Image

ജനനി വേദിയിൽ നിർമ്മല ( സ്ത്രീജന്മം പുണ്യജന്മം : രാരിമ ശങ്കരൻകുട്ടി )

Published on 01 October, 2023
ജനനി വേദിയിൽ നിർമ്മല ( സ്ത്രീജന്മം പുണ്യജന്മം : രാരിമ ശങ്കരൻകുട്ടി )

ആർക്കും ആരും അല്ലാതാകുന്നതാണ് രോഗം എന്നൊരു പഴയ ചൊല്ലുണ്ട് .എന്നാൽ   നിറുകയിൽ  തെറിച്ച് വീണു മേലാകെ നനക്കുന്ന ചെറു മഴയോടാണ് രോഗാവസ്ഥയുടെ 
ഒറ്റപ്പെടലിനെ മഞ്ഞിൽ ഒരുവളിലെ അശ്വിനി എന്ന നായികാ കഥാപാത്രം  അടയാളപ്പെടുത്തുന്നത്.നിഴലിനെ മാത്രം കൂടെക്കൂട്ടി, അറിയാത്ത വഴികളിലൂടൊരു യാത്ര പോകുന്ന  അശ്വനി ."തന്നെ തകർക്കാൻ ഈ മഞ്ഞിനോ കാറ്റിനോ തണുപ്പിനോ കഴിയില്ല'' എന്നു പറയുന്ന അശ്വനി  ഉണ്ട്....  ഉണ്ടാകണം.ഓരോ സ്ത്രീയുടെ ഉള്ളിലും !!
ന്യൂയോർക്കിലെ ഓറഞ്ച് ബർഗിലുള്ള സിതാർ പാലസ് ഇന്ത്യൻ റെസ്റ്ററൻ്റിൽ ജനനി മാസിക സംഘടിപ്പിച്ച   സ്ത്രീകളുടെ ക്യാൻസർ ബോധവൽക്കരണ സെമിനാറിൽ ഉയർന്നു കേട്ട  ശബ്ദങ്ങളുടെ സംക്ഷിപ്ത രൂപമിതാണ്.   

വേൾഡ് പാലിയേറ്റീവ് ദിനം ബ്രെസ്റ്റ് കാൻസർ അവയർനെസ് മാസമായ ഒക്ടോബറിൽ , പതിനാലാം തീയതിയാണ്.അതിനോടനുബന്ധിച്ചാണ് സ്ത്രീ ജന്മം പുണ്യജന്മം എന്ന സെമിനാർ സംഘടിപ്പിക്കപ്പെട്ടത്.എട്ടിൽ ഒരാൾ എന്ന അനുപാതത്തിൽ വർധിച്ചു വരുന്ന ബ്രസ്റ്റ് കാൻസർ നേരത്തെ കണ്ടെത്തി ചികിത്സ നൽകേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണം പ്രധാനലക്ഷ്യമായ സെമിനാറിൽ   സാഹിത്യവും ആരോഗ്യസംരക്ഷണവും കൈകോർത്തു. 

പാലിയേറ്റീവ് കെയറിൻ്റെ പിതാവ് എന്നറിയപ്പെടുന്ന Dr.രാജഗോപാൽ,പ്രഫഷണലായ പ്രവാസി വനിതയുടെ  ജീവിതത്തിൽ കാൻസർ ഉണ്ടാക്കിയ മാറ്റത്തെകുറിച്ച 'മഞ്ഞിൽ ഒരുവൾ' എന്ന കൃതി രചിച്ച  നിർമ്മല തോമസ് എന്നിവർ മുഖ്യാതിഥികളായി എത്തി.

 

സത്രീകളുടെ പാലിയേറ്റീവ് കെയർ പ്രശ്നങ്ങളെ കുറിച്ച്  ഡോ. രാജഗോപാൽ  വിശദമായ പ്രഭാഷണം നടത്തി.തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പാലിയം ഇന്ത്യയുടെ ഫണ്ട് റെയ്സിംഗും മീറ്റീഗിൻ്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.ഡോ.സാറാ ഈശോ പരിപാടിയെക്കുറിച്ച്   ലഘു വിവരണം നൽകി.

ജനനി ചീഫ് എഡിറ്റർ ജെ. മാത്യൂസ്  സ്വാഗതം പറഞ്ഞ ചടങ്ങിൽ 
ഡോ  എം. ആർ.  രാജഗോപാൽ  മുഖ്യ പ്രഭാഷണം നിർവഹിച്ചു.. 
മഞ്ഞിൽ ഒരുവൾ ,നോവലിനേയും   കഥാകാരി നിർമ്മല തോമസിനേയും  നിർമല ജോസഫ് ഓഡിയൻസിന് പരിചയപ്പെടുത്തി. 
ഒരു സ്ത്രീക്ക് സ്വപ്നം കാണാൻ കഴിയുന്ന എന്തും എല്ലാം മലയാളി സ്ത്രീകൾ നേടിയിട്ടുണ്ട്
ഓജസ്സോടെയും ചുറുചുറുക്കോടേയും കുടുംബത്തിൻ്റെ ഒട്ടാകെ കാര്യങ്ങൾ ഒന്നൊഴിയാതെ ചെയ്തു തീർക്കുന്ന അവർ സ്വന്തം ആരോഗ്യകാര്യങ്ങളില്‍  കാണിക്കുന്ന അലംഭാവവും  സ്ത്രീരോഗികളുടെ  എണ്ണത്തിലുണ്ടായ വന്‍വര്‍ധനയും ആശങ്കയോടെയാണ് കാണേണ്ടത്.രോഗങ്ങളിൽ നിന്ന് സ്വയം അകന്നുനിൽക്കാൻ  ശരിയായ ഭക്ഷണക്രമം ആസൂത്രണം ചെയ്യുകയും കൃത്യമായ ഇടവേളയിൽ പരിശോധനകൾ നടത്തേണ്ടതും അനിവാര്യമാണ്.


സ്ത്രീകൾ ആരോഗ്യമുള്ള മനസ്സോടെയും ശരീരത്തോടെയും ജീവിച്ചിരിക്കേണ്ടത്, സമൂഹത്തിന്റെ ആവശ്യമാണ്. സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യം കൂടി  പരിഗണിക്കപ്പെടുന്ന അവസ്ഥയിലേക്ക് നമ്മുടെ സംസ്കാരം മാറേണ്ടതുണ്ട് തുടങ്ങിയ  വസ്തുതകളിലേക്ക് സെമിനാർ വെളിച്ചം പകർന്നു.

ഡോ ആനി തോമസ് ആശംസയും ജനനി  മാനേജിംഗ് എഡിറ്റർ സണ്ണി പൗലോസ് കൃതജ്ഞതയും രേഖപ്പെടുത്തി.ഡോ.
രാജഗോപാലും  നിർമല തോമസും   അതിഥികളും പങ്കെടുത്ത   ചോദ്യോത്തരവേള  സമ്മേളന സായാഹ്നത്തിന് തിളക്കം പകർന്നു.ഫെമിനിസം നൽകിയ ശക്തിയിൽ സ്ത്രീവാദമുയർത്തുന്ന എഴുത്താണ് നിർമ്മലയുടേതെന്ന് പ്രാസംഗികർ എടുത്തു പറഞ്ഞു.

മഞ്ഞിൽ ഒരുവളിൽ  നിന്ന് - 'ഒറ്റപ്പെട്ട ജീവിതം എങ്ങനെയിരിക്കുമെന്ന് ഇതേവരെ അശ്വിനി ആലോചിച്ചിരുന്നില്ല. എന്നും ഇപ്പോഴും ചുറ്റും ആളുകളായിരുന്നു. ആളുകളെ ഒന്നൊഴിവാക്കിയിട്ടു കുറച്ചു നേരം വെറുതെയിരിക്കാൻ കൊതിയായിരുന്നു അശ്വിനിക്ക്.'
ഗ്രന്ഥകാരി പറയും പോലെ 
സത്രീയുടെ  ജീവിതം ഒരു മരം പോലെയാണ്. പൂത്തുതളിർത്തു നിൽക്കുമ്പോൾ എല്ലാവരും ഉണ്ടാകും  അടുത്ത്. 

ശാരീരിക മാനസീക പ്രശ്നങ്ങളെക്കാൾ 
രോഗാവസ്ഥ കുടുംബത്തിലും  
തൊഴിലിടത്തും സുഹൃത്തുക്കൾക്കിടയിലും സ്ത്രീയെ ഒറ്റയാക്കിയേക്കാം.
ഒറ്റപ്പെടൽ ഒരു  തിരിച്ചറിവായി അവളെ   ശക്തയാക്കുന്നതും   സ്വാതന്ത്ര്യത്തിലേക്കുള്ള വാതിൽ തുറന്നു കൊടുക്കുന്നതുമാണ്   നോവലിന്റെ ഇതിവൃത്തം.

സ്നേഹരാഹിത്യത്തിൻ്റേയും ഒറ്റപ്പെടലിൻ്റെയും മഞ്ഞുരുക്കാൻ
ഒറ്റപ്പെടലിനെ പ്രണയിക്കാൻ..... അതിനും  വേണമല്ലേ ഒരു  ചങ്കുറ്റം !!

 

ജനനി വേദിയിൽ നിർമ്മല ( സ്ത്രീജന്മം പുണ്യജന്മം : രാരിമ ശങ്കരൻകുട്ടി )
ജനനി വേദിയിൽ നിർമ്മല ( സ്ത്രീജന്മം പുണ്യജന്മം : രാരിമ ശങ്കരൻകുട്ടി )
ജനനി വേദിയിൽ നിർമ്മല ( സ്ത്രീജന്മം പുണ്യജന്മം : രാരിമ ശങ്കരൻകുട്ടി )
ജനനി വേദിയിൽ നിർമ്മല ( സ്ത്രീജന്മം പുണ്യജന്മം : രാരിമ ശങ്കരൻകുട്ടി )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക