Image

അഞ്ചാമൻ (കഥ: സുധീർ പണിക്കവീട്ടിൽ)

Published on 04 October, 2023
അഞ്ചാമൻ (കഥ: സുധീർ പണിക്കവീട്ടിൽ)

"നിങ്ങൾ അഞ്ചാമനാകരുത്, ഒരിക്കലും ആകരുത്,  ഞാനതിനു സമ്മതിക്കുകയില്ല. ഇതെന്റെ അപേക്ഷയാണ് കൽപ്പനയാണ്".
ഞായറാഴ്ച്ച രാവിലെ തണുപ്പും പറ്റി നടക്കാത്ത സുന്ദരസ്വപനങ്ങളും കണ്ടു കിടക്കുമ്പോൾ കാളിംഗ്ബെൽ അടിക്കുന്ന ശബ്ദം കേട്ടു. ലക്ഷ്മിയേടത്തിയെ കാണാൻ ആരോ വന്നിരിക്കുമെന്നു കരുതി പുതപ്പു തലവഴിയിട്ടു കിടക്കയോട് അമർന്നു കിടന്നു. ധനുമാസത്തിലെ ശിശിരകുളിര്‌. മൂടിപുതച്ചുറങ്ങാൻ  എന്ത് സുഖം. ജനിച്ച മാസവുമാണ്. പിറന്നാൾ ആഘോഷിക്കാൻ വേണ്ടി ലക്ഷ്മിയേടത്തി  വന്നതാണ്. അല്ലെങ്കിൽ ഒറ്റക്ക് ഇങ്ങനെ ജോലി കഴിഞ്ഞു വന്നാൽ ഏകാന്തവാസം. അതാ ലക്ഷ്മിയേടത്തി വിളിക്കുന്നു. ഡാ, നിന്നെ കാണാൻ ആരോ വന്നിരിക്കുന്നു. നാശം ആരാണ് ഈ രാവിലെ? ഏടത്തി കാപ്പി ഉണ്ടാക്കിക്കോളു എന്ന് പറഞ്ഞു സ്വീകരണമുറിയിലേക്ക് ചെന്നപ്പോൾ ഷെയ്ക്ക്സ്‌ഫിയരുടെ നാടകത്തിൽ പറഞ്ഞപോലെ lean and hungry looking ആയ ഒരാൾ. അയാളുടെ കണ്ണുകളിൽ രോഷം ജ്വലിക്കുന്നുണ്ടായിരുന്നു. അയാൾ ഉരുവിട്ട് കൊണ്ടിരുന്നു. നിങ്ങൾ അഞ്ചാമനാകരുത്. 

അയാൾ കുറേശ്ശേ വിറക്കുന്നുമുണ്ട്. എന്നെ കൈകാര്യം ചെയ്തുകളയുമെന്ന മട്ടിലാണ് മൂപ്പരുടെ നിലപാട്. പക്ഷേ  എന്റെ തടിമിടുക്ക് കണ്ടു അതിനു അയാൾ തുനിയുകയില്ലെന്നു ഉറപ്പുണ്ടായിരുന്നു. അഥവാ തുനിഞ്ഞാൽ പപ്പടം പോലെ അയാളെ പൊടിക്കാനുള്ള  കരുത്ത് എന്റെ കൈകൾക്കുണ്ടായിരുന്നു. എനിക്ക് അയാൾ പറയുന്നത് മനസ്സിലാകുന്നില്ലായിരുന്നു. അഞ്ചാമനോ? എല്ലാറ്റിലും ഒന്നാമനായിരുന്നില്ലെങ്കിലും രണ്ടിൽ താഴെ പോയിട്ടില്ല. നിങ്ങൾ ആരാണ്? നിങ്ങൾക്ക് എന്താണ് വേണ്ടത്.? 

അയാൾ മറുപടി പറയാൻ തുടങ്ങുന്നതിനു മുമ്പ് ഫോൺ അടിച്ചു. ലക്ഷ്മിയേടത്തിയോട് ഫോൺ എടുക്കാൻ പറഞ്ഞു.  പക്ഷെ ഫോൺ എനിക്കായിരുന്നു. ഡാ ഫോൺ നിനക്കാണ്  അയാളോട് ഒരു മിനിറ്റ് എന്നും പറഞ്ഞു ബെഡ്റൂമിൽ വച്ചിട്ടുള്ള ഫോണിൽ സംസാരിക്കാൻ പോയി.ഹലോ പറഞ്ഞപ്പോൾ തന്നെ ഒരു കരച്ചിൽ. ആരാണെന്നു ചോദ്യത്തിന് മറുപടി വന്നു ഞാൻ പ്രമീളാദേവി. പ്രമീളാദേവി  ഓഫിസിൽ എന്റെ കീഴിൽ ജോലി ചെയ്യുന്ന നാൽപ്പത്തിയഞ്ച് വയസ്സ് പ്രായം വരുന്ന യുവതിയാണ്. യുവതിയെന്നു പറയാൻ കാരണം ഇപ്പോഴും മുടി പിന്നി മുന്നിലേക്കിട്ട്, ലുബ്ധ് കാണിക്കാതെ ധാരാളം കണ്മഷിയെഴുതി, മൂക്കുത്തിയിട്ട്, മുടിയിൽ പൂചൂടി. എപ്പോഴും സാരിചുറ്റിവരുന്നയാളായതുകൊണ്ടാണ്. ആധുനിക ഫാഷനൊന്നും അവർക്കിഷ്ടമല്ല. നെറ്റിയിൽ ചന്ദനക്കുറിയും അതിനുമേൽ കുങ്കമപ്പൊട്ടും മുടങ്ങാതെ ധരിക്കും. വിവാഹിതയാണെന്ന് കാണിക്കുന്ന നെറ്റിയിലെ സിന്ദൂരപ്പൊടിയും  അതിങ്ങനെ നെറ്റിയിലേക്ക് പൊടി പൊടിയായി വീണുകൊണ്ടിരിക്കുന്നതും അവരുടെ പ്രത്യേകതയാണ്.  ഒരു ബാലികയുടെ നിഷ്കളങ്കത പ്രസരിപ്പിക്കുന്ന മുഖപ്രസാദം അവർക്കുണ്ടായിരുന്നു. 
ഒരു പ്രോജക്ട് വർക്കിനുവേണ്ടി എന്നെ താൽക്കാലികമായി നിയോഗിച്ച ഓഫീസിൽ എന്റെ അസിസ്റ്റന്റ് ആയാണ് അവർ ജോലി ചെയ്യുന്നത്. വളരെ നിഷ്കളങ്കയായിട്ടാണ് അവരുടെ പെരുമാറ്റങ്ങൾ. വളരെ ബുദ്ധിമതിയുമാണ്. പാട്ട്, നൃത്തം കഥയെഴുത്ത് എന്നിവയിൽ പ്രവീണയാണ്. സവർണ്ണജാതിയിൽപ്പെട്ടവളായതുകൊണ്ടാണത്രെ കലാപരമായ വാസനകൾ അവർക്കുണ്ടായത്. അമ്പതോളം വയസ്സ് പ്രായമുള്ള die hard ബാച്ചലർ ആയ ഞാനും കവിതാപ്രിയനും  ചിലപ്പോൾ കുത്തിക്കുറിക്കുന്നവനുമായതിനാൽ പ്രമീളാദേവിക്ക് ഒരു മേലുദ്യോഗസ്ഥൻ എന്നതിൽ കവിഞ്ഞു എന്നോട് ഒരു കവി എന്ന സ്നേഹവും അടുപ്പവുമുണ്ടായിരുന്നു. ജോലിസംബന്ധിച്ച് അവർക്ക് എന്റെ ക്യാബിനിൽ വന്നും പോയും കൊണ്ടിരിക്കേണ്ടിയിരുന്നു. ക്യാന്റീനിൽ ഒരുമിച്ച് കാപ്പി കുടിക്കാനും ഒപ്പം ഉണ്ണാനും ഞങ്ങൾ സന്തോഷം കണ്ടെത്തി. അവർ എഴുതുന്ന രചനകൾ എന്നെ കാണിക്കാറുണ്ട്. എന്റെ കവിതകൾ വായിച്ച് എന്നെ പുകഴ്ത്താറുണ്ട്. പുറമെ നിന്ന് നോക്കുന്നവർക്ക് ഞങ്ങളുടെ ചിരിയും സംസാരങ്ങളും ഒരു പക്ഷെ തെറ്റിദ്ധാരണയുണ്ടാക്കിയതിൽ അത്ഭുതമില്ല. മലയാളിക്ക് ഇങ്ങനെ മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയുക വളരെ രസകരവും  അനുഭൂതിസാന്ദ്രവുമാണ്.ഓഫീസിലെ ശിപ്പായി ഗംഗാറാം വെറ്റിലക്കറയുള്ള പല്ലും കാട്ടി ഡെസ്കിൽ നിന്നും ഡെസ്കിലേക്ക് വാർത്തകൾ കൈമാറികൊണ്ടിരുന്നു.  

അടിസ്ഥാനമില്ലാത്ത ആ പരദൂഷണ പ്രചാരണം  ഓഫീസിൽ കുഴപ്പങ്ങൾ സൃഷ്ടിച്ചു. ഒരാണും പെണ്ണും അടുത്ത് പെരുമാറുമ്പോൾ അതു  പ്രണയവും രതിയുമെന്നു ധരിക്കുന്ന മലയാളികളുടെ സ്വഭാവം  ഓഫീസിലുള്ളവരും കാണിക്കാൻ തുടങ്ങി. അതവർ പരസ്യമാക്കി. വിവാഹിതയായ ഒരു സ്ത്രീയെപ്പറ്റി അപവാദങ്ങൾ പറയരുതെന്ന് വളരെ അടുത്ത സ്റ്റാഫിനോട് പറഞ്ഞു നോക്കി. എന്ത് ഫലം. വാർത്ത കാട്ടുതീ പോലെ പരന്നു. ആ പ്രമീളാദേവിയാണ്   ഫോണിൽ വിതുമ്പുന്നതും ആവലാതികൾ പറയുന്നതും. അവർ പറഞ്ഞു എന്നെ കാണാൻ വന്നിരിക്കുന്ന   വ്യക്തി അവരുടെ ചേച്ചിയുടെ ഭർത്താവാണ്. അദ്ദേഹത്തിന് ഞാനും സാറുമായി അവിഹിതബന്ധമുണ്ടെന്ന സംശയമാണ്.  സാറിന്റെ വീട്ടിൽ വന്നു ഭീഷണിപ്പെടുത്തുമെന്നു അദ്ദേഹം പറഞ്ഞിരുന്നു. ഞാൻ നിസ്സഹായയാണ് സാർ. അദ്ദേഹം പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്. അദ്ദേഹം അങ്ങനെയാണ്. ഞാൻ ചോദിച്ചു ചേച്ചിയുടെ ഭർത്താവല്ലേ. നിങ്ങളുടെ ഭര്ത്താവിന് ഇല്ലാത്ത വിഷമം അയാൾക്ക് എന്തിനാണ്. സാറേ എനിക്കറിഞ്ഞുകൂടാ. എനിക്കും ചേച്ചിമാർക്കും സഹോദരന്മാർ ഇല്ലാത്തതുകൊണ്ട് അയാൾക്ക് ഞങ്ങളുടെ വീട്ടിൽ കൂടുതൽ അധികാരം അച്ഛൻ കൊടുത്തു  അതുകൊണ്ട് ഞങ്ങളുടെ കാര്യങ്ങളിൽ  ഇടെപെടുകയാണ്.അവർ  ഫോൺ വച്ചു.
സ്വീകരണമുറിയിലേക്ക് ചെല്ലുമ്പോൾ അയാൾ അപകടകരമായ അസംതൃപ്തി മുഖത്തു പ്രകടിപ്പിച്ചുകൊണ്ടു  മുഷ്ടിചുരുട്ടി പല്ലും കടിച്ച് ഇരിക്കുന്നുണ്ടായിരുന്നു. അയാൾ പറഞ്ഞു ഞാൻ ഹാരിഷ്. എനിക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങൾ അഞ്ചാമനാകരുതെന്നാണ്. കുറെ നേരമായി ഇയാൾ അഞ്ചാമൻ എന്ന് പറയുന്നു നിങ്ങൾ എന്താണ്  ഉദ്ദേശിക്കുന്നത്.എനിക്ക്  നിങ്ങളെ അറിയുകപോലുമില്ലല്ലോ. അപ്പോൾ അയാളുടെ ചോദ്യം. പ്രമീളാദേവി  എന്നെപ്പറ്റി നിങ്ങളോട് പറഞ്ഞിട്ടില്ലേ? അവൾ എന്റെ ജീവനാണ്. ഞാൻ അവളുടെ ചേട്ടത്തിയെയാണ് വിവാഹം കഴിച്ചതെങ്കിലും ഞാനും അവളും ഇരുമെയ്യാണെങ്കിലും ഒറ്റ കരൾ പോലെയാണ്. ആ വിവരണം എന്നെ അത്ഭുതപ്പെടുത്തി പ്രമീളാദേവി  വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ്. നിങ്ങൾ  പറയുന്നത് നിങ്ങളുമായി അവർക്ക് അവിഹിതബന്ധമുണ്ടെന്നാണ്. നിങ്ങൾ ഓർക്കുക അവർ ഒരു ഭാര്യയാണ്. അവിഹിതമല്ല ഹിതമാണ്, അവൾ വേറെ ഒരാളുമായി ബന്ധപ്പെടുന്നത് എനിക്ക് ആലോചിക്കാൻപോലും വയ്യ..  

.അവൾ എന്റെ വെപ്പാട്ടിയായി കഴിയാൻ തയ്യാറായിരുന്നു. അത് ശരിയല്ലെന്നു എനിക്ക് തോന്നി കാരണം ഞാൻ അവളുടെ ചേച്ചിയുടെ ഭർത്താവാണ്. അതുകൊണ്ട് ഞാൻ അവൾക്കായി ഒരു പാവം മനുഷ്യനെകണ്ടെത്തി  കല്യാണം കഴിപ്പിച്ചു 
അതൊക്കെ നിങ്ങളുടെ കുടുംബ കാര്യങ്ങൾ. നിങ്ങൾ എന്തിനാണ് രാവിലെ എന്റെ വീട്ടിൽ വന്നു അഞ്ചാമനാകരുതെന്നു പറയുന്നത്. എനിക്ക് നിങ്ങളുടെ പ്രണയാതിടമ്പുമായി ഒരു ബന്ധവുമില്ല.  ഞാനവരെ കുലീനയായ  ഒരു സ്ത്രീയായിട്ടാണ് കണ്ടിരിക്കുന്നത്.
എഴുത്തുകാരിയും നിങ്ങളുടെ അസിസ്റ്റന്റുമായ പ്രമീളാദേവി  ആരാന്നാ നിങ്ങളുടെ വിചാരം? 

ആരെങ്കിലും ആയിക്കോട്ടെ അതിൽ എനിക്കെന്തു കാര്യം. എന്റെ മറുപടി അയാൾക്കിഷ്ടമായില്ല  അയാൾ പറഞ്ഞു നിങ്ങൾ അറിയണം. അവൾ പഠിക്കുന്ന കാലത്ത് മുറച്ചെറുക്കന്റെ കൂടെ നടന്നു രതിയുടെ ബാലപാഠങ്ങൾ പഠിച്ചു. അവൻ തേച്ചിട്ടു പോയിരിക്കുന്ന സമയത്തായിരുന്നു അവളുടെ മൂത്തചേച്ചിയുടെ വിവാഹം. ആ മനുഷ്യനുമായി ഇവൾക്ക് ബന്ധമുണ്ടായിരുന്നു അയാൾക്ക് മടുത്തു തുടങ്ങിയ അവസരത്തിലാണ് ഞാൻ അവളുടെ നേരെ മൂത്തചേച്ചിയെ കല്യാണം കഴിക്കുന്നത്. പിന്നെ അവൾ എന്റെ കൂടെ കൂടി. ഞാനുമായും വെറും ലൈംഗികസുഖത്തിനായുള്ള ബന്ധം മാത്രം.  പിന്നെ അവളെ കല്യാണം കഴിച്ചുകൊടുത്തെങ്കിലും അവൾ സമയം കിട്ടുമ്പോൾ എന്റെ കൂടെ കഴിഞ്ഞു. നാല് പുരുഷന്മാരുടെ കൂടെ കഴിഞ്ഞ സ്ത്രീക്ക് ഒരു അഞ്ചാമന്റെ കൂടെ കിടക്കപങ്കിടാൻ വിഷമമുണ്ടാകില്ല. പക്ഷെ നിങ്ങൾ  അഞ്ചാമനാകരുത്. നിങ്ങൾ എന്നല്ല  ആരും അങ്ങനെയാകാൻ ഞാൻ സമ്മതിക്കില്ല.  നിങ്ങൾ എഴുത്തുകാരൻ കൂടിയായതുകൊണ്ടു അവൾക്ക് നിങ്ങളോട് ഇഷ്ടമുള്ള പോലെ എനിക്ക് അനുഭവപ്പെടുന്നു. നിങ്ങൾ സ്ഥലംമാറ്റം   വാങ്ങി പോകണം. അല്ലെങ്കിൽ ഞാൻ എന്ത് ചെയ്യുമെന്ന് എനിക്ക് തന്നെ അറിയില്ല. ഞാൻ എന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും. നിങ്ങൾക്ക് പോകാം എന്ന് പറഞ്ഞു പുറത്തേക്കുള്ള വാതിൽ തുറന്നു പിടിച്ച് ഞാൻ നിന്നു. അയാൾ എന്നെ രൂക്ഷമായി നോക്കി തിരിഞ്ഞു തിരിഞ്ഞു നടന്നുപോയി. 

പ്രാതൽ തണുക്കാൻ  തുടങ്ങിയിരുന്നു. ലക്ഷ്മിയേടത്തി എത്തി നോക്കി. ആരാ അയാൾ?  ലക്ഷമിയേടത്തി ചോദിച്ചു. വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസനെപോലെ മനോരോഗമുള്ള കക്ഷിയാണെന്നു  തോന്നുന്നു. കുട്ടാ, നീ സൂക്ഷിക്കണം. ഒരു പരിചയവുമില്ലാത്ത നിന്നെ അന്വേഷിച്ച് അയാൾ ഇവിടെ വരണമെങ്കിൽ അയാൾ  അപകടകാരിയാണ്. ഏടത്തി ഞാൻ ഒരു തെറ്റും  ചെയ്തിട്ടില്ല.അയാളുടെ ഭാര്യയുടെ അനിയത്തി എന്റെ ഓഫീസിലാണ് ജോലി. അവർ തമ്മിൽ പിരിയാൻ പറ്റാത്ത ബന്ധമാണെന്ന് അയാൾ പറയുന്നു. ഞാൻ അവരുടെ ഇടയിൽ കടന്നുചെല്ലുന്നു എന്ന് അയാൾക്ക് തോന്നുന്നുവത്രെ.  അതുകൊണ്ടു. ഞാൻ സ്ഥലമാറ്റം വാങ്ങി പോകണമെന്ന്. കുട്ടാ കാലം മോശമാണ്. ഇപ്പോൾ ആസിഡ് ഒഴിക്കലും, കൊല്ലലും വരെ തുടങ്ങിയിരിക്കുന്നു. ആ പെണ്ണ് മോശമായിരിക്കും നീ സ്ഥലമാറ്റം വാങ്ങി പൊയ്ക്കോ. അതുകേട്ടു ഞാനും പരിഭ്രമിക്കാൻ തുടങ്ങി. 

പിറ്റേന്ന് തിങ്കളാഴ്ച ഓഫീസിൽ ചെന്നപ്പോൾ അവിടെ ഒരു ശ്മശാന മൂകത. എല്ലാവരും പരസ്പരം നോക്കുന്നു. എന്നെ അന്നുവരെ കാണാത്ത ആളിനെപോലെ നോക്കുന്നു. ഗംഗാറാം വിടലച്ചിരി ചിരിച്ചു ചോദിക്കുന്നു സാർ ആസ്പത്രിയിൽ   പോയില്ലേ. അതുകേട്ട് എല്ലാവരും ചിരിച്ചു. ക്യാബിനിൽ ചെന്ന് അവിടത്തെ സീനിയർ സ്റ്റാഫ് രുഗ്മണിദേവിയെ വിളിപ്പിച്ചു. അവർ പറഞ്ഞു. സാറേ ഇന്നലെ രാത്രി പ്രമീളാദേവിയെ  ആരോ കുത്തി. അവർ ആസ്പത്രിയിലാണ് ഗുരുതരമാണെന്ന് കേൾക്കുന്നു. കുത്തിയത് സാറാണെന്നു അവരുടെ ചേട്ടൻ ഹാരിഷ് പോലീസിൽ മൊഴി കൊടുത്തിട്ടുണ്ട് അപ്പോഴേക്കും ഒന്ന് രണ്ടു പോലീസ് ഉദ്യോഗസ്ഥർ വന്നു. അവർ പറഞ്ഞു നിങ്ങളെപ്പറ്റി ഒരു കൊലക്കുറ്റത്തിന് പരാതി കിട്ടിയിട്ടുണ്ട്  കുത്തുകൊണ്ട സ്ത്രീക്ക് ബോധം വന്നിട്ടില്ല  ബോധം വന്നാൽ അവർ നിങ്ങളുടെ പേര് പറഞ്ഞാൽ നിങ്ങളെ അറസ്റ്റ് ചെയ്യേണ്ടി വരും. ഈ സ്റ്റേഷൻ വിട്ട് എങ്ങും പോകരുത്. അവർ പോയിക്കഴിഞ്ഞപ്പോൾ രുഗ്മണിദേവി വന്നു ചോദിച്ചു. എന്താണുണ്ടായത് സാർ? 
ഞാൻ തലേന്നാൾ നടന്നതൊക്കെ പറഞ്ഞപ്പോൾ അവർ പറഞ്ഞു. പ്രമീളാദേവിക്ക്  ചേട്ടനുമായി ബന്ധമുണ്ടെന്നു അവരുടെ ഭർത്താവിനൊഴിച്ച് എല്ലാവര്ക്കും അറിയാം. ആ ഹരീഷ് വളരെ പൊസ്സസ്സീവ് ആണ്.ഭർത്താവിനേക്കാൾ അധികാരമാണ് അയാൾക്ക്. എപ്പോഴും പ്രമീളാദേവിയുടെ  പുറകെ ഉണ്ടാകും. സാർ എന്തായാലും വൈകുന്നേരം ആസ്പത്രി വരെ പോകുന്നത് നല്ലത്. അവർ മരിച്ചാൽ സാറിനു രക്ഷപ്പെടാൻ പ്രയാസമാകും. ബോധം വന്നാൽ കുത്തിയത് ആരാണെന്നു അവർ പറഞ്ഞാൽ പ്രശ്നമില്ല. 

ഞാൻ ആലോചിച്ചു. ആളുകൾ ഒന്നും നമ്മൾ കാണുന്ന പോലെയല്ല. പ്രമീളാദേവി  എന്ത് പാവമായിരുന്നു. നാല് പുരുഷന്മാരുടെ കൂടെ കഴിഞ്ഞ സ്ത്രീയെന്നു പറയാനേ കഴിയില്ല. അത്രക്ക് പെരുമാറ്റശുദ്ധിയും നിഷ്കളങ്കതയും അവർക്കുണ്ടായിരുന്നു. പിന്നെ എന്നും ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം. എല്ലാം ആലോചിച്ച് അന്ന് ജോലി ഒന്നും ചെയ്യാൻ  കഴിഞ്ഞില്ല. അഞ്ചുമണിയായപ്പോൾ പ്രമീളാദേവിയെ  കാണാൻ ആസ്പത്രിയിൽ ചെന്നു. പോലീസ്കാരൻ നിന്നു ചിരിക്കുന്നു. മനസ്സിൽ പേടിയായി. അയാൾ ചെല്ല് ചെല്ല് എന്ന് പറഞ്ഞു.  അവർ പ്രമീളാദേവിയുടെ മൊഴി  എടുത്തിരിക്കുന്നു. ആരോ അജ്ഞാതൻ കുത്തി.  വയറ്റിലാണ് കുത്തു കൊണ്ടത്. ഇപ്പോൾ ഐ സി യു വിൽ നിന്നും മാറ്റിയേയുള്ളു.  
ഞാൻ ചെല്ലുമ്പോൾ പ്രമീളാദേവിയുടെ  അടുത്ത്  ആരുമില്ല. അവർക്ക് നല്ല ബോധമുണ്ടായിരുന്നു അവർ ഇടം വലം നോക്കി എന്നോട് പറഞ്ഞു. ഹരീഷേട്ടൻ സാറിനെ കണ്ടു വന്നു എന്നോട് വഴക്കു കൂടി. സാർ സ്ഥലമാറ്റം വാങ്ങി പോകാൻ ഞാൻ പറയണമെന്ന് പറഞ്ഞു.ഞാൻ പറയില്ലെന്ന് പറഞ്ഞപ്പോൾ കാണിച്ച് തരാമെന്നും പറഞ്ഞു എന്റെ വീട്ടിൽ നിന്നും പോയി. വൈകുന്നേരം ഞാൻ മാർക്കറ്റിൽ വന്നപ്പോൾ ഒരു ഒഴിഞ്ഞകോണിൽ വച്ച് ഹരീഷേട്ടനല്ലാതെ ആരും എന്റെ ജീവിതത്തിൽ ഉണ്ടാകരുതെന്ന് പറഞ്ഞു എന്നെ അടിക്കുകയും, അവസാനം കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയും  ചെയ്തു. ഞാൻ ഏതോ അജ്ഞാതൻ എന്നാണു പറഞ്ഞത്. സാറാണോ എന്ന് അവർ ചോദിച്ചു.

അയാളുടെ പേര് പറഞ്ഞു അയാളെ നിയമത്തിനു വിട്ടുകൊടുക്കാത്തതു എന്തെന്ന് എന്റെ  ചോദ്യത്തതിന് അവൾ പറഞ്ഞു. സാറേ ഞാൻ നാല് പുരുഷന്മാരുടെ കൂടെ കഴിഞ്ഞിട്ടുണ്ട്. അതിൽ ഒന്ന് എന്റെ ഭർത്താവാണ്. പക്ഷെ അവരിൽ ഹരീഷേട്ടനെ എനിക്ക് മറക്കാൻ കഴിയില്ല. ഞാൻ സത്യം പറഞ്ഞാൽ  അയാൾ ഇരുമ്പഴിക്കുള്ളിലാകും. ചേച്ചിയെയും മക്കളെയും ആലോചിച്ചല്ല എന്നെ തന്നെ ആലോചിച്ചാണ് ഞാനതു പറഞ്ഞത്. ഞാൻ അത്രക്ക് അയാളെ സ്നേഹിക്കുന്നുണ്ട്. അയാളും അങ്ങനെ തന്നെ. അല്ലെങ്കിൽ ഒരു സംശയത്തിന്റെപേരിൽ അയാൾ സാറിനെ വന്നു താക്കീതു ചെയ്യുകയില്ല. സാറിന്റെ വീട് അയാൾക്ക് കാണിച്ചുകൊടുത്തത് നമ്മുടെ ഓഫീസിലെ ഗംഗാറാമാണ്‌.  അയാൾ എന്നെ കുത്തിയതിൽ എനിക്ക് വിഷമമില്ല. ഞാൻ സാറുമായി അടുക്കുമോ  എന്ന ഭയമാണ് അദ്ദേഹത്തെകൊണ്ടങ്ങനെ ചെയ്യിച്ചത്. സാർ ക്ഷമിക്കണം. 

സ്ത്രീ ഒരു കടംകഥ, സമസ്യ, എന്നൊക്കെ ചിന്തിച്ചുകൊണ്ട് അവരോട് യാത്ര പറഞ്ഞിറങ്ങി. സ്ത്രീയുടെ മനസ്സിന്റെ നിഗൂഢതലങ്ങളിലേക്ക് വെറുതെ ഒന്ന് എത്തിനോക്കാൻ തോന്നി. അസാധ്യമായ ആ സാഹസം ആലോചിച്ചപ്പോൾ അത് ഒരു കഥയിൽ ഒതുക്കുവാനെ കഴിയു എന്ന് മനസ്സിലായി.  

ശുഭം 

Join WhatsApp News
ജോസഫ് എബ്രഹാം 2023-10-04 09:33:01
സുധീർ മാഷിന്റെ പതിവ് ഭാഷയിൽ നിന്നും വ്യത്യസ്തമായ കഥ. ക്‌ളൈമാക്‌സ് ഒട്ടു നിനയ്ക്കാത്ത തലത്തിൽ എത്തിച്ചേർന്നു. കഥയുടെ അവസാനം പറയും പോലെ പെണ്ണിന്റെ മനസ്സുപോലെ ദുരൂഹമായിരുന്നു ക്ലൈമാക്‌സും ഒരു മുൻധാരണകൾക്കും വഴങ്ങിയില്ല. ആശംസകൾ
Sreekumar Unnithan 2023-10-05 11:07:04
മനോഹരമായി വിവരിച്ചിരിക്കുന്നുന്നു. സുധിർ സാറിന്റെ ഓരോ എഴുത്തും വ്യത്യസ്തമാണ്. വായിക്കുവാൻ രസകരവുമാണ്
സുനിൽ 2023-10-05 16:07:52
വളരെ വ്യത്യസ്തമായൊരു കഥ, ശൈലിയും രചനയുയും വേറിട്ട ഒരു വായന അനുഭൂതി നൽകുന്നു, ഇനി യും നല്ല രചനകൾ പ്രതീക്ഷിക്കുന്നു, ഭാവുകങ്ങൾ
Raju Mylapra 2023-10-05 18:35:36
An amazing versatile writer. Talented to easily adapt various forms of literature. Enjoyed your new style.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക