Image

ആത്മാവിൽ കുച്ചിപ്പുടി (വിജയ് സി. എച്ച്)

Published on 26 September, 2023
ആത്മാവിൽ കുച്ചിപ്പുടി (വിജയ് സി. എച്ച്)

ഒരു മലയാളി കുച്ചിപ്പുടി നർത്തകിയാകുന്നത് ഒഴുക്കിനെതിരെ നീന്തുന്നതിനു സമാനം! മോഹിനിയാട്ടവും, അതു കഴിഞ്ഞാൽ ഭരതനാട്യവുമാണ് നമ്മുടെ നൃത്തരൂപങ്ങളെന്നും, ആന്ധ്രാപ്രദേശിലെ കുച്ചിപ്പുടി എന്ന ഗ്രാമത്തിൽ പിറവിയെടുത്ത അതേ നാമത്തിലുള്ളൊരു അവതരണം നമ്മുടേതല്ലയെന്ന യാഥാസ്ഥിതിക ചിന്തയിൽ നിന്നു ശരാശരി മലയാളി മോചിതനായിട്ടില്ല എന്നതു തന്നെ കാരണം.
കണ്ണൂർ യൂനിവേഴ്സിറ്റിയിലെ പഠനകാലത്ത് നാലു തവണ തുടർച്ചയായി 'നൃത്ത പ്രതിഭ'യായി തിരഞ്ഞെടുക്കപ്പെടുകയും, കേന്ദ്ര സർക്കാർ നടത്തുന്ന ദേശീയ യുവജനോത്സവത്തിൽ ഗോൾഡ് മെഡൽ നേടുകയും ചെയ്ത അശ്വിനി നമ്പ്യാർ ഈയിടെ തൃശ്ശൂരിൽ അവതരിപ്പിച്ച കുച്ചിപ്പുടി ഐറ്റങ്ങൾ സദർസ്യർക്കൊരു വേറിട്ട അനുഭവമായി മാറിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു!
യുവ നർത്തകിയുടെ വാക്കുകളിലൂടെ...


🟥 കുച്ചിപ്പുടി അംഗീകരിക്കപ്പെടുന്നു
തൃശ്ശൂർ കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനമാണ്. നമ്മുടെ നൃത്തരൂപങ്ങൾ, നാടകം, സംഗീതം മുതലായവയെ ഉയർത്തിക്കൊണ്ടുവരുവാൻ പ്രവർത്തിക്കുന്ന കേരള സംഗീത നാടക അക്കാദമി ഇവിടെയാണുള്ളത്. കേരള ലളിത കലാ അക്കാദമിയുടെയും, സാഹിത്യ അക്കാദമിയുടെയും ആസ്ഥാനങ്ങളും തൃശ്ശൂരാണ്. ഈ നഗരത്തിലെ പ്രേക്ഷകർ കുച്ചിപ്പുടി ഇത്രയും ആവേശത്തോടെ ഇരുന്നു കണ്ടെങ്കിൽ, കേരളത്തിൽ കൂടുതൽ പ്രചാരമുള്ള മോഹിനിയാട്ടത്തിനും ഭരതനാട്യത്തിനും അനുവദിച്ചതിനേക്കാൾ കൂടുതൽ സമയം എൻ്റെ അവതരണങ്ങൾക്ക് സംഘാടകർ അനുവദിച്ചിട്ടുണ്ടെങ്കിൽ, കേരളത്തിൽ കുച്ചിപ്പുടി അംഗീകരിക്കപ്പെട്ടു തുടങ്ങിയെന്നു തന്നെയാണ് കരുതേണ്ടത്. വേദിയിൽ നിറഞ്ഞ കൈയ്യടി ഉയർന്നിരുന്നല്ലൊ. തൃശ്ശൂരിൽ ലഭിച്ച ഈ സ്വീകാര്യത വളരെ പ്രതീക്ഷാവഹമാണ്. കുച്ചിപ്പുടിയ്ക്ക് മറ്റു നൃത്തങ്ങൾക്കുള്ളത്രയും പ്രചാരം ലഭിയ്ക്കാൻ ഇനി കാലതാമസമുണ്ടാകില്ല.


🟥 തളിക കാണുംമുമ്പെ കുച്ചിപ്പുടി എന്നറിയുന്നു
നാട്യത്തിൻ്റെയും ചുവടുകളുടെയും ശാസ്ത്രീയ വശങ്ങൾ അറിയാത്ത സാധാരണ പ്രേക്ഷകർ ഏതിനം നൃത്തമാണ് വേദിയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത് എന്നു തിരിച്ചറിയുന്നത് പ്രത്യക്ഷത്തിൽ വേർതിരിച്ചു മനസ്സിലാക്കാവുന്ന വേഷവിധാനം നോക്കിയാണ്. നൃത്തത്തിൻ്റെ അവസാന ഘട്ടത്തിൽ ഒരു തളികയുടെ വക്കുകളിൽ ചവിട്ടി നിന്നും, ജലം നിറച്ച മൊന്ത ശിരസ്സിൽ സ്ഥാപിച്ചുമുള്ള അവധാനപൂർണമായ അവതരണം കുച്ചിപ്പുടിയ്ക്കു മാത്രമുള്ളൊരു കാര്യക്രമമാണല്ലൊ. അടുത്ത കാലം വരെ സാധാരണക്കാരായ പ്രേക്ഷകർ വേദിയിൽ അരങ്ങേറിക്കൊണ്ടിരിയ്ക്കുന്നത് കുച്ചിപ്പുടിയാണെന്നു തിരിച്ചറിഞ്ഞിരുന്നത് നർത്തകി തളികയിൽ കയറുമ്പോൾ മാത്രമായിരുന്നു. ആ സ്ഥിതി ഇന്നു മാറിയിട്ടുണ്ട്. ചടുലമായ ചുവടുകളും, വിഭിന്നമായ അംഗചലനങ്ങളും, ആഹാര്യവും കണ്ടാൽ തന്നെ ഇവ കുച്ചിപ്പുടിയുടെയാണെന്നു സഹൃദയർ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. കോസ്റ്റ്യൂം, മേക്കപ്പ്, ആഭരണങ്ങൾ, സ്റ്റേജ് ക്രാഫ്റ്റ് എന്നിവയും കുച്ചിപ്പുടിയ്ക്കു വ്യത്യസ്തമെന്ന് ഇന്ന് അവർക്കറിയാം. വെള്ള വസ്ത്രം കാണുമ്പോൾ അത് മോഹിനിയാട്ടമാണെന്നും, വർണപകിട്ടുള്ള വേഷം ഭരതനാട്യത്തിനാണെന്നും പെട്ടെന്നു തിരിച്ചറിയുന്ന സദസ്യർ, കളർ ഡ്രസ്സ് ആണെങ്കിലും അവയുടെ ബാഹ്യമോടികളും അണിയുന്ന രീതിയും വിലയിരുത്തി നൃത്തം കുച്ചിപ്പുടിയാണെന്ന് തുടക്കത്തിൽ തന്നെ ഇന്നു സ്ഥിരീകരിക്കുന്നു. വ്യക്തം, നൃത്തത്തിൻ്റെ തളികയിലേറുന്ന ഘട്ടം വരെ കാത്തിരിക്കേണ്ടി വരുന്നില്ല. ഇതു സൂചിപ്പിക്കുന്നത് കുച്ചിപ്പുടിയ്ക്ക് ജനപ്രീതി ഏറിവരുന്നു എന്നല്ലേ!


🟥 ആഴവും സൗന്ദര്യവും ആകർഷിച്ചു
ഒരു ക്ലാസ്സിക് അവതരണകല എന്ന നിലയിൽ കുച്ചിപ്പുടിയിൽ ദർശിക്കാനായ ആഴവും സൗന്ദര്യവുമാണ് ഈ കലയിലേയ്ക്ക് എന്നെ അടുപ്പിച്ചത്. വിശാലമായ അംഗചലനങ്ങൾക്ക് കലാകാരിയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്ന നൃത്തരൂപമാണ് കുച്ചിപ്പുടി. ഇത്രയും വിസ്‌തൃതവും നീണ്ടുനിവർന്നതുമായ അംഗചലനങ്ങളും ചുവടുകളും മറ്റു രണ്ടു നൃത്തശാഖകളിലും കഴിയാത്തതാണ്. അടവുകളും, ഒപ്പം വസ്ത്രവും തികഞ്ഞ അഭിനയ, അനുഷ്ഠാന സ്വാതന്ത്ര്യം നർത്തകിയ്ക്കു നൽകുന്നു. വിശാലവും മാസ്മരികവുമായ ഈ പ്രകടന സാധ്യതയാണ് കുച്ചിപ്പുടിയിൽ എനിയ്ക്ക് ഏറ്റവും ഹൃദ്യമായി തോന്നിയത്. തുടർന്നു, പഠിച്ചു തുടങ്ങിയപ്പോൾ ഓരോ അടവുകളുടെയും ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാൻ ശ്രമിച്ചു. പരമ്പരാഗത അടവുകളാണ് പലതും. പുരാണങ്ങളിൽ നിന്നു തിരഞ്ഞെടുത്ത കഥകളുടെ നൃത്തനാടക ആവിഷ്കാരങ്ങളാണല്ലൊ അടിസ്ഥാനപരമായി കുച്ചിപ്പുടി. ഗ്രാമീണ നൃത്തകലകളുടെ സ്വാധീനമാണ് ഈ അവതരണത്തിൻ്റെ ജനപ്രിയത. മാത്രവുമല്ല, വിളംബം (slowness) നടനത്തിൻ്റെ ശോഭ കുറയ്ക്കുന്നുവെന്നതാണ് മോഹിനിയാട്ടത്തെ അപ്രിയമാക്കുന്നതെങ്കിൽ, വേഗതയും വിപുലതയുമുള്ള കുച്ചിപ്പുടി അതിനൊരു ഉത്തരമാണ്. ഗവേഷണ സ്വഭാവമുള്ള ആ താരതമ്യ പഠനം ഇപ്പോഴും ഞാൻ തുടരുന്നു.
🟥 ചരിത്രം, ആഹാര്യം
കുച്ചിപ്പുടിയുടെ വേരുകൾ ക്രിസ്തുവിനു മുന്നെ രണ്ടാം നൂറ്റാണ്ടിലാണ്. വിജയവാഡയിൽ നിന്നു ഏകദേശം 60 കിമീ തെക്കുകിഴക്കു കിടക്കുന്ന കുചേലപുരം ഗ്രാമത്തിലെ ക്ഷേത്രാചാരങ്ങളോടു ബന്ധപ്പെട്ട നാടൻ കലകളിൽ നിന്നു വികസിപ്പിച്ചെടുത്ത പൗരാണികവും സാമൂഹികവുമായ പ്രകടനങ്ങൾക്ക് ഏഴാം നൂറ്റാണ്ടോടെ വ്യക്തമായൊരു അവതരണ പരിവേഷം ലഭിച്ചു. ഒറ്റയ്ക്കും കൂട്ടമായുമുള്ള കഥപറച്ചിൽ. ലാസ്യവും താണ്ഡവവുമുണ്ട്. നാടോടി ലക്ഷണങ്ങളോടൊപ്പം ക്ലാസ്സിക് സമ്പ്രദായങ്ങൾ ചേർന്നപ്പോൾ ഉടുവടയിലുമത് പ്രതിഫലിച്ചു. ആഹാര്യമെന്നാൽ വസ്ത്രങ്ങളും, ആഭരണങ്ങളും, ചമയങ്ങളും, അലങ്കാരങ്ങളുമാണ്. തെലുഗു സ്ത്രീകൾക്ക് എന്നും ഏറെ പ്രിയപ്പെട്ട കടും നിറമുള്ള സാരിയും ബ്ലൗസും മെല്ലെമെല്ലെ കുച്ചിപ്പുടി കലാകാരിയുടെ സവിശേഷതകളായി മാറി. അരയിൽ നിന്നു പാദം വരെ മനോഹരമായി നീണ്ടുകിടക്കുന്ന ഞൊറി കുച്ചിപ്പുടി നർത്തകിയുടെ സ്വത്വമാണിന്ന്. അരയിൽ ഒതുങ്ങി നിൽക്കുന്ന ചെറിയ ഞൊറികളാണ് മോഹിനിയാട്ടത്തിനും ഭരതനാട്യത്തിനുമുള്ളത്. കുച്ചിപ്പുടി നർത്തകിയുടെ കേശാലങ്കാരവും, ആഭരണങ്ങളും, കണ്ണെഴുത്തു, മുഖമെഴുത്തു രീതികളും വിഭിന്നമാണ്. എല്ലാം ആന്ധ്രയിലെ ഗ്രാമീണ രീതികളുടെ രൂപമാറ്റം വന്ന, പരിഷ്കരിച്ച പ്രയോഗങ്ങൾ. കുചേലപുരമെന്നു പലരും പല കുറി പറഞ്ഞപ്പോൾ അതു കുച്ചിപ്പുടി എന്നായതു തന്നെ പ്രഥമ ദൃഷ്ടാന്തം!


🟥 മഞ്ജു ഭാർഗവിയുമൊത്ത്
1979-ലെ മികച്ച ചലച്ചിത്രത്തിനുള്ള സ്വർണ്ണകമലം ഉൾപ്പെടെ നാല് ദേശീയ പുരസ്കാരങ്ങൾ നേടിയ സംഗീതസാരമായ 'ശങ്കരാഭരണം' എന്ന പ്രശസ്ത തെലുഗു ചലച്ചിത്രത്തിലെ കഥാമുഹൂർത്തങ്ങൾക്ക് നൃത്തഭാഷ്യം നൽകിയ മഞ്ജു ഭാർഗവിയുമൊത്തു നടനമാടാ൯ കഴിഞ്ഞത് കലാജീവിതത്തിലെ ധന്യതകളിലൊന്നായി കരുതുന്നു. കുച്ചിപ്പുടി നൃത്തത്തിൻ്റെ പ്രമുഖ ആചാര്യൻ വെമ്പട്ടി ചിന്ന സത്യം നേരിട്ട് ഈ നാട്യം അഭ്യസിപ്പിച്ച നർത്തകിയാണ് മഞ്ജു മേഡം. 2019-ൽ അവർ തന്നെ ചിട്ടപ്പെടുത്തിയ കുച്ചിപ്പുടി ഐറ്റത്തിൽ മേഡത്തിനോടൊപ്പം ചുവടുവയ്ക്കാൻ കഴിഞ്ഞു. തിരുവനന്തപുരവും ചെന്നൈയും ഉൾപ്പെടെ നിരവധി വേദികളിൽ അത് അരങ്ങേറപ്പെട്ടു!


🟥 പഠിപ്പും പരിശീലനങ്ങളും അവതരണങ്ങളും
നൃത്തത്തിൻ്റെ ബാലപാഠം നാട്ടിലെ ലീലാമണി ടീച്ചറുടെ കീഴിൽ അഞ്ചാം വയസ്സിൽ തുടങ്ങി. തുടർന്നു കേരള കലാമണ്ഡലത്തിൽ ചേർന്നു. കുച്ചിപ്പുടിയുടെ ആഴങ്ങളിലേയ്ക്ക് എന്നെ നയിച്ചത് പ്രൊ. ഡോ. വസന്ത് കിരൺ ആയിരുന്നു. ഇന്നും കുച്ചിപ്പുടിയുടെ ഉള്ളറകൾ തുറന്നു കാണാനുള്ള ശ്രമത്തിലാണു ഞാൻ. കുച്ചിപ്പുടി ഗ്രാമത്തിലെ മുതിർന്ന ഗുരുവായ ചിന്താ രവി ബാലകൃഷ്ണയിൽ നിന്ന് ഈ നൃത്തത്തിൻ്റെ ട്രെഡീഷണൽ രൂപങ്ങൾ ഓൺലൈനായി അഭ്യസിച്ചു വരുന്നു. കണ്ണൂർ സർവകലാശാലയിൽ നിന്നു M.Sc-യും, തഞ്ചാവൂരിലെ തമിഴ് സർവകലാശാലയി നിന്ന് M.A-യും, ട്രിച്ചിയിലെ കലൈ കവിരി കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്ന് M.F.A-യും നേടി. 'The Concept of Sringara in Swathi Thirunal Padams' എന്ന പ്രബന്ധം PhD-ബിരുദത്തിനു വേണ്ടി സമർപ്പിച്ചിട്ടുണ്ട്. വിശ്രുതമായ നിരവധി വേദികളിലെ അവതരണങ്ങളും, സംസ്ഥാന സർക്കാർ നടത്തുന്ന കേരളോത്സവത്തിലെ കലാതിലകം മുതൽ കേന്ദ്ര സാസ്കാരിക മന്ത്രാലയത്തിൻ്റെ സ്കോളർഷിപ്പു വരെയുള്ള എത്രയോ അംഗീകാരങ്ങളും കുച്ചിപ്പുടിയുടെ നാട്യവഴിയിൽ എന്നെ തേടിയെത്തിയിട്ടുണ്ട്.


🟥 കുച്ചിപ്പുടി ഗ്രാമത്തിലേക്കൊരു യാത്ര പോകണം
കുച്ചിപ്പുടിയുടെ ഉൽഭവം തേടി, താളങ്ങളും ഓളങ്ങളും തേടി ആന്ധ്രയിലെ കൃഷ്ണ ജില്ലയിലുള്ള കുച്ചിപ്പുടി ഗ്രാമത്തിലേയ്ക്കുള്ള ഒരു യാത്ര ഇപ്പോഴും ഒരു സ്വപ്നമായി അവശേഷിക്കുന്നു. കുച്ചിപ്പുടി നൃത്തത്തിൻ്റെ മഹാഗുരു വെമ്പട്ടി ചിന്ന സത്യത്തിൻ്റെ ഭവനം ഒന്നു സന്ദർശിക്കണം. അദ്ദേഹത്തിൻ്റെ ആത്മാവിനു ശാന്തി നേരണം.


🟥 കുടുംബ പശ്ചാത്തലം
കണ്ണൂരിലെ ഏച്ചൂർ ഗ്രാമത്തിൽ ജനിച്ചു വളർന്നു. നിർമലയും, രവീന്ദ്രൻ നമ്പ്യാരും മതാപിതാക്കൾ. ഏക സഹോദരൻ നിഥിൻ. ബെംഗളൂരുവിലെ റീവ സർവകലാശാലയിൽ നൃത്താധ്യാപികയായി ജോലി ചെയ്യുന്നു. ഭർത്താവ് രജത് ദുബൈയിൽ എൻജിനീയറാണ്. മകൻ മിഹിർ ശ്രീധറിന് രണ്ടു വയസ്സ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക