Image

“പുനരുക്തി”  - ഒരു അവലോകനം (സുധീർ പണിക്കവീട്ടിൽ)

Published on 16 October, 2023
“പുനരുക്തി”  - ഒരു അവലോകനം (സുധീർ പണിക്കവീട്ടിൽ)

ശ്രീ സൈമൺ എബ്രഹാം എന്ന കവിയുടെ ഇരുപത്തിയാറു കവിതകൾ അടങ്ങുന്ന പുസ്തകമാണ് പുനരുക്തി. പുനരുക്തി എന്ന വാക്കിനു ആവർത്തനമെന്നോ വീണ്ടും പറയുകയെന്നോ അർത്ഥമുണ്ട്. ഒരേ അർത്ഥം  വരുന്ന പദങ്ങൾ ആവർത്തിച്ച് ഉപയോഗിക്കലാണ് ഇതിന്റെ സ്വഭാവം. ഉക്തി എന്നാൽ വാക്ക്. പിന്നെയും പിന്നെയുമുള്ള പറച്ചിൽ പുനരുക്തി. അനാവശ്യമായ ആവർത്തനപ്രയോഗം എന്നും അർത്ഥമുണ്ട്.
ഈ സമാഹാരത്തിൽ പുനരുക്തി എന്ന ഒരു കവിതയുണ്ട്. അതിൽ വാക്കുകളൊന്നും ആവർത്തിച്ച് ഉപയോഗിക്കുന്നില്ല മറിച്ച്‌  ചർവ്വിതചർവ്വണം ചെയ്യപ്പെട്ട ഒരു വിഷയം കവി തന്റെ ചിന്തകളിലൂടെ അവതരിപ്പിക്കുന്നു. കോടിക്കണക്കിനു വർഷങ്ങൾക്ക് മുമ്പുണ്ടായ ഒരു മഹാവിസ്ഫോടനവും അതിനുശേഷമുണ്ടായ പ്രളയവും ഒക്കെ അതിൽ ചുരുക്കി പറയുന്നുണ്ട്. എന്തെങ്കിലും അവർത്തിക്കുമ്പോഴല്ലേ  പുനരുക്തിയാകുന്നത്.കവിയുടെ വരികൾ " ആദിയിൽ രൗദ്രനാദ ധ്വനിയിൽ അണ്ഡകടാഹമുണർന്നു " ആലില മേൽ ജീവൻ തുടിച്ചുവെന്നത് ഒരു പക്ഷെ ഹിന്ദു പുരാണങ്ങളിൽ പറയുന്ന "ആലില കൃഷ്ണനെ"  ആകാം. പ്രളയം വന്നപ്പോൾ ഭഗവൻ ഒരു ശിശുവായി തന്റെ കാലിന്റെ തള്ളവിരൽ കുടിച്ചുകൊണ്ടു വെള്ളത്തിൽ പൊങ്ങി കിടന്നത്രെ, പ്രപഞ്ചം മുഴുവൻ ഭഗവാന്റെ വയറ്റിൽ സുരക്ഷിതമായി സൂക്ഷിച്ചുകൊണ്ടു. ജീവിതം ഒരു ആവർത്തനം (പുനരുക്തി) ആണെന്ന് കവി സൂചിപ്പിക്കുന്നു. വളരെ മനോഹരമായ ഭാഷ കൈവശമുള്ള കവിക്ക് വിഷയങ്ങൾ മുമ്പ് പറഞ്ഞുപോയതാണെങ്കിലും അവയെ ഹൃദയഹാരിയായി  ആവർത്തിക്കാനുള്ള  അസുലഭസിദ്ധിയുണ്ടെന്നു എല്ലാ കവിതകളും സാക്ഷ്യം വഹിക്കുന്നു.
ഭാവനാജന്യമായ രൂപകൽപ്പനയിൽ അഭിരമിക്കുന്നവരാണ് കലാകാരന്മാർ. ടാഗോർ ഇങ്ങനെ പറയുന്നു. "പ്രതിരൂപം സൃഷ്ടിക്കുന്നു എന്നതാണ് മനുഷ്യന്റെ ഒരു ഗുണം. അത് ചിത്രത്തിലാവാം, ശിലയിലാവാം, മണ്ണിലാവാം എന്ന് വച്ചാൽ ഒരു വസ്തുവിനനുരൂപമായി മറ്റൊന്നുണ്ടാക്കി അവൻ ആനന്ദമനുഭവിക്കും. ശ്രീ സൈമണും അത് തന്നെയാണ് ചെയ്യുന്നത്. കണ്ടതും കേട്ടതുമെല്ലാം തന്റേതായ മൂശയിലൂടെ പുനരവതരിപ്പിക്കുക. അതുകൊണ്ടു ഒരു ഗുണമുണ്ട്. വായനക്കാരനു മടുപ്പുണ്ടാക്കില്ല മറിച്ച് മതിപ്പാണുണ്ടാകുക. "പറച്ചിക്കല്ല്" എന്ന കവിത തുടങ്ങുന്നത് ഇങ്ങനെ.

"കാലമൊരു സാക്ഷിയോ, മാടനോ 
മറുതയോ,
കാലാനുവർത്തിയാം സത്യമോ 
കാവലോ സഹചാരിയോ ഭൃത്യനോ മിത്രമോ 
കേവലം നാട്ടിയ കോലമോ 
ഭൂലോകകഗോളം കീഴ്മേൽ മറിക്കുവാൻ 
കോലുമായി നിക്കും വികലാരൂപമോ?

മുറിവേറ്റ ഹൃദയങ്ങളെ ചെന്താമരപ്പൂക്കളായും, മണ്ണിലെ മനുഷ്യനെ  നാലായി കണ്ട് പനയോലക്കീറുകളുണ്ടാക്കി  സിന്ധുനദിതടത്തിൽ എത്തിയവരെക്കുറിച്ചും  പ്രസ്തുത കവിതയിൽ പരാമർശമുണ്ട്. വാസ്തവത്തിൽ അതു  കവിയുടെ വിമർശനങ്ങളാണ്. വർണ്ണവ്യവസ്ഥയുണ്ടാക്കി, ദൈവങ്ങളെയുണ്ടാക്കി, അവർക്ക് കോവിലുകൾ ഉണ്ടാക്കി അവർ എഴുതിവച്ച വേദങ്ങളിൽ നിന്നും നമ്മൾ മാറിനടക്കണമെന്നു കവി ഉപദേശിക്കുന്നു. ഇത്തരം ആശയങ്ങൾ എത്രയോ പേർ അവരുടെ ധിഷണാശക്തിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഈ കവി മാത്രം അതിനെ എല്ലാം പുനരുക്തിയെന്നു സത്യസന്ധനിലപാടെടുക്കുന്നു. പക്ഷെ കവിയുടെ സങ്കൽപ്പങ്ങളും ഭാഷയും ഒരിക്കലും ആവർത്തനങ്ങളല്ല അവയെല്ലാം ഓരോ നിമിഷങ്ങളിൽ കവിയുടെ ഹൃദയത്തിലുണ്ടായ പ്രതിസ്പന്ദനങ്ങളാണ്.
ഈ കാവ്യസമാഹാരത്തിന്റെ പ്രത്യേകത ഓരോ കവിതകൾക്ക് മുമ്പും കവിയുടെ തന്നെ ഗദ്യത്തിലുള്ള വിവരണങ്ങൾ  ഉണ്ടെന്നാണ്.ഇവയെ ഗദ്യകവിതയെന്നു വിളിക്കാം. ഇത്ര മനോഹരമായി ഗദ്യം ചമക്കുന്നയാളിന്റെ കവിതകൾ സുന്ദരങ്ങൾ ആയില്ലെങ്കിൽ ആണ് അതിശയം.  
കവിതകൾ വന്നവഴിയെപ്പറ്റി കവി തന്നെ ആമുഖത്തിൽ പറയുന്നുണ്ട്. വായനക്കാരന്റെ വായനയിൽ അവനു അതിനെയൊക്കെ അവനവന്റെ അറിവും ചിന്തയുമനുസരിച്ച് കാണുകയും ആസ്വദിക്കുകയും ചെയ്യാം.
എന്തുകൊണ്ടാണ് ഈ സമാഹാരത്തിന്ന് പുനരുക്തി എന്ന് പേരിട്ടത് എന്ന് മനസ്സിലായില്ല. ഒരു പക്ഷെ ഇതിലെ ആശയങ്ങളും കാഴ്ചകളും കഥകളും മുന്നേ എഴുത്തുകാർ പറഞ്ഞുപോയിട്ടുള്ളതുകൊണ്ട് അത് തന്നെ ആവർത്തിക്കുന്നുവെന്ന അർത്ഥത്തിലാകാം. പക്ഷെ അങ്ങനെ ഒരു ആവർത്തനവിരസത നമുക്ക് അനുഭവപ്പെടില്ല.കാരണം കവി എത്തിനിൽക്കുന്ന രചനാതുരുത്തിൽ  ആരും  എത്തപ്പെട്ടിട്ടില്ല. കവിയുടെ വരികൾ കടമെടുത്തു വ്യക്തമാക്കാം."ഇതിഹാസങ്ങൾ ഇതുവഴി വന്നു,ഇവിടെ തേരിലിറങ്ങി, സർഗ്ഗകന്യക ഇളനീർനൽകി സഹർഷം സ്വാഗതമരുളി. കാവ്യകലയുടെ കമലപൊയ്കയിൽ കണ്ടുമറന്ന മുഖങ്ങൾ." ഈ കവിതയിൽ സർഗ്ഗസങ്കല്പങ്ങൾ പൂത്തുലയുന്നത് കാണാം. കവിമനസ്സ് ഭൂതകാലത്തിലേക്കും വർത്തമാനകാലത്തിലേക്കും ദ്രുതഗതിയിൽ  സഞ്ചരിക്കയാണ്. കവി അതിൽ രാമായണവും ഭാരതവും കാണുന്നു. അതിൽ തപസ്സ് ചെയ്യുന്നവർക്ക് ഒരു സന്ദേശം കൊടുക്കുന്നുണ്ട്. എഴുതാപ്പുറങ്ങൾ വായിക്കരുത്. 
ഭാരതീയ സങ്കല്പമനുസരിച്ചുള്ള സരസ്വതിയല്ല കവിക്ക് വിജ്ഞാനദേവത. മറിച്ച് അഥീന എന്ന ഗ്രീക്ക് ദേവതയാണ്. അവർ ഒളിംപിസിൽ ഒലിവ് മരച്ചുവട്ടിൽ  ഇരുത്തി കവിക്ക് വാത്സല്യ പാൽപ്പായസം പ്രസാദമായി നൽകുന്നു. കവി മനസ്സിലെ നിലക്കാത്ത ചലനങ്ങൾ നൽകുന്ന ചാരുദൃശ്യങ്ങൾ പകർത്തിയാലും പകർത്തിയാലും കവി അസംതൃപ്തനാണ്. ചില കാഴ്ചകൾ കവിയെ ഒരു തത്വചിന്തകനാക്കുന്നു. അഴകിന്റെ വർണ്ണ ചിറകുകൾക്കും അവ നിഴലായി വരുമ്പോൾ നിറം കറുപ്പാണെന്നു കവി കണ്ടെത്തുന്നു, വീണ്ടും പറയുന്നു. ഇതിഹാസത്തിൻ സുസ്മിത സുന്ദര ഇതളുകൾ ചൊടിയിൽ  വിരിയേണം, കലയുടെ പുളകിത കമലദളങ്ങൾ കവിളിൽ തെളിഞ്ഞു കാണേണം. കാവ്യാംഗനയോട് കവിക്ക് അദമ്യമായ പ്രണയമാണു. കവിയുടെ രാഗവായ്പ്പിൽ അക്ഷരങ്ങൾ മെയിലിനെപോലെ നൃത്തം ചെയ്യുന്നത് അവ കണ്ണിനും കരളിനും ആനന്ദം പകരുന്നത്
കവിതകളിലെ സൗന്ദര്യാത്മകതയും പ്രസാദാത്മകതവും വായനക്കാരനെ സ്വർഗ്ഗീയമായ ഒരു അനുഭൂതിതലത്തിലേക്ക് ഉയർത്തുന്നു.  ഈ അവസരത്തിൽ തോമസ് ലവ് പീകോക്ക് എന്ന ഇംഗ്ലീഷ് നോവലിസ്റ്റും കവിയും ഷെല്ലിയുടെ സ്നേഹിതനുമായ കലാകാരനെ ഓർമ്മിക്കുക. അദ്ദേഹം എഴുതി ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും യുഗത്തിൽ കവിത ആവശ്യമില്ലാത്തതും വേണ്ടതിലധികവുമായ ഒന്നാകുന്നു. .  ബുദ്ധിയുള്ളവർ അവരുടെ സാഹിത്യ ഉദ്യമങ്ങൾ ഉപേക്ഷിച്ച് അവരുടെ ബുദ്ധി നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കണം . ഷെല്ലി ഇതിനു തിരിച്ചടി നൽകി. വിവേകം കൊണ്ടും സർഗഗാസക്തികൊണ്ടും മനുഷ്യൻ സൗന്ദര്യം തിരിച്ചറിയുന്നു. ഈ തിരിച്ചറിവിലൂടെ സംസ്കാരം വരുന്നു. മനുഷ്യകുലത്തിന്റെ ക്രമവും പൊരുത്തങ്ങളും ഭാഷയിലൂടെ വെളിപ്പെടുമ്പോൾ ഐക്യവും സൗന്ദര്യവും ആസ്വദിക്കാൻ അവർക്ക് കഴിയുന്നു. 


ഭാഷ അധികമായുള്ളവർ കവികളാണ്. അവരുടെ ആനന്ദവും അനുഭവും നിരീക്ഷണങ്ങളും അവർ കവിതയാക്കുന്നു. ശ്രീ എബ്രഹാം അദ്ദേഹത്തിന്റെ മനോഹരമായ ഭാഷയിൽ എഴുതിയ വ്യത്യസ്ത വിഷയങ്ങൾ ഉൾകൊള്ളുന്ന കവിതകൾ വായിക്കുമ്പോൾ നമ്മൾ ആ വരികളിലൂടെ ഏതോ ദിവ്യമായ ഒരു ലോകത്തേക്ക് ഒഴുകി പോകുന്ന പ്രതീതിയാണ്.  നമുക്ക് ചുറ്റും ചിതറിക്കിടക്കുന്ന വിഷയങ്ങളെ അക്ഷരങ്ങളുടെ സ്വർണ്ണഫ്രെയിമിൽ അദ്ദേഹം അലങ്കരിച്ച് കാണിക്കുമ്പോൾ അവയെല്ലാം ആസ്വാദകരമാകുന്നതിനോടൊപ്പം തന്നെ നമ്മളെ ഒരു ദാർശനിക  തലത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു.  
കാൽപ്പനിക സൗന്ദര്യത്തിന്റെ മാസ്മരികതയാണ് ഈ കവിതകളിൽ പ്രകടമായി  കാണുന്നത്. “ദിവ്യാനുരാഗ മലരശയ്യയിൽ ഞങ്ങൾ മന്മഥശരമേറ്റു   പിടയുമ്പോൾ” കമിതാക്കളുടെ മനസ്സുകളിലെ  ഉൽക്കടമായ വികാരങ്ങളെ ഇതിനേക്കാൾ ഭംഗിയായി എങ്ങനെ എഴുതും. മനോഹരമായ ഈ വരികൾ വായിക്കുക “സ്വപ്ങ്ങളൊക്കെയും ഓടിയൊളിച്ചുവോ സ്വർഗത്തിൻ  വെൺമേഘത്തുമ്പിനാൽ കണ്ണീർ തുടച്ചു നീ മിഴി തുറന്നൊന്നു ചിരിക്ക് ഹേമന്തപൗർണ്ണമി  നീ ഒരിക്കൽ കൂടി ചിരിക്കു”. കവിതയുടെ മുഗ്ദ്ധ രാഗപരപ്പിൽ വായനക്കാരൻ വിസ്‌മയാധീനനായി നിന്നു  പോകും. വാക്കുകൾ ദ്രാക്ഷാമാധുരിപോലെ  അവന്റെ വായിൽ അലിയുന്നു. ലളിതവും കോമളവുമായ പദാവലിയിലൂടെ കവി സൃഷ്ടിക്കുന്ന സർഗ്ഗചിത്രങ്ങൾ  കണ്ടാൽ മതിവരാത്തവയാണ്. വായിച്ചാൽ ഒന്നുകൂടി വായിക്കാൻ പ്രചോദനവും പ്രലോഭനവുമുണ്ടാക്കുന്ന രചന ഭംഗി.
പിറന്നനാടും, പ്രിയപ്പെട്ട അമ്മയും ചുറ്റുപാടും സൗഹൃദങ്ങളുമെല്ലാം കവിതക്ക് വിഷയമായിട്ടുണ്ട്. നാടിന്റെ ഓർമ്മകളിൽ ഒരു ഗൃഹാതുരത്വം തെളിയുകയോ നിഴലടിക്കുകയോ ചെയ്യുന്നു.. വാർദ്ധക്യം ഒരു ദുശ്ശകുനമാകുന്ന നാടിന്റെ ദുരന്ത ചിത്രവും കവി വരച്ചിടുന്നു "വിജനമാംപടവുകൾ വിജനമാം വീടുകൾ, അഭയമാറ്റ വാർധക്യ ഹൃദയ നെടുവീർപ്പുകൾ വെണ്ണയും പാലും ഒഴുക്കാവാനോടുമ്പോൾ  കണ്ണീരിൽ അനാഥമായ്  മാറുന്നീ ഭൂമിക”.
സ്പടികസങ്കാശമായ കവിഹൃദയത്തിലേക്ക് "വെള്ളോട്ടുരുളിയും കണി വെള്ളരിയും കൊന്നപ്പൂക്കളും" ഓർമ്മകളായി  ഓടിയെത്തി അക്ഷരങ്ങളുടെ കണിയൊരുക്കുന്നു. വിദേശത്തു താമസിക്കുന്ന കവി കൈമോശം വരാതെ എത്ര സുരക്ഷതിമായി നാടും ഓർമ്മകളും പങ്കു വയ്ക്കുന്നുവെന്നു ഹൃദ്യമായ മലയാളത്തിന്റെ മുഴുവൻ മണവും ഭംഗിയും ചാലിച്ചെഴുതിയ വരികൾ സാക്ഷ്യം വഹിച്ചു നിൽക്കുന്നു. അസുഖകരമായ പള്ളി കാര്യങ്ങൾ യോനനച്ചൻ പറഞ്ഞപ്പോൾ കവിയുടെ മനസ്സിലേക്ക് ഫ്രഞ്ച് സാഹിത്യകാരനായ വിക്റ്റർ ഹ്യുഗോയുടെ പാവങ്ങൾ എന്ന നോവലിലെ മെത്രാനെ ഓർമ്മ വരുന്നു.നമ്മുടെ ഏറ്റവും വലിയ സന്തോഷം നമ്മൾ സ്നേഹിക്കപെടുന്നുവെന്ന വിശ്വാസമാണെന്നു ആ നോവലിൽ പറയുന്നുണ്ട്  കുറ്റവാളിയെ ഇവൻ എന്റെ സഹോദരൻ എന്നും പോലീസിനോട് വെള്ളിപ്പാത്രങ്ങൾ സമ്മാനമായി കൊടുത്തതെന്നും പറഞ്ഞ സ്നേഹസ്വരൂപനായ മെത്രാൻ. കണ്മുന്നിൽ നിവരുന്ന ദൈനദിന സംഭവങ്ങളെ സാഹിത്യത്തിലെ ക്ലാസിക്ക് കൃതികളിലെ സന്ദേശങ്ങളുമായി കവി ചേർത്ത് കാണുന്നു. അപ്പോൾ   ആ സംഭവം കൂടുതലായി വായനക്കാരന്റെ മനസ്സിൽ പതിക്കുന്നു. അങ്ങനെ ചില കവിതകളിലെല്ലാം കവി തൻെറ അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി നിൽക്കുന്നത് കാണാം.
ശ്രീ സൈമൺ ഏബ്രഹാമിന്‌ഭാവുകങ്ങൾ നേരുന്നു. പുസ്തകം വാങ്ങാൻ താല്പര്യമുള്ളവർക്ക് കവിയെ ഇമെയിൽ വഴി ബന്ധപ്പെടാം symonctr@gmail.com.
ശുഭം

Join WhatsApp News
വേണുനമ്പ്യാർ 2023-10-16 08:32:31
മനോഹരമായ പുസ്തക നിരൂപണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക