Image

കുറയുന്ന വായന, കൂടുന്ന എഴുത്ത്! (വിജയ് സി. എച്ച്)

Published on 23 October, 2023
കുറയുന്ന വായന, കൂടുന്ന എഴുത്ത്! (വിജയ് സി. എച്ച്)

ഷാർജ രാജ്യാന്തര പുസ്തക മേള  നവംബർ ഒന്നു മുതൽ 12 വരെ 


എന്നും പ്രഖ്യാപിക്കപ്പെടുന്ന പുരസ്കാരങ്ങൾ ഇടവിട്ട നാളുകളിൽ നേടുന്ന പുസ്തകങ്ങളും, ചട്ടപ്രകാശനങ്ങളുടെ ചിത്തോദ്വേഗത്തിൽ ചട്ടകൾക്കിടയിൽ വേണ്ടതെന്തെന്ന് വിസ്മരിക്കുന്ന എഴുത്തുകാരും കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന നാൾവഴിയിൽ, അമേരിക്കൻ ഫിക്ഷൻ എഴുത്തുകാരൻ ജോൺ വില്യം ചീവറിൻ്റെ 'വായനക്കാരില്ലെങ്കിൽ എഴുതാനാകില്ല' എന്ന പ്രസിദ്ധ ധൈഷണിക വിചാരം പുനഃപരിശോധിക്കേണ്ടിവരും.

എഴുത്തും വായനയും പരസ്പര പൂരകങ്ങളാണെന്ന കാര്യം, ഇക്കാലങ്ങളിൽ നമുക്കു സാക്ഷ്യം വഹിക്കേണ്ടിവരുന്ന വസ്തുതകളുമായി ശരിയ്ക്കും സ്വാരസ്യത്തിലാണോ? അല്ലെന്നാണ് കേരളത്തിൽ അങ്ങോളമിങ്ങോളം അരങ്ങേറിക്കൊണ്ടിരിയ്ക്കുന്ന അക്ഷരമേളകളും, പുരസ്കാരദാന ചടങ്ങുകളും, ബന്ധപ്പെട്ട നിരവധി പരമാർത്ഥങ്ങളും തുറന്നു കാട്ടുന്നത്.

ഇക്കഴിഞ്ഞ വായന ദിനത്തിൻ്റെയന്ന് രണ്ടെഴുത്തുകാർ അന്നു നടക്കുന്ന തങ്ങളുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങുകളെക്കുറിച്ചു അഭിമാനപൂർവം സംവദിയ്ക്കുന്നൊരു ആക്ഷേപഹാസ്യം ഒരു മുൻനിര മലയാള പത്രത്തിൽ പ്രത്യക്ഷപ്പെട്ടത് പരക്കെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിശയോക്തിയുടെ അംശമുണ്ടാകാമെങ്കിലും സംശയമുണ്ട്, കേരളത്തിൽ വായനക്കാരേക്കാളേറെ എഴുത്തുകാരാണോ?
കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്ന ഒരു പ്രശസ്ത സാഹിത്യ നിരൂപകൻ ക്ലാവുകയറിയ അവാർഡുകളെക്കുറിച്ചും, പുസ്തകമാലിന്യത്തെക്കുറിച്ചും വിശദമായി എഴുതിയിട്ട് അധികം നാളായില്ല.

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ 42-ആം പതിപ്പ് നവംബർ ഒന്നു മുതൽ 12 വരെ അവിടത്തെ എക്‌സ്പോ സെൻ്ററിൽ അരങ്ങേറും. പതിനഞ്ചു ലക്ഷം പുസ്തകങ്ങളുമായി കഴിഞ്ഞ നവംബറിൽ നടന്ന മിഡിലീസ്റ്റ് മാമാങ്കത്തിൽ പ്രായ-ലിംഗഭേദമന്യേ ഏറിയ കൂറും ലഭ്യമായ ഒരാളെക്കൊണ്ട് അടുത്തു കിട്ടിയ മറ്റൊരാൾക്ക് തങ്ങളുടെ പുതിയ കൃതികൾ നൽകി പ്രകാശന കർമ്മം നിർവഹിയ്ക്കുന്നതിൻ്റെ തിരക്കിലായിരുന്നുവെന്നും, പുസ്തക ചർച്ചകളേക്കാളേറെ ഉത്സവത്തിൽ അരങ്ങേറിയത് ഫോട്ടോ സെഷനുകളായിരുന്നു എന്നുമായിരുന്നു ഒരു ദൃക്‌സാക്ഷിയുടെ പ്രഥമ നിരീക്ഷണം.

'ഒരു ചെറു കടലാസു കീറിൽ എഴുതാം ഞാനെൻ്റെ ജീവിതമത്രയു'മെന്ന് ഉൽഘോഷിയ്ക്കുന്ന ഇളംതലമുറക്കാരും, 'എഴുതിത്തെളിഞ്ഞവർക്കെന്തിന് തൂലിക’യെന്ന് തങ്ങളുടെ പ്രകടനങ്ങളിലൂടെ നിരൂപിയ്ക്കുന്ന എഴുത്താശാന്മാരുമായിരുന്നുവത്രെ പുസ്തകോത്സവ ഇടനാഴികളുടെ അലങ്കാരം! അതൊരു സാർവദേശീയ സംഭവമല്ല, മറിച്ച് ഒരു മലയാളി മഹാമഹമാണെന്ന അഭിപ്രായം ഇതിനകം തന്നെ പലരും രേഖപ്പെടുത്തിയിട്ടുണ്ട്!

മനുഷ്യർക്കു മാത്രം സാധ്യമാകുന്നൊരു അത്ഭുത സിദ്ധിയാണ് വായനയെന്നതിൽ തർക്കമില്ല, പക്ഷേ കൗതുകം കൊണ്ടെങ്കിലും പുതിയ പുസ്തകങ്ങൾ ഒന്നു തുറന്നു നോക്കുന്നവർ അവിടെ കുറവായിരുന്നുവെന്ന യാഥാർത്ഥ്യം മലയാളിയുടെ കുറഞ്ഞുവരുന്ന വായനാസ്വഭാവമല്ലാതെ മറ്റെന്താണ് വ്യക്തമാക്കുന്നത്?

സംസ്ഥാനത്തു അരങ്ങേറാറുള്ള പുസ്തകമേളകളിലെ പിന്നാമ്പുറ കാഴ്ചകളിൽ ഏറ്റവും ശോച്യമായ പതിവു ദൃശ്യം എഴുത്തുകാർ തങ്ങളുടെ പുസ്തകങ്ങൾ വാങ്ങാനായി വായനക്കാരോടു കെഞ്ചുന്നതാണ്. തങ്ങൾക്കു പ്രതിഭയുണ്ടെന്നു വായനക്കാരെ അറിയിക്കേണ്ട ചുമതല സ്വയം ഏറ്റെടുത്തതുകൊണ്ടാകാം നവാഗത എഴുത്തുകാരിൽ പലരും തങ്ങളുടെ പുസ്തകങ്ങൾ വാങ്ങൂയെന്നു അർത്ഥിച്ചുകൊണ്ടു സന്ദർശകരുടെ പുറകെ പോകുന്നത്! എഴുത്തുകാരുടെ മുന്നിൽ ചെന്നു പെടാതിരിക്കാൻ ധൃതിയിൽ വഴിമാറി നടക്കുന്ന അവരുടെ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും പരിഭ്രമങ്ങൾ. അത്തരം എഴുത്തുകാർ മറ്റു വേദികളിൽ ചെന്നു തങ്ങളുടെ പുസ്തകങ്ങളെല്ലാം വിറ്റഴിഞ്ഞെന്നു വീമ്പിളക്കുമ്പോൾ, മേളയിൽ പങ്കെടുക്കാൻ എത്തിയവരെ വഴിയിൽ തടഞ്ഞു നിർത്തി നിർബന്ധിപ്പിച്ചു വാങ്ങിപ്പിച്ചിട്ടല്ലേ അതു സംഭവിച്ചതെന്നു സദസ്യരിൽ ചിലർ ശബ്ദമുയർത്തി പ്രതികരിയ്ക്കുന്ന ദൃശ്യങ്ങൾ. ഒരു ഗ്രന്ഥകർത്താവിനു ഇതിൽപരം ലജ്ജാവഹമായ മറ്റെന്തെങ്കിലുമുണ്ടോ?

മനുഷ്യരെ വേട്ടയാടിപ്പിടിച്ചു അവരിൽ അടിച്ചേൽപിക്കേണ്ടതാണോ പുസ്തകങ്ങൾ? തങ്ങൾക്ക് കഴിവുണ്ടെന്നും അത് ഏതു വിധേനയും കച്ചവടമാക്കണമെന്നുമുള്ള എഴുത്തുകാരുടെ അത്യാർത്തിയുമല്ലേ അവരെ യാചനയിലും വിലകുറഞ്ഞ വിലപേശലിലും കൊണ്ടുചെന്നെത്തിക്കുന്നത്? അത്രയേറെ വായനാശീലം കുറഞ്ഞവരാണോ മലയാളികൾ?

നൈപുണ്യമുള്ളവരെ തേടി ഇന്നും വായനക്കാരുടെ നീണ്ട നിരയുണ്ട്. എംടിയും, സി. രാധാകൃഷ്ണനും, സുഗതകുമാരി ടീച്ചറും മുതൽ ബെന്യാമിൻ വരെയുള്ളവർക്ക് എന്തുകൊണ്ട് ഈ ഗതികേട് വന്നു ചേർന്നില്ല? അവരുടെ പുസ്തകങ്ങൾ ചോദിച്ചു വാങ്ങുന്ന മലയാളികൾ എന്തുകൊണ്ടു പുത്തനെഴുത്തുകാരെ തിരസ്കരിക്കുന്നു? വായനക്കാരുടെ ആസ്വാദന നിലവാരം ഉയർന്നതാണോ, അതോ നവാഗതരുടെ നിലവാരമില്ലായ്മയാണോ ഈ ദുഃരവസ്ഥയ്ക്കു കാരണം? ഇടവിട്ട നാളുകളിൽ സംസ്ഥാനത്തുടനീളം ലിറ്റററി ഫെസ്റ്റുകളും, മീറ്റുകളും, കാർണിവെല്ലുകളും, വർക്ക്ഷോപ്പുകളും നടത്തുന്നർ ഈ വിഷയവുമൊന്നു ചർച്ചക്കെടുത്താൽ അതിനെയൊരു അക്ഷര നിലപാടെന്നു വിശേഷിപ്പിക്കാമായിരുന്നു!

വായനയിലുണ്ടായിരുന്നതു പൊതു നന്മയെ ഉദ്ദേശിച്ചുകൊണ്ടുള്ള, തൻ്റെയുൾപ്പെടെയുള്ളവരുടെ ജീവിതങ്ങളായിരുന്നുവെങ്കിൽ, വായനക്കാരന് എഴുത്തുകാരനോട് ആരാധന തോന്നുക സ്വാഭാവികമാണ്. ഒരു പുസ്തകം പരക്കെ വായിക്കപ്പെടാനുള്ള ഏറ്റവും അടിസ്ഥാനപരമായ കാരണവുമിതാണ്. നോവലും, ചെറുകഥയും, കവിതയും മുതൽ സയൻസ് ഫിക്ഷൻ വരെ ഒരാൾ വായിക്കുന്നത് തൻ്റെ അനുഭവവും, അഭിരുചിയും, വ്യക്തിഗത വൈകാരികതയും അവയിൽ അൽപം ചേർത്തുകൊണ്ടാണ്. ഈ ലോകത്തെ എല്ലാ മനുഷ്യരുടെയും അഭിലാഷങ്ങളും വേവലാതികളും വർഗ-വർണ-ഭാഷ-ദേശമന്യേ ഒന്നാണെങ്കിലും, വായനക്കാരന് ഉൾക്കൊള്ളാൻ പറ്റാത്തതൊന്നും വായിക്കപ്പെടില്ല. സാമൂഹിക യാഥാർത്ഥ്യങ്ങളാണെങ്കിൽ പോലും, അപ്രിയമെങ്കിൽ അർഹിക്കുന്ന ആവേശത്തോടെ അവയും വായിക്കപ്പെടില്ല.

തകഴിയുടെ 'ചെമ്മീൻ' അത്യന്തം വായിക്കപ്പെടാനുള്ള കാരണം അമ്പതുകൾ മലയാളികളുടെ മനസ്സിലുണ്ടാക്കിയ അനുരണനങ്ങളാണ്. പൊറ്റെക്കാടിൻ്റെ 'നാടൻ പ്രേമ'വും, ബഷീറിൻ്റെ 'ബാല്യകാലസഖി'യും, സി. രാധാകൃഷ്ണൻ്റെ 'നിഴൽപാടുകളും', മലയാറ്റൂരിൻ്റെ 'വേരുകളും', അന്തർജനത്തിൻ്റെ 'അഗ്നിസാക്ഷിയും', എംടിയുടെ 'നാലുകെട്ടും' ഇന്നും വായിക്കപ്പെടുന്നത് അവയിലെ കഥാപാത്രങ്ങളുമായി എവിടെയൊക്കെയോ വായനക്കാർ തങ്ങൾക്ക് അനുരൂപത കണ്ടെത്തുന്നതുകൊണ്ടാണ്. കഥയോടു തോന്നുന്ന ഇഷ്ടമപ്പാടെ കഥാകൃത്തിനോടുള്ള ആദരവായി പരിണമിക്കുന്നു. അർത്ഥവും ശബ്ദമധുരവും സഹിതമായി ഇരിയ്ക്കുന്നതാണു സാഹിത്യം. തുറന്നെഴുത്തിൻ്റെ നിർവചനത്തിൽ അലങ്കോലവും, അരാജകത്വവും, രതിയും, ആത്മരതിയും വാരിവിതറുന്നതിന് ആധുനികതയുടെയൊ, അത്യന്താധുനികതയുടെയൊ, ഉത്തരാധുനികതയുടെയൊ ആനുകൂല്യം ലഭിക്കുകയില്ല. ഇത്തിരി ഉല്ലാസത്തോടെ വായിച്ചവർ പോലും അടുത്ത നിമിഷത്തിൽ അതിനെ തള്ളിപ്പറയും. ഇത്തരം എഴുത്തുകാർ ആരാധ്യരാവില്ലെന്നു മാത്രമല്ല, ജീർണ്ണതകളുടെ വ്യാപാരികളായി അറിയപ്പെടുകയും ചെയ്യുന്നു. ഈ പൂതലിപ്പിൽപ്പെട്ടു ശ്വാസം മുട്ടുന്നുണ്ടെങ്കിലും നിലവാരമുള്ള കഥാ-കവിതാ സാഹിത്യം ഇടയ്ക്കിടെ അതിൻ്റെ സ്വത്വം തെളിയിക്കുന്നുണ്ടെന്നതാണ് ഒറ്റപ്പെട്ട ശുഭവാർത്ത!

മു൯ കാലങ്ങളിൽ പ്രതിഭാധനരായ കുറച്ചു എഴുത്തുകാരും ബാക്കിയുള്ളവരെല്ലാം വായനക്കാരുമായിരുന്നു. അധികം വായിക്കുകയും അൽപം എഴുതുകയും ചെയ്തിരുന്ന ആ എഴുത്തുകാർ സമൂഹത്തിൻ്റെ ആരാധനാ ബിംബങ്ങളായി മാറി. അവരുടെ ആശയങ്ങളെ വായനക്കാർ തങ്ങളുടെ ജീവിതത്തിലേയ്ക്കു പകർത്തുകയും ചെയ്തു. എന്നാൽ, ജനാധിപത്യം സോഷ്യൽ മീഡിയ ഏറ്റെടുത്ത നാളുകളിൽ കുറേ വായിച്ചു കുറച്ചെഴുതുകയെന്ന സർഗശാസ്ത്രം തലകീഴായി മറിഞ്ഞു. ഇത്തിരി വായിച്ചു ഒത്തിരി എഴുതുകയും, അതു വീണ്ടും ആധുനീകരിക്കപ്പെട്ടു, ഒന്നും വായിക്കാതെ എല്ലാം എഴുതുവാനും കഴിയുമെന്നായി! മാത്രമല്ല, മാർക്ക് സക്കർബർഗിൻ്റെ ഔദാര്യത്തിൽ എഴുത്തുകാരനും, എഡിറ്ററും, പബ്ലിഷറും ഒരൊറ്റ വ്യക്തിയായി മാറി. ഇത് സമഗ്രമായൊരു സ്ഥാനക്കയറ്റം. എന്തെഴുതിയാലും അതു പ്രസിദ്ധീകരിച്ചു കിട്ടുമെന്നത് ഒരു വന്യസ്വപ്നത്തിൻ്റെ സാക്ഷാൽക്കാരമല്ലേ! സ്വാഭാവികമായും ഈ സൗഭാഗ്യം നൽകിയ ആത്മവിശ്വാസവും അത്യന്തം ബൃഹത്തരമായിരുന്നു. എന്തിനു ഓൺലൈൻ, സ്വപ്നങ്ങളെല്ലാം അച്ചടിയിൽ തന്നെ കാണണം. സമൂഹ മാധ്യമങ്ങളുടെ അതിപ്രസരത്തിൽ കണ്ണഞ്ചി നിൽക്കുന്ന മലയാളികൾക്ക് പുസ്തകങ്ങൾ സ്വന്തം പേരിൽ ഇറക്കുകയെന്നത് ഒരു അലങ്കാരമോ പദവിയോ ആയി മാറാൻ പിന്നെ അധിക സമയം വേണ്ടിവന്നില്ല. ആചാര്യന്മാരായ ഗ്രന്ഥകർത്താക്കളുടെ ഗണത്തിൽ കണ്ണടച്ചു തുറക്കുന്ന വേഗതയിൽ അങ്ങനെ പലരുമെത്തി! പുസ്തക പ്രകാശന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു തുടങ്ങുന്നതോടെ സോഷ്യൽ മീഡിയയിൽ അവരാണ് താരങ്ങൾ. സ്വന്തം പോസ്റ്റുകളും കൂട്ടുകാരെകൊണ്ടു ചെയ്യിപ്പിക്കുന്ന ശുപാർശ പോസ്റ്റുകളും അണപൊട്ടി ഒഴുകുന്നു. അറിയുന്ന വിലാസങ്ങളിലേക്കെല്ലാം സൗജന്യമായി പുസ്തകം അയക്കാനും തുടങ്ങി. വാനോളം പുകഴ്ത്തപ്പെട്ട കൃതി വായിച്ചു നോക്കുമ്പോൾ മാത്രമാണ് അനുവാചകർ തങ്ങൾക്കു പറ്റിയ അബദ്ധം തിരിച്ചറിയുന്നത്. അതോടെ ചില വായനക്കാർക്ക് കുറച്ചു നാളേയ്ക്ക് വായനയോടു തന്നെ വിരക്തി തോന്നിയേക്കാം. തുടർന്ന്, ഒന്നോ രണ്ടോ പുസ്തകങ്ങൾ ഇറക്കിയവർ പലരും എഴുത്തു മേഖലയിൽ നിന്നു തന്നെ അപ്രത്യക്ഷരാകുന്നു.

വായിക്കുന്നതിനോടൊപ്പം വളരുന്ന എഴുത്തുകാർക്കേ മികച്ച ഉള്ളടക്കം കാഴ്ചവെക്കാനാകൂ. കാമ്പുള്ള സാഹിത്യ സംവാദങ്ങളും മുതിർന്ന എഴുത്തുകാരുമായുള്ള സാഹിത്യ ചർച്ചകളും വെട്ടിത്തിരുത്തലുകളും ഇല്ലാതാവുമ്പോൾ പുസ്തകങ്ങൾ പൊങ്ങച്ചത്തിൻ്റെ മാത്രം പ്രതീകങ്ങളായി ചുരുങ്ങുന്നു. ഒരു പുസ്തകം വിപണിയിലെത്തുമ്പോൾ ആരെഴുതി എന്നതുപോലെ ആരു പ്രസിദ്ധീകരിച്ചെന്നും വായനക്കാർ ശ്രദ്ധിക്കാറുണ്ട്. ഏറെ വർഷത്തെ പാരമ്പര്യമുള്ളവരും, സ്വന്തമായി പ്രസ്സോ, പ്രദർശന-വിതരണ സൗകര്യങ്ങളോ, ചിലപ്പോൾ ഒരു ഓഫീസു പോലുമില്ലാത്തവരും പുസ്തക സ്വപ്നം സാക്ഷാൽകരിക്കാൻ എഴുത്തുകാരുടെ കൂടെയുണ്ടാകും. പുസ്തക പ്രസാധനത്തിലെ അവിഭാജ്യ ഘടകമാണ് എഡിറ്റിങ്. വിഷയാധിഷ്ഠിതമായി രചനകളെ മിനുക്കിയെടുക്കേണ്ടതും, വിഷയത്തിൻ്റെ അന്തഃസത്ത ചോരാത്ത വിധം എഡിറ്റു ചെയ്യേണ്ടതും പ്രസാധകരുടെ ഉത്തരവാദിത്വങ്ങളാണ്. പക്ഷെ, പ്രസാധകനാകാൻ ഒരു ഡെസ്ക്ടോപ്പോ അല്ലെങ്കിൽ ഒരു ലേപ്ടോപ്പോ മാത്രം മതിയെന്ന നിലയിലേയ്ക്ക് കാര്യങ്ങൾ ലളിതമായിട്ട് കാലം കുറെയായി.

കൂൺ പോലെ മുളച്ചുപൊങ്ങിയ കുഞ്ഞു കുഞ്ഞു പ്രസാധകർ എഴുത്തുകാരെ ഓടിയിട്ടു പിടിയ്ക്കുന്നതിനാൽ പ്രശസ്ത അച്ചടിക്കാർക്കും വ്യവസ്ഥകളിൽ അയവു ചെയ്യേണ്ടി വന്നു. എന്നാൽ, നവാഗത എഴുത്തുകാരുടെ പുസ്തകഭ്രമം മുതലെടുക്കുവാൻ പ്രസാധക കല കൈകാര്യം ചെയ്യുന്ന രണ്ടു വിഭാഗത്തിലുള്ളവർക്കും അറിയാം. ഇളമുറക്കാർ മുക്കിലും മൂലയിലുമിരുന്ന് എഴുത്തുകാരെ ഒളിയമ്പെയ്തു വീഴ്ത്തുന്നത് കണ്ടറിയുന്ന കാരണവന്മാരും ഇപ്പോൾ കച്ചവടം നിലനിർത്തുകയെന്ന ഉദ്ദേശ്യത്തോടെ, പുതിയവരും പത്ഥ്യമെന്ന് തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു. അച്ചടിച്ചിലവ് മാത്രം നൽകിയാൽ മതിയെന്നതിൽ തുടങ്ങുന്ന മൃദുവാക്കുകൾ ശരിയ്ക്കും അച്ചടിയിൽ അവസാനിക്കുമ്പോഴേയ്ക്കും ഗ്രന്ഥകർത്താവ് ആവുകയെന്ന മോഹം വേണ്ടായിരുന്നെന്നു തോന്നിയ അക്ഷരസ്നേഹികൾ അനവധിയാണ്!

കോവിഡിൻ്റെ കൊച്ചനിയനായി പിറവികൊണ്ട ഒരു പ്രതിഭാസമാണ് കവർ പ്രകാശനം. ഒരു പുസ്തകത്തെ അതിൻ്റെ പുറംചട്ട നോക്കി വിലയിരുത്തരുതെന്ന പ്രയോഗം ജോർജ്ജ് ഇലിയറ്റ് രചിച്ച 'ദ മിൽ ഓൺ ദ ഫ്ളോസ്സ്' എന്ന നോവൽ ഏറെ ജനകീയമാക്കിയിരുന്നു. വിക്ടോറിയൻ കാലം കഴിഞ്ഞു കോവിഡ് കാലമെത്തിയപ്പോൾ നാം ഈ രൂപകവാക്യത്തിന് എൻ-95 മുഖംമൂടി കെട്ടി. നമ്മുടെ അക്ഷര ദിനങ്ങൾ ചട്ടച്ചർച്ചകളിൽ ആണ്ടുപോയി. പളപളപ്പൻ ഫോട്ടോഷോപ്പ് സേമ്പിളുകൾ സൃഷ്ടിച്ചെടുത്ത്, ഏത് ഏറ്റവും നല്ല കവർ എന്നതിലൊരു തീരുമാനമെടുക്കാൻ എഴുത്തുകാർ സോഷ്യൽ മീഡിയയിൽ ഒത്തുകൂടി. തുടർന്ന്, "ചട്ടപ്രകാശനത്തിൽ ഞാനും പങ്കുചേരുന്നു" എന്ന് കൂട്ടുകാർ പോസ്റ്റുകളിട്ടു. വിവരമുള്ള കഥാകൃത്ത് പുറംചട്ടകൊണ്ടു തന്നെ തൻ്റെ പ്രണയാക്ഷരങ്ങൾക്ക് വായനക്കാരെ ഉറപ്പുവരുത്തുകയായിരുന്നു. അതെ, അതുതന്നെയാണ് ബുദ്ധി! നിഘണ്ടുകൾ അടിയറവു പറയുന്ന പേരുകൾ പുസ്തകങ്ങൾക്കിടുന്നതാണ് ഇപ്പോഴത്തെ മറ്റൊരു മോടി. എന്നാൽ, ഇത്തരം സചിത്ര കെട്ടുകാഴ്ചകൾ ഇല്ലാത്ത കാലത്തും മനോഹരമായ കാവ്യങ്ങളും, കഥകളും, നോവലുകളും, നിരൂപണങ്ങളും, യാത്രാവിവരണങ്ങളുമെല്ലാം വായനക്കാർ വാങ്ങി വായിച്ചിരുന്നുവെന്നതും, ഇപ്പോഴും അതേ തേജസ്സോടെ അവ വിപണിയിലുണ്ടെന്നുള്ളതും ഓർത്തെടുക്കാൻ ആവരണ ആവേശത്തിനു മാറ്റിവെയ്ക്കുന്ന നേരത്തിൻ്റെ ആയിരത്തിലൊരംശം മാത്രം മതി. ചട്ടകളല്ല, അവയ്ക്കിടയിലുള്ളതാണ് ചിന്തനീയം!

ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തങ്ങളുടെ പുസ്തകങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും എഡിഷനുകൾ ഇറങ്ങിയെന്ന് ഊറ്റം കൊള്ളുന്ന എഴുത്തുകാരുണ്ട്. ഓരോ എഡിഷനിലും നാലായിരമോ അയ്യായിരമോ കോപ്പികൾ അച്ചടിക്കുന്നുണ്ടെന്ന വിശ്രുതരുടെ കണക്ക് ചിന്തയിലുള്ളവർ, നവാഗത എഴുത്തുകാരെ മമതയോടെ വിലയിരുത്താൻ ഈ അബദ്ധ ധാരണ മാത്രം മതി. പുതിയവരാണെങ്കിൽ അമ്പതു മുതൽ അഞ്ഞൂറു വരെ പ്രതികൾ അച്ചടിക്കുന്നതാണ് ഇന്നിൻ്റെ രീതി. ബാക്കി പ്രിൻ്റ് ഓൺ ഡിമേൻഡ്. പ്രകാശന കർമ്മത്തിനെത്തിയവർ ഓരോ കോപ്പിയെടുത്താൽ തന്നെ ആദ്യമച്ചടിച്ചതിൽ ബാക്കിയെത്ര കാണും! അതിനാലാണ് എഡിഷനിൽ എത്ര പുസ്തകമെന്നത് പരമരഹസ്യമായി സൂക്ഷിക്കുന്നത്. പ്രതികളുടെ എണ്ണത്തിൽ എഴുത്തുകാർ നിലനിർത്തിപ്പോരുന്ന അവ്യക്തത പ്രസാധകരുടെയും ഒരു തുറുപ്പു ചീട്ടാണ്.
കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, എഴുത്തച്ഛൻ, ഓടക്കുഴൽ, വയലാർ, വള്ളത്തോൾ, മുട്ടത്തു വർക്കി, ഒ.വി.വിജയൻ മുതൽ രണ്ടു വർഷം മുമ്പു നമ്മെ വിട്ടുപിരിഞ്ഞ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാടിൻ്റെ സ്മരണാർത്ഥമുള്ളതു വരെയുള്ള അവാർഡുകൾ അർഹതയുള്ളവർ നേടിക്കൊണ്ടിരിക്കുന്നു. ഇതൊന്നും ലഭിക്കാത്തവർ, കാലംചെയ്ത ചില പ്രാദേശിക പ്രണേതാക്കളുടെ നാമത്തിൽ അടുത്ത കാലത്ത് രൂപീകരിച്ച പ്രശസ്തിപത്രങ്ങൾ എത്തിപ്പിടിക്കുന്നു. മുമ്പൊരിക്കലും പറഞ്ഞു കേട്ടിട്ടില്ലാത്ത സംഘടനകളുടെയും ക്ലബുകളുടെയും നാമങ്ങളിൽ രൂപീകരിക്കപ്പെട്ട പുരസ്കാരങ്ങളാണ് മറ്റു ചിലർക്ക് അഭയം. അന്യസംസ്ഥനങ്ങളിലെയും കടൽ കടന്നെത്തുന്നതും സ്വീകരിക്കാനേ ബാക്കിയുള്ളവർക്കു ഭാഗ്യമുള്ളൂ. അവാർഡു നൽകാൻ അർഹതയുള്ള അതോറിറ്റികളൊന്നും സംസ്ഥാനത്ത് അവശേഷിക്കാത്തതിനാൽ, ഇന്നിൻ്റെ പുതിയ പ്രവണതകൾ ഉൾക്കൊണ്ടുകൊണ്ടു, ജീവിച്ചിരിക്കുന്നവരുടെ 'സ്മരണാർത്ഥം' പാരിതോഷികങ്ങൾ സ്ഥാപിച്ചു അവ വീതിച്ചെടുക്കുക എന്ന ഒരു വഴി മാത്രമേ ഇനിയുള്ളർക്കായി തുറന്നു കിടക്കുന്നുള്ളൂ! പുസ്തകങ്ങൾ പരക്കെ വായിക്കപ്പെട്ടിട്ടില്ലെങ്കിലും, അവ പെട്ടെന്ന്‌ പുരസ്കാര നിറവിലെത്തുന്നത് ഏറെ ഉദാത്തമായൊരു പദവിയല്ലേ!
വായന മരിച്ചിട്ടില്ല, മെലിഞ്ഞിട്ടേയുള്ളൂ. ഈ ലോകം വൈജ്ഞാനികമായി തുടരാൻ എഴുത്തു കുറച്ചു, നമുക്ക് വായന കൂട്ടാം. വളയാതെ, വിളയാം! ഡിജിറ്റലായാലും അച്ചടിച്ചതായാലും വിജ്ഞാനത്തിന് വൈരൂപ്യമില്ല. ഫൂട്ട്പാത്തിൽ നിന്നായാലും ബുക്ക്സ്റ്റോറിൽ നിന്നായാലും, തിരഞ്ഞെടുക്കേണ്ടത് വിജ്ഞാനമേകുന്ന പുസ്തകങ്ങളാണ്. അവയിൽ ജീവിതങ്ങളുണ്ടാകണം.

"വായനക്കാരൻ മരണത്തിനു മുമ്പ് ആയിരക്കണക്കിന് ജീവിതങ്ങൾ ജീവിച്ചു തീർക്കുന്നു. എന്നാൽ, ഒന്നും വായിക്കാത്തവൻ ഒരൊറ്റ ജീവിതം മാത്രം ജീവിയ്ക്കുന്നു," ചിന്തകനായ നോവലിസ്റ്റ് ജോർജ് റേമൻഡ് മാർട്ടിൻ പറഞ്ഞിരുന്നു.

Join WhatsApp News
ജോസഫ് എബ്രഹാം 2023-10-23 10:57:01
താങ്കൾ വളരെ കൃത്യമായി പറഞ്ഞു. ആകർഷകമായ വർണ്ണകടലാസ്സിൽ പൊതിഞ്ഞു നൽകുന്ന ഒരു ഉല്പന്നമാണ് ഇന്നു പുസ്തകങ്ങൾ. നന്നായി മാർക്കെറ്റു ചെയ്യുന്നവ കുളിസോപ്പ്‌ പോലെ വിറ്റുപോകുന്നു. എത്ര ബ്രാൻഡുകൾ ദിവസവും വരുന്നു അതിൽ ഗുണനിലവാരം ഇല്ലാത്തത് പതിയെ ഇല്ലാതാകും ഇതിനിടയിൽ നല്ല ഉത്പന്നങ്ങൾ ചിലതു പരസ്യമാർക്കെറ്റിൽ അതിജീവിക്കാനാകാതെ ആരുടേയും ശ്രദ്ധയിൽ പെടാതെ മാർക്കറ്റിൽ നിന്നും പുറത്താകുന്നു
Jayan varghese 2023-10-23 16:00:43
വിലയ്ക്ക് വാങ്ങുന്ന വീര്യം ഒരാളെ ഉയരത്തിൽ എത്തിക്കുകയില്ല. ഉന്തി മരം കേറ്റുന്നവൻ എപ്പോളാണ്‌ കൈ വിടുന്നതെന്നറിയില്ല എന്നത് കൊണ്ട് എപ്പോളാണ് താഴെ പതിക്കുന്നത് എന്ന ബോധത്തോടെ വേണം മുകളിൽ ഇളിച്ച് ഇരിക്കേണ്ടത്. നിങ്ങളെക്കാൾ നല്ല മറ്റൊരു കാല് നക്കലുകാരൻ വരുമ്പോൾ അയാൾക്ക്‌ കൈ അയച്ചല്ലേ തീരൂ? അപ്പോൾപ്പിന്നെ നടുവും തിരുമ്മി ‘ ഓ! അതോ അത് ഞമ്മളായിരുന്നു ‘ എന്നും പറഞ്ഞു നാണം കേട്ട് ജീവിക്കാം. ആനന്ദ ലബ്ധിക്ക് അത് മതിയല്ലോ ? ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക