Image

ക്ളീൻ ആലുവ: ജനങ്ങൾ നിയമം കൈയ്യിൽ എടുക്കുമ്പോൾ (ജെ എസ് അടൂർ)

Published on 05 August, 2023
ക്ളീൻ ആലുവ: ജനങ്ങൾ നിയമം കൈയ്യിൽ എടുക്കുമ്പോൾ (ജെ എസ് അടൂർ)

പലപ്പോഴും സർക്കാർ പരാജയപ്പെടുമ്പോഴും സംവിധാനം പരാജയപ്പെടുമ്പോഴും ജനങ്ങൾ നിയമം കൈയ്യിലെടുക്കും. ഇതു പല രാജ്യങ്ങളിലും കണ്ടിട്ടുണ്ട്.
കഴിഞ്ഞ ചില മാസങ്ങൾക്ക് മുമ്പ് ദാക്ക നഗരത്തിൽപോയപ്പോൾ ഇതു നേരിൽ കണ്ടതാണ്. പഴയ ധാക്കയിൽ ഒരൊറ്റ ട്രാഫിക് സിഗ്നൽ പ്രവർത്തിക്കുന്നില്ല. ആയിരകണക്കിന് സൈക്കിൾ റിക്ഷകൾ പത്തു കിലോമീറ്റർ തണ്ടാൻ രണ്ടു മണിക്കൂർ. ട്രാഫിക് പോലീസിനെ കാണാൻ ഇല്ല. പലപ്പോഴും സാധാരണ ജനങ്ങൾ ഇറങ്ങിയാണ് ഗതാഗതകുരുക്ക് അഴിക്കുന്നത്.
അത് ഒരു ചെറിയ സാമ്പിൾ. ഞാൻ മിസോറാമിൽ മമ്മിത് എന്ന ഗ്രാമത്തിൽ ഗവേഷണത്തിനായി ജീവിച്ചപ്പോൾ അവിടെ പോലീസ് ഒന്നും ഇല്ലാത്തതിനാൽ കാര്യങ്ങൾ നിയന്ത്രിച്ചത് യങ് മിസോ അസോസിയേഷൻ. അവർ ശിക്ഷ വിധിക്കും. ചൂരൽ അടി കൊടുക്കും. മരത്തിൽ കെട്ടിയിടും.
ഇപ്പോൾ കേരളത്തിൽ ആലുവയിൽ ക്ളീൻ ആലുവ എന്ന പേരിൽ നടക്കുന്നത് കണ്ടപ്പോൾ പോലീസും നിയമ സംവിധാനവും പരാജയപെട്ട ഇടങ്ങളിലെ അവസ്ഥയാണ് കണ്ടത്. കൈയ്യിൽ വടിയുമായി വീട്ടമ്മമാരും ഇറങ്ങി ഇതര സംസ്ഥാന തൊഴിലാളികളെ ടാർഗറ്റ് ചെയ്യുന്നു.
താഴെ കമന്റിൽ ലിങ്ക് കൊടുത്തിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ പലർക്കും ഇതു നല്ലതാണ് എന്ന് തോന്നും. പക്ഷെ വളരെ അപകടകരമായ ടെൻഡൻസി ആണിത്. ഒരു പിഞ്ചു കുട്ടിയെ ലൈംഗീകഅതിക്രമം ചെയത്‌ കൊന്ന ഒരാൾ അന്യ സംസ്ഥാന തൊഴിലാളിയായത് കൊണ്ട് അവരെ മൊത്തം മുൻവിധിയോടെ ടാർഗറ്റ് ചെയ്യുന്ന സാമൂഹിക മനസ്‌ഥിതി അപകടമാണ്.
1. ആൾക്കൂട്ട മനസ്ഥിതിയിൽ ഏതെങ്കിലും ഒരു സമൂഹത്തെ അന്യവൽക്കരിച്ചും അപരവൽക്കരിച്ചും ടാർഗറ്റ് ചെയ്‌യുന്നത് അപകടം. ആ മനസ്തിതിയാണ് 1967-70 ൽ ബോംബയിൽ മലയാളി തൊഴിലാളികൾ നേരിട്ടത്. അതിന്റ വേറൊരു ഭീകര രൂപമാണ് 1984 ൽ ഡൽഹിയിലും 2002 ൽ അഹമദ്ബാദിലും ഇപ്പോൾ മണിപ്പൂരിലും കാണുന്നത്. അത് എല്ലാം ഇങ്ങനെ ചെറുതായി തുടങ്ങിയതാണ്. പിന്നെ വെറുപ്പായി. ഓരോറ്റ ട്രിഗർ മതി പിന്നെ വയലൻസ് ഉണ്ടാകാൻ
2. കേരളത്തിൽ ഇപ്പോഴും ഭാവിക്കും ഏറ്റവും അപകടം മയക്കു മരുന്നാണ്. അത് കൂടി കൂടി സാമൂഹിക വിപത്താകുന്ന അവസ്ഥയിലാണ്. സർക്കാർ സംവിധാനങ്ങൾ ഇതു നിയന്ത്രിക്കാനും തടയാനും പരാജയപേടുമ്പോൾ ആളുകൾ റോഡിൽ ഇറങ്ങി നിയമം കൈയ്യിൽ എടുക്കും.
സർക്കാർ ഇഷ്ട്ടം പോലെ മദ്യശാലകൾ തുറക്കുന്നു. അവർ സർക്കാരിന് നികുതിയും ഭരണപാർട്ടിക്ക് ഇഷ്ടം പോലെ കാശും കൊടുക്കുന്നു. എന്റെ വീടിന്റ മൂന്നു കിലോമീറ്റർ അടുത്തു കടമ്പനാട്ട് ഇപ്പോൾ ബാർ ഹോട്ടൽ ഉണ്ട്. അതിലെ വണ്ടി ഓടിച്ചു പോകുമ്പോൾ രാത്രി പലരും റോഡരൂകിൽ മദ്യപിച്ചു ലക്ക് കെട്ട് ' പാമ്പായി ' കിടക്കുന്നത് നിത്യ കാഴ്ചയാണ്. അവരിൽ ഭൂരിപക്ഷവും അന്നന്നത്തെ കൂലി മുഴുവൻ കൊണ്ട് ബാറുകളിൽ കൊടുക്കുന്നു. മദ്യ ഉപയോഗം നിയന്ത്രിക്കും എന്ന് പറഞ്ഞു അധികാരത്തിൽ കയറി നാട് മുഴുവൻ ബാർ തുറന്നത് ജനങ്ങളോടുള്ള സ്നേഹം കൊണ്ടല്ല. മദ്യത്തിന് വിലകൂടിയപ്പോൾ ചെറുപ്പക്കാർ കഞ്ചാവിലേക്ക് തിരിഞ്ഞു. പിന്നെ അതിൽ വീര്യം കൂടിയ മയക്കു മരുന്നിലേക്ക്.
ഇതൊക്കെ അന്യ സംസ്ഥാന തൊഴിലാളികൾ വന്നത് കൊണ്ടല്ല. മുപ്പത് വർഷം ബംഗാൾ ഭരിച്ചിട്ടു അവിടെ പട്ടിണി കൊണ്ട് നട്ടം തിരിയുന്നവരാണ് കേരളത്തിൽ കൂലി വേലക്കു വരുന്നത്
ഇവിടെ ഒന്നും നടക്കുന്നില്ല എന്ന് തോന്നുന്നമ്പോഴാണ് വീട്ടമ്മമാർ ചൂരലുംമായി അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ പോകുന്നത്
കേരളം നമ്പർ വൺ ആണെന്ന് ആവർത്തിച്ചു വിളിച്ചു പറഞ്ഞാലും ചെറുപ്പക്കാർ മുഴുവൻ വിദ്യാഭ്യാസത്തിനും തൊഴിലുനുമായി നാട് വിടുന്നത് ഇവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടുക എന്ന സാമൂഹിക മനസ്‌ഥിതി വളരുന്നത് കൊണ്ടാണ്. കേരളത്തിൽ അധികാരവും അധികാര പാർട്ടിക്കും അപ്പുറത്തുള്ളവർക്ക് ഇവിടെ രക്ഷ ഇല്ലന്ന തോന്നലാണ്
https://www.facebook.com/watch/?v=1352704208988198&extid=CL-UNK-UNK-UNK-AN_GK0T-GK1C&mibextid=2Rb1fB&ref=sharing

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക