Image

കാലത്തിന്‍റെ എഴുത്തകങ്ങള്‍ – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

Published on 20 July, 2023
 കാലത്തിന്‍റെ എഴുത്തകങ്ങള്‍ – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

കാരൂരിന്‍റെ ‘കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍’ എന്ന നോവല്‍ ശ്രദ്ധിക്കുക. പ്രത്യക്ഷത്തില്‍ ഈ നോവലിന് രണ്ടു മനസ്സുകളുടെ ജാഗ്രതയാണുള്ളത്. ഈ മനസ്സുകള്‍ ഒരേകാലം നോവലില്‍ ഒഴുകിപ്പരക്കുന്ന ജീവിതത്തെ അകത്തും പുറത്തും നിന്ന് വിചാരണ ചെയ്യുന്നതുകാണാം. ആരംഭത്തില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ ഈ നോവല്‍ മുന്നോട്ടുവയ്ക്കുന്ന ദാര്‍ശനികമായ തലം ആഴത്തില്‍ വരഞ്ഞിട്ട ഒരനുഭവത്തിന്‍റെ സാക്ഷ്യപത്രമാണ്.  കാരൂരിലെ എഴുത്തുകാരന്‍ ഇവിടെ സമവായത്തിന്‍റെയും സമചിത്തതയുടെയും നിലപാടെടുക്കുന്നു. ഈ നിലപാട് ആത്മീയബോധ്യങ്ങളുടെ നിലപാടാണ്. വിശ്വാസമാണ് അതിന്‍റെ അളവുകോല്‍. വിശ്വാസത്തിന്‍റെ അകംപുറം നില്‍ക്കുന്ന നേരുകള്‍ കൊണ്ടാണ് കാരൂര്‍ ഈ നോവലിനെ വിളക്കിച്ചേര്‍ത്തിരിക്കുന്നത്.  അതുകൊണ്ട് തന്നെ ഈ നോവല്‍ വിശ്വാസപ്രമാണത്തിന്‍റെ ഉദാത്തമായൊരു രേഖയായി മാറുന്നു. യഥാര്‍ത്ഥത്തില്‍ നോവല്‍ സ്വയാര്‍ജ്ജിതമായ ഒരു പ്രകാശവിതാനമായിത്തീരുന്നത് ഇവിടെ നിന്നാണ്.
‘കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങ’ളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയിലും അവതരണത്തിലും മേല്‍ പ്രസ്താവിച്ച വിശ്വാസ്യതയുടെ പ്രകാശവളയങ്ങളുണ്ട്. ഇത് കാരൂര്‍ ബോധപൂര്‍വ്വം തന്നെ സൃഷ്ടിച്ചെടുത്ത ഒരനുഭവതലമാണ്. അല്ലായിരുന്നെങ്കില്‍ നോവല്‍ അതിന്‍റെ ഗതിയെ തന്നെ അട്ടിമറിച്ചുകൊണ്ട് മറ്റൊന്നായി പരിണമിക്കുമായിരുന്നു.  പക്ഷേ, ഇവിടെ അങ്ങനെയൊന്നു സംഭവിക്കുന്നില്ല എന്നു മാത്രമല്ല, വിശ്വാസത്തെ വിചാരണ ചെയ്തു കൊണ്ട് വിശ്വാസദാര്‍ഢ്യത്തെ ഉറപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.  ഇത്തരമൊരു സുചിന്തിതമായ ആശയലോകത്തില്‍ അടിയുറച്ച് നില്‍ക്കുന്നതുകൊണ്ടു കൂടിയാണ് ഒരു വൈദികന്‍റെ ആദര്‍ശ ധീരത അതിന്‍റെ അനുഭവതലത്തില്‍ ദൃഢബോധ്യമായിത്തീരുന്നത്. ഈ വിശുദ്ധദാര്‍ഢ്യത്തിന്‍റെ അടിസ്ഥാനഘടകമായി നിലകൊള്ളുന്നത് അതിന്‍റെ വിശ്വാസ്യതയെ സംബന്ധിച്ച ആലോചനകളാണ്.  ഈ ആലോചനയുടെ തീക്ഷ്ണ സാന്നിദ്ധ്യമാണ് വൈദികന്‍റെ കരുത്ത്. തന്‍റെ സത്വത്തെ തേടുമ്പോഴും ആന്തരിക സത്വത്തെ നിരാകരിക്കുമ്പോഴും കേവലമായ അര്‍ത്ഥത്തില്‍ ജാഗരം കൊള്ളുന്ന, ഉണര്‍ന്നിരിക്കുന്ന മനസ്സ് വൈദികനുണ്ട്.  ഇവിടെ വൈദികന്‍ ഒരു പ്രതീകമാണ്.  എന്നാല്‍ ഭൂമിയിലെ എല്ലാ വൈദികന്മാരെപ്പോലെ അല്ല ഇദ്ദേഹം. നോവലിലെ വൈദികന്‍ അധികാരത്തിനും ആസക്തികള്‍ക്കും ബഹുയോജനമേലെയാണ്. അദ്ദേഹത്തെ ആര്‍ക്കും പ്രലോഭിപ്പിക്കാനാകുന്നില്ല. അങ്ങനെ കാലാനുക്രമത്തില്‍ വൈദികന്‍ ഒരു സഹസ്രശാഖികളുള്ള ഒരു വന്‍വൃക്ഷമായിത്തീരുന്ന അനുഭവമാണിത്.


ഇവിടെ ലൗകികമായ ജീവിതതൃഷ്ണകളെ മെരുക്കുകയും ആത്മീയമായ മുന്നേറ്റങ്ങള്‍ക്ക് വഴി തുറന്നു കൊടുക്കുകയും ചെയ്യുന്ന വഴി ഈ നോവല്‍ ആദ്ധ്യാത്മിക നേരുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക കൂടി ചെയ്യുന്നുണ്ട്.  ഇങ്ങനെ ഒരു ഭാഗത്ത് നിലയുറപ്പിച്ച വിശ്വാസത്തെയും മറുഭാഗത്ത് നിലയുറപ്പിച്ച വിശ്വാസത്തെയും അവിശ്വാസത്തെയും തൃഷ്ണാശമനത്താല്‍ സമവായത്തിലെത്തിക്കുന്ന വൈദികന്‍ എക്കാലത്തെയും പൗരോഹിത്യ സമൂഹത്തിന്‍റെ കാവല്‍ക്കാരന്‍ തന്നെയാണ്.  പ്രത്യക്ഷത്തില്‍ ഇതിനെ ലളിതമായി ക്രിസ്തുസാക്ഷ്യം എന്നു വിശേഷിപ്പിക്കാമെങ്കിലും നോവലിന്‍റെ അകവിതാനങ്ങളില്‍ ഒഴുകി കിടക്കുന്ന അനുഭവരാശി ഉന്നതമായൊരു ജീവിത സംസ്കാരത്തിന്‍റെയും ആദ്ധ്യാത്മിക സംസ്കാരത്തിന്‍റെയും തുറന്ന സദസ്സു കൂടിയാണ്. ആരംഭത്തില്‍ സൂചിപ്പിട്ടുള്ള മഹത്തായ നോവലിന്‍റെ ദാര്‍ശനികമായ ലക്ഷണക്രമങ്ങളോരോന്നും ഈ നോവലില്‍ കണ്ടെത്താനാകും. അധികാരത്തെ പൂര്‍ണ്ണമായും തിരസ്ക്കരിക്കുകയും തിരസ്ക്കരിക്കപ്പെട്ടിടത്തേക്ക് ആദ്ധ്യാത്മികതയുടെ അനുഭൂതി ജന്യമായ നേരുകള്‍ പ്രകാശവര്‍ഷംപോലെ വിന്യസിക്കുകയുമാണ് കാരൂരിലെ എഴുത്തുകാരന്‍ ചെയ്യുന്നത്. ഇത്തരമൊരു രചനാരീതിയുടെ ഉള്ളറകളിലേക്ക് ഇനിയും കടക്കേണ്ടതുണ്ട് എന്നെനിക്കു തോന്നുന്നു.  ഓര്‍ഹാന്‍ പാമുഖിനെപ്പോലുള്ള വലിയ നോവലിസ്റ്റുകള്‍ അഭിപ്രായപ്പെടുംപോലെ ഉന്നതമായ ആശയധാരയെ ജീവിതത്തിന്‍റെ സാധാരണത്വത്തിലേക്ക് കൊണ്ട് വരിക എന്നത് അത്യന്തം ക്ലേശകരമായൊരു അനുഭവമാണ്. എന്നാല്‍ കാരൂരിന്‍റെ മിതത്വം പാലിച്ചു കൊണ്ടുള്ള തുറന്നെഴുത്ത് വിശ്വാസ ജീവിതത്തെയാകെ നവീകരിക്കുന്ന ഒരനുഭവമായിത്തീരുന്നു എന്നിടത്താണ് നോവല്‍ അതിന്‍റെ വിജയത്തി ലേക്ക് കടക്കാന്‍ ധൈര്യപ്പെടുന്നതും അതിന് ചെവികൊടുക്കുന്നതും. ഇതിന് നാട്യമല്ലാത്ത (ുൃലലേിശെീി) ഒരു ജീവിത ബോദ്ധ്യമുണ്ട്. എന്നാല്‍ ചില സന്ദര്‍ഭത്തില്‍, പ്രത്യേകിച്ച് പോര്‍നിലങ്ങള്‍, അരൂപികള്‍, ഓര്‍മ്മകളുടെ വഴി എന്നീ നോവല ദ്ധ്യായങ്ങളില്‍ നാടകീയമായ ചില മുഹൂര്‍ ത്തങ്ങള്‍ നോവലിസ്റ്റ് സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം സ്വാഭാവികമായി തന്നെ നമ്മുടെ ആസ്വാദന സ്വരൂപത്തെ ഉണര്‍ത്തിക്കുന്നതാണെങ്കിലും ഏറിയും കുറഞ്ഞും ഈ അദ്ധ്യായങ്ങളില്‍ രൂപം കൊണ്ടിരിക്കുന്ന വിശകലന സമീപനം. നോവലിന്‍റെ ഘടനയെ അല്പമാത്രമായയെങ്കിലും ഉലയ്ക്കുന്നുള്ളതുപോലെ തോന്നും. ഇത്തരം അനുഭവങ്ങള്‍ ഒരു പക്ഷേ നോവലിസ്റ്റ് ബോധപൂര്‍വ്വം തന്നെ സന്നിവേശിപ്പിച്ചതുമാകാം. എന്നാല്‍ നോവലിന്‍റെ ബാഹ്യലോകവും മാനസികലോകവും പരസ്പരപൂരകമായി സഞ്ചരി ക്കുന്നതിനാല്‍ കൃതിയുടെ സ്വത്വസംസ്കാരത്തിന് പ്രത്യേകമായൊരു ഭംഗി കൈവരികയും ചെയ്യുന്നുണ്ട്. ഇപ്പറഞ്ഞതെല്ലാം ഒരു നല്ല നോവലിന്‍റെ ജനുസ്സിലേക്ക് ‘കാവല്‍ ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍’ എങ്ങനെ എത്തിപ്പെടുന്നുവെന്ന് വിശദീകരിക്കാനായിരുന്നു.

എന്നാല്‍ ഈ നോവലില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന കാലബോധം ഒരു കഥാപാത്രമായി തന്നെ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്നുണ്ട്.  ഇത് പുതിയൊരു പരീക്ഷണമാണ്. കൃതിയുടെ മൂല്യനിര്‍ണ്ണയത്തെ ബാഹ്യമായ ഒരു ശക്തിക്കും സ്വാധീനിക്കാനാവില്ല എന്ന പഴഞ്ചന്‍ തത്ത്വ ശാസ്ത്രത്തെ നിരാകരിക്കുകയാണിവിടെ. ആ അര്‍ത്ഥത്തില്‍ കൂടി ഈ നോവലിനെ ഭാവിയില്‍ വായിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്, ഇത് പൂര്‍ണ്ണമായും വിശ്വാസത്തിന്‍റെ പ്രമേയത്തിലൂടെ രൂപം കൊള്ളുന്ന സൃഷ്ടന്മുഖതയാണ്. വായനക്കാരന്‍റെ ജ്ഞാനമണ്ഡലങ്ങളില്‍ ഈ നോവല്‍ പ്രകമ്പനം സൃഷ്ടിക്കുന്നില്ല. അവന്‍റെ ആസ്വാദന മനസ്സിനെ അസ്വസ്ഥമാകുന്നില്ല. പകരം ഈ നോവല്‍ സ്വതന്ത്രമായൊരു ലോകത്തെ കാട്ടിത്തരുന്നു.  മനുഷ്യന്‍റെ ഇച്ഛാശക്തിയെയും ജ്ഞാനശക്തിയെയും തിരിച്ചറിഞ്ഞുകൊണ്ട് വിശ്വാസത്തിന്‍റെ വേരുറപ്പിക്കാന്‍ ധൈര്യപ്പെടുന്ന വൈദികന്‍ എല്ലാ കാലത്തിന്‍റെയും ജീവസ്സുറ്റ ഒരു പ്രതീകമാണ്.  ആ പ്രതീകത്തിലാണ് നോവലിന്‍റെ ഉയിര്‍പ്പുകുടികൊള്ളുന്നത്.  അതുകൊണ്ട് തന്നെയാണ് ഈ നോവല്‍ മറ്റൊരു ആഖ്യായികയിലേക്കു കൂടി ഒഴുകി പ്പോകാന്‍ കഴിയുന്നൊരു നല്ല അനുഭവമായിത്തീരും എന്ന് പറയാന്‍ ആഗ്രഹിച്ചുപോകുന്നത്.
കാരൂരിന്‍റെ ‘കന്മദപ്പൂക്കളി’ലും മേല്‍പ്പറഞ്ഞ അനുഭവത്തിന്‍റെ ജാഗ്രത്തായ തുടര്‍ച്ചകള്‍ കണ്ടെത്താനാകും.  ഈ നോവലിന്‍റെ പ്രമേയ പരമായ പുതുമയും ഘടനാപരമായ മികവും എഴുത്തുകാരന്‍റെ ആത്മവിശ്വാസത്തിന്‍റെ പ്രതിഫലനമാണ്. എന്നാല്‍ പ്രമേയത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നതിനോടൊപ്പം പ്രമേയവുമായി ബന്ധപ്പെട്ട ലാവണ്യബോധ ത്തില്‍ നോവലിനെ സ്വതന്ത്രമായ ജീവിതദര്‍ശനത്തിനോട് ചേര്‍ത്തു വയ്ക്കാനാണ് നോവലിസ്റ്റ് ഉത്സാഹപ്പെടുന്നത്.  ഇത് ഹ്യൂമനിസത്തിന്‍റെ ഭാഗം കൂടിയാണ്. മാനവികതയിലും സര്‍വ്വോപരി മനുഷ്യത്വത്തിലും അടിയുറച്ചു വിശ്വസിക്കുന്ന കാരൂര്‍, തന്‍റെ സ്വതന്ത്രമായ നിലപാടുകളെയും ദാര്‍ശനികമായ നിര്‍വചനങ്ങളെയും മറുനാട്ടില്‍ ജീവിതം സമര്‍ പ്പിച്ചു കഴിഞ്ഞു കൂടുന്നവരിലൂടെ അവതരിപ്പിക്കുന്നു. ഇത് ജീവിത                 ത്തിന്‍റെ തന്നെ ആരും ഇതുവരെ പറഞ്ഞു തീര്‍ത്തിട്ടില്ലാത്ത ഒരു നേരനുഭവമാണ്. കാരൂരിന്‍റെ എഴുത്തില്‍ ഇത്തരം വൈയക്തികാനുഭവത്തിന്‍റെ ഇഴചേരലുണ്ട്. എന്നാല്‍ മനുഷ്യ മനസ്സിന്‍റെ വനസ്ഥലികള്‍ തേടി ഒരു എഴുത്തുകാരന്‍ നീങ്ങുമ്പോള്‍, ആ എഴുത്തുകാരനില്‍ പ്രഭവം കൊള്ളുന്നൊരു ലാവണ്യാനുഭൂതിയുണ്ട്. അല്പമാത്രമെങ്കിലും ആ അനുഭൂതി എഴുത്തുകാരന് അനുഭവിക്കാനും കഴിയുന്നുണ്ട്. ഈ അനുഭവം സ്വാഭാവികമായി തന്നെ കഥാപാത്രങ്ങളിലേക്കും സഞ്ചരിക്കും. അങ്ങനെ രൂപം കൊള്ളുന്ന, ഒഴുകിപ്പരക്കുന്ന ജീവിതത്തിന്‍റെ തന്നെ പ്രവാഹമാണ് കാരൂരിന്‍റെ സര്‍ഗ്ഗാത്മക രചനകള്‍.  ഇവിടെ പ്രധാനമായും രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ആദ്യത്തേത് ഒരു നോവല്‍ എന്ന നിലയില്‍ കാരൂര്‍സ്വീകരിക്കുന്ന മാനദണ്ഡത്തെക്കുറിച്ചാണ്. നോവല്‍ എന്നത് ചിന്തിച്ചുറപ്പിച്ച് തയ്യാറാക്കേണ്ടതല്ല എന്ന പാരമ്പര്യ നോവല്‍ നിര്‍വചനത്തെ ആദ്യം തന്നെ കാരൂരിലെ നോവലിസ്റ്റ് തിരസ്കരിക്കുന്നു. അങ്ങനെ തിരസ്ക്ക രിക്കുന്നതിന് പിന്നില്‍ ഈ നോവലിസ്റ്റിന് കൃത്യമായൊരു ചിന്താപദ്ധതി ഇതിനു പിന്നിലുണ്ടെന്ന് വരുന്നു. കാരൂരിന്‍റെ ഭൂരിപക്ഷം നോവലുകളുടെയും പ്രമേയം ഒന്നെടുത്തു വിചിന്തനം ചെയ്താല്‍ ഇതു മനസ്സിലാക്കാനാകും. പ്രധാനപ്രമേയങ്ങളില്‍ പ്രവാസം, മറുനാടന്‍ ജീവിതം, നാട്ടിന്‍പുറത്തിന്‍റെ നന്മ, ജീവിതം, സ്നേഹം തുടങ്ങി വിവിധങ്ങളായ വിഷയങ്ങളാണ് പ്രധാന പ്രമേയങ്ങളായി കാരൂര്‍ സ്വീകരിച്ചിട്ടുള്ളത്.  ഈ പ്രമേയങ്ങളെല്ലാം ഒന്നിനൊന്നു വ്യത്യസ്തമാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മുന്‍വിധികളെ അടിസ്ഥാനമാക്കിയല്ല ഈ നോവലുകളൊന്നും തന്നെ രചിച്ചിട്ടുള്ളത് എന്നുള്ളത് തന്നെ. ശൂന്യമായൊരു സദസ്സില്‍ നിന്നു കൊണ്ടാണ് കാരൂര്‍ ജീവിതം പറയാന്‍ തുടങ്ങുന്നത്.  തുടക്കത്തില്‍ തന്നെ ഓരോ കഥാപാത്രങ്ങള്‍ വന്ന് അതില്‍ അണി ചേരുകയാണ്.  അവരവരുടെ ഭാഗം അഭിനയിച്ചു കഴിഞ്ഞ് അവര്‍ നമുക്കിടയില്‍ വന്ന് നില്‍ക്കുന്നു. അല്ലാതെ നോവല്‍ വായനയ്ക്കുശേഷവും അവര്‍ അരങ്ങില്‍ തന്നെ നിലയുറപ്പിക്കുന്നില്ല. അതുകൊണ്ടാണ് കാരൂരിന്‍റെ കഥാപാത്രങ്ങള്‍ ശൂന്യസ്ഥലികളില്‍ നിന്ന് പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളായി പരിണമിക്കുന്നവരാണെന്നു പറഞ്ഞത്. മറ്റൊന്ന് നീതിപൂര്‍വ്വകമായ കാലത്തെയും കാലം സൃഷ്ടിക്കുന്ന വികാരങ്ങളെയും സംബന്ധിച്ചാണ്.
കാരൂരിന്‍റെ നോവലുകളില്‍ കാലം പ്രധാനകഥാപാത്രമാണ്.  അരങ്ങിലും അണിയറയിലും കാലത്തിന്‍റെ സാന്നിദ്ധ്യമുണ്ട്. കാലമാണ് കൃതിയെ ഒഴുക്കിക്കൊണ്ടുപോകുന്നത്. കവികള്‍ ‘സമയമാനസം’ എന്നു വിളിക്കും പോലെ കാരൂരിന്‍റെ കാലബോധം സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്;  പ്രത്യേകിച്ച് കാലാന്തരങ്ങള്‍, കാണാപ്പുറങ്ങള്‍ എന്ന നോവലുകളില്‍ ഇതിന്‍റെ സമഗ്രമായ ഒഴുകിപ്പരക്കലുണ്ട്.  അതൊരുതരം സാത്മീകരണ (അശൈാശഹമശേീി)മാണ്. ‘കാലാന്തരങ്ങള്‍’ എന്ന നോവലില്‍ കാലം ജീവിതത്തിന്‍റെ തന്നെ നിമ്ന്നോന്നതങ്ങളിലൂടെ ഒഴുകിപ്പോകുന്നതു കാണാം. കഥാപാത്രങ്ങളെ കൂട്ടിക്കെട്ടുന്നതും അയച്ചു വിടുന്നതും ഇവിടെ കാലമാകുന്നു. അതുകൊണ്ടാണ് നോവല്‍ വായനയ്ക്ക് ശേഷവും കാലാതീതമായൊരു അനുഭവത്തിലേക്ക് ജീവിതത്തെകൊണ്ടെത്തിക്കാന്‍                ഈ എഴുത്തുകാരന് കഴിയുന്നത്.  ഇങ്ങനെ വ്യതിരിക്തമായ അനുഭവവീക്ഷണത്തിലൂന്നിയ സമഗ്രജീവിതദര്‍ശനമാണ് കാരൂരിന്‍റെ സര്‍ഗാത്മക രചനകളുടെ അകംപൊരുള്‍.  അതില്‍ ക്ഷോഭമോ, പകയോ അസ്വസ്ഥതയോ അല്ല, ഉണര്‍ന്നു കിടക്കുന്നത്. ജീവിതത്തിന്‍റെ തന്നെ സമുദ്ര വിശാലതയാണ് കാരൂരിന്‍റെ എഴുത്തിന്‍റെ പൊരുളടക്കം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക