന്റെ ദുഃഖം ഒരു വെള്ളിടിപോലെ...(കുര്യൻ പാമ്പാടി)

പൊന്നാനിയിൽ ജനിച്ച്‌  അക്ഷരം പഠിക്കാതെ എംടി , വികെഎൻ പോലെ അക്ഷരം കൊണ്ട് അമ്മാനമാടുന്ന എഴുത്തുകാരുടെ കഥാപാത്രങ്ങൾക്ക് വരപ്രസാദം നൽകിയ നമ്പൂതിരി നാട് നീങ്ങി എന്ന് കേട്ടപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിയത് ഞാനാണ്. അന്നൊരിക്കൽ ആ പാദം തൊട്ടു തൊട്ടു നമസ്കരിക്കാൻ എടപ്പാളിലെ വീട്ടിലേക്ക് നടത്തിയ തീർഥാടനത്തിന്റെ   ഓർമ്മകൾ  മനസ്സിൽ നരച്ചു പൊന്തി.

'എംടിയുടെയും എന്റെയും പേര് ഒന്നാണ്- വാസുദേവൻ. പൊന്നാനിക്കാരായ ഞങ്ങൾ ഒന്നിച്ചപ്പോൾ എംടിയുടെ 'രണ്ടാമൂഴ'ത്തിലെ ഭീമനും പാഞ്ചാലിക്കും അരങ്ങിൽ തകർത്താടാൻ കഴിഞ്ഞു'എന്നാണ് ഒരിക്കൽ നമ്പൂതിരി പറഞ്ഞത്. ശത കോടികൾ മുടക്കി നിരവധി ഭാഷകളിൽ രണ്ടാമൂഴം ചിത്രമാക്കാൻ ഒരുങ്ങി പുറപെട്ടവരുടെ കയ്യിലുണ്ടായിരുന്നു നമ്പൂതിരി ചിത്രങ്ങളുടെ ശേഖരം.

വരയുടെ  വരരുചി നമ്പൂതിരിയും അദേഹത്തിന്റെ സുന്ദരിപ്പെണ്ണും

അരവിന്ദന്റെ ഉത്തരായനം, കാഞ്ചന സീത ഇനി ചിത്രങ്ങളുടെ കലാസംവിധായകൻ നമ്പൂതിരി ആയിരുന്നു. ഉത്താരായണത്തിലെ സംവിധാനത്തിന്റെ പേരിൽ സംസ്ഥാന പുരസ്‌ക്കാരവും നേടിയിരുന്നു. രണ്ടാമൂ ഴത്തിൽ അദ്ദേഹത്തിനു കൂടി രണ്ടാം ഊഴം കിട്ടുമെന്ന് പലരും  പ്രതീക്ഷിച്ചാണ്. പക്ഷെ തിരക്കഥ തിരിക വാങ്ങാൻ എംടി കോടതികയറിയതോടെ പുതിയ മെഗാ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ എല്ലാം അസ്തമിച്ചു.

ധീര വീര പരാക്രമിയെങ്കിലും കഥാനായകൻ ഭീമന്റെ മാനസിക തകർച്ചയാണ് രണ്ടാമൂഴത്തിന്റെ പ്രമേയം. യുദ്ധത്തിൽ അർജുനനെ രക്ഷിക്കാൻ മകൻ ഘടോൽക്കചൻ ജീവൻ വെടിയുന്നതു കണ്ടുകൊണ്ടു ഹൃദയം തകർന്നു നിൽക്കുന്നു ഭീമൻ.  ഭീമന്റെ വളർച്ചയും തകർച്ചയും നമ്പൂതിരി ഹൃദയരക്തം ഊറ്റി ഒന്നൊന്നായി കോറിയിട്ടു.

പൊന്നാനി കരുവാട്ടില്ലത്ത് 1925ൽ ജനിച്ച നമ്പൂതിരി സ്ക്കൂളിൽ പോയിട്ടേയില്ല. അഞ്ചാം വയസിൽ മുറ്റത്തു ഈർക്കിലി കൊണ്ട് വരച്ചായിരുന്നു തുടക്കം. പിന്നീട് ഭിത്തിയിൽ കരികൊണ്ടു വരച്ചു. കടലാസിലേക്കു കയറ്റം കിട്ടിയത് പത്താം വയസിൽ.

. നമ്പൂതിരിയും അദ്ദേഹം ചിത്രീകരിച്ച കഥകളി രൂപങ്ങളും

വാസ്തവത്തിൽ ഒറ്റപ്പാലം മനിസീരിയിലെ വരിക്കാശ്ശേരി കൃഷ്‌ണൻ നമ്പൂതിരിയാണ് വാസുദേവന്റെ പ്രതിഭ കണ്ടറിഞ്ഞത്. അദ്ദേഹം വാസുദേവനെ താൻ പഠിക്കുന്ന മദ്രാസ് ഫൈൻ ആർട്സ് കോളജിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ കെസിഎസ് പണിക്കർ, റോയ് ചൗധരി, എസ് ധനപാൽ  എന്നിവരുടെ ശിക്ഷണം. കെസിഎസ് രൂപം നൽകിയ ചോളമണ്ഡലം കലാ ഗ്രാമത്തിലും പങ്കാളിയായി.

1960 ൽ മാതൃഭൂമിയിൽ ആർട്ടിസ്റ്റായി കയറുമ്പോൾ വാരിക പത്രാധിപരായി എംടി ഉണ്ട്. സീനിയർ ആര്ടിസ്റ് ആയി എഎസ് . മൂന്നുപേരും കൂടി മാതൃഭൂമിയിൽ തകർത്താടി എന്നതാണ് ചരിത്രം. എംടി, വികെഎൻ, മുകുന്ദൻ തുടങ്ങിയവരുടെ കഥാപാത്രങ്ങൾക്ക് നമ്പൂതിരി ജീവനും മിഴിവും നൽകി.

ഒരൊറ്റ വര കൊണ്ടു ഭീമനെയും  അര്ജുനനെയും പാഞ്ചാലിയെയും സൃഷ്ട്ടിക്കുന്നതായിരുന്നു നമ്പൂതിരി
യുടെ ശൈലി. ഇന്ത്യയിൽ അതുപോലൊരു  വരകാരൻ   ഇല്ലെന്നു  പലരും പ്രകീർത്തിച്ചിട്ടുണ്ട്.

ഒരിക്കൽ അദ്ദേഹം ഒരു സ്‌കൂട്ടർ യാത്രക്കാരനെ വരച്ചു. രണ്ടു കൈയും നീട്ടി സ്‌കൂട്ടർ ഓടിക്കുന്ന ആൾ. സീറ്റിൽ ഇരിക്കുന്ന അയാളുടെ ഷർട്ടിന്റെ ചുളിവുകൾ വരെ വ്യക്തം. പക്ഷെ സ്‌കൂട്ടർ മാത്രമില്ല. " അതിനു ഞാൻ സ്‌കൂട്ടർ ശരിക്കും കണ്ടിട്ടുകൂടിയില്ലല്ലോ' എന്നായിരുന്നു നമ്പൂതിരിയുടെ സമാധാനം.

 ഒരേ നാട്ടുകാർ-വാസുദേവൻ നായരും വാസുദേവൻ നമ്പൂതിരിയും

1962ൽ മനോരമ പത്രാധിപസമിതിയിൽ,ചേർന്ന ഞാൻ നമ്പൂതിരിയുടെ ഓരോ വരയും ശ്രദ്ധിച്ചു. മാതൃഭൂമിയിൽ നിന്ന് കെസി നാരായണൻ മനോരമയിൽ ചേക്കേറി ഭാഷാപോഷിണി എഡിറ്റ് ചെയ്തപ്പോൾ നമ്പൂതിരിയുടെ രേഖകൾ എന്ന ആതമകഥ നൂറു ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചു. അതെല്ലാം ഞാൻ ശേഖരിച്ചു.

പത്തു വർഷം മുമ്പ് തൃശൂർ സാഹിത്യ അക്കാദമിയിൽ ഒരു സെമിനാറിൽ കേൾവിക്കാരനായിരിക്കുബോൾ 'മാരാരാശ്രീ അവർകൾ'  തുടങ്ങിയ സ്വാഗത പ്രസംഗത്തിന്റെ വിരസതയിൽ എത്തിയപ്പോഴാണ് നമ്പൂതിരിയെ ഒരുനോക്കു കണ്ടു പ്രണാമം അർപ്പിക്കാനുള്ള മോഹം എന്നിൽ ഉദിച്ചത്. ഞാൻ ഉടനെ ആരാധ്യനായ കെസി നാരായണനെ വിളിച്ചു.

;അതിനെന്താ. തൃശൂരിൽ നിന്ന് ഒന്നര രണ്ടുമണിക്കൂർ പോയാൽ മതി. ട്രെയിനിൽ കുറ്റിപ്പുറത്തിറങ്ങി അര  മണിക്കൂർ. ബസിലായാൽ അൽപ്പം കൂടിയേക്കാം. എടപ്പാൾ ടൗണിലിറങ്ങി ഓട്ടോയിൽ പോകാം. നടുവട്ടത്തേക്കു നടക്കാവുന്നതേയുള്ളു.  ഞാൻ മകൻ വാസുദേവനോട് വിളിച്ചു പറയാം. ഇതാണ് നമ്പർ,' എന്നു നാരായണൻ.

മോഹൻലാലിന്റെ പ്രിയപ്പെട്ട വരക്കാരൻ

ഞാൻ സൂപ്പർഫാസ്റ്റിൽ എടപ്പാളിൽ ഇറങ്ങി. വേഗം എത്താൻ വേണ്ടി ഓട്ടോയിൽ പോയി. ഒരു ലോറി ഗേറ്റിന്റെ ഉള്ളിൽ കിടക്കുന്നു. അതിൽ നിന്ന് വൈക്കോൽ ഇറക്കി തീരാറായി. ഡ്രൈവർ പൂമുഖത്തെത്തി  ബെല്ലടിച്ചു. വൈക്കോൽ ഇറക്കി തീർന്നു. 490 രൂപ. അയാൾ കൈനീട്ടി. നരച്ച നീളൻമുടി  പോണിടെയിൽ ആയി കെട്ടിയ ഗൃഹനാഥൻ 500 രൂപയുടെ ഒരു നോട്ടെടുത്ത് നീട്ടി. . ബാക്കി തരാൻ ചില്ലറ ഇല്ലെന്നു പറയുമ്പോൾ ടൗണിൽ പോയി മാറികൊടുവരാൻ ആജ്ഞ.  അയാൾ ഓടിപ്പോയി.

പത്തുരൂപ ഡ്രൈവർക്കു ഇനാം കൊടുത്താൽ  പ്രശനം തീരില്ലേ എന്നായിരുന്നു എന്റെ  സന്ദേഹം. നല്ല സാമ്പത്തികം തെളിയിക്കുന്ന വീടും പരിസരവും  തമിഴ്‍നാട്ടിൽ നിന്ന് കൊണ്ടുവന്ന കൽത്തൂണുകൾ സ്ഥാപിച്ച പൂമുഖം. വരകളുടെയും ശില്പങ്ങയുടെയും ചിത്രങ്ങളുടെയും നിരന്തരമായ ആവശ്യക്കാർ. മോഹൻ ലാൽ ആണ് ഒരാൾ.  എടപ്പാളിലെ മലനിരകൾക്കു മുകളിലെ സ്വാശ്രയ എൻജിനീയറിങ് കോളജിന്റെ ഡയറക്ടർ കൂടിയാണ്.  പത്തുരൂപ മടക്കിക്കൊടുത്തിട്ടു ഇയാൾ  എന്തൊരു മനുഷ്യൻ എന്ന് പിരാകി ക്കൊണ്ട് ഡ്രൈവർ സ്ഥലം കാലിയാക്കി.

എന്നെ അദ്ദേഹം കണ്ടു എന്നു തോന്നി. ഞാൻ പൂമുഖത്തു കാത്തു നിന്നു. പക്ഷെ ആരും  പുറത്തേക്കു വന്നില്ല. ഒടുവിൽ ഗത്യന്തരമില്ലാതെ ഒന്ന് രണ്ടു തവണ ചുമച്ചു. എന്നിട്ടും രക്ഷയില്ലാതായപ്പോൾ ബെൽ അമർത്തി. ആരാ, എന്തുവേണം എന്നായിരുന്നു ആദ്യ ചോദ്യം. നാരായണൻ വാസുദേവനോട് വിളിച്ച് പറഞ്ഞിട്ട് വന്നതാണ്. വെറുതെ ഒന്ന് കാണാൻ.

ഒടുവിൽ ഒരുപിടി ചാരം-എടപ്പാളിലെ സ്റ്റേറ്റ്  ഫ്യൂണറൽ  

അതൊന്നും അങ്ങോട്ട്  ഫലിക്കുന്നില്ല. ഒടുവിൽ,മനോരമയുടെ പേരു എടുത്തിട്ടു. ' മനോരമയുടെ ഉടമസ്ഥൻ ആവശ്യപെട്ടിട്ടിട്ടു ഒരു വർക്ക് ചെയ്യുകയാണ്' എന്നു പറഞ്ഞു കൊണ്ടു  നമ്പൂതിരി വീണ്ടും അകത്തേക്ക് മടങ്ങി വാതിൽ അടച്ചു. അഭിമുഖം അവസാനിച്ചു നിങ്ങൾക്കു പോകാം എന്നർഥം. മനസ്സിൽ അമർഷം  നുരച്ചു പൊന്തി. ഒരു പുഞ്ചിരി, സൗമ്യമായി ഒരു വാക്കു കിട്ടിയാൽ മനസ് നിറഞ്ഞു ഞാൻ വിട പറയുമായിരുന്നു.  

എല്ലാരാവിലെയും പ്രാതൽ കഴിഞ്ഞു ചാരു കസേരയിലിരുന്നു രണ്ടു മണിക്കൂർ വരയ്ക്കുന്ന സ്വഭാവമുണ്ട് അദ്ദേഹത്തിന്. അങ്ങിനെ വരച്ചുപേക്ഷിച്ച ഏതാനും ചിത്രങ്ങൾ  കസേരയുടെ കീഴിൽ ചിതറിക്കിടക്കു
തു  ഞാൻ കണ്ടു. മൂന്ന് നാലെണ്ണം വാരിയെടുടുത്തു കൊണ്ടാണ് ഞാൻ ഓടിയകന്നത്. നമ്പൂതിരിയുടെ ഒരു ചിത്രമോ  എന്നോടൊപ്പം ഒരു ചിത്രമോ എടുക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം ഇന്നും ബാക്കി നില്കുന്നു.

ബസ്സിൽ തൃശൂർക്ക് മടങ്ങുമ്പോൾ  കേച്ചേരി എന്ന സ്ഥലം കണ്ടു. ആരോ അവിടെ ഇറങ്ങിയപ്പോൾ ഞാനും കൂടെയിറങ്ങി. തൊട്ടടുത്തുള്ള യുസഫലി കേച്ചേരിയുടെ വീട് കണ്ടു പിടിച്ച്‌ ഗേറ്റ് പതിയെ തുറന്നു.  പൂമുഖത്ത് ഒരു മടക്കി വയ്ക്കാവുന്ന ഒരു ചാരുകസേരയിരുന്നുകൊണ്ടു കയറി വരുന്ന അപരിചിതനെ അദ്ദേഹം വിളിച്ചു  വരണം വരണം, ഇരിക്കണം.

എണ്ണമറ്റ മലയാളം, ഹിന്ദി,  ഉറുദു ഗാനങ്ങൾ  രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ 'ജാനകി ജാനേ കദനനിദാനം മോക്ഷകവാടം നാഹം ജാനേ'  മനസിൽ ഉരുവിട്ടുകൊണ്ടു കയറിച്ചെന്നഎനിക്ക് അദ്ദേഹം ചായ തന്നു, സ്നേഹത്തോടെ സംസാരിച്ചു. മജ്‌റൂഹ് സുൽത്താൻപുരിയെപ്പോലെയോ വൈരമുത്തുവിനെപ്പോലെയോ ഒക്കെ ആകാൻ തനിക്കു കഴിഞ്ഞില്ലല്ലോ എന്ന് പരിതപിച്ചു. പൊക്കമില്ലാത്തവന്റെ ആ പൊക്കം കണ്ടു എടപ്പാളിലെ ദുഖം  അലിഞ്ഞലിഞ്ഞു  ഇല്ലാതായി.

മലയാളി കണ്ട  രണ്ടു അധൃഷ്യ കലാകാരന്മ്മാർക്ക്  ഈ ആരാധകന്റെ  ഹൃദയം നിറഞ്ഞ പ്രണാമം.

Join WhatsApp News
Abdul Punnayurkulam 2023-07-11 17:05:19
Kurian sir, good memoir write-up.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക