Image

ഓണ സദ്യ കഴിഞ്ഞു പുതുപ്പള്ളിയിലെ ഓണത്തല്ലു നോക്കി മലയാളികൾ (കുര്യൻ പാമ്പാടി)

Published on 27 August, 2023
ഓണ സദ്യ കഴിഞ്ഞു പുതുപ്പള്ളിയിലെ ഓണത്തല്ലു നോക്കി മലയാളികൾ (കുര്യൻ പാമ്പാടി)

ഓണം ഉൾപ്പെടെ നീണ്ട അവധിക്കാലത്തിന്റെ ആലസ്യത്തിൽ വരാനിരുക്കുന്ന മധുര മനോഹര നാളേക്ക് വേണ്ടി  അത്തം ചിത്തിര ചോതി പാടിക്കൊണ്ട്   കേരളം ബുധനാഴ്ചത്തെ തിരുവോണത്തിന് വേണ്ടി ഓണപ്പാച്ചിൽ തുടങ്ങി. 

കൊച്ചിയിൽ നിന്ന്  പ്രതിദിനം നേന്ത്രൻ ഉൾപ്പെടെ 150 ടൺ  പച്ചക്കറി കയറ്റിയ വിമാനങ്ങൾ പറന്നുയരുമ്പോഴും  ഗൾഫ് വിമാനങ്ങളുടെ നിരക്ക് വര്ധനയെ തൃണവൾ ഗണിച്ചുകൊണ്ടു ആയിരക്കണക്കിന് മലയാളികൾ കണ്ണൂർ, കൊച്ചി, തിരുവനന്തപുരം അന്താരാഷ്ര താവളങ്ങളിൽ വന്നിറങ്ങുന്നു.

തിരുവനന്തപുരം  കോട്ടൺഹിൽ സ്‌കൂളിലെ ഓണ സദ്യ

മുംബൈ, ഹൈദ്രബാദ്, ബെംഗളൂരു, ചെന്നൈ സ്റ്റേഷനുകളിൽ നിന്ന് ഏർപ്പെടുത്തിയ സ്‌പെഷ്യൽ ട്രെയിനുകളിൽ തിങ്ങി നിറഞ്ഞു മലയാളികളുടെ ഒഴുക്കാണ്. ഓണത്തിന്ന്റെ തലേദിവസമായ ഉത്രാടത്തിനെങ്കിലും അച്ഛനമ്മമ്മാരുടെയും വീട്ടുകാരത്തിയുടെയും കുഞ്ഞുങ്ങളുടെയും അടുത്ത് എത്തിസിച്ചേരാനുള്ള പരക്കം പാച്ചിൽ.

'കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം, മഴവെള്ളം പോലെ ഒരു കുട്ടിക്കാലം,'എന്ന് യേശുദാസ് പാടിയ കൈതപ്രത്തിന്റെ 'ഏകാന്ത'ത്തിലെ വരികൾ കൊച്ചി എഫ്എമ്മിലൂടെ കേട്ടിട്ടും കേട്ടിട്ടും മലയാളികൾക്ക് മതിവരുന്നില്ല. അതാണ്‌ ഓണത്തേരിലേറി ഓർമകളിലൂടെ ഒരിക്കൽ കൂടി ഊഞ്ഞാലാടാൻ  ലോകമെങ്ങുമുള്ള മലയാളികളുടെ ഉൾവിളി.

തൃശൂർ വിമല കോളജിൽ ഓണത്തിമിർപ്പ്

ഓണക്കാലം അവധികളുടെ നീണ്ടനിരയാണ്  മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. ആറുദിവസം അവധിയെടുത്തൽ ജീവനക്കാർക്ക് തുടർച്ചായി 15  ദിവസത്തെ അവധി കിട്ടും. ഓണാഘോഷത്തോടെ 25നു  സ്‌കൂളുകൾ അടച്ചു. ഇനി തുറക്കുക  സെപ്റ്റമ്പർ 4നു മാത്രം.

ഓഗസ്റ് 27 ഞായർ മുതൽ 28, 29, 30 തിരുവോണം വരെ ഓണാവധിയാണ്‌. 31നു ശ്രീനാരയണ ഗുരു ജയന്തി പ്രമാണിച്ചുള്ള അവധി. സെപ്റ്റംബർ  6നു ശ്രീകൃഷ്ണ ജയന്തി അവധി.  അങ്ങിനെ നീണ്ട അവധികളുടെ ഘോഷയാത്ര.

തിരുവോണ സദ്യ കഴിഞ്ഞു പിറ്റേന്നു മുതൽ ഓണാവധി ആഘോഷിക്കാൻ വീണ്ടും ഓട്ടം തുടങ്ങും. ഇടുക്കി ജില്ലയിലെ മൂന്നാറും വാഗമണ്ണുമാണ് സഞ്ചാരികൾക്കു ഹരം. ഇത്തവണ ചൂടോണം ആയതുകൊണ്ടാണ് ഈ ഹിൽ സ്റ്റേഷനുകളിലെ തണുപ്പ് തേടിയുള്ള യാത്ര.

ദിവ്യ മോൾക്ക് തൃകാക്കരയിൽ നിന്ന് പട്ടു പാവാട

ഇടവപ്പാതി പകുതി വഴി നിലച്ച കേരളത്തിൽ ഓണക്കാലത്ത് ചൂട് കൂടുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ കോട്ടയം, എറണാകുളം, തൃശൂർ. പാലക്കാട്, മലപ്പുറം , കോഴിക്കോട് ജില്ലകളിൽ ചൂട് മൂന്ന് മുതൽ അഞ്ചു ഡിഗ്രി വരെ കൂടും. 2014, 15 വർഷങ്ങൾക്കു  ശേഷം ചൂട്  ഇത്രത്തോളം ഉയരുന്നത് ആദ്യമാണ്. 

നീണ്ട അവധി ഏറ്റവും കൂടുതൽ അലോസരപ്പെടുത്തുന്നത് സെപ്റ്റംബർ അഞ്ചിന് വോട്ടെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിലെ പ്രചാരകരെയാണ്. അവധിക്കാലത്ത് വോട്ടർമാർ നാടൊട്ടുക്ക് ഓടിനടക്കുമെന്നതിനാൽ അതിനു മുമ്പ് പരമാവധി ആളുകളെ കണ്ടു ഒരിക്കൽ കൂടി സഹായം അഭ്യർത്ഥിക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥികളും സഹായികളും.

അന്തരിച്ച ജനനേതാവിന്റെ നാല്പതാം ദിവസം ആചരിച്ച 26നു  പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ അഭൂതപൂർവമായ ആൾത്തിരക്കായിരുന്നു. കബറിടത്തിൽ പ്രാർഥന നടത്താൻ എത്തിയ പതിനായിരം പേർക്കെങ്കിലും അപ്പവും കറിയും ചായയും വിളമ്പി.

 നാട്ടിലും വീട്ടിലുമെത്താൻ റെയിൽ സ്‌റ്റേഷനുകളിൽ ഉത്രാടപ്പാച്ചിൽ

ഗലീലിയാ  കടലിനു അക്കരെ മലമുകളിൽ തന്റെ പിന്നാലെ വന്ന അയ്യായിരം പേരടങ്ങിയ പുരുഷാരത്തെ അഞ്ചപ്പവും മീനും എടുത്ത് ആശീർവദിച്ചു മതിയാവോളം ഊട്ടിയ ശേഷം പന്ത്രണ്ടു കൊട്ട അപ്പം  ശേഖരിച്ച  യേശുദേവന്റെ കഥ ഓർമ്മ വരുന്നു.

ചാണ്ടി ഉമ്മന്റെ എതിരാളിയായ ജെയ്ക് തോമസ് യാക്കോബായ സഭാന്ഗമാണ്. യാക്കോബായക്കാർക്കു പ്രാമുഖ്യമുള്ള മണർകാട് സെന്റ് മേരിസ് പള്ളിയിൽ 80 കഴിഞ്ഞ ഇടവകങ്ങൾകൾക്കു ആദരം അർപ്പിക്കുന്ന ചടങ്ങു പെരുനാൾ വേളയിൽ അരങ്ങേറി.

അവധി  ദിനങ്ങളിൽ ഭവനസന്ദർശനം നടത്തി സമ്മതിദായകരുടെ ആഹ്ളാദത്തിനു ഇടംകോലിടുന്നില്ലെന്നു യുഡിഎഫ്, എൽഡിഎഫ്, ബിജെപി പക്ഷക്കാർ സൗമനസ്യം പ്രകടിപ്പിച്ചിട്ടുണ്ട്. അത്രയും നല്ലത്. എല്ലാവർക്കും എല്ലാം അറിയാം. ഇനിയും പിറകെ ചെന്നാൽ അത് തിരിഞ്ഞു കടിക്കുകയേ ഉള്ളു. 

ഓണത്തോടനുബന്ധിച്ച് മെഗാതിരുവാതിര 

സെപ്റ്റംബർ അഞ്ചിന് വോട്ടെടുപ്പ്. എട്ടിന് വോട്ടെണ്ണൽ നടക്കുന്നത് മണർകാട് പള്ളി പെരുന്നാളിന്റെ സമാപന ദിവസമാണ്. ചാണ്ടിഉമ്മനെ പുതുപ്പള്ളി പള്ളിയിൽ വാഴുന്ന ഗീവർഗീസ് പുണ്യവാളൻ ആണോ മണർകാട് പള്ളിയിലെ വിശുദ്ധ മറിയം ആണോ അനുഗ്രഹിക്കുകയെന്നു എന്നറിയാം.

കൗതുകകരമായ ഒരുപാട് സത്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ കൂടിയാവും പുതുപ്പള്ളി. നിയോജക മണ്ഡലത്തിൽ എട്ടു  പഞ്ചായത്തുകൾ ആണുള്ളത്. ആറും ഇടതുപക്ഷം ഭരിക്കുന്നു. ആരു  ഭരിച്ചാലും എല്ലാവര്ക്കും സാന്ത്വനം നൽകുന്ന ചില ദേശീയ സ്ഥാപനങ്ങൾ മണ്ഡലത്തിൽ ഉണ്ട്. അതിനാൽ വികസനം വന്നില്ല എന്ന മുറവിളി അപ്രസക്തമാകുന്നു.

മണ്ഡലത്തിൽ സ്ഥലപ്പേരുകൾ  ഇടുന്നതിൽ ഭാവനാശാലികൾ ആണ് നാട്ടുകാർ. മോസ്‌കോ, വത്തിക്കാൻ, അമേരിക്ക എന്നിവിടങ്ങളിലേക്കെല്ലാം ബസിൽ പോകാം. മറ്റൊരു ജംക്ഷന്റെ പേര് നിഷ്കളങ്കത, ലങ്കപ്പടി മറ്റൊന്ന്. ഉമ്മൻചാണ്ടിയെ ഓർമ്മിപ്പിക്കുന്ന ഒസി റോഡും ഒസി നഗറും ഉണ്ട്.

എല്ലാററിനും ഉപരി മണ്ഡലത്തിന് പുറത്തുനിന്നു പോലും നൂറു കണക്കിന് ആളുകളെ ആകർഷിക്കുന്ന നാലുമണിക്കാറ്റു എന്ന സായാഹ്ന വിശ്രമ താവളവും ഉണ്ട്. അവിടെ ഉയർത്തിയ പെട്ടിക്കടകളിൽ പഴംപൊരിയും പരിപ്പുവടയും കടുംകാപ്പിയും മാത്രമല്ല ഓണം പ്രമാണിച്ച് പായസവും വിറ്റു വീട് പുലർത്തുന്ന ഒരു ഡസനോളം കുടുംബശ്രീ പ്രവർത്തകരെയും കാണാം.

എല്ലാവരും ഉത്രാടപ്പാച്ചിൽ കഴിഞ്ഞു ഓണത്തല്ലും  ഓണക്കളിയും കഴിഞ്ഞു വരുന്ന തെരഞ്ഞെടുപ്പിന്റെ ഗോദയിലേക്കു മിഴി നട്ടിരിക്കുന്നു.

Join WhatsApp News
Abdul Punnayurkulam 2023-08-29 14:59:53
Happy Onam, Kurian sir. If every occasion and reason holidays are prolongs in Kerala, where are the working days?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക