Image

സ്വത്വ നഷ്‌ടം (കവിത: ബാബു പാറയ്ക്കൽ)

Published on 28 October, 2023
സ്വത്വ നഷ്‌ടം (കവിത: ബാബു പാറയ്ക്കൽ)

ഒരിക്കലും തീരുകില്ല എന്നോർത്തു മേവിയോ 
കൊഴിയുന്നു ജീവിത നിമിഷങ്ങൾ ത്വരിതമായ് 
മായുന്നു നിറഭേദം മോഹഭംഗങ്ങളാൽ മർത്യന് 
പൊലിയുന്നു വർണിമ നിയതി തൻ താളങ്ങളിൽ 

എവിടെന്നു വന്നുവോ എവിടേക്കു പോകുമോ
ആരറിയുന്നു തീർക്കുമിള പോൽ ജീവിതം
സ്വപ്‌നങ്ങൾക്കപ്പുറം സൗധങ്ങൾ പണിയുന്നു 
സ്വന്തമായ് സ്വത്തുക്കൾ കൂട്ടിവച്ചീടുന്നു 

ആഡംബരത്തിന്റെ മാറ്റ് കൂട്ടീടുവാൻ 
ഓടുന്നു വിശ്രമം ഏതുമില്ലാതെയായ് 
വീട്ടിൽ തുണിത്തരം വയ്ക്കാനിടം പോരാ 
നാട്ടിൽ ദരിദ്രരോ നഗ്നരായ് നടക്കുന്നു 

ദേവാലയങ്ങൾക്കു മാറ്റ് കൂട്ടീടുവാൻ 
പൊന്നിൻ കൊടിമരം പൊക്കി പണിയുന്നു 
ദീനരാം കുട്ടികൾ കേഴുന്നൊരു നേരം 
അന്നം ലഭിക്കുവാൻ വിശപ്പടക്കീടുവാൻ 

തമ്മിൽ സ്നേഹിക്കയെന്നരുളിയൊരീശ്വരൻ 
നാണിച്ചു നമ്രശിരസ്കനായ് മാറിയോ 
എന്തിനീ സൗധങ്ങൾ എന്നെ പുലർത്തുവാൻ 
ഏഴ തൻ ചെറ്റക്കുടിലിരുപ്പൂ ഞാൻ 

മാനവ ജന്മത്തിനുദ്ദേശമെന്തഹോ 
ഹൃസ്വമാം ജീവിതകാലത്തിലോർക്കുമോ 
ഓർത്തുവെച്ചീടുവാൻ കർമങ്ങൾ മാത്രമേ 
പോകുന്ന മാത്രയിൽ ഭാണ്ഡത്തിലേറുവാൻ

കാണുന്ന തലമുറയ്ക്കപ്പുറം കൂട്ടുവാൻ 
താണ്ടുന്നു ഭൂഖണ്ഡം ആഴികൾക്കപ്പുറം 
പൈതൃകം പേറുന്ന പാരമ്യ സംസ്‌കൃതി
കൈവിട്ടു പോകുന്നു മർത്യന്റെ സ്വത്വവും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക