Image

സഭകൾ യോജിക്കണം (നടപ്പാതയിൽ ഇന്ന്- 96: ബാബു പാറയ്ക്കൽ)

Published on 23 September, 2023
സഭകൾ യോജിക്കണം (നടപ്പാതയിൽ ഇന്ന്- 96: ബാബു പാറയ്ക്കൽ)

മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ കാതോലിക്കാ ബാവ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർപ്പാപ്പയുമായി വത്തിക്കാനിൽ കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷം ഇറക്കിയ പത്രക്കുറിപ്പിൽ രണ്ടു സഭകളും കൂടുതൽ യോജിച്ചു പ്രവർത്തിക്കുന്നതിന് ധാരണയായതായി പറയുന്നു. മുന്നോട്ടുള്ള ചർച്ചയിൽ ഇരു സഭകളിലുമുള്ളവർക്കു വിവാഹം കഴിക്കുന്നതിനോ കുർബ്ബാന അനുഭവിക്കുന്നതിനോ ഇനി പ്രശ്‌നമുണണ്ടാകില്ലെന്നും ആ തീരുമാനം താമസിയാതെ ഉണ്ടായേക്കുമെന്നും പറയുന്നു. നല്ല കാര്യം.

എന്നാൽ, കേരളത്തിൽ മലങ്കര ഓർത്തഡോക്‌സ് സഭയും യാക്കോബായ സഭയും തമ്മിലുള്ള പ്രശ്ന പരിഹാരത്തെപ്പറ്റി ഇപ്പോൾ ഒന്നും കേൾക്കുന്നില്ല. മലങ്കര സഭയിൽ കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടെ കാലാകാലങ്ങളായി ചിലരുടെ സ്വാർഥ താത്പര്യത്താൽ കൊഴിഞ്ഞു പോയത് ഒന്നും രണ്ടും പേരല്ല. മാർത്തോമ്മാ സഭയും മലങ്കര കത്തോലിക്കാ സഭയും രണ്ടു വ്യത്യസ്ത സഭകളായി വളർന്നു പന്തലിച്ചു. പിന്നീട് പാത്രിയർക്കീസ് വിഭാഗം വിഘടിച്ചു നിന്ന് യാക്കോബായ സഭയായി മാറി. ഈ അവസരങ്ങളിലെല്ലാം നീതി ന്യായ കോടതികളിൽ നൂറു കണക്കിന് കേസുകൾ സൃഷ്ടിക്കപ്പെടുകയും വിധിയുണ്ടാകുകയും ചെയ്തു. പിന്നീട് യാക്കോബായ സഭയുമായി നടന്നിരുന്ന വ്യവഹാരത്തിന്റെ പരിസമാപ്‌തി പരമോന്നത നീതി പീഠത്തിൽ ഉണ്ടാകുകയും അപ്പീൽ പോലുമില്ലാത്ത അന്തിമ വിധി കല്പിക്കപ്പെടുകയും ചെയ്‌തു. അത് ഏതാണ്ട് ഏകപക്ഷീയമായ വിധി എന്ന് പോലും പറയാവുന്ന തരത്തിലായിരുന്നു. ഒരുപക്ഷേ, നിരന്തരമായ ഈ വ്യവഹാര പ്രക്രിയ ഇതോടെ അവസാനിച്ച്‌ സഭകൾ ഐക്യത്തിലാകട്ടെ എന്നു വിധി കൽപിച്ച ഡിവിഷൻ ബഞ്ചിനു തോന്നിയത് കൊണ്ടാവാം. 

വിധിയുടെ വിശദാംശങ്ങളിലേക്കു കടക്കുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശം. അതൊക്കെ നിയമ വിദഗ്ദ്ധർ കൂലങ്കഷമായി അരച്ചു കലക്കി കുടിച്ചു കഴിഞ്ഞതാണ്. എന്തായാലും യാക്കോബായ സഭയുടെ കൈവശമിരിക്കുന്ന ദേവാലയങ്ങൾ മലങ്കര ഓർത്തഡോക്‌സ് സഭയ്ക്ക് അവകാശപ്പെട്ടതാണെന്നും അവ നിയമാനുസൃതം കൈമാറണമെന്നും വിധിച്ചപ്പോൾ വർഷങ്ങളായി കൈവശം വച്ച് അനുഭവിച്ചു വരുന്ന പള്ളികൾ വിട്ടു കൊടുക്കുക എന്നത് പ്രായോഗികമായി വിശ്വാസികൾക്ക്  അംഗീകരിക്കാനായില്ല. അതിനവരെ കുറ്റപ്പെടുത്താനുമാകില്ല. തമ്മിലുള്ള പിണക്കം ഇതോടെ മറന്നു രണ്ടു സഭകളും ഒന്നായി മുന്നോട്ടു പോകണമെന്നാണ് ഇരു സഭകളിലെയും ഭൂരിഭാഗം വിശ്വാസികളും  ആഗ്രഹിക്കുന്നത് എന്നതാണ് സത്യം. എന്നാൽ അതിനു വിലങ്ങു തടിയായിട്ടാണ് ഭൂരിഭാഗം തിരുമേനിമാരും നിലകൊണ്ടത്. അതോടെ, കോടതിവിധി നടപ്പിലാക്കാൻ ചുമതലപ്പെട്ട സർക്കാർ വെട്ടിലായി. 'പള്ളി പിടുത്തം' ഒരു സംഭവമായി. ശവസംസ്കാരങ്ങൾ ആഘോഷിക്കപ്പെട്ടു. ഒരു വിഭാഗത്തിൽ പെട്ട ആളുടെ മൃതദേഹം അദ്ദേഹം ആ ഇടവകയിലെ അംഗമായിട്ടും മറു വിഭാഗത്തിന്റെ അധീനതയിലുള്ളതുകൊണ്ട് അവിടെ അടക്കാൻ അവകാശം ഇല്ലെന്നു വാദിച്ചു പ്രശ്നങ്ങളുണ്ടാക്കി. ജനങ്ങളുടെ സഹാനുഭൂതിക്കായി മൃതദേഹങ്ങൾ അടക്കാതെ വച്ച് ഊതി പെരുപ്പിച്ച സംഭവങ്ങളും ഉണ്ടായി. ഒടുവിൽ സെമിത്തേരി ബിൽ നിയമസഭ പാസ്സാക്കിയതോടെ ആ നാടകങ്ങൾക്കു തിരശീല വീണു. ഇപ്പോൾ സെമിത്തേരിയിൽ രണ്ടു വിഭാഗത്തിൽ പെട്ട ആരെയും അടക്കുവാൻ പ്രശ്നമില്ല.

ഈ രണ്ടു സഭകളുടെയും നമസ്ക്കാര ക്രമങ്ങളിലോ ആരാധനയിലോ മറ്റു കൂദാശകളിലോ വള്ളിപുള്ളി വ്യത്യാസമില്ല. ആകെയുള്ള വ്യത്യാസം എന്ന് പറയുന്നത് ഒരു വിഭാഗത്തിന്റെ സഭാ തലവൻ കോട്ടയം ആസ്ഥാനമായുള്ള കാതോലിക്കയും മറു വിഭാഗത്തിന്റെ സഭാ തലവൻ അന്ത്യോഖ്യൻ (ഇപ്പോൾ ലെബനോൻ) പാത്രിയർക്കീസുമാണ് എന്നതാണ്. എന്നാൽ ഇതിലെ രസകരമായ വസ്‌തുത മലങ്കര സഭയുടെ 1934 ലെ ഭരണഘടനയുടെ ഒന്നാം വകുപ്പിൽ പറയുന്നത്, "മലങ്കര സഭ- ഓർത്തഡോക്‌സ് സുറിയാനി സഭയുടെ ഒരു വിഭാഗവും ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ അന്ത്യോഖ്യാ പാത്രിയർക്കീസും ആകുന്നു" എന്നാണ്. ഓർത്തഡോക്‌സ്  സഭ അവരുടെ വിശുദ്ധ കുർബ്ബാനയിൽ പാത്രിയർക്കീസന്മാരെ ഓർക്കുന്നുമുണ്ട്. പിന്നെ എന്താണ് ഈ രണ്ടു വിഭാഗങ്ങൾക്കും യോജിച്ചു പോകാനാകാത്തത്?

ഇവിടെ ഭരണപരമായ ചില വ്യാത്യാസങ്ങളാണ് തടസമായി നിൽക്കുന്നത്. ഓർത്തഡോക്സ് വിഭാഗത്തിൽ ഇപ്പോൾ നിലവിലുള്ള പുരോഹിതന്മാരെല്ലാവരും സെമിനാരികളിൽ പഠിച്ചു ബിരുദമെടുത്തിട്ടാണ് പട്ടമേൽക്കുന്നതും തുടർന്ന് ഇടവകയുടെ ഭരണം നടത്തുന്നതും. പിന്നീട് അവിവാഹിതരായ പുരോഹിതന്മാർ മേൽപ്പട്ടക്കാരായി ഉയർത്തപ്പെടുമ്പോൾ ചില പ്രത്യേക കടമ്പകൾ കടക്കേണ്ടതായിട്ടുണ്ട്. സിനഡിന്റെ സ്ക്രീനിംഗ് കമ്മിറ്റി തെരഞ്ഞെടുത്തു കഴിഞ്ഞിട്ട് മലങ്കര സഭയുടെ പാർലമെന്റ് എന്ന് വിശേഷിക്കപ്പെടുന്ന 'മലങ്കര അസോസിയേഷനി'ലേക്ക് ശുപാർശ ചെയ്യുന്നു. അസോസിയേഷനിൽ ഏതാണ്ട് നാലായിരത്തോളം വരുന്ന അംഗങ്ങൾ രഹസ്യ ബാലറ്റിലൂടെ വോട്ടു ചെയ്യുന്നു. വിജയിക്കണമെങ്കിൽ അത്മായരുടെയും പുരോഹിതരുടെയും അമ്പതു ശതമാനത്തിൽ അധികം വോട്ടു വേർതിരിച്ചു കിട്ടണമെന്നും നിർബന്ധമുണ്ട്. അതിൽ ഏറ്റവും കൂടുതൽ വോട്ടുകൾ കിട്ടുന്ന ക്രമത്തിൽ വേണ്ടത്ര പേരെ തെരഞ്ഞെടുത്തു നൽകുന്നു. അങ്ങനെ വിജയിക്കുന്നവരെ മാനേജിങ് കമ്മിറ്റി പരിശോധിച്ച് എപ്പിസ്കോപ്പൽ സിനഡിന് ശുപാർശ ചെയ്യുന്നു. അവിടെ ‘ഫൈനൽ റിവ്യൂ’ കഴിഞ്ഞതിനു ശേഷം ലിസ്റ്റ് കാതോലിക്കയെ ഏൽപ്പിക്കുന്നു. അവരെ മേൽപ്പട്ടക്കാരായി വാഴിക്കാൻ ബാവായ്ക്ക് ശുപാർശ ചെയ്യുന്നു. കാതോലിക്കാ ബാവ ആ തെരഞ്ഞെടുക്കപ്പെട്ട ഫൈനൽ ലിസ്റ്റ് ഒരു കൽപ്പനയിൽ കൂടി പ്രസിദ്ധീകരിക്കുകയും തുടർന്ന് അവരെ വാഴിക്കയും ചെയ്യുന്നു. 

എന്നാൽ പാത്രിയർക്കീസ് വിഭാഗത്തിൽ ഈ വക നടപടി ക്രമങ്ങളൊന്നുമില്ലാതെ തന്നെ ഒരു പുരോഹിതന് മേൽപ്പട്ടക്കാരനാകാം. സഭയുടെ ഒരു ബോഡിയുടെയും ശുപാർശയില്ലാതെ തന്നെ ശ്രേഷ്‌ഠ ബാവാ തീരുമാനിക്കുന്ന ആളെ മേൽപ്പട്ടക്കാരനായി വാഴിക്കാം. അതുകൊണ്ടു തന്നെ പല അഴിമതി ആരോപണങ്ങൾക്കും അത് വഴി വച്ചിട്ടുണ്ട്. സാധാരണ അന്ത്യോഖ്യയിൽ ആയിരിക്കും വാഴിക്കുക എന്നുമാത്രം. ഇവിടെ ഈ രണ്ടു സഭകളും യോജിക്കാൻ തീരുമാനിച്ചാൽ ഇരുപത്തഞ്ചോളം വരുന്ന പാത്രിയർക്കീസ് വിഭാഗത്തിലെ മേൽപ്പട്ടക്കാരെ ഓർത്തഡോക്‌സ് സഭയിൽ നേരിട്ട് നിയമിക്കാൻ നിയമപരമായ ബുദ്ധിമുട്ടുണ്ട്. എന്നാൽ യോജിപ്പിന്റെ തീരുമാനമായാൽ അവരെ മലങ്കര അസോസിയേഷൻ വിളിച്ചു കൂട്ടി അതിൽ ഔദ്യോഗികമായി അംഗീകാരം നൽകിയാൽ മതി. അങ്ങനെ നേരത്തെ പാത്രിയർക്കീസ് വിഭാഗത്തിൽ നിന്നും വന്ന മെത്രാപ്പോലീത്തന്മാർ ഇന്ന് ഓർത്തഡോക്‌സ് സഭയുടെ ഏറ്റവും പ്രശസ്‌തമായ ഭദ്രാസനങ്ങൾ ഭരിക്കുന്നു. 

യോജിപ്പിന് എതിരു നിൽക്കുന്നവർ ഉയർത്തുന്ന വാദമുഖങ്ങളിൽ പ്രധാനമായി പറഞ്ഞു കേട്ടിട്ടുള്ളത്- 1: ഇത്രയും, ആകെ ഏതാണ്ട് അൻപത്താറോളം, മെത്രാപ്പോലീത്തന്മാരെ എവിടെ ഉൾപ്പെടുത്തും? 2: വഴക്കു നില നിന്നിരുന്ന കാലത്തു ചിലർ നടത്തിയ നീചവും നികൃഷ്ടവുമായ പ്രസ്‌താവനകൾ മറക്കാൻ കഴിയില്ല. അവരെ എങ്ങനെ സ്വീകരിക്കും? 3: ഇപ്പോൾ യോജിച്ചാലും ചിലർ കുത്തിത്തിരിപ്പുണ്ടാക്കി ഭാവിയിൽ വീണ്ടും പ്രശ്നങ്ങളുണ്ടാക്കില്ലേ? പഴയകാല അനുഭവം പെട്ടെന്ന് മറക്കാനാകുമോ? 4: പാത്രിയർക്കീസിനെ എവിടെ നിർത്തും? ആത്മീയ പിതാവായി സഭ അംഗീകരിക്കുന്നുണ്ടെങ്കിലും ഭരണപരമായ അധികാരങ്ങൾ നൽകാനാകുമോ? 5: ശ്രേഷ്‌ഠ ബാവയ്ക്ക് എന്ത് സ്ഥാനം നൽകും? 6: കാതോലിക്കാ ബാവയെ പാത്രിയർക്കീസ് വിഭാഗം പൂർണ്ണമായി അംഗീകരിക്കുമോ? 7: പണ്ട് ഏതോ ഒരു പാത്രിയർക്കീസ് ഒരു കാതോലിക്കയ്ക്കു എഴുതിയ 'മുടക്കു' കൽപ്പന ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ചില തീവ്രവാദി വിശ്വാസികൾ കരുതുന്നു. ഇതിനെപ്പറ്റി പാത്രിയർക്കീസിന്റെ അഭിപ്രായമെന്താണ്? 

ഈ ഏഴു വാദ മുഖങ്ങളും പ്രസക്തമാണ്. എന്നാൽ പരിഹാരം കാണാൻ കഴിയാത്തവയല്ല. രണ്ടു വിഭാഗങ്ങളിലെയും പിതാക്കന്മാരോ അവർ ചുമതലപ്പെടുത്തുന്ന ആത്മാർത്ഥതയുള്ളവരോ നടത്തുന്ന ചർച്ചകളിൽ കൂടി ഇതിനു പരിഹാരം കാണാനാവും. പ്രാഥമിക ചർച്ചകൾക്കു ശേഷം രണ്ടു വിഭാഗത്തിൽ നിന്നുമുള്ള ഒരു ഡെലിഗേഷൻ പോയി പാത്രിയർക്കീസുമായി ചർച്ച നടത്തണം. ഇവിടെ തമ്മിലടിച്ചു തലമുറകൾ നശിക്കുന്നതുകൊണ്ട് ആർക്കെന്തു ഗുണം എന്ന ചോദ്യം അവരെ അലട്ടിക്കൊണ്ടിരിക്കണം. താൽക്കാലികമായ നേട്ടമോ അധികാരമോ അല്ല, ആടുകളെ വീണ്ടെടുക്കുക എന്നതാണ് തന്റെ ദൗത്യം എന്ന തിരിച്ചറിവ് പൊതുവെ നേതൃത്വത്തിലുള്ളവർക്ക് ഉണ്ടാകണം. അത് കാലം അവരോട് ആവശ്യപ്പെടുന്നതാണ്. പുരോഗമിക്കുന്ന തുടർ ചർച്ചകൾക്കു ശേഷം അടുത്ത ഘട്ടത്തിൽ പാത്രിയർക്കീസിനെ ചർച്ചകൾക്കായി കേരളത്തിലേക്ക് കാതോലിക്കാ ക്ഷണിക്കണം. ഈ സഭകൾ യോജിച്ചു നിന്നാൽ എത്രയോ നല്ല കാര്യങ്ങൾ ചെയ്യാനാവും! ഇക്കഴിഞ്ഞ ദിവസം പാത്രിയർക്കീസ് വിഭാഗത്തിലെ ഒരു മെത്രാപ്പോലീത്താ പ്രസംഗത്തിൽ ഒരു കാര്യം പറയുന്നു. ഇപ്പോൾ പള്ളിയുടെ പ്രശ്നം വന്നാൽ പ്രകടനത്തിനോ ജാഥയ്‌ക്കോ സമ്മേളനങ്ങൾക്കോ ഒന്നും ചെറുപ്പക്കാർ ആരും വരുന്നില്ല. കാരണം, അവരൊക്കെ വിദേശ രാജ്യങ്ങളിലേക്ക് പോകാൻ അവസരം കാത്തു നിൽക്കുന്നവരാണ്. ഈ പ്രകടനത്തിൽ വന്നു മുദ്രാവാക്യം ഏറ്റു വിളിച്ചു വല്ല പോലീസുകാരനും ഒരു കള്ളക്കേസ് എടുത്താൽ പോലും അവരുടെ ഭാവി പോകും. ആ തിരിച്ചറിവ് അവർക്കുണ്ടായതുകൊണ്ട് ആരും ഇപ്പോൾ വരുന്നില്ലത്രേ! വളരെ അർത്ഥവത്തായ ഒരു കാര്യമാണ്. 

ഇരു സഭകളിലെയും വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവർക്കു വഴക്കു വേണ്ട. പിന്നെ ഈ വൈര്യം നിലനിർത്തിക്കൊണ്ടു പോകേണ്ടത് മുകളിലുള്ള ചില തത്പര കക്ഷികളുടെ ആവശ്യമാണ്. അങ്ങനെയുള്ള ചില പിതാക്കന്മാർ സംസാരിക്കുന്നതു നേരിൽ കണ്ടതാണ്. അവർ പറയുന്നത്, 'രണ്ടും രണ്ടു സഭയായി പോകട്ടെ. അതാണ് നല്ലത്' എന്നാണ്. എന്തിനു രണ്ടായി പോകണം? യാതൊരു ദാക്ഷിണ്യവും നിങ്ങൾക്കു ചെയ്യാനാവില്ലെങ്കിൽ പിന്നെ എന്തു ക്രിസ്‌തു സ്നേഹമാണ് നിങ്ങൾ പ്രഘോഴിക്കുന്നത്? അമേരിക്കൻ ഭദ്രാസനത്തിലെ പാത്രിയർക്കീസ് വിഭാഗത്തിന്റെ ചുമതലയുള്ള മെത്രാപ്പോലീത്ത കുർബ്ബാന അർപ്പിക്കാൻ തുടങ്ങുമ്പോൾ ഓർത്തഡോക്‌സ് വിഭാഗത്തിലെ ഒരു വൈദികൻ ആ മദ്ബഹായിൽ ക്ഷണിക്കപ്പെട്ടു വന്നിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ ഇറക്കിവിട്ടിട്ടേ ബലി അർപ്പിക്കയുള്ളു! ആർക്കാണ് നിങ്ങൾ ബലി അർപ്പിക്കുന്നത്? ആ ബലി ആരു സ്വീകരിക്കും? എന്തു സഹോദര്യമാണ് പിതാക്കന്മാർ പഠിപ്പിക്കുന്നത്? 

ഇന്ന് ജനങ്ങൾ കൂടുതൽ വിദ്യാഭ്യാസമുള്ളവരാണ്. ചിന്തിക്കുന്നവരാണ്. എല്ലാ മതങ്ങളും മനുഷ്യർ സൃഷ്ടിച്ചതാണെന്നും ദൈവം ഒന്നേയുള്ളൂ എന്നും ആ ദൈവത്തോട് മാത്രം വിധേയത്വം മതി എന്നുമുള്ള നൂതന ചിന്താഗതിയാണ് ഇന്ന് യുവതലമുറയ്ക്കുള്ളത്. ഉപോൽബലകമായി മതം എന്നത് ഒരു ബിസിനസ് ആണെന്ന് മേലധികാരികൾ അവരുടെ പല പ്രവൃത്തികളിലൂടെ കാണിച്ചു കൊടുക്കുന്നതും യുവതലമുറ ചൂണ്ടിക്കാണിക്കുന്നു. പല മേല്പട്ടക്കാരും 'ചാരിറ്റി'യുടെ പേരിൽ സ്വന്തമായി നടത്തുന്ന പ്രസ്ഥാനങ്ങൾക്ക് പണം പിരിക്കാനാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. കാലഘട്ടത്തിന്റെ ശബ്ദം ചെവിക്കൊള്ളാതെ ഗർവ്വും ധാർഷ്ട്യവും വരദാനമാണെന്നു കരുതി മുൻപോട്ടു പോകുന്നവർ ചിന്തിക്കണം. പണ്ട് മഹാകവി പാടി 'മാറ്റുവിൻ ചട്ടങ്ങളെ സ്വയം, അല്ലെങ്കിൽ മാറ്റും അവകൾ ഈ നിങ്ങളെത്താൻ'.    
മലങ്കര ഓർത്തഡോക്‌സ് സഭയുടെ മാനേജിങ് കമ്മിറ്റി ഈ സെപ്റ്റംബർ 26 ന് കൂടുകയാണ്. ആ കമ്മിറ്റിയിലുള്ളവരോട് ഈ ലേഖകനുള്ള അഭ്യർത്ഥന നിങ്ങൾ ഈ വിഷയം അവതരിപ്പിച്ചു ചർച്ചയ്ക്കു തുടക്കമിടണമെന്നാണ്. വിശ്വാസികളുടെ 'പൾസ്‌' മനസ്സിലാക്കി നിങ്ങൾ തുടക്കമിടുകയും പിതാക്കന്മാർ  കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി ഏറ്റെടുക്കുകയും ചെയ്‌താൽ മലങ്കര സഭയിൽ നവസൂര്യ കിരണങ്ങൾ അഭിമാനത്തിന്റെ പ്രഭ പരത്തുവാൻ അധിക കാലം കാത്തിരിക്കേണ്ടി വരില്ല.
__________________

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക