Image

PhD-യും പൊറോട്ടയും! (വിജയ് സി. എച്ച്)

Published on 02 October, 2023
PhD-യും പൊറോട്ടയും! (വിജയ് സി. എച്ച്)

പകൽ സമയം ബിരുദാനന്തര ബിരുദത്തിനു പഠിക്കാനും, വൈകുന്നേരം ബിരുദ വിദ്യാർത്ഥികളെ പഠിപ്പിക്കാനുമുള്ള സംവിധാനം പാശ്ചാത്യ രാജ്യങ്ങളിലെ സർവകലാശാലകളിൽ പണ്ടുതൊട്ടേയുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നു പോകുന്ന വിദ്യാർത്ഥികൾ തങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള പണം സമാഹരിക്കുന്നതു ഇപ്രകാരമാണ്.
എന്നാൽ, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ (SSUS) പി.എച്ച്.ഡി ഗവേഷക വിദ്യാർത്ഥി അഖിൽ കാർത്തികേയൻ പഠനച്ചിലവിനു വേണ്ട കാശു കണ്ടെത്തുന്നതു യൂനിവേഴ്സിറ്റി കേൻ്റീനിൽ പൊറോട്ടയടിച്ചാണ്!


വെളുപ്പിനു അഞ്ചര മണി മുതൽ ഒമ്പതര വരെ കേൻ്റീൻ ജീവനക്കാരനും, പത്തു മണി മുതൽ സായാഹ്നം വരെ യൂനിവേഴ്സിറ്റിയിലെ ഗവേഷക അധ്യോതാവുമാണ് അഖിൽ. കേൻ്റീനിൽ നിന്നിറങ്ങിയാൽ അഖിൽ ഹോസ്റ്റൽ മുറിയിലേയ്ക്കു കുതിയ്ക്കും. കുളിച്ചു വസ്ത്രം മാറി, പത്തു മണിയ്ക്കു മലയാളം ഡിപ്പാർട്ടുമെൻ്റിൽ എത്തി ഹാജർ റജിസ്റ്ററിൽ ഒപ്പിടും. ഡോ. വത്സലൻ വാതുശ്ശേരിയുടെ മാർഗനിർദേശത്തിൽ 'മലയാള സിനിമയുടെ ഭാവുകത്വപരിണാമവും വിപണി രാഷ്ട്രീയവും' എന്ന വിഷയത്തിലുള്ള അക്കാഡമിക് പഠനമാണു പിന്നെ. വൈരുദ്ധ്യമെന്നു തോന്നാം, പക്ഷേ പൊറോട്ടയടിക്കാരനും ഡോക്ടറൽ ഗവേഷണം നടത്താമെന്നു മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദമുള്ള അഖിൽ ഇവിടെ ജീവിച്ചു കാട്ടുന്നു!
വെന്ത പൊറോട്ട ചുടുകല്ലിൽ നിന്നു എടുത്ത ഉടനെ രണ്ടു കൈകളും ഉപയോഗിച്ചു ചുറ്റിലും ഒതുക്കിയടിച്ചു പതം വരുത്തുന്നൊരു സമ്പ്രദായമുണ്ട്.


"ഉള്ളംകൈകൾ വെന്തു വെറുങ്ങലിച്ചുപോകും," അഖിൽ വേവലാതിപ്പെട്ടു. "മൂന്നാലെണ്ണം ഒരുമിച്ചു വയ്ക്കാമെങ്കിലും, 15 കിലോ പൊറോട്ട ചൂടാറും മുമ്പെ ഒതുക്കിയടിച്ചു മൃദുവാക്കണം."
ആ നൊമ്പരം കരങ്ങളിൽ നിന്നു വിട്ടൊഴിയും മുമ്പെ ഗവേഷണ ഗ്രന്ഥങ്ങളെടുത്തു അഖിൽ വായന തുടങ്ങുന്നു.
"എനിയ്ക്കു പൊറോട്ടയടിക്കാനറിയാം, ജോലി തരാമോ എന്നു കേൻ്റീൻ കോൺട്രേക്ടറോടു ചോദിച്ചപ്പോൾ അദ്ദേഹത്തിനു വിശ്വാസമായില്ല. പി.എച്ച്.ഡി-ക്കാരനെങ്ങനെ പൊറോട്ടയടി അറിയുമെന്നു അദ്ദേഹം ഒരു പക്ഷേ ചിന്തിച്ചു കാണും. ഒടുവിൽ, സാധനം ഉണ്ടാക്കി കാണിച്ചുകൊടുക്കുവാൻ പറഞ്ഞു. പരിശോധന നടന്നു. ഞാൻ ചുട്ടെടുത്ത പൊറോട്ടയുടെ രുചിയും മാർദവവും നേരിട്ടു ബോധ്യപ്പെട്ട കേൻ്റീൻ നടത്തിപ്പുകാരൻ, പിറ്റേ ദിവസം മുതൽ വന്നു പൊറോട്ടയടിയ്ക്കാൻ എന്നെ നിയോഗിച്ചു," അഖിൽ ആവേശംകൊണ്ടു!
കിഴക്കു വെള്ള കീറിയാൽ സമീപത്തുള്ള ഗവേഷക വിദ്യാർത്ഥികളുടെ ഹോസ്റ്റൽ 'സൗപർണിക'യിൽ നിന്നു അഖിൽ നേരെ പോകുന്നത് യൂനിവേഴ്സിസിറ്റി കേമ്പസിൽ തന്നെയുള്ള കേൻ്റീനിലെ പാചകശാലയിലേക്കാണ്. ഉപരിവസ്ത്രം (Apron) ധരിച്ചാണ് അടുക്കളയിൽ എത്തുന്നത്. ആദ്യം തന്നെ മൈദയും, കോഴിമുട്ടയും, എണ്ണയും, പാലും, പഞ്ചസാരയും, ഉപ്പും, യീസ്റ്റും വേണ്ട അളവിലെടുത്തു കൂട്ടിക്കുഴക്കുന്നു.

അഖിലിൻ്റെ വ്യക്തിജീവിതം കഴിഞ്ഞ രണ്ടു മാസമായി ഇപ്രകാരം.
"ഒരു ദിവസം മുന്നൂറിനു മേൽ പൊറോട്ട വേണം. കൂടുതൽ പതിവുകാർ പൊറോട്ട ഇഷ്ടപ്പെടുന്നതു പ്രാതലിനാണ്. ഏകദേശം 15 കിലോ തൂക്കം വരുന്ന മാവ് രണ്ടു വലിയ ഉരുളകളാക്കി അര മണിക്കൂർ നേരം പുളിയ്ക്കാൻ വെയ്ക്കണം. നന്നായി കൂട്ടിച്ചേർത്തു മയമുള്ള മാവുണ്ടാക്കാൻ ചുരുങ്ങിയതു മുക്കാൽ മണിക്കൂർ വേണം. അതിനാൽ അടുക്കളയിലെത്തിയാൽ ആദ്യം ചെയ്യുന്നത് ഇതാണ്," റിസർച്ച് സ്കോളർ പൊറോട്ട തയ്യാറാക്കുന്ന രീതി വിവരിച്ചു തുടങ്ങി.
മാവ് പുളിയ്ക്കാൻ വെയ്ക്കുകയെന്നാൽ ചേരുവകളെല്ലാം പരസ്പരം ലയിച്ചു സംയോജിക്കുക എന്നാണ് പൊറോട്ട നിർമിതിയിൽ അർത്ഥമാക്കുന്നത്. പാചക കലയിൽ പൊറോട്ടയടി വേറിട്ടു നിൽക്കുന്നതിനു കാരണം തന്നെ ഇതു പാകം ചെയ്യുന്നതിനു ആവശ്യമായ ശ്രദ്ധയും സാങ്കേതിക മികവുമാണ്. സാധനം സജ്ജമാക്കുന്ന ക്രമത്തിൽ സംഭവിച്ചുപോകുന്ന ഏതു പിഴവും പൊറോട്ടയുടെ ഗുണമേന്മയെ ബാധിക്കുന്നു. ഉണ്ണിയപ്പവും, പാലട പ്രഥമനും, മാമ്പഴ പുളിശ്ശേരിയുമുണ്ടാക്കാം, പക്ഷേ പൊറോട്ട അത്ര പെട്ടെന്നു എല്ലാവർക്കും വഴങ്ങില്ല!


"കുഴച്ചമാവ് ലോലമായ പാളികളായി രൂപപ്പെടുത്തുന്നതാണ് നവാഗതരുടെ ഏറ്റവും വലിയ വെല്ലുവിളി. മാവ് പരത്തി വായുവിൽ വീശണം. വീശി വിരിയുമ്പോൾ പാളികൾ പിളരുകയോ കീറിപ്പോകുകയോ അരുത്. മാവിൻ്റെ ചേരുവകളിലോ, അതു കുഴയ്ക്കുന്നതിലോ, രണ്ടു ഘട്ടമായി പുളിയ്ക്കാൻ വെയ്ക്കുന്നതിലോ, ഒടുവിൽ ചുട്ടെടുക്കുവാനായി എണ്ണ പുരട്ടിയ മേശയിൽ അടിച്ചു,

കത്തികൊണ്ടു രണ്ടാക്കി കീറി, ഓരോന്നും ചുരുട്ടി കൈകൊണ്ടു പരത്തുന്നതിലോ ഉണ്ടായേക്കാവുന്ന നിസ്സാര വീഴ്ചകൾ പോലും പൊറാട്ടയുടെ രുചി കുറയ്ക്കുന്നു. മൊരിയില്ല," അഖിൽ വിവരിച്ചു.
പാചകം ചെയ്യാൻ ഏറെ പ്രയാസമുള്ളൊരു ഐറ്റം അഖിലെങ്ങനെ അനായാസേന തയ്യാറാക്കുന്നു എന്നറിയണമെങ്കിൽ അദ്ദേഹത്തിൻ്റെ സ്വദേശമായ, കൊല്ലം ജില്ലയിലെ ശൂരനാട് വടക്കുള്ള ചെറുഗ്രാമം ആനയടി വരെ പോകേണ്ടിവരും.

കൂലിപ്പണിക്കാരായ മതാപിതാക്കൾ. ആനയടി ക്ഷേത്രത്തിനു സമീപത്തു പുതിയതായി തുടങ്ങിയ ചായക്കടയിൽ സുരേഷ് എന്നയാൾ പൊറോട്ട ഉണ്ടാക്കുന്നതു ഒരു എട്ടാം ക്ലാസ്സ് വിദ്യാർത്ഥി കൗതുകത്തോടെ നോക്കി നിന്നു. ആ ബാലൻ്റെ ആവേശം മനസ്സിലാക്കിയ കടക്കാരൻ പൊറോട്ട ഉണ്ടാക്കുന്നതിനോടു ബന്ധപ്പെട്ട പ്രാരംഭ ജോലികൾ നാട്ടിലെ കുട്ടിയെ ഏൽപിക്കാൻ തുടങ്ങി. കുറേ നാൾ അതു തുടർന്നപ്പോൾ, ആ എട്ടാം ക്ലാസ്സുകാരൻ, പൊറോട്ട നിർമിതിയുടെ ഏറ്റവും ദുഷ്കരമായ 'വീശി വിരിയിക്കൽ' ഘട്ടം വരെയെത്തി.

സുരേഷിൽ നിന്നു പൊറോട്ടയടി ഏറ്റെടുക്കാൻ അഖിലിനു പിന്നെ അധിക സമയം വേണ്ടിവന്നില്ല!
"രാവിലെ പൊറോട്ടയടിയ്ക്കു ശേഷം സ്കൂളിൽ പോകും. ഈ ജോലിയിൽ നിന്നു കിട്ടുന്ന ചെറിയ പ്രതിഫലം പുസ്തകങ്ങളും പെൻസിലും സ്കെയിലും മറ്റും വാങ്ങാൻ ഉപകാരപ്പെട്ടു. അച്ഛനും അമ്മയും കൂലിപ്പണിയെടുത്തു കിട്ടുന്ന കാശ് വീട്ടു ചിലവിനേ തികഞ്ഞിരുന്നുള്ളൂ. ചില ദിവസങ്ങളിൽ അവർക്കു ജോലിയുമുണ്ടായിരുന്നില്ല," അഖിൽ ഓർത്തെടുത്തു.


പത്താം ക്ലാസ്സു മുതൽ ഇഷ്ടിക ലോഡിംങ്, മൈക്ക് സെറ്റ് വർക്ക്, പെയിൻ്റിങ്, ടിപ്പർ ലോറി ക്ലീനിങ്, പ്രൈവറ്റ് ബസ് ക്ലീനിങ് മുതലായ ജോലികൾക്കും അഖിൽ പോയിത്തുടങ്ങി. ചെങ്ങന്നൂർ-ഭരണിക്കാവ് റൂട്ടിൽ ബസ് കണ്ടക്ടറായും തൊഴിൽ ചെയ്തു. മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ ബിരുദ പഠനത്തിനും, SSUS-ൻ്റെ പന്മന പ്രാദേശിക കേന്ദ്രത്തിലെ ബിരുദാനന്തര ബിരുദ പഠനത്തിനും ഇത്തരം പാർട്ട് ടൈം പണികളിൽ നിന്നുള്ള വരവ് അഖിലിന് വലിയ അനുഗ്രഹമായിരുന്നു.
"സിനിമ പണ്ടു മുതൽ എൻ്റെ പ്രിയ മാധ്യമമാണ്. അതിനാലാണ് ചലച്ചിത്രവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ഗവേഷണം ചെയ്യാൻ തീരുമാനിച്ചത്," അഖിൽ എടുത്തു പറഞ്ഞു.
സർക്കാർ ധനസഹായമായ ഇ-ഗ്രാൻ്റ്സ് സ്കോളർഷിപ്പു തുക പതിവായി വൈകിയാണെത്തുന്നത്. ഈ സാഹചര്യത്തിൽ പൊറോട്ടയടിച്ചു കിട്ടുന്ന വരുമാനം ശരിയ്ക്കും ഒരു പിന്തുണയാണ്. ഹോസ്റ്റൽ വാടകയും മെസ്സ് ബില്ലും മറ്റും കൊടുക്കേണ്ടേ? സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സന്ദർശിക്കാനായി തിരുവനന്തപുരം യാത്രകൾ ഇടക്കിടെയുണ്ട്. ഗവേഷണ വിഷയവുമായി അനുബന്ധമുള്ള ധാരാളം പുസ്തകങ്ങൾ അവിടെയുണ്ട്. കേൻ്റീൻ ജോലി ഏറ്റെടുത്തതിനു ശേഷം അങ്കമാലിയിൽ നിന്നു തലസ്ഥാനത്തേക്കുള്ള യാത്രാച്ചിലവ് ഒരു ഭാരമായി റിസർച്ച് സ്കോളർക്കു തോന്നുന്നില്ല.


"പി.എച്ച്.ഡി പഠനവും കേൻ്റീൻ ജോലിയും ഒരുമിച്ചു കൊണ്ടുപോകുന്നതു കേമ്പസിലും ജന്മനാട്ടിലും നല്ല പ്രതികരണങ്ങൾ മാത്രമേ ഇതുവരെ നേടി തന്നിട്ടുള്ളൂ," All Kerala Research Scholars Association-ൻ്റെ കൺവീനർ കൂടിയായ ആനയടിക്കാരൻ വ്യക്തമാക്കി.
"സോഷ്യൽ മീഡിയയിൽ രണ്ടുമൂന്നു അരസികന്മാർ വന്നു പൊറോട്ട-PhD കൂട്ടുകെട്ടിനെ പരിഹസിച്ചു കമൻ്റുകളിട്ടതു ഞാനത്ര ഗൗനിക്കുന്നില്ല," അഖിൽ കൂട്ടിച്ചേർത്തു.


പൊറോട്ടയടിയും പഠനവും കഴിഞ്ഞാൽ, പാട്ടും പടംവരപ്പുമുണ്ട് അഖിലിനൊപ്പം. സ്വാഭാവികം, ഈ സഹൃദയൻ അധ്യാപകർക്കും സഹപാഠികൾക്കും പ്രിയപ്പെട്ടവ൯. കേമ്പസിനകത്തും വെളിയിലും.
ലീലയും കാർത്തികേയനും മതാപിതാക്കൾ. അമൽ, അനുജൻ. എഴുത്തുകാരിയും SSUS-ലെ ഗവേഷകയുമായ അനുശ്രീ ചന്ദ്രനുമായുള്ള വിവാഹം അഞ്ചു മാസം മുന്നെയായിരുന്നു. 
----------------------------- 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക