Image

ദുർഗയുടെ തീർത്ഥയാത്രകൾ (വിജയ് സി. എച്ച്)

Published on 08 August, 2023
ദുർഗയുടെ തീർത്ഥയാത്രകൾ (വിജയ് സി. എച്ച്)

തെന്നിന്ത്യൻ തീർത്ഥാടനങ്ങളും, കാശിയാത്രയും കുടുംബസമേതം പൂർത്തിയാക്കിയപ്പോൾ, മോക്ഷം തേടിയുള്ള തുടർസഞ്ചാരങ്ങൾ തനിച്ചാകട്ടെയെന്ന് കൊല്ലം മാടൻനട സ്വദേശിനി ദുർഗ സുപ്പി കരുതി. നാലു വയസ്സുള്ള പുത്രി ശിവയെയും, പുത്രന്മാരായ രുദ്രദേവിനെയും (9) അമൃതേഷിനെയും (14) തൻ്റെ മാതാപിതാക്കളെ ഏൽപിച്ചാണ് ഹരിദ്വാർ-ഋഷികേശ്-ഗംഗോത്രി-യമുനോത്രി-കേദാർനാഥ്-ബദരിനാഥ് യാത്രയ്ക്ക് ശിവഭക്തയായ ദുർഗ ഭവനം വിട്ടിറങ്ങിയത്.
ദുർഗയെ കേൾക്കുകയെന്നാൽ യാത്രികയോടൊപ്പം തീർത്ഥയാത്ര ചെയ്യുന്നതിനു തുല്യം...


🟥 ഹരിദ്വാർ
തനിച്ചുള്ള സഞ്ചാരങ്ങൾക്ക് ഏറ്റവും സുരക്ഷിതം ട്രെയിൻ യാത്രകളാണ്. കൊല്ലത്തു നിന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ എത്തിയതും അങ്ങനെയായിരുന്നു. ഹിമാലയ ഗർഭത്തിലേക്കുള്ള ആദ്യ പടി ഹരിദ്വാർ തീർത്ഥാടനമാണെന്ന് ഞാൻ എന്നും വിശ്വസിച്ചു. നീണ്ട യാത്രക്കൊടുവിൽ മഴയും, മഞ്ഞും ഒരുമിച്ചു പെയ്യുന്നൊരു കുളിർദിനത്തിലാണ് ഹരിദ്വാറിലെത്തിയത്. ശരീരത്തിലും മനസ്സിലും കുളിരുകോരിയിട്ടൊരു വരവേൽപ്! വിഷ്ണുപാദമായ ഹർ കി പൗരിയായിരുന്നു പ്രഥമ ലക്ഷ്യം. അൽപ സമയത്തിനുള്ളിൽ ഞാനവിടെ നടന്നെത്തി. വിശുദ്ധനഗരമായ ഹരിദ്വാറിലെ ആദരണീയ ഇടങ്ങളിലൊന്നാണിത്. ശിവനും വിഷ്ണുവും വേദകാലങ്ങളിൽ ഹർ കി പൗരിയിലെ ബ്രഹ്മകുണ്ഡം സന്ദർശിച്ചെന്നാണ് വിശ്വസം. എത്ര സുന്ദരമാണ് ഗംഗയുടെ പടിഞ്ഞാറെ കരയിലുള്ള ഈ ഘട്ട്! പന്ത്രണ്ടു വർഷത്തിലൊരിക്കൽ ലക്ഷക്കണക്കിന് തീർത്ഥാടകർ ഒത്തുചേരുന്ന കുംഭമേള ഹർ കി പൗരിയിൽ അരങ്ങേറുന്നു. പെട്ടെന്നാണ് മഹനീയമായൊരു നീരൊഴുക്ക് ദൃഷ്ടിയിൽ പതിഞ്ഞത്. ചരിത്രവും, സംസ്കാരവും, ദൈവീകതയും തന്നിലേയ്ക്ക് ആവാഹിച്ചെടുത്തുകൊണ്ടുള്ള ഗംഗാപ്രവാഹം! നിറഞ്ഞ മനസ്സോടെ ഞാൻ ആ പുണ്യം നോക്കി നിന്നു. തുടർന്നു പവിത്രമായ നദിയിലിറങ്ങി തൃപ്തിയാകും വരെ ദീർഘ നേരം സ്നാനം ചെയ്തതിനൊടുവിൽ താമസിക്കാൻ എടുത്തിരുന്ന ഹോട്ടൽ മുറിയിലേയ്ക്കു മടങ്ങി.


🟥 മാനസ ദേവി മന്ദിർ
ഗംഗയുടെ തീരത്തുള്ള ബിൽവ പർവതത്തിന് മുകളിലാണ് ശ്രീ മാതാ മാനസ ദേവി മന്ദിർ സ്ഥിതിചെയ്യുന്നത്. ഹിമാലയത്തിൻ്റെ ഏറ്റവും തെക്കുള്ള ശിവാലിക് മലനിരകളിലാണ് ബിൽവ പർവതത്തിൻ്റെ സ്ഥാനം. അതിശയിപ്പിക്കും വിധമുള്ള പ്രസന്നതയും, പ്രശാന്തതയുമാണ് ഈ ക്ഷേത്ര പരിസരത്തിൻ്റെ പ്രത്യേകത. ചുറ്റുമുള്ള കുന്നുകളുടെയും താഴ്‌വാരങ്ങളുടെയും മനോഹരമായ കാഴ്ച സഞ്ചാരിയ്ക്കു നൽകുന്നതാണ് മാനസ ദേവി മന്ദിറിലേയ്ക്കുള്ള കേബ്ൾ കാർ യാത്ര. കേബ്ൾ കാറിലിരുന്ന് കണ്ണുകളടച്ചു കയ്യിൽ എപ്പോഴുമുണ്ടാകാറുള്ള ശിവലിംഗത്തെ തൊട്ടു നമഃശിവായ ജപിച്ചപ്പോൾ, എതിർവശത്തിരുന്നിരുന്ന പ്രായംചെന്ന ഒരു ബാബ എന്നെ തട്ടി വിളിച്ചുകൊണ്ടു എൻ്റെ കൈതണ്ടയിൽ പച്ചകുത്തിയ ശിവരൂപത്തെക്കുറിച്ചു ചോദിച്ചു. തുടർന്നു അദ്ദേഹത്തിൻ്റെ കൈതണ്ടയിലെ ടാറ്റൂ എനിയ്ക്കു കാണിച്ചുതരുകയും ചെയ്തു. അൽപനേരം സംസാരിച്ചപ്പോൾ ഞങ്ങൾ തമ്മിലുള്ള അപരിചിതത്വം അകന്നു. പെട്ടെന്നാണ് അദ്ദേഹം പറഞ്ഞത്, "പിന്നോട്ടു നോക്കൂ, നിൻ്റെ മാതാവിൻ്റെ സൗന്ദര്യം കാണൂ"വെന്ന്. ഞാൻ ഉടനെ പുറകോട്ടു നോക്കി. മാതാ ഗംഗയുടെ സൗന്ദര്യം എന്നെ ശരിയ്ക്കും അത്ഭുതപ്പെടുത്തി. മാസ്മരികമായ ആ ദൃശ്യചാരുതയിൽ സ്വയം ലയിച്ചിരിയ്ക്കുന്നതിനിടയിൽ കാർ മലമുകളിലെത്തി. മാതാ ദർശനം കഴിഞ്ഞു, മടക്കയാത്രയ്ക്കു കേബ്ൾ കാറിൽ കയറിയിരുന്നു. ആരോഹണ യാത്രയിൽ ബാക്കിവച്ചിരുന്ന ഗംഗാദർശന വ്യാപ്തികളിൽ തിരിച്ചെത്തും വരെ മുഴുകിയിരുന്നു!


🟥 ഋഷികേശ്
ഇന്ത്യയുടെ ആത്മീയ തലസ്ഥാനമാണ് ഋഷികേശ്. ഹിമാലയത്തിൻ്റെ സുന്ദര താഴ്വരയായ ഡെറാഡൂണിലെ ഒരു മുനിസിപ്പൽ പട്ടണം. ഹരിദ്വാറിൽ നിന്നു ഏകദേശം 25 കി.മി ദൂരത്തിൽ ഗംഗയോടു ചേർന്നുകിടക്കുന്ന ഈ ഇടമാണ് യോഗയുടെ ജന്മസ്ഥലം. മൂന്നു ഭാഗവും മലകളാൽ ചുറ്റപ്പെട്ടു ഗംഗാ നദിയുടെ കരയിലാണിത്. കേദാർനാഥ്, ബദരിനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ പൂണ്യസ്ഥലങ്ങളിലേയ്ക്കുള്ള പ്രവേശനകവാടം കൂടിയായതിനാൽ, ഹിന്ദുമതത്തെക്കുറിച്ചുള്ള പഠനങ്ങൾക്കും ധ്യാനമിരിയ്ക്കാനും വിദേശികൾ ഉൾപ്പെടെയുള്ളവർ ഇവിടെയെത്തുന്നു. ഋഷികേശിലെ ലക്ഷ്മൻ ജൂള, രാം ജൂള എന്നീ തൂക്കുപാലങ്ങളിലേറി ഗംഗയ്ക്കു കുറുകെ സഞ്ചരിക്കുന്നത് ഒരു അനുഭൂതിയാണ്. അതിമനോഹരമാണ് പാലങ്ങളിൽ നിന്നു ഞാൻ കണ്ട ഋഷികേശ് പട്ടണത്തിൻ്റെ ദൃശ്യം! സഞ്ചാരികൾക്ക് രാം ജൂളയ്ക്കു സമീപം ഗംഗാ നദിയിലൂടെ വിനോദ ബോട്ടുയാത്രകൾ അനുവദിക്കുന്നുണ്ട്. ഗംഗയുടെ തീരത്തു, പരമാർത്ഥ് ആശ്രമത്തിനു മുന്നിൽ, വൈകീട്ടുള്ള ഗംഗാ ആരതിയിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ എന്നും പങ്കെടുക്കുന്നു. എനിയ്ക്കത് പരമമായൊരു ആത്മസംതൃപ്‌തിയായിരുന്നു. കൂടാതെ, ലക്ഷ്മൻ ജൂളയുടെ ഇരു തീരങ്ങളിലും ലഭ്യമായ പുരാതന വസ്തുക്കളും, ആകർഷകമായ ശിൽപങ്ങളും, പൂജാ സാധനങ്ങളും എത്ര കണ്ടാലും കൊണ്ടാലും മതിവരില്ല. ലക്ഷ്മൻ ജൂളയിലെ കാഴ്ചകൾ കണ്ടു എത്തിപ്പെട്ടത് കൈലാഷാനന്ദ മിഷൻ ട്രസ്റ്റ് ആശ്രമത്തിന് എതിർവശത്താണ്. കയ്യിലിരുന്ന ശിവലിംഗവുമായി ഞാൻ നേരെ ഗംഗയുടെ അരികിലേയ്ക്കു നടന്നു. സ്നാനം ചെയ്തു, ശിവലിംഗത്തിന് അഭിഷേകവും നടത്തി. അൽപ നേരത്തെ ധ്യാനവും കഴിഞ്ഞു ഹരിദ്വാറിലേയ്ക്കുള്ള മടക്കയാത്ര കോരിച്ചൊരിയുന്ന മഴയാൽ അവിസ്മരണീയമായി.


🟥 ദേവപ്രയാഗ്, ഗംഗോത്രി, യമുനോത്രി
ദേവപ്രയാഗ് എന്നതിൻ്റെ സാരം പുണ്യനദികളുടെ സംഗമമെന്നാണ്. അലഹബാദ് എന്ന ഇന്നത്തെ പട്ടണത്തിൻ്റെ യഥാർത്ഥ നാമമാണിത്. ഇവിടെ വച്ചാണ് പുണ്യനദികളായ ഭഗീരഥിയും അളകനന്ദയും ഗംഗയോട് ചേരുന്നത്. മഹാകുഭ മേള ഉള്‍പ്പടെയുള്ള നിരവധി ആഘോഷ-ആചാരങ്ങളുടെ വേദിയാണ്‌ ഈ സംഗമ സ്ഥാനം. യാത്രയിലുടനീളം, കൊടും തണുപ്പിലും, പുണ്യം നിറഞ്ഞ ആ കാഴ്ച ഒരു നോക്ക് കാണാൻ മനസ്സ് വെമ്പി. ഒടുവിൽ എൻ്റെ കണ്ണുകൾ ആദ്യമായി അതിന് സാക്ഷ്യം വഹിച്ചപ്പോൾ ആത്മാവ് അനേക ജന്മങ്ങളിൽ അതു ദർശിച്ച അനുഭൂതി അറിയിച്ചു. പരുക്ക൯ പർവതപരപ്പിലൂടെ നാഴികകൾ നടന്നാണ് ഗംഗയുടെയും യമുനയുടെയും ഉത്ഭവസ്ഥാനങ്ങളിലെത്തിയത്. ഗംഗോത്രിയിൽ നിന്നു 45 കി.മീ പടിഞ്ഞാറോട്ടു സഞ്ചരിച്ചാണ് യമുനോത്രിയിലെത്തിയത്. പ്രതികൂലമായ പ്രകൃതിയാണ് രണ്ടിടങ്ങളുടെയും പൊതുപ്രകൃതം. യാത്രാന്ത്യം, നീർച്ചാലുകളായി ഒഴുകിയെത്തുന്ന കൊച്ചു പുണ്യനദികൾ കണ്ണിൽ നിറഞ്ഞപ്പോൾ, ആനന്ദത്തിൽ തിങ്ങിവിങ്ങിയത് എൻ്റെ ഉള്ളാണ്.


🟥 കേദാർനാഥ്‌
ഉത്തരാഖണ്ഡിലെ ചോരബാദി ഹിമാനിക്കടുത്തുകൂടെ ഒഴുകുന്ന മന്ദാകിനി നദിയുടെ തീരത്തോടു ചേർന്നാണ് നിഗൂഢതകൾ നിറഞ്ഞ കേദാർനാഥ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 2013-ൽ, ക്ഷേത്രത്തിൻ്റെ ആറു കിലോമീറ്റർ വടക്കുള്ള കേദാർനാഥ്‌ പർവതത്തിലെ ഹിമപ്പരപ്പ് ഉരുകിയൊലിച്ചു കേദാർനാഥ് പട്ടണം മുഴുവൻ പ്രളയത്തിലാണ്ടുപോയപ്പോഴും, കേടൊന്നുമില്ലാതെ നിലകൊണ്ട ഈ ചൈതന്യ സ്രോതസ്സ്‌ ശാസ്ത്രത്തിനു പോലും മഹാത്ഭുതമാണ്! ഹരിദ്വാറിൽ നിന്നു ഇരുനൂറിലേറെ കി.മീ വടക്കുകിഴക്കുമാറി ഒറ്റപ്പെട്ടുകിടക്കുന്ന ക്ഷേത്രത്തിലേയ്ക്ക് സംഘത്തോടൊപ്പമുള്ള യാത്രയാണ് സുരക്ഷിതമെങ്കിലും, എല്ലാം ശിവനിൽ അർപ്പിച്ചുകൊണ്ടുള്ള തീർത്ഥാടനങ്ങളാണ് എനിയ്ക്ക് ഏറെ പ്രിയപ്പെട്ടത്. യാത്രാമധ്യേ ഒരു വന്ദ്യ വയോധികനും, അധ്യാപികയായ പത്നിയും എന്നെ രക്ഷിച്ച അനുഭവകഥ ഇന്നുമെൻ്റെ കണ്ണുകളെ ഈറനണിയിക്കാറുണ്ട്. ശങ്കരാചാര്യർ പുനർനിർമ്മിച്ച, കർണാടകയിലെ പുരോഹിത സംഘം പൂജയും ആചാരങ്ങളും നടത്തിവരുന്ന, ഒരു മഹാക്ഷേത്രം മലയാളികൾക്ക് അന്യമാകുന്നതെങ്ങനെ! മഹാദേവനെ സ്മരിച്ചുകൊണ്ടു കേദാറിലേയ്ക്കു ഞാൻ നടത്തിയ ഏകാഗ്രമായ തീർഥയാത്രയും, ആ സന്നിധാനത്തിൽ ചെയ്ത സാഷ്ടാംഗപ്രണാമവും കാലമെത്ര കഴിഞ്ഞാലും ഉള്ളിൽ നിന്ന് ഒഴിഞ്ഞുപോകില്ല.


🟥 ബദരിനാഥ്
ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം ബദരിനാഥ് ക്ഷേത്രത്തിലേയ്ക്കു യാത്ര തിരിച്ചു. വഴിയിലുണ്ട് ആകാശം മു‌ട്ടുന്ന മഞ്ഞുമലകളും അടി കാണാത്ത കൊക്കകളും. ദേവപ്രയാഗ്, രുദ്രപ്രയാഗ്, കർണപ്രയാഗ്, പിപ്പൽക്കോട്ടി, ജോഷിമഠ് മുതലായ കേന്ദ്രങ്ങൾ കടന്നുവേണം അളകനന്ദാ നദീതീരത്തുള്ള അതിപ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രത്തിലെത്താൻ. അളകനന്ദയുടെ ഒഴുക്കിൽ നിന്നു കിട്ടിയ വിഷ്ണുവിഗ്രഹം പ്രതിഷ്ഠിക്കപ്പെ‌ട്ട ദേവാലയം. സമുദ്ര നിരപ്പിൽ നിന്നു 3,300 മീറ്റർ ഉയരത്തിലുള്ള ആത്മീയ കേന്ദ്രം. കേദാർനാഥിൽ നിന്ന് പത്തമ്പതു കിലോമീറ്റർ കിഴക്ക്. പ്രകൃതിയുടെ മുഖം ഇവിടെ ഓരോ നിമിഷവും മാറിമറിഞ്ഞു വരുന്നു. മറ്റു ഇടങ്ങളെപ്പോലെ ആയിരുന്നില്ല ബദരിയിലെ തണുപ്പ്. സൂചിമുന പോലെ ശരീരത്തിൽ കുത്തിയിറങ്ങുന്ന ഒരു പ്രത്യേക ശൈത്യം! പ്രകൃതിയുടെ മായാലീലയെന്ന് ശരിയ്ക്കും ഇതിനെ വിശേഷിപ്പിക്കാം. പക്ഷെ, ബദരീശൻ്റെ ദിവ്യദർശനം മോഹിക്കാത്തവരായി ആരുണ്ടിവിടെ! ദീർഘ നേരത്തെ പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമൊടുവിൽ എൻ്റെ പ്രാണൻ്റെ പകുതിയെടുത്തു പ്രിയ അളകനന്ദയ്ക്കു കൊടുത്തിട്ടാണ് ബദരിയിൽ നിന്നു മടങ്ങിയത്. ഈ നദീതീരത്ത് ബദരീശനെ ഇനിയും കണ്ടുമുട്ടാൻ ഇടയാകട്ടെയെന്ന് ആത്മാവ് മന്ത്രിച്ചു!


                                                                    ---------------------------- 

ദുർഗയുടെ തീർത്ഥയാത്രകൾ (വിജയ് സി. എച്ച്)
ദുർഗയുടെ തീർത്ഥയാത്രകൾ (വിജയ് സി. എച്ച്)
ദുർഗയുടെ തീർത്ഥയാത്രകൾ (വിജയ് സി. എച്ച്)
ദുർഗയുടെ തീർത്ഥയാത്രകൾ (വിജയ് സി. എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക