Image

തെറ്റ് തിരുത്തേണ്ടത് സാംസ്‌കാരിക മന്ത്രിയല്ല (കാരൂര്‍ സോമന്‍, ചാരുംമൂട് )

കാരൂര്‍ സോമന്‍, ചാരുംമൂട് Published on 09 August, 2023
തെറ്റ് തിരുത്തേണ്ടത് സാംസ്‌കാരിക മന്ത്രിയല്ല (കാരൂര്‍ സോമന്‍, ചാരുംമൂട് )

മന്ത്രിമാര്‍ തിരുത്തല്‍ ശക്തികളായില്ലെങ്കില്‍ തെറ്റുകള്‍ തിരുത്താന്‍ സാധിക്കില്ല. ചുണയുള്ള പുരുഷന് ഒരു വാക്ക് എന്നത് ആണത്വമുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്.  നമ്മുടെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍  സൗദി അറേബ്യയുടെ  സാമൂഹിക  ഉള്‍ത്തുടുപ്പുകള്‍  മനസ്സിലാക്കി ചില  പരാമര്‍ശനങ്ങള്‍  നടത്തിയത്  തിരുത്തണം, മാപ്പുപറയണമെന്നൊക്കെ പറയുന്നവരോട് പറയാനുള്ളത് കണ്ണുണ്ടായാല്‍ പോര കാണുകകൂടി ചെയ്യണം. ആദ്യം അദ്ദേഹം ഇന്ത്യയുടെ ജനാധിപത്യത്തെ വിമര്‍ശിച്ചു പറഞ്ഞത് ആര്‍ക്കാണ് നിഷേധിക്കാന്‍ സാധിക്കുക? ഒരു പൗരന്റെ മൗലിക അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍, മത വര്‍ഗ്ഗിയത വളരുമ്പോള്‍  എന്ത് ജനാധിപത്യത്തെപ്പറ്റിയാണ് നമ്മള്‍ സംസാരിക്കുന്നത്?

സൗദി അറേബ്യ മലയാളിയുടെ പോറ്റമ്മയാണ്. അതില്‍ ആര്‍ക്കും തര്‍ക്കമില്ല. കുറ്റവാളികള്‍ക്ക് കഠിന ശിക്ഷകള്‍ നല്‍കുന്ന രാജ്യമാണ്. ഇന്ത്യയില്‍ നടക്കുന്നതുപോലെ കുറ്റവാളികളെ ആരും സംരക്ഷിക്കാറില്ല.  ഒരു പാകിസ്താനിയുടെ തലവെട്ടുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. അവരുടെ നന്മകള്‍ പറയുമ്പോള്‍ അവര്‍ ചെയ്യുന്ന തിന്മകള്‍ പറയാതിരിക്കണമെന്നാണോ? അവിടെ ഇതര മതവിശ്വാസികള്‍ക്ക് സ്വാതന്ത്യം ഇല്ലെന്നുള്ളത് അവിടെ ജീവിക്കുന്നവര്‍ക്കറിയാം. അവിടുത്തെ മുക്കിലും മുലയിലുമുള്ള ബാങ്ക് വിളികള്‍   സാംസ്‌കാരിക മന്ത്രിയെ മാത്രമല്ല ആശങ്കപ്പെടുത്തുന്നത് ആ ശബ്ദമലിനീകരണം  മറ്റുള്ളവരേയും ആശങ്കപ്പെടുത്തുന്നു.  അവിടെ നീണ്ട വര്‍ഷങ്ങള്‍ പാര്‍ത്ത  എനിക്കും ചിലത് പറയാനുണ്ട്.  വിശ്വാസങ്ങള്‍  നിധികാക്കുന്ന  ഭൂതത്തെപോലെ കാണുന്നവര്‍ക്ക് വിശ്വാസം അവരുടെ മിത്രമാണ്, പ്രമാണമാണ്. വിശ്വാസ സംരക്ഷണം ഒരു പൗരന്റെ മൗലിക അവകാശമാണ്.  അതിന്റെ മറവില്‍ നടക്കുന്ന പൊള്ളത്തരങ്ങളെയാണ് മറ്റുള്ളവര്‍ ചോദ്യം ചെയുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍  വിശ്വാസത്തെക്കാള്‍ വലുത് വിജ്ഞാനമാണ്. അതിലൂടെയവര്‍  വളരുന്നു.  ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രകൃതി ദാനമായി നല്‍കിയ എണ്ണ പാടങ്ങളിലൂടെയാണ്  വളരുന്നത്. അല്ലാതെ അറിവിലൂടെയല്ല. ഗള്‍ഫ് രാജ്യങ്ങളെ ആധുനിക ലോകത്തേക്ക് വളര്‍ത്തിയതും ബ്രിട്ടന്‍, അമേരിക്കപോലുള്ള രാജ്യങ്ങളാണ്. 

ഞാന്‍ സൗദിയില്‍ നിന്ന് മടങ്ങുന്നത്  രണ്ടായിരത്തി രണ്ടിലാണ്. അന്ന് തിരുവനന്തപുരത്തു് നിന്ന് ദുരദര്‍ശന്‍ എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ താമരകുളത്തെ എന്റെ വീട്ടിലെത്തി. അന്ന് അവരോട് പറഞ്ഞത് ഇന്നും  ഓര്‍മ്മയിലുണ്ട്.  'കഴിവതും നമ്മള്‍ സൗദിയില്‍ പോകരുത്. മത രാഷ്ട്രമാണ്. ഇതര മത വിശ്വാസികള്‍ക്ക് അവിടെ ആരാധന നടത്താന്‍ സ്വാതന്ത്ര്യമില്ല'. ഈ വിഡിയോ യു ട്യൂബിലുണ്ട്. നമ്മുടെ യേശുദാസ്, മര്‍ക്കോസ് തുടങ്ങി എത്രയോ കലാകാരന്മാര്‍ക്ക് അവിടെ  ദുരാനുഭവങ്ങളുണ്ടായിട്ടുണ്ട്.  ഇസ്ലാംമല്ലാത്ത മതവിശ്വാസികള്‍ക്ക് അവിടെ തുറന്ന സദസ്സിലോ വീടിനുള്ളിലോ  പ്രാര്‍ത്ഥിക്കാന്‍ അനുവാദമില്ല. അല്‍കോബറില്‍ താമസിച്ചിരുന്ന അരാംകൊയില്‍ ജോലി ചെയ്തിരുന്ന ഒരു പെന്തികൊസ്തുകാരന്‍ അബ്രഹാമിനെ അയാളുടെ വീട്ടില്‍ പ്രാര്‍ത്ഥന നടത്തിയതിന് രാജ്യത്തു് നിന്ന് നാടുകടത്തിയത് എനിക്കറിയാം.  വിശ്വാസികള്‍  അടച്ചിട്ട വീടിനുള്ളില്‍ ശബ്ദം പുറത്തുപോകാതെയാണ് പ്രാര്‍ത്ഥനകള്‍ നടത്തുന്നത്. അവരെയും മതമൗലികവാദികളായ പാകിസ്ഥാനികളും, മലയാളികളും പൊലീസിന് ഒറ്റുകൊടുക്കാറുണ്ട്.  ഇന്നവിടെ ഇതിനൊക്കെ എന്തെങ്കിലും മാറ്റമുണ്ടോ എന്നറിയില്ല. സൂര്യ പ്രകാശം കിട്ടാത്തതുപോലെ മനുഷ്യന്റെ തലച്ചോറില്‍ ആത്മാവും അറിവും അക്ഷരവും പ്രകാശം വിതറാതെ പുരോഗതി പ്രാപിക്കില്ല. 
 
സൗദിയില്‍  ബാങ്ക് വിളി നടത്തി  ശബ്ദ മലിനീകരണം നടത്തുന്നത് ഒരു യാഥാര്‍ഥ്യമാണ്.  വിശപ്പടക്കാന്‍ പോയ മലയാളികള്‍ അതൊക്കെ സഹിച്ചാണ് ജീവിക്കുന്നത്. ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ല. ഗള്‍ഫില്‍ കാണുന്നതുപോലുള്ള ബാങ്ക് വിളി ഇന്ന് കേരളത്തിലും കാണുന്നു. നമ്മള്‍ വിദ്യാസമ്പന്നരെന്ന് വീമ്പ് പറയുമ്പോള്‍ ശബ്ദമലിനീകരണം എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല?  ആ യാഥാര്‍ഥ്യം സജി ചെറിയാന്‍ പറഞ്ഞെങ്കില്‍, അവിടുത്തെ മത നിന്ദ മനസ്സിലാക്കിയ, ചോറിന്റെ രുചി അറിഞ്ഞവരുമുണ്ടെന്ന് മനസ്സിലാക്കുക. 

ലണ്ടനില്‍ ഒരു പെന്തിക്കോസ്തു സമൂഹം ഞായര്‍ ദിവസങ്ങളില്‍ അവരുടെ പാട്ടുകള്‍ ഉച്ചത്തില്‍ പാടിയതിന് അടുത്ത വീട്ടിലെ ക്രിസ്ത്യന്‍ മദാമ്മ, സായിപ്പ് പോലീസില്‍ പരാതികൊടുത്തു. പ്രാര്‍ത്ഥന നടത്തിയ  പാസ്റ്റര്‍ക്ക് നല്ലൊരു തുക ശിക്ഷയായി കിട്ടി. അതോടെ അവിടുത്തെ പ്രാര്‍ത്ഥനയും അവസാനിച്ചു. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കുമുള്ളതാണ് ഈ പ്രപഞ്ചം.  മതവിശ്വാസികളുടെ മനോവികാരം  മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ബ്രിട്ടനില്‍ ശിക്ഷ കിട്ടും. ഏത് മത വിശ്വാസിയായാലും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. നമ്മുടെ നാട്ടില്‍ കോടതി ശബ്ദമലിനീകരണം നിരോധിച്ചിട്ടും എന്തുകൊണ്ട് തുടരുന്നു? നിയമലംഘകര്‍ക്ക്  കഠിന ശിക്ഷ കൊടുത്തില്ലെങ്കില്‍ അവിടെ അരാജകത്വ0 നടമാടും. പ്രമുദ്ധരെന്ന് നടിക്കുന്ന മലയാളികള്‍ അവരുടെ വിവേകബുദ്ധി ആര്‍ക്കോ   പണയപ്പെടുത്തിയിരിക്കുന്നു. നിയമങ്ങളെ കാറ്റില്‍ പraത്തുന്നത് ആരാണ്?

സ്വാര്‍ത്ഥ തല്പരരായ  ജാതി മത രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വോട്ട് വിലപ്പെട്ടതെങ്കില്‍  രോഗികള്‍, പ്രായമുള്ളവര്‍, കുട്ടികളുടെ പഠനമുറികളില്‍ കടന്നുവരുന്ന മുഴങ്ങുന്ന ശബ്ദം എത്രമാത്രം  (ശബ്ദമലിനീകരണം) ആരോഗ്യപ്രശ്‌നങ്ങള്‍  സൃഷ്ടിക്കുന്നു. അത് ബാങ്ക് വിളി മാത്രമല്ല ക്രിസ്ത്യന്‍  ദേവാലയങ്ങള്‍, അമ്പലങ്ങള്‍ ജാതിമത രാഷ്ട്രീയ ഘോഷയാത്രകള്‍, കവലപ്രസംഗം തുടങ്ങിയവ  എത്രയോ മനുഷ്യര്‍ക്ക് അരോചകമാണ്. ഇവരുടെ മൗലിക അവകാശങ്ങള്‍ വിലപ്പെട്ടതല്ലേ? നമ്മള്‍ പുലര്‍ത്തുന്ന   പ്രപഞ്ച വീക്ഷണം നല്ലൊരു സംസ്‌കാരത്തിന്റെ, അറിവിന്റെ  ബോധധാരയില്‍ നിന്നുള്ളതായാല്‍ മിഥ്യാബോധങ്ങളുടെ മാറാലകള്‍ തുടച്ചുമാറ്റാന്‍ സാധിക്കും.  സമൂഹത്തിന് ഹാനി വരുത്തുന്ന മതവ്യാപാരം അവരുടെ ഭ്രാന്തമായ വികാരഗതി മണിപ്പുരില്‍, ഹരിയാനയില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും കാണുന്നില്ലേ? അതൊന്നും സൗദിയില്‍ സംഭവിക്കുന്നില്ല. അതിന് അവരോട് ഇന്ത്യക്കാരന് നന്ദി വേണം.   മനുഷ്യരുടെ വിശ്വാസ  വാദ- ദുര്‍വാദങ്ങള്‍ തലനാരിഴകീറി ശസ്ത്രക്രിയ നടത്തുന്നതിനേക്കാള്‍ നമ്മളെ തടവിലാക്കിയിരിക്കുന്ന എത്രയോ നീറുന്ന ദൈനംദിന പ്രശ്‌നങ്ങളുണ്ട്. അതിനൊക്കെ പരിഹാരം കാണുകയല്ലേ വേണ്ടത്?   ഇവിടെയാണ്  കേരളം മറ്റുള്ളവര്‍ക്ക്  മാതൃകയായി. ധാര്‍മിക ശക്തിയായി നിലകൊള്ളേണ്ടത്. സമൂഹത്തില്‍ ഭിന്നത വളര്‍ത്തുന്ന ജാതിമതരാഷ്ട്രിയക്കാരുടെ പരിപ്പ് എന്റെ അടുപ്പില്‍ വേവില്ലെന്ന് എന്തുകൊണ്ടണ് മലയാളികള്‍ തീരുമാനിക്കാത്തത്?  

സൗദി അറേബ്യ മതതിവ്രതയുള്ള രാജ്യമെന്ന് സാംസ്‌കാരിക മന്ത്രി  പറഞ്ഞെങ്കില്‍ അതില്‍ തെറ്റ് എന്താണ്?  ഇതര മതങ്ങളെ അവര്‍ മാനിക്കുന്നുണ്ടോ? മതമൈത്രി അവര്‍ക്കറിയാമോ? ഞാന്‍ അവിടെയുള്ളപ്പോള്‍  മതതിവൃതയുള്ള  പാകിസ്താന് സൗദി അറേബ്യ പാവങ്ങളെ സഹായിക്കാന്‍ വന്‍പിച്ച തുക സംഭാവനയായി നല്‍കിയിട്ടുണ്ട്. ആ പണം പാകിസ്ഥാന്‍ ഇന്ത്യക്ക് എതിരായി ഉപയോഗിക്കുന്നത് നിഷേധിക്കാന്‍ സാധിക്കുമോ? രാജഭരണത്തില്‍ ഭയന്നല്ലേ അവിടുത്തെ  സിയാ വംശജരടക്കം ജോലിചെയ്യുന്നവരടക്കം  ജീവിക്കുന്നത്?   മത മനോരാജ്യത്തില്‍ ദൈവങ്ങളെ  സൃഷ്ടിച്ചു് ആ കോട്ടയ്ക്കുള്ളില്‍ ആരാധന നടത്തി കൊഴുത്തുതടിക്കുന്നവര്‍ ലോകത്തെമ്പാടുമുണ്ട്.  സൗദിയുടെ  മത0 ചിലര്‍ക്ക് ഇരട്ടി മധുരം തരുമെങ്കിലും പലര്‍ക്കും കയ്പ്പ് നിറഞ്ഞതാണ്. ഇത് ആര്ക്കാണ് നിഷേധിക്കാന്‍ സാധിക്കുക? 

എന്റെ  മറ്റൊരുനുഭവം. മണലാരണ്യത്തില്‍ ഒട്ടകത്തെ തീറ്റിപ്പോറ്റാന്‍ വന്ന പാവങ്ങളായ വടക്കന്‍ മലബാറിലെ മലയാളികളെ അറബികള്‍ പീഡിപ്പിച്ചപ്പോള്‍ അവര്‍ ദമ്മാമിലേക്ക് പ്രാണരക്ഷാര്‍ധം ഒളിച്ചോടി.  ആ  പാവങ്ങളുടെ ദയനീയാവസ്ഥയെപ്പറ്റി ദുബായ്യില്‍ നിന്നുള്ള ഇംഗ്ലീഷ് ഗള്‍ഫ്  ന്യൂസില്‍ ഞാനൊരു ചെറിയ ലേഖനമെഴുതി. ആ പത്രം സൗദിയിലും കിട്ടുമായിരിന്നു.  അതുമൂലം എന്റെ ജോലി തെറിച്ചു. എന്നില്‍ ചുമത്തിയ കുറ്റം ഈ രാജ്യത്തിരുന്നുകൊണ്ട് ഇവര്‍ക്കെതിരെ എഴുതാന്‍ പാടില്ല.  ഇതിനപ്പുറം സംഭവങ്ങള്‍ എന്റെ ആത്മകഥ 'കഥാകാരന്റെ കനല്‍ വഴികള്‍' ഞാന്‍ എഴുതിയിട്ടുണ്ട്. (പ്രഭാത് ബുക്ക്‌സ്). അവിടെ ജീവിക്കുന്ന പാവങ്ങളുടെ ഹൃദയമിടിപ്പ് ആരും തിരിച്ചറിയാത്തതുപോലെ ഗള്‍ഫില്‍ നിന്ന് മടങ്ങിവരുന്ന പ്രവാസികളുടെ  ഹ്ര്യദയനൊമ്പരങ്ങള്‍ കേരളവും തിരിച്ചറിയുന്നില്ല. സൗദി ഭരണകൂടത്തോടെ ബഹുമാനമുണ്ടെങ്കിലും മത സ്വാതന്ത്യത്തില്‍ ഗള്‍ഫില്‍  ഇത്ര അധഃപതിച്ച മറ്റൊരു രാജ്യമില്ല. അതിനാല്‍  തെറ്റ് തിരുത്തേണ്ടത് സാംസ്‌കാരിക മന്ത്രിയല്ല നമ്മളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക