Image

ലിജോ ജോസ് പെല്ലിശ്ശേരി: ഇഷ്ടം റിസ്ക് ഫേക്ടർ! (വിജയ് സി. എച്ച്)

Published on 31 July, 2023
ലിജോ ജോസ് പെല്ലിശ്ശേരി: ഇഷ്ടം റിസ്ക് ഫേക്ടർ! (വിജയ് സി. എച്ച്)

ഈയിടെ പ്രഖ്യാപിച്ച കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച പടത്തിനുള്ളതു നേടിയ ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് ഇതു തുടർച്ചയായ രണ്ടാമത്തെ അംഗീകാരം!
കഴിഞ്ഞ വർഷം തിരുവനന്തപുരത്തു നടന്ന കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ (IFFK-2022) അദ്ദേഹം സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്കം' ജനപ്രിയപടമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സൂപ്പർസ്റ്റാർ മമ്മൂട്ടിയ്ക്ക് ഇപ്പോൾ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത പടത്തിൻ്റെ വേൾഡ് പ്രീമിയറാണ് ഡിസംബർ 9-മുതൽ 16-വരെ തലസ്ഥാനത്ത് അരങ്ങേറിയത്.
സംസ്ഥാനപുരസ്ക്കാര ലബ്ധിയിൽ അഭിനന്ദന പ്രവാഹങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിയ്ക്കുന്ന 'നൻപകൽ' ശിൽപി, തൻ്റെ വേറിട്ട സംവിധാന രീതികളെക്കുറിച്ചു പറയുന്നു...


🟥 കൗതുകം ജനിപ്പിച്ച പടം
2021, നവംബറിൽ വിളംബരം ചെയ്തു പളനിയിൽ ഷൂട്ട് തുടങ്ങിയതു മുതൽ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ ഉണർത്തിയ പടമാണ് 'നൻപകൽ'. മമ്മുട്ടിയും ഞാനും ആദ്യമായി ഒന്നിയ്ക്കുന്നതിനാലും, പ്രശസ്ത സാഹിത്യകാരൻ എസ്. ഹരീഷ് തിരക്കഥ എഴുതിയതിനാലും സിനിമാ സ്നേഹികളിൽ സ്വാഭാവികമായും ആകാംക്ഷ വർദ്ധിച്ചുകാണും. മമ്മുട്ടി കമ്പനി നിർമ്മിയ്ക്കുന്ന പ്രഥമ പടം എന്നതും ജനങ്ങളിൽ കൗതുകം ജനിപ്പിച്ചു. തേനി ഈശ്വറിൻ്റെ ഛായാഗ്രഹണം വളരെ ജനപ്രിയമാണ്. പ്രേക്ഷകരുടെ പ്രതീക്ഷകളോട് നീതി പുലർത്തിയതിൻ്റെ തെളിവാണ് പ്രേക്ഷകരിൽ കാണുന്ന തീക്ഷ്ണമായ ആവേശം. IFFK-ലും തുടർന്നുണ്ടായ തിയേറ്റർ റിലീസിലും അതു വ്യക്തമായിരുന്നു. ഫിലീംഫെസ്റ്റുകളിൽ ഇത്രയും വലിയ തിരക്ക് സാധാരണ വിദേശ സിനിമകളുടെ പ്രീമിയറുകൾക്കേ കണ്ടിട്ടുള്ളൂ! ടാഗോർ തിയേറ്ററിൽ 12-ആം തീയതി ഒരൊറ്റ ഷോ മാത്രമേ ചലച്ചിത്ര അക്കാദമി ആദ്യം പ്ലേൻ ചെയ്തിരുന്നുള്ളൂവെങ്കിലും, ഡെലിഗേറ്റുകൾക്ക് സീറ്റു കിട്ടാത്തതിനാൽ അവിടെ നടന്ന സംഘർഷങ്ങളും, 'നൻപകൽ' കാണാനെത്തിയ മറ്റുള്ളവരുടെ വൻ തിരക്കും കണക്കിലെടുത്ത് 13-നു ഏരീസ് തിയേറ്ററിലും, 14-ന് അജന്ത തിയേറ്ററിലും പ്രദർശനങ്ങളുണ്ടായി. ടാഗോർ തിയേറ്ററിലെ പ്രദർശനത്തിനു ശേഷം ഞാൻ പ്രേക്ഷകരുമായി സംവദിച്ചിരുന്നു. സംവിധാന മികവും മമ്മുട്ടിയുടെ പ്രകടനവും അവരെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. കാണികളുടെ പ്രതീക്ഷകളോട് നീതി പുലർത്താൻ കഴിഞ്ഞതിൽ സന്തുഷ്ടനാണ്. തിയേറ്റർ റിലീസിനു ശേഷം ലഭിച്ച പ്രതികരണങ്ങളും അവലോകനങ്ങളും വളരെ സന്തോഷിപ്പിയ്ക്കുന്നു എന്നാണ് മമ്മുട്ടിയും അഭിപ്രായപ്പെട്ടത്. IFFK-ൽ നേടിയ ജനപ്രിയചിത്രത്തിനുള്ള പുരസ്കാരം തിയേറ്ററുകളിലെ വിതരണ സാധ്യതകൾ വർദ്ധിപ്പിച്ചിരുന്നു.


🟥 വിജയ രഹസ്യം
'നൻപകലി'ൻ്റെ മൂലകഥ എൻ്റേതു തന്നെയാണ്. ഏറെ പുതുമകൾ നിറഞ്ഞതാണ് ഈ കഥ. ദൃശ്യാവിഷ്കാരം പ്രമേയത്തിനൊത്ത് ചിട്ടപ്പെടുത്തിയത് വളരെ സൂക്ഷ്മതയോടെയാണ്. 'നൻപകലി'ൽ രംഗങ്ങളെല്ലാം താരതമ്യേന ശാന്തമായ സാഹചര്യങ്ങളിലാണ് നടക്കുന്നത്. അതിയായ ആവേശങ്ങളോ വികാരവിക്ഷോഭങ്ങളോ ഇല്ലാതെ പുരോഗമിയ്ക്കുന്നൊരു പ്ലോട്ടാണിത്. വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞുള്ള മടക്ക യാത്രാ സമയത്ത് നടക്കുന്ന ചില അസാധാരണ സംഭവങ്ങളുടെ ലളിതമായ ചിത്രീകരണമാണ് 'നൻപകൽ'. ഇതുവരെ ഞാൻ ചെയ്ത പടങ്ങളിൽ നിന്ന് കഥയിലും, പ്രമേയത്തിലും, ആഖ്യാന രീതിയിലും 'നൻപകൽ' വേറിട്ടു നിൽക്കുന്നു. ഒരു പക്ഷെ, ഈ വ്യത്യാസമായിരിയ്ക്കാം പ്രേക്ഷകർക്ക് സ്വീകാര്യമായത്. പൊതുവെ പുതുമകളാണ് ഞാൻ തേടുന്നത്. അതിനാൽ, ഇഷ്ടമാണ് പരീക്ഷണങ്ങൾ! മിക്ക പരീക്ഷണങ്ങളും വിജയിക്കുന്നത് കൂടുതൽ പരീക്ഷണ സംരംഭങ്ങൾക്ക് പ്രചോദനമാകുന്നു.


🟥 'നൻപകലി'ൻ്റെ ഇതിവൃത്തം
മൂവാറ്റുപുഴക്കാരനായ ജെയിംസ് (മമ്മൂട്ടി) കുടുംബസമേതം ഒരു സംഘത്തിൽ വേളാങ്കണ്ണി യാത്ര കഴിഞ്ഞു നാട്ടിലേയ്ക്കുള്ള മടക്ക യാത്രയിലാണ്. അവർ സഞ്ചരിയ്ക്കുന്ന ബസ് തമിഴ് നാട്ടിലെ വിശാലമായ നെൽവയൽ നടുവിലുള്ള പാതയിലൂടെ പോകുന്നു. സംഘാംഗങ്ങളെല്ലാം യാത്രാക്ഷീണത്താൽ ബസിലിരുന്ന് പാതിമയക്കത്തിലാണ്. പെട്ടെന്നാണ് ഡ്രൈവറോട് ബസ് നിർത്താൻ ജെയിംസ് ആവശ്യപ്പെടുന്നത്. ബസിൽ നിന്നിറങ്ങി ജെയിംസ് അടുത്തുള്ള ഒരു ഗ്രാമത്തിലേയ്ക്ക് നടന്നു പോകുന്നു. ജെയിംസിനെ തിരിച്ചു വിളിയ്ക്കാനായി സംഘാംഗങ്ങൾ കൂടെ ചെല്ലുന്നുണ്ട്. പക്ഷെ, എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് ജെയിംസ് മറ്റൊരാളായി പെരുമാറാൻ തുടങ്ങി. ആ ഗ്രാമത്തിൽ വർഷങ്ങൾക്കു മുന്നെ മരിച്ചുപോയ സുന്ദരം എന്ന മനുഷ്യനായി ജെയിംസ് മാറിക്കഴിഞ്ഞിരിയ്ക്കുന്നു! രൂപത്തിൽ ജെയിംസാണെങ്കിലും, ആ ഗ്രാമവും അവിടുത്തെ മനുഷ്യരെയും മുതൽ ആ പ്രദേശത്തു നടന്ന സകല കഥകളും അറിയുന്ന സുന്ദരത്തെപ്പോലെ, ജെയിംസ് സംസാരിക്കാനും പ്രവർത്തിക്കാനും തുടങ്ങിയപ്പോൾ ആ നാട്ടുകാർ ശരിയ്ക്കും ആശ്ചര്യപ്പെട്ടു. സുന്ദരമായി പരകായപ്രവേശം നടത്തിയ ജെയിംസ് ആ ഗ്രാമത്തിൽ ചെയ്തുകൂട്ടുന്നത് അവിശ്വസനീയമായ കാര്യങ്ങളാണ്! സുന്ദരത്തിൻ്റെ വ്യക്തിത്വം ആവാഹിച്ചുകൊണ്ടുള്ള ജെയിംസിൻ്റെ പ്രകടനങ്ങളും, അദ്ദേഹത്തെ തിരിച്ചു കൊണ്ടുപോകുവാൻ കൂടെയുള്ളവർ പെടാപാട് പെടുന്നതുമെല്ലാം ഉൾക്കൊള്ളുന്ന 'നൻപകലി'ൻ്റെ കഥ മികച്ചൊരു കാഴ്ച്ചാനുഭവമാക്കാൻ ശ്രമിച്ചിട്ടുണ്ട്.


🟥 'ജല്ലിക്കെട്ട്' വൻ പ്രചോദന സ്രോതസ്സ്
ചുരുളി'ക്കും (2021), 'തമാശ'ക്കും (2019) മുന്നെ ചെയ്ത 'ജല്ലിക്കെട്ട്' എല്ലാ തലങ്ങളിലും ഒരു പരീക്ഷണ സിനിമയായിരുന്നു. സിനിമകളിൽ പരീക്ഷണങ്ങൾ നടത്താൻ താൽപര്യമുളള ഒരാളാണു ഞാൻ. വൈവിധ്യമാണ് എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രവർത്തന രീതി. അതുകൊണ്ടാണ് ഒരു പോത്തിനെ പ്രധാന കഥാപാത്രമാക്കി ഒരു പടം ചെയ്യാൻ തീരുമാനിച്ചതും. എസ്. ഹരീഷിൻ്റെയാണ് 'ജല്ലിക്കെട്ടി'ൻ്റെ മൂലകഥ. ഇരുളിൻ്റെ മറവിൽ ഒളിയ്ക്കുന്ന പോത്തുതന്നെയാണ് ഹരീഷിൻ്റെ 'മാവോയിസ്റ്റ്'ലെ പ്രധാന കഥാപാത്രം. ഓടുന്നതു പോത്താണെങ്കിലും, അത് അന്ധകാരത്തിലെ മനുഷ്യമുഖങ്ങളാണ് തുറന്നു കാട്ടുന്നത്. ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ ഗ്രാമം കടന്നു പോകുന്നുവെന്നത് പ്രതികാര മോഹങ്ങളെയും, ആഭാസ ചിന്തകളെയും, ചില്ലറ പ്രണയയാഭിലാഷങ്ങളെയുമെല്ലാം മറനീക്കി പുറത്തു വരാൻ സഹായിക്കുകയാണു ചെയ്യുന്നത്! ഇതു തന്നെയാണ് 'ജല്ലിക്കെട്ടി'ൻ്റെ ആഗോള പ്രസക്തി. ഇന്ത്യയിലെ മാത്രമല്ല, വിദേശ സിനിമാ നിരൂപകർ പോലും 'ജല്ലിക്കെട്ടി'ൽ ദർശിച്ചത് ഈ സാർവലൗകിക സന്ദേശമാണ്.


🟥 പരീക്ഷണങ്ങൾ
ആദ്യ സംരംഭമായ 'നായക'നും (2010), തുടർ വർഷങ്ങളിൽ ചെയ്ത 'സിറ്റി ഓഫ് ഗോഡും', 'ആമേനും', 'ഡബിൾ ബാരലും', 'അങ്കമാലി ഡയറി'യുമെല്ലാം പരീക്ഷണങ്ങൾ തന്നെയായിരുന്നു. റിസ്ക് ഫേക്ടർ മുന്നിൽ കാണണം. 'ഡബ്ൾ ബാരൽ' സാമ്പത്തികമായി പരാജയപ്പെട്ടു. അത് ഞാൻ വലിയ റിസ്ക് മുന്നിൽ കണ്ടുകൊണ്ടു തന്നെ സംവിധാനം ചെയ്തൊരു പരീക്ഷണ സിനിമയായിരുന്നു. 'ജല്ലിക്കെട്ട്' പോലെ ഒരു പടം മലയാള സിനിമാ ചരിത്രത്തിൽ ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടുമില്ല. ഒരു മൃഗമാണ് പ്രധാന കഥാപാത്രം. ഉയരങ്ങളിൽ കയറിനിന്നും, കിണറിൽ ഇറങ്ങി നിന്നും ഷൂട്ട് ഉണ്ടായിരുന്നു; അതും, രാത്രിയിൽ! 'നൻപകലും' ഏറെ വ്യത്യസ്തമല്ലേ!


🟥 അംഗീകാരങ്ങൾ
2019-ലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFK-2019) ലോക സിനിമാവിഭാഗത്തിൽ ജനപ്രിയ പടമായി തിരഞ്ഞെടുക്കപ്പെട്ടത് 'ജല്ലിക്കെട്ടാ'യിരുന്നു. ജൂറിയുടെ പ്രത്യേക പരാമർശവുമുണ്ടായിരുന്നു. ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ (IFFI-2019) 'ജല്ലിക്കെട്ടി'ലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചു. ടോറോണ്ടോ ഫെസ്റ്റിലും (കാനഡ), ബ്രിട്ടീഷ് ഫിലീം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ലണ്ടൻ ഫെസ്റ്റിലും, ദക്ഷിണ കൊറിയയിലെ ബുസാൻ ഫെസ്റ്റിലും 'ജല്ലിക്കെട്ട്' മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരങ്ങൾ നേടി. തൊണ്ണൂറ്റിമൂന്നാമത് അക്കാഡമി പുരസ്കാരത്തിന് അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിൽ 'ജല്ലിക്കെട്ട്' തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓസ്കാർ എൻട്രി കിട്ടുന്ന മൂന്നാമത്തെ മലയാള ചലച്ചിത്രമാണിത്. 'ഈ.മ.യൗ' ചെയ്തതിനു 2018-ലെ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. 2018-ൽ, 'ഈ.മ.യൗ' മികച്ച സംവിധായകനുള്ള സമ്മാനം ഗോവയിലും നേടിത്തന്നു.


🟥 അടുത്തത് മോഹൻലാൽ പടം
അടുത്ത പടം മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ചെയ്യണമെന്നാണ് കരുതുന്നത്. എന്നാൽ, കഥയും മറ്റു തയ്യാറെടുപ്പുകളുമെല്ലാം അവയുടെ പ്രാഥമിക ഘട്ടങ്ങളിലാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാം.

ലിജോ ജോസ് പെല്ലിശ്ശേരി: ഇഷ്ടം റിസ്ക് ഫേക്ടർ! (വിജയ് സി. എച്ച്)
ലിജോ ജോസ് പെല്ലിശ്ശേരി: ഇഷ്ടം റിസ്ക് ഫേക്ടർ! (വിജയ് സി. എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക