Image

ഓളങ്ങളല്ല ലക്ഷ്യം! - ഗാനരചയിതാവ് റഫീഖ് അഹമ്മദ്: (വിജയ് സി. എച്ച്)

Published on 29 August, 2023
ഓളങ്ങളല്ല ലക്ഷ്യം! - ഗാനരചയിതാവ് റഫീഖ് അഹമ്മദ്: (വിജയ് സി. എച്ച്)

ആത്മാവുള്ള ഗാനങ്ങൾ മാത്രമെഴുതി കാൽനൂറ്റാണ്ടു പിന്നിട്ട റഫീഖ് അഹമ്മദിനെ തേടി ആറാം തവണയും മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഈയിടെ എത്തിയപ്പോൾ അദ്ദേഹം പറയുന്നു താൻ എന്തും എഴുതാറില്ല, എന്തെങ്കിലുമുള്ളതേ എഴുതാറുള്ളൂവെന്ന്!
റഫീഖ് വെളിപ്പെടുത്തിയത് മാനങ്ങളേറേയുള്ളൊരു യാഥാർത്ഥ്യം. ഒരു പിന്നണിഗാനത്തിൽ, സാധാരണ ഏറ്റവും പിന്നിലാകാറുള്ള വരികളെന്ന അതിൻ്റെ ഭാഷാഘടകം, മുന്നിട്ടുനിൽക്കുകയെന്നത് മലയാള സംഗീതലോകത്ത് അപൂർവമായേ സംഭവിച്ചിട്ടുള്ളൂ! മുൻകൂട്ടി ചെയ്തുവെച്ച സംഗീത സങ്കലനത്തിൽ, അവശേഷിക്കുന്ന ഇടങ്ങളിൽ മാത്രം വരികളെ ബലമായി തിരുകിക്കയറ്റുന്ന രീതി അടിസ്ഥാന ശാസനമായി അംഗീകരിക്കപ്പെട്ടതിനു ശേഷമാണിതെന്നുള്ളതാണ് റഫീഖിൻ്റെ രചനകളുടെ യഥാർത്ഥ വിജയം! കവിയുടെ വാക്കുകളിലൂടെ...


🟥 എന്തും എഴുതാറില്ല
അമ്പത്തിമൂന്നാമതു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ജൂലായ് 21-ന് പ്രഖ്യാപിച്ചു. മികച്ച ഗാനരചയിതാവായി തിരഞ്ഞെടുക്കപ്പെട്ടതിൽ വളരെ സന്തോഷമുണ്ട്. സംഗീതം ചിട്ടപ്പെടുത്തിയതിനു ശേഷം, അതിനനുസരിച്ചു എഴുതിയ ഗാനമല്ല 'വിഡ്ഢികളുടെ മാഷ്' എന്ന സിനിമയിലെ 'തിരമാലയാണു നീ...' എന്നു തുടങ്ങുന്ന ഗാനം. കഥാസന്ദർഭം വിവരിച്ചു തന്നതിനു ശേഷം അവിടെ ഉൾപ്പെടുത്തുവാൻ പറ്റുന്നൊരു ഗാനം വേണമെന്നു സംഗീത സംവിധായകൻ ബിജിബാൽ ആവശ്യപ്പെട്ടു. ആശയം ഉൾക്കൊണ്ടു, വരികൾ ഞാൻ എഴുതിക്കൊടുത്തു. 'തിരമാലയാണു നീ കടലായ ഞാൻ നിന്നെ തിരയുന്നതെത്രമേൽ അർത്ഥശൂന്യം, നിഴലിനെ രൂപത്തിൽനിന്നുമടർത്തുവാൻ, നിശയെ നിലാവിൽ നിന്നിഴപിരിയ്ക്കാൻ, ഒരു പനിനീർപൂവിന്നിതളുകളിൽ നിന്നു പരിമളം മാത്രമായ് വേർപെടുത്താൻ കഴിയുകയില്ലെന്നു നാമറിയുന്നു, നമ്മുടെ ശ്വസനങ്ങൾ ശ്രുതി ചേർന്നിരിക്കയല്ലേ...' തുടർന്നു, ഈ വരികൾക്കു ചേരുന്ന സംഗീതം അദ്ദേഹം ചിട്ടപ്പെടുത്തി. ചിത്രയുടെ ശബ്ദം വരികളുടെ തിളക്കം കൂട്ടി. ഓളങ്ങൾ തീർക്കണമെന്ന ഉദ്ദേശ്യത്തോടെ സൃഷ്ടിച്ചൊരു ഗാനമല്ലിത്. അതിനാലായിരിക്കാം ഈ ഗാനം പലരും ശ്രദ്ധിക്കാതെ പോയത്. ഞാനെഴുതിയ നിരവധി ഗാനങ്ങൾ ഇതു പോലെ 'ഹിറ്റ്' ആവാതെ പോയിട്ടുണ്ട്. എന്താണ് ഹിറ്റ്? ചെറിയൊരു കാലം എല്ലാവരും പാടിനടക്കുക, അതിനു ശേഷം നിർദ്ദാക്ഷിണ്യം വിസ്മരിക്കപ്പെടുക! അങ്ങനെയുള്ള പാട്ടുകൾ എഴുതാൻ എന്നെ ആരും സമീപിക്കാറുമില്ലയെന്നതും സത്യമാണ്. റഫീഖ് അഹമ്മദിൻ്റെ പ്രശസ്ത ഗാനങ്ങൾ ഏതെല്ലാമെന്നു ചോദിച്ചാൽ, എല്ലാവരും പൊതുവെ പറയുക 'സ്പിരിറ്റി'ലെ 'മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ‍...' എന്നതും, അല്ലെങ്കിൽ 'മരണമെത്തുന്ന നേരത്തു നീയെൻ്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ...' എന്നതും മറ്റുമായ ചില വിരലിൽ എണ്ണാവുന്ന നമ്പരുകൾ മാത്രമാണ്. എന്നാൽ, പ്രശസ്തമാകേണ്ടിയിരുന്ന ഒരുപാടു ഗാനങ്ങൾ ഞാൻ രചിച്ചിട്ടുണ്ട്. ആ പാട്ടുകളൊന്നും ജനശ്രദ്ധ നേടാതിരുന്നത്, ഒരു പക്ഷേ അവ ഓളങ്ങൾ തീർക്കാതിരുന്നതുകൊണ്ടാണ്. ഇന്നിൻ്റെ പ്രവണതകൾക്കനുസരിച്ചുള്ള വരികളും സംഗീതവും ജനസമ്മതി നേടാനുള്ള പ്രധാന കാരണം അവയുടെ നിർമാണം തന്നെ ഓളങ്ങൾ തീർക്കണമെന്ന ലക്ഷ്യം വച്ചുകൊണ്ടായായിരുന്നു എന്നതിനാലാണ്. ശ്രോതാക്കളാണ് വിലയിരുത്തേണ്ടതും, വിധി എഴുതേണ്ടതും. മാറുന്ന അഭിരുചികൾ മനസ്സിലാക്കുന്നുണ്ടെങ്കിലും, ജനപ്രീതി വിസ്മരിയ്ക്കുന്നില്ലെങ്കിലും, എന്തും എഴുതാറില്ല, എന്തെങ്കിലുമുള്ളതേ എഴുതാറുള്ളൂ. ഓളങ്ങളല്ല ലക്ഷ്യം!


🟥 വരികൾ സംഗീതത്തേക്കാൾ ജനപ്രിയം
എന്തെങ്കിലുമുള്ള അക്ഷരങ്ങൾ എഴുതുന്നതിലേ അർത്ഥമുള്ളൂ. അതിനെനിയ്ക്കു കഴിയുന്നത് ഞാൻ എന്നെ തേടിവരുന്നവർക്കു വേണ്ടി മാത്രം എഴുതുന്നതുകൊണ്ടാണ്. എൻ്റെ പാട്ടു വേണോയെന്നു ചോദിച്ച്, ഞാൻ സിനിമക്കാരുടെ പുറകെ പോകാറില്ല. അത് ബാദ്ധ്യതയാണ്. പാട്ടിൻ്റെ മാത്രമല്ല, പടത്തിൻ്റെ പരാജയത്തിനു പോലും പാട്ട് എഴുതിയ ആളിനെ കുറ്റപ്പെടുത്തും. പടം ചെയ്യുന്നവർക്ക് എന്നെക്കുറിച്ചൊരു ധാരണയുണ്ട്. അതനുസരിച്ചാണ് അവർ എന്നെ സമീപിക്കുന്നത്. ഞാൻ എന്തും എഴുതാറില്ലെന്ന് അവർക്കറിയാം.
🟥 ആദ്യം ശ്രദ്ധിക്കപ്പെട്ടത്
ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ശമനതാളം' മെഗാസീരിയലിൽ ചിത്ര പാടിയ ‘മൺവീണയിൽ മഴ ശ്രുതിയുണർത്തി...’ എന്നു തുടങ്ങുന്ന വരികൾ എഴുതിയപ്പോഴാണ് ആദ്യം ഞാൻ ശ്രദ്ധിക്കപ്പെട്ടതെന്നു തോന്നുന്നു. അക്ഷരരേഖകൾ ഉൾവഹിക്കുന്ന അർത്ഥഗാംഭീര്യം തന്നെയാണ് ഏതൊരു ഗാനത്തെയും മികവുറ്റതാക്കുന്നത്. അതേ സമയം മികവും ജനപ്രിയതയും തമ്മിലുള്ളത് വസ്തുനിഷ്ഠമല്ലാത്തൊരു ബന്ധമാണ്. എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ, എല്ലാവരെയും ആകർഷിക്കുന്ന രീതിയിൽ എഴുതിയാലേ വരികൾക്കു സ്വീകാര്യത ലഭിയ്ക്കൂ. മൺവീണയിൽ മഴ ശ്രുതിയുണർത്തി മറവികളെന്തിനോ ഹരിതമായി...' എന്ന ഗാനം ഏറെ പ്രശസ്തമായി. കഥയിലെ രോഗഗ്രസ്തയായ സ്ത്രീകഥാപാത്രത്തിനു വേണ്ടി ആയിരുന്നല്ലൊ ഈ ഗാനം. താളക്കേടുകളിലൂടെ സഞ്ചരിച്ചു ശമനതാളത്തിലെത്താൻ വെമ്പുന്നവരുടെ മൂഡാണ് ഈ ഗാനത്തിൽ ഞാൻ അക്ഷരങ്ങളിലൂടെ സൃഷ്‌ടിയ്ക്കാൻ ശ്രമിക്കുന്നത്. എം. ജയചന്ദ്രൻ്റെ സംഗീത സംവിധാനത്തിൽ, ചിത്ര ഇത്രയും ഹൃദയസ്‌പർശിയായ മറ്റൊരു പാട്ട് പാടിയിട്ടില്ല! ഈ ഗാനത്തിൻ്റെ മാസ്മര സംഗീതത്തിൻ്റെയും, തേനൂറും ശബ്ദത്തിൻ്റെയും കൂടെ നിൽക്കാൻ എൻ്റെ വരികൾക്കു സാധിച്ചുവെന്നതിൽ ഏറെ സന്തോഷമുണ്ട്. ഇതെഴുതുമ്പോൾ ഗാനരചനാരംഗത്ത് ഞാൻ ഒരു തുടക്കക്കാരനുമായിരുന്നു. പത്തുമുന്നൂറു സിനിമകളിലായി എഴുനൂറിനുമേൽ ഗാനങ്ങളെഴുതിയത് ഇവയ്ക്കു ശേഷമാണ്.


🟥 'സ്പിരിറ്റ്'
മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ഞാൻ നേടിയതും, ഗായകനുള്ളത് വിജയ് യേശുദാസ് നേടിയതും, 'മഴകൊണ്ടുമാത്രം...' എന്ന ഗാനത്തിലൂടെയാണ്. ‘മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ടു മണ്ണിൻ മനസ്സിൽ, പ്രണയത്തിനാൽ മാത്രം എരിയുന്ന ജീവൻ്റെ തിരികളുണ്ടാത്മാവിനുള്ളിൽ…’ പ്രണയിക്കുന്നവരും, പ്രണയമോഹമുള്ളവരും, പ്രണയിക്കാത്തവരും ഈ വരികൾ സ്വീകരിച്ചെന്നു തോന്നുന്നു. നല്ല അഭിപ്രായങ്ങൾ ഇപ്പോഴും വന്നുകൊണ്ടിരിയ്ക്കുന്നു!
🟥 മരണമെത്തുന്ന നേരത്ത്
'മരണമെത്തുന്ന നേരത്തു നീയെൻ്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ...’ എന്നു തുടങ്ങുന്ന ഗാനം നല്ലൊരു സന്ദേശം നൽകുന്നുവെന്നാണ് പൊതുവെയുള്ള അഭിപ്രായം. നേരത്തെ എഴുതിയ 'മരണമെത്തുന്ന നേരത്ത്' എന്ന കവിതയാണ് 'സ്പിരിറ്റി'ൽ ഗാനമായി ഉപയോഗിക്കപ്പെട്ടത്. സംവിധായകൻ രഞ്ജിത്തിന് പടത്തിലെ ഒരു പ്രത്യേക സന്ദർഭത്തിൽ ആ കവിത വളരെ അനുയോജ്യമായി തോന്നിയതുകൊണ്ട് അത് ഉൾപ്പെടുത്തുകയാണുണ്ടായത്. ‘മരണമെത്തുന്ന നേരത്തു' സിനിമയിൽ വന്നതിനുശേഷം കൂടുതൽ ശ്രോതാക്കൾ എന്നെ ശ്രദ്ധിയ്ക്കാൻ തുടങ്ങി. ഇപ്പോഴുമതിൻ്റെ ഫീഡ്ബേക്കുകൾ കിട്ടിക്കൊണ്ടിരിക്കുന്നു. പലർക്കും ഈ പാട്ട് ഒരു addiction-നാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്!
🟥 സൈക്കിൾ സമ്മാനം
ഞാൻ സൈക്കിൾ ഉപയോഗിക്കുന്ന ആളാണ്. സൈക്കിൾ കടയിൽ ചെന്ന് ഇഷ്ടപ്പെട്ടതൊന്നു തിരഞ്ഞെടുക്കുന്ന സമയത്ത്, കടക്കാരന് എന്നെ അറിയില്ലായിരുന്നു. 'മരണമെത്തുന്ന നേരത്തു...' എഴുതിയ ആളാണെന്ന് പിന്നീട് അറിഞ്ഞപ്പോൾ, അയാൾ സൈക്കിൾ വീട്ടിലെത്തിച്ചു. എത്ര നിർബ്ബന്ധിച്ചിട്ടും അതിൻ്റെ വില സ്വീകരിച്ചില്ല! ഈ പാട്ട് എഴുതിയതിന് സാധാരണക്കാരനായ ഒരു സഹൃദയൻ്റെ സമ്മാനമാണത്. ആ സൈക്കിളിന് ഒരു ബെൻസ് കാറിനേക്കാൾ വിലയുണ്ട്!


🟥 ഗാനരചനയുടെ തുടക്കം
പടം ചെയ്യുന്നവരുടെ നിർദ്ദേശങ്ങളാണ് ആദ്യത്തെ ഇൻപുട്ട്. പാട്ടിൻ്റെ സാഹചര്യം, സംജാതമാക്കേണ്ട വൈകാരികത മുതലായവയെല്ലാം മനസ്സിലാക്കാൻ ശ്രമിയ്ക്കും. പിന്നീട് അവ വരികളായി മാറുന്നത് തികച്ചും സ്വാഭാവികമായാണ്.
🟥 കവിതകൾ വീണുകിട്ടുന്നു
കവിതയുടെ സൃഷ്ടിയിൽ ബോധപൂർവമായി ഒന്നുമില്ല. എല്ലാം യദൃച്ഛയാ സംഭവിയ്ക്കുന്നു. ആശയങ്ങൾക്ക് പൂർവകാല അനുഭവങ്ങളുടെ സ്വാധീനമുണ്ടാകാം, പക്ഷേ കവിത വളരെ ആത്മനിഷ്ഠമായിത്തന്നെയാണ് മനസ്സിൽ ഉടലെടുക്കുന്നത്. കവിതയുടെ ആന്തരാർത്ഥങ്ങൾ അതെഴുതുമ്പോഴുള്ള മനോവികാരത്തിനു അനുസരിച്ചുവേണം നിർവചിക്കാൻ. ആന്തരാർത്ഥങ്ങളിൽ വ്യതിയാനമുണ്ടാകുന്നത് ബോധപൂർവം തിരഞ്ഞെടുത്തു നടത്തുന്ന രചനകളിലാണ്. പ്രചോദനം ലഭിച്ച ബാഹ്യാവസ്ഥയ്ക്കു വന്നുചേരുന്ന സ്ഥിതിഭേദങ്ങൾ കവിതയുടെ ആന്തരാർത്ഥങ്ങളെ പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിക്കുന്നു. എന്നാൽ, എൻ്റെ കവിതകളിലെ പ്രമേയങ്ങളൊന്നും ബോധപൂർവം തിരഞ്ഞെടുക്കപ്പെട്ടവയല്ല. കവിതകൾ എനിയ്ക്കു വീണുകിട്ടാറാണ് പതിവ്!


🟥 കവിയെ ചലച്ചിത്രം ദത്തെടുത്തുവോ?
'ഗർഷോ'മിൽ ഗാനരചയിതാവായി. ഇത് 1999-ലെ കഥയാണ്. അതിനുമുന്നെ, 'സ്വപ്നവാങ്മൂലം' എന്ന കവിതാസമാഹാരമെഴുതി. കവിതകൾ ഇപ്പോഴുമെഴുതുന്നുണ്ട്. സിനിമാ രംഗത്തു വന്നതിനു ശേഷമാണ് എൻ്റെ മിക്ക കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചതു തന്നെ. 'പാറയിൽ പണിഞ്ഞത്', 'ആൾമറ', 'ചീട്ടുകളിക്കാർ', 'ശിവകാമി', 'ഗ്രാമവൃക്ഷത്തിലെ വവ്വാൽ', 'റഫീക്ക് അഹമ്മദിൻ്റെ കവിതകൾ'... ആദ്യ നോവൽ 'അഴുക്കില്ലം' എഴുതിയത് അടുത്ത കാലത്തല്ലേ? സിനിമയിൽ തിരക്കിലായിരിക്കുമ്പോൾ തന്നെ! ഗാനരചനയ്ക്കുവേണ്ടി കവിതയെഴുത്തു നിർത്തിയിട്ടില്ല. സർക്കാർ ഉദ്യോഗമാണ് വേണ്ടെന്നു വച്ചത്. Voluntary retirement എടുത്തു. എല്ലാം ഒരുമിച്ചു കൊണ്ടുപോകുവാൻ കഴിയുന്നില്ല.


🟥 പാട്ടിനാൽ പ്രശസ്തി
സിനിമയിൽ പാട്ടെഴുതുന്നതുകൊണ്ടാണ് എൻ്റെ പേര് ഇങ്ങനെ പറഞ്ഞു കേൾക്കുന്നത്. ഒരു പക്ഷേ, അതിനാലായിരിക്കാം ജനങ്ങളെൻ്റെ കവിതകൾ വായിക്കുന്നതും! കാര്യമായൊരു സന്ദേശം സാധാരണക്കാരിലെത്തിക്കാൻ ഏറ്റവും ഫലപ്രദമായത് ചലച്ചിത്രഗാനങ്ങളാണ്. ഗൗരവരൂപമുള്ള കവിതകൾക്ക് പൊതുജനത്തിൻ്റെ പ്രീതി നേടാൻ പെട്ടെന്നു കഴിയില്ല. ഗാനമെഴുത്ത് ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്നു തന്നെ പലരും അറിയുമായിരുന്നില്ല! മലയാളികളുടെ കവിതയാണ് ചലച്ചിത്രഗാനങ്ങൾ. ഭാസ്കരൻ മാഷും, ഒ.എൻ.വി സാറുമൊക്കെ ഒരേസമയത്ത് കവികളും ഗാനരചയിതാക്കളുമായിരുന്നു. തമ്പി സാർ ഇന്നും രണ്ടുമല്ലേ! സിനിമാപാട്ട് കവിതയേക്കാൾ വേഗത്തിൽ ജനകീയമാകുന്നു. 'മരണമെത്തുന്ന നേരത്തി'ൻ്റെ സ്വീകാര്യതയും സ്വാധീനവും ഇതിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. എന്നാൽ, സന്ദേശമെത്തിക്കുന്നതിൽ കവിതയ്ക്കൊരു ബദലായിരിക്കാൻ ചലച്ചിത്രഗാനത്തിനു പരിമിതികളുണ്ട്.
🟥 നിയന്ത്രിതമാണു ഗാനങ്ങൾ
ചലച്ചിത്രഗാനങ്ങൾ സ്വതന്ത്രമായൊരു കാവ്യസങ്കൽപമല്ല. ഒരു സിനിമയിലെ കഥയ്ക്കു പൊതുവായോ, ഒരു പ്രത്യേക സാഹചര്യത്തിനോ വേണ്ടിയാണ് ഒരു ഗാനമെഴുതുന്നത്. സൃഷ്ടിയ്ക്കാൻ ഉദ്ദേശിക്കുന്ന ആ മൂഡിനപ്പുറത്ത് ആ ഗാനത്തിനു സ്കോപ്പില്ല. പക്ഷേ, സിനിമയ്ക്കു പുറത്തുള്ള ഒരു കവിതയ്ക്ക് ഇങ്ങനെയൊരു നിയന്ത്രണമില്ല.


🟥 പ്രണയഗാനങ്ങൾക്കു സന്ദേശങ്ങളില്ല
പ്രത്യേകിച്ചു സന്ദേശമൊന്നുമില്ലാത്ത വരികളാണ് പ്രണയഗാനങ്ങൾ. ഈ തരത്തിൽപ്പെട്ട പാട്ടുകളാണ് പ്രണയങ്ങളുടെ പൊതു സ്വീകാര്യതയ്ക്കു പണ്ടു മുതലേ കാരണമായതും. പ്രണയിക്കാത്തവരും പ്രണയഗാനങ്ങളുമായി പ്രണയത്തിലാണ്! 


🟥 പുതിയ കാലത്ത് കവിതയുടെ ഭാവി? 
പുതിയ കാലം സങ്കീർണ്ണമാണ്. കവിതയുടെ ഭാവി അപ്രവചനീയമാണ്. നിർമ്മിത ബുദ്ധിയുടെയും സൈബോർഗുകളുടെയും യുഗമാണ് വരാനിരിക്കുന്നത്. അതിനകത്ത് കലയും സാഹിത്യവുമൊക്കെ എന്തായിരിക്കുമെന്ന് പ്രവചിക്കാനാവില്ല. ഇന്ന് എല്ലാം പരന്നുകൊണ്ടിരിക്കുന്നു. ആഴങ്ങൾ നികന്ന ഒരു ലോകമാണ് നമ്മുടെ മുന്നിലുള്ളത്. ആദ്യം മുതൽ അക്ഷരമാല പഠിപ്പിക്കേണ്ടിവരുന്ന ഒരു കാലം. നവോത്ഥാന പ്രസ്ഥാനങ്ങളും, ശാസ്ത്രദർശനങ്ങളും, ശ്രീനാരായണഗുരുവുമൊക്കെ ഉഴുതുമറിച്ച ഒരു മണ്ണിൽനിന്നുകൊണ്ട് ഗോളാന്തര യാത്രക്കുവേണ്ടി പേടകങ്ങൾ തയ്യാറാക്കിക്കഴിഞ്ഞ, ചൊവ്വയിൽ ഭൂമി വാങ്ങിയതിൻ്റെ കരം വില്ലേജാപ്പീസിൽ ഓൺലൈനായി അടയ്ക്കാൻ വരെ വളർന്നുകഴിഞ്ഞ ഒരു ലോകത്തിരുന്നുകൊണ്ട് ആർത്തവം അശുദ്ധമോ എന്നാണ് നമ്മൾ ചർച്ച ചെയ്യുന്നത്! ജാതി ചോദിച്ചാൽ എന്താ എന്നാണ് ചോദിക്കുന്നത്! ഉളുപ്പില്ലാത്ത ഒരു സമൂഹമായി നമ്മൾ മാറിക്കഴിഞ്ഞിരിക്കുന്നു. അതിരിയ്ക്കട്ടെ, കവിതയിലേക്കു തന്നെ വരാം. ഭാഷകൊണ്ടുള്ള ആവിഷ്കാരത്തിൻ്റെ സാധ്യമായ പരമോന്നത രൂപം എന്ന നിലയിലാണ് കവിതയെ ഞാൻ കാണുന്നത്. സൂചിപ്പിച്ചതുപോലെ, സൈബർയുഗം വലിയ സാംസ്കാരിക കുതിച്ചുചാട്ടങ്ങൾക്ക് വഴിയൊരുക്കിയെങ്കിലും, കവിത എന്ന ആവിഷ്കാര രൂപത്തിൻ്റെ അടിസ്ഥാന സ്വത്വത്തെ അത് ലാഘവപ്പെടുത്തി എന്നാണെൻ്റെ നിരീക്ഷണം. നിങ്ങളുടെ കണ്ണുകളെ പെട്ടെന്ന് ആകർഷിക്കാനുള്ള യുക്തികളെയാണ് അതിപ്പോൾ തേടുന്നത്. നിങ്ങളുടെ മനസ്സിലേയ്ക്ക് കയറി അവിടെ പറ്റിപ്പിടിച്ചിരിക്കാൻ പുരോഗാമികളായി അവതരിച്ചിരിയ്ക്കുന്ന അക്കാദമിക്കുകളും അതിനുമേൽ അനവധി ചരടുകൾ ബന്ധിച്ചു കഴിഞ്ഞിരിക്കുന്നു. പൊളിറ്റിക്കൽ കറക്റ്റ്നസ്സിനെക്കുറിച്ചുള്ള ശുദ്ധിവാദം അതിലൊന്നാണ്. ലാവണ്യാംശത്തെയും എഴുത്തിൻ്റെ അബോധതലങ്ങളെയും പാടെ നിരാകരിക്കുന്ന സാംസ്കാരിക വിമർശന പദ്ധതിയും സർഗാത്മകതയുടെ സ്വാഛന്ദ്യത്തെ കെടുത്തിക്കളയുന്നു. എങ്കിലും പ്രതീക്ഷിക്കുന്നു, തെളിമയും നേരുമുള്ള ഒരു നാളെയെ! 

read more: https://emalayalee.com/writer/162

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക