Image

സത്യൻ അന്തിക്കാട്: 'സത്യ'സന്ധമായ സെല്ലുലോയ്ഡ് കാവ്യങ്ങൾ! (വിജയ് സി. എച്ച്)

Published on 27 August, 2023
സത്യൻ അന്തിക്കാട്: 'സത്യ'സന്ധമായ സെല്ലുലോയ്ഡ് കാവ്യങ്ങൾ! (വിജയ് സി. എച്ച്)

1982-ലെ 'കുറുക്കൻ്റെ കല്യാണം' മുതൽ 2022-ലെ 'മകൾ' വരെയുള്ള പത്തറുപതു പടങ്ങളിൽ ജീവിതഗന്ധിയായ വിഷയങ്ങളും, ഗൗരവമേറിയ സാമൂഹിക പ്രശ്നങ്ങളും, നിഷ്കളങ്കമായ ഹാസ്യവും ചിത്രീകരിച്ചു പ്രേക്ഷക ഹൃദയങ്ങളിൽ കയറിയിരിപ്പായ പ്രശസ്ത ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാടിനോടു സംസാരിക്കുകയെന്നാൽ സൗകര്യത്തിൽ അങ്ങനെ ഇരുന്നു മലയാള സിനിമയുടെ ഒരു റിട്രോസ്പെക്റ്റീവ് കാണുന്നതിനു സമാനം.
അനന്തപുരിയിലെ 75 ഏക്കർ വിസ്തീർണമുള്ള ചിത്രാഞ്ജലി ചലച്ചിത്രനിർമ്മാണ സമുച്ചയം സംസ്ഥാനത്തിൻ്റെ സാംസ്കാരിക തലസ്ഥാനത്തുള്ള അന്തിക്കാട്ടേയ്ക്കു പറിച്ചു നടുന്നതാണ് ഉചിതമെന്നു സത്യനോടു സംസാരിക്കുന്നയാൾ ഒരുവേള ചിന്തിച്ചിട്ടുണ്ടെങ്കിൽ അതു സ്വാഭാവികം!


സംവിധായകൻ്റെ വാക്കുകളിലൂടെ... 
🟥 ഇഷ്ട സിനിമയുടെ വ്യാകരണം
നന്മനിറഞ്ഞൊരു കുടുംബ ജീവിതത്തിനു യോജിക്കാത്തതായി ഒന്നും പറയില്ല, കാണിക്കില്ല, സൂചിപ്പിക്കുക പോലുമില്ല. അവസാനം ഒരു സന്ദേശവും വേണം. നമ്മുടെ പരിസരങ്ങളിൽനിന്നു തന്നെ കണ്ടെത്തിയ സ്വാഭാവികമായ കഥാപാത്രങ്ങളുമാകണം. ഇതൊക്കെയാണ് എൻ്റെ ഇഷ്ട സിനിമയുടെ ഏകദേശ വ്യാകരണം. ഞാനൊരു ഇടത്തരം കുടുംബത്തിൽ ജനിച്ചുവളർന്ന ആളാണ്. സാധാരണക്കാരൻ്റെ പ്രശ്നങ്ങളാണ് എനിയ്ക്കു കൂടുതൽ മനസ്സിലാകുന്നത്. വിദേശ നോവലുകളും അവയുടെ നാടൻ വിവർത്തനങ്ങളും, മലയാളിയ്ക്കു മനസ്സിലാവാത്ത അവയിലെ കഥാപാത്രങ്ങളും എൻ്റെ കേൻവാസിൽ കാണില്ല. മൊഴിമാറ്റം ചെയ്ത മറ്റു ഇന്ത്യൻ ഭാഷകളിലെ പുസ്തകങ്ങളിലേയ്ക്കും ഞാൻ കേമറ തിരിച്ചിട്ടില്ല. നമ്മുടെ പ്രേക്ഷകർ എന്നിൽനിന്നു പ്രതീക്ഷിക്കുന്നതും നാടൻ വിഷയങ്ങളാണ്. 'ടി.പി.ബാലഗോപാലൻ എം.എ'-യും, 'സന്മനസ്സുള്ളവർക്കു സമാധാന'വും, 'ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റും' ആരംഭകാലത്തെ ചില ഉദാഹരണങ്ങളാണ്. 'വരവേൽപ്പ്', 'സന്ദേശം' മുതലായവ നാട്ടിലെ സമകാലിക സംഭവങ്ങളുടെ ആവിഷ്ക്കാരങ്ങളുമായിരുന്നു. ഞാൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'കൊച്ചു കൊച്ചു സന്തോഷങ്ങ'ളും 'രസതന്ത്ര'വും അതുപോലെയുള്ള മറ്റു പടങ്ങളും തന്നെയാണ് എൻ്റെ ചലച്ചിത്ര ഭാഷയുടെയും അതിൻ്റെ വ്യാകരണത്തിൻ്റെയും സാക്ഷ്യപത്രങ്ങൾ!


🟥 പ്രാദേശീകത പരിമിതിയല്ലേ?
അതെ, പ്രാദേശീകത ഒരു പരിമിതിയാണ്. ദേശീയ തലത്തിലുള്ള പ്രേക്ഷകർക്കു വേണ്ടി സിനിമകളൊന്നും ചെയ്യാൻ കഴിയാത്തതിൽ ഖേദമുണ്ട്. അതിനു കാരണം, എനിയ്ക്ക് ഏറ്റവും നന്നായി ചെയ്യാൻ സാധിക്കുന്നത് എനിയ്ക്കു നേരിട്ടറിയാവുന്ന വിഷയങ്ങളാണ്. എനിയ്ക്കു ചുറ്റും നടക്കുന്ന, അല്ലങ്കിൽ കേരള ജനതയുടെ ജീവിതവും അവരോടു നേരിട്ടു ബന്ധപ്പെട്ട കാര്യങ്ങളുമാണ് എനിയ്ക്കു പൊടുന്നനെ ഗ്രഹിക്കാൻ സാധ്യമാകുന്നത്. മികച്ച സംവിധാനത്തിനും, കഥയ്ക്കും, പടത്തിനുമുള്ള സംസ്ഥാന പുരസ്കാരങ്ങളാണ് അധികം നേടിയതെങ്കിലും, ഒരു ദേശീയ അവാർഡും മൂന്നു ഫിലീംഫെയർ അവാർഡുകളും നേടിയിട്ടുണ്ട്. ഞാൻ എഴുതി സംവിധാനം ചെയ്ത 'കൊച്ചു കൊച്ചു സന്തോഷങ്ങൾ' 2001-ൽ മികച്ച മലയാളം പടത്തിനുള്ള ദേശീയ പുരസ്കാരം നേടി.


🟥 സംവിധായകൻ എന്ന നിലയിലെ നേട്ടം
എഴുപതുകളിലെ തീപ്പൊരിയായിരുന്ന സുകുമാരൻ മുതൽ, മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും, ജയറാമും മകൻ കാളിദാസനും വരെയുള്ള നായകന്മാർക്കും, അറുപതുകളിലെ താരം ഷീല മുതൽ ഇന്നിൻ്റെ നാഡിമിടിപ്പ് അമലാ പോൾ വരെയുള്ള നായികമാർക്കും കേമറക്കു മുന്നിൽ നിർദ്ദേശങ്ങൾ നൽകുവാൻ സാധിച്ചു!


🟥 സത്യൻ-ശ്രീനിവാസൻ കൂട്ടുകെട്ട്
ഞാൻ സംവിധാനം ചെയ്യുന്നു, ശ്രീനിവാസൻ എഴുതുകയും അഭിനയിക്കുകയും ചെയ്യുന്നു. സാമൂഹികമായി ഞങ്ങളുടെ കുടുംബപശ്ചാത്തലം ഒരുപോലെയാണ്. അതുകൊണ്ട് പലകാര്യങ്ങളിലും ഞങ്ങൾക്ക് ഒരുപോലെ ചിന്തിക്കാൻ കഴിയുന്നുണ്ട്. ഞങ്ങളുടെ തിരക്കഥകളിൽ നർമ്മമാണ് പൊതുവായുള്ളത്. പുതിയ പ്രോജക്റ്റുകൾക്കായുള്ള തിരക്കഥകളുടെ കാര്യത്തിലും ഈ സമചിന്തകൾ വളരെ സഹായകരമാണ്. എല്ലാം ഞങ്ങൾ ഒരുമിച്ചു ചർച്ചചെയ്തു തീരുമാനിക്കുന്നു. 'നാടോടിക്കാറ്റ്', 'പട്ടണപ്രവേശം', 'സന്ദേശം', 'വരവേൽപ്പ്', 'തലയണമന്ത്രം', 'നരേന്ദ്രൻ മകൻ ജയകാന്തൻ വക' മുതലായ പടങ്ങളുടെ വിജയകാരണം ഈ യോജിപ്പാണ്.


🟥 കോവിഡു മാറ്റിമറിച്ച മലയാള സിനിമ
പ്രശസ്ത സംവിധായകൻ പി. ചന്ദ്രകുമാറിൻ്റെ 'അഗ്നി പർവതം' (1979) എന്ന പടത്തിൻ്റെ സഹസംവിധായകനായി രംഗത്തെത്തിയതു മുതൽ ഞാൻ സിനിമയിൽ സജീവമാണ്. നാൽപ്പത്തിനാലു വർഷമായി ഇവിടെയുണ്ട്. എന്നാൽ, ചലച്ചിത്ര നിർമ്മാണവും അതിൻ്റെ പ്രദർശനവും മുന്നെയൊരിക്കലും കേട്ടുകേൾവിയില്ലാത്ത വെല്ലുവിളികളാണ് കോവിഡു കാലത്ത് നേരിട്ടത്. പുതിയ പ്രോജക്റ്റുകളൊക്കെ സാധാരണ രീതിയിലായി വരുന്നതേയുള്ളൂ. മഹാമാരിക്കാലത്തു ശീലിച്ച ചില സംഗതികൾ കോവിഡാനന്തര നാളുകളിലും തുടർന്നു പോരുന്നു. എല്ലാവരെയും തിയേറ്ററുകളിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ ഇതുവരെയും സാധിച്ചിട്ടില്ല. രണ്ടുമൂന്നു വർഷം പുറത്തിറങ്ങാതെ ജീവിച്ചപ്പോൾ, അതൊരു ശീലമായി മാറി. ഭവനത്തിലിരുന്നുള്ള സിനിമ കാണലും മറ്റും നമ്മുടെ ജീവിത രീതിയിലേയ്ക്കു പ്രവേശിച്ചു. പക്ഷേ, ഒടിടി പ്ലേറ്റുഫോം (OTT: 'Over-the-Top' media service) തിയേറ്ററുകൾക്ക് പകരമാവില്ല. കോവിഡിൽ നിന്നു മുക്തിനേടി, തീയേറ്ററുകൾ ഉടനെ തുറക്കാൻ സാധ്യതയില്ലെന്ന ആശങ്കയിലാണ് സിനിമാ റിലീസും പ്രദർശനവും ഒടിടി പ്ലേറ്റുഫോമിലേക്കു മാറ്റിയത്. അങ്ങനെ ഏതെങ്കിലുമൊരു പ്ലേറ്റുഫോമിൻ്റെ വരിക്കാരായി, വീട്ടിലിരുന്നു ഇൻ്റർനെറ്റുവഴി പുതിയ സിനിമകൾ നാം കണ്ടു തുടങ്ങി. എന്നാൽ, ഒടിടി-യ്ക്കു ഒരുപാടു പരിമിതികളും പ്രതിബന്ധങ്ങളുമുണ്ട്. പോസ്റ്റർ ഡിസൈൻ മുതൽ ചിത്രീകരണ രീതി വരെ സ്വകാര്യ പ്ലേറ്റുഫോം ഉടമസ്ഥരുടെ നിയന്ത്രണത്തിലാണു നടക്കുക. ആർട്ടിസ്റ്റ് വാല്യൂ, ബിഗ് ബജറ്റ്-സ്മാൾ ബജറ്റ് മുതലായ കാര്യങ്ങളൊക്കെ സ്വീകാര്യമാണെങ്കിൽ മാത്രമേ അവർ പടം എടുക്കുകയുള്ളൂ. ഒടിടി-യിൽ പ്രതിഭാശാലികളായ പുതുമുഖങ്ങളെ അഭിനയിപ്പിക്കുന്നതിനു വരെ കടമ്പകൾ കടക്കേണ്ടതുണ്ട്. തീയേറ്ററിലാണ് റിലീസ് ചെയ്യുന്നതെങ്കിൽ ആരെയും ഒന്നും ബോധിപ്പിക്കേണ്ടതില്ല. ചലച്ചിത്ര നിർമ്മാണവും പ്രദർശനവും ഒടിടി പ്ലേറ്റുഫോമിൽ തളച്ചിടേണ്ട ഒരു കലയല്ല എന്നതാണ് മൗലികമായ കാര്യം. കോവിഡു കാലത്തെ എൻ്റെ സിനിമാ അനുഭവങ്ങൾ പെട്ടെന്നു മറന്നു കളയാൻ കഴിയാത്തവയാണ്. ഒരു പടം കഴിഞ്ഞാൽ അൽപം വിശ്രമിച്ചതിനു ശേഷമാണ് പുതിയതിന് ഞാൻ തയ്യാറെടുക്കുന്നത്. ഈ ഇടവേള മാത്രമാണ് എനിയ്ക്ക് വായിക്കാനും എഴുതാനും ലഭിക്കുന്ന അവസരം. അങ്ങനെ ഇത്തിരി വായനയിലും എഴുത്തിലും മുഴുകിയിരിക്കുന്ന സമയത്താണ് രാജ്യത്തെ ആദ്യത്തെ കൊറോണ കേസ് തൃശ്ശൂരിലെന്ന് വാർത്തകൾ വന്നത്. 2020, ജനുവരി അവസാനത്തിൽ. കൂടിയാൽ രണ്ടോ മൂന്നോ മാസത്തെ പ്രശ്നമേയുള്ളൂവെന്നാണ് തുടക്കത്തിൽ കരുതിയത്. എന്നാൽ, ആളിപ്പടർന്ന സാംക്രമിക രോഗം എനിയ്ക്കു തന്നത് അശാന്തിയുടെ ദിനരാത്രങ്ങളാണ്. വായിക്കാനും എഴുതാനുള്ള എൻ്റെ മനോനില പത്തൊമ്പതാം നമ്പറുകാരൻ കീടം തട്ടിയെടുത്തു. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരു തിരക്കഥ നിരവധി ചർച്ചകൾക്കും, മിനുക്കു പണികൾക്കുമൊടുവിൽ അന്ത്യരൂപം കൊണ്ടതായിരുന്നു. ഞാൻ അവസാനം സംവിധാനം ചെയ്ത മമ്മൂട്ടിയുടെ പടം 'ഒരാൾ മാത്രം' ആയിരുന്നു. പത്തിരുപത്തിയാറു വർഷങ്ങൾക്കു മുമ്പെ. അതുകൊണ്ടാണ് പുതിയ പടത്തിൽ മമ്മൂട്ടി വേണമെന്ന് ആഗ്രഹിച്ചത്. പടം ഓണത്തിന് തിയേറ്ററുകളിൽ എത്തിക്കാമെന്നും കണക്കുകൂട്ടിയിരുന്നു. കൊറോണക്കാലം അന്ന് ലോക്ക്ഡൗണിൽ എത്തിയിട്ടില്ലായിരുന്നു. എങ്ങനെയെങ്കിലും ഷൂട്ടുമായി മുമ്പോട്ടു പോകാമെന്നുതന്നെയാണ് അവസാനം വരെ കരുതിയത്. പക്ഷേ, കോവിഡ് വ്യാപനം കുതിച്ചുയർന്നു. അതോടെ എല്ലാ സ്വപ്നങ്ങളും തകർന്ന് തരിപ്പണമായി. ഇനി ആ സ്ക്രിപ്റ്റ് വീണ്ടും ഉപയോഗിക്കാൻ കഴിയുമോയെന്നും ഉറപ്പിച്ചു പറയാൻ കഴിയില്ല. അതാണ് ഏറ്റവും വലിയ ഖേദം. സമയത്തിനും കഥാപാത്രത്തിനും പ്രസക്തിയുള്ള കഥയാണത്. മഹാമാരിയുടെ നീരാളിപ്പിടുത്തത്തിൽ സകല നഷ്ടങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു. അതിനു മുമ്പെ സംവിധാനം ചെയ്ത 'ഞാൻ പ്രകാശൻ' അൽപം ആശ്വാസം പകർന്നു. ശ്രീനിവാസൻ്റെ രചന ജനപ്രിയമാണെന്ന് ഒരിക്കൽകൂടി തെളിയിക്കപ്പെട്ടു. ഏതിലും തൽക്ഷണം നേട്ടം കാംക്ഷിക്കുന്ന പുതിയ തലമുറയെ പ്രതിനിധീകരിച്ചു പ്രകാശൻ്റെ വേഷമിട്ട ഫഹദ് ഫാസിലിനെ ജനം ഹർഷാരവത്തോടെ സ്വീകരിച്ചു. 2013-ലെ 'ഒരു ഇന്ത്യൻ പ്രണയകഥ'യ്ക്കു ശേഷം, ഫഹദിനെ വീണ്ടും നായകനാക്കി. ബോക്സ് ഓഫീസിൽ വലിയ വിജയം തന്നെയായിരുന്നു 'ഞാൻ പ്രകാശൻ'. നൂറു ദിവസം പിന്നിട്ടതിനെ തുടർന്ന് ആഘോഷ പരിപാടികളും നടത്താൻ കഴിഞ്ഞു. കൂടാതെ, ഈ പടത്തിൻ്റെ തിരക്കഥ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. കാലൻ കൊറോണ ഇങ്ങെത്തും മുന്നെ ഇതെല്ലാം സാധിച്ചല്ലൊയെന്ന് ഓർക്കുമ്പോൾ വലിയ ആശ്വാസം തോന്നുന്നു. ഒടുവിൽ ചെയ്ത 'മകൾ' കൊറോണയുടെ പിരിമുറുക്കമില്ലാതെ ചിത്രീകരച്ചു, തിയേറ്ററുകളിലെത്തിക്കാൻ സാധിച്ചു. ഒരു ഇടവേളയ്ക്കു ശേഷം ജയറാമും മീരാ ജാസ്മിനും മലയാള സിനിമയിലേക്കു തിരിച്ചെത്തിയതും 'മകളി'ലൂടെയാണ്. മീരാ ജാസ്മിൻ 13 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് എൻ്റെ പടത്തിൽ വീണ്ടും അഭിനയിക്കുന്നത്. ജൂലിയെറ്റെന്ന കേന്ദ്ര കഥാപാത്രമാണ് മീരയുടെത്. പതിനൊന്നു വർഷത്തിനു ശേഷം ജയറാമും എൻ്റെ പടത്തിലെത്തി. ശുഭാപ്തി വിശ്വാസം കൈമുതലായുള്ള പ്രവാസി നന്ദൻ എന്ന കഥാപാത്രമാണ് ജയറാം. ശ്രീനിവാസനും, ഇന്നസെൻ്റും, സിദ്ദിഖുമെല്ലാമുണ്ട് പടത്തിൽ. 'കുടുംബപുരാണ'ത്തിനും, 'ഒരു ഇന്ത്യൻ പ്രണയകഥ'യ്ക്കുമൊക്കെ പണം മുടക്കിയവർ തന്നെയാണ് 'മകളു'ടെയും നിർമ്മാതാക്കൾ. രചന ഇക്‌ബാൽ കുറ്റിപ്പുറത്തിൻ്റെയാണ്. അഭ്രപാളിയിൽ മനോഹാരിതകൾ മാത്രം പകർത്തുന്ന എസ്. കുമാറിൻ്റെ ഛായാഗ്രാഹണം. സംഗീതം നൽകിയത് വിഷ്ണു വിജയ്. കോവിഡ് താറുമാറാക്കിയ സിനിമാ രംഗത്ത് 'മകൾ' നല്ലൊരു തുടക്കമായി.


🟥 മമ്മൂട്ടി പടങ്ങൾ വിജയിച്ചിട്ടുണ്ട്
മമ്മൂട്ടിയെ നായകനാക്കി ഞാൻ മുന്നെ സംവിധാനം ചെയ്തിട്ടുള്ള 'കളിക്കളം', 'അർത്ഥം', 'ഗോളാന്തര വാർത്തകൾ', 'നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്', 'കനൽക്കാറ്റ്' മുതലായവയെല്ലാം വലിയ വിജയങ്ങളായിരുന്നു. 'ശ്രീധരൻ്റെ ഒന്നാം തിരുമുറിവ്' വിജയിക്കാതിരുന്നതിൻ്റെ കാരണം മമ്മൂട്ടിയല്ല. അദ്ദേഹത്തിന് കോമഡി ചേരില്ലെന്ന നിഗമനത്തിൽ എത്തിച്ചേരുന്നത് ശരിയല്ല. ഞാനും ശ്രീനിവാസനും ആ പരാജയം ഏറ്റെടുക്കുന്നു. എൻ്റെ കഥയും ശ്രീനിയുടെ തിരക്കഥയുമാണ് 'ശ്രീധരൻ്റെ ഒന്നാം തിരുമുറിവ്'.


🟥 അച്ഛൻ മകനെ സഹായിച്ചോ?
മകൻ അനൂപിൻ്റെ കന്നി സംവിധാനം തിയറ്ററുകൾ നിറഞ്ഞോടി. കൊറോണയെ തുടർന്ന് സിനിമാ ശാലകൾ അടയ്ക്കും വരെ അത് പല കേന്ദ്രങ്ങളിലും ഹൗസ്ഫുൾ ആയിത്തന്നെ പ്രദർശിപ്പിക്കപ്പെട്ടു. സുരേഷ് ഗോപിയും, ശോഭനയും, ദുൽഖർ സൽമാനും, ഉർവശിയും, കല്യാണി പ്രിയദർശനുമൊക്കെയുള്ള 'വരനെ ആവശ്യമുണ്ട്' വലിയൊരു വിജയമായി മാറിയതിൽ എനിയ്ക്ക് യാതൊരു പങ്കുമില്ല. അച്ഛൻ മകനെ സഹായിച്ചെന്നൊരു തോന്നൽ പലർക്കുമുണ്ട്. മുതിർന്ന ആർട്ടിസ്റ്റുകളായ സുരേഷ് ഗോപി, ശോഭന, കെ.പി.എ.സി. ലളിത, ഉർവശി മുതലായവരെ അവന് സ്വന്തമായി സംവിധാനം ചെയ്യാൻ കഴിയുമോ എന്നൊക്കെയാണ് പൊതുവെയുള്ള സംശയങ്ങൾ. എന്നാൽ, എൻ്റെ ഇടപെടലുകൾ ഒരു മേഖലയിലും ഉണ്ടായിട്ടില്ല. അനൂപ് സ്വന്തമായി എഴുതിയതാണ് അതിൻ്റെ കഥ. എഴുത്തിലും സംവിധാനത്തിലും അനൂപ് അവൻ്റെ ചില അടുത്ത കൂട്ടുകാരെ മാത്രമേ ഇടപെടാൻ അനുവദിച്ചിട്ടുള്ളൂ. ഞാൻ അവനെ സഹായിച്ചാൽ, 'വരനെ ആവശ്യമുണ്ട്' എൻ്റെ പടം പോലെ ഇരിക്കില്ലേ? അനൂപിൻ്റെ വർക്കിൽ കാണേണ്ടത് അവൻ്റെ സ്വത്വമല്ലേ? സോഫ്റ്റുവേർ എഞ്ചിനീയറിങ്ങിൽ ബിരുദമെടുത്തതിനു ശേഷം, നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഡിസൈനിൽ നിന്ന് അനൂപ് സിനിമാ നിർമ്മാണവും പഠിച്ചിരുന്നു. കൂടാതെ, ലാൽ ജോസിൻ്റെ അസോസിയേറ്റായും അവൻ പ്രവർത്തിച്ചിട്ടുണ്ട്. അനൂപ് മാത്രമല്ല, അവൻ്റെ ട്വിൻ ബ്രദർ അഖിലും സംവിധാന മേഖലയിലുണ്ട്.


🟥 'പൊന്മുട്ടയിടുന്ന താറാവ്'
'പൊന്മുട്ടയിടുന്ന താറാവ്' എൻ്റെ മാസ്റ്റർപീസാണെന്നു വിലയിരുത്തുന്നവരുണ്ട്. വിശാലമായ കേൻവാസിൽ വേറെ പടങ്ങളും ചെയ്തിട്ടുണ്ടെങ്കിലും, 'താറാവ്', പ്രേക്ഷകരെപ്പോലെ എനിയ്ക്കും വേറിട്ടൊരു അനുഭവമായിരുന്നു. 'പൊന്മുട്ടയിടുന്ന തട്ടാൻ' എന്നായിരുന്നു വാസ്‌തവത്തിൽ അതിൻ്റെ പേര്. തട്ടാനും സ്വർണ്ണവും തമ്മിലുള്ള ഇടതൂർന്ന ബന്ധം! തട്ടാൻ തനിയ്ക്കു പ്രിയം തോന്നുന്നവൾക്ക് ഇത്തിരി വല്ല്യേ ഒരു പണ്ടം ഉണ്ടാക്കിക്കൊടുക്കുന്നതും നാട്ടുനടപ്പ്. വിവാദങ്ങൾ ഒഴിവാക്കാനാണ്, പേര് പിന്നീട് 'പൊന്മുട്ടയിടുന്ന താറാവ്' എന്നാക്കി മാറ്റിയത്. തട്ടാൻ ഭാസ്കരനും, സ്നേഹലതയും, വെളിച്ചപ്പാടും, 'പശുപോയ' പാപ്പിയും മുതൽ, അതിഥി വേഷം ചെയ്ത ഹാജിയാരുടെ ബീവി (പാർവതി ജയറാം) വരെയുള്ള എല്ലാ കഥാപാത്രങ്ങൾക്കും പ്രേക്ഷകർക്കൊരു സന്ദേശം കൊടുക്കാനുണ്ടായിരുന്നു. തട്ടാൻ ഗോപാലനായി അഭിനയിച്ച കൃഷ്ണൻകുട്ടി നായർ പോലും കുടുംബ പ്രേക്ഷകരുടെ ഉള്ളിടങ്ങളിൽ ഇന്നും ജീവിയ്ക്കുന്നു. ഇതിൻ്റെ ക്രെഡിറ്റ് രഘുവിനാണ് (തിരക്കഥാകൃത്ത്, രഘുനാഥ് പലേരി). രഘുവിൻ്റെ മനോഹരമായൊരു ഭാവനയായിരുന്നു ഈ കഥ. രഘുവും, ഞാനും, ശ്രീനിയും പലവട്ടം കൂടിയാലോചിച്ചാണ് കഥയ്ക്കും കഥാരംഗങ്ങൾക്കും അന്തിമരൂപം നൽകിയത്. പൊതുസമൂഹത്തിലെ സത്യമായ സംഗതികൾ ഹാസ്യാത്മകമായി വരച്ചുകാട്ടുന്ന 'താറാവ്' പോലെയുള്ള വിപുലമായ തിരക്കഥ ഇനിയും ചെയ്യും. 1988-ലാണ് 'താറാവ്' തിയേറ്ററുകളിൽ എത്തിയത്. സമാനമായ സാമൂഹിക പ്രമേയമുള്ള സിനിമകൾ ഇന്നും ഏറെ പ്രസക്തിയുള്ളവ തന്നെയാണ്. കാലത്തിനനുസരിച്ചു അവതരണ രീതിയിൽ പരിഷ്‌ക്കാരങ്ങൾ വരുത്തണമെന്നേയുള്ളൂ. മറ്റു കാര്യങ്ങൾ യോജിച്ചുവന്നാൽ 'താറാവ്' പോലെ മറ്റൊന്നിനെക്കുറിച്ച് ആലോചിക്കും.


🟥 'വരവേൽപി'ൻ്റെ പ്രമേയം ഇന്നും പ്രസക്തം!
ഞാൻ 'വരവേൽപ്' സംവിധാനം ചെയ്തത് 1989-ലാണ്. മൂന്നര പതിറ്റാണ്ടുകൾക്കു ശേഷവും 'വരവേൽപി'ൻ്റെ പ്രമേയം കേരളത്തിൽ പ്രസക്തമായി നിലകൊള്ളുന്നു. ഇന്നും അതുപോലെയുള്ള സംഭവങ്ങൾ സംസ്ഥാനത്ത് നടന്നുകൊണ്ടിരിയ്ക്കുന്നു. ബസ് ഉടമയെ ബസ് ഇറക്കാൻ അനുവദിക്കാതിരിക്കുകയും, അദ്ദേഹം ഹൈക്കോടതിയിൽ നിന്നു അനുകൂല വിധിയുമായി വന്നപ്പോൾ ആക്രമിക്കപ്പെട്ടതുമായ സംഭവം നടന്നത് അടുത്ത കാലത്താണ്. സംരഭകർക്ക് അനുകൂലമായൊരു സാഹചര്യം സൃഷ്ടിക്കുന്നതിൽ നാം വിജയിച്ചിട്ടില്ലയെന്നത് വളരെ ഖേദകരമാണ്. ആ നൊമ്പരവും നിസ്സഹായതയുമെല്ലാം മോഹൻലാൽ വേഷമിട്ട, 'വരവേൽപി'ലെ മുരളി എന്ന നായക൯ വളരെ സ്വഭാവികമായിത്തന്നെ ജീവിച്ചു കാണിക്കുന്നുണ്ട്. പ്രവാസ ജീവിതത്തിനൊടുവിൽ സ്വന്തം നാടിൻ്റെ സുഗന്ധം, സുരക്ഷിതത്വം എന്നൊക്കെ അഭിമാനംകൊണ്ടു ജന്മനാട്ടിൽ തിരിച്ചെത്തിയ നായക൯ പ്രേക്ഷകരുടെ മനസ്സിലേയ്ക്കാണ് ചേക്കേറിയത്. എന്നാൽ, ഗൾഫിലാകുമ്പോൾ താൻ പിന്തുണച്ച ബന്ധുക്കളുടേത് കപട സ്നേഹമായിരുന്നെന്ന് തിരിച്ചറിയാൻ മുരളി വൈകിപ്പോയിരുന്നു. ഒരു പഴയ ബസു വാങ്ങി അത് റോഡിലിറക്കി ജീവിതമാർഗമുണ്ടാക്കാൻ മോഹിച്ച മുരളിയെ വരവേറ്റത് നൂറുകൂട്ടം പ്രശ്നങ്ങളുമാണ്. കേരളത്തിലെ ഒരു സംരഭകൻ്റെ പരിതാപകരമായ അവസ്ഥ കഴിയുന്നത്ര തന്മയത്വത്തോടെ വിശദീകരിക്കാൻ ഞങ്ങൾ ശ്രമിച്ചു. മൂലകഥയും, തിരക്കഥയും, സംഭാഷണവുമെല്ലാം ശ്രീനിവാസൻ്റേതാണ്. ഞങ്ങൾ ഒരുമിച്ചു ചെയ്ത ആറാമത്തെ പടമാണ് 'വരവേൽപ്'. ജന്മനാട്ടിലെ പ്രതീക്ഷകളെല്ലാം തകർന്ന മുരളി ജീവിത മാർഗം തേടി ഗൾഫിലേയ്ക്കു തന്നെ തിരിച്ചു പോകാൻ ശ്രമിക്കുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. ഒരു ശരാശരി മലയാളി സ്വന്തം മണ്ണിൽ നേരിടുന്ന ഒറ്റപ്പെടലും, അശരണതയുമാണ് 'വരവേൽപ്' വരച്ചുകാട്ടുന്നത്. ഈ പ്രമേയം കേരളത്തിൽ ഇന്നും പ്രസക്തം!


🟥 അവസാനത്തെ പേജ് കീറിക്കളഞ്ഞു
മലയാള സിനിമയിൽ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന ഒരു വലിയ വിഭാഗം പ്രതിഭകളെയാണ് നമുക്ക് അടുത്ത കാലത്ത് നഷ്ടപ്പെട്ടത്. ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഫിലോമിന, കെ.പി.എസി. ലളിത, ഇന്നസെൻ്റ്, മാമുക്കോയ, നെടുമുടി വേണു മുതൽ കൃഷ്ണൻകുട്ടി നായർ വരെയുള്ളവർ എൻ്റെ സിനിമയിലെ നിറസാന്നിദ്ധ്യങ്ങളായിരുന്നു. ഈ വലിയ നിര പോയിക്കഴിഞ്ഞപ്പോൾ തോന്നിയ കൊടും ഖേദം മാമുക്കോയ മരിച്ചപ്പോൾ, 'എൻ്റെ നോട്ടുബുക്കിലെ അവസാനത്തെ പേജ് ഞാൻ കീറിക്കളഞ്ഞു' എന്നു പറഞ്ഞുകൊണ്ടാണ് രേഖപ്പെടുത്തിയത്. കാരണം, ഇവരെല്ലാം കൂടെ ഉണ്ടായിരുന്നു എന്നതായിരുന്നു എൻ്റെ ഏറ്റവും വലിയ ധൈര്യം. ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് നായകന്മാരില്ലെങ്കിലും ഞാൻ സിനിമ ചെയ്യുമെന്ന്. ഒരു പടം ചെയ്തു വിജയിപ്പിക്കാൻ കഴിവുള്ള കുറെ പിൻനിരക്കാർ ഉണ്ടായാൽ മതിയായിരുന്നു എന്നും എനിയ്ക്ക്! ഞാനത് ചെയ്തു കാണിച്ചിട്ടുമുണ്ട്. 'തലയണമന്ത്രം', 'സസ്നേഹം', 'മഴവിൽകാവടി', 'പൊൻമുട്ടയിടുന്ന താറാവ്', 'സന്ദേശം' മുതലായ എൻ്റെ ഏറെ വിജയിച്ച പടങ്ങളിലെല്ലാം ശരിയ്ക്കും പറഞ്ഞാൽ ഈ പ്രതിഭകളുടെ വിളയാട്ടമാണ്. എല്ലാവരും വളരെ ടാലൻ്റഡായ ആർട്ടിസ്റ്റുകളാണ്. അസാമാന്യ സിദ്ധിയുള്ള നടീനടന്മാരായിരുന്നു അവർ. അതുകൊണ്ടാണ് എന്നുമെൻ്റെ കൂടെ അവർ ഉണ്ടായിരുന്നത്.


🟥 ശങ്കരാടി പറയപ്പെടാത്ത പ്രതിഭ
ജീവിച്ചിരിക്കുമ്പോൾ, അധികം പറയപ്പെടാതെ, എഴുതപ്പെടാതെ, മൺമറഞ്ഞുപോയ ഒരു മഹാനായ കലാകാരനായിരുന്നു ശങ്കരാടി. അക്കാലത്തെ ഏറ്റവും മികച്ച സ്വാഭാവിക നടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. പഴയ കാലത്തെ ബ്ലേക്ക് ഏൻഡ് വൈറ്റു സിനിമകൾ കാണുകയാണെങ്കിൽ അതു ബോധ്യപ്പെടും. ശങ്കരാടിയുടെ പെർഫോമസ് എന്നതിൻ്റെ സാക്ഷ്യപത്രമാണ് അവ ഓരോന്നും. അവയിലെ കഥാപാത്രങ്ങൾക്കു തുല്യമായി മറ്റൊരാളുടേതുമുണ്ടായിരുന്നില്ല. സത്യം പറഞ്ഞാൽ, 'ചെമ്മീനി'ൽ അഭിനയിച്ച സത്യനു സമാനനായിരുന്നു ശങ്കരാടി. ഏറ്റവും നേച്ചുറലായി അഭിനയിച്ചിരുന്ന നടൻ സത്യനായിരുന്നന്നല്ലൊ. അതു പോലെ അഭിനയിച്ചിരുന്ന ഒരാളായിരുന്നു ശങ്കരാടി. എൻ്റെ പല സിനിമകളെയും അദ്ദേഹം അവിസ്മരണീയമാക്കി. ചെറിയ റോളിലാണെങ്കിൽ പോലും എൻ്റെ പടങ്ങളിൽ അദ്ദേഹമുണ്ടാകും. ശങ്കരാടിയ്ക്കും അക്കാര്യത്തിൽ വളരെ സന്തോഷമായിരുന്നു. ഏറ്റവും കൂടുതൽ ട്രോളുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് ശ്രീനിവാസൻ രചിച്ചു, ഞാൻ സംവിധാനം ചെയ്ത 'സന്ദേശ'ത്തിലെ ചില ഡയലോഗുകൾക്കാണ്. 1991-ലാണ് 'സന്ദേശം' പ്രദർശനത്തിനിറങ്ങിയത്. ഏറ്റവും കാലികമായ ചില രാഷ്ട്രീയ-സാമൂഹിക സന്ദേശങ്ങളായിരുന്നു അതിലെ പ്രമേയം. 'സന്ദേശ'ത്തിൽ ഞങ്ങൾ ചിത്രീകരിച്ച അവസ്ഥയിൽ നിന്ന് ഒരിഞ്ചു പോലും കേരളം മാറിയിട്ടില്ല! ശങ്കരാടി ജീവൻ നൽകിയ കുമാര പിള്ള എന്ന താത്വികാചാര്യനും പാർട്ടി പ്രവർത്തകരായ ഉത്തമനും (ബോബി കൊട്ടാരക്കര) പ്രഭാകരനും (ശ്രീനിവാസൻ) തമ്മിൽ നടക്കുന്ന കരുത്തേറിയ വർത്തമാനങ്ങൾ ആരും മറന്നു കാണില്ല.
കുമാര പിള്ള: താത്വികമായ ഒരു അവലോകനമാണു ഞാൻ ഉദ്ദേശിക്കുന്നത്. ഒന്ന്, വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും, അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻ. ബൂർഷ്വാസികളും തക്കം പാർത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് തിരഞ്ഞെടുപ്പ് നമുക്ക് പ്രതികൂലമായി ഭവിച്ചത്. അതാണ് പ്രശ്നം.
ഉത്തമൻ: മനസ്സിലായില്ല.
കുമാര പിള്ള: അതായത് വർഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും, റാഡിക്കലായിട്ടുള്ളൊരു മാറ്റമല്ല. ഇപ്പോ മനസ്സിലായോ?
ഉത്തമൻ: എന്തുകൊണ്ട് നമ്മൾ തോറ്റു എന്നുള്ളത് ലളിതമായിട്ടങ്ങു പറയുന്നില്ല? ഈ പ്രതിക്രിയാവാതകവും കൊളോണിയലിസവും എന്നൊക്കെ പറഞ്ഞ് വെറുതെ കൺഫ്യൂഷനുണ്ടാക്കുന്നതെന്തിനാ?
പ്രഭാകരൻ: ഉത്തമാ, മിണ്ടാതിരിയ്ക്ക്. സ്റ്റഡി ക്ലാസിനൊന്നും കൃത്യമായി വരാത്തതുകൊണ്ടാ നിനക്കൊന്നും മനസ്സിലാവാത്തത്.
ഉത്തമൻ: കോട്ടപ്പള്ളിക്ക് മനസ്സിലായോ? എങ്കിലൊന്ന് പറഞ്ഞുതന്നാട്ടേ. നമ്മൾ എന്തുകൊണ്ട് തോറ്റു?
പ്രഭാകരൻ: കുമാര പിള്ള സാർ നമ്മുടെ താത്വികാചാര്യനാണ്. തൽക്കാലം അദ്ദേഹം പറയുന്നത് നമ്മൾ കേട്ടാൽ മതി.
കുമാര പിള്ള: എടോ ഉത്തമാ, ഉൾപാർട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ട്, ശരിയാ. നമ്മളെല്ലാവരും ഒരുമിച്ചിരുന്ന് ദിനേശ് ബീഡി വലിക്കുന്നതും അതുകൊണ്ടാ. എന്നുവച്ച് പാർട്ടിയിലെ ബുദ്ധിജീവികളെ ചോദ്യം ചെയ്യരുത്. മനസ്സിലായോ?
ഉത്തമൻ: ഒരു കാര്യം ഞാൻ പറയട്ടെ?
കുമാര പിള്ള: പറയൂ...
ഉത്തമൻ: നമ്മുടെ പാർട്ടിയ്ക്ക് അടിത്തറയില്ല.
പ്രഭാകരൻ: ങേ!


ഉത്തമൻ: പണ്ടൊക്കെ നമ്മുടെ പാർട്ടീന്ന് പറഞ്ഞാൽ, നാട്ടിലാരെങ്കിലും മരിച്ചാൽ അവിടോടിയെത്തി വിറകു വെട്ടിക്കൊടുക്കും, കുഴി വെട്ടിക്കൊടുക്കും. ഒരു വീട്ടിലൊരു കല്ല്യാണം വന്നാൽ ആദ്യാവസാനം നമ്മളവിടുണ്ടാകും. ഡോക്ടറെ വിളിക്കാനും രോഗിയെ ആസ്പത്രിയിലെത്തിക്കാനും മുൻപന്തിയിൽ കാണും. ഇപ്പഴതൊന്നുമില്ലാ, അതുകൊണ്ടാ ഞാൻ പറഞ്ഞത് RDP-ക്ക് അടിത്തറയില്ലാ എന്ന്.
പ്രഭാകരൻ: നിങ്ങളോടവിടിരിക്കാനാ പറഞ്ഞത്.
കുമാര പിള്ള: അച്ചടക്കമില്ലാതെ പെരുമാറിയാൽ അറിയാല്ലോ? ഞങ്ങളതു പഠിപ്പിയ്ക്കും!
കുമാര പിള്ള: ക്രിയാത്മകമായ ഈ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞ് വന്ന ഒരു കാര്യം ഞാൻ പറയാം, ഒന്ന് INSP, അതായത് നമ്മുടെ പ്രധാന എതിരാളി. അവരിൽ ചില കൊള്ളാവുന്ന ചെറുപ്പക്കാർ രംഗത്ത് വന്നിട്ടുണ്ട്. ആളുകൾക്കവരോട് വല്ല്യേ മതിപ്പാ! ആ മതിപ്പ് പൊളിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.
കുമാര പിള്ള: ഏതെങ്കിലും രീതിയിൽ വല്ല പെണ്ണുകേസിലോ, ഗർഭക്കേസിലോ അവരെ പെടുത്തി നാറ്റിക്കുകയാണ് ചെയ്യേണ്ടത്. ജനങ്ങളവരെ കാർക്കിച്ച് തുപ്പുന്നൊരു പരിതസ്ഥിതിയിലെത്തിച്ചാൽ നമ്മൾ ജയിച്ചു! ആറുമാസത്തിനുള്ളിൽ നമുക്ക് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാം.
കുമാര പിള്ള: പരിപ്പുവടയെവിടെടോ?
ചായക്കടക്കാരൻ: ഇന്ന് പരിപ്പുവടയുണ്ടാക്കിയില്ല, സാർ.
കുമാര പിള്ള: ങേ, പരിപ്പുവടയുണ്ടാക്കിയില്ലേ? ഡോ..., പരിപ്പുവടയും ചായയും ബീഡിയുമാണ് ഞങ്ങടെ പാർട്ടിയുടെ പ്രധാന ഭക്ഷണമെന്ന് തനിക്കറിഞ്ഞുകൂടേ? എടുക്ക്, എടുക്ക്, പോയി പരിപ്പുവടയുണ്ടാക്കി കൊണ്ടുവാ...
സിനിമയിലെ ഈ സംഭാഷണ ദൃശ്യം ഇത്രയും ശക്തി നേടാനും, ശ്രദ്ധിക്കപ്പെടാനും, കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങളത് ഏറ്റെടുക്കുവാനുമുള്ള കാരണമായിത്തീർന്നത് ശങ്കരാടിയുടെ വോയ്സും ബോഡി ലാൻഗ്വേജുമാണ്. അവർ പറഞ്ഞതപ്പടി നാട്ടിലെ സമകാലിക രാഷ്ട്രീയമായിരുന്നുവെന്നതു ശരി തന്നെ. 'സന്ദേശം' സന്ദേശങ്ങൾ നൽകാൻ വേണ്ടിത്തന്നെ ആയിരുന്നല്ലൊ. 'സന്ദേശം' ഇറങ്ങി മുപ്പത്തിരണ്ടു വർഷം കഴിഞ്ഞെങ്കിലും, ആ സന്ദേശങ്ങൾക്കെല്ലാം ഇന്നും അതേ പ്രസക്തിയുണ്ട്. പുതിയ പടങ്ങളുടെ ചിത്രീകരണ വേളയിൽ എനിയ്ക്ക് ഏറെ മിസ്സു ചെയ്യുന്നൊരു കലാകാരനാണ് ശങ്കരാടി. ഹൃദയപൂർവം പറയുന്നു, അദ്ദഹം ഇല്ലായെന്നത് ഒരു ശൂന്യതയാണ്! 'സന്ദേശ'ത്തിലഭിനയിച്ച, ശങ്കരാടി മാത്രമല്ല, തിലകനും, ഇന്നസെൻ്റും, ഒടുവിൽ ഉണ്ണികൃഷ്ണനും, കെ.പി.എസി.ലളിതയും, മാമുക്കോയയും, മാള അരവിന്ദനും, ബോബി കൊട്ടാരക്കരയും ഇന്നില്ല.


🟥 ഇന്നസെൻ്റിൻ്റെ മരണം ഉൾക്കൊള്ളാൻ കഴിയാത്തത്
അടുത്ത കാലത്ത് എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച ഒരു വേർപാടാണ് ഇന്നസെൻ്റിൻ്റെ. നടൻ-സംവിധായകൻ എന്നതിലുപരിയായി ഞങ്ങൾ ആത്മബന്ധമുള്ള കൂട്ടുകാരായിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗത്തിനു മുമ്പെ, എൻ്റെ മിക്കവാറും ദിനങ്ങൾ ആരംഭിച്ചിരുന്നതു തന്നെ ഇന്നസെൻ്റിൻ്റെ ഫോൺ കാളിലൂടെയായിരുന്നു. ഇന്നസെൻ്റ് മരിച്ചുപോയെന്ന് ഉൾക്കൊള്ളാൻ എനിയ്ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഫോണിൽ അദ്ദേഹത്തിൻ്റെ പേര് സേവ് ചെയ്ത നമ്പരിൽ ഇപ്പോഴും ഞാൻ അറിയാതെ പ്രസ്സ് ചെയ്യാറുണ്ട്! സമനില തിരിച്ചു വരുകയും, ഉടനെ ഫോൺ ക്ലോസ് ചെയ്യാറുമാണ് പതിവ്. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞുപോയ വിവരം യാഥാർത്ഥ്യമെന്നു വിശ്വസിക്കാൻ എൻ്റെ മനസ്സിന് നാളിതുവരെ സാധിച്ചിട്ടില്ല. ഇന്നസെൻ്റിൻ്റെ ഏറ്റവും വലിയ പ്രത്യേകത അഭിനയത്തിൽ അദ്ദേഹം സ്വന്തമായൊരു ശൈലി രൂപപ്പെടുത്തിയെന്നതാണ്. പ്രിയദർശൻ്റെ പടങ്ങളിൽ ഇന്നസെൻ്റ് വേഷമിട്ട കഥാപാത്രങ്ങളാണ് എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചിട്ടുള്ളത്. പ്രിയദർശൻ്റെ പടങ്ങളിലുള്ള ഇന്നസെൻ്റിൻ്റെ അത്തരം കഥാപാത്രങ്ങൾ, എൻ്റെ പടങ്ങളിൽ ഉള്ളതിനേക്കാളേറെ എന്നെ ആകർഷിച്ചു. എൻ്റെ പടങ്ങളിൽ ഇന്നസെൻ്റിൻ്റെ റോളുകൾക്കൊപ്പം തന്നെ ഞാൻ ഉണ്ടായിരുന്നല്ലൊ. 'കിലുക്ക'ത്തിൽ ലോട്ടറി അടിച്ച ഷോക്കിൽ ബോധം നഷ്ടപ്പെടുന്ന കിട്ടുണ്ണിയും, 'ചന്ദ്രലേഖ'യിൽ പ്രതിസന്ധികളുടെ നടുവിൽപെട്ടു വീർപ്പുമുട്ടുമ്പോഴും കഥയെ മുന്നോട്ടു നയിക്കുന്ന ഇരവിക്കുട്ടി പിള്ളയും ജീവിച്ചു കാട്ടുന്നത് നർമത്തിൻ്റെ പുതുപുത്തൻ നിർവചനങ്ങളാണ്. ഹ്യൂമറിൻ്റെ മറ്റാരും ചെയ്തു കാണിക്കാത്ത ശൈലിയാണത്. ഇത്രയും പറഞ്ഞത് അദ്ദേഹത്തിൻ്റെ സിനിമാ പെർഫോമൻസിനെക്കുറിച്ചാണെങ്കിൽ, ഇത്രയേറെ സാമൂഹ്യബോധമുള്ള ചലച്ചിത്ര കലാകാരന്മാർ നമുക്കിടയിൽ കുറവാണെന്നുള്ളതാണ് ഇന്നസെൻ്റിനെ വേറിട്ടൊരു വ്യക്തിയാക്കുന്നത്. കലാശാഖകളായാലും, സാഹിത്യമായാലും, രാഷ്ട്രീയമായാലും അവയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിൻ്റെ സാമൂഹ്യബോധം വളരെ പ്രശംസനീയമാണ്. എട്ടാം ക്ലാസ്സുവരെ മാത്രമേ താൻ പഠിച്ചിട്ടുള്ളൂവെന്ന് ഇന്നസെൻ്റ് ഇടക്കിടെ പറയുമായിരന്നു, പക്ഷേ, മലയാള സിനിമയിലെ ഏറ്റവും വിദ്യാഭ്യസമുള്ള അഭിനേതാവായിരുന്നു അദ്ദേഹമെന്നു ഞാൻ പറയും! അക്കാഡമിക് യോഗ്യതകൾക്കപ്പുറത്ത്, അദ്ദേഹത്തിൻ്റെ ജീവിതം തന്നെ ഗഹനമായ പാഠപുസ്തകങ്ങളായിരുന്നു. ഇന്നസെൻ്റിന് ഉന്നതവിദ്യാഭ്യാസം കൊടുത്തത് അദ്ദഹത്തിൻ്റെ ജീവിതമാണ്. ഒരാളോട് എങ്ങനെ സംസാരിക്കണം, ഒരു സ്ഥലത്ത് എങ്ങനെ പെരുമാറണം മുതലായവയൊക്കെ പലപ്പോഴും ഇന്നസെൻ്റിൽ നിന്നു ഞാൻ പഠിച്ചിട്ടുണ്ട്. ബന്ധുവോ, സുഹൃത്തോ രോഗബാധിതനായി കിടക്കുമ്പോൾ അദ്ദേഹത്തെ സന്ദർശിക്കുന്നതൊരു മര്യാദയാണ്. എന്നാൽ, രോഗിയുടെ സാന്നിദ്ധ്യത്തിൽ എങ്ങനെ പെരുമാറണമെന്ന് നമുക്കു പലർക്കുമറിയില്ല. അതിനാൽ സാധാരണ കണ്ടുവരുന്നത്, അനുയോജ്യമല്ലാത്ത രീതിയിൽ രോഗിയോട് സംസാരിക്കുന്നതാണ്. "എന്താണിങ്ങനെ കിടക്കുന്നത്, അസുഖമൊക്കെ മാറും, എണീറ്റു വാ ഉഷാറായിട്ട്. എന്നെ കണ്ടില്ലേ, ഞങ്ങളൊക്കെ രാവിലെ ആറു മണിയ്ക്ക് എഴുന്നേറ്റു കുളിച്ചു ഫ്രഷ് ആയി ഇരിയ്ക്കും," എന്നിങ്ങനെയാണ് സംഭാഷണത്തിൻ്റെ ഗതി. നമ്മൾ വളരെ എനർജറ്റിക്കായ ആൾക്കാരും, കേൾക്കുന്ന ആളൊരു അവശനാണെന്നും വരുത്തിത്തീർക്കുന്ന സമീപനം. എന്നാൽ, മറിച്ചാണ് ഇന്നസെൻ്റിൻ്റെ രീതികൾ. രോഗിയായ സുഹൃത്തിനോട് ഒരിക്കൽ ഇന്നസെൻ്റ് പറഞ്ഞതിങ്ങനെ: "ഞാൻ ഈ വല്ല്യേ കുപ്പായോം മാലേം ഒക്കെ ഇട്ടു നടക്കുണൂന്നേ ഒള്ളൂ, എനിയ്ക്കു തീരെ സുഖമില്ല. അസുഖങ്ങള് എല്ലാർക്കും ഒണ്ടാവുന്നതാണ്, മനസ്സിലായില്ല്യേ! രാവിലെ എണീറ്റു നടന്നു തൊടങ്ങുമ്പോ വല്ല്യേ ബുദ്ധിമുട്ടാണ്, പക്ഷേ മെല്ലെ മെല്ലെ അതൊക്കെ അങ്ങട് ശെരിയാവും. ഒന്നുഓണ്ടും പേടിക്കണ്ട!" തന്നെ സന്ദർശിക്കാനെത്തിയ ആളും അത്ര സുഖത്തിലല്ലായെന്നു മനസ്സിലാക്കുന്ന രോഗിയ്ക്ക് വലിയ ആശ്വാസമാണ് അപ്പോൾ തോന്നുകയെന്നാണ് ഇന്നസെൻ്റ് എന്നോട് പറഞ്ഞത്. ശരിയല്ലേ? ജീവിതത്തിൽ നമ്മൾ എങ്ങനെ ആയിരിക്കണം എന്നതിനെ സംബന്ധിക്കുന്ന ചെറിയ ചെറിയ തെളിച്ചങ്ങളാണ് ഇവയെല്ലാം. അതുകൊണ്ടു തന്നെ ആയിരുന്നല്ലൊ 18 വർഷം അദ്ദേഹം മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡൻ്റ് ആയി ഇരുന്നിട്ടു പോലും ആർക്കും ഒരു എതിർപ്പും ഇല്ലാതിരുന്നത്! മാത്രവുമല്ല, ഇപ്പോഴും താര സംഘടനയുടെ പ്രസിഡൻ്റ് പദവിയിൽ അംഗങ്ങൾക്ക് ഇന്നസെൻ്റിനെ മിസ്സ് ചെയ്യുന്നു. വ്യത്യസ്ത സ്വഭാവക്കാരായ വ്യക്തികളെ ഒന്നിച്ചു കൊണ്ടുപോകുന്നതിനും അവരെ വളരെ സരസമായി കൈകാര്യം ചെയ്യുന്നതിനുമുള്ള ഒരു സംഘടനാ ശക്തി കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. നടൻ എന്നതിലുപരി ഒരു വ്യക്തി എന്ന നിലയിലാണ് നമ്മൾ അദ്ദേഹത്തെക്കുറിച്ചു ചിന്തിക്കുന്നത്. ഇന്നസെൻ്റ് അഞ്ചു വർഷം പാർലമൻ്റ് അംഗമായിരുന്നു. ലോകസഭയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചലച്ചിത്ര നടൻ. ഒരു എം.പി-യിൽ സാധാരണ കാണാറുള്ള തിക്കും-തിരക്കോ, ജാഡയോ ഒന്നും അദ്ദേഹത്തിൽ കണ്ടിരുന്നില്ല. തികച്ചും ജനകീയമായി, എളിമയോടെത്തന്നെ ഇന്നസെൻ്റ് അപ്പോഴും മനുഷ്യരുമായി ഇടപെട്ടു. താൻ ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ചു ബഡായികൾ ഒന്നും പറഞ്ഞില്ല. വോട്ട് കിട്ടാനായി ആരോടും കൃത്രിമ സ്നേഹം അഭിനയിച്ചിരുന്നുമില്ല. വ്യക്തം, എല്ലാ കാര്യങ്ങളിലും അദ്ദേഹം ഒരു സത്യസന്ധത പുലർത്തിയിരുന്നു. നമുക്ക് നഷ്ടപ്പെട്ടത് അങ്ങനെയുള്ള ഒരാളെയാണ്. ഇതിനെല്ലാം മീതെയായിരുന്നു അദ്ദേഹത്തിൻ്റെ കോർഡിനേറ്റിങ് കാലിബർ! പിണങ്ങിയിരിക്കുന്ന ഒരുപാടു മനുഷ്യരെ ഇന്നസെൻ്റ് കൂട്ടിയിണക്കി. അകന്നു നിൽക്കുന്നവർ തമ്മിലുള്ള അന്തരം കുറച്ചു. എൻ്റെ തന്നെ ഒരു അനുഭവം പറയാം. ഞാനും മോഹൻലാലും പന്ത്രണ്ടു വർഷത്തോളം കാലം പടങ്ങൾ ചെയ്യാതിരുന്നു. ഞങ്ങൾ ഒരുമിച്ചുള്ള 'പിൻഗാമി' ചെയ്തതിനു ശേഷമായിരുന്നു അത്. രണ്ടു പേരും രണ്ടു വഴിയ്ക്ക് സിനിമകൾ ചെയ്തു പോകുകയായിരുന്നു. പെട്ടന്നാണ് ഭദ്രൻ സംവിധാനം ചെയ്യുന്ന 'ഉടയോൻ' എന്ന മോഹൻലാൽ പടത്തിൻ്റെ ലൊക്കേഷനിൽ നിന്ന് ഇന്നസെൻ്റ് എന്നെ വിളിച്ചത്.

സംസാരത്തിനിടയിൽ ആകസ്മികമായി ഒരു ചോദ്യം: "മോഹൻലാലുമായി സിനിമ ചെയ്തിട്ട് എത്ര കാലമായി?" പന്ത്രണ്ടു വർഷമായിക്കാണുമെന്ന് ഞാൻ മറുപടി പറഞ്ഞു. "സത്യൻ അടുത്ത പടം ലാലിനെ വച്ചു ചെയ്യണം. അത് ലാലിന് ഇഷ്ടമാണ്, സത്യനും നല്ലതാണ്," ഇന്നസെൻ്റ് പറഞ്ഞു. അങ്ങനെയാണ് ഞാൻ തന്നെ തിരക്കഥ എഴുതി, ലാലിനെ കേന്ദ്രകഥാപാത്രമാക്കി 'രസതന്ത്രം' എന്ന പടം ചെയ്തത്. 2006-ലാണ് സംഭവം. പലരും ധരിച്ചിരുന്നത് ഞാനും ലാലും തമ്മിൽ വലിയ പിണക്കത്തിലാണെന്നാണ്. എന്നാൽ, ഞങ്ങൾ തമ്മിലുള്ള അകൽച്ചയുടെ ദൂരം ഇന്നസെൻ്റ് കുറച്ചു. ബോക്സ്ഓഫീസ്സിൽ 'രസതന്ത്രം' വൻ വിജയം കൊയ്തു. ഇന്നസെൻ്റും അതിൽ മണികണ്ഠൻ ആശാരി എന്ന നല്ലൊരു റോൾ ചെയ്തു. മനുഷ്യർ തമ്മിലുള്ള യോജിപ്പില്ലായ്‌മകൾ നിരീക്ഷിക്കാനും അവരെ വീണ്ടും ഒരുമിപ്പിക്കാനും വലിയ കണ്ണുള്ള ഒരാളായിരുന്നു അദ്ദേഹം. ഇന്നസെൻ്റിൻ്റെ വിയോഗം മലയാള സിനിമയ്ക്കു പൊതുവെയും, എനിയ്ക്ക് പ്രത്യേകിച്ചും, ഒരു തീരാനഷ്ടമാണ്.
🟥 അത്ഭുത സിദ്ധിയുള്ള ലളിതച്ചേച്ചി
കെ.പി.എ.സി. ലളിത നമ്മുടെ സിനിമയുടെ ഒരു അവിഭാജ്യ ഘടകമായിരുന്നു. ലളിതച്ചേച്ചി ഏറ്റവും കൂടുതൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ അഭിനയിച്ചിട്ടുള്ളത് എൻ്റെ സിനിമകളിലാണ്. അവരുടെ ഭർത്താവിനേക്കാൾ കൂടുതൽ വ്യത്യസ്തമായ റോളുകൾ അവർക്കു നൽകിയത് സത്യനാണെന്ന് ഒരു പ്രസംഗത്തിൽ അവർ തന്നെ പറയുകയുണ്ടായി. എൻ്റെ സിനിമയിൽ ഇല്ലെങ്കിൽ ചേച്ചിയ്ക്കു വലിയ സങ്കടമായിരുന്നു. റോൾ കിട്ടാത്തതുകൊണ്ടല്ല, ആ സിനിമയുടെ ഷൂട്ടിങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചില്ലല്ലൊയെന്ന സങ്കടം. അവർ എനിയ്ക്ക് എൻ്റെ കുടുംബത്തിലെ അംഗം പോലെയായിരുന്നു. സ്വന്തം ജേഷ്ഠസഹോദരി കണക്കാണ് ഞാൻ അവരെ കരുതിയിരുന്നത്. അവർ പറയാറുണ്ടായിരുന്നൊരു കാര്യമാണ്, സത്യൻ സെറ്റിൽ വന്ന് സീൻ വായിച്ചു തന്നാൽ മതി ആ കഥാപാത്രത്തെ എങ്ങനെയാണ് പെർഫോം ചെയ്യേണ്ടതെന്ന് അവർക്ക് മനസ്സിലാക്കാൻ കഴിയുമെന്ന്. സത്യൻ്റെ സ്ക്രിപ്റ്റ് വായനയിൽ തന്നെ കഥാപാത്രത്തിനു വേണ്ട ഭാവങ്ങൾ എന്തൊക്കെയാണ്, ട്രെൻഡ് എങ്ങനെയാണ് എന്നിവ അവർക്ക് വ്യക്തമാകുമത്രെ. എത്ര ചെറിയ കഥാപാത്രമാണെങ്കിലും അതിനെ പ്രേക്ഷക ഹൃദയത്തിൽ പതിപ്പിക്കാനുള്ള ഒരു അത്ഭുത സിദ്ധി അവർക്കുണ്ട്. ചേച്ചിയെ രണ്ടു തവണ സിനിമയിലേയ്ക്ക് തിരിച്ചു കൊണ്ടുവരുവാൻ എനിയ്ക്കു കഴിഞ്ഞു. ഭരതേട്ടനും ചേച്ചിയും വിവാഹിതരായപ്പോൾ അവർ അഭിനയം നിറുത്തിയിരുന്നു. ഇനി കുടുംബിനിയായി കഴിയാമെന്നായിരുന്നു തീരുമാനം. പക്ഷേ, 1984-ൽ ഞാൻ 'അടുത്തടുത്ത്' പ്ലേൻ ചെയ്തപ്പോൾ, അതിൽ കൗസല്യ എന്നൊരു കഥാപാത്രം ചെയ്യാൻ ചേച്ചി വേണമെന്ന് ഞാൻ നിർബന്ധം പിടിച്ചു. ഭരതേട്ടനെയും ബോധ്യപ്പെടുത്തി. തുടർന്നു ഭരതേട്ടനും കൂടി പ്രേരിപ്പിച്ചിട്ടാണ് അവർ ഷൂട്ടിനു വരാമെന്നു സമ്മതിച്ചത്. രണ്ടാം തവണ ചേച്ചിയെ ഞാൻ സിനിമയിലേയ്ക്കു കൊണ്ടുവന്നത്, ഭരതേട്ടൻ്റെ മരണത്തിനു ശേഷം ഇനി സിനിമയിലേക്കില്ലയെന്നു പറഞ്ഞു അവർ മാറിയിരിക്കുമ്പോഴാണ്. ലോഹിതദാസ് രചിച്ച 'വീണ്ടും ചില വീട്ടുകാര്യങ്ങൾ' സംവിധാനം ചെയ്യാൻ ചേച്ചിയും തിലകൻ ചേട്ടനുമില്ലെങ്കിൽ എനിയ്ക്ക് കഴിയില്ലെന്നു ഉറപ്പായിരുന്നു. മക്കളായ ശ്രീകുട്ടിയേയും സിദ്ധാർഥ്നെയും വിളിച്ചു, അവരെക്കൊണ്ടു പറയിപ്പിച്ചു, ബോദ്ധ്യപ്പെടുത്തിയാണ് ചേച്ചിയെ ലൊക്കേഷനിലേയ്ക്കു കൊണ്ടുവന്നത്. മേരിപ്പെണ്ണ് എന്ന ഒരു ഗൗരവമേറിയ കഥാപാത്രമാണ് അതിൽ ചേച്ചി ചെയ്തത്. സംയുക്ത വർമ്മയുടെ പ്രഥമ ചിത്രമായ 'വീണ്ടും ചില വീട്ടുകാര്യങ്ങൾ' അങ്ങനെ 1999-ൽ പ്രദർശനത്തിനൊരുങ്ങി. ചേച്ചിയുടെ അപാരമായ വേഷവും പെർഫോമൻസുമായിരുന്നു മേരിപ്പെണ്ണ്! എൻ്റെ ഈ പടത്തിലൂടെ ചേച്ചി വീണ്ടും ചലച്ചിത്രത്തിൽ സജീവമാവുകയായിരുന്നു. അതിനു ശേഷം, 2019-ൽ ഞാൻ ചെയ്ത 'ഞാൻ പ്രകാശൻ' വരെയുള്ള നിരവധി പടങ്ങളിൽ ചേച്ചിയുണ്ടായിരുന്നു. ഒരു കുടുംബാംഗം വേർപ്പെട്ടു പോകുന്നതിനു സമാനമായിരുന്നു എനിയ്ക്ക് ചേച്ചിയുടെ നിര്യാണം.


🟥 ഒടുവിൽ ഉണ്ണികൃഷ്ണൻ അഭിനയ കലയിലെ നിധി
ഞാനും ഒടുവിൽ ഉണ്ണികൃഷ്ണനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു മലയാളികൾക്കെല്ലാം അറിയാം. ചുക്കില്ലാത്ത കഷായം ഇല്ലെന്നു പറയുന്നതു പോലെ, എന്തെങ്കിലും ഒരു ചെറിയ വേഷമെങ്കിലും ചെയ്തിട്ട്, എൻ്റെ എല്ലാ സിനിമകളിലും അദ്ദേഹം ഉണ്ടായിരുന്നു. പട്ടർ, പള്ളീലച്ചൻ, തമിഴൻ മുതൽ 'പശു പോയ' പാപ്പി വരെ ഏതു വേഷം ചെയ്യാനും ഒടുവിലിനെ കൊണ്ടുവരാൻ കഴിയുമായിരുന്നു. നാട്ടിൻപുറത്തൊരു കേമറ കൊണ്ടുവച്ചാൽ മുന്നിലുള്ള പാടവരമ്പിലൂടെ ഒരു ബീഡിയും വലിച്ചു അദ്ദേഹം നടന്നു വരുന്നതു പോലെ എനിയ്ക്കു തോന്നും! ഒടുവിലിൻ്റെ സാന്നിദ്ധ്യം എൻ്റെ പടങ്ങൾക്കൊരു മസ്റ്റ് ആയിരുന്നു. ഇവരൊക്കെയായിരുന്നു യഥാർത്ഥത്തിൽ എൻ്റെ സിനിമയുടെ നിറവ്. പലരും എന്നോടു ചോദിച്ചിട്ടുണ്ട്, ഇനിയാര്? ഇത് വലിയൊരു ചോദ്യചിഹ്നമാണ്. പക്ഷേ, ഒരു കാര്യം സത്യമാണല്ലൊ. മരണം അനിവാര്യമാണ്. എന്നും ഒരാൾ ഒരു പോലെ നിലനിൽക്കില്ല, ഒരു ടീം എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകണമെന്നില്ല. മലയാള സിനിമയിൽ പ്രതിഭാശാലികളായ പുതിയവരുണ്ട്. ഭാവി കഥാപാത്രങ്ങളെ അവരിലേയ്ക്കു കൊണ്ടുവരാം. ഞാനത് എൻ്റെ മനസ്സുകൊണ്ട് അംഗീകരിക്കുവാ൯ തയ്യാറാവണം എന്നേയുള്ളൂ. മരിച്ചുപോയ കലാകാരന്മാർക്കൊന്നും റിപ്ലേസ്മെൻ്റ് ഇല്ല എന്നതിൽ സംശയമില്ല. ഏറ്റവും ആത്മാർത്ഥമായി സിനിമയെ സ്നേഹിക്കുന്നവരുടെ തലമുറയിൽപ്പെട്ടവരിൽ ഒരാളായിരുന്നു ഒടുവിൽ. ഒരു കഥാപാത്രം ലഭിച്ചാൽ അതിനെ ഏറ്റവും മികച്ചതായി എങ്ങനെ അവതരിപ്പിക്കാമെന്നാണ് അദ്ദേഹം എപ്പോഴും ചിന്തിച്ചിരുന്നത്. 'സസ്നേഹം' ഞാൻ 1990-ൽ സംവിധാനം ചെയ്ത പടമാണ്. ലീഡിൽ ബാലചന്ദ്ര മേനോനും ശോഭനയും. ഒരു സംഗീതപ്രേമിയുടെ റോളിലാണ് ഒടുവിൽ അതിൽ അഭിനയിക്കുന്നത്. ശോഭനയുടെ അമ്മാവനായ ശ്രീനിവാസ അയ്യർ. ഷൂട്ടിങ് സമയത്ത് അദ്ദേഹം എന്നോടു ചോദിച്ചു, തലയുടെ മുൻഭാഗം ഷേവുചെയ്തു, പിൻഭാഗത്ത് ഒരു കുടുമ വെയ്ച്ചുകൂടെയെന്ന്. ഞാൻ ഉടനെ സമ്മതിച്ചു. രൂപത്തിലും, അങ്ങനെ മനസ്സുകൊണ്ടും, താനൊരു ഭാഗവതരായി മാറണമെന്ന നിശ്ചയം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രേക്ഷകർ 'സസ്നേഹ'ത്തിൽ കാണുന്ന ഒടുവിലിൻ്റെ ബാഹ്യമോടി അദ്ദേഹം തന്നെ രൂപകല്പന ചെയ്തതാണ്. തമിഴും മലയാളവും കൂട്ടിക്കലർത്തിയ ഭാഷയുമായപ്പോൾ ഒടുവിൽ ശരിയ്ക്കുമൊരു അയ്യരായി മാറുകയായിരുന്നു. മറ്റൊരു അനുഭവം പറയാം. 1990-ലാണ് ഞാൻ 'തലയണമന്ത്രം' സംവിധാനം ചെയ്തത്. ചിത്രീകരണത്തിൻ്റെ ആദ്യ ദിവസം അഭിനയിക്കാൻ വന്നപ്പോൾ, ഒടുവിൽ എന്നോടു പറഞ്ഞു തൻ്റെ റോൾ രണ്ടു ദിവസം കഴിഞ്ഞു ഷൂട്ടു ചെയ്താൽ മതിയെന്ന്. എന്താ കാര്യമെന്നു ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു, "സത്യാ, നൃത്താധ്യാപകനായ ആ പൊതുവാൾ മാഷ് എൻ്റെ ഉള്ളിലേയ്ക്ക് ശരിയ്ക്കും കയറിയിട്ടില്ല!" ഇതു കേൾക്കുമ്പോൾ ഡയറക്ടർമാർ സാധാരണ കരുതുക, അതെന്താ ഇത്ര തലയിൽ കയറാനുള്ളത്, സീൻ (വിവരണം) ഉണ്ടല്ലൊ, ഡയലോഗുകൾ ഉണ്ടല്ലൊ, റോൾ അങ്ങു ചെയ്താൽ പോരെയെന്ന്. പക്ഷേ, ഞാൻ തിരിച്ചറിഞ്ഞിരുന്നു, ചെറിയൊരു വേഷമാണെങ്കിലും, കഥാപാത്രമായ പൊതുവാൾ മാഷിനെ പൂർണമായും ഉൾക്കൊള്ളുവാൻ അതുവരെ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ലെന്ന്. പിറ്റേ ദിവസം അദ്ദേഹം എൻ്റെയടുത്തു വന്നു പറഞ്ഞു: "സത്യാ, ഞാൻ റെഡിയാണ്!" ചിത്രീകരണം നടന്നു. എല്ലാവരും കണ്ടതാണ് 'തലയണമന്ത്ര'ത്തിലെ ഡേൻസ് മാഷിനെ ഒടുവിൽ എത്രകണ്ട് അവിസ്മരണീയമാക്കിയിട്ടുണ്ടെന്ന്! അദ്ദേഹം ഒരു റിയൽ ഏക്ടർ ആയിരുന്നു. അഭിനയ കലയിലെ ഒരു നിധി!
🟥 മാമുക്കോയ മാഞ്ഞുപോയ വസന്തം
സ്വാഭാവികാഭിനയത്തിൻ്റെ ഒരു പര്യായമായിരുന്നു മാമുക്കോയ. കേമറയ്ക്കു മുന്നിലെ മാമുക്കോയയെ കാണുമ്പോൾ ഞാൻ പലപ്പോഴും അതിശയപ്പെട്ടിട്ടുണ്ട്, അദ്ദേഹം അഭിനയിക്കുകയല്ലല്ലൊ, പെരുമാറുകയാണല്ലോയെന്ന്! മാമുക്കോയക്ക് യാതൊരു വിധ ഇൻഹിബിഷൻസുമില്ലായിരുന്നു. വേഷമേതെന്നോ, വസ്ത്രമെന്തെന്നോ പുള്ളി പ്രശ്നമാക്കിയില്ല. കഥാപാത്രത്തെ മനസ്സിലായാൽ അദ്ദേഹം അതായി ജീവിയ്ക്കാൻ തുടങ്ങും. അത്ര തന്നെ. അത്രയും പച്ചയായ മനുഷ്യനും നടനുമാണ് അദ്ദേഹം. അവസരം ലഭിയ്ക്കാനോ മറ്റെന്തെങ്കിലും കാര്യത്തിനോ ആരെയും ബുദ്ധിമുട്ടിക്കുന്ന പ്രകൃതമായിരുന്നില്ല അദ്ദേഹത്തിൻ്റെ. തികച്ചും ഒരു മാന്യൻ. അപൂർവമായേ ഞാൻ ഇങ്ങനെയുള്ള വ്യക്തിത്വങ്ങളെ കണ്ടിട്ടുള്ളൂ. സെറ്റിൽ വന്നയുടൻ തന്നെ തൻ്റെ അന്നത്തെ സീനുകൾ എന്താണെന്നു പഠിയ്ക്കും. കളിയും തമാശയുമൊക്കെ അതിനു ശേഷമാണ്. പുതിയ നടീനടന്മാരിൽ കാണാത്തൊരു ഗുണമാണിത്. ഇതിനർത്ഥം, ഷൂട്ടിനു മുമ്പെ മനസ്സുകൊണ്ടൊരു തയ്യാറെടുപ്പ് നടത്തുന്നു എന്നാണ്. പിന്നെ ഷൂട്ട് തുടങ്ങേണ്ട താമസം, മാമുക്കോയ ആ കേരക്ടറായി മാറിയിട്ടുണ്ടാകും! മറ്റുള്ള സിനിമകൾക്കു ഡേറ്റു കൊടുക്കുമ്പോൾ അദ്ദേഹം പറയുമത്രേ, സത്യൻ്റെ വല്ല വർക്കും വന്നാൽ താൻ അതിനു പോകുമെന്ന്. എൻ്റെ ഏറ്റവും വലിയ ശക്തി മാമുക്കോയ ഉൾപ്പെടെയുള്ളവരായിരുന്നല്ലൊ. 'മഴവിൽകാവടി'യിലെ കുഞ്ഞിക്കാദറിനെ ആർക്കെങ്കിലും മറക്കുവാൻ കഴിയുമോ? പഴനിയിലെ പോക്കറ്റടിക്കാരനായി മാമുക്കോയ ജീവിക്കുകയായിരുന്നു! അതുപോലെ തന്നെ 'നാടോടിക്കാറ്റി'ലെ ഗഫൂർക്ക. പിന്നെ, 'പൊൻമുട്ടയിടുന്ന താറാവി'ലെ ചായക്കടക്കാരൻ. ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ, ശരിയ്ക്കും അന്തിക്കാടുള്ള ഒരു ചായക്കടക്കാരൻ തന്നെയാണ് മാമുക്കോയയെന്ന് എനിയ്ക്ക് തോന്നിപ്പോയി! അതുപോലെ 'സന്ദേശ'ത്തിലെ രാഷ്ട്രീയ നേതാവ് പൊതുവാൾജി. 'ഗാന്ധിനഗർ സെക്കൻഡ് സ്റ്റ്രീറ്റി'ൽ സേതുവിൻ്റെ കൂട്ടുകാരൻ. 'തലയണമന്ത്ര'ത്തിലെ കുഞ്ഞനന്തൻ മേസ്ത്രി. അങ്ങനെ എത്രയോ കഥാപാത്രങ്ങൾ! സൗഹൃദങ്ങൾ ആരൊക്കെയാണ്, രാഷ്ട്രീയമെന്താണ് മുതലായ ഒരു കാര്യവും തുറന്നു പറയുവാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ലായിരുന്നു. കളങ്കം തീരെയില്ലാത്തൊരു മനുഷ്യൻ. മരണാന്തരമുണ്ടായ വിവാദം എത്ര മാന്യമായാണ് അദ്ദേഹത്തിൻ്റെ മകൻ കൈകാര്യം ചെയ്തത്. വളരെ കുലീനതയോടെയാണ് മകൻ പ്രതികരിച്ചത്! ഇത്രയും നല്ല മക്കളുണ്ടാവുക എന്നതു തന്നെ ഒരു ഭാഗ്യമല്ലേ! മാമുക്കോയ ഒരിക്കലും ഒരു നടൻ ആയിരുന്നില്ല, എന്നും കൂടെയുണ്ടായിരുന്ന ഒരാൾ തന്നെ ആയിരുന്നു അദ്ദേഹം. ആത്മാർഥതയുള്ള ഒരു നാട്ടിൻപുറത്തുകാരൻ. ഓരോരുത്തരായി മാഞ്ഞുപോകുന്നത് മലയാള സിനിമയിലെ വസന്തങ്ങളാണ്!
🟥 എംടി-യുമൊത്തുള്ള സ്വപ്നം യാഥാർത്ഥ്യമായില്ല
ഈയിടെ നവതിയിലെത്തിയ അക്ഷരാചാര്യൻ എം.ടി. വാസുദേവൻ നായർ എഴുതിയ ഒരു തിരക്കഥയെങ്കിലും സംവിധാനം ചെയ്യണമെന്ന മോഹം ഇന്നുമൊരു സ്വപ്നമായി മനസ്സിൽ അവശേഷിക്കുന്നു. എംടി-യുമായുള്ള ബന്ധം എൻ്റെ ഗ്രാമമായ അന്തിക്കാട് ഒരു വായനശാല സ്ഥാപിക്കാൻ ഞാൻ മുൻകൈ എടുത്തു പ്രവർത്തിച്ച കാലം മുതൽ തുടങ്ങിയതാണ്. വായനശാലയുടെ ധനശേഖരണാർത്ഥം എംടി-യുടെ ഒരു ശുപാർശക്കത്ത് കുഞ്ഞുണ്ണി മാഷ് എനിയ്ക്കു വാങ്ങിത്തരുകയും ചെയ്തിരുന്നു. പിന്നീട് പലപ്പോഴും എംടി-യെ കണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടുമൂന്നു തിരക്കഥകളും ഞങ്ങൾ തമ്മിൽ ചർച്ച ചെയ്തിരുന്നു. എന്നാൽ, അവയെല്ലാം എനിയ്ക്കു കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നത്രയും വലിയ പ്രോജക്റ്റുകളായിരുന്നു. അതിനാൽ അവയുമായി മുന്നോട്ടു പോകാൻ എനിയ്ക്കു കഴിഞ്ഞില്ല. ഖേദമുണ്ട്. കോഴിക്കോട്ടെ ഒരു ഹോട്ടൽ മുറിയിലിരുന്നു കുറച്ചു ദിവസങ്ങൾ ഞങ്ങൾ നടത്തിയ സിനിമാ ചർച്ചകൾ പോലും ഏറ്റവും വിലയേറിയ ഒരു പങ്കുചേരലായി ഇന്നെനിയ്ക്കു അനുഭവപ്പെടുന്നു! 

🟥 വികെഎൻ രചിച്ച ഒരേയൊരു തിരക്കഥ സിനിമയാക്കി
മലയാള സാഹിത്യത്തിലെ വേറിട്ട വ്യക്തിത്വമായിരുന്ന വികെഎൻ രചിച്ച ഒരേയൊരു തിരക്കഥ സിനിമയാക്കാൻ കഴിഞ്ഞത് എൻ്റെ ചലച്ചിത്ര ജീവിതത്തിലെ ധന്യതകളിലൊന്നായി കരുതുന്നു. 'പ്രേമവും വിവാഹവും' എന്ന തൻ്റെ കഥയെ അടിസ്ഥാനമാക്കി വികെഎൻ എഴുതിയ തിരക്കഥയാണ് 'അപ്പുണ്ണി'. ഞാൻ 1984-ൽ സംവിധാനം ചെയ്ത 'അപ്പുണ്ണി'യുടെ ചിത്രീകരണത്തിൻ്റെ സ്വിച്ച്ഓൺ കർമം നിർവഹിച്ചത് നമ്മുടെ പ്രിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീർ ആയിരുന്നുവെന്നതും ഇന്നും അഭിമാനം തോന്നുന്നൊരു സംഭവമാണ്. മോഹൻലാലിനൊപ്പം നെടുമുടി വേണുവും, ഭരത് ഗോപിയും, സുകുമാരിയുമെല്ലാം സിനിമയിൽ ഉണ്ടായിരുന്നു.
🟥 ഗാനങ്ങൾ ഇനിയുമെഴുതും
സിനിമാ രംഗത്ത് തുടക്കക്കാരനായിരുന്ന കാലത്താണ് കൂടുതൽ ഗാനങ്ങൾ രചിച്ചിട്ടുള്ളത്. അന്ന് എഴുത്തിന് കൂടുതൽ സമയം കണ്ടെത്താൻ കഴിയുമായിരുന്നു. കാലത്തെ അതിജീവിച്ച് ഇന്നും എല്ലാവരും മൂളുന്ന 'ഒരു നിമിഷം തരൂ, നിന്നിലലിയാൻ...', അല്ലെങ്കിൽ, 'ഓ, മൃദുലേ...' മുതലായ ഗാനങ്ങളൊക്കെ അക്കാലങ്ങളിലാണ് എഴുതിയത്. പത്തുപതിനെട്ടു സിനിമകൾക്കു വേണ്ടി പാട്ടുകൾ എഴുതിയിട്ടുണ്ടെങ്കിലും, സംവിധാനമാണ് എനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത്. പാട്ടെഴുത്തിൽ ശ്രദ്ധിച്ചിരുന്ന കാലങ്ങളിൽ ഞാൻ തനിയെ പടങ്ങൾ ചെയ്യാൻ തുടങ്ങിയിട്ടില്ല. സ്വതന്ത്രമായി ഞാൻ ചെയ്ത ആദ്യ പടം 'കുറുക്കൻ്റെ കല്യാണ'മാണ്. ഡോ. ബാലകൃഷ്ണൻ രചിച്ച ഹാസ്യചിത്രം. 'സിന്ദൂര'ത്തിനുവേണ്ടി 'ഒരു നിമിഷം തരൂ, നിന്നിലലിയാൻ...' എഴുതിയത് 1976-ൽ ആയിരുന്നു. എൻ്റെ തന്നെ പടമായ 'തൂവൽ കൊട്ടാര'ത്തിനു വേണ്ടിയാണ് ഒടുവിൽ ഗാനമെഴുതിയത്. ദാസേട്ടൻ ആലപിച്ച 'തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ...' എന്നു തുടങ്ങുന്ന ഗാനം. 1996-ൽ ആയിരുന്നു അത്. ഇനി പാട്ടെഴുതുന്നില്ലെന്നു പറയുന്നില്ല, അവസരം ലഭിച്ചാൽ തീർച്ചയായും എഴുതും. 
----------------------------- 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക