Image

ഒരു സാധാരണക്കാരന്റെ സ്വാതന്ത്ര്യദിന ചിന്തകൾ (സുധീർ പണിക്കവീട്ടിൽ)

Published on 15 August, 2023
ഒരു സാധാരണക്കാരന്റെ സ്വാതന്ത്ര്യദിന ചിന്തകൾ (സുധീർ പണിക്കവീട്ടിൽ)

പ്രതിവർഷം ആഗസ്റ്റ് പതിനഞ്ചു ഭാരതത്തിന്റെ സ്വാതന്ത്ര്യദിനമായി   ആഘോഷിക്കുന്നു. ഭാരതം എന്ന് പറയുന്നത് ഇരുനൂറു വർഷം  ബ്രിട്ടീഷ്കാർ ഭരിച്ച് തിരിച്ചുപോകുമ്പോൾ രണ്ടുകഷണമാക്കിയ  ഭൂമിയിൽ അവശേഷിച്ച ഹിന്ദുസ്ഥാൻ എന്ന് പറയുന്ന സ്ഥലം. അതിനു മുമ്പ് അഖണ്ഡഭാരതം അല്ലെങ്കിൽ അവിഭക്ത ഭാരതം ഒക്കെ ഉണ്ടായിരുന്നവെന്നത് ഭാരതീയരുടെ നഷ്ടകാലസ്മരണകളിൽ മാത്രം പ്രത്യക്ഷപ്പെടുന്നു. അഖണ്ഡഭാരതത്തിൽ അഫ്ഗാനിസ്ഥാനും, ടിബറ്റും, ഭൂട്ടാനും, മ്യാന്മാറും, പാകിസ്താനും, ബംഗ്ലാദേസും  ശ്രീലങ്കയും ഉൾപ്പെട്ടിരുന്നുവെന്നു അവയുടെ ചരിത്രം അന്വേഷിക്കുമ്പോൾ മനസ്സിലാക്കാം. ഹിന്ദുക്കളുടെ ദേവനായ ശിവന്റെ വാസസ്ഥാനമായി മൗണ്ട് കൈലാഷിനെയും മാനസസരോവറിനെയും കരുതുന്നു.ഇത് രണ്ടും ഇപ്പോൾ ടിബറ്റിലാണ്. ഒരു കാലത്ത് അതു  ഹിന്ദുസ്ഥാന്റെ ഭാഗമായിരുന്നിരിക്കാം. മ്യാൻമാർ ചരിത്രപരമായും സാംസ്കാരികമായും, വംശീയമായും ഭാരതവുമായി അഭേദ്യബന്ധം പുലർത്തുന്നതായി കാണുന്നു. ഒരു പക്ഷെ ഓരോ കാരണങ്ങളാൽ ഇവയെല്ലാം ഹിന്ദുസ്ഥാനിൽ നിന്നും പിരിഞ്ഞുപോയതായിരിക്കാം. ഏഴാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയ മുഹമ്മദീയമതത്തിലെ ഭൂരിപക്ഷം ജനങ്ങൾ താമസിക്കുന്ന പ്രദേശം നോക്കി ഭാരതത്തിന്റെ പടിഞ്ഞാറും കിഴക്കുംമുള്ള ഭൂമി അവർക്ക് നൽകേണ്ടി വന്നു. മലേഷ്യ സംസ്കൃതഭാഷയിലെ മലയു എന്ന വാക്കിൽ നിന്നാണ്. അർഥം മലകളുടെ നാട്. അതേപോലെ തന്നെ ഇറാൻ അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നു. ഇറാൻ എന്ന വാക്കും ഇരിയാന അതായത് ആര്യന്മാരുടെ നാട് എന്നായിരുന്നു. അത് പേർഷ്യക്കാർ ഇറാൻ എന്നാക്കി അത്പോലെ തന്നെ  വിയറ്റ്നാമിന്റെ  തെക്കുഭാഗം  അറിയപ്പെട്ടിരുന്നത് ചമ്പ രാജ്യമെന്നാണ്. ഇതെല്ലാം അഖണ്ഡ ഭാരതത്തിൽ പെട്ടിരുന്നുവെന്നു നേരത്തെ സൂചിപ്പിച്ചപോലെ  ഭാരതീയരുടെ നഷ്ടകാലസ്മരണകളിലും ചരിത്രത്തിലും മാത്രം. മതങ്ങൾ ഭാരതഭൂമിയെ പങ്കുവച്ചുകൊണ്ടിരിക്കുന്നു. 
ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയശേഷം   അർധരാത്രി ലോകം ഉറങ്ങിക്കിടക്കുമ്പോൾ രാഷ്ട്രത്തോടെ സംസാരിച്ച നെഹ്‌റു പറഞ്ഞു  ദീർഘകാലം മുമ്പ് നമ്മൾ വിധിയുമായി ഒരു സന്ധിയുണ്ടാക്കി. അതു  മുഴുവനായോ അല്ലെങ്കിലോ അതിന്റെ സാരാംശം ഉൾക്കൊണ്ടുകൊണ്ട് ആ പ്രതിജ്ഞ നിറവേറ്റാനുള്ള സമയം ഇതാ സമാഗതമായി. രാഷ്ട്രം അതിന്റെ ആത്മാവിനെ കണ്ടെത്തുന്നു.  അവസരങ്ങളുടെയും നേട്ടങ്ങളുടെയും കവാടം തുറക്കുന്നുവെന്ന് അദ്ദേഹം പ്രസംഗിച്ചു. ദാരിദ്ര്യവും, അവഗണയും, രോഗങ്ങളും അവസാനിപ്പിക്കുന്നതായിരിക്കണം രാഷ്ട്രസേവന ലക്‌ഷ്യം. വിമർശനങ്ങളും  പരസ്പര പഴിചാരലുകളും ഉപേക്ഷിച്ച് രാഷ്ട്രപുരോഗതിക്കായി ഓരോ പൗരനും കൈകോർക്കണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു. 
നെഹ്രുവിന്റെ പ്രസംഗത്തിനുശേഷം വർഷങ്ങൾ കഴിഞ്ഞു. പുതിയ നേതാക്കൾ എത്തി. നെഹ്‌റു മുന്നിൽവച്ച ആശയങ്ങളിൽ ഏതെങ്കിലും ഒന്നു പൂർണ്ണമായി  സാക്ഷാത്കരിച്ചോ.?  ഒരു സാധാരണമനുഷ്യന്റെ ചിന്തയിലൂടെ സഞ്ചരിക്കുമ്പോൾ നമുക്ക് കിട്ടുന്നത് നഷ്ടകണക്കുകൾ മാത്രം. അപ്പോൾ നമ്മൾ വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞുവെന്നു [പറയുന്ന വാക്കുകൾ ശരിയായല്ലോ എന്നു ദുഃഖിക്കുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകിയാൽ എന്തു  സംഭവിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം പറഞ്ഞ  വാക്കുകൾ ഇങ്ങനെ.. "അധികാരം വഷളന്മാരുടെയും, തെമ്മാടികളുടെയും, ദുഷ്ടന്മാരുടെയും, ചതിയന്മാരുടെയും, കവർച്ചകാരുടെയും കൈകളിലേക്ക്  പോകും. അവർ മധുരമായി സംസാരിക്കുന്ന ബുദ്ധിയില്ലാത്തവരായിരിക്കും. ഒന്നിനും കൊള്ളാത്തവരും കഴിവില്ലാത്തവരും (low calibre and men of straw)  ആണ് ഇന്ത്യാക്കാർ." അദ്ദേഹം ഇങ്ങനെകൂടി കൂട്ടിച്ചേർത്തു - ഇന്ത്യയെ ദൈവത്തിന്റെ കയ്യിൽ ഏൽപ്പിക്കുക, സാധാരണ ഭാഷയിൽ പറഞ്ഞാൽ തികഞ്ഞ അരാജകത്വത്തിലേക്ക്, ആ അരാജകത്വം ഹാനികരമായ യുദ്ധങ്ങളിലേക്ക് അനിയന്ത്രിതമായ കൊള്ളയടിക്കലുകളിലേക്കും നയിക്കും. നമ്മൾ കാണുന്ന വ്യാജ ഇന്ത്യയിൽ നിന്നും   ഒരു യഥാർത്ഥ ഇന്ത്യ ജനിക്കും.   ലക്ഷക്കണക്കിന് ആൾക്കാർ കൊല്ലപ്പെട്ട 1943 -ലെ ബംഗാൾ ക്ഷാമത്തിന് കരണക്കാരനായി പലരും ചർച്ചിലിനെ കരുതുന്നുണ്ട്. ഇന്ത്യയിലെ ഭക്ഷ്യധാന്യങ്ങൾ ബ്രിട്ടനിലേക്ക് കടത്തിയതായിരുന്നു ഇതിന്റെ കാരണം. എന്നാൽ പട്ടിണി ഇന്ത്യകാരുടെ തന്നെ കുറ്റമാണെന്നും ഇന്ത്യക്കാർ മുയലുകളെപ്പോലെ പെറ്റുപെരുകിയതിനാലാണ് പട്ടിണി ഉണ്ടായതെന്നും ചർച്ചിൽ പറഞ്ഞു. ഇന്ത്യയിൽ അദ്ദേഹത്തെ ഓർക്കുന്നത്, 1943 -ലെ ബംഗാൾ ക്ഷാമത്തിന് കാരണമായ വ്യക്തിയെന്ന നിലയിലാണ്. ആ ക്ഷാമത്തിന്റെ ഫലമായി ആധുനിക പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും രണ്ട് മുതൽ മൂന്ന് ദശലക്ഷം വരെ ആളുകളാണ് മരിച്ചത്.  മതം, ജാതി, ഉപജാതി, അനവധി ഭാഷകൾ, സംസ്കാരങ്ങൾ, ആചാരങ്ങൾ അതുമൂലമുള്ള വെറുപ്പ് വിദ്വേഷവുമായി കഴിയുന്ന ഒരു ജനത എങ്ങനെ ഒരു രാജ്യമായി സമാധാനത്തോടെ കഴിയുമെന്ന ചർച്ചിലിന്റെ ആശങ്ക അസ്ഥാനത്തല്ലെന്നു സ്വാതന്ത്ര്യം കിട്ടിയിട്ടും ഭാരതം തെളിയിച്ചുകൊണ്ടിരിക്കുന്നു. 
ഒരു പക്ഷെ  ഭാരതത്തിനു ശക്തമായ  ഭരണഘടന നിലവിലുള്ളതുകൊണ്ട് ചർച്ചിൽ ചിന്തിച്ചപ്പോലെ മുഴുവനായി ഭാരതം അധഃപതിക്കപ്പെട്ടിട്ടില്ല. ഭാരതം എന്റെ നാട് എന്ന പ്രതിജ്ഞ വിദ്യാർത്ഥികൾ എടുക്കുന്നത് പ്രയോഗികമാക്കണം. ഇപ്പോൾ മതം എല്ലാറ്റിലും മേലെയാകുന്നത് ശാന്തിയും സമാധാനവും തകർക്കാനാണ്.  നമ്മൾ ഭാരതീയർ, ഭാരതത്തിന്റെ ഐശ്വര്യം നമ്മുടെ എന്ന് ചിന്തിക്കാതെ എന്റെ മതം വലുത് അതിനായി  ജീവൻ ത്യജിക്കുമെന്ന അപകടകരമായ അവസ്ഥയുണ്ടാക്കരുത്. അല്ലെങ്കിലും വ്യത്യസ്തമതക്കാർ തമ്മിൽ തല്ലിചാകുമ്പോൾ അവർ വിശ്വസിക്കുന്ന ദൈവങ്ങൾ ആ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയ ചരിത്രമില്ല. പിന്നെന്തിനാണ് അങ്ങനെയുള്ള ദൈവങ്ങൾക്കുവേണ്ടി പട്ടിയെപ്പോലെ ചാവുന്നതും മറ്റുള്ളവരെ കൊല്ലുന്നതും.
ഇപ്പോൾ എഴുപത്തിയാറു വർഷങ്ങൾ കഴിഞ്ഞു പുറകോട്ടു നോക്കുമ്പോഴും നിലവിലുള്ള സാഹചര്യങ്ങളിലും വലിയ മാറ്റമില്ല. എന്തിനാണ് സ്വാതന്ത്ര്യം കിട്ടിയത്? ബ്രിട്ടീഷ് ഭരണത്തിനുമുമ്പ് അനവധി (565 നാട്ടുരാജ്യങ്ങൾ എന്ന് കാണുന്നു) രാജാക്കന്മാരും അവരുടെ ഭരണവും നിലനിന്നിരുന്നത് മാറി ഇപ്പോൾ രാഷ്ട്രീയ കക്ഷികൾ വന്നു. രാജാക്കന്മാർ തലമുറകളായി അധികാരം സ്ഥാപിച്ച് വന്നവരാണെങ്കിൽ രാഷ്ട്രീയക്കാരൻ മന്ത്രിയും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെയായി നമ്മളാൽ തിരഞ്ഞെടുക്കപ്പെട്ടു അധികാരത്തിൽ വരുന്നു.  ജനസേവനം എന്ന കള്ളനാണയം കാട്ടി അവരെല്ലാം ധനികരാകുന്നന്നതായി മാധ്യമങ്ങൾ അറിയിച്ചുകൊണ്ടിരിക്കുന്നുണ്ട്. 
പൊതുജനം ഓണം വന്നാലും ഉണ്ണി പിറന്നാലും  കോരന് കുമ്പിളിൽ കഞ്ഞി  എന്ന മട്ടിൽ കഴിയുന്നു. നേതാക്കളിൽ കുറച്ചുപേരൊക്കെ കഴിവും അർപ്പണബോധവുമുള്ളവരാകയാൽ ഭാരതം കുറെയൊക്കെ പുരോഗതി പ്രാപിച്ചു. പക്ഷെ പൂർണ്ണ സ്വരാജ് കൈവന്നിട്ടില്ല. അന്ന് ബ്രിട്ടീഷ്‌കാരന്റെ അടിമ ഇന്ന് രാഷ്ട്രീയക്കാരുടെ അടിമ. എന്തുകാര്യം നടക്കണമെങ്കിലും കൈക്കൂലി വേണമെന്ന നിർബന്ധം അത് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ബുദ്ധിമുട്ടിക്കൽ ചിലരൊക്കെ ആത്മഹത്യാ വരെ ചെയ്യുന്നു. സ്വന്തം ഭൂമിയിൽ കൃഷിചെയ്യാൻ പോലും കൈമടക്ക് കൊടുക്കേണ്ടിവരിക, വ്യവസായങ്ങൾ തുടങ്ങാൻ ഈ അഭിനവരാജാക്കന്മാരുടെ മുന്നിൽ അവർ തൃക്കൺ പാർക്കുന്നതിനായി കാത്തുനിൽക്കുക. ഇതിലും ഭേദം രാജ്യഭരണം എന്ന് ആർക്കെങ്കിലും തോന്നുന്നത് സ്വാഭാവികം. 
ബ്രിട്ടീഷ്കാർ ഭിന്നിപ്പിച്ച് ഭരിച്ചെങ്കിൽ ഇപ്പോൾ നമ്മുടെ നാട്ടിൽ പടർന്നു പിടിച്ചിരിക്കുന്ന ഒരു വ്യാധിയാണ് മതം. മതം ഒരു വ്യക്തിയുടെ വരണസ്വാതന്ത്ര്യമാണ്. അതു അയാൾ വീട്ടിൽ വയ്ക്കുകയാണ് ഉത്തമം. എന്റെ മതം നല്ലതെന്നു പ്രസംഗിക്കുകയും അതിലേക്ക് ആളെ കൂട്ടുകയും ചെയ്യുന്നത് രാഷ്ട്രത്തോട് ചെയ്യുന്ന ദ്രോഹമാണ്. ഭരണഘടന അതനുവദിക്കുന്നുവെന്നത് അത്ഭുതം. അനവധിപേർക്ക് ജീവഹാനിയും, മാനഹാനിയും, രാഷ്ട്രത്തിന്റെ കുറച്ചുഭാഗവും നഷ്ടപ്പെട്ടിട്ടും ആ മതം പഠിപ്പിക്കാൻ ധനസഹായം ചെയ്യുന്ന ഭരണാധികാരികൾ മരത്തിന്റെ തുമ്പത്തിരുന്നു കട മുറിക്കുന്ന ആളിന് തുല്യം. ഇത് പറയുന്നവനെ വർഗീയവാദി എന്ന് വിളിച്ച് തന്റെ വോട്ട് ബാങ്ക് ഭദ്രമാക്കി കഴിയുമ്പോൾ വരാൻ പോകുന്ന ഭവിഷ്യത്തുകൾ അവർ അറിയുന്നില്ല. ഇതിന്റെ സത്യാവസ്ഥയും കണ്ടുപിടിക്കേണ്ടത് ആവശ്യമാണ്. മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന അറിവും പൂർണ്ണമായി വിശ്വസിക്കാൻ കഴിയാതായിരിക്കുന്നു. 
നമ്മുടെ ഭരണഘടനയുടെ ആമുഖം  ദൈവത്തിന്റെ പേരില്‍ (In the name of God എന്നുള്ളത് മാറ്റി  ജനങ്ങളുടെ പേരില്‍ (We the people) എന്നാക്കിയിട്ടും മതം വിലങ്ങുതടിയായി വരുന്നത് കാണാം.മതത്തെ ഉള്‍ക്കൊണ്ടുള്ള മതേതരത്വമാണ് നമ്മുടേത്. ഭാരതത്തിന്റെ മണ്ണിൽ മതത്തിന്റെ പേരിൽ രക്തം വീണിട്ടുണ്ടോ? ജാതിയുടെ പേരിൽ ക്രൂരമായ കൊലപാതകങ്ങൾ നടന്നതായി കാണാവുന്നതാണ്.  വിഭജനകാലത്തെ ചരിത്രത്തിൽ നിന്നും അന്ന് നടന്ന കൂട്ടക്കൊലകളുടെ കഥകൾ കാണാം. ജനലക്ഷങ്ങളുടെ പലായനമാണ് നടന്നത്. ബലാൽസംഗവും കൊലയും, ആരെയും ഞെട്ടിപ്പിക്കുന്നവിധമുണ്ടായി. ഇത് മതത്തിന്റെ പേരിലായിരുന്നു എന്നോർക്കുമ്പോൾ എത്രയോ  സങ്കടം. വയലാറിന്റെ ഭാഷയിൽ പറഞ്ഞാൽ "അദ്വൈതം ജനിച്ച നാട്ടിൽ ആദിശങ്കരൻ ജനിച്ച നാട്ടിൽ ആയിരം ജാതികൾ ആയിരം മതങ്ങൾ." അവിടെ മതത്തിന്റെ പേരിൽ രക്തം ചീന്തുന്നു. ഋഷിമാരുടെ ശാന്തിമന്ത്രങ്ങൾ കൊലവിളികളിൽ ചോരമണത്തിൽ മറഞ്ഞുപോകുന്നു. 
ഇന്ത്യയെന്നും പാകിസ്ഥാൻ എന്നും രണ്ടു രാജ്യമായി വിഭജിക്കാൻ ബ്രിട്ടീഷ്കാർ കൊണ്ടുവന്ന സിറിൽ റാഡ്ക്ക്ലിഫിനു പ്രസ്തുത ദൗത്യം നിർവഹിക്കാൻ നൽകിയത് അഞ്ചു ആഴ്ചയായിരുന്നു. അദ്ദേഹത്തിനാണെങ്കിൽ ഇന്ത്യയെക്കുറിച്ച്  കാര്യമായ അറിവുണ്ടായിരുന്നില്ല. അദ്ദേഹം അതിർത്തികൾ നിശ്ചയിച്ച് വരച്ച വര റാഡ്ക്ലിഫ് രേഖ എന്നറിയപ്പെട്ടിരുന്നു.  ഇന്ത്യയുടെ സ്വാതന്ത്ര്യദിനം കരിപുരണ്ടതും കണ്ണീരും രക്തവും നിറഞ്ഞതുമാകുമായിരുന്നു. ജനങ്ങൾ സ്വാതന്ത്ര്യം സന്തോഷത്തോടെ ആഘോഷിച്ചോട്ടെ എന്ന് തീരുമാനിച്ച ബ്രിട്ടീഷ്കാർ ഭൂമിശാസ്ത്രപരമായ അതിർത്തിനിർണ്ണയം  അവസാനനിമിഷം വരെ രഹസ്യമാക്കിവച്ചു. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ പാകിസ്ഥാൻ എന്നും ഹിന്ദുസ്ഥാൻ (മതേതര ഭാഷയിൽ ഭാരതം) എന്നും പേരുള്ള രണ്ടു രാജ്യങ്ങളിലെ ജനങ്ങൾ അറിയുന്നു തങ്ങൾ  താമസിക്കുന്ന സ്ഥലം വേറെ രാജ്യമാണ്. എത്രയോ ഭയാനകം. അവർ അതറിയുന്നത് സ്വാതന്ത്ര്യദിനത്തിന്റെ     രണ്ടാം ദിവസമാണ്.  അപ്പോഴേക്കും അവർ നിന്ന മണ്ണ് അവരുടെ കാൽക്കീഴിൽ നിന്നും  ഒഴുകിപോയിരുന്നു.പിന്നെ നടന്നത് ഭീകരമായ കൊലപാതകങ്ങൾ. രക്തപ്പുഴകൾ ഒഴുകി. 
വിഭജനത്തിന്റെ പേരിൽ ജീവിതം ഹോമിക്കപ്പെട്ട നിരപരാധികളുടെ വിധിയിൽ ദുഃഖം പൂണ്ടു റാഡ്ക്ലിഫ് അദ്ദേഹം  നിർവഹിച്ച സേവനത്തിനു  ബ്രിട്ടീഷ് സർക്കാർ നൽകിയ വേതനം നാൽപ്പതിനായിരം രൂപ (മുവ്വായിരം പൗണ്ട്) സ്വീകരിച്ചില്ല. ‘ഒരു വെടിയുണ്ട പോലും പൊഴിക്കാതെ നേടിയ സ്വാതന്ത്ര്യം, ഒരു തുള്ളി ചോരപോലും വീഴ്ത്താതെ നേടിയ സ്വാതന്ത്ര്യം തികച്ചും അഹിംസാമാർഗ്ഗത്തിലൂടെ നേടിയ സ്വാതന്ത്ര്യ"മെന്നൊക്കെ പ്രസംഗിക്കുന്നതുകേട്ട് അഭിമാനം കൊള്ളുന്നവർ ചരിതം പഠിക്കേണ്ടിയിരിക്കുന്നു. രക്തച്ചൊരിച്ചിലുകൾ അധികമില്ലാതെയെങ്കിലും അനവധി പേരുടെ ജീവൻ ബലികഴിച്ച് നേടിയ    സ്വാതന്ത്ര്യം,  സ്വാതന്ത്ര്യാനന്തരം ചോര പുഴ ഒഴുക്കിയ  രാജ്യം നമ്മുടെ  ഭാരതമായിരിക്കും.
ബ്രിട്ടീഷ്കാർ പരിഹസിച്ച നമ്മുടെ വിശ്വാസങ്ങളും, ആചാരങ്ങളും നമ്മൾ നവീകരിച്ചു. ജനങ്ങളെ പ്രബുദ്ധരാക്കാൻ നവോത്ഥാനനായകർ വന്നു ജനങ്ങൾ ബോധവത്കരിക്കപ്പെട്ടു. ഇതൊക്കെ സാധ്യമായത് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതുകൊണ്ടാണ്. പക്ഷെ അപകടകരമായ അവസ്ഥ സ്വാര്ഥതാല്പര്യമുള്ളവർ വീണ്ടും ജനങ്ങളെ ഭിന്നിപ്പിക്കാൻ  ശ്രമിക്കുന്നുവെന്നാണ്. അതിനായി അവർ കണ്ടെത്തുന്ന ആയുധം മതമാണ്. അത് മനസ്സിലാക്കി അതിനെതിരെ പോരാടാൻ ശ്രമിക്കുമ്പോൾ അതു  വർഗീയതയാണെന്ന പൊതുബോധം സൃഷ്ടിച്ച് സാഹചര്യങ്ങളെ സ്വയം ലാഭത്തിനായി ഉപയോഗിക്കുന്നു ചിലർ. എല്ലാവരും അറിവ് നേടാൻ ശ്രമിക്കുകയാണ് വേണ്ടത്. ജ്ഞാനമില്ലാത്തവൻ വഞ്ചിക്കപ്പെടും. അവൻ  സമൂഹത്തിനു മുഴുവൻ ഭീഷണയാണ്. വാണിജ്യം, വ്യവസായം, വിദ്യാഭ്യാസം, ഗണിതം, വൈദ്യം, തത്വശാസ്ത്രം, ദര്‍ശനം തുടങ്ങിയ എല്ലാ കാര്യങ്ങളിലും ഭാരതം മുൻപന്തിയിലായിരുന്നു. ബ്രിട്ടീഷ്ഭരണത്തിൻ കീഴിൽ നമ്മുടെ കഴിവുകൾ വികസിപ്പിക്കാൻ കഴിഞ്ഞില്ല തന്നെയുമല്ല നമ്മളെ അവർ കൊള്ളയടിച്ചു  ദരിദ്രരാക്കി. സ്വന്തം കീശവീർപ്പിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ കക്ഷികളാണ് ഇപ്പോൾ ബ്രിട്ടീഷ്കാരെപോലെ നമുക്ക് അനുഭവപ്പെടുക. ഒരു പൗരൻ എന്ന നിലക്കുള്ള നമ്മുടെ എല്ലാ അവകാശങ്ങളും ഈ കറുത്ത സായിപ്പന്മാരുടെ മുന്നിൽ അടിയറവയ്ക്കുക സുഖമുള്ള കാര്യമല്ല. ആ അവസ്ഥ നിർത്തലാക്കാൻ  ജനം ഒന്നാകണം. 
നമ്മൾ മനസ്സിലാക്കുന്നത് രാഷ്ട്രീയകക്ഷികൾ  ഇപ്പോൾ നാട്ടുരാജാക്കന്മാരെപോലെ പരസ്പരം പടവെട്ടുന്നതായിട്ടാണ്. അതിൽ പെട്ട് ജനം കഷ്ടത അനുഭവിക്കുന്നു. എന്നാൽ ജനങ്ങൾക്ക് ആശ്വസിക്കാം അവർ പ്രജകളല്ല ഈ രാഷ്ട്രീയക്കാരെ അധികാരത്തിൽ കയറ്റിയത് അവരാണ്. അതേപോലെ അവരെ ഇറക്കാൻ സാമർഥ്യം നേടുക. ഒരു പുതിയ ഇന്ത്യ ഉണ്ടാക്കാൻ ശ്രമിക്കുക. ജനങ്ങളുടെ ഗവണ്മെന്റ്, ജനങ്ങൾക്ക് വേണ്ടിയുള്ള ഗവണ്മെന്റ്, ജനങ്ങളാൽ ഉള്ള ഗവണ്മെന്റ് എന്ന നിർവ്വചനം അന്വർത്ഥമാക്കുക. ജയ്  ഹിന്ദ് !
ശുഭം 

 

Join WhatsApp News
Abdul Punnayurkulam 2023-08-15 17:49:29
Sudheer, you are asking many valid questions, but where are the answers? Do we have to conclude Winston Churchill's comment is write? If we do, it's a shame for us. Let me quote your quote: മതം, ജാതി, ഉപജാതി, അനവധി ഭാ ഷകൾ, സംസ്കാരങ്ങൾ, ആചാരങ്ങൾ അതുമൂലമുള്ള വെറുപ്പ് വിദ്വേഷവുമായി കഴിയുന്ന ഒരു ജനത എങ്ങനെ ഒരു രാജ്യമായി സമാധാനത്തോടെ കഴിയുമെന്ന ചർച്ചിലിന്റെ ആശങ്ക അസ്ഥാനത്തല്ലെന്നു സ്വാതന്ത്ര്യം കിട്ടിയിട്ടും ഭാരതം തെളിയിച്ചുകൊണ്ടിരിക്കുന്നു. 
Jayan varghese 2023-08-15 22:59:24
രാക്ഷസന്മാരിൽ നിന്ന് ഭരണം രാജാക്കന്മാർക്ക് കിട്ടി. രാജാക്കന്മാരിൽ നിന്ന് ഭരണം രാഷ്ട്രീയക്കാർക്ക് കിട്ടി. രാഷ്ട്രീയക്കാരിൽ നിന്ന് ഭരണം കോർപ്പറേറ്റുകൾക്ക് കിട്ടി. ഇന്ന് ലോകം ഭരിക്കുന്നത് കോർപ്പറേറ്റുകളാണ്. അവരിൽ നിന്ന് കമ്മീഷൻ കൈപ്പറ്റി അവരെ ന്യായീകരിക്കുവാനും അവർക്കു കപ്പം കൊടുപ്പിക്കുവാനും വേണ്ടി നല്ല വേഷത്തിൽ വന്ന് നല്ല ഭക്ഷണം കഴിച്ച് നല്ല കാര്യങ്ങൾ പറഞ്ഞ് നമ്മളെ വ്യാമോഹിപ്പിക്കുന്ന ലോബിയിസ്റ്റുകൾ മാത്രമാണ് ഇന്ന് ഭരണ കൂടങ്ങൾ. ജയൻ വർഗീസ്.
G. Puthenkurishu 2023-08-17 00:00:37
ഭാരതം സ്വാതന്ത്ര്യ ദിനം തിമിർക്കുമ്പോൾ, സത്യത്തിൽ ഭാരത ജനതയുടെ കാലുകൾ അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകളിൽ ഇന്നും ബന്ധിതമാണെന്ന് സുധീർ വളരെ വ്യക്തമായി ഈ ലേഖനത്തിലൂടെ കാര്യകാരണ സഹിതം വെളിപ്പെടുത്തുന്നു. ജയൻ വറുഗീസ് എഴുതിയിരിക്കുന്നതുപോലെ, കൊള്ളക്കാരിൽ നിന്ന് കൊള്ളക്കാരിലേക്കുള്ള കൈമാറ്റം ആയിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യം. ഷൊലം അലൈക്കുമിന്റെ വാക്കുകളെ , “Life is a dream for the wise, a game for the fool, a comedy for the rich, a tragedy for the poor.”, ഒന്ന് പരാവർത്തനം ചെയ്യതാൽ, ഇന്ത്യയിലെ ഇന്നത്തെ ജനജീവിതത്തിന്റെ ഒരു നേർകാഴ്ചയായിരിക്കുമത്. ചിന്തോദീപകമായ സുധീറിന്റെ ലേഖനത്തിന് അഭിനന്ദനം.
Sudhir Panikkaveetil 2023-08-17 13:18:07
പ്രതികരിച്ച പ്രിയ സുമനസ്സുകൾക്ക് നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക