Image

വേനൽകന്യകമാർ എനിക്ക് ചുറ്റും (ഒരു വേനൽക്കുറിപ്പ്: സുധീർ പണിക്കവീട്ടിൽ)

Published on 01 August, 2023
വേനൽകന്യകമാർ എനിക്ക് ചുറ്റും (ഒരു വേനൽക്കുറിപ്പ്: സുധീർ പണിക്കവീട്ടിൽ)

വസന്തം സ്നേഹത്തോടെ  സമ്മാനിച്ചുപോയ  ആടയാഭരണങ്ങൾ അണിഞ്ഞൊരുങ്ങി സുന്ദരിമാരെപോലെ  വേനൽകന്യകമാർ  കടന്നുവന്നു. അഭിനിവേശത്തോടെ അവർ  കെട്ടിപിടിക്കുമ്പോൾ വിയർത്ത് ചൂടാറിയ  അവരുടെ ശരീരത്തിന്റെ തണുപ്പിൽ എന്റെ മോഹങ്ങൾ കുളിരണിയുന്നു. അവരുടെ ആലിംഗനത്തിൽ തലച്ചോറിലെ ഡോപമിൻ, സെറോടോണിൻ തുടങ്ങിയ രാസവസ്തുക്കൾ പ്രവർത്തിക്കുകയും കൊഗ്നിറ്റീവ് പവർ (cognitive power) വർദ്ധിക്കുകയും  ചെയ്യുന്ന ഒരു അസുലഭ നിർവൃതി അപ്പോൾ അനുഭവപ്പെടുന്നു.  ആലിംഗനം വളരെ ശക്തമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന ചങ്ങാതിയാണ്. ആശ്ലേഷിക്കുമ്പോൾ  പരസ്പരം ആത്മാവുകൾ  സ്പര്ശിക്കുന്നുവെന്നു പഠനങ്ങളിൽ കണ്ടെത്തിയതായി  പറയുന്നുണ്ട്. പ്രകൃതിയെ പ്രണയിക്കുക. എന്തെല്ലാം പ്രണയഭാവങ്ങളിൽ അവൾ ഋതുക്കൾതോറും പ്രത്യക്ഷപ്പെടുന്നു. വേനൽകാലമേ വന്ദനം. 

ഭൂമിയുടെ അച്ചുതണ്ട് ചെരിഞ്ഞിരിക്കുന്നതുകൊണ്ട് സൂര്യപ്രകാശം ഭൂമിയിൽ ഒരേപോലെ ലഭിക്കുന്നില്ല. തന്മൂലം ഋതുക്കൾ ഉണ്ടാകുന്നു.  അൽപ്പം ചെരിവുണ്ടാകുന്നത് നല്ലതല്ലേ എന്ന തോന്നൽ ആർക്കെങ്കിലും ഉണ്ടാകുന്നത് സ്വാഭാവികം.  ഓരോ ഋതുവിലും ഒരായിരം ഋതു കന്യകമാർ ജനിക്കുന്നു. മുമ്മൂന്നു മാസം ഈ ഭൂമിയിൽ തങ്ങി വീണ്ടും മടങ്ങിവരാൻ അവർ മറ്റുള്ളവർക്ക് വഴി മാറികൊടുക്കുന്നു. ഭൂമിയിലെ അവരുടെ മൂന്നു മാസങ്ങൾ അവർ വർണ്ണാഭമാക്കുന്നു. .വേനൽകന്യകമാർ സുന്ദരിമാരും ആരോഗ്യവതികളുമാണ്.  
വീടിന്റെ പുറകിലെ നടുമുറ്റത്ത് പ്രഭാതരസ്മികൾക്ക് സ്വാഗതം ഒരുക്കികൊണ്ട് വെറുതെയിരിക്കുന്ന വേനൽപ്രഭാതങ്ങളിൽ ഒരു ഇളംകാറ്റ് വന്നു തലോടാറുണ്ട് എന്തോ അടക്കിപ്പിടിച്ച് മൂളാറുണ്ട്. "സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം" എന്നോ മറ്റോ ആണ്. വസന്തശ്രീ വിടർത്തിനിർത്തിയ ധാരാളം പൂക്കൾ അപ്പോൾ തലയാട്ടികൊണ്ട് സമ്മതം മൂളുന്നു. സ്വയംവരകന്യകമാർ പൂത്താലങ്ങൾ ഏന്തി എത്തിച്ചേരുകയായി. എഴുത്തുകാരന്റെ ഭാവനാലോകത്തിൽ കുങ്കുമപ്പൂക്കൾ വിരിയാൻ താമസം അരുതെന്നു അവർ കിന്നാരം പറയുന്നു. അപ്പോൾ അയാളുടെ  പേനത്തുമ്പിൽ നിന്നും ഒരായിരം ചിത്രശലഭങ്ങൾ പറന്നു പൊങ്ങുകയായി. എഴുത്തുകാരന്റെ ഭാവനാചിറകിൻകീഴിൽ അവർ പ്രണയാർദ്രരായി ഒതുങ്ങിനിൽക്കുന്നു.

മാവിൻചുന മണക്കുന്ന മീനപ്പകലുകൾ ഇവിടെയും തിളങ്ങുന്നു. വെയിലിനു എന്തൊരു സൗന്ദര്യം. എന്റെ ചിത്രശലഭങ്ങൾ ഈ മഞ്ഞ വെയിലിൽ പാടി പറക്കുന്നു.  വേനലാവുധിക്ക് അമ്മാവന്റെ വീട്ടിലെ മാവിൻചുവട്ടിൽ ഇരിക്കുന്ന അനുഭൂതി. അങ്ങനെ ഇരിക്കുമ്പോഴാണ്  അയല്പക്കങ്ങളെ  വേർതിരിക്കുന്ന വേലിക്കരികിൽ ആ ദാവുണിക്കാരി  മറ്റൊരു ചിത്രശലഭമായി പറന്നുവരുന്നത്. സമപ്രായക്കാരാണെങ്കിലും കുറച്ച് മുതിർന്നതുകൊണ്ട് സംസാരം വർജ്ജ്യമാണ്. പക്ഷെ ചില അശരീരികൾ അവിടെ നിന്നും കേൾക്കാം. അതിനായി ഇവിടെ നിന്നും എന്തെങ്കിലും ശബ്ദം പുറപ്പെടണം.  അയാൾ തന്റെ മനോഹരമായ ശബ്ദത്തിൽ അവളെ വിളിച്ചു  കിളിച്ചുണ്ടൻ മാമ്പഴമേ..കിളി കൊത്താ തേൻപഴമെ.. ഈ രണ്ടു വാക്കുകൾ പിന്നീട് ഒരു സിനിമ ഗാനത്തിൽ വന്നപ്പോൾ ശ്രമിച്ചാൽ നിനക്കും ഒരു ഗാനരചിയതാകാമെന്ന കൂട്ടുകാരുടെ അന്നത്തെ പ്രോത്സാഹനവും  അത് നടക്കാതെപോയ വിഷമവും ഒരു നിമിഷമുണ്ടായി. വേലിക്കരികിൽ നിന്നും മറുപടി അശരീരി വന്നു. ശരിയാണ് മോനെ..നീ ആണായി വരുമ്പോഴേക്കും മാമ്പഴം ആരെങ്കിലും കൊത്തികൊണ്ടു പോകും. അതെ  പെൺകുട്ടികൾക്ക് വേഗം പക്വത വരുന്നു ആൺകുട്ടികൾ കുറേകാലം കുട്ടികളായി തന്നെ കഴിയുന്നു. ഭാസ്കരൻ മാഷ് എഴുതിയ പോലെ അവൾ കിളിച്ചുണ്ടൻ മാമ്പഴം കടിച്ചുകൊണ്ടെന്നോട് കിന്നാരം പറയുമെന്ന് മോഹിച്ചെങ്കിലും അവൾ  പറഞ്ഞത് ശരിയായി അവളെ ഏതോ കാക്കച്ചി കൊത്തികൊണ്ടുപോയി. ഇവിടെ വെയിൽകന്യകമാർ ചന്ദനം തേച്ചുപിടിപ്പിച്ച് സുന്ദരിമാരാകുമ്പോൾ ഓർമ്മകൾക്ക്  ഉത്സവം. തേനുണ്ണാൻ ഹുങ്കാരം പുറപ്പെടുവിച്ചുകൊണ്ടു കറുത്ത വണ്ടുകൾ ചുറ്റിലുമുണ്ട്. എല്ലാവരും സുഖം തേടിയുള്ള പ്രയാണം. മനസ്സിനെ പഞ്ചാമൃതം കുടിപ്പിക്കുന്ന ഓർമ്മകളിൽ മുങ്ങി തപ്പുക. കണ്മുന്നിൽ കമനീയദൃശ്യങ്ങൾ ഒരുക്കിവച്ചിരിക്കുന്ന കലാകാരൻ അദൃശ്യനാണ് ഇലകളെ കാണാത്തവിധം നിറയെ പൂക്കൾ വഹിച്ചുനിൽക്കുന്ന ഉയരംകുറഞ്ഞ മരം, പൂ പോലെ ഇലകളുള്ള മരം, പൂക്കളുടെ സുഗന്ധം, സുതാര്യസുന്ദരമായ പ്രകാശം എല്ലാറ്റിന്റേയും   മനോഹാരിത വർധിപ്പിക്കുന്നു. ബഷീറിനെപോലെ ഈ വെളിച്ചത്തിനു എന്ത് വെളിച്ചം എന്ന് വിളിച്ചു കൂവാൻ അയാൾക്ക് തോന്നുന്നു. 

ഹോർട്ടികൾച്ചറിസ്റ് (പൂന്തോട്ടം ഉണ്ടാക്കുന്നവർ) വെട്ടി വെടിപ്പായി വച്ചിട്ടുള്ള പുൽത്തകിടിക്ക് അരികു പാകിക്കൊണ്ടു പൂക്കളും പച്ചക്കറികളും നിരന്നു നിന്ന് ഇത്തിരി മണ്ണിനു ഒത്തിരി സൗന്ദര്യം നൽകി. പൂക്കളുടെ മണവും നിറവും തേനീച്ചകളെ ആകർഷിക്കുന്നു. ഏഴു കുതിരകളെ പൂട്ടിയ രഥത്തിൽ സൂര്യൻ ആകാശത്തുകൂടെ സഞ്ചാരം ആരംഭിച്ചിട്ടേയുള്ളു. അതുകൊണ്ട് സൂര്യരസ്മികൾക്ക് ഇപ്പോൾ  ഇളം ചൂടാണ്. "പരിചിതമേതോ ഗാനം പാടി അവക്കരികിൽ നിൽക്കുമ്പോൾ" എന്ത് സുഖമാണ്. ചല പക്ഷികൾ ഉണങ്ങിയ ഇലകളും ചെറിയ കമ്പുകളും കൊക്കിൽ കൊത്തിയെടുത്ത് പറന്നുപോകുന്നുണ്ട്. വസന്തകാല മധുവിധു കഴിഞ്ഞു ഇനി അവർ കുഞ്ഞുങ്ങൾക്കായി കൂട് ഒരുക്കാൻ തയ്യാറാകുന്നു. പ്രകൃതി എപ്പോഴും കർമ്മനിരതയാണ്.  അനുഗ്രഹതീരായ എഴുത്തുകാർ അവരുടെ ഏകാന്തതയിൽ കണ്ണിൽപ്പെട്ട സുന്ദരദൃശ്യങ്ങൾ വർണ്ണിച്ചപ്പോൾ അവയെല്ലാം മനോഹരമായ രചനകളായി നമുക്ക് ആനന്ദം പകർന്നു. ശുഭ്രമേഘങ്ങൾ നീന്തിക്കളിക്കുന്ന തെളിഞ്ഞ മാനം നോക്കിയിരിക്കുമ്പോൾ എന്റെ മനസ്സിലേക്ക് ഒരു ഗാനസകലം ഓടി വരുന്നു. "മണിമുകിലെ മണിമുകിലെ മാനം മീതെ ഇതാരുടെ  പൊന്നിൻ തോണിയിലേറി  പോണു"..മണിമുകിലിന്റെ മറുപടി.."കാറ്റിന്റെ കളിയോടത്തിൽ കാക്കപ്പൊന്നിനു പോണു.". 

പഞ്ഞികെട്ടുകൾപോലെയുള്ള മേഘങ്ങൾ കണ്ടാൽ മുത്തശ്ശി പറയാൻ സാധ്യതയുള്ള ഒരു കാര്യം ഓർത്തു. അത് കവിതയൊന്നുമല്ല. എന്ത് നല്ല പഞ്ഞി നമുക്ക് ഒരു കോസടി ഉണ്ടാക്കാം. ആകാശത്തിൽ മേഘകൂമ്പാരങ്ങൾ അലക്ഷ്യമായി സഞ്ചരിക്കുമ്പോൾ വിശുദ്ധ ബൈബിളിലെ മത്തായിയുടെ സുവിശേഷം ഓർത്തു. (മത്തായി  17: 5) അവൻ പറയുമ്പോൾ തന്നെ പ്രകാശമുള്ള ഒരു മേഘം അവരുടെ മേൽ നിഴലിടും. മേഘത്തിന്റെ നിഴലിൽ മികച്ച ആത്മീയരഹസ്യങ്ങളെക്കുറിച്ച് ഒരാൾക്ക് പഠിക്കാനാകും, നിഴലിക്കുന്ന മേഘം പോലെ, പരിശുദ്ധാത്മാവ് നിങ്ങളിൽ നിഴലിക്കുകയും ദിവ്യരഹസ്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നു എന്ന വചനം കേൾക്കുന്നപോലെ. മേഘങ്ങളും പകൽവെളിച്ചവും ഒരു നവോന്മേഷം പകർന്നു  തരുന്നു. 

പച്ചക്കറികൾ ചുറ്റും വളരുന്നതുകൊണ്ട് ഒരു സൗമ്യശീതളഛായ അവ വിരിക്കുന്നുണ്ട്. അപ്പോഴാണ് മേഘനിഴലുകൾ. പ്രകൃതിയും വിശ്വാസസ്നാനമേറ്റപോലെ പരിശുദ്ധയായി മുന്നിൽ. ഗരാജിന്റെ മുകളിൽ ഒരു കൂട്ടം പ്രാവുകൾ അപ്പോൾ  പറന്നെത്തി. സമാധാനത്തിന്റെ സന്ദേശവാഹകാർ ചുറ്റിലും നോക്കുന്നുണ്ട്. ഒരു മരച്ചുവട്ടിൽ പണ്ടത്തെ ഒരു സുൽത്താനെപ്പോലെ പേനയും കടലാസുമായി ഒരാൾ ഇരിക്കുന്നു. അയാളുടെ രാശിചക്രപ്രകാരം അവർ അയാളുടെ തോളിൽ വന്നിരുന്നു കൂട് കൂട്ടേണ്ടതാണ്. ജീവിതകാലം മുഴുവൻ ഒരു ഇണയെ മാത്രം കൂടെകൂട്ടുന്ന മര്യാദക്കാരായ പ്രാവുകൾക്ക് കൃഷ്ണാഅംശം ഉള്ള ഒരാളെ. തൊടാൻ ഒരു ശങ്ക. അവ അനുരാഗലോലരായി കുറുകിക്കൊണ്ടിരുന്നു. പ്രണയം ഒരാളോട് മാത്രമെന്ന് അവർ മന്ത്രിക്കുന്നു. അത്  ബോറടിയാകില്ലേ എന്ന് ചിന്തിക്കുമ്പോൾ യമുന തീരത്ത് രാധയെ കാത്തിരിക്കുന്ന കണ്ണൻ കണ്ണടച്ചു കാണിക്കുന്നു. 

പെറ്റുകളെക്കാൾ (വളർത്തുമൃഗങ്ങൾ) കുട്ടികൾക്ക് പൂക്കളോടും മരങ്ങളോടുമായിരുന്നു ഇഷ്ടം. വീടിന്റെ പുറകുവശത്തെ അമ്മയുടെ അടുക്കളകൃഷിത്തോട്ടവും, അലങ്കാര വൃക്ഷങ്ങളും അവർക്ക് പ്രചോദനം നൽകി. അഞ്ചു വർഷം  കൊണ്ട് ഫലമുണ്ടാകുന്ന ബ്ലൂ ബെറി ചെടിയാണ്  നട്ടു വളർത്താൻ കുട്ടികൾ  ആഗ്രഹിച്ചത്.അതുപ്രകാരം രണ്ടു തൈകൾ നട്ടു. അവരുടെ പേരുകൾ ചെടികൾക്ക് നൽകി. ചെടികളുടെ പേരിടൽ  ആഘോഷിക്കാൻ അമ്മയെക്കൊണ്ട് പായസം വയ്പ്പിച്ചു. കുഞ്ഞിവായിൽ മധുരം ഒലിപ്പിച്ചു അവർ ഓടിനടക്കുമ്പോൾ അവരെ അത്ഭുതപെടുത്തികൊണ്ട് ഒരു അണ്ണാൻ അവരുടെ പുറകെ ഓടി. അവർ നിന്നപ്പോൾ അവനും നിന്നു. വീണ്ടും ഓടുമ്പോൾ അതും ഓടും.ഇന്ത്യക്കാരുടെ പാദസരത്തെപ്പറ്റി വിവരമില്ലാത്ത ഒരു അമേരിക്കൻ അണ്ണാൻ. പദസരങ്ങളുടെ കിലുക്കം അവനു കൗതുകം നൽകുന്നു. കാറ്റിലിളകുന്ന മരച്ചില്ലകളുടെ നിഴലുകൾ പുൽത്തകിടിയിൽ ഇളകുന്നതുകൊണ്ട് അണ്ണാൻ അങ്ങോട്ട് ഓടി. എന്തോ ഇരയെ കൊത്തികൊണ്ടിരുന്ന ഒരു കിളി അത് കണ്ടു ഭയപ്പെട്ടു പറന്നു പോയി. വർഷങ്ങൾക്ക് മുമ്പ് അരങ്ങേറിയ ആ രംഗം ഇപ്പോൾ ഓർമയിൽ വരുന്നു. പറന്നുപൊങ്ങി മരച്ചില്ലയിൽ ഇരിക്കുന്ന കിളിയെ നോക്കി കുട്ടികൾ ചോദിച്ചു "നമുക്കും ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ". ഉണ്ടല്ലോ ഭാവനയുടെ ചിറകുകൾ എന്ന് ഇപ്പോൾ പറഞ്ഞാൽ അവർക്ക് മനസ്സിലാകും. പറക്കാം നമുക്ക് ഭാവനയുടെ ചിറകിലൂടെ.!
ശുഭം 

Join WhatsApp News
ജോസഫ് എബ്രഹാം 2023-08-01 10:24:49
ഋതു ഭേദങ്ങൾക്കു കടന്നു വരാൻ തക്കം ഭൂമിയുടെ അച്ചുതണ്ടിനു ചെരിവ് നൽകിയത് ആര് ? ശാസ്ത്രവും സൗന്ദര്യവും പ്രണയവും വാൽത്സല്യവും ഒക്കെ ചേർന്ന മനോഹരമായ വാക്കുകൾ .
American Mollakka 2023-08-02 00:02:23
മൂന്നു ബീവിമാരുള്ള ഞമ്മക്ക് കോഗ്നിറ്റീവ് പവറിനു കുറവില്ല. കിളിച്ചുണ്ടൻ മാവിന്റെ ചുവട്ടിൽ നിൽക്കുന്ന' മൊഞ്ചത്തികളെ ഞമ്മളും കണ്ടിരിക്കുന്നു പക്ഷെ പാട്ടൊന്നും വന്നില്ല. കിളിച്ചുണ്ടൻ മാമ്പഴമേ കിളി കൊത്താ തേൻ പഴമെ.. അത് കൊള്ളാം.പക്ഷെ കിളിന്റെ കൊത്ത് കിട്ടാതെ മാമ്പഴം കാത്തു സൂക്ഷിക്കണം ഞമ്മള് ബേഗം ബായിച്ചോ എന്തോ ബേനൽ ദിബസം കയിഞ്ഞത്‌ അറിഞ്ഞില്ല.അപ്പൊ അസ്സാലാമു അലൈക്കും
Abdul Punnayurkulam 2023-08-02 10:58:55
Romantic thoughts and writing will help to stay young and restless.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക