Image

ഇസ്ലാമോഫോബിയ മുൻവിധികളുടെയും വിദ്വേഷത്തിന്റെയും നരേറ്റിവ്  (ജെ.എസ് അടൂർ)

Published on 16 July, 2023
ഇസ്ലാമോഫോബിയ മുൻവിധികളുടെയും വിദ്വേഷത്തിന്റെയും നരേറ്റിവ്  (ജെ.എസ് അടൂർ)

ആദ്യം മനുഷ്യരെ അറിയുക. നല്ല മനുഷ്യരാകുക.
എന്റെ ഏറ്റവും നല്ല കൂട്ടുകാരും സഹ പ്രവർത്തകരും മുസ്ലിങ്ങളാണ്. മതവിശ്വാസികളാണ്. കേരളത്തിൽ തന്നെ അങ്ങനെ പലരുണ്ട്. വലിയ വിദ്യാഭ്യാസവും വിവരവും ആധുനിക ചിന്തകളും ഉദാത്ത മാനവികതാബോധവും ചരിത്രബോധവുമുള്ളവർ.
അത് പോലെ ലോകത്തിന്റ വിവിധ രാജ്യങ്ങളിൽ പോയപ്പോൾ മനസ്സിലായ കാര്യം ഏറ്റവും വൈവിദ്ധ്യപൂർണ്ണമായ വിവിധ സംസ്കാരങ്ങളുടെ വിശ്വാസമാണ്.
ഞാൻ സിയറലിയോണിലും ബംഗ്ലാദേശിലുമൊക്കെ കുഗ്രാമങ്ങളിൽ മുസ്ലിം  വിശ്വസികളുടെ വീട്ടിൽ താമസിച്ചിട്ടുണ്ട്. അത് പോലെ ഓസ്ലോയിൽ ഒരു വർഷം ജീവിച്ചത് ഒരു ഇസ്ലാം വിശ്വാസിയുടെ ഫ്ലാറ്റിൽ. അവിടുത്തെ ഒരു മുള്ളയുടെ എം ബി എ കാരനായ മകന്റെ ഫ്ലാറ്റിൽ. അതിന് തോട്ട് താഴെയുള്ള ഫ്ലാറ്റിലാണ് അവർ താമസിച്ചത്. ആഴ്ചയിൽ ഒരിക്കൽ എങ്കിലും അവർ എനിക്കു ഏറ്റവും രുചിയുള്ള ബിരിയാണി കൊണ്ടു തന്നു.
ഒരിക്കൽ ബാങ്കോക്കിൽ കഠിനമായി വൈറൽ ഫീവർ പിടിച്ചു വളരെ കഷ്ട്ടപെട്ട് ഫ്ലാറ്റിൽ തളർന്നു വീണപ്പോൾ എന്നെ താങ്ങി ആശുപത്രിയിൽ കൊണ്ടുപോയി കൂടെ നിന്നത് പാകിസ്ഥാൻകാരനായ അസിസ് എന്ന സഹപ്രവർത്തകൻ.
ഇതോക്കെ ഞാൻ പറഞ്ഞത് ലോകത്തിൽ ഞാൻ കണ്ട ഏറ്റവും എത്തിക്കൽ ആയ നല്ല മനുഷ്യരിൽ ഒരുപാട് പേർ മുസ്ലിം വിശ്വാസികളാണ്. അവർ എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇസ്ലാം എന്നാൽ സമാധാനം എന്നാണ് അർത്ഥം. അത് സമാധാനത്തിന്റെ വിശ്വാസധാരയാണ്.
അത് കൊണ്ടു ഇസ്ലാമോഫോബിയ എന്നത് പലപ്പോഴും പലയിടത്തും രാഷ്ട്രീയപരമായി നിർമ്മിച്ച നരേറ്റിവാണ്. അത് മുൻവിധികളുടെയും വിദ്വേഷത്തിന്റെയും നരേറ്റിവാണ്.
ലോകത്തിൽ ബഹു ഭൂരിപക്ഷം മനുഷ്യരും ജാതി, മത ഭേദമന്യേ സമാധാനവും സന്തോഷവും ആഗ്രഹിക്കുന്ന മനുഷ്യരാണ്.
അതേ സമയത്തു എല്ലാ മതത്തിലും മത മൗലിക വാദികളും അത് കഴിഞ്ഞു വർഗീയമായി ചിന്തിക്കുന്നവരും വംശീയമായും ചിന്തിക്കുന്നവരും ഉണ്ട്. മത ഭ്രാന്തും വംശീയ വയലൻസും ഉള്ളിൽ കൊണ്ടു നടക്കുന്നവർ . നോർവേയിൽ 90 പേരെ വെടിവച്ചു കൊന്ന ആൻറ്റേഴ്സ് ബവരിക് മതസ്വത്വമനുസരിച്ചു ലൂഥറൻ ക്രിസ്ത്യ നാമധാരി. പക്ഷെ വംശീയമായി വെറുപ്പ് കൊണ്ടു നടന്നയാൾ.  ഇസ്ലൊമോഫോബിയ ഒരുപാട് ഉള്ളയാൾ. അത് ഒരു ഉദാഹരണം മാത്രം. ന്യൂസിലാണ്ടിൽ പള്ളിയിൽ കയറി വെടിവച്ചത് ഒരു വംശീയ ഭ്രാന്തൻ.
ലോകത്തു ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നത് ജർമ്മനിയിലും ഇറ്റലിയിലും സോവിയറ്റ് യുണിനിലുമാണ്. അവിടെ എല്ലാം ഭരിച്ചത് ക്രിസ്ത്യൻ നാമ ധാരികൾ.
അത് കൊണ്ടു പറയാൻ ഉള്ളത് ജോസഫ് മാഷിന്റെ കൈ വെട്ടിയത് മത ഭ്രാന്ത്‌ പിടിച്ചു ചിലരാണ്. അതിനെ അപലപിച്ചവരാണ് കേരളത്തിലേ സാധാരണ മനുഷ്യർ എല്ലാവരും. മിക്കവാറും എല്ലാ മുസ്ലിം വിശ്വാസ സംഘടനകളും അതിനെ അപലപിച്ചു.
ബ്ലാഷ്ഫെമി  ഒക്കെ പഴയകാലത്തെ പ്രാകൃത മനസ്ഥിതിയുടെ ബാക്കിപത്രം തന്നെയാണ്. ബ്ലാഷ്ഫെമിയും ഹെറസിയും ആരോപിച്ചു ഇൻക്വിസിഷൻ പീരീഡിയിൽ ( 12 മുതൽ 15 നൂറ്റാണ്ടു വരെ )ഏറ്റവും ക്രൂരതയോടെ  ആളുകളെ എരിച്ചു കൊന്നത് കത്തോലിക്ക അധികാര വ്യവസ്‌ഥയാണ്. അത് കേരളത്തിൽ പോലും നടപ്പാക്കി. ബോംബെക്ക് അടുത്തുള്ള പഴയ പോർച്ചുഗീസ് കോട്ടയിൽ ഇൻക്യുസിഷൻ കോർട്ടും ജയിലും ഉണ്ടായിരുന്നു.
ഇന്നും പാകിസ്ഥാനിൽ ബ്ലാഷ്ഫെമി നിയമത്തിനു വധശിക്ഷയാണ്. അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് പഠിക്കാനോ ഒറ്റക്ക് സഞ്ചരിക്കാനോ  പോലും സ്വാതന്ത്ര്യം ഇല്ല. ഇതൊക്കെ പ്രാകൃത ഗോത്ര-
 ആണധികാര വ്യവസ്‌ഥ തന്നെയാണ്. അത് പോലെ പഴയ കാലത്തെപോലെ ആട് മേയിച്ചു ജീവിക്കണം എന്നത്.
എല്ലാ മത വിശ്വാസങ്ങളിലും പഴയ ഗോത്ര സ്മൃതിയുടെ പ്രാകൃത വിശ്വാസ ധാരകൾ ഉണ്ട്. പ്രകൃതം എന്നതിന് പ്രകൃതിയുമായുള്ള ലിങ്ക് കൂടിയാണ്. ബുദ്ധൻ പ്രചരിപ്പിച്ച വാമൊഴിയെ പ്രാകൃത് എന്നാണ് വിളിച്ചത്. അതു പിന്നീട് മാനനീകരിച്ചാണ് പാലി ഭാഷയായത്.
പല്ലിനു പല്ലു. കണ്ണിനു കണ്ണ് എന്നൊക്കയുള്ള പഴയ നിയമ ഗോത്ര പ്രാകൃത നീതിക്ക് അപ്പുറത്തായിരുന്നു യേശു. അത് കൊണ്ടാണ് നിങ്ങളിൽ പാപം ഇല്ലാത്തവർ ആദ്യകല്ല് ഏറിയട്ടെ എന്നു പറഞ്ഞത്. സ്നേഹം എല്ലാം ക്ഷമിക്കുന്നു. പൊറുക്കുന്നു. ഒരുനാളും ഉതിർന്ന് പോകയില്ല. അയൽക്കാരനെ നിന്നെപോലെ സ്നേഹിക്കുക. ശത്രുക്കളെ സ്നേഹിക്കുക. ഇതൊക്കെയാണ് പഠിപ്പിച്ചത്.
പക്ഷെ ജോസഫ് മാഷിന്റെ കൈ വെട്ടിയവരെക്കാൾ ക്രൂരമായാണ് സ്നേഹരഹിതമായ പള്ളി /കോളേജ് അധികാരികൾ അദ്ദേഹത്തെയും കുടുംബത്തെയും പട്ടിണിയിലും ആത്മഹത്യയിലേക്കും തള്ളി വിട്ടത്. അധികാരികളുട സ്നേഹരാഹിത്യ പ്രാകൃത മനസ്ഥിതിയുടെ ഇരയാണ് സലോമി.
മതം പലപ്പോഴും മനുഷ്യനെ മയക്കുന്ന കറുപ്പ് /ലഹരിയാണ് എന്ന് പറഞ്ഞത് കാൾ മാക്സ്.
ബ്ലാഷ്ഫെമി / ഹെറസി ഒരു മിഡീവൽ പ്രാകൃത ഗോത്ര അധികാര ഡോഗ്മയുടെ ബാക്കി പത്രമാണ്. അങ്ങനെയുള്ള മനസ്ഥിതിയിൽ നിന്ന് ആധുനിക ചിന്ത സരണിയിൽ നിന്നാണ് 18-19 നൂറ്റാണ്ടിൽ ശാസ്ത്ര ബോധവും ആധുനിക ചിന്തകളും ഉണ്ടായത്.
അല്ലെങ്കിൽ ഗലീലയെ തടവിൽ ഇട്ടവൻ ഫെഡ്രിക് നീഷേയുടെ ദസ് സ്പോക് സരതുസ്ട്ര  വായിച്ചു അപ്പോഴേ കൊന്നേനെ. മാർക്സിനെ ജീവിക്കാൻ അനുവദിക്കില്ല. പക്ഷെ 17-നൂറ്റാണ്ട് മുതൽ വളർന്ന ശാസ്ത്ര അവബോധവും ഹ്യുമനിസവും തുല്യം മനുഷ്യാവകശങ്ങളും  ജനായത്ത മാനിവികതയുമൊക്കെയാണ് മനുഷ്യരെ പ്രാകൃത വിശ്വാസ ഡോഗ്മകളിൽ നിന്ന് മാറ്റിയത്.
1774 ൽ ജർമൻ ഫിലോസഫർ ആയ ഇമ്മാനുവൽ കാന്റ് എഴുതിയ മനോഹരമായ ഒരു ലേഖനം ഞാൻ ഇടക്കിടക്കു വായിക്കും
 "Enlightenment is man's emergence from his self-incurred immaturity (Unmündigkeit)." Immaturity is self-inflicted not from a lack of understanding, but from the lack of courage to use one's reason, intellect, and wisdom without the guidance of another...Using one's reason is considered dangerous by most men and women.The Enlightenment is "Sapere aude"! – Dare to be wise!.
അത്യാവശ്യം വിദ്യഭ്യാസവും ബോധവു ഉള്ളവരാരും പഴയ ഗോത്ര പ്രകൃത വിശ്വാസ ഡോഗ്മയായ ബ്ലാസ്‌ഫെമിയും ഹെറസിയും പൊക്കി പിടിച്ചു നടക്കില്ല. അത് ഏത് മതക്കാരായലും.  അതൊക്കെ ഇപ്പൊഴും കൊണ്ട് നടക്കുന്നവർ ആധുനിക ബോധമുള്ള മനുഷ്യർ അല്ല.
അല്ലെങ്കിൽ ദി ലാസ്റ്റ് ടെമ്പ്റ്റഷൻ ഓഫ്  ക്രൈസ്റ്റ് എഴുതിയ കസാൻസാക്കസിനെതീരെ വത്തിക്കാൻ ഫത്വ ഇറക്കിയേനെ.
സൽമൻ റുഷ്ഡി സാത്താനിക്ക് വേഴ്‌സസ്  പ്രസിദ്ധീകരിച്ചു. ആ പുസ്തകം വായിക്കാത്തവരാണ് അതിന് എതിരെ ഫ്വത്വ ഇറക്കി കൊലവിളി ജാഥകൾ നടത്തിയത്. ആ ഫത്വ മനസ്ഥിതിക്ക് എതിരെയാണ് പൂനയിൽ ഞാൻ ഒരു പ്രതിഷേധം സംഘടിപ്പിച്ചത് .
ആ പുസ്തകം ഒക്കെ പ്രസിദ്ധീകരിച്ചു വളരെ വർഷം കഴിഞ്ഞു ജനിച്ച മതാന്ധത ബാധിച്ച, മത ഭ്രാന്തു പിടിച്ചു ഒരു പയ്യനാണ് റുഷ്ഡിയെ  കൊല്ലാൻ ശ്രമിച്ചത്. ഒരു കണ്ണ് നഷ്ട്ടപെട്ട റുഷ്ഡിക്ക് നേരെയും ജോസഫ് മാഷിന് എതിരെയും ഉള്ള വയലന്റ് പ്രതികരണം  സമാധാനത്തിനു വേണ്ടയുള്ള ഇസ്ലാം വിശ്വാസം അല്ല.
അത് പഴയ ഗോത്ര വെറിയുടെ പ്രകൃത ഡോഗ്മ മനസ്ഥിതിയാണ്. അത് സമാധാനത്തിന്റെ വിശ്വാസം അല്ല. അത് വെറുപ്പിന്റെയും പകയുടെയും മനസ്ഥിതിയാണ്.
പഴയകാല ബ്ലാഷ്ഫെമിയും  കൈക്ക് കൈ, പല്ലിന് പല്ല്, കണ്ണിന് കണ്ണ് എന്നൊക്കെ മനസ്തിതി ഉള്ളവരോ അതിനെ ന്യായീകരിക്കുന്നവരെയൊന്നും ആധുനിക മാനവിക ബോധമുള്ള വിശ്വാസികളായി ഞാൻ കാണുന്നില്ല.
എത് മതത്തിന്റെ പേരിൽ ആയാലും വർഗീയതയോ വിദ്വേഷമോ പകർത്തുന്നവരെ/ പടർത്തുന്നവരെ ഫ്രണ്ട് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുക എന്നതാണ് നയം. അത് പോലെ കക്ഷി രാഷ്ട്രീയ അന്ധത ബാധിച്ചു വിദ്വേഷം പടർത്തുന്നവരെയു ഒഴിവാക്കും
ആദ്യം മനുഷ്യരെ അറിയുക. നല്ല മനുഷ്യരാകുക. മതം ഏതായാലും മനുഷ്യർ നന്നായാൽ മതി, സമാധാനത്തോടെ എല്ലാവർക്കും ജീവിക്കാൻ
എല്ലാവർക്കും സകല ബുദ്ധിയെയും കവിയുന്ന സമാധാനം നേരുന്നു.
 ജെ എസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക