Image

ഔചിത്യം ഇല്ലാത്ത മലയാളികൾ (നടപ്പാതയിൽ ഇന്ന്- 92: ബാബു പാറയ്ക്കൽ)

Published on 18 August, 2023
ഔചിത്യം ഇല്ലാത്ത മലയാളികൾ (നടപ്പാതയിൽ ഇന്ന്- 92: ബാബു പാറയ്ക്കൽ)

ആദരണീയനായ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചപ്പോൾ സിനിമാ നടൻ വിനായകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത അഭിപ്രായം കണ്ടപ്പോൾ വിവരമുള്ളവർ ഒന്നാകെ പറഞ്ഞു, "ഔചിത്യമില്ലാത്തവൻ!" അതിനെ അനുകൂലിച്ചു കൊണ്ട് പിന്നീട് നവാഗതരായ ഒന്നോ രണ്ടോ നടന്മാർ കൂടി രംഗത്ത് വന്നു. നമ്മിൽ ചിലരെങ്കിലും ഔചിത്യമില്ലാതെ പല അവസരങ്ങളിലും പ്രവർത്തിക്കാറുണ്ട്. 

കഴിഞ്ഞയിടെ ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയിൽ ലാൻഡിംഗ് സമയത്തു വിമാനം റൺവേയിൽ തൊട്ടു കഴിഞ്ഞപ്പോൾ തന്നെ സീറ്റ് ബെൽറ്റ് ഊരി മാറ്റുന്ന മലയാളികൾ വളരെയായിരുന്നു. എയർ ഹോസ്റ്റസ് അവരുടെ സീറ്റിലിരുന്നു കൊണ്ട് തന്നെ അവരോടു സീറ്റ് ബെൽറ്റ് ധരിക്കുവാൻ നിർദ്ദേശിക്കുന്നുണ്ടായിരുന്നു. ആര് കേൾക്കാൻ! ബെൽറ്റ് അഴിച്ചു മാറ്റി എഴുന്നേൽക്കുക മാത്രമല്ല, വിമാനം നിൽക്കുന്നതിനു മുൻപ് തന്നെ തലയ്ക്കു മുകളിലുള്ള ഡ്രോയിൽ നിന്നും ബാഗുകൾ വലിച്ചെടുക്കാൻ പോലും ശ്രമിക്കുകയാണ്. പല രാജ്യങ്ങളിലും യാത്ര ചെയ്‌തിട്ടുള്ള എനിക്ക് കേരളത്തിൽ മാത്രമേ ഈ ഔചിത്യമില്ലായ്‌മ കാണുവാൻ കഴിഞ്ഞിട്ടുള്ളൂ. സ്വന്തം സുരക്ഷ മാത്രമല്ല അടുത്തിരിക്കുന്ന യാത്രക്കാരന്റെ സുരക്ഷയും ഒരു അടിയന്തിര സാഹചചര്യമുണ്ടായാൽ അപകടത്തിലാകുമെന്നവർ ചിന്തിക്കുന്നില്ല.

ചിലപ്പോൾ ഔചിത്യമില്ലാത്ത നമ്മുടെ ചില പ്രവൃത്തികൾ മറ്റുള്ളവർക്ക് എത്രമാത്രം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്ന് നാം മനസ്സിലാക്കുന്നില്ലെന്നതാണ് സത്യം. ഏതാനും ആഴ്ചകൾക്കു മുൻപ് എൻറെ ഒരു സുഹൃത്ത് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയായിരുന്നു. അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റി. സന്ദർശകരെ അനുവദിച്ചിരുന്നില്ല. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ നില വളരെയധികം വഷളായി. ഡോക്‌ടർമാർ 'ഇനിയൊന്നും ചെയ്യാനില്ല. ആർക്കെങ്കിലും കാണണമെങ്കിൽ കണ്ടോട്ടെ' എന്ന് പറഞ്ഞു കഴിഞ്ഞപ്പോൾ ഹൃദയം തകർന്ന അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അതിനു സമ്മതിച്ചു. ഒരു ദിവസം കൂടി കഴിഞ്ഞപ്പോൾ ഇനിയും വെന്റിലേറ്ററിൽ തുടരുന്നതിന്‌ അർത്ഥമില്ലെന്നും അതുകൊണ്ടു വെന്റിലേറ്റർ മാറ്റി അദ്ദേഹത്തെ സുഗമമായി പോകാൻ അനുവദിക്കുന്നതാണ് നല്ലതെന്നു പറഞ്ഞു. കുടുംബാംഗങ്ങൾ അതേപ്പറ്റി ചർച്ച ചെയ്‌തു. യാഥാർഥ്യം അംഗീകരിച്ചല്ലേ പറ്റൂ! അവർ അതിന്റെ സമയവും തീയതിയും ഏതാകണമെന്നാലോചിച്ചു. തീരുമാനമായില്ല. അന്ന് ഏതാണ്ട് നാലു മണിയോടെ അവിടെയെത്തിയ 'സാമൂഹ്യ നേതാക്കളായ' ചിലർ അദ്ദേഹത്തിന്റെ കിടക്കയ്ക്കരുകിൽ നിന്നുകൊണ്ട് സംസാരിക്കയാണ്. 
ഒരാൾ പറഞ്ഞു, "വെന്റിലേറ്റർ എടുക്കുകാണെന്നാ പറഞ്ഞത്?"
അടുത്ത് നിന്ന ആൾ: "ഇന്നു തന്നെ വൈകിട്ട് എടുത്തേക്കുമെന്നാ കേട്ടത്!"
ആദ്യത്തെ ആൾ: "ങ്ഹാ, അതായിരിക്കും നല്ലത്. ഇന്നെടുത്താൽ വെള്ളിയാഴ്ച്ച വേയ്ക്കും ശനിയാഴ്ച്ച അടക്കവും നടത്താമല്ലോ."
രണ്ടാമൻ: "…….. ഫ്യൂണറൽ ഹോമിൽ തന്നെയായിരിക്കും, അല്ലേ?"
ഒന്നാമൻ: "ഇപ്പോൾ മലയാളികൾ എല്ലാം അവിടെയല്ലേ നടത്തുന്നത്. അവിടെയാകുമ്പോൾ നല്ല സൗകര്യമുണ്ട്."
രണ്ടാമൻ: "പുള്ളി നല്ല ഒരു മനുഷ്യനാരുന്നു കേട്ടോ? അൽപ്പം വെള്ളമടി ഒക്കെ ഉണ്ടാരുന്നെന്നു മാത്രം."
ഒന്നാമൻ: “അല്പമൊന്നുമല്ല, നല്ലപോലെ വീശുമാരുന്നു."
ഈ സംഭാഷണം കേട്ടുകൊണ്ട് അദ്ദേഹത്തിന്റെ മലയാളം അറിയാത്ത മകൻ (അല്പമൊക്കെ മനസ്സിലാകും എന്ന് മാത്രം) അടുത്തൊരു കസേരയിൽ ഇരിപ്പുണ്ടായിരുന്നു. അപ്പന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയിട്ടാണോ എന്നറിയില്ല അവൻ എഴുന്നേറ്റു വന്ന് അദ്ദേഹത്തിന്റെ മുഖം ഒരു നാപ്‌കിൻ എടുത്തു തുടച്ചു. അവന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. വിതുമ്പുന്ന ശബ്‌ദത്തോടെ  അവൻ  പറഞ്ഞു, "അങ്കിൾ, വിസിറ്റിംഗ് ടൈം ഈസ് ഓവർ. പ്ളീസ് ലീവ്." അത് കഴിഞ്ഞു രണ്ടാഴ്ച്ചയ്ക്കു ശേഷമാണ് അദ്ദേഹം മരിച്ചത്. 
എനിക്ക് പരിചയമുള്ള ഒരു ഡോക്ടറോട് ഞാൻ ഇതേപ്പറ്റി ചോദിച്ചു. വെന്റിലേറ്ററിൽ കിടക്കുന്ന ഒരാൾക്ക് നാം അടുത്ത് നിന്ന് സംസാരിക്കുന്നതു കേൾക്കാൻ സാധിക്കുമോ എന്നാണെനിക്കറിയേണ്ടിയിരുന്നത്. അദ്ദേഹം പറഞ്ഞത് സാധാരണ രീതിയിൽ സാധ്യത ഇല്ലെങ്കിലും ചില കേസുകളിൽ മോഡ് (Mode) അനുസരിച്ച്‌ വെന്റിലേറ്ററിൽ കിടക്കുന്ന രോഗിക്ക് കേൾക്കാൻ സാധിക്കും. പക്ഷേ, പ്രതികരിക്കാനുള്ള കഴിവുണ്ടാകയില്ല എന്നാണ്. 
ആ രോഗി മരിക്കാറായെന്നുള്ളത് സത്യമാണെങ്കിലും ആ കുടുംബത്തിന്റെയും അദ്ദേഹത്തിന്റെയും സ്വകാര്യത സൂക്ഷിക്കാൻ നാം ബാധ്യസ്ഥരാണെന്നുള്ള കാര്യം നാം മറക്കുന്നു. ഇത് ഔചിത്യമില്ലായ്മ തന്നെയാണ്. അദ്ദേഹം മരിക്കുമ്പോൾ മരിക്കട്ടെ. അവിടെ നിന്ന് ഇതെല്ലാം വിളമ്പാൻ പോകണോ? വെളിയിൽ ഇറങ്ങുമ്പോൾ സംസാരിച്ചാൽ പോരേ?

അതുപോലെയാണ് നാണമില്ലാത്ത ചില നേതാക്കന്മാരുടെ പ്രവൃത്തികൾ. ഈയിടെ നാട്ടിൽ നിന്നും വന്ന ഒരു വി ഐ പി എയർപോർട്ടിൽ ലാൻഡ് ചെയ്‌തു. സ്വീകരിക്കാനായി സ്പോൺസർ ചെയ്‌തു ടിക്കറ്റ് കൊടുത്തു കൊണ്ടുവരുന്ന ആൾ ഒരു ബൊക്കെയുമായി അവിടെ കാത്തു നിന്നു. ഏതാനും നിമിഷങ്ങൾക്കകം മറ്റു ചിലർ അറിഞ്ഞു കേട്ട് അവിടെയെത്തി. വി ഐ പി വന്നപ്പോൾ സ്വീകരിച്ചു കൂടെ നിന്ന് ഫോട്ടോ എടുക്കുന്ന രംഗമായി. ഏതാണ്ട് പത്തു പതിനഞ്ചു പേർ! അഞ്ചു പൈസ പോലും ഇക്കാര്യത്തിൽ മുടക്കിയിട്ടില്ലാത്ത ഒരു നേതാവ് അവിടെയെത്തി ഇടിച്ചു കയറി നടുക്ക് വി ഐ പി യുടെ അടുത്തു കയറി നിലയുറപ്പിച്ചു. പലരും ആ സ്ഥാനത്തിനു വേണ്ടി മത്സരിച്ചെങ്കിലും അണുവിട മാറാതെ അദ്ദേഹം അവിടെത്തന്നെ നിന്നു. ഒടുവിൽ സ്പോസർ ചെയ്‌ത ആൾ പുറത്തായി! ഇത് നമ്മുടെ പല ആഘോഷങ്ങളിലും സ്ഥിരം പരിപാടിയായി കാണാറുണ്ട്.

മറ്റൊരവസരത്തിൽ ഒരു പുസ്തക പ്രകാശനമാണ്. നാട്ടിൽ നിന്നും വന്ന പ്രശസ്തനായ ഒരു സാഹിത്യകാരനാണ് പ്രകാശനം ചെയ്യാനായി സ്റ്റേജിൽ ഇരിക്കുന്നത്. സദസ്സിൽ ക്ഷണിച്ചു വന്നിട്ടുള്ള നിരവധി സാഹിത്യ സ്നേഹികൾ. എം സി യായി വന്നയാൾ അദ്ദേഹം വിശ്വസിക്കുന്ന കാലഹരണപ്പെട്ട വരട്ടു തത്വ ശാസ്ത്രത്തിന്റെ മഹത്വം വിശദീകരിക്കുകയും കേരള രാഷ്ട്രീയത്തിൽ അവർ നടപ്പാക്കുന്ന മഹത്തായ കാര്യങ്ങളെപ്പറ്റി പറയുകയും ഒപ്പം തന്നെ കേരളത്തിലെ 'മാപ്ര'കളുടെ സഹകരണമില്ലായ്‌മയെപ്പറ്റി സൂചിപ്പിക്കയും ചെയ്‌തുകൊണ്ട്‌ യാതൊരു ഔചിത്യവുമില്ലാതെ വേദിയിലും സദസ്സിലും ഇരിക്കുന്ന സർവ്വരുടേയും ക്ഷമയെ പരീക്ഷിച്ചു കൊണ്ട് നീണ്ട സമയം സംസാരിച്ചുകൊണ്ടേയിരുന്നു. ഇതേപ്പറ്റി പിന്നീട് ആ സമ്മേളനത്തിൽ സംബന്ധിച്ച ഒരാൾ പറഞ്ഞത്, “എം സി ആകുന്ന ആൾ എം സി യുടെ പണി ചെയ്‌താൽ പോരേ? നാട്ടിൽ പറയും, കൊച്ചിനെയെടുക്കാൻ പറഞ്ഞാൽ കൊച്ചിനെ എടുത്താൽ പോരേ ………………?" എന്ന്. 

ഇനി എന്നാണാവോ നാം മറ്റുള്ളവരുടെ സ്വകാര്യതയെയും സമയത്തെയും ബഹുമാനിക്കാൻ പഠിക്കുക?
______________

Join WhatsApp News
Abdul Punnayurkulam 2023-08-18 18:18:31
Regarding privacy and respect, people must have to consider to whom they are talking, place, time and situation, etc.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക