Image

വിഭീഷണൻ കുലദ്രോഹിയോ? (രാമായണമാസ കുറിപ്പ്: സുധീർ പണിക്കവീട്ടിൽ)

Published on 09 August, 2023
 വിഭീഷണൻ കുലദ്രോഹിയോ? (രാമായണമാസ കുറിപ്പ്: സുധീർ പണിക്കവീട്ടിൽ)

"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ". മാവേലിനാട്ടിലെ കർക്കിടകമാസഹർനിശകളിൽ മുഴങ്ങുന്ന മന്ത്രം. 
രാമായണത്തെക്കാൾ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യ സംസ്കാര ചരിത്രത്തിലുണ്ടായിട്ടില്ല'' എന്നാണ് വിവേകാനന്ദൻ രാമായണത്തെക്കുറിച്ച് പറനഞ്ഞിട്ടുള്ളത്. രാമായണം പല തലമുറകളിലൂടെ പല പ്രാവശ്യം എഴുതപ്പെട്ടിട്ടുണ്ടെന്നു വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ രചയിതാവിന്റെയും വിവരണങ്ങളിൽ വ്യത്യാസങ്ങൾ കാണുന്നത് സ്വാഭാവികം. നമ്മൾ മലയാളികൾ കർക്കിടക മാസത്തിൽ ഈ പുണ്യഗ്രൻഥം ഭക്തിയോടും ഏകാഗ്രതയോടും വായിക്കുമ്പോൾ പല ചോദ്യങ്ങളും ഉയരുക സ്വാഭാവികമാണ്. രാമായണത്തിൽ പ്രധാന കഥാപാത്രങ്ങളായ രാമനും, സീതയും, രാവണനും , ലക്ഷ്മണനും, കൂടാതെ അനേകം കഥാപാത്രങ്ങൾ ഉണ്ട്. അവർക്കെല്ലാം അവരുടേതായ  പങ്കുമുണ്ട്. സഹോദരസ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമായി ലക്ഷ്മണൻ നിൽക്കുമ്പോൾ രാവണന്റെ സഹോദരനായ വിഭീഷണന്റെ സഹോദരസ്നേഹം മാതൃകാപരമായിരുന്നോ  എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടാകാറുണ്ട്. 
ധർമ്മവിരുദ്ധമായ നീക്കങ്ങളില്‍ നിന്ന് ജ്യേഷ്ഠനെ പിന്തിരിപ്പിക്കാൻ അനിയന്മാരായ കുംഭകർണ്ണനും, വിഭീഷണനും ശ്രമിക്കുന്നെങ്കിലും രാവണൻ പിന്മാറുന്നില്ല. കുംഭകർണ്ണൻ രാവണനോട് ഇങ്ങനെ പറയുന്നു 

സീതയാകുന്നതു ലക്ഷ്മീഭഗവതി 
ജാതയായാൾ തവ നാശം വരുത്തുവാൻ, 
ജാനകിയെക്കണ്ടു മോഹിക്ക കാരണം 
പ്രാണവിനാശം ഭവാനുമകപ്പെടും 

പക്ഷെ രാവണൻ അതിനു ചെവി കൊടുക്കുന്നില്ല. കുംഭകർണ്ണൻ ജേഷ്ഠസഹോദരനായ രാവണനെ ഒറ്റുകൊടുക്കുന്നില്ല മറിച്ച് തെറ്റാണെന്നറിഞ്ഞിട്ടുകൂടി  രാവണന് വേണ്ടി യുദ്ധം ചെയ്തു. രാമബാണത്താൽ തനിക്ക് മോക്ഷം ലഭിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. അതിൽ നിന്നും മനസ്സിലാക്കേണ്ടത് ധർമ്മമാർഗ്ഗത്തിലൂടെ സഞ്ചരിക്കാൻ തന്നെയാണ് കുംഭകർണ്ണനും ആഗ്രഹിക്കുന്നുവെന്നാണ്.   തന്റെ ഉപദേശങ്ങൾ തള്ളിക്കളയുമ്പോൾ മരണം ഉറപ്പാണെന്ന് അറിഞ്ഞിട്ടുകൂടി സഹോദരനുവേണ്ടി യുദ്ധം ചെയ്യാൻ അദ്ദേഹം തയ്യാറാകുന്നു. സഹോദരസ്നേഹത്തിന്റെ മുന്നിൽ തന്റെ ജീവന് അദ്ദേഹം വില കൽപ്പിക്കുന്നില്ല. ഇന്ദ്രജിത്തും, രാവണനും വിഭീഷണനെ കുലദ്രോഹി എന്ന് വിളിച്ചിട്ടും കുംഭകർണ്ണൻ അങ്ങനെ വിളിക്കുന്നില്ല.എന്നാൽ വിഭീഷണൻ ശത്രുപക്ഷത്ത് ചേരുന്നുണ്ട്.വിഭീഷണന്റെ ജന്മത്തെക്കുറിച്ചുള്ള വിവരങ്ങളിൽ നിന്നും അദ്ദേഹം ധർമ്മത്തിനു പ്രഥമസ്ഥാനം നൽകുന്ന വ്യക്തിയാണെന്ന് മനസ്സിലാക്കാം. 

ബ്രഹ്‌മാവിന്റെ പത്ത് മാനസപുത്രന്മാരിൽ ഒരാളായ പുലസ്ത്യന്റെ മകനായ വിശ്രവസ് ആണ് വിഭീഷണന്റെ  അച്ഛൻ. അമ്മ അസുരവംശത്തിൽ  പിറന്ന കൈകസി. ബ്രാഹ്മണനായ വിശ്രവസിനോട് ഭർത്താവാകണമെന്ന ആഗ്രഹം കൈകസി പ്രകടിപ്പിച്ച സമയം നല്ലതല്ലായ്കയാൽ ജനിക്കുന്ന സന്താനങ്ങൾ ഭയാനകമായ ശരീരത്തോടും ക്രൂരമായ സ്വഭാവത്തോടും കൂടിയായിരിക്കുമെന്നു വിശ്രവസ് അറിയിച്ചു. കൈകസി അതുകേട്ട് അയാളുടെ പാദങ്ങളിൽ വീണു കരഞ്ഞു എന്തെങ്കിലും പരിഹാരം കാണണമെന്ന് അപേക്ഷിച്ച്. അപ്പോൾ അദ്ദേഹം അവരെ സമാശ്വസിപ്പിച്ചു.  അവസാനം ജനിക്കുന്ന കുട്ടി വിഭീഷണൻ സാധാരണ കുട്ടികളെപോലെയാകുമെന്നും ആ കുട്ടി   വിഷ്ണുഭക്തനാകുമെന്നും  പറഞ്ഞു കൈകസിയെ സമാധാനിപ്പിക്കയും ചെയ്തു.
 
സ്വഭാവത്തിന്റെ കാര്യത്തിൽ രാവണനും വിഭീഷണനും  വിപരീതദിശയിലായിരുന്നു. രാവണൻ സീതയെ  അപഹരിച്ചുകൊണ്ടുവന്നപ്പോൾ വിഭീഷണൻ എതിർക്കുകയും അവരെ രാമസന്നിധിയിൽ തിരിച്ചെത്തിക്കാൻ അപേക്ഷിക്കയും ചെയ്യുന്നു. അതിൽ നീരസപ്പെട്ട രാവണൻ വിഭീഷണനെ  ലങ്കയിൽ നിന്നും   പുറത്താക്കി. നിരാലംബനായ വിഭീഷണനോട് അദ്ദേഹത്തിന്റെ  അമ്മ കൈകസി രാമനെ ശരണം പ്രാപിക്കാൻ ഉപദേശിച്ചു. അതനുസരിച്ച് വിഭീഷണൻ  രാമനെ സമീപിച്ചു. ലങ്കയെക്കുറിച്ച് രാവണനെക്കുറിച്ചുമുള്ള സകല രഹസ്യങ്ങളും കൈമാറി. അതിൽ രാവണനെ തകർത്തത്  നികുംഭിലയിലെ പ്രത്യംഗിര ഹോമത്തെ  തടയാൻ ബുദ്ധി പറഞ്ഞു കൊടുത്ത വിഭീഷണന്റെ ചതി ആയിരുന്നു.പ്രത്യംഗിരാ മന്ത്രം  ശത്രുക്കളെ നശിപ്പിക്കാനും ആഭിചാര പ്രയോഗങ്ങളെ മാറ്റാനും ഉതകുന്നു. ഹിന്ദുമതവിശ്വാസമനുസരിച്ച്, മഹാവിഷ്ണുവിന്റെ നരസിംഹ അവതാരത്തിന്റെ കോപം ശമിപ്പിക്കാൻ ശിവനിൽ നിന്നും ഉൽഭവിച്ച ഒരു ഉഗ്രമൂർത്തിയാണു പ്രത്യംഗിര.
വിഭീഷണനെ ഒറ്റു കൊടുക്കുന്നവൻ എന്ന്  കുറ്റപ്പെടുത്തുന്നവരുണ്ട്. മറ്റുള്ളവർക്കായി നന്മ ചെയ്യുന്നത് ധർമമാണ്. വിഭീഷണൻ  ധർമത്തിൽ വിശ്വസിച്ച്. അതുകൊണ്ടു സീതയെ തിരിച്ച രാമനെ ഏൽപ്പിക്കണമെന്ന വിഭീഷണന്റെ  വാദം രാവണൻ ശ്രദ്ധിച്ചില്ല.രാവണന് കിട്ടിയ പതിനെട്ടു ശാപങ്ങളെ വിഭീഷണൻ ഓർമ്മിപ്പിക്കുന്നുണ്ട്. രാവണന് കിട്ടിയ നല്ല വരങ്ങൾ മുഴുവൻ ഒരുമിച്ച് നിന്നാലും ശാപങ്ങളുടെ ശക്തി കൂടുതലാണെന്നു വിഭീഷണൻ അക്കമിട്ട് രാവണനെ അറിയിക്കുന്നുണ്ട്. എന്നാൽ മഹാപണ്ഡിതനായ രാവണൻ എല്ലായ്‌പോഴും തന്റെ തീരുമാനങ്ങൾ ശരിയെന്നു വിശ്വസിച്ച്. രാവണന്റെ വ്യക്തിത്വത്തെക്കുറിച്ചു പറയുമ്പോള്‍ രാവണനെ മഹാസാഗരത്തോടാണ് വാല്മീകി ഉപമിക്കുന്നത്. അക്കാര്യത്തിൽ അതിശയോക്തി വേണ്ട   ആഗ്രഹിക്കുന്നതെന്തും നേടാനുള്ള കര്‍മ്മശേഷിയും രാവണനുണ്ടായിരുന്നു. രാവണന്‍ സംഗീതജ്ഞനും കവിയും നര്‍ത്തകനും പ്രഭാഷകനും ഒക്കെ ആയിരുന്നു. ഇത്രയേറെ കഴിവുകള്‍ ഉണ്ടായിരുന്ന രാവണനെ സാംസ്‌കാരസമ്പന്നനായി കരുതാനാകില്ല; ആരും കരുതുന്നുമില്ല. എന്തുകൊണ്ട്? രാമായണം നൽകുന്ന ഒരു സന്ദേശവും ഇതാണ്. കാമ-ക്രോധ-മദമാത്സര്യങ്ങളിൽ നിന്നും ഒഴിഞ്ഞു  നിൽക്കുക.രാവണന്റെ എല്ലാ കഴിവും യശസ്സും സീതയെ കട്ടുകൊണ്ടുപോയവൻ എന്ന ഒറ്റ അപരാധത്തിൽ നിഷ്പ്രഭമായി. 

വിഭീഷണന്ന് ചെറുപ്പം മുതൽ ധർമത്തിൽ വിശ്വസിച്ച് രാമ രാമ എന്നെഴുതിയ ഒരു വീട്ടിൽ തന്റെ സമൂഹത്തിൽ നിന്നൊഴിഞ്ഞു താമസിച്ചിരുന്നു. ഹനുമാൻ സീതയെ തേടി ലങ്കയിൽ എത്തിയപ്പോൾ വിഷ്ണുഭക്തനായ വിഭീഷണനെ കണ്ടു അത്ഭുതപ്പെട്ടു, . എങ്ങനെ നിങ്ങൾ  ഇവിടെ ജീവിക്കുന്നുവെന്ന ഹനുമാന്റെ ചോദ്യത്തിന് മുപ്പത്തിരണ്ട് പല്ലുകൾക്കിടയിൽ കഴിയുന്ന നാവിനെപോലെയാണ് താൻ എന്ന് മറുപടി പറയുന്നുണ്ട്. മഹാഭാരത യുദ്ധം നടക്കുന്നതിനു മുമ്പ് ധർമയുദ്ധത്തിൽ പങ്കുചേരാൻ കുരുപക്ഷത്തു  നിന്നും ആരെങ്കിലും ഉണ്ടോ എന്ന ദുര്യോധനന്റെ  ചോദ്യത്തിന് മറുപടിയായി യുയുത്സ മുന്നോട്ടു വന്നു യുയുൽസ ധൃതരാഷ്ട്രക്ക് ദാസിയിൽ ഉണ്ടായ  മകനാണ്. ആര് ധർമ്മപക്ഷം ചേരുന്നുവോ  അവർക്ക് നാശമില്ലെന്നു  തെളിയിച്ചുകൊണ്ട് യുദ്ധം കഴിഞ്ഞപ്പോൾ അവശേഷിച്ചവരിൽ യുയുൽസ ഉണ്ടായിരുന്നു. അതേപോലെ വിഭീഷണനും  യുദ്ധാനന്തരം അതിജീവിക്കുകയും  ലങ്കയുടെ അധിപതിയായി അഭിഷിക്തനാകയും ചെയ്തു. 

ധർമ്മത്തിന്റെ വശത്തു നിന്നതുകൊണ്ട് വിഭീഷണന്  ചിരഞ്ജീവി എന്ന വരം ലഭിച്ചു. വിഭീഷണൻ രാമനെ മഹാവിഷ്ണുവിന്റെ അവതാരമായി കാണുകയും വിശ്വസിക്കുകയും ചെയ്തു. എന്നാൽ രാവണനാകട്ടെ  രാമനെ കേവലം ഒരു മനുഷ്യനായി കണ്ടു. ധര്മമാർഗത്തിൽ നിന്നും വ്യതിചലിക്കാത്ത നിശ്ചയദാർഢ്യം, വിവേകം, എന്നിവ വിഭീഷണന്റെ വിശിഷ്ട ലക്ഷണങ്ങളായിരുന്നു. ആരാണ് നല്ല വ്യക്തി എന്നുള്ളത് നമ്മുടെ വ്യാഖ്യാനമനുസരിച്ചായിരിക്കും. വിഭീഷണൻ ധർമത്തിന് വേണ്ടി നിലകൊണ്ടു. തിന്മയെ ജയിക്കും  എന്നതാണ് ധർമ്മം. അങ്ങനെ നോക്കുമ്പോൾ വിഭീഷണൻ നല്ല വ്യക്തിയാണ്. അതേസമയം സഹോദരനായ രാവണൻ ചെയ്തതൊക്കെ തെറ്റെന്നു മനസ്സിലാക്കി അദ്ദേഹത്തിൽ നിന്നും അകന്നുപോയി രാമന്റെ അനുഭാവിയായത് മനസ്സിലാക്കാമെങ്കിലും ലങ്കയുടെ മുഴുവൻ രഹസ്യങ്ങളും ചോർത്തികൊടുത്ത്, കുടുംബദേവതയുടെ ഇരിപ്പിടം വരെ കാണിച്ചുകൊടുത്ത, ചേട്ടന്റെ വയറ്റിൽ അദ്ദേഹത്തെ രക്ഷിക്കുന്ന അമരതത്തിന്റെ അമൃതുണ്ട് അവിടേക്ക് അമ്പെയ്താൽ കൊല്ലാം എന്നൊക്കെ ഉപദേശിക്കുമ്പോൾ കാര്യലാഭത്തിനായി എന്തും ചെയ്യുന്ന ഇന്നത്തെ രാഷ്ട്രീയക്കാരന്റെ നിലയിലേക്ക് അദ്ദേഹം താഴ്ന്നുപോകുന്നുവെന്നും വ്യാഖ്യാനിക്കാം. 

രാമ-രാവണ യുദ്ധത്തിനുശേഷം വിഭീഷണൻ ലങ്കയുടെ രാജാവായത് അദ്ദേഹത്തിന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നതു കൊണ്ടായിരുന്നുവെന്നു    ധരിക്കുന്നവരുണ്ട്. ലങ്കയെസംബന്ധിച്ച  സകല രഹസ്യങ്ങളും, അവരുടെ കുടുംബദേവതയായ നികുംഭിലയുടെ ആസ്ഥാനം വരെ രാമനെ അറിയിച്ചു വിഭീഷണൻ. ഇങ്ങനെ ഒറ്റി കൊടുത്താൽ സഹോദരൻ മരിക്കുമെന്ന് അറിവുണ്ടായിട്ടും വിഭീഷണൻ അങ്ങനെ ചെയ്തതുകൊണ്ട് അദ്ദേഹത്തത്തെ ഒറ്റുകാരൻ എന്ന് കുറ്റപ്പെടുത്തുന്നവരുണ്ട്.  ധർമ്മമാർഗ്ഗത്തിലൂടെ ചലിക്കുന്ന ഒരാൾക്ക് സ്വന്തം സഹോദരനെ, അയാൾ തെറ്റുകാരനാണെങ്കിൽ കൂടി ഒറ്റി കൊടുക്കാമോ എന്ന ചിന്ത ഭക്തരെ അലട്ടാതിരിക്കയില്ല. തെറ്റ് എന്ന് പറയുന്നത് സ്വന്തം സഹോദരിയുടെ മൂക്കും മുലകളും,കാതും അരിഞ്ഞു അപമാനിച്ച ഒരുവന്റെ ഭാര്യയെ തട്ടിക്കൊണ്ടു വന്നതാണല്ലോ. അവർ വിഭീഷണന്റെ കൂടെ സഹോദരിയാണല്ലോ?ശൂർപ്പണഖ ചെയ്ത കുറ്റം സുന്ദരനായ രാമനോട് തന്റെ ലൈംഗികാഭിലാഷം അറിയിച്ചുവെന്നാണ്. അവർ രാക്ഷസകുലത്തിൽ  പിറന്നവളാണ്. അവരെ സംബന്ധിച്ചേടത്തോളം അതിൽ മാനഹാനിയൊന്നുമില്ല. രാമന് സ്വീകാര്യമല്ലെങ്കിൽ അവരെ പറഞ്ഞുവിട്ടാൽ മതിയായിരുന്നു. 
ശുഭം 

 

 

Join WhatsApp News
Abdulpunnayurkulam 2023-08-10 03:47:01
Well written. It's great to know the other side of Vibeeshan's Brotherhood.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക