Image

സിദ്ദിഖിന്റെ ഓർമ്മകളിൽ(നടപ്പാതയിൽ ഇന്ന്- 91 : ബാബു പാറയ്ക്കൽ)

ബാബു പാറയ്ക്കൽ Published on 11 August, 2023
സിദ്ദിഖിന്റെ ഓർമ്മകളിൽ(നടപ്പാതയിൽ ഇന്ന്- 91 : ബാബു പാറയ്ക്കൽ)

സിനിമാ സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. അദ്ദേഹം അതീവ രോഗാതുരനായിട്ടു കുറച്ചു നാളുകളായെങ്കിലും വളരെ അടുത്ത ചിലരൊഴികെ ആർക്കും തന്നെ അതേപ്പറ്റി അറിവില്ലായിരുന്നു. അതുകൊണ്ടു തന്നെ അത് മലയാളികൾക്കു ഞെട്ടലുളവാക്കി. തൊട്ടതെല്ലാം സൂപ്പർ ഹിറ്റാക്കുന്ന മായാജാലത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. 

ഏതാണ്ട് ഇരുപത്തിയേഴു വർഷങ്ങൾക്കു മുൻപ് സിദ്ദിഖ് ആദ്യമായി അമേരിക്കയിൽ വന്നപ്പോൾ എന്റെ കൂടെയാണ് താമസിച്ചത്. അന്ന് ലാലും കൂടെയുണ്ടായിരുന്നു. ഇവിടെ കുറെ ഷോകളൊക്കെ നടത്തി. എല്ലാം പെട്ടെന്ന് തട്ടിക്കൂട്ടിയവയാരുന്നു. എങ്കിൽപ്പോലും നിറഞ്ഞ കരഘോഷത്തോടെയാണ് ജനം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ഭാവനയിൽ ഉരുത്തിരിഞ്ഞു തൂലികയിലൂടെ ഒഴുകുന്ന വരികളിൽ പ്രതിഫലിക്കുന്ന നർമ്മരസം സ്വയസിദ്ധമായി  ഉണ്ടാകുന്നതായിരുന്നു. അതിലൊക്കെയും ചിരിക്കാൻ മാത്രമല്ല ചിന്തിക്കാനും ധാരാളം ഉണ്ടാകുമായിരുന്നു. സ്വകാര്യ സംഭാഷണങ്ങളിൽ പലപ്പോഴും ഷൂട്ടിംഗ് ലൊക്കേഷനുകളിലെ തമാശകൾ ഒരു മുഖ്യ വിഭവമായിരുന്നു. അവയൊക്കെയും ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തുന്നവയായിരുന്നു. 

ഒരു ദിവസം രാത്രി ഏതാണ്ട് ഒരു മണി സമയമായപ്പോൾ ഞങ്ങൾ വീടിന്റെ മുൻപിലുള്ള പുൽത്തകിടിയിലുള്ള ബെഞ്ചിലിരുന്നു സംസാരിക്കുകയായിരുന്നു. നല്ല നിലാവുള്ള രാത്രി. ലാലും ഒപ്പമുണ്ടായിരുന്നു. അപ്പോൾ അതുവഴി പോയ അയൽക്കാരിയായ ഒരു വെളുത്തവർഗ്ഗക്കാരി അത് ശ്രദ്ധിച്ചു. പിറ്റേദിവസം ഞങ്ങളെക്കണ്ടപ്പോൾ അവർ ചോദിച്ചു, "രാത്രി ആ നേരത്താണോ വെളിയിലിരുന്നു സംസാരിക്കുന്നത്" എന്ന്. കൂടെയുണ്ടായിരുന്ന സിദ്ദിഖ് എന്നോട് മലയാളത്തിൽ പറഞ്ഞു, ‘രാത്രിയിൽ സംസാരിച്ചാൽ മാത്രമേ ആ ഭാഷ മനസ്സിലാകത്തുള്ളൂ’ എന്ന് അവരോടു പറയാൻ. ഞാൻ അവരോടു പറഞ്ഞപ്പോൾ അവർ അതിശയിച്ചുകൊണ്ടു പറഞ്ഞു, "ഓ, ഐ ആം സോറി! എനിക്കതറിയില്ലായിരുന്നു. അതെന്തു ഭാഷയാണ്?" എന്ന്. ഞാൻ പറഞ്ഞു, "മലയാളം." അവർ ഏതോ പുതിയ കാര്യം മനസ്സിലാക്കിയതുപോലെ തലയാട്ടി. 

സിനിമാ മേഖലയിൽ പ്രശസ്തനായിരുന്നെങ്കിലും പലരെയും ബാധിക്കുന്ന ദുശീലങ്ങളൊന്നും സിദ്ദിഖിനെ ബാധിച്ചിരുന്നില്ല. മദ്യം ഉപയോഗിക്കുകയില്ല. സിഗരറ്റ് വലിക്കയില്ല. അതുപോലെയുള്ള ഒരു ശീലവും അദ്ദേഹത്തിനില്ലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അടുത്തിരിക്കുന്നയാൾ മദ്യപിക്കയോ സിഗരറ്റു വലിക്കയോ ചെയ്യുന്നതിൽ അദ്ദേഹത്തിന് വെറുപ്പുമില്ലായിരുന്നു. 
ഇടുങ്ങിയ ജാതിമത ചിന്തകൾക്കടിമയല്ലായിരുന്നു അദ്ദേഹം. എന്റെ മകന്റെ മാമോദീസാ നടത്തിയപ്പോൾ അദ്ദേഹം രാവിലെ തന്നെ ദേവാലയത്തിൽ വരികയും ശുശ്രൂഷകളിൽ സംബന്ധിക്കയും ചെയ്‌തു. തുടർന്ന് വീട്ടിൽ വന്ന അദ്ദേഹം വീട്ടിലുള്ളവരോടും അവിടെ വന്ന മറ്റുള്ളവരോടുമൊക്കെ കുശലം പറഞ്ഞിരുന്നിട്ട് സന്ധ്യയോടെയാണ് മടങ്ങിയത്. ലാൽ തിരക്കു മൂലം രാവിലെ എത്തിയില്ലെങ്കിലും ഉച്ചകഴിഞ്ഞു വന്നിട്ട് സന്ധ്യയോടെയാണ് മടങ്ങിയത്. പിന്നീടൊരിക്കൽ അദ്ദേഹത്തിന്റെ വീട്ടിൽ ഞങ്ങൾക്ക് വിരുന്നു സൽക്കാരം ഒരുക്കിയതും ഓർക്കുന്നു. കുടുംബാംഗങ്ങളോടൊപ്പം ലാലും സഹധർമ്മിണിയും ഉണ്ടായിരുന്നു.

എപ്പോഴും ചിരിച്ചുകൊണ്ട് എല്ലാവരെയും ചിരിപ്പിക്കുന്ന സിദ്ദിഖിന് ഒരു തീരാദുഃഖവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭിന്നശേഷിക്കാരിയായ ഒരു പുത്രിയുടെ നിസ്സഹായാവസ്ഥ. ഒരിക്കൽ ആ മകളെയും കൂട്ടി എന്റെ പരിചയത്തിലുള്ള ഒരു ഡോക്‌ടറുടെ അടുത്ത് എന്നോടൊപ്പം അദ്ദേഹം വന്നിരുന്നു. ആ ഡോക്‌ടറുടെ ചികിത്സയിലും കുറച്ചു താത്കാലിക ആശ്വാസം കിട്ടിയെന്നല്ലാതെ കാര്യമായ വ്യത്യാസം ഉണ്ടാക്കാൻ വൈദ്യ ലോകത്തിനു കഴിഞ്ഞില്ല. ആ മകളോടുള്ള സ്നേഹമായിരുന്നു ആ ഹൃദയം നിറയെ. അവസാനം അബോധാവസ്ഥയിലായപ്പോഴും അദ്ദേഹത്തിന്റെ ഉപബോധമനസ്സിലും ആ ഒരു വിഷമം അലയടിച്ചിരിക്കാം. 

ഉയരത്തിന്റെ പടവുകൾ അതിവേഗം കയറിയപ്പോഴും വന്ന വഴി മറക്കാത്ത ചുരുക്കം ചിലരിൽ ഒരാളായിരുന്നു സിദ്ദിഖ്. ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കയും പാവപ്പെട്ടവരോട് അനുകമ്പയുണ്ടാകയും ലാളിത്യം മുഖമുദ്രയാക്കുകയും ചെയ്‌ത ഒരു നല്ല മനുഷ്യൻ! സിനിമാ ലോകത്തിനു മാത്രമല്ല സമൂഹത്തിനാകെ ഒരു വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ മരണം സൃഷ്ടിച്ചിരിക്കുന്നത്. സമൂഹത്തിൽ നിന്നും ഒരു നല്ല മനുഷ്യൻകൂടി മാഞ്ഞുപോയിരിക്കുന്നു. സുഹൃത്തേ പ്രണാമം!

 

 

Join WhatsApp News
Abdul Punnayurkulam 2023-08-11 12:07:47
Fading away friendship is heartbreaking...
റെജി ഫിലിപ് 2023-08-12 11:59:29
പ്രണാമം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക