Image

മൃദുലം, മധുരം- മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാര ജേതാവ്!  (വിജയ് സി. എച്ച്)

Published on 24 October, 2023
മൃദുലം, മധുരം- മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാര ജേതാവ്!  (വിജയ് സി. എച്ച്)

മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാര ജേതാവ്! 

പാട്ടു നിറയെ സ്വരങ്ങളും ജതികളും. ആലാപനം ഏറെ ക്ലേശകരം. ഒടുവിൽ തനിയ്ക്ക് ഈ പാട്ടു പാടുവാൻ കഴിയില്ലെന്ന് ഗായിക സംഗീത സംവിധായകനോടു തുറന്നു പറയുക തന്നെ ചെയ്തു. തുടർന്നു, തുടർച്ചയായ പരിശ്രമങ്ങൾക്കൊടുവിൽ പാടിത്തീർത്ത 'മയിൽപ്പീലിയിളകുന്നു കണ്ണാ...' എന്നു തുടങ്ങുന്ന ഗാനം മൃദുല വാര്യർക്കു മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവുമായെത്തുമ്പോൾ, അതിനെ 'ലോട്ടറി അടിച്ചതു പോലെ' എന്നല്ലാതെ മറ്റെങ്ങനെയാണ് അവർ വിശേഷിപ്പിക്കുക!
ഗായികയുടെ വാക്കുകളിലൂടെ...

🟥 ആദ്യം ഉപേക്ഷിച്ച ഗാനത്തിനു പുരസ്കാരം!
സംസ്ഥാന പുരസ്കാരമല്ലേ, തീർച്ചയായും വളരെ സന്തോഷം! എനിയ്ക്കിത് വലിയ അംഗീകാരം തന്നെയാണ്. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയൊരു സമ്മാനമായതിനാൽ ഇതിന് ഇരട്ടി മധുരം കൂടിയുണ്ട്. ശരിയ്ക്കും പറഞ്ഞാൽ ഇതു ലോട്ടറി അടിച്ചതു പോലെ! ഭാഗ്യക്കുറി കിട്ടിയ ഒരാളുടെ കട്ട സന്തോഷത്തിലാണ് ഞാനും കുടുംബാംഗങ്ങളുമെല്ലാം. ഇരട്ടി മധുരത്തിനു കാരണം, പാടാനുള്ള ബുദ്ധിമുട്ടു മൂലം ആദ്യം വളരെ വിഷമത്തോടെ ഉപേക്ഷിക്കേണ്ടി വന്നൊരു ഗാനമാണിത് എന്നതിനാലാണ്. 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമയ്ക്കു വേണ്ടി റഫീഖ് അഹമ്മദ് സാർ എഴുതിയ വരികൾ. ക്ലാസിക്കൽ തലത്തിലുള്ള ആലാപനമാണ് ഈ ഗാനത്തിനു വേണ്ടത്. മൊത്തം സ്വരങ്ങളും ജതികളുമാണ്. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുണ്ടെങ്കിലും, (പ്രശസ്ത സംഗീത സംവിധായകൻ) എം. ജയചന്ദ്രൻ സാർ അയച്ചുതന്ന ട്രേക്കു പാടാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. എനിയ്ക്ക് ഈ ഗാനം ആലപിക്കാൻ കഴിയില്ലെന്ന് ഒടുവിൽ അദ്ദേഹത്തോടു തുറന്നു പറഞ്ഞു. പക്ഷേ, ഈ പാട്ട് എനിയ്ക്ക് പാടാൻ കഴിയുമെന്നു തന്നെ അദ്ദേഹം വിശ്വസിച്ചു. പ്രചോദന, പരിശീലന സെഷനുകളാണ് പിന്നീടു നടന്നത്. മെല്ലെ, മെല്ലെ ആത്മവിശ്വാസം ഉള്ളിൽ എത്തിത്തുടങ്ങി. അതിനു ശേഷം റിലാക്സ്ഡ് മൂഡിലാണ് റെക്കൊർഡിങ് നടന്നത്.

കഥ ഇതായതിനാലാണ് ഈ പാട്ടിന് അംഗീകാരങ്ങളൊന്നും പ്രതീക്ഷിക്കാതിരുന്നത്. അതിനാൽ എനിയ്ക്ക് ഈ ഗാനം നൽകി, പ്രോത്സാഹിപ്പിച്ചു, ധൈര്യം പകർന്നു പാടിപ്പിച്ച എം.ജയചന്ദ്രൻ അവർകൾക്കു ഈ അവാർഡ് ഞാൻ സമർപ്പിക്കുന്നു. സർവാത്മനാ കൃതജ്ഞത രേഖപ്പെടുത്തുന്നത് വളർത്തി വലുതാക്കിയ മാതാപിതാക്കളോടും, ഉപദേശങ്ങൾ തന്നു ആലാപന വഴിയിൽ എന്നെ കൈപിടിച്ചു നടത്തിയ ജ്യേഷ്ഠസഹോദരനോടും, വിവാഹ ശേഷം എൻ്റെ പ്രചോദന സ്രോതസ്സായിമാറിയ ഭർത്താവിനോടും, ഗുരുക്കന്മാരോടും, പുരസ്കാര ജൂറിയോടും, മറ്റെല്ലാവരോടുമാണ്. ഞാൻ സിനിമയിൽ പാടണമെന്നത് മാതാപിതാക്കളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതിനാലാണ് പുരസ്കാരലബ്ധിയിൽ അവർ എന്നേക്കാളേറെ സന്തോഷിക്കുന്നത്!

🟥 ഇഷ്ട ഗാനങ്ങൾക്കൊന്നും ലഭിച്ചില്ല
ജയചന്ദ്രൻ സാർ സംഗീതം നൽകിയ 'മഴയേ, തൂമഴയേ വാനം തൂവുന്ന പൂങ്കുളിരേ...' എന്ന ഗാനമാണ് എൻ്റെ ഏറ്റവും നല്ല ഗാനമായി പ്രിയ ശ്രോതാക്കൾ കരുതുന്നത്. ഇപ്പോഴും പലരുമത് പാടി നടക്കുന്നു. പാടിയ എനിയ്ക്കും ഈ ഗാനം ഏറെ പ്രിയപ്പെട്ടതാണ്. ജയചന്ദ്രൻ സാറിൻ്റെ സംവിധാനത്തിൽ വേറെയും നിരവധി മികച്ച ഗാനങ്ങൾ പാടിയിട്ടുണ്ട്. കൂടാതെ, ഇളയരാജ, ഔസേപ്പച്ചൻ, അൽഫോൺസ്, ഗോപീ സുന്ദർ, ബിജിപാൽ മുതലായവരുടെ കീഴിലും കുറേ പ്രസിദ്ധമായ ഗാനങ്ങൾ പാടാൻ കഴിഞ്ഞു. 'വിശുദ്ധൻ' എന്ന പടത്തിൽ റഫീഖ് അഹമ്മദിൻ്റെ വരികൾക്ക് ഗോപി സുന്ദർ ഈണമിട്ട 'ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ...', '100 ഡേയ്സ് ഓഫ് ലവ്' എന്ന സിനിമയിലെ 'ഹൃദയത്തിൻ നിറമായ് പ്രണയത്തിന്‍ ദലമായ്‌...' മുതൽ കഴിഞ്ഞ കൊല്ലം ഇറങ്ങിയ 'സുന്ദരി ഗാർഡൻസി'ലെ 'മധുര ജീവരാഗം...' വരെയുള്ള ഒരുപാട് മനോഹര ഗാനങ്ങൾ! ഇവയൊന്നും അംഗീകരിക്കപ്പെടാതെ പോയപ്പോൾ അവാർഡു മോഹങ്ങളൊക്കെ ഇറക്കിവച്ചതായിരുന്നു. അതുകൊണ്ടു കൂടിയാണ് ഈ അംഗീകാരത്തിന് ആശ്ചര്യം വർദ്ധിച്ചത്!

🟥 'ഒരു വാക്കു മിണ്ടാതെ' തുടക്കം
'ഒരു വാക്കു മിണ്ടാതെ ഒരു നോവായ്‌ മായല്ലേ...' എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. ജോഫി തരകൻ എഴുതി, അൽഫോൺസ് സാർ ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചത് 2007-ൽ ഇറങ്ങിയ, മമ്മൂക്ക മുഖ്യ റോളിൽ അഭിനയിച്ച, 'ബിഗ്‌ ബി -- ദി ബോഡി ഗാർഡ്‌' എന്ന പടത്തിനു വേണ്ടിയാണ്. ആ വർഷം തന്നെ ഗിരീഷ് പുത്തഞ്ചേരി എഴുതി, വിദ്യാസാഗർ ഈണം പകർന്ന 'ഓ മറിയാ...' എന്ന ഗാനവും ലഭിച്ചു. കമൽ സാർ സംവിധാനം ചെയ്ത 'ഗോൾ' എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു അത്.

പിന്നീട്, 2013-ലാണ് ജയചന്ദ്രൻ സാറിൻ്റെ മികച്ച കമ്പോസിഷനുകളിലൊന്നായ 'മഴയേ, തൂമഴയേ വാനം തൂവുന്ന പൂങ്കുളിരേ...' പാടിയത്. പടം 'പട്ടം പോലെ'യോടൊപ്പം ഈ ഗാനവും പ്രശസ്തമായി. അങ്ങനെ ശ്രോതാക്കൾ എന്നെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി. ഇതിനെത്തുടർന്നു കുറേ അവസരങ്ങൾ എന്നെത്തേടിയെത്തി. 'മിർച്ചി', 'ഇതു പാതിരാ മണൽ', 'ഏഴാം സൂര്യൻ', 'ഇവൻ മേഘരൂപൻ' മുതലായവ. കോഴിക്കോട് KMCT-യിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ് ബിരുദ പഠനവും, റിയാലിറ്റി ഷോകളും, പിന്നണി ആലാപനങ്ങളും ഒരുമിച്ചു കൊണ്ടുപോയി.

🟥 'ലാലീ ലാലീ...'
ബ്ലെസ്സി സംവിധാനം ചെയ്ത 'കളിമണ്ണി'ൽ (2013) ജയചന്ദ്രൻ സാർ സംഗീതം നൽകിയ 'ലാലീ ലാലീലേ, മലരൊളിയേ മന്ദാരമലരേ...' നേടിത്തന്ന യശസ്സിനെക്കുറിച്ചു പറയാൻ എനിയ്ക്കു വാക്കുകളില്ല. സ്റ്റേജു പരിപാടികൾക്ക് എവിടെപ്പോയാലും സംഗീതപ്രേമികൾക്കും, സംഘാടകർക്കും ഞാൻ ഈ പാട്ടു പാടണമെന്നു നിർബന്ധമാണ്. ഇത്രയധികം പൊതുസ്വീകാര്യത മറ്റൊരു പാട്ടിനും ലഭിച്ചില്ലെന്നതും ശരിയാണ്. എനിയ്ക്ക് ഏറ്റവുമധികം സമ്മാനങ്ങൾ കൊണ്ടുവന്ന ഗാനമാണിത്. ജ്ഞാനപീഠ ജേതാവ് ഒ.എൻ.വി കുറുപ്പ് അവർകളുടെ വരികൾക്ക് ജയചന്ദ്രൻ സാർ സംഗീതം നൽകിയപ്പോൾ മാസ്മരികമായ ഒരു ഇമ്പമാണ് ഈ ഗാനത്തിനു വന്നുചേർന്നത്! പടത്തിലെ പാട്ടുരംഗവും പ്രേക്ഷകർക്ക് അവിസ്മരണീയമായിരുന്നുവല്ലൊ. ഈ ഗാനം നേടിത്തന്ന സ്പെഷ്യൽ ജൂറി അവാർഡും സംസ്ഥാന പുരസ്കാരമാണ്. സംസ്ഥാനതല അംഗീകാരങ്ങൾ രണ്ടും ജയചന്ദ്രൻ സാറിൻ്റെ സംഗീതത്തിലുള്ളവയ്ക്ക് ആയതിനാൽ അദ്ദേഹത്തോട് അവാച്യമായ കടപ്പാട് തോന്നുന്നു.

🟥 കന്നഡ ഗാനത്തിന് 10 മില്യൺ വ്യൂസ്!
തമിഴ്, കന്നഡ, തെലുഗു മുതലായ ഭാഷകളിലും അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. 'പ്രേമം പൂജ്യം' എന്ന കന്നഡ പടത്തിനുവേണ്ടി രാഘവേന്ദ്ര മ്യൂസിക് ചെയ്ത 'അമ്പാടി...' എന്നു തുടങ്ങുന്ന എൻ്റെ ഗാനം കർണാടകയിൽ 10 മില്യൺ വ്യൂസ് ക്രോസ് ചെയ്തത് ഒരു ശുഭവാർത്തയാണ്!

🟥 മുമ്പേ നടന്നവർ
ചിത്രച്ചേച്ചിയും, സുജാതച്ചേച്ചിയും, ജാനകിയമ്മയുമൊക്കെ എൻ്റെ മുമ്പേ നടന്നവരാണ്. അവരുമായി ഒരിയ്ക്കലും ഞാൻ എന്നെ താരതമ്യം ചെയ്യില്ല. ജാനകിയമ്മയുടെ ഓരോ പാട്ടും എനിക്കൊരു പാഠമാണ്. പല പാട്ടുകൾക്കും
അസാമാന്യമായ രീതിയിലാണ് അവർ ഫീൽ കൊടുക്കുന്നത്. ബാബുക്ക ചിട്ടപ്പെടുത്തിയ ജാനകിയമ്മയുടെ ചില പാട്ടുകൾ പുതിയ തലമുറയ്ക്ക് വഴികാട്ടുന്നുണ്ട്. അതുപോലെ, ഞാൻ ലതാജിയുടെ ഒരു വലിയ ആരാധികയാണ്. അവർ പാടിയ ഗാനങ്ങൾ പതിവായി കേട്ടുകൊണ്ടിരിയ്ക്കും. അവരുടെ ടോണൽ മോഡുലേഷൻ, ഫീൽ കൊടുക്കുന്ന വിധം മുതലായവയൊക്കെ ഞാൻ സസൂക്ഷ്മം ശ്രദ്ധിക്കാറുണ്ട്. ഹിന്ദി പാട്ടുകൾ ഇഷ്ടപ്പെടുന്നവരാണ് പ്രേക്ഷകരെങ്കിൽ, ലതാജിയുടെ ഗാനങ്ങൾ പാടാറുണ്ട്.

🟥 കുടുംബ പശ്ചാത്തലം
പിതാവ് പി.വി.രാമൻകുട്ടി വാര്യർ മഞ്ചേരിയിലെ തിരുവാലി വാര്യത്തെ അംഗമാണ്. മാതാവ് എം.ടി.വിജയലക്ഷ്മി കൊയിലാണ്ടി വാര്യത്തെയും. കുട്ടിക്കാലത്ത് ഏട്ടൻ ജയദീപ് പാടുന്നതു കേട്ടാണ് ഗാനങ്ങളോട് ഇഷ്ടം തോന്നിയതും, പാട്ടു പഠിച്ചതും, പാടാൻ തുടങ്ങിയതുമൊക്കെ. ഏട്ടൻ ഇപ്പോൾ ബെംഗളൂരുവിൽ എൻജിനീയറാണ്. മ്യൂസിക് ബേൻഡും, സ്റ്റേജ് പരിപാടികളുമെല്ലാമുണ്ട്. കോഴിക്കോട് മാങ്കാവിനടുത്തുള്ള പൊക്കുന്ന് എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. ഇപ്പോൾ തൃശ്ശൂരിലെ പറവട്ടാനിയിൽ താമസിക്കുന്നു. ഒല്ലൂർ വൈദ്യരത്നം ആയുർവേദ മെഡിക്കൽ കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസ്സറാണ് ഭർത്താവ് ഡോ. അരുൺ വാര്യർ. മകൾ മൈത്രേയി ദേവമാതാ സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിയ്ക്കുന്നു.

മൃദുലം, മധുരം- മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാര ജേതാവ്!  (വിജയ് സി. എച്ച്)
മൃദുലം, മധുരം- മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാര ജേതാവ്!  (വിജയ് സി. എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക