Image

ജി-യും, ഒഎൻവി-യും അക്കിത്തവും! (വിജയ് സി.എച്ച്)

Published on 25 October, 2023
ജി-യും, ഒഎൻവി-യും അക്കിത്തവും! (വിജയ് സി.എച്ച്)

ജി.ശങ്കരക്കുറുപ്പ്, ഒ.എൻ.വി.കുറുപ്പ്, അക്കിത്തം അച്യുതൻ നമ്പൂതിരി എന്നിവരെ ബന്ധിപ്പിക്കുന്ന പൊതുവായ ഘടകം അവർ പ്രതിഭാവൈശിഷ്ട്യമുള്ളവരും ജ്ഞാനപീഠ ജേതാക്കളുമായിരുന്നു എന്നതായിരിക്കെ, മഹാകവികൾ പ്രതിനിധാനം ചെയ്ത സർഗലോകം അനുവാചകരെ ആകർഷിക്കുന്നതു തികച്ചും വിഭിന്നമായ രീതികളിലാണ്!


ജി-യും, അക്കിത്തവുമാണ് യഥാക്രമം 1965-ലും 2019-ലും ആദ്യത്തെയും ഒടുവിലത്തെയും ജ്ഞാനപീഠ പുരസ്കാരങ്ങൾ കേരളത്തിലേയ്ക്കു കൊണ്ടുവന്നതെങ്കിൽ, 2007-ലെ അംഗീകാരവുമായി ഒഎൻവി ഇടയിലെത്തുന്നതിന് 'ഒരു ചമ്പകം പൂക്കും സുഗന്ധ'മുണ്ട്. വ്യക്തം, ചലച്ചിത്രഗാനങ്ങൾക്ക് കവിതയേക്കാൾ കാവ്യഭംഗി നൽകാൻ കഴിയുമെന്നു ഭാഷാസ്നേഹികളെ ആദ്യമായി ബോധ്യപ്പെടുത്തിയത് സർഗധനൻ ഒഎൻവി-യാണ്! രാജ്യത്തെ പ്രഥമ ജ്ഞാനപീഠത്തിനുള്ള അർഹത പ്രിയ മലയാളത്തിനാണെന്നു ജി തെളിയിച്ചപ്പോൾ, 'ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസ'ത്തിൽ അക്കിത്തമെഴുതിയ 'വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം' അക്ഷരലോകത്തെ ഏറ്റവും ജ്വലനാത്മകമായ സംജ്ഞയായിത്തീർന്നു!
പ്രമേയത്തിലും ആഖ്യാനരീതിയിലും പുത്തനെഴുത്തുകാർ മൗലികത പുലർത്തണമെന്നു ലഭിയ്ക്കുന്ന അവസരങ്ങളിലെല്ലാം ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന സാഹിത്യനിരൂപക സിമ്പ്ൾ ചന്ദ്രൻ, ശ്രേഷ്ഠകവികൾ ജന്മം നൽകിയ മൗലികത്വവും മേന്മയുമുള്ള രചനാരീതികളെ വിലയിരുത്തുന്നു...


🟥 ജി ഒരു മഹാ പ്രബോധനം
2013-ൽ മലയാളത്തിന് ഔപചാരികമായി ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനു എത്രയോ മുമ്പെ, രാജ്യത്തെ പ്രഥമ ജ്ഞാനപീഠം നേടിക്കൊണ്ടു വന്നു നൽകി, നമ്മുടെ ഭാഷയെ ഏറ്റവും ഔന്നത്യത്തിൽ എത്തിച്ചത് മഹാകവി ജി-യാണ്. കൂടുതൽ പ്രാചീനതയും, ഗ്രന്ഥശേഖരവും, അടിസ്ഥാനശേഷിയും, സമ്പദ്സ്രോതസ്സും അവകാശപ്പെടാനുണ്ടായിരുന്ന മറ്റുഭാഷകളെ പിൻതള്ളിയാണ്, ഭാരത ഭാഷാശൃംഖലയിലെ ഏറ്റവും ഇളംതലമുറക്കാരിയായ മലയാളത്തിന് രാജ്യത്തെ പ്രഥമ ജ്ഞാനപീഠപുരസ്കാരം ജി നേടിയെടുത്തു സമ്മാനിച്ചത്! 1921-മുതൽ 51-വരെയുള്ള 30 വർഷത്തിനിടയിൽ പ്രസിദ്ധീകരിച്ച ഒമ്പതു ഭാഷകളിലെ ഒട്ടനവധി കൃതികളിൽനിന്നാണ്, ജി-യുടെ 60 കവിതകളുടെ സമാഹാരം ഏറ്റവും മികച്ചതെന്ന് പത്തംഗ ജൂറി കണ്ടെത്തിയത്. ഹിന്ദിയും, ബംഗാളിയും, മറാഠിയും, ഗുജറാത്തിയും, ഉർദുവും, തമിഴും, തെലുഗുവും, കന്നഡയുമൊക്കെ ജ്ഞാനപീഠം നേടുന്നത് പിന്നീടാണ്. ധൈഷണികമായി വിലയിരുത്തിയാൽ, ജി മീട്ടിയ 'ഓടക്കുഴലി'ൽ നിന്നുതിർന്ന നാദവിസ്മയത്തിൽ ഭാരതമാകെ പുളകം കൊണ്ട അറുപതുകളിൽ തന്നെ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടുണ്ടെന്ന യാഥാർത്ഥ്യം, മാതൃഭാഷയെ നെഞ്ചിലേറ്റുന്ന ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. 2013-ൽ നേടിയ നിയമദൃഷ്ട്യാ ഉളള ക്ലാസ്സിക് ലാംഗ്വേജ് സ്ഥാനത്തിന് കേവലം സാങ്കേതികതയുടെ പരിവേഷം മാത്രമാണുള്ളത്. അർത്ഥവും ശബ്ദമാധുര്യവും സഹിതമായി, അല്ലങ്കിൽ ഒന്നിച്ചിരിയ്ക്കുന്നതാണല്ലൊ സാഹിത്യം. എന്നാൽ, ജി-യുടെ സൃഷ്ടികളെല്ലാം, അർത്ഥവും ശബ്ദമാധുര്യവും പ്രകൃതിയും സഹിതമായിരിയ്ക്കുന്ന ത്രിതല സാഹിത്യമാണ്. പ്രകൃതി സഹിതം ഇത്രയും പ്രണയത്തിലായിരുന്ന മറ്റൊരു ഗദ്യപദ്യ സാഹിതി സർവജ്ഞനും നമുക്ക് ഉണ്ടായിരുന്നില്ലെന്നു തന്നെ പറയട്ടെ. പ്രകൃതിയെ ഉപാസിച്ച ബ്രിട്ടീഷ് കവി വില്യം വേഡ്‌സ്‌വർത്തിൻ്റെയും, ഇറ്റാലിയൻ കവി ജിയാക്കോമോ ലിയൊപാർഡിയുടെയും ഭാരതീയ പ്രതിരൂപമായിരുന്നു ജി. ഒരു പക്ഷേ, റൊമാൻ്റിസിസവും മിസ്റ്റിസിസവും കൂടുതൽ സ്വാധീനിച്ചത് ജി-യെ ആയിരിയ്ക്കാം. മഹാരാജാസ് കോളേജിൽ ജോലികിട്ടി താമസം എറണാകുളത്തേക്കു മാറ്റുന്നതുവരെ (1937), ജി തൻ്റെ സർഗചേതന ഉൾക്കൊണ്ടത് നായത്തോടിലെയും (അങ്കമാലി) തിരുവില്ല്വാമലയിലെയും ശുദ്ധവായുവിൽനിന്നു തന്നെയായിരുന്നു. എന്നാൽ, ജി-യുടെ 'വിശ്വദർശന'വും, 'സന്ധ്യാരാഗ'വും, 'ജീവനസംഗീത'വും, 'സാഹിത്യകൗതുക'വും, 'പഥികൻ്റെ പാട്ടും' മറ്റും അദ്ദേഹത്തെ ഒരു വിശ്വോത്തര കവിയാക്കിയിരുന്നുവെന്നതാണ് വാസ്തവം. മറ്റേതൊരു സംസ്ഥാനത്തുള്ളതിനേക്കാൾ കൂടുതൽ സാഹിത്യബോധവൽക്കരണ പ്രസ്ഥാനങ്ങളുള്ള നമ്മുടെ നാട്ടിലെ പുത്തനെഴുത്തുകാർക്ക് അദ്ദേഹത്തെ പ്രാദേശികതയുടെ പരിധിയിൽ കെട്ടിയിടാൻ കഴിയില്ല. തങ്ങളുടേത് ശ്രേഷ്ഠഭാഷയാണെന്ന് അഭിമാനം കൊണ്ടു, ഇ-ലോകത്തെ സകല സൗകര്യങ്ങളും ആസ്വദിച്ചു, പേനയില്ലാതെ വിഷയങ്ങൾ പലതുമെഴുതി, കൊല്ലം തോറും രണ്ടോ മൂന്നോ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ് ഏറ്റവും വലിയ നേട്ടമെന്നു കരുതുന്ന പുതിയ തലമുറ, എഴുത്തിൽ ജി പുലർത്തിയിരുന്ന മേന്മയും മൗലികതയും അല്പമെങ്കിലും ഉള്ളിലേക്കാവാഹിച്ചിരുന്നുവെങ്കിൽ! ചുമന്നു നടക്കുന്ന ആൻഡ്രോയ്ഡുകളുടെയും ലേപ്ടോപ്പുകളുടെയുമിടയിൽ, ജി-യുടെ ആത്മകഥാപരമായ ലേഖനങ്ങളും ഡയറിക്കുറിപ്പുകളും അടങ്ങിയ 'നോട്ടുബുക്കി'നും ഒരു സ്ഥാനം നൽകിയിരുന്നുവെങ്കിൽ! "എൻ്റെ ഹൃദയം എൻ്റെ വ്യക്തിത്വത്തിൻ്റെ അങ്കുരം, ഗ്രാമാന്തരീക്ഷത്തിൽ നിന്നാണ് വായുവും വെളിച്ചവും കുളിർമയും വലിച്ചെടുത്തിരുന്നത്. എൻ്റെ കവിത ആ ഗ്രാമഹൃദയത്തിൻ്റെ തന്നെ ഒരു ഭാഗമാണ്,” ജി-യുടെ ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള വചനങ്ങളാണിത്. പദ്യതുല്യം കാവ്യമനോഹരമായ, ജി-യുടെ പ്രശസ്ത ഗദ്യം ‘മുത്തും ചിപ്പിയും’ എന്നതിലെ. ജി-യെ നമുക്കു ഉള്ളുകൊണ്ടറിയണമെങ്കിൽ, ജ്ഞാനപീഠപുരസ്കൃതമായ 'ഓടക്കുഴലി'ലെ ഇതേ നാമത്തിലുള്ള കവിതയിലെ നാലു വരി മാത്രം മതി:


"ആരാലുമജ്ഞാതമാമേതോ മണ്ണിൽ
വീണാരാൽ നശിക്കുവാൻ തീർന്നൊരെന്നെ
നിൻ ദയാവൈഭവം ജംഗമാജംഗമ
നന്ദനമാമൊരു വേണുവാക്കി!"
പാഴ്മുളം തണ്ടു കൊണ്ടുണ്ടാക്കിയ ഒരു ഓടക്കുഴലായി കവി സ്വയം മാറുകയാണ്. അതിൽ നിന്നു മനോഹരമായ നാദമുയരാൻ പാടവമുള്ളൊരു ഗായകൻ വേണം. താനാകുന്ന പുല്ലാങ്കുഴലിനു ചേതന നൽകി, സംഗീതമുതിർത്തു തരുന്ന നിയതിയ്ക്കു സ്വന്തം ജീവൻ സമർപ്പിക്കുന്ന കവിയെയാണ് ഈ കാവ്യത്തിൽ വായനക്കാർ കാണുന്നത്. ഹാ, 'ജി' എന്ന അപൂർവ ഒറ്റയക്ഷരത്തിൻ്റെ സമഗ്ര മൗലികത്വവും മഹാ മേന്മയുമറിയാൻ ഇനിയെന്തു വേണ്ടൂ!


🟥 ഒഎൻവി-യിൽ നിന്നു ഉൾക്കൊള്ളാം
കവിതയിൽ കടമ്മനിട്ട രാമകൃഷ്ണൻ്റെ കാലം എന്നോ കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിൻ്റെ 'കുറത്തി'യ്ക്കും 'ശാന്ത'യ്ക്കും ലഭിച്ച സ്വീകാര്യതയോ ജനപ്രിയതയോ പുത്തൻ കവിതകൾക്കു ലഭിയ്ക്കുന്നില്ലെന്ന യാഥാർത്ഥ്യവും, 'നിങ്ങളെൻ്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?' എന്നതു പോലെ വായനക്കാരെയാകെ പിടിച്ചുകുലുക്കുന്നൊരു വരിയോ ഇന്നിൻ്റെ കവിതകളിലില്ലെന്നും  നിരൂപിയ്ക്കാൻ നീണ്ട ചർച്ചകളൊന്നും വേണ്ട! കവിതയുടെ മേജിക് എന്നോ നഷ്ടപ്പെട്ടെന്നു ബാലചന്ദ്രൻ ചുള്ളിക്കാടും, താൻ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന കാര്യം ജനമറിയുന്നത് കവിത കൊണ്ടല്ല, മറിച്ചു ചലച്ചിത്ര ഗാനങ്ങൾ എഴുതുന്നതുകൊണ്ടാണെന്നു റഫീഖ് അഹമ്മദും പറഞ്ഞത് ഈയിടെയാണ്. സാധാരണക്കാരൻ്റെ കവിതയാണ് ചലച്ചിത്ര ഗാനങ്ങളെന്നു ശ്രീകുമാര൯ തമ്പി അഭിപ്രായപ്പെട്ടതു അൽപം മുമ്പും. എന്നാൽ, കടമ്മനിട്ടയുടെ സമകാലീനനായിരുന്ന ഒഎൻവി കാവ്യമനോഹരമായ ഗാനങ്ങളെഴുതി മരണമില്ലാത്ത മൂന്നക്ഷരമായിത്തീർന്ന സർഗചേതന. ചലച്ചിത്രഗാനങ്ങളിൽ കവിതയുടെ 'മേജിക്' അന്തർലീനമാക്കാൻ ഒഎൻവി-യ്ക്കുണ്ടായിരുന്ന വൈഭവത്തിൻ്റെ അര പണത്തൂക്കമെങ്കിലും പുതിയ കവികൾക്കുണ്ടായിരുന്നുവെങ്കിലോയെന്നു 'ഒരു മാത്ര വെറുതെ നിനച്ചു'പോകുന്നു! കെ.പി.എ.സി സുലോചന ആലപിച്ച 'പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളേ, ആ മരത്തിൻ പൂന്തണലിൽ വാടിനിൽക്കുന്നോളേ...' എന്ന ഗാനം കേൾക്കാത്തവരുണ്ടോ! കെ.പി.എ.സി-യുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തിനുവേണ്ടി 1952-ൽ ഒഎൻവി എഴുതിയ ഗാനം ഇന്നും അന്നത്തെ പോലെ ഹരിതം! ആറു പതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിനൊടുവിലും ഒഎൻവി പലർക്കും ഒരു ഗാനരചയിതാവായിരുന്നു. 'അഗ്നിശലഭങ്ങളും', 'ഭൂമിക്കൊരു ചരമഗീത'വും, 'ഉജ്ജയിനി'യും, 'സൂര്യൻ്റെ മരണവും' അദ്ദേഹം രചിച്ച ആത്മാവുള്ള കവിതകളോ കവിതാ സമാഹാരങ്ങളോ ആണെന്നതിൽ രണ്ടഭിപ്രായമില്ല. എന്നാൽ, 'എൻ്റെ കടിഞ്ഞൂൽ പ്രണയകഥയിലെ പെൺകൊടീ, നിന്നെയും തേടി...', അല്ലെങ്കിൽ 'ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളമായ് നീയെൻ്റെ മുന്നിൽ നിന്നു...' എന്നതു പോലെയുള്ള വരികളെഴുതിയ പാട്ടെഴുത്തുകാരനാണ് ഒഎൻവി ഒട്ടുമിക്ക സഹൃദയർക്കും. എല്ലാവരും എന്നും പാടുന്ന ആയിരം ഗാനമെങ്കിലും രചിച്ച ഒഎൻവി-യുടെ ഏറ്റവും മികവുറ്റ സൃഷ്ടി ഏതെന്നു ചോദിക്കുന്നത് ശ്രോതാക്കളിൽ അമ്പരപ്പുണ്ടാക്കുമെന്നതിൽ സംശയമില്ല. എന്നിരുന്നാലും, ഭാഷാലാളിത്യവും, കാവ്യഭംഗിയും, ദൃശ്യചാരുതയും, പ്രകൃതിഔപമ്യവും പരാമർശ ഉരക്കല്ലുകളായെടുത്തു നോക്കി, 1987-ൽ 'ഇടനാഴിയിൽ ഒരു കാലൊച്ച'യ്ക്കുവേണ്ടി ഒഎൻവി എഴുതിയ 'വാതിൽപ്പഴുതിലൂടെൻ മുന്നിൽ കുങ്കുമം വാരി വിതറും ത്രിസന്ധ്യ പോകെ...' എന്ന ഗാനത്തിനു അടിവരയിടുന്നവരുണ്ട്. 'തോന്ന്യാക്ഷരങ്ങ'ളും, 'ശാർങ്ഗകപ്പക്ഷികളും', 'കറുത്ത പക്ഷിയുടെ പാട്ടും' മുഴുവനായി വായിച്ചു തീർത്തവർ ഗാനശ്രോതാക്കളുടെ ചെറിയൊരംശമേ കാണൂ. ഇത് ഒഎൻവി-യെന്ന മഹാകവിയോടുള്ള ഇഷ്ടക്കുറവുകൊണ്ടല്ല, മറിച്ചു അദ്ദേഹത്തെ ഒരു ഗാനരചയിതാവായി തിരിച്ചറിയുവാനേ തീഷ്ണവായനക്കാർക്കു പോലും കഴിഞ്ഞുള്ളൂവെന്നതുകൊണ്ടാണ്. ആത്മാവുള്ള വരികളെഴുതുന്ന കവിയാണ് പലർക്കും അദ്ദേഹം. എന്നിരുന്നാലും, ഭാവനാസമ്പന്നനായ ഒരു കവിയ്ക്കുമാത്രമേ ഗാനങ്ങളുടെ അക്ഷരങ്ങളിൽ സുന്ദരമായ ദൃശ്യബിംബങ്ങൾ സൃഷ്ടിക്കാൻ കഴിയൂ എന്ന വസ്തുത വിസ്മരിക്കപ്പെടുന്നത് കാവ്യോചിതമല്ല താനും. 'ചില്ല്' എന്ന സിനിമക്കുവേണ്ടി 1981-ൽ ഒഎൻവി എഴുതിയ 'ഒരു വട്ടം കൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം...' എന്നു തുടങ്ങുന്ന ഗാനം നൂറുവട്ടം കേട്ടവരാണ് നമ്മുടെ കാഴ്ചവട്ടത്തുള്ളവരെല്ലാം. തീവ്രമായ ഗൃഹാതുരത്വം ഉണർത്തുമ്പോഴും ശ്രോതാക്കളെ അവരുടെ പുരയിലും പുരയിടത്തിലും തന്നെ നിർത്തി, നെല്ലിയ്ക്കയും, അടരുന്ന കായ് മണികളും, കിണർവെള്ളവും, ഉച്ചത്തിൽ കൂകുന്ന കുയിലിനെയും യഥേഷ്ടം നൽകി ഒന്നും നഷ്ടമായില്ലെന്നു ഉള്ളറിഞ്ഞു ബോധ്യപ്പെടുത്തുവാൻ മലയാണ്മയുടെ പുണ്യമായി ജ്വലിച്ചുനിന്ന ഒഎൻവി-യ്ക്കല്ലാതെ മറ്റാർക്കാണു കഴിയുക! ഗാനമെഴുത്തിലും, കവിതരചനയിലും യുവജനതയ്ക്കു ഇന്ധനമാകാൻ ഒഎൻവി സൃഷ്ടിച്ച കാവ്യസംസ്കൃതിയുടെ ഇത്തിരിയേ വേണ്ടൂ. പക്ഷേ, മുതിർന്നവരിൽ നിന്നും മികച്ചവയിൽ നിന്നും ഊർജമുൾക്കൊള്ളുവാനുള്ള സർഗസന്നദ്ധത പുതിയ തലമുറയ്ക്കു ഉണ്ടാകണമെന്നു മാത്രം.


🟥 ആധുനിക കവി അക്കിത്തം
1950-കളിലെ യാഥാസ്ഥിതിക മലയാള കാവ്യത്തെ ആധുനികതകൊണ്ടു പ്രകമ്പനം കൊള്ളിച്ച അക്കിത്തം, തൊണ്ണൂറ്റിമൂന്നാമത്തെ വയസ്സിൽ ആറാമത്തെ ഭാരതീയ ജ്ഞാനപീഠ പുരസ്കാരം കേരളത്തിലേയ്ക്കു കൊണ്ടുവന്നു. ഇംഗ്ലീഷ് കവിയും പണ്ഡിതനുമായിരുന്ന തോമസ് ഗ്രേ 1742-ൽ എഴുതിയ തൻ്റെയൊരു സംഗീത കാവ്യത്തിൽ അജ്ഞത ആനന്ദമാണെന്നു അർത്ഥം വരുന്ന 'Ignorance is bliss' എന്നൊരു വാക്യം പ്രയോഗിച്ചിരുന്നു. അലട്ടുന്ന കാര്യങ്ങളുണ്ടെന്നു അറിയില്ലെങ്കിൽ, അതേക്കുറിച്ചോർത്തു വ്യാകുലപ്പെടേണ്ടതില്ലല്ലൊ എന്നായിരുന്നു ഗ്രേ നിരീക്ഷിച്ചത്. ഈ പ്രാമാണീകരണത്തിനു മേലൊപ്പിടാൻ പാശ്ചാത്യർക്കു വൈമനസ്യമൊന്നുമില്ലായിരുന്നു. എന്നാൽ, അന്ധകാരമെല്ലാം പ്രകാശപൂരിതമാകട്ടെ (തമസോ മാ ജ്യോതിർഗമയാ) എന്നു എന്നും ഉരുവിടുന്നവർക്കു, വെളിച്ചം ദുഃഖമാണെന്നും ഇരുട്ട് സുഖപ്രദമാണെന്നുമുള്ള അക്കിത്തത്തിൻ്റെ താത്വിക വിപര്യാസം ഒറ്റയടിയ്ക്കു ഉൾക്കൊള്ളുവാൻ കഴിയുമായിരുന്നില്ല. ദാർശനികനായിരുന്ന അക്കിത്തത്തിൻ്റെ കവിത എത്തിയിടത്ത് അദ്ദേഹത്തിൻ്റെ അനുവാചകർ എത്താതിരുന്നതായിരുന്നു ഇങ്ങനെയൊരു അമ്പരപ്പ് അനുഭവപ്പെട്ടതിൻ്റെ യഥാർത്ഥ കാരണം! "നാം വെളിച്ചമെന്നു കരുതി സ്വീകരിച്ചതു യഥാർത്ഥ വെളിച്ചമാകണമെന്നൊന്നുമില്ല. വാസ്തവം അറിയാതെ മിഥ്യാലോകത്തു കഴിയുന്നതിലും സുഖകരം, ഇരുട്ടെന്നു നാം ധരിച്ചിരിക്കുന്നതു തന്നെയാണ്. യഥാർത്ഥ വെളിച്ചം അവിടെത്തന്നെ ആണെന്നും നമ്മൾ അറിയണം," ഇതായിരുന്നു വാഗ്വാദങ്ങളെക്കുറിച്ചു മഹാകവിയുടെ പ്രതികരണം! അമ്പതുകളുടെ തുടക്കത്തിൽ കമ്യൂണിസത്തിലേയ്ക്കു ആകർഷിക്കപ്പെട്ടതിനും, പിന്നീടു പിതാവിൻ്റെ ഉപദേശമനുസരിച്ചു ആ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചതിനും, ഉടനെയെത്തിയ 'വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം' എന്ന കണ്ടെത്തലിനോടു പലരും ബന്ധമാരോപിച്ചു. കഷ്ടം, വിവാദങ്ങൾ 'ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസ'ത്തിലെ വെളിച്ചത്തിനും തമസ്സിനും അപ്രതീക്ഷിതമായ മാനങ്ങളാണ് നൽകിയത്. പക്ഷേ, മാനവികതയും, സാമൂഹിക മൂല്യങ്ങളും, അനുകമ്പയും പൂർവാധികം അളവിൽ വന്നെത്തുകയായിരുന്നു അദ്ദേഹത്തിൻ്റെ പിന്നീടുള്ള രചനകളിലെല്ലാം. 'വീരവാദം', 'അരങ്ങേറ്റം', 'മനസാക്ഷിയുടെ പൂക്കൾ', 'ബലിദർശനം', 'സമത്വത്തിൻ്റെ ആകാശം', 'ഒരു കുല മുന്തിരി', 'കരതലാമലകം', 'മാനസപൂജ' മുതലായ അമ്പതോളം കവിതാസമാഹാരങ്ങൾ മുതൽ 'ഈ ഏട്ത്തി നൊണേ പറയൂ' എന്ന ബാലനാടകം വരെയുള്ള കൃതികൾ ലളിതമായ ഭാഷയിൽ മനുഷ്യത്വവും സഹജീവിസ്നേഹവും വായനക്കാരോടു ചർച്ച ചെയ്തു. ഒന്നിലേറെ ആഖ്യാന കവിതകളെഴുതാൻ മാത്രം ദ്രവ്യമുള്ള അദ്ദേഹത്തിൻ്റെ ഓരോ കൃതിയും ഏറ്റെടുത്താൽ ഇന്നിൻ്റെ കാവ്യകാരന്മാർക്കു സർഗവീഥിയിൽ ലഭിക്കുക ജന്മസാഫല്യമായിരിക്കും എന്നതിൽ സംശയമില്ല! വിദേശങ്ങളിൽ മാത്രമേ അഴകുള്ള രചനാരീതികളും, ആത്മാവുള്ള കവിതകളുമുള്ളൂ എന്നു കരുതുന്ന യുവത്വത്തെ സ്വന്തം സംസ്കൃതിയിലേയ്ക്കും ഒന്നു തിരിഞ്ഞു നോക്കുവാൻ അവ പ്രചോദിപ്പിക്കുകയും ചെയ്യുമെന്നുറപ്പ്. ഓർമയായിട്ടു ഒക്ടോബറിൽ മൂന്നു വർഷം തികയുന്ന അക്കിത്തത്തിൻ്റെ അന്ത്യത്തോടെ മലയാളത്തിനു നഷ്ടമായതു ആധുനിക സാഹിത്യത്തിലെ അവസാന ഇതിഹാസകാരനെയാണ്.


🟥 ഗദ്യമെഴുതി ജ്ഞാനപീഠം നേടിയവർ
കവിതാനിരൂപണമാണ് എന്നെ പണ്ടു തൊട്ടു ആകർഷിച്ചു വരുന്നതെങ്കിലും, നീണ്ട വായനയ്ക്കു ഞാൻ പതിവായി തിരഞ്ഞെടുക്കുന്നതു ചെറുകഥകളും നോവലുകളുമാണ്. അവലോകനങ്ങളെഴുതുവാൻ കവിതയും, വിനോദവായനയ്ക്കു കഥയും. ജ്ഞാനപീഠം നേടിയ ആറു മലയാളികളിൽ മൂന്നു പേർ കവികളും, മൂന്നു പേർ കഥയെഴുത്തുകാരുമായതു ഒരു യാദൃശ്ചികമാകാം. ഗദ്യമെഴുതി ജ്ഞാനപീഠ നിറവിലെത്തിയർ എസ്.കെ.പൊറ്റെക്കാടും (1980), തകഴി ശിവശങ്കരപ്പിള്ളയും (1984), എം.ടി.വാസുദേവൻ നായരുമാണ് (1995). 'ഒരു ദേശത്തിൻ്റെ കഥ'യ്ക്കു പൊറ്റെക്കാടിനും, 1982-മുതൽ മികച്ച ഒറ്റ കൃതിയ്ക്കു പുരസ്കാരം നൽകുന്ന പതിവു നിറുത്തി മൊത്തം കൃതികൾ പരിഗണിക്കുന്ന രീതി തുടങ്ങിയതിനാൽ, തകഴിയ്ക്കും, എം.ടി-യ്ക്കും, ഒഎൻവി-യ്ക്കും, അക്കിത്തത്തിനും സമഗ്രസംഭാവനയ്ക്കുമാണു ജ്ഞാനപീഠം ലഭിച്ചത്. പൊറ്റെക്കാടിൻ്റെ 'നാടൻ പ്രേമവും', തകഴിയുടെ 'രണ്ടിടങ്ങഴി'യും, എം.ടി-യുടെ 'മഞ്ഞും' എൻ്റെയുള്ളിൽ കോറിവരച്ച വിസ്മയചിത്രങ്ങൾ കാലമെത്ര കഴിഞ്ഞാലും ഒരു തരിമ്പു പോലും മങ്ങിപ്പോകാത്തവയാണ്. കാവ്യഭംഗി തുളുമ്പി കണ്ണുനിറയുന്ന, ജി-യുടെ 'അന്തർദാഹ'വും, ഒഎൻവി-യുടെ 'ഉപ്പും', അക്കിത്തത്തിൻ്റെ 'വാടാത്ത താമര'യും എത്ര തവണ വായിച്ചുകാണുമെന്നു എനിയ്ക്കു തന്നെ നിശ്ചയമില്ല. സർഗവഴിയിൽ സന്ധിയ്ക്കുന്ന യുവകഥാകൃത്തുക്കളോടെല്ലാം ഇത്തരം കൃതികൾ നിർബന്ധമായും വായിക്കണമെന്നു ഒരു എളിയ സാഹിത്യനിരൂപക എന്ന നിലയിൽ എന്നും ഞാൻ ആഹ്വാനം ചെയ്തുകൊണ്ടുമിരിയ്ക്കുന്നു.


🟥 അമിത ആത്മവിശ്വാസം
പ്രമേയത്തിലും ആഖ്യാനരീതിയിലും ഒരാളുടെ രചന മികവു പുലർത്തുന്നുണ്ടോയെന്നു പരിശോധിക്കപ്പെടുന്നുണ്ടെങ്കിൽ മാത്രമേ തുടർന്നുള്ള സൃഷ്ടികളിൽ കൂടുതൽ മേന്മ പുലർത്താനൊരു പ്രേരണ രചയിതാവിനു ലഭിക്കുകയുള്ളൂ. ന്യൂനതകൾ ചൂണ്ടിക്കാണിക്കുവാനും, എഴുത്തു മെച്ചപ്പെടുത്തുവാനുമുള്ള നിർദ്ദേശങ്ങൾ ലഭിയ്ക്കുവാനും സംവിധാനമില്ലെങ്കിൽ സർഗമേഖലയിലെ നവാഗതർക്കു മുന്നോട്ടു പോകുവാൻ കഴിയാതെ വരുന്നു. അവർ എത്രകണ്ടു സ്വീകരണ സന്നദ്ധതയുള്ളവരാണ് (Receptive) എന്നത് മറ്റൊരു കാര്യവുമാണ്. താൻപോരിമ തന്നെ മുമ്പോട്ടാണോ നയിക്കുന്നതെന്നു അവർ ഉറപ്പു വരുത്തണം. താൻ ചെയ്യുന്ന കാര്യം, അതു തന്നേക്കാൾ അറിയാവുന്നവരുടെ പര്യാലോചനയ്ക്കു വിധേയമാകുന്നില്ലെങ്കിൽ വന്നെത്തുക ആത്മാരാധനയും (Narcissism) ആതമതുഷ്ടിയുമാണ് (Complacence). മിഥ്യാബോധം ദുരഭിമാനമുളവാക്കുന്നു. എഴുത്തും, എഡിറ്റിങും, പ്രസിദ്ധീകരണവും ഒരൊറ്റ വ്യക്തി കൈകാര്യം ചെയ്യുന്ന സമൂഹമാധ്യമങ്ങൾ, എഴുതുന്നയാളെ ആത്മപരിശോധനയ്ക്കു നിർബന്ധിപ്പിക്കുന്നില്ല. കൂട്ടുകാരും, പിന്തുടർച്ചക്കാരും പടം നോക്കി നൽകുന്ന ഹൃദയചിഹ്നങ്ങളുടെ കൂമ്പാരങ്ങൾ അമിത ആത്മവിശ്വാസമല്ലാതെ മറ്റെന്താണു എഴുത്തുകാർക്കു നൽകുക? അർഹതയില്ലാത്ത സെലബ്രിറ്റി സ്റ്റാറ്റസാണിത്. താനെഴുതിയതിൻ്റെ 'പ്രസിദ്ധീകരണ യോഗ്യത' ശരിയ്ക്കും അറിയണമെങ്കിൽ അതു അച്ചടിമാധ്യമത്തിലെ അഗ്രജനായൊരു എഡിറ്റർ വിലയിരുത്തേണ്ടിവരും! എഴുത്തിൽ മൗലികതയും മികവും ആർജിക്കാൻ പുത്തനെഴുത്തുകാർക്കു ആദ്യം വേണ്ടതു സമൂഹമാധ്യമ 'സാക്ഷരത'യാണ്. നാർസിസിസം ഉപേക്ഷിച്ചു റിയലിസത്തിലേക്കുള്ളൊരു പോസിറ്റീവ് വൈബ് ആയിരിക്കുമത്.


🟥 കുടുംബപശ്ചാത്തലം
ചെങ്ങന്നൂരിനടുത്തുള്ള തിരുവൻവണ്ടൂരാണ് സ്വദേശം. ബിനു, ഭർത്താവ്. രണ്ടു പേരും റബ്ബർ ബോർഡിലെ ഉദ്യോഗസ്ഥർ. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ കുടുംബസമേതം താമസിക്കുന്നു.

ജി-യും, ഒഎൻവി-യും അക്കിത്തവും! (വിജയ് സി.എച്ച്)
ജി-യും, ഒഎൻവി-യും അക്കിത്തവും! (വിജയ് സി.എച്ച്)
ജി-യും, ഒഎൻവി-യും അക്കിത്തവും! (വിജയ് സി.എച്ച്)
ജി-യും, ഒഎൻവി-യും അക്കിത്തവും! (വിജയ് സി.എച്ച്)
Join WhatsApp News
വേണുനമ്പ്യാർ 2023-10-26 07:32:21
സാഹിത്യകുതുകികളെ ആകർഷിക്കുന്ന പ്രൗഢഗംഭീരമായ ലേഖനം! എങ്കിലും ചിലതു കുറിക്കട്ടെ: Ignorance is bliss എന്ന വാക്യത്തിന് അജ്ഞത ആനന്ദമാണ് എന്ന അർത്ഥം ചേരുമൊ? അതിനെക്കാളേറെ അനുയോജ്യമായിരിക്കുക അജ്ഞേയത ആനന്ദമാണ് എന്ന അർത്ഥമാകില്ലേ? കവി തോമസ് ഗ്രേ ഉദ്ദേശിച്ചിരുന്നത് അതാകും. അറിവും അറിവില്ലായ്മയും മാറ്റത്തിന് വിധേയമായിരിക്കുമ്പോൾ അജ്ഞേയത മാത്രമാണ് സുസ്ഥിരം. പ്രപഞ്ചത്തിൽ സുസ്ഥിരമായതേ ആനന്ദം പകരുകയുള്ളൂ. ഈ അജ്ഞേയതയെ കുറിച്ചാണ് തമസ്സല്ലോ സുഖപ്രദം എന്ന വരിയിൽ അക്കിത്തവും പറയാതെ പറഞ്ഞു വെച്ചിരിക്കുന്നത്.
Raju Thomas 2023-10-26 16:07:48
അങ്ങേക്കു തെറ്റിയില്ലേ, ശ്രീ വേണുനമ്പ്യാർ ? Ignorance is bliss എന്നതിന് ശരിക്കുള്ള അർത്ഥം 'അജ്ഞതയാണ് സുഖം' എന്നല്ലേ? ആനന്ദം അല്ല, സുഖം. അതായത്, ആ വ്യക്തിക്കു സുഖപ്രദം. അതുപോലെ, ignorance അജ്ഞാനം തന്നെയാണ് --ഒരു കാര്യത്തെപ്പറ്റി ശരിക്കുള്ള അറിവില്ലായ്മ. അതും അജ്ഞേയതായും വേറെ. Learned as you are, I am sorry to contradict you.
വേണുനമ്പ്യാർ 2023-10-27 05:31:46
ശ്രീ രാജു തോമസിന്റെ വിലയേറിയ അഭിപ്രായത്തെ മാനിക്കുന്നു. പക്ഷെ ഇവിടെ പ്രശ്നം പദാനുപദ തർജ്ജമയുടെതല്ല. കവിവാക്യത്തിൽ അന്തർനിഹിതമായിരിക്കുന്ന സർഗാത്മക യുക്തിയാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. കലയുടെ ആവിഷ്കാരത്തിന് 'ഭാഷയിതപൂർണ്ണമങ്ങഹോ' എന്നല്ലേ?
Rema Pisharody 2023-10-27 15:54:55
Great write about the great writers.... Informative.. Well written. Thank you..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക