Image

ആദർശസുന്ദരമായ  കാവ്യദർശനങ്ങൾ (പുസ്തകപരിചയം :സുധീർ പ ണിക്കവീട്ടിൽ)

Published on 28 August, 2023
ആദർശസുന്ദരമായ  കാവ്യദർശനങ്ങൾ (പുസ്തകപരിചയം :സുധീർ പ ണിക്കവീട്ടിൽ)

"കാവ്യസന്ദേശം" ഡോക്ടർ ഇ.എം. പൂമൊട്ടിലിന്റെ പ്രഥമ കവിതാസമാഹാരമാണ്. കവിയും ശാസ്ത്രജ്ഞനുമായ ഡോക്ടർ 'ഈശോ മാത്യു പൂമൊട്ടിൽ' അമേരിക്കൻ  മലയാളികൾക്ക് സുപരിചിതനാണ്. കഥകളും കവിതകളും എഴുതുന്ന ഇദ്ദേഹത്തിന്റെ പ്രത്യേകത ആകർഷണീയവും ലളിതവുമായ ശൈലിയിൽ എഴുതാനുള്ള കഴിവാണ്. താളാത്മകമായി അദ്ദേഹം എഴുതുന്ന വിഷയങ്ങൾ നമ്മൾ മുന്നിൽ കണ്ടിട്ടും കാണാത്തവയാണ്. കവി അതിനു പുതിയ മാനങ്ങൾ നൽകുന്നു.  നമ്മെ ചിന്തിപ്പിക്കുന്നു. നാല്പത്തിയേഴു മലയാളകവിതകളും പത്ത് ഇംഗളീഷ് കവിതകളുമടങ്ങുന്നതാണ് ഇതിന്റെ ഉള്ളടക്കം. മലയാള കവിതകളെ സ്നേഹം, പ്രകൃതി, വിജ്ഞാനം, അനുഭവങ്ങൾ  എന്നിങ്ങനെ നാലായി തരാം തിരിച്ചിട്ടുണ്ട്. അഞ്ചാമത്തെ ഭാഗം ഇംഗളീഷ് കവിതകളാണ്. ശീർഷകങ്ങൾ സൂചിപ്പിക്കുന്നപോലെ പ്രസ്തുത കവിതാ  വിഭാഗങ്ങളിൽ അത്തരം വിഷയങ്ങളുടെ കാവ്യവിഷകാരമാണ് കാണുന്നത്. കവിതയെ ഒരു ദേവതയായിട്ടാണ് കവി കാണുന്നത്. എന്തെല്ലാം ഭാവങ്ങളിൽ, അലങ്കാരങ്ങളിൽ, രാഗങ്ങളിൽ അവൾ വരുന്നുവെന്ന് കവി സങ്കൽപ്പിക്കുന്നു. കവിതയോട് ഒരിക്കലും മറയരുതെന്നു അപേക്ഷിക്കുന്നു.
സ്നേഹമെന്ന കാവ്യവിഭാഗത്തിൽ സ്നേഹത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ വിവരിച്ചിട്ട്ണ്ട് സ്നേഹമുള്ളതുകൊണ്ട് കാത്തിരിപ്പുണ്ട്, വിരഹമുണ്ട്, നന്ദിയുണ്ട്, ഉപകാരസ്മരണയുണ്ട്, ത്യാഗമുണ്ട്,, സാന്ത്വനമുണ്ട്, അങ്ങനെ മാനുഷികവികാരങ്ങളുടെ ആധാരം സ്നേഹമാണെന്നു ഈ വിഭാഗത്തിൽ അദ്ദേഹം കവിതകളിലൂടെ സാക്ഷ്യപ്പെടുത്തുന്നു.   കവിയെ വിട്ടുപിരിഞ്ഞുപോയ മാതാപിതാക്കളുടെ സ്നേഹസ്മരണകൾ കവിതയായി രൂപമെടുത്തിട്ടുണ്ട്. അമ്മയെ കാവൽമാലാഖയായും അച്ഛനെ സ്നേഹസ്വരൂപനായും  കണ്ടുകൊണ്ടു ഒരു പുത്രന്റെ നന്ദി ഈ കവിതകളിൽ അദ്ദേഹം പ്രകടിപ്പിക്കുന്നു. കവിയുടെ കാഴ്ചപ്പാടിൽ സ്‌നേഹമെന്ന ആധാരശിലയിൽ കെട്ടിപ്പടുക്കുന്ന ജീവിതബന്ധങ്ങൾക്ക് ഉറപ്പുണ്ടാകുമെന്നാണ്.കാരണം സ്നേഹം ചേരാത്ത ഒരു വികാരവും ഉണ്ടാകുന്നില്ല. ഗ്രഹിക്കാൻ സുഗമമായ ആശയങ്ങൾ ലളിതമായ പദാവലികൊണ്ടു  രചിച്ചതാണ് ഈ കാവ്യസമാഹാരത്തിലെ മിക്കവാറും  കവിതകൾ. 

വിജ്ഞാനം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കവിതകളെല്ലാം തന്നെ കവിയുടെ വിജ്ഞാനത്തിൽ നിന്നും ഉത്ഭവിച്ചതും വിജ്ഞാനം പകരുന്നതും കൂടുതൽ വിജ്ഞാനം നേടാൻ പ്രേരിപ്പിക്കുന്നതുമാണ്. പല അറിവുകളും നമ്മുടെ വിശ്വാസത്തിൽ നിന്നും അതിന്റെ നിജസ്ഥിതിയിലുള്ള ഉറപ്പിൽ നിന്നുമാണു നമുക്ക്   ലഭ്യമാകുന്നതു. ഈ വിഭാഗത്തിലെ "ജീവിതം ഒരു കടങ്കഥ" എന്ന കവിത ജീവിതത്തിന്റെ അനിശ്ചിതത്തെയും അതിന്റെ ന്യായാന്യായ വ്യവസ്ഥയെയും കുറിച്ച് കവി  വേവലാതിപ്പെടുന്നതാണ്. അതേസമയം കവി നേടിയെടുത്ത അറിവിൽ നിന്നും കവിക്കുണ്ടയായ അറിവ് നമുക്ക് പകർന്നു തരുന്നു. സത്യവും ധർമ്മവും ഈ ഭൂമിയിൽ തോൽക്കുന്നതിനു കാരണം അദൃശ്യനായ നിയതിയുടെ നീതിനിർവഹണത്താലത്രേ. സൂര്യനും, ചന്ദ്രനും നക്ഷത്രങ്ങളും നിറഞ്ഞ ഈ പ്രപഞ്ചവും കവിയിൽ അത്ഭുതാദരവുണ്ടാക്കുന്നു. ഇതെല്ലാം അറിയാൻ അറിവ് പോരെന്ന അറിവിൽ  അദ്ദേഹം ചെന്നെത്തുന്നു. അമ്പിളി മാമനെ മറയ്ക്കുന്ന മേഘങ്ങളെപ്പറ്റി, നിലക്കാതെ നീങ്ങുന്ന സമയത്തെപ്പറ്റി, പരാജയങ്ങളെ എങ്ങനെ പരാജയപ്പെടുത്താമെന്നതിനെപ്പറ്റി, ഓരോ  പ്രഭാതവും സുപ്രതീക്ഷകൾ നൽകുന്നു എന്ന സത്യത്തെപ്പറ്റിയൊക്കെ വിജ്ഞാനം എന്ന ഈ വിഭാഗത്തിലെ കവിതകൾ വാചാലമായി നമ്മോട് സംവദിക്കുന്നു.  കവി അദ്ദേഹത്തിന്റെ അറിവുകൾ പങ്കു വച്ചുകൊണ്ടു നമ്മുടെ അറിവിന്റെ ലോകം വികസിപ്പിക്കുകയാണ്. നമ്മൾ ചെയ്യുന്ന കർമ്മങ്ങളെ ഒരു ആത്മപരിശോധന നടത്താനും കവി ചില കവിതകളിലൂടെ  ഉദ്ബോധിപ്പിക്കുന്നുണ്ട്. അതിലൊന്നാണ് സമയത്തിന്റെ കൃത്യമായ ഉപയോഗം. നാളേക്ക് മാറ്റിവയ്ക്കുന്നവർക്കായി കാലം കാത്തുനിൽക്കുന്നില്ല. പാദമുദ്രകൾ എന്ന കവിതയിൽ ദൈവം കൂടെ നടക്കുന്നതുകൊണ്ട് നാല് പാദമുദ്രകൾ കാണുന്നു. എന്നാൽ കഷ്ടപ്പാടിന്റെ  സമയത്ത് രണ്ടെണ്ണമേ  കാണുന്നുള്ളൂ. മനുഷ്യന്റെ ചോദ്യത്തിന് ദൈവം നൽകുന്ന മറുപടി അപ്പോൾ ദൈവം മനുഷ്യനെ ചുമന്നുകൊണ്ട് നടന്നുവെന്നാണ്. ഈ കാവ്യസന്ദേശം ക്ലേശഭൂയിഷ്ഠമായ ജീവിതം നയിക്കുന്നവർക്ക് പ്രതീക്ഷയുടെ പുതുനാളങ്ങൾ നൽകുന്നു. അവരുടെ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തി നൽകുന്നു. കവികൾ ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കുന്നതിലൂടെ മനുഷ്യരിൽ സ്നേഹവും വിശ്വാസവും വളരാൻ സഹായിക്കുന്നു. 

പ്രകൃതി എന്ന വിഭാഗം പേരുപോലെ പ്രകൃതിയുടെ നന്മയും സൗന്ദര്യവും പ്രകടിപ്പിക്കുന്നതാണ്. ഇത്രയും മനോഹരമായി പ്രകൃതിയെ അണിയിച്ചൊരുക്കിയ അഖിലാണ്ഡമണ്ഡല ശീലിപ്പിയെ കവി നമിക്കുന്നു, വാഴ്ത്തുന്നു. വർണ്ണകുസുമങ്ങൾ, ചുറ്റിലും പറക്കുന്ന ചിത്രശലഭങ്ങൾ, മനോജ്ഞമായ മയിൽപ്പീലിയുടെ  അഴക്, സായാഹ്‌നസൂര്യൻ വിടപറയുമ്പോൾ  സ്വന്തം വിരലാൽ അന്തിവാന വിതാനത്തിൽ കുറിക്കുന്ന യാത്രാവന്ദനവും ആസ്വദിക്കുന്ന കവി ഇതെല്ലാം തന്റെ ചിന്തകൾക്കതീതമാണ്, ഇതെല്ലാം സൃഷ്ടിച്ചവൻ മഹാൻ എന്ന് മനസ്സിലാക്കി വിസ്മയം കൊള്ളുന്നു.  മാറുന്ന ഋതുക്കളിൽ വസന്തത്തെ  പ്രണയിക്കുന്ന കവി പറയുന്നു അതും മാറിപ്പോകും മാറ്റുന്നത് സർവശക്തൻ. അപ്പോൾ പിന്നെ അവന്റെ ലീലകളോട് പൊരുത്തപ്പെടുക. സ്വന്തം ഗ്രാമത്തിന്റെ ഭംഗിയും കമനീയമായ ശൈലിയിൽ അവതരിപ്പിച്ചിട്ടുണ്ട്. മന്ദസമീരനിൽ നൃത്തമാടി മന്ദഹാസം പൊഴിക്കുന്ന തന്റെ ഗ്രാമത്തിലെ നിത്യകാഴ്ചകൾ മങ്ങുന്നില്ലേയെന്ന ദുഖവും കവി പ്രകടിപ്പിക്കുന്നു. താലോലിച്ച് നട്ടുവളർത്തുന്ന ചെടികളെ നനയ്ക്കാൻ കൊണ്ടുപോകുന്ന വെള്ളപ്പാത്രത്തിൽ നിന്നും ചോരുന്ന നീര്തുള്ളികൾ കൊണ്ട് തൃപ്തിപ്പെട്ടു തഴച്ചുവളരുന്ന കാട്ടുപൂക്കൾ കണ്ടു സംതൃപ്തനാകുന്നു കവി. തന്റെ പാത്രത്തിലെ ചോർച്ച അടക്കേണ്ടെന്നു  തീരുമാനിക്കുന്നു. പാത്രത്തിന്റെ കുറവ് അതായത് ചോർച്ച താഴെ വീണുകിടക്കുന്ന വിത്തുകൾക്ക് മുളക്കാൻ സഹായകമാകുന്നു. നമ്മുടെ കുറവുകളും വീഴ്ചകളും നമുക്ക് പ്രയോജനകരമാക്കാൻ കഴിയും നമ്മുടെ കാഴ്ചപ്പാടുകൾ ശരിയെങ്കിൽ എന്ന പാഠം ഈ കവിത നൽകുന്നു. 

അനുഭവങ്ങൾ എന്ന വിഭാഗം ധാരാളം അറിവുകൾ പങ്കുവയ്ക്കുന്നതാണ്. കവി നേരിൽ കണ്ടതും അനുഭവിച്ചതും മനസ്സിലാക്കിയതുമായ വിഷയങ്ങളുടെ കാവ്യാവിഷ്കാരമാണിതിൽ. ഭാരതം സ്വതന്ത്രമായെങ്കിലും ജാതിമത ചിന്തകളും ഉച്ചനീചത്വങ്ങളും നാരികൾക്ക് നിർഭയം സഞ്ചരിക്കാൻ  കഴിയാത്തതും കവി ഖേദത്തോടെ കുത്തിക്കുറിക്കുന്നു. തിക്തമായ അനുഭവങ്ങൾ അലോസരപ്പെടുത്തുമ്പോൾ കവി കാൽപ്പനികതയുടെ മുഗ്ദ സൗന്ദര്യങ്ങൾ കണ്ടാസ്വദിക്കുന്നുണ്ട്. സുസ്മേരവദനയായ അമ്പിളിയോട് ഭൂമിയുടെ ദുഃഖത്തിൽ ക്ലേശമില്ലേയെന്നു കവി ചോദിച്ചപ്പോൾ അവൾ മേഘപാളികളിൽ മറഞ്ഞുപോകുന്നു. പിന്നെ ഏതോ കാറ്റടിച്ചപ്പോൾ മഴപെയ്തത് കവി ഇങ്ങനെ ഉൽപ്രേക്ഷിക്കുന്നു. "മണ്ണിൻ പെരുകുന്ന ഹീനകർമ്മത്തിൽ പനിമതി കണ്ണുനീർ  തൂകുന്നൊ" എന്ന്. യൗവനത്തിൽ പ്രണയവും, ബാല്യകാല സ്മരണകളും കുട്ടികളുടെ മനസ്സറിയാതെ അവരെ ശിക്ഷിക്കുന്ന മാതാപിതാക്കൾക്ക് വന്നു ഭാവിക്കുന്ന  ദുരന്തങ്ങളും മാതാവ് മരിച്ചെന്നറിയാതെ അവരെ തിരക്കുന്ന കുഞ്ഞുങ്ങളോട് അമ്മ ഉറങ്ങുകയാണെന്നു അറിയിക്കുമ്പോൾ അമ്മ ഉറങ്ങട്ടെ ഉണർത്തരുതെന്ന അവരുടെ നിഷ്കളങ്കമായ പ്രതികരണങ്ങളും, വിവരിച്ചിരിക്കുന്നത് ഹൃദയസ്പർശിയായിട്ടാണ്. ശകുന്തളയെപ്പോലെ ഒരു പെണ്ണിനെ മോഹിക്കുന്നവനോട് ദുഷ്യന്തനെപോലെ  ഒരു ആണിനെ മോഹിക്കുന്നു എന്ന് പറയുന്ന ഇന്നത്തെ സ്വതന്ത്രസ്ത്രീയുടെ അഭിപ്രായങ്ങൾ ഹാസ്യമേമ്പൊടി ചേർത്ത് വിശ്വസനീയമാംവിധം എഴുതിയിട്ടുണ്ട്. 

ഉപദേശസൂചകമായ കവിതകൾ (didactic), മാനസികാഹ്‌ളാദം പകർന്നു നമ്മളിൽ പ്രസരിപ്പ് നിറയ്ക്കാൻ പ്രാപ്തമായ കവിതകൾ അങ്ങനെ ഒരു ദാര്ശനികന്റെ, ഒരു തത്വചിന്തകന്റെയൊക്കെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടു രചിച്ച കവിതകൾ ഈ സമാഹാരത്തിൽ കാണാം. കേൾക്കുമ്പോൾ വിപരീതാർത്ഥം മനസ്സിൽ തോന്നിപ്പിക്കുന്ന ചില വിഷയങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് നമ്മെ ചിന്തിപ്പിക്കുന്നവയാണ്. താഴ്ന്ന നിലങ്ങളത്രെ സുഖപ്രദം, ഹാ ഉന്നതം ദുഃഖമല്ലയോ കുഞ്ഞേ". ഏണിപ്പടികൾ എന്ന കവിതയിലാണ് ഈ ഉപദേശവരികൾ. ഉയരങ്ങളിൽ നിന്ന് വീഴുമ്പോൾ കൂടുതൽ മുറിവേൽക്കുന്നുവെന്ന സാമാന്യതത്വം വ്യക്തമാക്കുന്നു. 

ഇംഗളീഷ് വിഭാഗത്തിൽ ഏതു വഴി സ്വീകരിക്കണമെന്ന ആശയം ഉൾകൊള്ളുന്ന കവിതയുണ്ട്. അതിനു കവിയെ പ്രചോദിപ്പിച്ചത്  മത്തായിയുടെ സുവിശേഷം അധ്യായം ഏഴ് പതിമൂന്നു മുതൽ പതിനാലുവരെയുള്ള വാക്യങ്ങൾ ആകാം. ബൈബിൾ ഇങ്ങനെ പറയുന്നു. "ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു.  ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ".പല ദിശകളിലേക്കും നയിക്കുന്ന വഴികളിൽ പകച്ചുനിൽക്കുന്ന യാത്രക്കാരോട് കവിയുടെ ഒരു ഉപദേശം ഉണ്ട്. ഏതു വഴി സ്വീകരിക്കിലും എല്ലാ വഴികൾക്കും ഒരു അന്ത്യസ്ഥാനമുണ്ട്. ആ അതിരുവിട്ടു ആർക്കും മുന്നോട്ടു പോകാനാവുകയില്ല. 

സർ ഐസക്ക് ന്യുട്ടന്റെ ഒരു കണ്ടുപിടിത്തം വിവരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു ബലവും എതിർബലവും തുല്യമെന്നിരിക്കെ അവ പരസ്പരം എതിരാണ്. ഇതിൽ നിന്നും എല്ലാ ശക്തികളും ഒന്നുചേർന്നാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കാമെന്നു പറയുന്നു. പിന്നെ പറയുന്ന സിദ്ധാന്തം മനുഷ്യജീവിതവുമായി ബന്ധപ്പെട്ടതാണെന്നു കവി മനസ്സിലാക്കുന്നു. അതായത് ഒരു വസ്തു ഒരിടത്ത് നിശ്ചലമായി  ഇരിക്കയാണെങ്കിൽ അങ്ങനെ ഇരിക്കും, ഒരു ബാഹ്യശക്തി അതുമായി ഇടപെട്ടില്ലെങ്കിൽ. അതേപോലെ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവും അതിന്റെ പാതയിലൂടെ സഞ്ചിരിച്ചുകൊണ്ടിരിക്കും ഒരു ബാഹ്യശക്തി അതിനെ വിഘ്നപെടുത്താതിരുന്നെങ്കിൽ. ഒരാളുടെ ജീവിതത്തിൽ പുരോഗതിയുണ്ടാകുന്നത് അയാൾ ജീവിതത്തെ വ്യത്യസ്ഥ്യമായ സമീപനങ്ങളിലൂടെ ഉപയോഗിക്കുമ്പോഴാണ്. എപ്പോഴും  ഈശ്വരൻ എന്ന ബാഹ്യശക്തിയുടെ ഇടപെടൽ ഉണ്ടാകുമെന്നത് തീർച്ച തന്നെ. 

ഇംഗളീഷ് വിഭാഗത്തിലെ ആദ്യത്തെ കവിത മഴവിൽ (Rainbow) ആണ്. മഴവില്ല്  വീക്ഷിക്കുന്ന കവി ഒരു ശാസ്ത്രജ്ഞൻ കൂടിയായതിനാൽ മഴവില്ലുണ്ടാകുന്ന പ്രതിഭാസത്തെ ശാസ്ത്രീയമായി വിവരിച്ചതിനു ശേഷം അതിന്റെ ഭംഗിയിൽ അതിശയം പൂണ്ടു നിൽക്കുമ്പോൾ അദ്ദേഹത്തെ കൂടുതൽ അത്ഭുതപ്പെടുത്തിയത് മാനത്ത് മഴവിൽ വിരിയിച്ച സൃഷ്ടിയുടെ അപാരതയിലാണെന്നു വിനയപൂർവം സമ്മതിക്കുന്നു. . കവിതകളിൽ എല്ലാം തന്നെ പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ കണ്ടെത്തിയ ശാസ്ത്രത്തേക്കാൾ അതെല്ലാം സൃഷ്ടിച്ച പ്രപഞ്ചശില്പിയെയാണ് കവി സ്മരിക്കുന്നതും മഹത്വപ്പെടുത്തുന്നതും. ശാസ്ത്രതത്വങ്ങളെ ജീവിതവുമായി ബന്ധപ്പെടുത്തി ചിന്തിച്ചുകൊണ്ട് കവി ചില നിഗമനത്തിൽ എത്തുന്നത് കാണാം. ശാസ്ത്രജ്ഞാനത്താൽ കണ്ടെത്തുന്ന വിഷയങ്ങളിലും അറിവുകളിലും സർഗാത്മകത നിറച്ചുകൊണ്ടു കവിത കണ്ടെത്താൻ അദ്ദേഹത്തിന് കഴിയുന്നു. Mass Defect എന്ന ശീർഷകത്തിൽ എഴുതിയ കവിതയിൽ Atom ഇൽ നിന്നും പഠിച്ച ഒരു പാഠത്തെ  വിവരിക്കുന്നുണ്ട്. അതിൽ നിന്നും കവി കണ്ടെത്തിയ ഒരു പാഠം  നമ്മൾ ചെറിയ നന്മകൾ ചെയ്താൽ അത് വലിയ സ്നേഹബന്ധമുറപ്പിക്കാൻ പര്യാപ്തമാകുമെന്നാണ്. എല്ലാ കവിതകളെക്കുറിച്ചും നിർദ്ധാരണം ചെയ്തു എഴുതുന്നില്ല.  വായനക്കാർ ഓരോ കവിതകളും ശ്രദ്ധാപൂർവം വായിക്കുമ്പോൾ അവർക്കും അറിവിന്റെ, അഴകിന്റെ, പ്രപഞ്ചരഹസ്യങ്ങളുടെ, ജീവിതസമസ്യകളുടെ, സ്നേഹത്തിന്റെ നേർക്കാഴ്ചകൾ കണ്ടു ആസ്വദിക്കാം. 

ഇങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളുടെ ബുദ്ധിപരമായ വിശകലനങ്ങളാണ്‌ കവിതകളിൽ എല്ലാം തന്നെ. ഓരോ കവിതയും ഓരോ പുതിയ ദാർശനികതലത്തിലേക്ക് നമ്മെ നയിക്കുന്നു.  നമുക്ക് അവിടെ അമ്പരപ്പ് ഉണ്ടാകുന്നില്ല. കവി ഒരു ഗുരുവിനെപോലെ വിഷയങ്ങൾ വിവരിക്കുന്നു. കവിതയുടെ മാനദണ്ഡങ്ങളിൽ നിന്നും വ്യതിചലിക്കാതെ. ഡോക്ടർ പൂമൊട്ടിലിന്റെ ഈ കവിതകൾ വായനക്കാരുടെ അഭിരുചിയെ തൊട്ടുണർത്തി അവർക്ക് നല്ല വായനാനുഭവം നൽകുമെന്ന കാര്യത്തിൽ സംശയം ഇല്ല. കവിതകൾ വായനക്കാർക്ക് മാർഗ്ഗനിർദേശങ്ങൾ  നൽകി അവരെ നന്മയുടെ വഴിയിലൂടെ നടത്തുക എന്ന കവിധർമ്മം അദ്ദേഹം പാലിക്കുന്നു. ഡോക്ടർ പൂമൊട്ടിലിനു എല്ലാ ഭാവുകങ്ങളും നേരുന്നു, 
ശുഭം 

Join WhatsApp News
Abdul punnayurkulam 2023-08-28 11:11:51
Thank you for introducing Dr. Poomottil's poem. Its great introduction expresses worth reading the poems.
Easow Mathew 2023-08-30 15:35:13
Thank you Sudhir for the detailed Book Review on my recently published poetry book, Kavyasandhesam. Also, thanks to Abdul Punnayurkulam for the encouraging words. Dr. E. M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക