Image

പുതിയ വായന സിനിമ പോലെ! (വിജയ് സി. എച്ച്)

Published on 05 September, 2023
പുതിയ വായന സിനിമ പോലെ! (വിജയ് സി. എച്ച്)

പണ്ടൊരിയ്ക്കലും ഇല്ലാതിരുന്ന ദൃശ്യ ചാരുതയാണ് പുതിയ വായനയെ അസാധാരണമാക്കുന്നത്. മനോഹരമായ ബിംബങ്ങളും കൽപനകളും ഒരു ചലച്ചിത്രം കാണുന്നതുപോലെയുള്ള അനുഭവം വായനക്കാരനു നൽകുന്നു.
എം.ടി.വാസുദേവൻ നായരുടെ 'മഞ്ഞ്' അറുപതുകളിൽ പരക്കെ വായിക്കപ്പെട്ടപ്പോൾ, നൈനിറ്റാളിൻ്റെ പരിസരങ്ങളും അവിടെ അരങ്ങേറിയ കഥാരംഗങ്ങളും നേരിൽ കണ്ട അനുഭവമാണ് അനുവാചകർക്കുണ്ടായത്. എന്നാൽ, എൺപതുകളിലെ 'രണ്ടാമൂഴ'ത്തിൽ, ഒന്നു മണത്തു നോക്കുക പോലും ചെയ്യാതെ ദ്രൗപദി വഴിയിൽ ഉപേക്ഷിച്ച തണ്ടോടുകൂടിയ സൗഗന്ധിക പുഷ്പം തങ്ങൾ പതിവായി നടന്നുപോകുന്ന ഇടവഴിയിലാണ് വായനക്കാർ കണ്ടത്!
ഇത് ഇരുപതു വർഷംകൊണ്ടു എഴുത്തിനു വന്നുചേർന്ന രംഗഭംഗിയാണെങ്കിൽ, വീണ്ടുമൊരു നാൽപതു വർഷം കൂടി കഴിഞ്ഞാലോ? വ്യക്തം, സർഗാത്മകമായ വഴിത്തിരിവുകൾ സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത് ഏറെയും അക്ഷരങ്ങളെക്കൊണ്ടു ദൃശ്യങ്ങൾക്കു മിഴിവേകുന്ന വൈദഗ്ധ്യത്തിലാണ്. ഒരു ചലച്ചിത്രം കാണുന്നതിനു തുല്യമായ പ്രഭാവമാണ് ഇന്നിൻ്റെ ആഖ്യാന രീതികൾക്കുള്ളത്.
പ്രശസ്ത നോവലിസ്റ്റും, കഥാസാഹിത്യത്തിൽ ഈയിടെ തരംഗങ്ങൾ തീർത്ത 'എജ്ജാതി പെണ്ണി'ൻ്റെ ലേഖികയുമായ നിഷ അനിൽകുമാർ പുതിയ മലയാള വായനയ്ക്കു വന്നു ചേർന്നിട്ടുള്ള രംഗസൗന്ദര്യം പരിശോധിയ്ക്കുന്നു...


🟥 പടങ്ങൾ പണ്ടേ അക്ഷരങ്ങളെ പിൻതാങ്ങി
അക്ഷരങ്ങളും ചിത്രങ്ങളും ഇഴപിരിയാത്ത വിധം ഒരൊറ്റ സ്വത്വമായി മാറിക്കൊണ്ടിരിയ്ക്കുന്നൊരു കാലഗതിയിലാണ് നാമിന്നു ജീവിയ്ക്കുന്നത്. ഭാഷാപരിമിതിയെ മറികടക്കാൻ ചിത്രങ്ങൾക്കുള്ളത്ര സുഭഗമായ ശേഷി ഒരു പക്ഷേ മറ്റൊരു ആവിഷ്കാര കലാരൂപത്തിനുമില്ല. കഥയോടും, കഥാസന്ദർഭങ്ങളോടും മാത്രമല്ല, കഥാപാത്രങ്ങളോടു പോലും ഏറ്റവും നീതി പുലർത്തുന്നത് വരകളാണെന്നു തിരിച്ചറിയാൻ വലിയ പരിശോധനകളൊന്നും വേണ്ടതാനും. നമ്പൂതിരിയുടെ രേഖാചിത്രങ്ങളാണോ അതോ എംടി-യുടെ സുന്ദരാക്ഷരങ്ങളാണോ 'രണ്ടാമൂഴ'ത്തിൽ തങ്ങൾക്കു കൂടുതൽ കമനീയമായി തോന്നിയതെന്നു കൃത്യമായി നിരൂപിയ്ക്കാൻ വ്യാകുലപ്പെടുന്ന വായനക്കാർ വളരെയാണ്! എഴുത്തും വായനയും വികസിക്കുന്നതിനു മുമ്പെ മനുഷ്യർ ചിത്രങ്ങളിലൂടെ ആശയവിനിമയം നടത്തുകയും, അവർക്കു പറയാനുള്ളത് ലളിതമായ വരകളിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. സാഹിത്യരചനകളോട് കിടപിടിയ്ക്കുന്ന ചിത്രങ്ങൾക്കും, ചിലപ്പോൾ അക്ഷരങ്ങളെ നിഴലിലാക്കുന്ന ദൃശ്യങ്ങൾക്കും ചിത്രകാരന്മാർ രൂപം നൽകി. അക്ഷരങ്ങളും, പിന്നീട് അക്ഷരവിന്യാസശാസ്‌ത്രവും (ഓർത്തോഗ്രാഫി) രൂപപ്പെട്ടതു തന്നെ ചിത്രമെഴുത്തിൽ നിന്നല്ലേ! വട്ടെഴുത്തും, കോലെഴുത്തും, ബ്രാഹ്മിയും, ദേവനാഗരിയും, ഖരോഷ്ഠിയുമെല്ലാം അടിസ്ഥാനപരമായി കല്ലിൽ കോറിവരച്ച പടങ്ങളാണ്, സംവേദന സാധ്യതകളുള്ള ലിപികളാണ്. ശിലാലേഖനവിദ്യയല്ലാതെ മറ്റെന്താണ് പുരാതന അച്ചടി ഉപാധിയായ ലിത്തോഗ്രാഫി? ന്യൂയോർക്ക് സിറ്റിയിൽ നിന്നു പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന 'ദ ഡെയ്‌ലി ഗ്രാഫിക്' എന്ന അമേരിക്കൻ സായാഹ്നപത്രമാണ് 1880-ൽ ലോകത്ത് ആദ്യമായി ഒരു ചിത്രം അക്ഷരങ്ങൾക്കൊപ്പം അച്ചടിച്ചത്. പക്ഷേ, അന്നാരും കരുതിക്കാണില്ല ചിത്രങ്ങളില്ലാതെ അക്ഷരങ്ങൾക്ക് നിലനിൽപില്ലാത്തൊരു കാലത്തിൻ്റെ തുടക്കമായിന്നു ആ ഫോട്ടോമെക്കാനിക്കൽ നിർമിതിയെന്ന്! പടങ്ങൾക്ക് പരിഭാഷയോ അർത്ഥവിശദീകരണമോ ആവശ്യമില്ലല്ലൊ. സ്വാഭാവികമായും അക്ഷരങ്ങളെ അടുത്തറിയുവാൻ ചിത്രങ്ങളുടെ പിന്തുണ അവശ്യമെന്നു ലോകം തിരിച്ചറിയാൻ പിന്നെ അധികം വൈകിയില്ല. "വീടിനു തൊട്ടുകിടക്കുന്ന പറമ്പ് കുറ്റികാടുകൾ നിറഞ്ഞതും, താഴ്‌വാരം മുതൽ കുന്നിൻമുകൾ വരെ പരന്നുകിടക്കുന്ന ഭൂമി വൃക്ഷനിബിഢവുമായിരുന്നു" എന്നുള്ള കഥാകാരൻ്റെ വിവരണം വായിച്ചു തീരും മുമ്പേ, ചിത്രകാരൻ ആ ഭൂദൃശ്യത്തിനു വേണ്ടി വരച്ച പടത്തിൻ്റെ  മനോഹാരിതയാൽ അനുവാചകന് ആ കഥാഭാഗമത്രയും ഉള്ളുകൊണ്ടറിയുവാൻ കഴിയുന്നു. ലളിതം, ഇതാണ് ചിത്രത്തിൻ്റെ ശക്തി! 'കമ്പരാമായണം' മുതൽ ലിയോ ടോൾസ്റ്റോയി രചിച്ച 'യുദ്ധവും സമാധാനവും' വരെ ഇന്നു സചിത്ര ഗ്രന്ഥങ്ങളാണ്. ചിത്രങ്ങൾ ബാലസാഹിത്യത്തിലേ വേണ്ടൂവെന്ന ധാരണ എന്നോ കാലഹരണപ്പെട്ടിരിക്കുന്നു. ഒരൊറ്റ കാർട്ടൂണിലോ, കേരികേച്ചറിലോ, രേഖാചിത്രത്തിലോ അന്തർലീനമായ കഥകളെഴുതാൻ ഒരായിരം ഏടുകൾ വേണമെന്ന നിലയിലേയ്ക്കു ഉയർന്നിരിക്കുന്നു ഇന്നിൻ്റെ ചിത്ര-ദൃശ്യ-കഥാ സംസ്കൃതി!


🟥 കണ്ടതിൽ നിന്നു കഥ തുടങ്ങി
കാഴ്ചകളും അനുഭവങ്ങളും കഥകളായി പിറവിയെടുക്കുന്നു. തകഴിയുടെയും, ബഷീറിൻ്റെയും, മാധവികുട്ടിയുടെയും, എംടി-യുടെയും മിക്ക കഥകളും അവർ കണ്ട കാഴ്ചകളിൽ നിന്നോ, ജീവിച്ച പരിസരങ്ങളിൽ നിന്നോ ചേതനയുൾക്കൊണ്ടവയാണ്. താൻ ജീവിച്ച അയ്മനം എന്ന ഗ്രാമത്തിലെ നേർകാഴ്ചകളെ മുൻനിർത്തിയാണ് അരുന്ധതി റോയ് ലോകപ്രശസ്ത കൃതിയായ 'ദി ഗോഡ് ഓഫ് സ്മാൾ തിങ്സ്' രചിച്ചത്. വ്യക്തം, വിശ്വസാഹിത്യത്തിലെ പ്രശസ്തമായ പല ക്ലാസ്സിക്കുകളും കണ്ടതിൽ നിന്നു തുടങ്ങിയ കഥകളാണ്. എൻ്റെ മിക്ക രചനകളും ഞാൻ കണ്ട കാഴ്ചകളും അടുത്തറിഞ്ഞ ജീവിതങ്ങളുമാണ്. 'തണൽമരങ്ങൾ' എന്ന സമാഹാരത്തിലെ കഥാപാത്രങ്ങളായിരിയ്ക്കും ഒരു പക്ഷേ ഞാൻ കണ്ട കാഴ്ചകളുമായി ഏറ്റവും അനുബന്ധമുള്ളവ. കണ്ട കാഴ്ചകളിൽ നിന്നു കഥപറയുമ്പോൾ അവയ്ക്ക് സത്യസന്ധതയും തന്മയത്വവും ഇത്തിരിയേറെയാണ്. കഥ പറച്ചിലുകൾക്ക് തീക്ഷ്ണമായ ഉൽകൃഷ്ടത ലഭിയ്ക്കുന്നതായി പലപ്പോഴും തോന്നിയിട്ടുമുണ്ട്. കഥാരംഗങ്ങൾ ചിത്രീകരിക്കുമ്പോൾ അവയുടെ ദൃശ്യഭംഗി എഴുതുന്നയാൾ അനുഭവിച്ച അതേ വൈകാരികതയോടെ അക്ഷരങ്ങളാക്കാൻ സാധിക്കുന്നുവെന്നതായിരിയ്ക്കാം ഇതിനു കാരണം.


🟥 വിഷ്വൽ പോയട്രി
അമേരിക്കൻ കലാസൈദ്ധാന്തികനും ഫ്ലക്സസ് ഇൻ്റർനാഷനൽ ആർട്ടിസ്റ്റിക് പ്രസ്ഥാനത്തിൻ്റെ സ്ഥാപകരിൽ ഒരാളുമായിരുന്ന ഡിക് ഹിഗ്ഗിൻസ് (1938 – 1998) രൂപം നൽകിയ 'ഇൻ്റർമീഡിയ' എന്ന കലാതത്ത്വവിചാരമാണ് വിഷ്വൽ പോയട്രിയ്ക്കു ബീജാവാപം ചെയ്തത്. അമേരിക്കൻ സാഹിത്യകാരിയായിരുന്ന മേരി എല്ലെൻ സോൾട്ട് (1920 – 2007) കോൺക്രീറ്റ് കവിതയുടെ ലോകവീക്ഷണമെന്ന അവരുടെ സർവെയിൽ ഇത്തരം സൃഷ്ടികളിൽ പുതിയൊരു ദൃശ്യകവിതയുടെ പ്രവണതയുണ്ടെന്നു നിരീക്ഷിക്കുകയും ചെയ്തു. കോൺക്രീറ്റ് കവിതയെന്നാൽ സാരാംശത്തിൽ കാവ്യത്തിൻ്റെ മൂർത്തരൂപമാണ്. കവിതയെ കാണാൻ കഴിയുന്ന അവസ്ഥ! കാഴ്‌ചക്കാരെയും വായനക്കാരെയും ഒരുപോലെ രമിപ്പിക്കുന്നൊരു സങ്കര-സമന്വയ സൃഷ്ടി. സമുദ്രത്തെക്കുറിച്ചു വർണിക്കുന്ന കാവ്യത്തിൽ ഓളങ്ങളുടെ മാതൃകയിലൂടെ അക്ഷരങ്ങൾ മനോഹരമായി അണിനിരത്തി കടൽ രൂപം സൃഷ്ടിക്കുക വഴി കവിതയുടെ ദൃശ്യഭംഗിയും ആശയവും അനുവാചകൻ്റെ ഉള്ളിൽ പെട്ടെന്നെത്തുന്നു. അക്ഷരങ്ങളുടെയോ വരികളുടെയോ ദൃശ്യവിന്യാസത്തിലൂടെ കവിതയുടെ ആശയം പ്രേക്ഷക ഹൃദയം കീഴടക്കുകയാണിവിടെ. കപ്പൽ രൂപത്തിൽ അതിനെത്തന്നെ വിവരിയ്ക്കുന്ന വരികളെഴുതുമ്പോൾ, കണ്ണിനെ പ്രകീർത്തിയ്ക്കുന്ന വാക്യങ്ങൾക്ക് നേത്രത്തിൻ്റെ ആകൃതി ലഭിയ്ക്കുമ്പോൾ, അമൂർത്ത ആശയങ്ങൾ ആർജിക്കുന്നത് ദൃശ്യചേതനയല്ലേ!


🟥 എഴുത്തിന് ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം
ദൃശ്യ-നവ മാധ്യമങ്ങൾ വിപ്ലവകരമായ മാറ്റങ്ങളാണ് മനുഷ്യജീവിതത്തിൽ വരുത്തിക്കൊണ്ടിരിയ്ക്കുന്നത്. ജനപ്രിയ വിവര-വിനോദ മാർഗങ്ങള്‍ സമയദൂരങ്ങളെ അതിജീവിച്ചു മുന്നേറുമ്പോൾ, തുല്യമായ ദൃശ്യവിസ്മയം സൃഷ്ടിയ്ക്കാൻ കഴിയുന്ന സാഹിത്യ രചനകൾക്കു മാത്രമേ അതിജീവന ക്ഷമത ലഭിയ്ക്കൂ. കാലം ഏറെ മാറിക്കഴിഞ്ഞു. കൺമുന്നിൽ അനായാസം എത്തുന്ന കാഴ്ചകളുടെ മായാപ്രപഞ്ചത്തിൽ അക്ഷരങ്ങൾക്കു ശോഭ നഷ്ടമാകുന്നത് സ്വാഭാവികം. ശ്രവ്യ മാധ്യമത്തിൽ തുടങ്ങിയ ഇലക്ട്രോണിക് യുഗം അതിൻ്റെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യഭംഗിയാൽ നമ്മുടെ ധിഷണാശക്തിയെ തളച്ചിട്ടിരിയ്ക്കുന്നു. ഇന്നു നമുക്കു പരിശ്രമിക്കാനും ചിന്തിച്ചിരിക്കാനുമൊക്കെ ശുഷ്കാന്തി കുറവാണ്. അതിനാൽ പണിപ്പെട്ടു സമയം കണ്ടെത്തി വായിക്കേണ്ട പുസ്തകങ്ങൾ പിൻതള്ളപ്പെടുന്നു. ടിവി സീരിയലുകളുടെ കടന്നുവരവോടെ വീട്ടമ്മമാരിൽ നിന്നു ജനപ്രിയസാഹിത്യം അകന്നുപോയി. വേണ്ടതെല്ലാം പുതു മാധ്യമങ്ങൾ വാരിക്കോരി നൽകാൻ തുടങ്ങിയപ്പോൾ ബാലസാഹിത്യം പോലും പ്രചാരലുപ്തമായി. യുവാക്കളും സാംസ്ക്കാരിക രംഗത്തുള്ളവരും വരെ സമയം ചിലവിടുന്നത് മൊബൈൽ ഫോണിലായതോടെ പുസ്തകം വായിക്കുന്നവരുടെ എണ്ണം വീണ്ടും കുറഞ്ഞു. മനുഷ്യൻ കഴിഞ്ഞുപോയതെല്ലാം വിസ്മൃതിയിൽ കുഴിച്ചുമൂടുന്നു. ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരത്തിൽ വായന കാലോചിതമായി നിലനിർത്തണമെങ്കിൽ, അക്ഷരങ്ങൾക്കും അവയിൽ അടങ്ങിയവയ്ക്കും കാഴ്ചാസൗന്ദര്യം യഥേഷ്ടം നൽകിയേ മതിയാകൂ.


🟥 വായന കഷ്ടം, സിനിമ ഇഷ്ടം
തിരക്കേറിയ ജീവിതത്തിൽ പെട്ടെന്ന് ആസ്വദിക്കുവാ൯ കഴിയുന്നതിനെ സ്വീകരിക്കുക സഹജമാണ്. രണ്ടര മണിക്കൂറുകൊണ്ടു കണ്ടുതീർക്കാവുന്ന ഒരു സിനിമയുടെ പുസ്തക രൂപം ലഭിച്ചാൽ രണ്ടാഴ്ചയെങ്കിലും വേണം അതു വായിച്ചു തീർക്കാൻ! നീണ്ട വായനയ്ക്കു സമയവും ചിന്തയും പരുവപ്പെടുത്തിയെടുക്കുകയും വേണം. പുസ്തകങ്ങളിൽ നിന്നു ലഭിയ്ക്കുന്ന അറിവ് മനനം ചെയ്തെടുക്കാനുള്ള മടി തന്നെയാണ് വായന കഷ്ടപ്പാടുള്ള സംഗതിയായി തോന്നുവാൻ കാരണം. പൂർവികമനുഷ്യർ മണ്ണിലും, കല്ലിലും, ശിലകളിലും കോറിയിട്ടിരുന്ന അക്ഷരങ്ങളെ എഴുത്തോലകളിലേക്കും, കടലാസിലേക്കും, കമ്പ്യൂട്ടറിലേക്കും, പിന്നീട് ഒതുക്കിപ്പിടിക്കാവുന്ന മൊബൈൽ ഫോണിലേക്കും പരിഷ്കരിച്ചപ്പോൾ വന്നു ചേർന്ന മാറ്റം സ്വാഭാവികമായും വായനയിലുമുണ്ടായി. സാഹിത്യത്തിൽ നിന്നാണ് ചലച്ചിത്രം പൊതുവെ പിറവിയെടുക്കുന്നത്, പക്ഷേ അഭ്രപാളി പോലെ എളുപ്പമല്ലല്ലൊ അച്ചടിച്ചതു അക്ഷരംപ്രതി വായിച്ചു മനസ്സിലാക്കുന്നത്! സിനിമയുടെ വശ്യത സാഹിത്യത്തിൽ പരമാവധി കൊണ്ടുവരുകയെന്ന ഒരു വഴി മാത്രമേ താൻ വായിക്കപ്പെടണമെന്നു മോഹിക്കുന്നൊരു കഥാകൃത്തിനു മുന്നിൽ തുറന്നു കിടക്കുന്നുള്ളൂ.


🟥 ഇമേജറിയിൽ ആദ്യം ദൃശ്യബിംബം
തങ്ങൾ പറയുന്ന കഥയെ എഴുത്തുകാർ വർണ്ണിക്കുന്നത് ചില മനോഹരമായ ബിംബങ്ങൾ ഉപയോഗിച്ചാണ്. ദൃശ്യം, ശബ്ദം, ഗന്ധം, രുചി, സ്പർശം എന്നിവ നമ്മുടെ സാർവജനീനമായ അനുഭവങ്ങളാണ്. അവയെ അക്ഷരങ്ങളിലൂടെ ആവിഷ്‌ക്കരിക്കാൻ ബിംബങ്ങൾ (ഇമേജറി) കൂടിയേ കഴിയൂ. അക്ഷരങ്ങളാൽ പ്രകടിപ്പിക്കാനുള്ള അനുഭവങ്ങളെ പുത്തൻപുതിയ വാങ്മയ ചിത്രങ്ങളാക്കിത്തീർക്കുന്നതിൽ ഏറ്റവും മികവു പുലർത്തിയവരാണ് ഇടശ്ശരിയും, ചങ്ങമ്പുഴയും മുതൽ ചുള്ളിക്കാടു വരെയുള്ള കവികൾ. 'പൂതപ്പാട്ടും', 'കാവിലെപ്പാട്ടും' രചിച്ച ഇടശ്ശേരിയുടെ 'പുത്തൻകലവും അരിവാളും' എന്ന കൃതിയിലെ ഒരു ദൃശ്യബിംബം 1951 മുതൽ വായനക്കാരും, നിരൂപകരും, ഭാഷാഗവേഷകരും ഉദ്ധരിച്ചുകൊണ്ടിരിക്കുന്നു. അമ്പതുകളിലെ കൊടും ഫ്യൂഡൽ വ്യവസ്ഥ. ഭൂപ്രഭുക്കന്മാർ കൃഷിക്കാരൻ്റെ ചോര ഊറ്റിക്കുടിയ്ക്കുന്ന കാലം. തനിയ്ക്കു ലഭിയ്ക്കാനുള്ള പാട്ടബാക്കിയ്ക്ക് ജന്മി കോടതിയുടെ അനുകൂല വിധി നേടി. നടപ്പു വർഷം കർഷകൻ വിതച്ച നെല്ലു കൊയ്തു കൊണ്ടുപോകുവാൻ ജന്മിക്കാണ് അവകാശം. പൊന്നാര്യൻ കൊയ്തു മെതിച്ചു വിറ്റുകിട്ടുന്ന കാശുകൊണ്ടു ചെയ്യാൻ ഒത്തിരി കാര്യങ്ങൾ സ്വപ്നം കണ്ടുകൊണ്ടിരിയ്ക്കുന്ന കൃഷിക്കാരൻ്റെ മനോനില അപ്പോൾ എന്തായിരിക്കും? തങ്ങൾ പെടാപാടുപെട്ടു ഉണ്ടാക്കിയ വിള, നിഷ്കരുണം ജപ്തി ചെയ്യപ്പെടുന്നതു കാണുന്ന കോമനും മകളും അക്ഷരാർത്ഥത്തിൽ തന്നെ പൊട്ടിത്തെറിക്കുകയാണ്! 'അച്ഛനുള്ളിലൊരൂക്കൻ തീക്കരു പൊട്ടിത്തെറിച്ചതു പോലുണ്ടായ്, വിദ്വേഷാഗ്നിയിൽ വീണ്ടുമൊഴുക്കിയ വെണ്ണകണക്കവൾ കാണായി.' കോമനെയും മകളെയും ആ പ്രക്ഷുബ്ധ നിമിഷങ്ങളിൽ കവി കണ്ടത് ഇപ്രകാരമാണ്! തീക്കരു പല സ്‌ഫുലിംഗങ്ങളായി ചിന്നിച്ചിതറുന്നതും, ഉരുകിയ വെണ്ണയ്ക്ക് അതിൻ്റെ സ്ഥായിയായ രൂപം നഷ്ടമാകുന്നതുമായ അനുഗുണ ദൃഷ്ടാന്തങ്ങളിലൂടെ, പിതാവിൻ്റയും പുത്രിയുടെയും അമർഷാവേശം ഇടശ്ശേരി ബിംബവൽക്കരിക്കുമ്പോൾ, അക്ഷരധ്വനികൾ ഉന്നതമാനങ്ങളുള്ള ദൃശ്യങ്ങളായിത്തീരുകയാണ്. അസന്ദിഗ്ദ്ധമായി തന്നെ പറയാം ഇമേജറിയിൽ ആദ്യത്തേത് ദൃശ്യബിംബം!


🟥 'ചെമ്മീനും', 'ആടുജീവിതവും', 'മീശ'യും ദൃശ്യവായനയിൽ
എഴുത്തിലെ ദൃശ്യവിസ്മയമാണ് തകഴി ശിവശങ്കരപ്പിള്ള എഴുതിയ 'ചെമ്മീൻ'. കാവ്യാത്മകമായ വർണനകൊണ്ടു ഈ പുസ്തകം മനോഹരമായൊരു ചലച്ചിത്രം പോലെ ആസ്വാദ്യകരം! വായനയ്ക്കു ശേഷവും നോവലിലെ കഥാപാത്രങ്ങളെ അനുവാചകഹൃദയങ്ങളിൽ നിലനിർത്തുന്നത് തീർച്ചയായും കഥ നൽകുന്ന ദൃശ്യാനുഭൂതികളാണ്. കടലിനെയും, അതുമായി ബന്ധപ്പെട്ടു ജീവിയ്ക്കുന്ന മനുഷ്യരെയും, അവരുടെ വിശ്വാസങ്ങളെയും കഥാകൃത്ത് ഉപയുക്തമായി ആവിഷ്കരിക്കുമ്പോൾ, വാക്കുകളുടെ മാജിക് സർവത്ര പ്രകടമാണ്. അറേബ്യൻ മരുഭൂമിയിലെ ആടുവളർത്തൽ കേന്ദ്രത്തിൽ അടിമപ്പണി ചെയ്യേണ്ടി വന്ന ആലപ്പുഴക്കാരൻ നജീബിൻ്റെ കരളലിയിപ്പിക്കുന്ന യഥാർത്ഥ കഥയാണ് 2008-ൽ ബെന്യാമിൻ എഴുതിയ' ആടുജീവിതം'. വായന തുടങ്ങുന്ന നിമിഷം മുതൽ ഈ പുസ്തകത്തിലെ വ്യക്തിത്വങ്ങൾ അനുവാചകരായി മാറുന്നതും അവർ കഥയോടൊപ്പം സഞ്ചരിക്കുന്നതും, നോവലിസ്റ്റ് തൻ്റെ രചനയിൽ സൃഷ്ടിച്ചിരിക്കുന്ന ദൃശ്യബിംബങ്ങളുടെ മായിക ശക്തിയാലാണ്. അമ്മൂമ്മമാർ പറയാറുള്ള കഥകൾക്കാണ് ലോകത്തേറ്റവും ഉത്സുകരായ ശ്രോതാക്കളുള്ളത്. പഴങ്കഥകൾ ദൃശ്യചാരുതയോടെ വിവരിച്ചു കൊടുത്തു കുട്ടികളെ അവർ പാട്ടിലാക്കും. ഭൂതങ്ങളെയും, മന്ത്രവാദികളെയും മനകണ്ണിൽ കാണിച്ചു കൊടുക്കും. അവർ സൃഷ്ടിക്കുന്നതെല്ലാം ചന്തമുള്ള സംഗതികളാണ്. എസ്.ഹരീഷ് 'മീശ'യിൽ ചെയ്യുന്നതുമതാണ്! വടക്കൻ കുട്ടനാടിലെ പരന്നു കിടക്കുന്ന പാടങ്ങളെ പഞ്ചതന്ത്രം കഥകളുടെ മാസ്മരികതയോടെയാണ് സാഹിത്യകാരൻ കഥിക്കുന്നത്. 1956-ൽ രചിച്ച 'ചെമ്മീ'നിൽ നിന്നു, 2018-ലെ 'മീശ'യിലേക്കുള്ള ആറു ദശകം അകലത്തിൽ ദർശിക്കാനാകുന്നത് കഥാഖ്യാനത്തിൽ വന്നുചേർന്ന രൂപാന്തരങ്ങൾ തന്നെയാണ്. മാറിയ കാലത്ത് ഒരു പ്രമേയത്തിൽ വായനക്കാരെ മുറുകെ പിടിക്കണമെങ്കിൽ, അത് കേവലം കഥപറച്ചിൽ കൊണ്ടു മാത്രം സാധ്യമല്ലെന്നും, ദൃശ്യപരമായ മികവ് രചനകളിൽ അനിവാര്യമാണെന്നും ഇന്നത്തെ എഴുത്തുകാർക്കു ശരിയ്ക്കും ബോധ്യപ്പെട്ടു കഴിഞ്ഞു.


🟥 ബുക്ക് ഫെസ്റ്റുകളുടെ സിനിമാറ്റിക് മാനം
ലോകം മുഴുവൻ ഫെസ്റ്റുകളാണ്! ആഘോഷിക്കാൻ ഏതു കാരണവുമാകാം എന്ന ഉപായത്തിലാണ് മനുഷ്യർ ഇത്തരം കൊണ്ടാട്ടങ്ങളുടെ പുറകെ പോകുന്നത്. കളർഫുളായാലേ കച്ചവടങ്ങൾ പൊടിപൊടിക്കൂ എന്നൊരു മനോഭാവത്തിലേയ്ക്ക് നാം മാറിക്കഴിഞ്ഞു. സാഹിത്യ പ്രവർത്തനങ്ങൾക്കും, ലിറ്റററി ഫെസ്റ്റുകൾക്കും ഒരു സിനിമാറ്റിക് മാനം വന്നുകൊണ്ടിരിക്കുന്നത് ഈ പൊതു പ്രവണതയുടെ പരിണിതഫലമായാണ്. വിപുലീകരിച്ച, ശീതീകരിച്ച സ്റ്റാളുകൾ, കലാപരിപാടികൾ, സെൽഫ് പ്രമോഷനുകൾ, ഫോട്ടോ സെഷനുകൾ! എന്നാൽ, കാഴ്ചയിലൂടെ ഭ്രമിപ്പിക്കുകയെന്ന കച്ചവട തന്ത്രങ്ങൾ വിജ്ഞാന വ്യാപാരത്തിനു ഇണങ്ങുന്നതല്ലെന്നൊരു ചിന്താധാര ശക്തിപ്പെട്ടുവരുന്നുണ്ട്.
🟥 'എജ്ജാതി പെണ്ണി'ൻ്റെ ദൃശ്യഭംഗി
2006-ൽ, ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച 'ഇതിഹാസത്തിൻ്റെ അമ്മ'യാണ് എൻ്റെ പ്രഥമ നോവൽ. രചനാലോകത്ത് എന്നെ പരിചയപ്പെടുത്തിയ ഈ പുസ്തകം പരക്കെ ചർച്ച ചെയ്യപ്പെട്ടപ്പോൾ, വായിക്കപ്പെട്ടപ്പോൾ, ഈ വഴിയിൽ ഇനിയും മുന്നേറണമെന്നൊരു അഭിനിവേശം എന്നിൽ ശക്തിപ്പെട്ടു. തുടർന്നെഴുതിയ രണ്ടു കഥാസമാഹാരങ്ങളാണ് 'തണൽ മരങ്ങ'ളും, 'ഡ്യൂവൽ സിം'ഉും. നോവൽ രചനയ്ക്കു ശേഷം, ചെറുകഥകളുടെ സൃഷ്ടി ഒരു ഇതര അനുഭവമായിരുന്നു. നോവൽ എഴുതുമ്പോൾ ലഭിക്കുന്നത്ര ക്രിയേറ്റീവ് സ്പേസ് ഒരു ചെറുകഥയ്ക്കു പ്രതീക്ഷിക്കാൻ കഴിയില്ലല്ലൊ. ഇത്തിരി വാക്കുകളാൽ വായനക്കാരെ പിടിച്ചുനിർത്തുവാനുള്ള പൊരുളും പദാർത്ഥവും ഉൾപ്പെടുത്തുന്നതിൻ്റെയൊരു പരിമുറുക്കം ചെറുകഥകളെഴുതുമ്പോൾ അനുഭവപ്പെടാറുണ്ട്. പിന്നീടെഴുതിയ നോവൽ 'അവധൂതരുടെ അടയാളങ്ങൾ' സർഗവഴിയിൽ എനിയ്ക്കു നേടിത്തന്നത് അഭിമാനകരമായ ഉയരങ്ങളാണ്! കഴിഞ്ഞ വർഷം ചിന്ത പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച 'എജ്ജാതിപ്പെണ്ണ്' പതിനഞ്ചു ചെറുകഥകളാൽ സമ്പന്നമാണ്. അതിൽ രണ്ടാമത്തെ കഥയാണ് സമാഹാരത്തിൻ്റെ നാമം. ഒരു മുൻനിര ആഴ്ചപതിപ്പിൽ ഈ കഥ അച്ചടിച്ചു വന്നപ്പോൾ വായനക്കാരുടെയും നിരൂപകരുടെയും തുടർച്ചയായ പ്രതികരണങ്ങൾ അതിനെ വരവേറ്റു. 'ഏജജാതി പെണ്ണി'ന് ഒരു സിനിമ കാണുന്ന ഇംപേക്റ്റ് ഉണ്ടെന്നായിരുന്നു പൊതുവിലെ വിലയിരുത്തൽ. സീൻ-ബൈ-സീൻ രീതിയിലാണ് കഥ പുരോഗമിക്കുന്നത്. പ്ലോട്ടിൻ്റെ ആദ്യ ഭാഗം വായിക്കുമ്പോൾ ഊഹിക്കാവുന്നതു പോലെയല്ല കഥയുടെ മുന്നോട്ടുളള സഞ്ചാരവും, അന്ത്യവും. പ്രമേയത്തിൻ്റെ വശ്യതയാലും, ഞാൻ അനുഭവിച്ച സർഗവേദനയുടെ സിദ്ധിയാലും വന്നുചേർന്നതാകാം 'ഏജജാതി പെണ്ണി'ൻ്റെ ദൃശ്യഭംഗി! സംശയമില്ല, മറ്റു കഥകളുമായി താരതമ്യം ചെയ്യുമ്പോൾ, ആഖ്യാനരീതികൊണ്ടു വളരെ വ്യത്യസ്തത പുലർത്തുന്ന കൃതിയാണ് എൻ്റെ 'ഏജജാതിപെണ്ണ്'.
🟥 കുടുംബ പശ്ചാത്തലം
എറണാകുളം ജില്ലയിലെ തുതിയൂർ എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്നു. അച്ഛൻ സുകുമാരൻ, അമ്മ ശാന്ത, ഒരു സഹോദരി. പിതാവ് നല്ലൊരു വായനക്കാരനായിരുന്നു. ഭർത്താവ് അനിൽകുമാർ ഒരു ട്രാവൽസ് നടത്തുന്നു. മൂത്ത മകൾ കൃഷ്ണ ഡിഗ്രി ഫൈനൽ ഇയർ വിദ്യാർഥി, രണ്ടാമത്തെ മകൾ അദിതി പത്താം ക്ലാസ്സിൽ. ഇപ്പോൾ തമ്മനത്ത് താമസിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക