Image

 തൃശ്ശൂരിൽ വെള്ളിയാഴ്ച്ച പുലിയിറങ്ങും!  (വിജയ് സി. എച്ച്)

Published on 29 August, 2023
 തൃശ്ശൂരിൽ വെള്ളിയാഴ്ച്ച പുലിയിറങ്ങും!  (വിജയ് സി. എച്ച്)

ഓണം നാലാം നാൾ വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞാൽ പുലിക്കൂട്ടങ്ങൾ പാഞ്ഞെത്തി സംസ്ഥാനത്തിൻ്റെ സാംസ്കാരിക തലസ്ഥാനത്തെ കിടിലം കൊള്ളിയ്ക്കും! 
കാട്ടിലുള്ളതിനേക്കാൾ കൂടുതൽ ഇനം പുലികളുണ്ടാകും ഓരോ കൂട്ടത്തിലും. കടുവപ്പുലി, പുള്ളിപ്പുലി, വരയൻപുലി, ചീറ്റപ്പുലി, കരിമ്പുലി, മഞ്ഞപ്പുലി, ഹിമപ്പുലി മുതൽ ഇവയുടെയെല്ലാം കുട്ടികളും, കൊച്ചു കുഞ്ഞുങ്ങളും വരെ പൂരനഗരിയിൽ നൃത്തമാടും. എൽ.ഇ.ഡി പുലികളും, മിന്നിത്തിളങ്ങുന്ന ഫ്ലൂറസൻറ് പുലികളും, മേലാസകലം അഗ്നിജ്വാലകൾ ഉയർത്തി തലകീഴായ് മറിഞ്ഞു മുന്നോട്ടു നീങ്ങുന്ന 'സർക്കസ്' പുലികളും രാജ്യത്തെ കാടുകളിൽ മാത്രമല്ല, ഇടതൂർന്നു വളരുന്ന ആഫ്രിക്കൻ വനാന്തരങ്ങളിൽ പോലും കണ്ടെന്നുവരില്ല!
ഇക്കൊല്ലം അഞ്ചു പുലി സംഘങ്ങളാണ് ശക്തൻ തമ്പുരാൻ്റെ രാജവീഥികളിൽ തിമിർത്താടുക. അരമണി കിലുക്കി, ഗർജ്ജനം മുഴക്കി ചീറിയെത്താൻ പുലിക്കൂട്ടങ്ങളെ സജ്ജമാക്കുന്ന തിരക്കിലാണ് അഞ്ചു പുലിമടകളും. വിയ്യൂർ സെൻ്റർ, സീതാറാം മിൽ, കാനാട്ടുകര ദേശം, അയ്യന്തോൾ, ശക്തൻ പുലിക്കളി എന്നിവയാണ് സംഘങ്ങൾ. പതിനൊന്നു വർഷത്തിനു ശേഷം സീതാറാം മിൽ മടയിൽ നിന്നു പുലികളെത്തുവെന്നത് ഇതിനകം തന്നെ പൂരനഗരിയിൽ ആവേശമുണർത്തിയിട്ടുണ്ട്.


"ഒരൊറ്റ ദിവസത്തെ പരിപാടിയാണ് പുലിക്കളിയെങ്കിലും, അതിനു പുറകിൽ ഒട്ടേറെ കലാകാരന്മാരുടെയും സംഘാടകരുടെയും നാലഞ്ചുമാസത്തെ കഠിനാദ്ധ്വാനമുണ്ട്. ഇത്രയും കാലത്തെ വരുമാന മാർഗവുമാണ് അത് പലർക്കും," നായ്ക്കനാൽ പുലിക്കളി സമാജം പ്രസിഡൻറും, വടക്കുംനാഥൻ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറിയുമായ ടി. ആർ. ഹരിഹരൻ പറഞ്ഞു.
തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷൻ പുലിമടകൾക്കു നൽകി വരുന്ന ധനസഹായം ഇക്കൊല്ലം 25% വർദ്ധിപ്പിച്ചതാണ് പുലിക്കളി സംഘാടകർക്കിടയിലെ സന്തോഷ വാർത്ത.


"രണ്ടു ലക്ഷത്തിൽ നിന്നു രണ്ടര ലക്ഷമായി ധനസഹായം ഉയർത്തിയത് കോർപ്പറേഷൻ്റെ ഭാഗത്തു നിന്നുള്ള പ്രചോദനകരമായ നടപടിയാണ്. ഒരു മടയിൽ നിന്നു പുലികളെ അണിയിച്ചൊരുക്കി റൗണ്ടിലെത്തിക്കാൻ വരുന്ന വൻ പണച്ചിലവിലേയ്ക്ക് ഈ വർദ്ധനവ് വലിയൊരു പിൻതുണയാവും," ഹരിഹരൻ വ്യക്തമാക്കി.
സഹായധന വർദ്ധനവിനോടൊപ്പം ഹരിത കേരളം പ്രമേയമാക്കിക്കൊണ്ടുള്ള ഒരു ടേബ്ലോ നിർബന്ധമാക്കിയിട്ടുണ്ടെന്നും, eco-friendly ടേബ്ലോ പ്രദർശിപ്പിക്കാത്ത ടീമുകളെ കോർപറേഷൻ അധികൃതർ സമ്മാനങ്ങൾക്കു പരിഗണിക്കുകയില്ലെന്നും ഹരിഹരൻ എടുത്തു പറഞ്ഞു.


"എല്ലാം നടക്കുന്നത് നഗരസഭയുടെ മേൽനോട്ടത്തിലാണ്. പുലിക്കൊട്ട് അതിൻ്റെ ആ മനോഹാരിയായ ശ്രുതിയിൽ തന്നെ ആയിരിക്കണമെന്നും, പഞ്ചാരിയിലേക്കോ, ശിങ്കാരിയിലേക്കോ വഴുതി വീഴരുതെന്നും വരെയുള്ള സൂക്ഷ്മമായ കാര്യങ്ങൾക്ക് നിർദ്ദേശങ്ങളുണ്ട്," ഹരിഹരൻ വ്യക്തമാക്കി. ദീർഘകാലം മികച്ച പുലി സംഘങ്ങളെ റൗണ്ടിലേക്ക് അയച്ചുകൊണ്ടിരുന്ന നായ്ക്കനാൽ ട്രൂപ്പിൻ്റെ പരിചയ സമ്പന്നനായ സാരഥിയാണ് ഹരിഹരൻ.


അമ്പത്തൊന്നു പുലികളും, അത്ര തന്നെ പുലിക്കൊട്ടുകാരും, തുറന്ന ട്രക്കുകളിൽ ചുരുങ്ങിയത് ഒരു വൻ ടേബ്ലോയും, പിൻതുണയ്ക്കും സേവനങ്ങൾക്കുമായി മുപ്പത്തഞ്ച് സംഘാടകരുമാണ് സ്വരാജ് റൗണ്ടിലെത്തുന്ന ഒരു ട്രൂപ്പിലെ മുന്നണിക്കാർ. അമ്മിക്കല്ലുകളിൽ ചായം അരച്ചുണ്ടാക്കുന്നവരും മെയ്യെഴുത്ത് കലാകാരന്മാരുമുൾപ്പെടെ പത്തറുപതു പേർ അണിയറയിലും അത്യാവശ്യമാണ്.
പുലി വേഷമിടുന്ന ഒരു കലാകാരനു വേണ്ട പ്രഥമ യോഗ്യത തടിയും കുടവയറുമാണ്. ബൃഹത്തായ ഉദരപ്പുറത്താണ് മേൻമയേറിയ വരകൾ അരങ്ങേറുന്നത്. അയാൾക്ക് ലഭിയ്ക്കുന്ന പ്രതിഫലം കർശനമായും വയർ മുഴുപ്പിന് ആനുപാതികവുമാണ്. മുഖാവരണം റെഡി-മേഡ് മാസ്ക് മാത്രമായതിനാൽ, അതത്ര തലപുകയുന്ന കാര്യമേയല്ല. എന്നാൽ, മെയ്യെഴുത്തു കലയുടെ ഏറ്റവും മുന്തിയ മാതൃകയായി കരുതപ്പെടുന്നത് വയറ്റത്ത് വരച്ചുണ്ടാക്കുന്ന പുലിത്തലയാണ്. അതാണ് തൃശ്ശൂർ പുലിയുടെ വാഴ്ത്തപ്പെട്ട മുഖം!


"ഇരയെ കടിച്ചു കീറാനുള്ള നീണ്ടു കൂർത്ത പല്ലുകളും, പുറത്തേക്ക് ഞാണ്ടു കിടക്കുന്ന ചോരച്ച നാക്കും, മിന്നിത്തിളങ്ങുന്ന കണ്ണുകളും, പ്രൗഢമായ നാസികയും, ശൗര്യത്തിൽ ഉയർന്നു നിൽക്കുന്ന മീശരോമങ്ങളും ഉൾപ്പെടുന്ന വ്യാഘ്രമുഖം ചേലോടെ രചിക്കാൻ വേണ്ടത്ര ഇടം വയറിന്മേൽ വേണം," പുലിവരയുടെ സൗന്ദര്യശാസ്ത്രമറിയുന്ന ജോസ് കാച്ചപ്പള്ളി സ്പഷ്ടമാക്കി.
മുപ്പത്തഞ്ച് കൊല്ലമായി മെയ്യെഴുത്തിൽ വ്യാപൃതനായിരിയ്ക്കുന്ന ജോസ് കാച്ചപ്പള്ളിയാണ് പൂരനഗരിയിലെ പേരെടുത്ത പുലിവര കലാകാരൻ. "പുള്ളിപ്പുലിയെ വരക്കുമ്പോൾ, പിൻഭാഗത്തു നിന്നു വലിയ പുള്ളിയിൽ തുടങ്ങി വയറിലെത്തുമ്പോൾ അവ ചെറുതായി വരുന്നു. വരയൻ പുലിയ്ക്ക് ആറു തരം വരകൾ വേണം. പട്ട വര മുതൽ സീബ്രാ ലൈൻ വരെ. ടെമ്പെറാ പൗഡർ അരച്ചുണ്ടാക്കുന്ന ചായക്കൂട്ടിൻ്റെ നിലവാരം അനുസരിച്ചാണ് പുലി വർണ്ണങ്ങൾക്കു ടോൺ ലഭിയ്ക്കുന്നത്," ജോസ് വിശദീകരിച്ചു.


അത്ര ദൂരെയല്ലാത്ത കാലത്ത് പതിനെട്ടു മടകളിൽ നിന്നുവരെ പുലിക്കൂട്ടങ്ങൾ ഇറങ്ങിയിരുന്നെങ്കിലും, 2019 എത്തുമ്പോഴേക്കും അത് എട്ടു ട്രൂപ്പുകളായി ചുരുങ്ങി. കഴിഞ്ഞ വർഷമത് അഞ്ചെണ്ണമായി വീണ്ടും താഴ്ന്നു. 2019-നു ശേഷം മഹാമാരി മൂലം പുലിക്കളിയില്ലാതെ രണ്ട് ഓണാഘോഷങ്ങൾ കടന്നുപോയി. അതിനുമുന്നെ പ്രളയം കേരളത്തെ ഇരുട്ടിലാക്കിയ 2018-ലും പുലികൾ എത്തിയില്ല.
"പുലിസംഘങ്ങളുടെ എണ്ണം ക്രമേണ കുറഞ്ഞുകൊണ്ടിരിക്കുന്നതിനു കാരണം സാമ്പത്തിക ഞെരുക്കം തന്നെ. ഒരു പുലിക്കൂട്ടത്തെ ഇറക്കാൻ ചുരുങ്ങിയത് 15 ലക്ഷം രൂപ ചിലവുണ്ട്. കേരള ടൂറിസം വാരാഘോഷത്തിൻ്റെ സമാപനമാണ് തൃശ്ശൂരിലെ പുലിക്കളി. എന്നാൽ, KTDC-യിൽ നിന്ന് പൊള്ളയായ വാഗ്‌ദാനങ്ങളല്ലാതെ, കാശൊന്നും കിട്ടാറില്ല. തൃശ്ശൂർ കോർപ്പറേഷൻ തരുന്നതാണ് ആകെയുള്ള ധനസഹായം. ബാക്കി തുക ഞങ്ങൾ, ഭാരവാഹികൾ പിരിച്ചുണ്ടാക്കണം," വേതനം കൂടുതൽ കൊടുക്കേണ്ട വയറൻ പുലികളെ മാത്രമിറക്കാറുള്ള കോട്ടപ്പുറം മടയുടെ സംഘാടകൻ, പി. ഹരി വ്യാകുലപ്പെട്ടു.


കോട്ടപ്പുറം പുലിസംഘമാണ് കഴിഞ്ഞ പല വർഷങ്ങളിലും പുരസ്കാരങ്ങൾ തൂത്തുവാരിയത്. മികച്ച പുലിനൃത്തം, പുലിവേഷം, പുലിക്കൊട്ട്, മെയ്യെഴുത്ത്, നിശ്ചലദൃശ്യം, പുലിച്ചമയ പ്രദർശനം, അച്ചടക്കം മുതലായവയ്ക്കാണ് കേഷ് പ്രൈസുകളുള്ളത്. അച്ചടക്കം വിലയിരുത്തുന്നത് കേരള പോലീസും, ബാക്കിയുള്ളവയുടെ മൂല്യനിർണയം ലളിതകലാ അക്കാദമിയിൽ നിന്നെത്തുന്ന മുതിർന്ന കലാകാരന്മാരുമാണ് നിർവഹിക്കുന്നത്.


"പുലിക്കളിയ്ക്ക് ടീമിനെ അയച്ച വർഷങ്ങളിൽ വലിയ സാമ്പത്തിക ബാധ്യതയാണ് സമിതിയ്ക്ക് ഏറ്റെടുക്കേണ്ടിവന്നത്. പ്രളയത്തെത്തുടർന്ന് കച്ചവട മേഖല നേർത്തുപോയത് ഇതു വരെ ശക്തി പ്രാപിച്ചില്ല. അതിനാൽ വ്യാപാരികളിൽ നിന്നു പ്രതീക്ഷിച്ചത്ര സംഭാവനകൾ ലഭിക്കുന്നില്ല. ഇക്കുറി ഞങ്ങൾ പുലിക്കൂട്ടവുമായി റൗണ്ടിലേക്കില്ല," ഹരിയുടെ വാക്കുകളിൽ വിഷാദം.
"പ്രളയാനന്തരം കൊറോണയുമെത്തി. വ്യാപാര മേഖല ആകെ തകർന്നിരിക്കുകയാണ്. ആരിൽനിന്നും കാര്യമായ സംഭാവനയൊന്നും ലഭിയ്ക്കാനിടയില്ല. സർക്കാർതല ഇടപെടലുകളും ധനസഹായവും ഇല്ലങ്കിൽ, പുലിക്കളി നിലനിന്നുപോകാനിടയില്ല," 2008-മുതൽ വിയ്യൂർ സെൻ്ററിൻ്റെ ചുക്കാൻ പിടിയ്ക്കുന്ന ടി. എസ്. സുമേഷ് അസന്ദിഗ്‌ദ്ധമായി പറഞ്ഞു.


"ഒട്ടനവധി നവീന ആശയങ്ങൾ പ്രയോഗത്തിൽ കൊണ്ടുവന്ന വിയ്യൂർ സംഘം നിലനിന്നേ മതിയാകൂ," പ്രശസ്ത നിശ്ചലദൃശ്യ ചിത്രകാര൯ പ്രസാദ് തോട്ടപ്പാട്ട് കൂട്ടിച്ചേർത്തു. 2016-ൽ പ്രഥമ പെൺപുലി ത്രയത്തെ അണിയിച്ചൊരുക്കിയ പ്രസാദ് മാഷ്, മുൻ പുലിയും, കഴിഞ്ഞ മൂന്നു ദശാബ്ദം പുലിക്കളി കലാമേഖലയിലെ പൊതു സംഘാടകനായി പ്രവർത്തിയ്ക്കുന്ന കലാകാരനുമാണ്.
"2019-ലാണ് പുരസ്കാരങ്ങൾ ഒരുമിച്ചെത്തിയത്. വ്യത്യസ്‌ത മടകൾക്കായി ഒമ്പത് അർത്ഥ സമ്പുഷ്ടമായ ടേബ്ലോകൾ ചെയ്തതിൽ, ആറെണ്ണം മികച്ച നിശ്ചലദൃശ്യത്തിനുള്ള പുരസ്കാരങ്ങൾ നേടി," പ്രസാദ് മാഷുടെ ശബ്ദത്തിൽ തികഞ്ഞ സംതൃപ്‌തി. "ഇക്കുറിയും അഞ്ചാറു ടേബ്ലോകൾ പണിപ്പുരയിലുണ്ട്."
എഴുപത് വർഷം മുന്നെ, തോട്ടുങ്ങൽ രാമൻകുട്ടി ചിട്ടപ്പെടുത്തിയതാണ് പുലിമേളം. വീക്ക് ചെണ്ടയും, ഉരുട്ട് ചെണ്ടയും, ഇലത്താളവും സൃഷ്ടിക്കുന്ന മാസ്മരികമായ താളപ്പൊരുത്തമാണ് പുലിക്കൊട്ട്.
"മറ്റൊരു മേളത്തിനോടും ഇതിന് സാമ്യമില്ല. തൃശ്ശൂരല്ലാതെ മറ്റൊരിടത്തും ഈ കൊട്ട് പ്രചാരത്തിൽ ഇല്ലതാനും," രാമൻകുട്ടിയുടെ മകനും പ്രശസ്ത പുലിക്കൊട്ട് ആശാനുമായ എഴുപത്തിരണ്ടുകാരൻ പൊന്നൻ പങ്കിട്ടു.
എൻ. എസ്. രാജനും, മക്കൾ ശ്രീജിത്തും, ശ്രീക്കുട്ടനും, അവരുടെ മുപ്പതംഗ കൂട്ടുകുടുംബവുമാണ് അമ്പതു വർഷമായി പല മടകളിലേയ്ക്കും പുലിമുഖങ്ങൾ (Tiger masks) നിർമ്മിച്ചു കൊടുക്കുന്നത്. "കടലാസിൽ പശ പുരട്ടി മുഖരൂപമുണ്ടാക്കി, അതിന്മേൽ ചൂരൽ കഷ്ണം കൊണ്ട് പല്ലും, സൈക്കിൾ ട്യൂബ് മുറിച്ച് നാവും, ഫർ ഉപയോഗിച്ച് താടിയും ഒട്ടിച്ചെടുത്ത്, അനുയോജ്യമായ പെയ്ൻ്റ് അടിച്ചാണ് ഞങ്ങൾ മികച്ചയിനം പുലിമുഖങ്ങൾ ഉണ്ടാക്കുന്നത്," അച്ഛനും മക്കളും നിർമ്മാണ രീതി വിവരിച്ചു.
"പ്രളയവും കൊറോണയും മൂന്ന് അവതരണങ്ങൾ തടഞ്ഞു. പക്ഷെ, പുലിക്കളിയും പൂരവും ഞങ്ങളുടെ ചോരയിലാണ് അതിജീവിയ്ക്കുന്നത്. അതത് മടകളിൽ, ഞങ്ങളുടെ പുലികൾ ഭദ്രമായിത്തന്നെ നിലകൊള്ളും. ഈ ഓണത്തിന് പൂർവാധികം വീറോടെ അവ പുറത്തിറങ്ങും. ശക്തൻ്റെ തട്ടകത്തിലെ പുലികൾക്ക് വംശനാശമില്ല," റൗണ്ട് സൗത്തിലെ പുസ്തക വ്യാപാരി ജോൺസൺ തട്ടിൽതെക്കുമ്പത്ത് ഉറപ്പിച്ചു പറഞ്ഞു!
---------------------- 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക