Image

ആഴക്കടലിലെ പെൺജീവിതം: കടലമ്മേ, കാത്തോളണേ...(വിജയ് സി. എച്ച്)

Published on 17 July, 2023
ആഴക്കടലിലെ പെൺജീവിതം: കടലമ്മേ, കാത്തോളണേ...(വിജയ് സി. എച്ച്)

ആഴക്കടലിലെ പെൺജീവിതമെന്നു വിശേഷിപ്പിച്ചാൽ അത് രേഖയുടെ രേഖാചിത്രത്തിലേയ്ക്കുള്ളൊരു ഒറ്റയടിപ്പാത മാത്രമേ ആകുന്നുള്ളൂ. നീണ്ടകഥകൾ വായിക്കാൻ ക്ഷമയില്ലാത്തൊരു ലോകത്തോട് പിന്നെയെന്തു പറയും?


പെണ്ണിന് ആഴക്കടൽ മത്സ്യബന്ധന ലൈസൻസ് നൽകാൻ ആവില്ലെന്നു ആദ്യം പറഞ്ഞ അധികൃതരും, കണവൻ തോണിയിൽ പോയാൽ അവന് കരയിൽ കാവലിരിക്കേണ്ടവളാണ് പെണ്ണെന്നു കരുതുന്ന സമൂഹവും, ഹൃദ്രോഗമുള്ള ഭർത്താവിൻ്റെയും അവരുടെ നാലു പെൺമക്കളുടെയും ഉപജീവനം എങ്ങനെ കഴിക്കണമെന്നു മാത്രം പറഞ്ഞില്ല!
"കടലിൽ പോകാൻ തുടങ്ങിയ കാലത്ത് എനിയ്ക്ക് നീന്താൻ പോലും അറിയില്ലായിരുന്നു," ആഴക്കടൽ മത്സ്യബന്ധന ലൈസൻസ് നേടിയ, രാജ്യത്തെ ഏക വനിത പറഞ്ഞു തുടങ്ങി...


🟥 അഴിമുഖത്തെത്തും മുമ്പെ
തൃശ്ശൂർ പട്ടണത്തോടു ചേർന്നു കിടക്കുന്ന കൂർക്കഞ്ചേരിയാണ് ജനിച്ചു വളർന്ന സ്ഥലം. അതിനാൽ പുഴയും, കായലും, കടലുമൊന്നും ചെറുപ്പകാലത്തെ ജീവിതത്തിൽ അത്ര സ്ഥാനം പിടിച്ചില്ല. കടൽ കാണുമ്പോഴൊക്കെ ഭയം തോന്നിയിരുന്നു. നീന്തൽ അറിഞ്ഞിരിക്കേണ്ടൊരു കാര്യമെന്ന് ചിന്തിച്ചിട്ടേയില്ല. ചേറ്റുവ കായൽ അറബിക്കടലിൽ ചേരുന്നതിനടുത്തുള്ള ഏങ്ങണ്ടിയൂരാണ് അമ്മവീട്. ഇടയ്ക്കിടെ അവിടേയ്ക്കുണ്ടായിരുന്ന യാത്രകളിലാണ് കാർത്തിയേട്ടനെ (ഭർത്താവ് കാർത്തികേയ൯) കാണാനിടയായതും, അതു പതുക്കെ പ്രണയമായി മാറിയതും. ഞങ്ങൾ വ്യത്യസ്ത ജാതിക്കാർ ആയതിനാൽ, വിവാഹിതരാകാൻ തീരുമാനിച്ചപ്പോൾ രണ്ടു വീട്ടുകാരും ഞങ്ങളെ കയ്യൊഴിഞ്ഞു. അങ്ങനെ ഞങ്ങൾ ചേറ്റുവയിലെ ഏത്തായി ബീച്ചിൽ ഒരു കൊച്ചു കൂര കെട്ടി താമസം തുടങ്ങി. 1998-ൽ വിവാഹം കഴിഞ്ഞതു മുതൽ എൻ്റെ വ്യവഹാരങ്ങളെല്ലാം മത്സ്യബന്ധനത്തോടു ബന്ധപ്പെട്ടതാണ്. വല നെയ്ത്തിലും, കേടുവന്ന വലകളുടെ അറ്റകുറ്റപ്പണികളിലും, ബന്ധനം കഴിഞ്ഞെത്തുന്ന വലകളിൽ നിന്ന് മീൻ വേർപെടുത്തലിലുമായിരുന്നു തുടക്കം. സജീവമായ ആഴക്കടൽ യാത്രകൾ തുടങ്ങിയിട്ടു പത്തു വർഷമായി. കാർത്തിയേട്ടൻ പരമ്പരാഗത മത്സ്യബന്ധന സമുദായത്തിലെ അംഗമാണെങ്കിലും, ഞാൻ അല്ല.


🟥 ആഴക്കടലിലെ ആദ്യനാൾ
കടൽ കാണാനുള്ള കൗതുകംകൊണ്ടോ, മീൻപിടുത്തം ഇഷ്ടമായതുകൊണ്ടോ അല്ല ഞാൻ വഞ്ചിയിൽ പോകാൻ തുടങ്ങിയത്. വഞ്ചിയിൽ മൂന്നു പേർ ഉണ്ടായിരിക്കുന്നതാണ് ഉത്തമം. ഒരാൾ എഞ്ചിൻ ഓടിയ്ക്കാനും, കടലിൽ ഇടും മുന്നെ വലയുടെ പൊന്തുഭാഗവും, മടഭാഗവും പിടിയ്ക്കാൻ ഒരാൾ വീതവും. പക്ഷേ, കാർത്തിയേട്ടനോടൊപ്പം വഞ്ചിയിൽ പോകാറുണ്ടായിരുന്നവർ പല ദിവസങ്ങളിലും ജോലിയ്ക്കു വരാറുണ്ടായിരുന്നില്ല. അസുഖമുള്ളതിനാൽ ബോട്ട് ഓടിക്കലും, വലയിടലും, മീൻ കയറിയ വല വലിച്ചു കയറ്റലും മറ്റും ഒറ്റയ്ക്കു ചെയ്യുവാൻ കാർത്തിയേട്ടനു പെടാപാടു പെടണം. കൂടെപ്പോകാൻ ആരും എത്താതിരുന്നൊരു നാളിൽ കൂട്ടിനു ഞാൻ വരാമെന്ന് കാർത്തിയേട്ടനോടു പറഞ്ഞു. എന്തോ അൽപം ആലോചിച്ചതിനു ശേഷം, അദ്ദേഹം എന്നെ സന്തോഷത്തോടെ കൂടെക്കൂട്ടി. രണ്ടു മൂന്നു ഇനം വലകളും, എഞ്ചിനിൽ ഒഴിക്കാനുള്ള മണ്ണെണ്ണ നിറച്ച കന്നാസുമെടുത്തു, പുലർച്ചെ നാലു മണിയ്ക്കു പുറപ്പെട്ടു. ഇരുട്ടിൽ തിരമാലകളെ മുറിച്ചുകടന്നു ഞങ്ങളുടെ ഇത്തിരിപോന്ന 'ജീവിതനൗക' മെല്ലെമെല്ലെ ഉൾക്കടലിലേയ്ക്കു നീങ്ങി. ആദ്യത്തെ കടൽ സഞ്ചാരം. ആകാക്ഷയും ഭീതിയും ഉള്ളിൽ തുടികൊട്ടുന്നുണ്ട്. നേരം വെളുത്തു തുടങ്ങിയപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. യാത്ര പുറപ്പെട്ട കര അപ്രത്യക്ഷമായിരിക്കുന്നു. ഉടനെ ഞാൻ ചുറ്റുപാടും കണ്ണോടിച്ചു. നാലു ദിക്കിലും കടൽ മാത്രം! വിദൂരതയിൽ അങ്ങിങ്ങായി ചില വള്ളങ്ങൾ കാണുന്നുണ്ട്. ഏകദേശം പത്തിരുപത് നാഴിക താണ്ടിക്കാണുമെന്ന് കാർത്തിയേട്ടൻ പറഞ്ഞു. സൂര്യൻ ഇത്തിരി കൂടി ഉയർന്നപ്പോൾ കടലിൻ്റെയും ആകാശത്തിൻ്റെയും നീലിമ ഒന്നുകൂടി പ്രസന്നമായി. അഞ്ചു ദിക്കിലും കണ്ണുകൾ അലഞ്ഞുകൊണ്ടിരുന്നപ്പോൾ ഒരു മയക്കം. തുടർന്ന് വയറിൽ എന്തോ ഉരുണ്ടു കയറുന്നതു പോലെ തോന്നി. മനംപിരട്ടൽ, ഓക്കാനം. ഉടനെയവ ഛർദ്ദിയായി മാറി. നിലയ്ക്കാത്ത ഛർദ്ദി. കുറേ നേരമായപ്പോൾ ഛർദ്ദിയിൽ ചോരപ്പാടുകൾ കാണാൻ തുടങ്ങി. ഞാൻ വല്ലാതെ തളർന്നു പോയി. തനിയെ ഇരിയ്ക്കാൻ പോലും കഴിയാത്ത അവസ്ഥ. മത്സ്യക്കൂട്ടം ശ്രദ്ധയിൽപ്പെട്ട കാർത്തിയേട്ടൻ വലയിടാനുള്ള തത്രപ്പാടിലായിരുന്നു. അദ്ദേഹം ഓടിയെത്തി എന്നെ തോണിയുടെ അരികിൽ കിടത്തി. നിമിഷങ്ങൾക്കകം ഞാൻ തളർന്നുറങ്ങി. സമുദ്രരോഗം (Seasickness) ഏൽപിച്ച ആഘാതത്തിൽ നിന്ന് ഓർമ തിരിച്ചെത്തിയപ്പോൾ തോണിയിൽ കണ്ടത് ചെമ്മീൻ ചാകരയാണ്! വലയിൽ നിന്ന് നാരൻ മീനുകളെ വേർപെടുത്തിയെടുക്കുന്ന തിരക്കിലായിരുന്നു കാർത്തിയേട്ടൻ. ഞാൻ ഉടനെ പങ്കുചേർന്നു. "വലയിൽ ചെമ്മീൻ കയറിയിട്ട് മാസമെത്രയായി! വിലകൂടിയ നാരൻ ചെമ്മീൻ തന്നുകൊണ്ടാണ് കടലമ്മ നിന്നെ കടലിൽ സ്വീകരിച്ചത്," വള്ളം കരയിലേയ്ക്കു തിരിച്ചു വിടുന്നതിനിടയിൽ കാർത്തിയേട്ടൻ ആവേശംകൊണ്ടു!


🟥 കടലമ്മയെ അടുത്തറിയുന്നു
കടലമ്മയ്ക്ക് എന്നോട് എന്തിനാണ് അലോഗ്യം? ഏതെങ്കിലും അമ്മയ്ക്ക് തൻ്റെ മക്കളോട് ആൺപെൺ വ്യത്യാസമുണ്ടോ? പെൺമക്കളോട് കടലമ്മയ്ക്ക് ഇഷ്ടക്കുറവൊന്നുമില്ല. അതറിയാൻ കടലിനുള്ള ആഴത്തിൻ്റെയും പരപ്പിൻ്റെയും ചെറിയൊരംശം നമ്മുടെ മനസ്സിനുമുണ്ടായാൽ മതി. എൻ്റെ കടൽ വ്യാധി പൂർണമായും മാറി. രണ്ടുമൂന്നു മാസംകൊണ്ട് കര പോലെ കടലും എനിയ്ക്കു ചേരുമെന്നായി. ശരാശരി അമ്പതു നോട്ടിക്കൽ മൈൽ വരെ പോകാറുണ്ട്. പക്ഷേ, കടൽ കാറ്റിനും കരക്കാറ്റിൻ്റെ അതേ ഇണക്കം. കലഹിക്കാത്ത കടലമ്മ നീല, മഴയത്തെ പച്ച, കോപിച്ചാൽ പിംഗലം, ഞാൻ കടലമ്മയെ അടുത്തറിഞ്ഞു തുടങ്ങി! മീനിൻ്റെ ലഭ്യതയും കടലിൻ്റെ ഭാവവുമനുസരിച്ചു ചിലപ്പോൾ രാത്രിയിലും കടലിൽ പോയി. ആഴക്കടലിൻ്റെ പ്രകൃതങ്ങൾ തിരിച്ചറിയാനും, വീശുന്ന കാറ്റിൻ്റെ ദിശയറിഞ്ഞു വലയിടാനും പഠിച്ചു. മീൻകൂട്ടങ്ങളുടെ സാന്നിദ്ധ്യം ഒറ്റനോട്ടത്തിന് ഉറപ്പുവരുത്തി. കടലിൻ്റെ ഉപരിതല നിറം നോക്കി താഴെ ജലത്തിലുള്ളത് മത്തിയാണോ, അയലയാണോ, ചൂരയാണോ, അതല്ല ചെമ്മീനാണോ എന്നൊക്കെ നിർണയിച്ചു. മീൻ ഏതെന്ന് അറിഞ്ഞാലേ അതിനു പറ്റിയ വല എടുക്കാനാകൂ. വലയുടെ കണ്ണിയകലം ഓരോ ഇനം മീനിനും വിഭിന്നമാണ്. പുലരും മുന്നെ വലയിട്ടാലേ മീൻ ധാരാളമായി കയറൂ. കോമ്പസ്, GPS മുതലായ ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്ത യാത്രയല്ലേ, എല്ലാം അനുമാനങ്ങളാണ്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമാണ് വഴികാട്ടികൾ. പരുക്കൻ കാലാവസ്ഥയും, ഇണക്കമില്ലാത്ത കാറ്റും, ഉയർന്ന തിരമാലകളും കടലമ്മ തരുന്ന സൂചനകളാണ്. അവഗണിക്കരുത്. കടലമ്മ ചതിക്കില്ല.


🟥 മരണം മുന്നിൽ കണ്ടു
പിരിമുറുക്കവും സാഹസികതയുമാണ് ആഴക്കടലിലെ പൊതു യാഥാർത്ഥ്യങ്ങളെങ്കിലും, ഒരു മനുഷ്യനിർമിത ദുരന്തത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പൊന്തുഭാഗവും, മടഭാഗവും നിശ്ചയിച്ചു വലയിട്ടതിനു ശേഷം, മീനുകൾ ഉള്ളിൽ ഒരുമിച്ചു കൂടാൻ ഇത്തിരി സമയമെടുക്കും. വല വലിച്ചു നോക്കി മീനുകൾ പെട്ടിട്ടുണ്ടോയെന്ന് ഇടയ്ക്കു അറിയുകയും വേണം. വലയിൽ കുടുങ്ങുന്ന മീൻ തിന്നാനായി എത്തുന്ന കടൽപന്നികൾ വല കടിച്ചുകീറി നശിപ്പിയ്ക്കും. ഇവയുടെ ശല്യം ഉണ്ടോ എന്നറിയാനും കൂടിയാണ് ഇടയ്ക്കൊന്നു ശ്രദ്ധിയ്ക്കുന്നത്. പ്രശ്നമൊന്നുമില്ലെങ്കിൽ കാർത്തിയേട്ടൻ ഈ സമയം ഒന്നു മയങ്ങും. നീന്താൻ അറിയാത്തതുകൊണ്ട് എനിയ്ക്ക് ഉറക്കം വരുകയേയില്ല, അലർട്ടാണ് എല്ലായ്പോഴും! നേരം പുലർന്നിട്ടില്ല; അപ്പോഴാണ് ഒരു പ്രകാശനാളം ഞങ്ങൾക്കു നേരെ വരുന്നതു കണ്ടത്. ഇരമ്പിയെത്തുന്നത് ഒരു കൂറ്റൻ മത്സ്യബന്ധന ബോട്ടാണെന്നു ഉടനെ തിരിച്ചറിഞ്ഞു. അപ്പോഴേയ്ക്കും അത് തൊട്ടടുത്തെത്തിക്കഴിഞ്ഞിരുന്നു. അത്രയ്ക്കും വേഗതയുണ്ടതിന്. അതിലുള്ളവരെല്ലാം ഉറക്കത്തിലായിരിക്കണം. ഞങ്ങളുടെ വഞ്ചിയുടെ അണിയത്ത് വച്ചിട്ടുള്ള രണ്ടു സെല്ലിൻ്റെ 'മിന്നാമിനുങ്ങി' (Small flashing lamp) ആരു കാണാൻ! ഇരുപതു വർഷം പഴക്കമുള്ള, ഞങ്ങളുടെ ഒറ്റയെഞ്ചിൻ ഫൈബർ വഞ്ചിയെ ഇടിച്ചു തകർത്തു തരിപ്പണമാക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി. ഞാൻ സർവശക്തിയും സംഭരിച്ച് അലറിവിളിച്ചു. എൻ്റെ ജീവന്മരണ അലർച്ച കേട്ടു ഉറക്കമുണർന്ന ഡ്രൈവർ, ബോട്ട് കുത്തനെ ഇടത്തോട്ടു വെട്ടിച്ചു. ഞങ്ങളുടെ വഞ്ചിയുടെ അരികിൽ ശക്തിയായി ഉരസി ക്ഷതമേൽപിച്ചുകൊണ്ടു അത് നിർത്താതെ കടന്നുപോയി. ഞെട്ടിയുണർന്ന കാർത്തിയേട്ടൻ കണ്ടത് ഇടിയേറ്റു വട്ടം കറങ്ങിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ ചെറു വഞ്ചിയാണ്. സമനില തിരിച്ചു കിട്ടിയപ്പോൾ കാർത്തിയേട്ടൻ പറഞ്ഞു, എൻ്റെ ആ ആർപ്പിന് കടലിലെ രണ്ടു ജീവൻ്റെയും കരയിലെ നാലു ജീവിതങ്ങളുടെയും വിലയുണ്ടായിരുന്നുവെന്ന്!


🟥 ലിംഗവിവേചനം, അസഹിഷ്ണുത
അനാദികാലം തൊട്ടേ ആഴക്കടൽ മത്സ്യബന്ധനം പുരുഷന്മാർ മാത്രം ചെയ്തുകൊണ്ടിരുന്നൊരു തൊഴിലാണ്. അതിനു കാരണം, ഈ ജോലിയുടെ കഠിനവും ദുഷ്കരവുമായ പ്രകൃതമായിരിക്കാം. ട്രക്ക് ഡ്രൈവർ മുതൽ യുദ്ധവിമാനത്തിലെ പൈലറ്റു വരെ ആകാമെന്ന വിപ്ലവകരമായ മാറ്റം രാജ്യത്തു വന്നിട്ടുണ്ടെങ്കിലും, അവയ്ക്കില്ലാത്ത സാമൂഹ്യ-വിശ്വാസാധിഷ്‌ഠിത വിലക്കുകൾ കടലിൻ്റെ അഗാധതയിലേയ്ക്കു പോകാൻ പെണ്ണുങ്ങൾക്കുണ്ടല്ലൊ! കടലമ്മ കോപിക്കും; മീൻ കിട്ടില്ല; ആരും ഇതുവരെ ഭാര്യയെ കടലിൽ കൊണ്ടുപോയിട്ടില്ല; പ്രകൃതിയുടെ വിളി വരുമ്പോൾ എന്തു ചെയ്യും? പെണ്ണു പോയാൽ കടൽ നശിക്കുമത്രേ! എന്നാൽ പറയാം. അനേകം മീ൯പിടുത്തക്കാരുടെ ജീവനു വിലയിട്ട 'ഓഖി' ചുഴലിക്കൊടുങ്കാറ്റ് സംഹാരതാണ്ഡവമാടാൻ തുടങ്ങുന്നതിനു തൊട്ടുമുമ്പെ ഞങ്ങൾ ആഴക്കടലിലായിരുന്നു. ജലപ്പരപ്പ്‌ പ്രക്ഷുബ്ധമാകാൻ പോകുന്നതിൻ്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ ഞങ്ങൾ അന്ന് വലയിട്ടില്ല. പെട്ടെന്ന് വഞ്ചി തിരിച്ചുവിട്ടു. ഒരു പോറലുമേൽക്കാതെ, ഓളങ്ങളെ വകഞ്ഞു, ഞങ്ങൾ കരയിൽ തിരിച്ചെത്തി. ഉയർന്നു ചുരുണ്ട വമ്പൻ അലകൾ അപ്പോഴേക്കും ഞങ്ങളുടെ വീടു വരെ എത്തിക്കഴിഞ്ഞിരുന്നു. പറയട്ടെ, 'ഓഖി'യെ അതിജീവിച്ചു എന്നു തന്നെ! മറ്റൊരു സംഭവം പറയാം. ഒരു നാൾ വഞ്ചി നിറയെ മീനുമായി തിരിച്ചുവരുമ്പോൾ പെട്ടെന്ന് ആഴിയുടെ വിധം മാറി. ശക്തിയേറിയ ഓളങ്ങൾ വഞ്ചിയേക്കാൾ ഉയരത്തിൽ ആഞ്ഞടിക്കാൻ തുടങ്ങി. ഏതു നിമിഷവും വഞ്ചി കീഴ്മേൽ മറിയുമെന്ന ഘട്ടമെത്തി. രക്ഷിക്കണേ, നാലു പെൺമക്കൾ വീട്ടിൽ കാത്തിരിക്കുന്നുണ്ടെന്നു ഞാൻ നെഞ്ചിൽ കൈ വച്ചു കടലമ്മയോടു കെഞ്ചിപ്പറഞ്ഞു.

കടൽ ശാന്തമാകാൻ പിന്നെ അധിക സമയം വേണ്ടിവന്നില്ല! യാദൃച്ഛികമാകാം, പക്ഷെ സംഭവിച്ചത് ഇതാണ്. പറയൂ, കടലമ്മ പെൺമക്കൾക്ക് എതിരാണോ? 2016-ലാണ് ആഴക്കടൽ മത്സ്യബന്ധന ലൈസൻസിന് ഞങ്ങളുടെ മത്സ്യഗ്രാമ ആസ്ഥാനമായ നാട്ടിക ഫിഷറീസിൽ അപേക്ഷിച്ചത്. എന്നാൽ, കരയിലിരുന്നു മീൻ ഉണക്കാനും, കുളത്തിലും, കായലിലും, പുഴയിലും വല എറിയാനുമുള്ള അനുബന്ധ മത്സ്യത്തൊഴിലാളി ലൈസൻസ് മാത്രമേ നൽകാനാകൂവെന്നായിരുന്നു സംസ്ഥാന ഫിഷറീസ് വകുപ്പിൻ്റെ ആദ്യ നിലപാട്. എനിയ്ക്കു മുന്നെ രാജ്യത്ത് ഒരു സ്ത്രീയും ആഴക്കടൽ മത്സ്യബന്ധന ലൈസൻസിനു വേണ്ടി അധികൃതരെ സമീപിച്ചിട്ടില്ലായിരുന്നതിനാൽ, യഥാർത്ഥത്തിൽ എൻ്റെ അപേക്ഷ നിയമപരമായി എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ ഡിപ്പാർട്ടുമെൻ്റിന് വ്യക്തതയില്ലായിരുന്നുവെന്നതാണ് വാസ്തവം. ആ ഇടയ്ക്കാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ കേന്ദ്രം (CMFRI) എന്നെ കണ്ടെത്തി 2017-ൽ അനുമോദിച്ചത്. CMFRI ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ മുൻകൈ എടുത്തു, അക്കൊല്ലം തന്നെ, മെയ് 5-ന്, ലൈസൻസ് ലഭിച്ചു. തൃശ്ശൂർ പൂരവും, ഞങ്ങളുടെ വിവാഹ വാർഷികവും ഒരുമിച്ചെത്തിയ ശുഭദിനം! സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (MPEDA) 2020-ലെ അന്താരാഷ്ട്ര വനിതാദിന ആഘോഷത്തിൻ്റെ ഭാഗമായി എന്നെക്കുറിച്ചൊരു ഡോക്യുമെൻ്ററി ഫിലീം നിർമിച്ചിരുന്നു. MPEDA ചെയർമാൻ കെ.എസ്.ശ്രീനിവാസ് IAS, ഫോട്ടോ പതിച്ച ഫലകം നൽകി എന്നെ ആദരിച്ചു. കേരള വനിതാ കമ്മീഷൻ സ്ത്രീരത്ന പുരസ്കാരം നൽകി. ജനകീയ അംഗീകാരമെന്നോണം സൂപ്പർസ്റ്റാർ മമ്മൂട്ടിയും, രാഹുൽ ഗാന്ധിയും, കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ഉൾപ്പെടുന്ന നിരവധി പ്രമുഖർ ഉപഹാരങ്ങളും തന്നിരുന്നു. അമേരിക്കയിലെ മൾട്ടിനാഷണൽ ടെക്നോളജി കമ്പനി ഏത്തായി ബീച്ചിലെത്തി, കടലിലെ മത്സ്യക്കൂട്ടങ്ങളെ കണ്ടുപിടിക്കാൻ സഹായകരമാകുന്ന ഒരു ഉപകരണം സമ്മാനിച്ചു. ജർമൻകാരും, ജെപ്പാൻകാരും, ചൈനക്കാരുമെത്തി എന്നെക്കുറിച്ചു ഡോക്യുമെൻ്ററി പടങ്ങൾ ചിത്രീകരിച്ചു. ഇപ്പോൾ കുണ്ടലിയൂരും ഏത്തായി കടപ്പുറവും എല്ലാവർക്കുമറിയാം! അപ്പോഴും തുറയിലുള്ള പലരും ഞങ്ങളെ പുച്ഛിച്ചു, ഒറ്റപ്പെടുത്തി. നിരനിരയായി എത്താറുള്ള കാറുകളും, വിദേശികൾ ഉൾപ്പെടെയുള്ള വിഡിയോ ഷൂട്ടിംങ് സംഘങ്ങളുടെ പതിവു സന്ദർശനങ്ങളും, ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ തുരുതുരെ കണ്ട റിപ്പോർട്ടുകളും ചിലരിലെങ്കിലും അസഹിഷ്ണുത വളർത്തിക്കാണും!


🟥 മത്സ്യസമ്പത്തിൽ അഭിമാനം 
അഭിമാനമാണ് കേരളത്തിൻ്റെ സമ്പന്നമായ മത്സ്യസമ്പത്തിനെക്കുറിച്ച്. അത് പലരുടെയും അന്നമാണ്; മുന്നൂറ്റിഅറുപഞ്ചു ദിവസവും! ഞങ്ങൾക്ക് ഇരുപതിനായിരം രൂപയ്ക്കു വരെ മീൻ ലഭിച്ച ദിവസങ്ങളുണ്ട്. അടുത്ത ദിവസം വഞ്ചി ഓട്ടാനുള്ള മണ്ണെണ്ണ കാശിനു പോലും മീ൯ കിട്ടാതെ തിരിച്ചു പോരേണ്ടി വന്നാലെന്താ! എട്ടു ലക്ഷത്തോളം ഉണ്ടായിരുന്ന പശിലക്കടങ്ങൾ വീട്ടി. കാർത്തിയേട്ടൻ്റെ ബൈപാസ് സർജറിയും പൂർത്തിയാക്കി. താഴെയുള്ള രണ്ടു കുട്ടികളുടെ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസവും ഏറ്റെടുത്തു. പുതിയ വഞ്ചിയുമുണ്ട്. CMFRI-യ്ക്കും, MPEDA-യ്ക്കും, ധനസഹായം ചെയ്ത മറ്റു ചില കമ്പനികൾക്കും, സഹൃദയർക്കും കൃതജ്ഞത. മൂത്ത മകൾ മായയുടെ വിവാഹം കഴിഞ്ഞു. അഞ്ജലി ഫൈനൽ ഡിഗ്രിയ്ക്കും, ദേവപ്രിയ പത്താം ക്ലാസ്സിലും, ലക്ഷ്മിപ്രിയ ഒമ്പതിലും പഠിയ്ക്കുന്നു. കൂടുതൽ സ്ത്രീകൾ മത്സ്യബന്ധന രംഗത്തേക്ക് കടന്നുവരണം. ഞാൻ ലൈസൻസ് നേടിയിട്ട് ആറു വർഷം കഴിഞ്ഞു. രണ്ടാമതൊരു വനിത രാജ്യത്ത് ആഴക്കടൽ ലൈസൻസിന് അപേക്ഷിച്ചതായി അറിവില്ല. സ്ത്രീകളുമായി കൂടുതൽ മത്സ്യബന്ധന യാനങ്ങൾ കടൽദൂരം താണ്ടണം. മനക്കരുത്തും കൈക്കരുത്തും ഒരുമിച്ചാൽ തോൽവി എന്നതൊന്നില്ല. സംസ്ഥാനവും രാജ്യവും പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നെ നായികയാക്കി, എൻ്റെ കഥ പറയുന്ന, ഒരു ചലച്ചിത്രം അണിഞ്ഞൊരുങ്ങുന്നുണ്ട്. അതെന്തോ ആവട്ടെ, അറബിക്കടലിലെ മീൻ പിടിച്ചു അത് ചേറ്റുവ ഹാർബറിൽ വിറ്റ് ഞങ്ങൾ കഞ്ഞി കുടിയ്ക്കും! കടലമ്മേ, കാത്തോളണേ...

ആഴക്കടലിലെ പെൺജീവിതം: കടലമ്മേ, കാത്തോളണേ...(വിജയ് സി. എച്ച്)
ആഴക്കടലിലെ പെൺജീവിതം: കടലമ്മേ, കാത്തോളണേ...(വിജയ് സി. എച്ച്)
ആഴക്കടലിലെ പെൺജീവിതം: കടലമ്മേ, കാത്തോളണേ...(വിജയ് സി. എച്ച്)
ആഴക്കടലിലെ പെൺജീവിതം: കടലമ്മേ, കാത്തോളണേ...(വിജയ് സി. എച്ച്)
ആഴക്കടലിലെ പെൺജീവിതം: കടലമ്മേ, കാത്തോളണേ...(വിജയ് സി. എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക