Image

എംജിക്കു 40,  യൂ3എയിൽ  കൈകോർത്ത് താരാപഥത്തിലേക്ക് (രചന, ചിത്രങ്ങൾ കുര്യൻ പാമ്പാടി)

Published on 17 September, 2023
എംജിക്കു 40,  യൂ3എയിൽ  കൈകോർത്ത് താരാപഥത്തിലേക്ക് (രചന, ചിത്രങ്ങൾ കുര്യൻ പാമ്പാടി)

വിഎസ് കേശവ പിള്ള,  തകഴിയുടെ നാട്ടുകാരനാണ്. കുട്ടനാട്ടിൽ നെടുമുടിയിൽ ജനിച്ചയാൾ. നടൻ നെടുമുടി വേണുവിന്റെ സഹപാഠി. എക്കണോമിക്‌സിൽ മാസ്റ്റേഴ്‌സ് എടുത്ത അദ്ദേഹത്തിന് സർക്കാർ സർവീസിൽ കയറി തകഴിയുടെ 'ഏണിപ്പടികളി'ലെ  കേശവപിള്ളയെപ്പോലെ ഗവർമെന്റ് സെക്രട്ടറിയോ ചീഫ് സെക്രട്ടറിയോ ഒക്കെ ആകാമായിരുന്നു.

തലമുറകളുടെ സംഗമം: വിഎസ്‌കെ  പിള്ള-എൽക്കാനാ അനിൽ

അദ്ധ്യാപനമായിരുന്നു ഏറ്റവും ഇഷ്ട്ടപെട്ട മേഖല. അതിനും കഴിഞ്ഞില്ല. ആദ്യം കിട്ടിയ ജോലി ബാങ്കിൽ. ദേശവത്കൃത ബാങ്ക് ആയതിനാൽ ചത്തിസ് ഗറിലെ ഭിലായ്, റായിപ്പൂർ, രാജനന്ദഗാവ് തുടങ്ങിയ ഇടങ്ങളിൽ കറങ്ങിയശേഷം ബാങ്ക് ഓഫ് ബറോഡയുടെ അസിസ്റ്റന്റ് ജനറൽ  മാനേജർ ആയി റിട്ടയർ ചെയ്തു. ചങ്ങനാശ്ശേരിയിൽ താമസം.

യു3എ എന്ന അന്താരാഷ്ട്ര പ്രസ്ഥാനത്തിന്റെ സംസ്ഥാന സംഗമത്തിൽ വച്ചാണ് ഞാൻ പിള്ളയെ ആദ്യമായി കാണുന്നത്.  ഹിന്ദു ബിസിനസ് ലൈൻ, ഫിനാൻഷ്യൽ എക്‌സ് പ്രസ്, ബിസിനസ് സ്റ്റാൻഡേർഡ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ എണ്ണൂറോളം കത്തുകൾ പ്രസിദ്ധീകരിച്ച്‌ റിക്കാർഡിട്ടു ആളാണ്‌ വിഎസ്കെ പിള്ള.

കോട്ടയം ബിസിഎം കോളജ് ഹാളിൽ നടന്ന സംഗമത്തിൽ തെരഞ്ഞെടുക്കപെട്ട നൂറു സീനിയർ ആളുകളിൽ ഒരാളായി യൂണിവേഴ്‌സിറ്റിയിലെ എംഎ സോഷ്യൽ വർക് വിദ്യാർത്ഥിനി ഏൽക്കാന അനിലുമായി പിള്ള  തന്റെ അനുഭവങ്ങളും  പാളിച്ചകളും  പങ്കുവച്ചു.

റാണി ജോണിയും അഷിൻ  പി സാബുവും; റാണി കൊളോണിലെ മകൾ രേഷ്‌മക്കൊപ്പം

'തിക് താനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഒരിക്കലും പതറരുത്. അവയിൽ നിന്ന് പാഠങ്ങൾ പഠിച്ച് പൂർവാധികം ഊർജസ്വലമായി മുന്നോട്ടു പോകണം,' അദ്ദേഹത്തിന്റെ മനസ് തുറന്ന വിവരണം ഏറ്റുമാനൂർകാരിയായ എൽക്കാന കൗതുകത്തോടെയും അതിലേറെ ചാരിതാർഥ്യത്തോടെയും  കേട്ടിരുന്നു.

ജോൺ കുന്നത്തും ജൂനിയർ  സുഹൃത്തുക്കളും

കോട്ടയം കുമാരനല്ലൂരിൽ നിന്നെത്തിയ റാണിജോണിയും അഷിൻ പി. സാബുവുമായിരുന്നു മറ്റൊരു ജോഡി. ഗായികയും അഭിനേത്രിയുമായ റാണി ഭർത്താവുമൊത്തു ബാംഗളൂരിലും  മകൾ രേഷ്മ ജീവിക്കുന്ന ജർമനിയിലെ കൊളോണിലും കഴിഞ്ഞപ്പോൾ  സമാഹരിച്ച ജീവിതാനുഭവങ്ങൾ പങ്കുവച്ചു--നഗരം നഗരം മഹാസാഗരം, ഗ്രാമം ഗ്രാമവിശുധ്ധി.

 യു3എ  മെന്റർ തോമസ് എബ്രഹാമും മോളിയും;  ഷീബ, സീമമാരോടൊപ്പം ,

എത്യോപ്യയിലും പെൻസിൽവേനിയയിലും ഹ്യുസ്റ്റണിലും ജീവിച്ച്  കോട്ടയത്ത് സ്കൈലൈൻ ഹൈപോയിന്റിൽ ചേക്കേറിയ  മുൻ അദ്ധ്യാപകർ ജോൺ കുന്നത്തും ലിസിയും ശ്രദ്ധേയരായി.  തിയോളജിയിൽ ഡോക്ട്രേറ് ഉള്ള കുന്നത്ത് പൗലോസ് മാർ ഗ്രിഗോറിയോസിന്റെ ദർശനങ്ങളെപ്പറ്റി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 

പൊൻകുന്നതിനടുത്ത്  തമ്പലക്കാട്ടുനിന്നെത്തിയ റിട്ട. അദ്ധ്യാപിക കെവി  തങ്കമ്മ എന്ന തൊണ്ണൂറുകാരിയായിരുന്നു ഒരുപക്ഷെ സംഗമത്തിലെ ഏറ്റവും പ്രായം കൂടിയ ആൾ. സ്വന്തം പെൻഷനും സൈന്യത്തിൽ നിന്നുള്ള വിധവാ പെൻഷനും ഉൾപ്പെടെ പ്രതിമാസം കിട്ടുന്ന 75,000 രൂപ ഉപയോഗിച്ച് നാട്ടിൽ പകൽവീട് നടത്തുകയാണ് തങ്കമ്മയെന്ന്  കൂട്ടിനു വന്ന മകൾ അഡ്വ. ഗീതയും ഭർത്താവ് വിശ്വംഭരനും വെളിപ്പെടുത്തി.

അജിത്കുമാർ രാമസ്വാമി, ടിബി അജിത്

റിയാദിൽ 32 വർഷം  അധ്യാപികയായി സേവനം ചെയ്ത ശേഷം മടങ്ങി വന്നു ചങ്ങനാശ്ശേരിയിൽ താമസിക്കുന്ന ഷീബയെയും ഭർത്താവ് രാജു ഫിലിപ്പിനെയും കണ്ടു. ഷീബ സൗദിയിൽ നാടകങ്ങളിൽ  അഭിനയിക്കുമായിരുന്നു.  ഇപ്പോൾ നാട്ടിലുംകലാപ്രവർത്തനത്തിൽ സജീവമാണ്.

യൂ3എ എന്നാൽ യൂണിവേഴ്‌സിറ്റി ഓഫ് ദി തേർഡ്  ഏയ് ജ്-സീനിയർ പൗരൻമാരുടെ കൂട്ടായ്മ. 1973ൽ ഫ്രാൻസിലെ ടുളു യൂണിവേഴ്‌സിറ്റിയിൽ തുടക്കം കുറിച്ച പ്രസ്ഥാനം ഇന്ന് യൂറോപ്പിലെ ഇതരരാജ്യങ്ങൾ കൂടാതെ  യുകെ, അയർലൻഡ്, ഓസ്‌ട്രേലിയ, യുഎസ് എന്നിവിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.

 തൊണ്ണൂറെത്തിയ തങ്കമ്മ ടീച്ചർ , മകൾ ഗീത, ഭർത്താവ് വിശ്വംഭരൻ

ഇന്ത്യയിൽ മഹാത്മാഗാന്ധി സർ വകലാശാലയിലാണ് കഴിഞ്ഞ വർഷം ഈ  ആശയം മുളപൊട്ടിയത്.  കേരളത്തിലെ 14 ജില്ലകളിലും പ്രവർത്തനം വ്യാപിച്ചു.  ഇതിനകം 2000 പേർ  സംഘടനയിൽ പൂർണ അംഗത്വം  എടുത്തിട്ടുണ്ടെന്നു യൂ3എ മെന്റർ ഡോ. തോമസ് എബ്രഹാം അറിയിച്ചു. 

തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ്, തേവര സേക്രഡ് ഹാർട്ട് കോളജുകളിൽ പഠിപ്പിച്ച അദ്ദേഹം സാമൂഹ്യ സേവന  രംഗത്ത് മുഴുവൻ സമയം പ്രവർത്തിക്കാൻ വേണ്ടി അദ്ധ്യാപനം ഉപേക്ഷിച്ച ആളാണ്. യു3എ സംഗമത്തിൽ ചെയ്ത പ്രാരംഭ പ്രസംഗത്തിലും അദ്ദേഹത്തിലെ അദ്ധ്യാപന ചാതുര്യം പ്രകടമായി. 'എത്ര ചെറുതായാലൂം അതിലേറെ വലുതാകും, നിശബ്ദമായി തുടക്കം, നിശബ്ദമായി സമാപനം.  ഉപദേശം വേണ്ട സംവാദം വേണ്ട...'

സംഗമചിത്രം എടുക്കുന്ന ഫ്രഞ്ച് അദ്ധ്യാപിക ജിൽ ജെറോം, സിസ്റ്റർ എം. ജാസ്മിൻ

യു3എ ക്കു താവളം ഒരുക്കിയ  എംജി യൂണിവേഴ്‌സിറ്റി അതിന്രക്കുറിച്ചുള്ള പഠന ഗവേഷണത്തിണ്റ്റെ രീതിശാസ്ത്രമായി  സ്വീകരിച്ചിട്ടുള്ളത് ജർമനിയിൽ രൂപം കൊണ്ട ടിസിഐ-തീം ബേസ്‌ ഡ്  ഇന്ററാക്‌ഷൻ-ആണെന്ന് ഡോ. എബ്രഹാം പറഞ്ഞു. യു3എ യുടെ ഒരു പ്രാരംഭസമ്മേളനത്തിൽ പങ്കെടുക്കാൻ അദ്ദേഹം ശനിയാഴ്ച്ച ശ്രീനഗറിലേക്കു പോയി. അദ്ദേഹത്തിന്റെ പുതിയ മുദ്രാവാക്യം ഇതാണ്: 'ശലഭ പരിണാമം പോലെ മാനവപരിണാമം.'

ജീവിത സായാഹ്നത്തിൽ വായനയും വ്യായാമവും വിശ്രമവുമായി കഴിയുന്ന തലമുറയ്ക്ക് തങ്ങളുടെ അനുഭവ പരിജ്ഞാനത്തിന്റെ സ്വർണചെപ്പുകൾ പുതിയ തലമുറയ്ക്ക് തുറന്നു കൊടുത്താൽ ഉണ്ടാകാവുന്ന ഊർജം അപരിമേയം ആയിരിക്കുമെന്നു സംഗമം ഉദ്‌ഘാടനം ചെയ്ത വൈസ് ചാൻസലറും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ സിടി അരവിന്ദകുമാർ പറഞ്ഞു.

മുൻ മുനി. കമ്മീഷ്ണർ പാലാ രവി, നവജീവൻ സാരഥി പിയു തോമസ്

'എന്തുകൊണ്ട് നിങ്ങളുടെ ഊർജം ഒരുക്കൂട്ടി ബാഹ്യാകാശത്തിലേക്കൊരു ശാസ്ത്രപര്യവേക്ഷണ ഉപഗ്രഹം വിട്ടുകൂടാ?' അദ്ദേഹം ചോദിച്ചു.  ഒക്ടോബർ രണ്ടിന് നാല് പതിറ്റാണ്ടു പൂർത്തിയാക്കുകയാണ് എംജി സർവകലാശാല. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ വലിയ മുന്നേറ്റം നടത്തിയിട്ടുള്ള യൂണിവേഴ്‌സിറ്റി അതിനുള്ള ശ്രമം  ആരംഭിച്ചിട്ടുണ്ട്. ഫ്രാൻസിലും ജപ്പാനിലുമൊക്കെ സർവകലാശാലാവിദ്യാര്ഥികൾ അങ്ങിനെ ചെയ്യുന്നുമുണ്ട്.

മാക്സ് പ്ലാങ്ക് ഉൾപ്പെടെ യൂറോപ്യൻ യൂണിവേഴ്‌സിറ്റികളിൽ ഗവേഷണപഠനം നടത്തിയിട്ടുള്ള ഡോ. അരവിന്ദകുമാർ ഫുൾബറൈറ് ഫെല്ലോഷിപ് പ്രകാരം യുസ് സന്ദർശനത്തിനു പോവുകയാണ്. ഒക്. 3നു മടങ്ങി വന്നശേഷം താൻ പ്രൊഫസറായ എൻവെന്മെന്റ് വകുപ്പും അസ്ട്രോണമി പഠിപ്പിക്കുന്ന ഫിസിക്സ് വകുപ്പുമായി സഹകരിച്ച് ഉപഗ്രഹം വിക്ഷേപിക്കുന്ന വിഷയത്തിൽ  ഐഎസ്ആർഒയുമായി ചർച്ച തുടങ്ങും.

റിയാദ് പ്രവാസികൾ രാജുവും ഷീബയും ബാലകൃഷ്‌ണനുമൊത്ത്

ബിസിഎമ്മിലെ സംഗമത്തിന് എംഎസ് ഡബ്ലിയു വിദ്യാർത്ഥികളെ  ഒരുക്കൂട്ടുന്നതിനു  സർവകലാശാലാ  ഐയുസിഡിഎസ് ഡയറക്ടർ ഡോ. പിടി ബാബുരാജ്, ബിസിഎം കോളജ് വകുപ്പധ്യക്ഷൻ ഡോ.ഐപ്പ് വർഗീസ്, ജനറൽ കൺവീനർ പ്രൊഫ. ഗ്രേസമ്മ  മാത്യു, എംജിയിലെ ടോണി കെ. തോമസ്, റോബിനെറ്റ്  ജേക്കബ്, സീമ തോമസ്, ബിസിഎമ്മിലെ സിസ്റ്റർ ഷീന, സ്വാതി മറിയം സണ്ണി  തുടങ്ങിയവർ നേതൃത്വം നൽകി.

ഐപ്പ് വർഗീസ്, ഗ്രേസമ്മ മാത്യു, ടോണി തോമസ്, പി.ബാബുരാജ്, സിസ്റ്റർ ഷീന, സ്വാതി മറിയം

റിട്ടയർ ചെയ്ത ഡോക്ടർമാർ, എൻജിനീയർമാർ, ബാങ്ക് ഓഫീസർമാർ, അധ്യാപകർ, നടീനടന്മാർ, പ്രവാസികൾ തുടങ്ങി സമൂഹത്തിലെ നാനാതുറകളിൽ പെട്ടവരുടെ ഒരു നേർക്കാഴചയായിരുന്നു സംഗമം. പുതുതലമുറക്കു കൈമാറിയതിതിലേറെ തങ്ങൾക്കു തിരികെ കിട്ടിയെന്നു സീനിയർമാരും അവരിൽ നിന്ന് തങ്ങൾക്കു പ്രതീക്ഷിച്ചതിലേറെ  പ്രചോദനം ലഭിച്ചുവെന്ന് ജൂനിയർമാരും ഏറ്റു പറഞ്ഞു.

Join WhatsApp News
John Kunnathu 2023-09-17 16:49:16
അതിമനോഹരമായ വിവരണത്തിന് നന്ദി. ചിത്രങ്ങളും അതിമനോഹരം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക