Image

സ്വന്തം ഭാര്യയുടെ കല്യാണം കണ്ട  ഭർത്താവിന്റെ കഥ (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 04 August, 2023
സ്വന്തം ഭാര്യയുടെ കല്യാണം കണ്ട  ഭർത്താവിന്റെ കഥ (ശ്രീകുമാർ ഉണ്ണിത്താൻ)

ഇന്ന് ആതിരയുടെ രണ്ടാമത്തെ വിവാഹമാണ് . ഒരാഴ്ച മുൻപ് കല്യാണത്തിന് എന്നെ ക്ഷണിക്കാൻ അവർ രണ്ടുപേരും ഒരുമിച്ചാണ് ഇവിടെ  വന്നതും , ക്ഷണിച്ചതും. അതുകൊണ്ടുതന്നെ  എങ്ങനെ പോകാതിരിക്കും.   കല്യാണത്തിന് പോകുവാൻ അവധി എടുക്കുകയും ചെയ്തു. പക്ഷേ മനസ്സിന്  എന്തോ  ഒരു  താല്പര്യം ഇല്ല. എന്നും തോറ്റിട്ടേ ഉള്ളു. തോല്പിച്ചവർ ഒക്കെ സ്നേഹിച്ചവർ ആയിരുന്നതുകൊണ്ട് തോൽക്കാനേ കഴിഞ്ഞുള്ളു. അത് പോകട്ടെ ഇനിയും പറഞ്ഞിട്ട് കാര്യമില്ല ...

ഈ ആതിര ആരെന്ന് അറിയേണ്ടേ.  ഞാൻ ആശിച്ചു താലിചാർത്തിയ  എന്റെ ഭാര്യ. ഒരു തവണ അവളുടെ കഴുത്തിൽ താലി അണിയിച്ച ബന്ധം. അതും വേർപെടുത്തി.  ഇന്നവൾ എനിക്കാരുമല്ല. എന്നാലും അവളുടെ  കല്യാണം  എന്ന് ഓർക്കുബോൾ  ഉള്ളിലൊരു നീറ്റൽ . സ്നേഹിച്ച പെണ്ണിനെ മറ്റൊരുവൻ   സ്വന്തമാക്കുബോൾ ഉണ്ടാകുന്ന  ഒരു മനസികാവസ്ഥ.  പക്ഷേ  ഇപ്പോഴും അവളെ കാണുവാൻ  എന്റെ മനസ്സ്  ഒത്തിരി ഇഷ്‌ടപ്പെടുന്നതുപോലെ. ഇത്രമാത്രം എന്റെ മനസ്സു വേദനിക്കണമെങ്കിൽ എത്രമാത്രം ഞാൻ അവളെ സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കാം . മുഹൂർത്തത്തിന് സമയമാകുന്നു. ഒത്തിരി പറയുവാൻ സമയമില്ല. അവൻ പതിയെ  കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങി .

ഒരു അമ്പലത്തിന്റെ   മുറ്റത്ത് അധികം അലങ്കാരമില്ലാത്ത ഒരു പന്തൽ. ഞാൻ കാർ പാർക്ക്  ചെയ്ത് ആ  പന്തലിലേക്ക് കടന്ന് ചെന്നു. അവിടെ കൂടിയവർ ഭൂരിഭാഗം പേരും എന്നെ ആശ്ചര്യത്തോടെയാണ് നോക്കുന്നത് . എന്തോ വിചിത്ര ജീവിയെ നോക്കുന്നത് പോലെ ... ആദ്യ ഭാര്യയുടെ വിവാഹത്തിന് വന്ന ഭർത്താവ് . എന്തൊരു കാഴ്ചയാണ് അല്ലെ . ചിലർ   ചിരിക്കുന്നുണ്ട് ..  ആരുടെ മുഖത്തേക്കും  നോക്കുവാൻ ധൈര്യം വന്നില്ല. വധുവരൻമ്മാർക്ക് നേർക്ക് നടന്നു.  എല്ലാ ആശംസകളും നൽകി ഞാൻ തിരികെ നടന്നു .  അവരെയും ഞാൻ ശരിക്കും കണ്ടില്ല. കണ്ടു എന്ന് വരുത്തി  മടങ്ങി.

തിരികെ നടക്കുബോൾ കാലുകൾ വിറക്കുന്നുണ്ടായിരുന്നു ,  കണ്ണ് നിറഞ്ഞു. ഒന്നും കാണാൻ വയ്യാത്ത അവസ്ഥ. എങ്ങനെയോ തപ്പി തടഞ്ഞു  കാറിലേക്ക് എത്തി അകത്തുണ്ടായിരുന്ന ടിഷ്യു പേപ്പർ എടുത്ത് കണ്ണ് തുടക്കുമ്പോൾ  ഹൃദയം ചെണ്ടയടിക്കുവാൻ തുടങ്ങി  ഒരിറ്റ് വെള്ളത്തിനായി ദാഹിക്കുന്നപോലെ .എന്റെ ഈ നഷ്ടത്തിന്  ഞാൻ തന്നെ   കാരണക്കാരൻ. എന്തോ പോകേണ്ടിയിരുന്നില്ല  എന്ന് അവന് തോന്നി.

ഇനി ഞാൻ എന്റെ കഥയിലേക്ക് വരാം,  ഞാൻ അനിൽ

ഞാനും  ആതിരയും  സ്നേഹിതർ  ആയിരുന്നു. രണ്ടു പേരും പ്രണയിച്ചു പ്രണയിച്ചു  വിവിഹിതരാവാൻ തിരുമാനിച്ചവർ  . പക്ഷേ  വിവിഹത്തിന്  ശേഷം  ആ  പ്രണയം  അതേപടി കാത്തുസൂക്ഷിക്കാൻ ഞങ്ങൾക്ക്ആയില്ല .  സ്വരച്ചേർച്ചകൾ പതിവായി.  വഴക്കുകൾ നിത്യസംഭവം ആയി. സഹികെട്ട്  ആതിര അവനോടായി പറഞ്ഞു.  സഹിക്കാൻ കഴിയുന്ന അത്രേം ഞാൻ സഹിച്ചു ഇനിയും വയ്യ.  നിങ്ങളുടെ ആഗ്രഹം പോലൊരു ഭാര്യ ആവാൻ ഞാൻ ഒത്തിരി ശ്രമിച്ചിട്ടുണ്ട് എനിക്കതിന് കഴിയില്ല. അതുപോലെ എനിക്ക് ആഗ്രഹിക്കുന്നത് പോലെ  ഒരു ഭർത്താവ് ആകുവാൻ നിങ്ങൾക്കും കഴിയില്ല  എന്നുറപ്പുള്ളത് കൊണ്ട്  ഞാൻ  പറയുകയാണ്  നമുക്ക്  വിവാഹമോചനം നേടാം.   എന്നിട്ട്  നമുക്ക്  നല്ല  ഫ്രണ്ട്‌സ് ആയി ജീവിക്കാം.

രണ്ടുപേരും അത്  മനസില്ലാ മനസോടെ  അംഗീകരിച്ചു.  പക്ഷേ രണ്ടുപേരും  മനസ്സിൽ വിചാരിച്ചതു പരസ്പരം  സമ്മതിക്കില്ല  എന്നതായിരുന്നു .   ഞാൻ എന്ന ഭാവം  അല്ലെങ്കിൽ അമിതമായുള്ള ഈഗോ,   രണ്ടുപേരും
പരസ്പ്പരം  തോറ്റു കൊടുക്കാൻ കഴിയില്ലന്നുള്ള വാശിയിൽ അവർ  വിവാഹമോചനത്തിന്  നോട്ടീസ് കൊടുത്തു . അവർക്കിടയിൽ  പ്രശ്നങ്ങൾ ഒത്തിരി ഉണ്ടെങ്കിലും  പറഞ്ഞു തീർക്കാൻ കഴിയാത്ത പ്രശ്നങ്ങൾ  ഒന്നും തന്നെ ഇല്ലായിരുന്നു.

ആതിരയുടെ പരാതി അവളുടെ  സ്വപ്നങ്ങളും ഇഷ്ടങ്ങളും മോഹങ്ങളും  ഒരിക്കൽ പോലും കണ്ടറിയാനോ ചോദിച്ചറിയാനോ അനിൽ  ശ്രമിച്ചിട്ടില്ല എന്നതാണ് .  പലപ്പോഴും  കുറ്റപ്പെടുത്തലും വഴക്കും മാത്രമേ  കിട്ടാറുള്ളു.  ഭാര്യ എന്നപേരിൽ ആവശ്യങ്ങൾ മുറക്ക് നടക്കാൻ കൂലി ഇല്ലാത്ത ഒരു വേലക്കാരി.  അതിനപ്പുറം  അനിൽ അവളെ കണ്ടിരുന്നില്ല  എന്നാണ്  അവൾ  ധരിച്ചത്.അങ്ങനെ  അവനോടുള്ള  പ്രണയം കുറഞ്ഞു, അവർ മാനസ്സികമായി വളരെ അകലങ്ങളിൽ  ആയി.

അവൾക്ക് ഈ  ലോകത്തിൽ എല്ലാ ഭാര്യമാരെയും പോലെ  തന്റെ ഭർത്താവിന്റെ കൂടെ അവരുടേതായ ലോകത്ത് ജീവിക്കാൻ കൊതിയുള്ള ഒരു സ്ത്രിയായിരുന്നു. ഏത്  സ്ത്രിയുടെയും സ്വപ്നമാണത്. പക്ഷേ  അനിൽ  സ്നേഹം പുറത്തുകാണിക്കാത്ത  വ്യക്തിയായിരുന്നു  .അവൾ സാധാരണ ഭാര്യമാരെ പോലെ   എല്ലാം സഹിച്ചും ക്ഷമിച്ചും കഴിയുകയായിരുന്നു . മിക്ക ദിവസങ്ങളിലും അവളുടെ ദേഷ്യം തീർത്തിരുന്നത് അടുക്കളയിലെ പാത്രങ്ങളോട് മാത്രമായിരുന്നു.  അയാൾ അതിനും അവളെ ശകാരിക്കുമായിരുന്നു.

ഇപ്പോൾ അനിൽ  ഓർക്കുകയാണ് , എനിക്ക്  എപ്പോഴും എന്റെ  ഇഷ്ടങ്ങളും  എന്റെ  സ്വപ്നങ്ങളും മാത്രമായിരുന്നു പ്രധാനം .  അത് മാത്രമേ ഞാൻ നോക്കിയിരുന്നൊള്ളു . ഞാനും എന്റെ കൂട്ടുകാരും ഞങ്ങളുടെ സന്തോഷങ്ങൾ മാത്രം ചിന്തിച്ചിരുന്ന ഒരു ലോകം. ഭാര്യ എന്ന ഒരു പരിഗണന പോലും ഞാൻ അവൾക്ക് നൽകിയിരുന്നില്ല. ഞങ്ങളുടെ വീടിന്റെ നാല് ചുമരുകൾക്ക് ഉള്ളിൽ അവളുടെ ജീവിതം ഒതുങ്ങി കുടി .  പക്ഷേ അതൊന്നും മനസിലാക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല, അല്ലെങ്കിൽ ഞാൻ അതിനു ശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം. അവൾ പോയിക്കഴിഞ്ഞപ്പോൾ മാത്രമാണ് ഞാൻ എത്രമാത്രം അവളെ ആശ്രയിച്ചിരുന്നു  എന്ന് മനസിലാക്കിയത്. അന്ന് ഞാൻ ഒന്ന് തോറ്റുകൊടുത്തിരുനെങ്കിൽ ഇന്ന് ഞാൻ ഇത്രത്തോളം വിഷമിക്കേണ്ടി വരില്ലായിരുന്നു. എല്ലാം എന്റെ ഈഗോയാണ് വരുത്തിവച്ചത് .

ഇന്ന്  ഞാൻ ഒത്തിരി മാറി. ആ പഴയ വാശിയും ദേഷ്യവും ഒന്നും ഇല്ല.  തോൽക്കാൻ മനസ്സില്ലാത്ത ആ പഴയ അനിൽ അല്ല   ഞാൻ ഇപ്പോൾ. എല്ലാം മാറിയിരിക്കുന്നു . മാറാൻ ഒത്തിരി വൈകിയെന്ന് മാത്രം . കുടെയുള്ളതിന്റെ വില അറിയണമെങ്കിൽ അതൊന്ന് നഷ്‌ടപ്പെടണം. ഒരു പക്ഷേ തിരിച്ചുകിട്ടില്ല എന്നറിയുബോൾ മാത്രമായിരിക്കും  എത്ര വിലപ്പെട്ടതാണ് നമ്മുക്ക് നഷ്‌ടമായത്‌ എന്ന് മനസ്സിലാവുന്നത്.

ബന്ധങ്ങളിൽ പ്രകടമായ സ്നേഹത്തിന്റെ ആവശ്യകത ഏറെ പ്രാധാന്യമർഹിക്കുന്നു. അത് തികച്ചും അനിവാര്യമാണ്. സന്ദർഭവും സാഹചര്യവും അനുസരിച്ച് സ്നേഹം പ്രകടമാക്കാൻ തയ്യാറാവണം. സ്നേഹം മനസ്സിലുണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല. അത് പ്രകടിപ്പിച്ചെങ്കിൽ മാത്രമേ മറ്റുള്ളവക്ക്  മനസിലാവുകയുള്ളു . അനിൽ ഓർക്കുന്നു, ഇഷ്ടമുള്ളതെന്തും കയ്യിൽ കിട്ടിയാൽ പിന്നെ എന്റേതാണല്ലോ, അല്ലെങ്കിൽ എന്റെ കൂടെ ഉണ്ടല്ലോ എന്ന ചിന്ത, ആ വ്യക്തിയോടുള്ള സ്നേഹത്തെ ഉള്ളിലേക്ക് ചുരുക്കുന്നു. അല്ലെങ്കിൽ ഉള്ളിലേക്ക് ചുരുങ്ങുന്നു.  അങ്ങനെ നാം സ്നേഹം പ്രകടിപ്പിക്കാൻ പിശുക്ക് കാണിക്കുന്നു . സ്നേഹം പ്രകടിപ്പിച്ചില്ലെങ്കിൽ നമ്മുടെ സ്നേഹം ആർക്കും മനസിലാവില്ല,

കണ്ണാടിയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ അലങ്കരിച്ച ഒരു കാർ എന്റെ മുന്നിലൂടെ കടന്നു പോയി . ഒരുപാട് സ്വപ്നങ്ങൾ ഉള്ള രണ്ടുപേരുടെ  സ്വപ്നങ്ങളിലേക്ക് ഉള്ള  യാത്രയുടെ    കാറാണ്  പോകുന്നത്.
വർഷങ്ങൾക്ക് മുൻപ് ഇതുപോലെ ഒരു  കാറിൽ ഞാൻ എന്റെ സ്വപ്നങ്ങളുമായി സഞ്ചരിച്ചതാണ്. എല്ലാ കല്യാണ വണ്ടികളിലും  നിറയുന്നത് രണ്ടുപേരുടെ സ്വപ്നങ്ങളാണ്. രണ്ടു പേരുടെ ഇഷ്ടങ്ങളാണ് .
ആ ഇഷ്‌ടങ്ങളെ താലോലിക്കാൻ  വൈകി തിരിച്ചറിഞ്ഞവരിൽ ഒരാൾ ഞാൻ, അനിൽ ഓർത്തുപോയി  .

നിങ്ങളുടെ  സ്നേഹത്തോടെയുള്ള നോട്ടത്തിനുവേണ്ടി, സ്നേഹം നിറഞ്ഞ പുഞ്ചിരിക്കുവേണ്ടി, വാത്സല്യം നിറഞ്ഞ ചേർത്തുപിടിക്കലുകൾക്കുവേണ്ടി, ആ സ്വരം കേൾക്കുന്നതിനുവേണ്ടി അല്ലെങ്കിൽ ഒന്ന് സംസാരിക്കാൻ വേണ്ടി മാത്രം കാത്തിരിക്കുന്നവരുണ്ടാവാം നിങ്ങളുടെ വീട്ടിലും സമൂഹത്തിലും. .പലപ്പോഴും അത് മനസിലാക്കാൻ ആരും ശ്രമിക്കാറില്ല. എല്ലാവർക്കും വേണ്ടത് പ്രിയപ്പെട്ടവരോടൊത്തുള്ള അല്പം സമയമാണ്.  പിന്നീടത് നൽകാമെന്ന് വിചാരിച്ചാൽ നടന്നെന്ന് വരില്ല.  തിരിഞ്ഞുനോക്കുമ്പോൾ ഒതുക്കിവെച്ച സ്നേഹം മുഴുവൻ ഒരു സങ്കടമായി അവശേഷിക്കരുത്.....  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക